​വിവാഹം കഴിഞ്ഞ് അഞ്ജലി ആ വീട്ടിലേക്ക് കടന്നുവന്നപ്പോൾ മുതൽ ദാക്ഷായണിയും ദിവ്യയും ചേർന്ന് ഓരോ രീതിയിൽ അവളെ ഉ.പദ്രവിക്കാൻ തുടങ്ങി…

Story written by Jk

” അവള് വലതുകാൽ വച്ച് ഇങ്ങു വരട്ടെ ഇവിടെനിന്ന് വാലും പൊക്കി ഓടുന്ന വിധത്തിൽ ആക്കി തരാം ഞാൻ!!”

​അടുക്കളയിൽ ദാക്ഷായണി തന്റെ മകൾ ദിവ്യയോട് പറഞ്ഞു.

അത് കേട്ടതും ദിവ്യയുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു..

ദിവ്യയുടെ ആങ്ങള വിനോദിന്റെ വിവാഹം നല്ല ജോലിക്കാരൻ ആയതുകൊണ്ട് ദിവ്യയുടെ ഭർത്താവിന്റെ പെങ്ങളെ വിനോദിനെ കൊണ്ട് കല്യാണം കഴിപ്പിക്കണം എന്നൊരു ആഗ്രഹം അവർക്ക് ഉണ്ടായിരുന്നു… എന്നാൽ വിനോദ് അതിനെ എതിർത്തു…

വിനോദിന് നല്ലൊരു ബാങ്ക് ഉദ്യോഗസ്ഥൻ എന്ന നിലയിൽ ബാങ്കിൽ ജോലി ഉള്ളതുകൊണ്ട് വലിയ തറവാട്ടിൽ നിന്ന് ലക്ഷങ്ങളും കോടികളും വാങ്ങി വലിയ കൊമ്പത്തുനിന്ന് ഒരു പെണ്ണിനെ കെട്ടിക്കണം എന്നായിരുന്നു ദാക്ഷായണിയുടെ ആഗ്രഹം.

എന്നാൽ അതൊന്നും വിനോദ് വകവെച്ചില്ല.. തന്റെ മനസ്സിന് ഇഷ്ടപ്പെട്ട കുട്ടിയെ മാത്രമേ വിവാഹം കഴിക്കൂ എന്ന് അവൻ ഉറപ്പിച്ചു… അങ്ങനെയാണ് അവൻ അഞ്ജലിയെ പരിചയപ്പെടുന്നത് ആദ്യം ഒരു ചെറിയ സൗഹൃദം ആയിരുന്നു പിന്നീട് അത് പ്രണയം ആയി മാറി…
ഒരു പാവം സാധു… ആർക്കും ഇഷ്ടപ്പെടുന്ന സ്വഭാവം ആയിരുന്നു അഞ്ജലിയുടേത്…

ഈ സമയത്ത് പല ബ്രോക്കർമാരോടും പറഞ്ഞ കുറെ കല്യാണാലോചനകൾ ദാക്ഷായണി വിനോദിന് വേണ്ടി കൊണ്ടുവന്നു..

ഒടുവിൽ വിനോദ് തന്റെ പ്രണയത്തെക്കുറിച്ച് പറയാൻ നിർബന്ധിതനായി..

അത് നടക്കില്ല എന്ന് പറഞ്ഞ് ദാക്ഷായനി പ്രശ്നം ഉണ്ടാക്കി.

താൻ സ്നേഹിച്ച അഞ്ജലി പാവപ്പെട്ട കുടുംബത്തിലെ കുട്ടിയാണെങ്കിലും അവളെയല്ലാതെ മറ്റാരെയും വിവാഹം കഴിക്കില്ലെന്ന് അവൻ ഉറപ്പിച്ചു പറഞ്ഞു.

ഒടുവിൽ മകന്റെ പിടിവാശിക്ക് മുന്നിൽ അമ്മയ്ക്ക് വഴങ്ങേണ്ടി വന്നെങ്കിലും ആ ദേഷ്യവും പകയും മുഴുവൻ ദാക്ഷായണിയുടെ മനസ്സിൽ പുകയുകയായിരുന്നു.

