മോളെ… നിനക്ക് സകല സ്വാതന്ത്ര്യവും അനുവദിച്ചു തന്നാണ് ഞങ്ങൾ വളർത്തിയത്. നിനക്ക് ഈ ഇരുപതാമത്തെ വയസ്സിൽ വിവാഹം കഴിക്കണമെന്നാഗ്രഹമുണ്ടെങ്കിൽ അതാവാം. പക്ഷേ സ്വന്തമായി ഒരു ജോലിയോ,വരുമാനമോ….

Story written by Anju Thankachan

എനിക്കൊരു പ്രണയമുണ്ട്. ഞങ്ങളുടെ വിവാഹം നടത്തി തരണം.

ഇരുപതുകാരിയായ മകൾ വൈഗയുടെ വാക്കുകൾ കേട്ട് അഞ്ജന ഞെട്ടിപ്പോയി.

വിവാഹം നടത്തി തരണമെന്നോ??

അതേ, എനിക്ക് റോഷൻ ഇല്ലാതെ ജീവിക്കാൻ കഴിയില്ലമ്മേ…

മോളെ… നിനക്ക് സകല സ്വാതന്ത്ര്യവും അനുവദിച്ചു തന്നാണ് ഞങ്ങൾ വളർത്തിയത്. നിനക്ക് ഈ ഇരുപതാമത്തെ വയസ്സിൽ വിവാഹം കഴിക്കണമെന്നാഗ്രഹമുണ്ടെങ്കിൽ അതാവാം. പക്ഷേ സ്വന്തമായി ഒരു ജോലിയോ,വരുമാനമോ, താമസിക്കാൻ ഒരു ഇടമോ ഇല്ലാതെ വിവാഹം കഴിച്ചിട്ട് എങ്ങനെ മുന്നോട്ടു ജീവിക്കും ??

റോഷന് ജോലിയുണ്ടല്ലോ… വൈഗ പറഞ്ഞു.

നീ സ്നേഹിക്കുന്നവന് ജോലിയുണ്ടെങ്കിൽ അവന്റെ ചെലവിൽ, അവന്റെ വീട്ടിൽ, ഓരോ സാധനങ്ങളും അവനോട് ഇരന്ന് വാങ്ങിച്ച്, നിനക്ക് മുന്നോട്ട് ജീവിക്കാം. കുറച്ച് കഴിയുമ്പോൾ ഭാരങ്ങളെല്ലാം വഹിച്ച്‌ അവനും തളരും. പിന്നെ, പരസ്പരം മടുത്ത് തുടങ്ങും.ആ ജീവിതമാണ് വേണ്ടതെങ്കിൽ പിന്നെ എനിക്കൊന്നും പറയാനില്ല.

എന്താ അമ്മേ ഇങ്ങനെയൊക്കെ സംസാരിക്കുന്നത് ??ജനിപ്പിക്കുന്നവരുടെ ഉത്തരവാദിത്തമല്ലേ മക്കളെ നോക്കുക, അവരെ കല്യാണം കഴിപ്പിച്ചയക്കുക എന്നുള്ളത്?? എല്ലായിടത്തും അങ്ങനെയല്ലേ?? വൈഗ ദേഷ്യത്തോടെ ചോദിച്ചു

ആ ചിന്ത തന്നെ തെറ്റാണ് മോളെ, പ്രായപൂർത്തിയാകുന്നത് വരെ മാത്രമേ മാതാപിതാക്കൾ മക്കളെ നോക്കേണ്ടതുള്ളൂ..

നിനക്കും നിന്റെ പങ്കാളിയ്ക്കും നിങ്ങളുടെ കുഞ്ഞുങ്ങൾക്കും ജീവിക്കണമെന്നുണ്ടെങ്കിൽ
ആദ്യം സാമ്പത്തികമായ ഒരു അടിത്തറ ഉണ്ടാക്കണം.