താൻ ഒറ്റയ്ക്ക് പോരാ എന്ന് തോന്നി ദിവ്യയോട് കൂടി അവിടെ വന്ന് നിൽക്കാൻ പറഞ്ഞു..

ഭർത്താവിന്റെ വീട്ടിലെ കുത്തുവാക്കുകൾ കേൾക്കുമ്പോൾ അതിനെല്ലാം കാരണക്കാരി ആയ അഞ്ജലിയോട് ദിവ്യക്കും ദേഷ്യം ആയിരുന്നു..

​വിവാഹം കഴിഞ്ഞ് അഞ്ജലി ആ വീട്ടിലേക്ക് കടന്നുവന്നപ്പോൾ മുതൽ ദാക്ഷായണിയും ദിവ്യയും ചേർന്ന് ഓരോ രീതിയിൽ അവളെ ഉ.പദ്രവിക്കാൻ തുടങ്ങി…

പക്ഷേ വിനോദിനോട് ഇതൊന്നും അഞ്ജലി പറഞ്ഞില്ല. തന്റെ പേരിൽ ആ കുടുംബത്തിൽ ഒരു പ്രശ്നം ഉണ്ടാകരുത്, ഭർത്താവും അമ്മയും തമ്മിൽ തെറ്റരുത് എന്ന് കരുതി അവൾ എല്ലാ പീഡനങ്ങളും മൗനമായി സഹിച്ചു..

അത് അവർക്ക് ഒരു വളം ആയി.

​രാവിലെ നേരം വെളുക്കുന്നതിന് മുൻപേ തണുത്ത വെള്ളത്തിൽ വീട് മുഴുവൻ തുടപ്പിക്കുക, തുണികൾ കഴുകിക്കുക, പാചകം മുഴുവൻ ചെയ്യിക്കുക എന്നതൊക്കെ ആയിരുന്നു ദാക്ഷായണിയുടെ വിനോദം.

ഉണ്ടാക്കുന്ന ഭക്ഷണത്തിൽ ഉപ്പ് വാരിയിട്ട് “ഇതിനെയൊക്കെ പാചകം പഠിപ്പിച്ചത് ഏത് വീടാണോ” എന്ന് ദിവ്യയും അമ്മയും ചേർന്ന് ഉറക്കെ പറഞ്ഞ് കളിയാക്കും.

അപ്പോഴൊക്കെ അഞ്ജലി കണ്ണീർ തുടച്ച് മിണ്ടാതിരിക്കും. വിനോദ് ബാങ്കിലേക്ക് പോയാൽ പിന്നെ ഈ ഉ. പദ്രവം ഇരട്ടിയാകും.

എന്നാൽ വിനോദ് വീട്ടിലേക്ക് വരുമ്പോൾ തേനെ പാലെ എന്നുവിളിച്ച് അവർ അഞ്ജലിയെ സ്നേഹിക്കുന്നതുപോലെ കാണിക്കും അതുകൊണ്ടുതന്നെ

തനിക്ക് വേണ്ടി അവൾ എല്ലാം സഹിക്കുകയാണെന്ന് പാവം അവൻ അറിഞ്ഞതുമില്ല.

​അങ്ങനെയിരിക്കെ ഒരു ദിവസം വയ്യ എന്ന് തോന്നിയപ്പോൾ പറയാതെ അവൻ ഹാഫ് ഡേ എടുത്തു.. വിനോദ് വീട്ടിലേക്ക് കടന്നുവരുമ്പോൾ ഹാൾ വിജനമായിരുന്നു.

പക്ഷേ അടുക്കള ഭാഗത്തുനിന്ന് അമ്മയുടെ ഉച്ചത്തിലുള്ള ശബ്ദവും അഞ്ജലിയുടെ കരച്ചിലും കേൾക്കാം. അവൻ പതുക്കെ അടുക്കളയുടെ വശത്തേക്ക് നടന്നു.

​”എന്താടീ, അമ്മ ചോദിക്കുന്നത് കേട്ടില്ലേ? ഇത് എത്ര കറി ആണെടി ഉണ്ടാക്കി വെച്ചിരിക്കുന്നത്?? ഇതിലൊക്കെ ചേർക്കാനുള്ള സാധനങ്ങൾ നിന്റെ ത.ന്തയുടെ വീട്ടിൽ നിന്ന് കൊണ്ടുവന്ന പണം കൊണ്ടാണോ വാങ്ങിയത്?

പട്ടിണി കിടന്ന കുടുംബത്തിൽ നിന്ന് വന്നവരുടെ അഹങ്കാരം ചില്ലറ ഒന്നും അല്ലല്ലോ ” ദിവ്യ അഞ്ജലിയെ തള്ളിമാറ്റി ആക്രോശിക്കുകയായിരുന്നു.

​”അതല്ല ദിവ്യചേച്ചി , ഇന്നലെ കറി തികഞ്ഞില്ലല്ലോ അതുകൊണ്ട് …” അഞ്ജലി വിറയ്ക്കുന്ന ശബ്ദത്തിൽ പറഞ്ഞു.

​” ഓ അപ്പൊ തമ്പുരാട്ടി സ്വയം അങ്ങ് തീരുമാനിച്ചു ഇന്ന് കൂടുതൽ ഉണ്ടാക്കാൻ അതും ഞങ്ങളോട് ഒന്നും ചോദിക്കാതെ!! എടി നിന്നെപ്പോലെയുള്ള തെ.ണ്ടികളുടെ കുടുംബത്തിൽ നിന്ന് വരുന്നവറ്റകൾക്ക് ഞങ്ങളുടെ വിനോദിന്റെ യോഗ്യതയ്ക്ക് ഒപ്പം നിൽക്കാൻ പോലും പറ്റില്ല… എന്നിട്ടും അവളെ ഇങ്ങോട്ട് ഞാൻ കെട്ടി എടുത്തത് ഇവിടെയുള്ള പണികൾ മുഴുവൻ ജയിക്കാം എന്ന് കരുതി തന്നെയാണ് പൊന്നുമോളെ നിനക്ക് ഈ വീട്ടിൽ ഒരു സുഖവും ഉണ്ടാവും എന്ന് നീ കരുതണ്ട!!”

” ദാക്ഷായണി കലി തുള്ളി പറഞ്ഞു. കണ്ണീരൊഴുക്കി തറയിൽ നിൽക്കുന്ന അഞ്ജലിയെയും അവളെ വളഞ്ഞിട്ട് ചീ.ത്തവിളിക്കുന്ന അമ്മയെയും അനിയത്തി യെയും കണ്ടപ്പോൾ വിനോദിന്റെ നെഞ്ച് പിടഞ്ഞു…

അവന് കാര്യം മനസ്സിലായി. താൻ ഇല്ലാത്തപ്പോഴൊക്കെ ഇതാണ് ഇവിടെ നടക്കുന്നത്! ദേഷ്യവും സങ്കടവും കൊണ്ട് അവന്റെ വായടഞ്ഞുപോയി. അവൻ മുന്നോട്ട് വന്ന് അഞ്ജലിയുടെ കൈയിൽ ബലമായി പിടിച്ചു.

​”അഞ്ജലീ… നീ എന്താ ഈ കേൾക്കുന്നത്? നീ എന്തിനാ ഇതൊക്കെ സഹിച്ചു നിൽക്കുന്നത്?” വിനോദ് തകർന്ന ശബ്ദത്തിൽ ചോദിച്ചു. പെട്ടെന്ന് വിനോദിനെ കണ്ട് ദാക്ഷായണിയും ദിവ്യയും അല്പം ഞെട്ടിയെങ്കിലും ഭാവം മാറ്റിയില്ല.

​”നീ എന്താടാ ഇവളോട് ചോദിക്കുന്നത്? പാവപ്പെട്ട വീട്ടിൽ നിന്ന് ഒരു രൂപ പോലും ഇങ്ങോട്ട് കൊണ്ടുവരാതെ വന്നി കയറിയവൾ ഇതെല്ലാം സഹിക്കണം! അല്ലാതെ ഞങ്ങളുടെ തലയിൽ കയറി ഇരുന്ന് കൊത്താൻ ഇവൾക്കാരാ അനുവാദം തന്നത്?” ദാക്ഷായണി അഹങ്കാരത്തോടെ ചോദിച്ചു.