നിന്നെ ഞങ്ങൾ പഠിപ്പിച്ചു, ബാക്കി തുടർന്ന് പഠിക്കാൻ ആഗ്രഹമുണ്ടെങ്കിൽ അതും ഞങ്ങൾ സാധിച്ചു തരും. അത് മാത്രം നീ ഞങ്ങളുടെ അരികിൽ നിന്നും പ്രതീക്ഷിച്ചാൽ മതി.

രണ്ട് മൂന്ന് ദിവസത്തേക്ക് വൈഗ ഒരേ ആലോചനയിലായിരുന്നു.

എന്തായി നിന്റെ തീരുമാനം?? അമ്മ ചോദിച്ചു.

എന്റെ പഠനം കഴിഞ്ഞ് ജോലിയൊക്കെ ആയി എന്തെങ്കിലും സമ്പാദിക്കുന്നത് വരെ കാത്തിരിക്കാൻ ഞാൻ റോഷനോട് പറഞ്ഞു.

എന്നിട്ട് നിന്റെ റോഷൻ എന്തു പറഞ്ഞു??

അവൾ തലകുനിച്ചു. വിവാഹം ഇപ്പോൾ തന്നെ നടത്തണമെന്ന് അവൻ വാശി പിടിക്കുകയാണ്.

എന്നിട്ട്??

അങ്ങനെയാണെങ്കിൽ വേറെ പെൺകുട്ടിയെ കെട്ടിക്കോളാൻ ഞാൻപറഞ്ഞു.

അതേതായാലും നന്നായി. മോൾക്കറിയാമോ, സത്യം പറഞ്ഞാൽ വിവാഹത്തോട് കൂടി പെൺകുട്ടികൾക്ക്വീട് നഷ്ടമാവുകയാണ്. അവൾ ജനിച്ച്‌, അത്ര നാൾ ജീവിച്ചസ്വന്തം വീട്ടിൽ നിന്നാണ് അവൾ പോകേണ്ടി വരുന്നത്.

ഇവിടത്തെപ്പോലെ ആയിരിക്കില്ല മറ്റൊരു വീട്, നമ്മുടെ പല സ്വാതന്ത്ര്യങ്ങളും നിഷേധിക്കപ്പെടും. നമ്മൾ സ്വയമറിയാതെ മാറും.

അല്ലെങ്കിലും ജീവിതത്തിൽ എന്തെങ്കിലും സ്വന്തമായി നേടാതെ, പെട്ടെന്ന് വിവാഹ ജീവിതത്തിലേക്ക് കടക്കുന്ന മനുഷ്യർ, ഒരിക്കലും സമാധാനത്തോടെ ജീവിച്ചിട്ടില്ല മോളെ

ഈയാധുനിക കാലത്തും , ഭർത്താവിന്റെ വീട്ടിൽ ജീ.വ.ൻ വെ.ടിയുന്ന അനേകം സ്ത്രീകളുണ്ട്. കാരണം അവർക്കൊന്നും പോകാൻ ഒരിടമില്ലായിരുന്നു.

പങ്കാളികൾക്ക് സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ കഴിയണമെങ്കിൽ അവർക്ക് സ്വന്തമായി ഒരു വീട് വേണം.

പാചകം ചെയ്യാൻ ഒരടുക്കളയും,കിടക്കാൻ ഒരു ബെഡ്റൂമും, ഒരു ബാത്റൂമും, അതെങ്കിലും നമ്മൾ പെണ്ണുങ്ങൾ സ്വന്തമായി നേടണം മോളെ

അല്ലാതെ ,അവനവന്റെ സന്തോഷങ്ങളെയും, സ്വാതന്ത്ര്യങ്ങളെയും, ഉപേക്ഷിച്ചുകൊണ്ടാവരുത് ഒരു പുതിയ ജീവിതം തുടങ്ങേണ്ടത്

ഇത്തവണ അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ, വൈഗയുടെ മുഖത്ത് ഒരാത്മവിശ്വാസം നിറഞ്ഞു.

അല്ലെങ്കിലും, യഥാർത്ഥ സന്തോഷം സ്വാതന്ത്ര്യം തന്നെയാണ്….

💚💚💚💚💚💚💚

Leave a Reply

Your email address will not be published. Required fields are marked *