​”അതെ ഏട്ടാ, ഇവൾക്ക് ഞങ്ങൾ പറയുന്നത് സഹിക്കാൻ വയ്യെങ്കിൽ പിന്നെ എന്തിനാ ഇങ്ങോട്ട് കെട്ടിയെടുത്ത് വന്നത്?” ദിവ്യയും കയർത്തു.

​വിനോദ് അഞ്ജലിയുടെ മുഖത്തേക്ക് നോക്കി. അവളുടെ കണ്ണുകളിൽ നിന്ന് ടാപ്പ് തുറന്നതുപോലെ കണ്ണീർ ഒലിക്കുന്നുണ്ടായിരുന്നു. അവൻ ദാക്ഷായണിയുടെയും ദിവ്യയുടെയും മുന്നിലേക്ക് കയറിനിന്നു.

​”എല്ലാവരും പറയുന്നത് സഹിക്കാൻ വേണ്ടിയല്ല നിന്നെ ഞാൻ എന്റെ ജീവിതത്തിലേക്ക് കൂട്ടിയത് അഞ്ജലീ! നിന്നെ സ്നേഹിക്കാനും എന്റെ കൂടെ ഒരു രാജ്ഞിയായി വാഴിക്കാനുമാണ് ഞാൻ കല്യാണം കഴിച്ചത്!”

​വിനോദിന്റെ അലർച്ച കേട്ട് ദാക്ഷായണിയും ദിവ്യയും ഒരു നിമിഷം അന്തംവിട്ടു.

​”വിനോദേ…. നീ സ്വന്തം അമ്മയോടും അനിയത്തിയോടുമാണോ ഈ സംസാരിക്കുന്നത്? ഈ പിശാചിന് വേണ്ടിയാണോ നീ ഞങ്ങളെ തള്ളിപ്പറയുന്നത്?” ദാക്ഷായണി ചോദിച്ചു.

​”ഉവ്വ് അമ്മേ! ഒരു പാവം കുട്ടിയെ കിട്ടിയപ്പോൾ അതിനെ ഇട്ടിട്ട് ഇങ്ങനെ പീഡിപ്പിക്കാൻ നിങ്ങൾക്ക് എങ്ങനെ മനസ്സു വന്നു? ഇനി ഒരു നിമിഷം പോലും ഇവൾ ഈ വീട്ടിൽ നൽക്കില്ല. എടുക്കാനുള്ളതെല്ലാം എടുത്ത് ഇറങ്ങ് അഞ്ജലീ,” വിനോദ് അഞ്ജലിയെ ചേർത്തുപിടിച്ചു.

​”വിനോദേട്ടാ… വേണ്ട, ഇതെട്ടന്റെ വീടല്ലേ, ഞാൻ എല്ലാം സഹിച്ചോളാം. നിങ്ങൾ അമ്മയോട് വഴക്കിടരുത്,” അഞ്ജലി കരഞ്ഞുകൊണ്ട് വിനോദിന്റെ കൈയിൽ പിടിച്ചു..

​”ഇല്ല അഞ്ജലീ, നിന്റെ ഈ നല്ല മനസ്സാണ് ഇവരുടെ അഹങ്കാരം. ഇനി ഇവിടെ നിന്നാൽ നിന്നെ ഇവർ ഇല്ലാതാക്കും. വാ എന്റെ കൂടെ,” വിനോദ് അവളുടെ കൈയും പിടിച്ച് മുറിയിലേക്ക് പോയി അവളുടെ വസ്ത്രങ്ങളും സാധനങ്ങളും ഒരു ബാഗിലാക്കി പുറത്തേക്ക് ഇറങ്ങി.

​”നീ ഇവളെയും കൊണ്ട് പോയാൽ പിന്നെ ഈ വീടിന്റെ പടി ചവിട്ടരുത്! കേട്ടല്ലോ!” ദാക്ഷായണി പുറകിൽ നിന്ന് അലറി.

​”എനിക്ക് ഈ വീടിന്റെ പടി ചവിട്ടേണ്ട അമ്മേ. എന്റെ പെണ്ണാണ് എനിക്ക് വലുത്,” വിനോദ് തിരിഞ്ഞുപോലും നോക്കാതെ അഞ്ജലിയെയും കൂട്ടി ഇറങ്ങിപ്പോയി.

വാടകയ്ക്ക് ഒരു ചെറിയ വീടെടുത്ത് അവൻ അഞ്ജലിയുമായി പുതിയൊരു ജീവിതം ആരംഭിച്ചു. ആദ്യത്തെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് ദാക്ഷായണിക്ക് തങ്ങൾ ചെയ്ത മണ്ടത്തരത്തിന്റെ ആഴം മനസ്സിലായത്.

വിനോദ് ബാങ്കിൽ നിന്ന് വാങ്ങുന്ന ശമ്പളം കൊണ്ടാണ് ആ വീടിന്റെ മുഴുവൻ ചെലവുകളും നടന്നിരുന്നത്. വൈദ്യുതി ബില്ല്, ഗ്യാസ് ബില്ല്, ദിവസേനയുള്ള വീട്ടാവശ്യങ്ങൾ, ദിവ്യയുടെ വസ്ത്രങ്ങളും പോക്കറ്റ് മണിയും തുടങ്ങി സകല കാര്യങ്ങളും വിനോദിന്റെ പണം കൊണ്ടായിരുന്നു. എന്നാൽ വീട് വിട്ട് ഇറങ്ങിയതിന് ശേഷം ഒരു രൂപ പോലും വിനോദ് വീട്ടിലേക്ക് ചെലവിന് കൊടുത്തില്ല.

​ബാങ്ക് അക്കൗണ്ടിൽ പണം വരാതായതോടെ ദാക്ഷായണി ബുദ്ധിമുട്ടി. കടം വാങ്ങി കുറച്ചുദിവസം കാര്യങ്ങൾ നടത്തിയെങ്കിലും കടക്കാർ വീട്ടുപടിക്കൽ വന്നു ബഹളം വെക്കാൻ തുടങ്ങി.

​”അമ്മേ, ഏട്ടൻ പണം തരാതെ എങ്ങനെയാ കാര്യങ്ങൾ നടക്കുക? “”

ദിവ്യ ചോദിച്ചപ്പോൾ ദാക്ഷായനി അവളോട് ദേഷ്യപ്പെട്ടു.

​ദിവസങ്ങൾ കഴിയുന്തോറും വീട്ടിൽ ആകെ പട്ടിണിയും കടവും മാത്രമായി. അതോടെ ദിവ്യയുടെ മനോഭാവവും മാറി. അമ്മയുടെ കൂടെ നിന്നാൽ തനിക്ക് ബാധ്യതയാകും എന്ന് മനസ്സിലാക്കിയ ദിവ്യ, അമ്മയെയും ആ വീടിനെയും ഇട്ടെറിഞ്ഞ് സ്വന്തം ഭർത്താവിന്റെ വീട്ടിലേക്ക് പോയി.

വീട്ടിൽ ആകെ ഒറ്റപ്പെട്ട്, കടക്കാരുടെ ശല്യം സഹിക്കാൻ വയ്യാതെ ദാക്ഷായണി പൂർണ്ണമായും തകർന്നു.

​ഒടുവിൽ വേറെ വഴിയൊന്നുമില്ലാതെ, സ്വന്തം അഹങ്കാരം മാറ്റിവെച്ച് ദാക്ഷായണി വിനോദും അഞ്ജലിയും താമസിക്കുന്ന വാടകവീട്ടിലേക്ക് നടന്നു.
​വാതിൽ തുറന്ന അഞ്ജലി കാണുന്നത് കണ്ണീരോടെ, തളർന്ന് നിൽക്കുന്ന ദാക്ഷായണിയെയാണ്.

ദാക്ഷായണി ഓടിവന്ന് അഞ്ജലിയുടെ കാലിൽ പിടിച്ച് കരഞ്ഞു.
​”എന്നോട് ക്ഷമിക്കടീ മോളെ… ഞാൻ നിന്നോട് വലിയ തെറ്റാണ് ചെയ്തത്. അഹങ്കാരം കൊണ്ട് കണ്ണുകാണാതെ പോയതാണ്.

എന്റെ മകൻ എന്നെ ഉപേക്ഷിച്ചു, ദിവ്യയും എന്നെ ഇട്ടെറിഞ്ഞു പോയി. എനിക്ക് ഇപ്പോൾ ആരുമില്ല. നീ എന്നോട് ക്ഷമിക്കണം,” ദാക്ഷായണി പൊട്ടിക്കരഞ്ഞു.

​അഞ്ജലി പെട്ടെന്ന് ദാക്ഷായണിയെ പിടിച്ച് എഴുന്നേൽപ്പിച്ചു. അപ്പോഴേക്കും ശബ്ദം കേട്ട് വിനോദും അങ്ങോട്ട് വന്നു.

​”അമ്മേ… നിങ്ങൾ എന്തിനാ ഇവിടെ വന്നത്? ഇനിയും അഞ്ജലിയെ ഉപദ്രവിക്കാനാണോ?” വിനോദ് കടുപ്പത്തിൽ ചോദിച്ചു.

​”അല്ല വിനോദേട്ടാ… അമ്മ തെറ്റ് മനസ്സിലാക്കി വന്നതല്ലേ. ദയവുചെയ്ത് അങ്ങനെ പറയരുത്,” അഞ്ജലി വിനോദിനെ തടഞ്ഞു.

​സ്വന്തം കുടുംബത്തിൽ എല്ലാവരും ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കണം എന്ന് ആഗ്രഹിക്കുന്ന കൂട്ടത്തിലായിരുന്നു അഞ്ജലി.

അതുകൊണ്ടുതന്നെ ദാക്ഷായണി ചെയ്ത ക്രൂരതകളൊന്നും അവൾ മനസ്സിൽ വെച്ചില്ല.
​”വിനോദേട്ടാ, അമ്മ തനിച്ചാണ്. ദിവ്യയും അമ്മയെ വിട്ടുപോയി. നമുക്ക് അമ്മയോട് ക്ഷമിക്കാം. എല്ലാവരും ഒന്നിച്ചു ജീവിക്കുന്നതല്ലേ സന്തോഷം? നമുക്ക് തറവാട്ടു വീട്ടിലേക്ക് തിരിച്ചുപോകാം,” അഞ്ജലി സ്നേഹത്തോടെ ഭർത്താവിനോട് യാചിച്ചു.

​അഞ്ജലിയുടെ നല്ല മനസ്സും വിശാലതയും കണ്ടപ്പോൾ വിനോദിന് അവളെക്കുറിച്ച് കൂടുതൽ അഭിമാനം തോന്നി.

അവൻ അമ്മയോട് ക്ഷമിച്ച്, അഞ്ജലിയുടെ വാക്ക് കേട്ട് തറവാട്ടു വീട്ടിലേക്ക് തിരികെ പോയി.
​ആ അനുഭവത്തിന് ശേഷം ദാക്ഷായണിക്ക് വലിയൊരു മാറ്റം സംഭവിച്ചു. പണവും പദവിയുമല്ല, നല്ല മനസ്സുള്ള മനുഷ്യരാണ് ജീവിതത്തിൽ വലുതെന്ന് അവർ തിരിച്ചറിഞ്ഞു. അതിനുശേഷം വിനോദിന്റെയും അഞ്ജലിയുടെയും കാര്യങ്ങളിൽ കൂടുതൽ ഇടപെടാനോ അഞ്ജലിയെ വിഷമിപ്പിക്കാനോ ദാക്ഷായണിയും പിന്നീട് തിരികെ വന്ന ദിവ്യയും തുനിഞ്ഞതേയില്ല. അഞ്ജലി ആ വീടിന്റെ പ്രിയപ്പെട്ട മകളായി സന്തോഷത്തോടെ ജീവിച്ചു

Leave a Reply

Your email address will not be published. Required fields are marked *