അങ്ങനെ ട്രെയിനില്‍ വച്ച് പരിചയപ്പെട്ട ഒരാളുമായി സംസാരിക്കുമ്പോള്‍ പരിചയപ്പെട്ട ആള്‍ക്ക് ഒരാഗ്രഹം.അയാളുടെ സമയം ഒന്ന് നോക്കണം…

CREATOR: gd-jpeg v1.0 (using IJG JPEG v62), quality = 98?

STORY BY VIPIN PG

അടുത്തുള്ളവരുടെയും അറിയുന്നവരുടെയും സ്വദേശത്തുള്ളവരുടെയും വിദേശത്തുള്ളവരുടെയും സകലരുടെയും പ്രശ്നങ്ങള്‍ കേള്‍ക്കുകയും അതിനു പ്രതിവിധി പറഞ്ഞ് കൊടുക്കുകയും ചെയ്യുന്ന നാരായണന്‍ കണിയാന്റെ ജീവിതം എന്തോ അങ്ങനെ കാര്യമായി മെച്ചപ്പെട്ടിട്ടില്ല. എവിടെയോ എന്തോ ഒരു പ്രശ്നമുണ്ട്. എത്ര നോക്കിയിട്ടും അങ്ങ് കിട്ടുന്നുമില്ല. കിട്ടാണ്ട്‌ ശരിയാവില്ല. ഒരു കണിയാനെന്ന നിലയില്‍ പേരെടുക്കണം,,, മാത്രമല്ല ഇന്നത്തെ സോഷ്യല്‍ മീഡിയ പിള്ളേരെ പോലെ ലോകം മൊത്തം നടന്നു കവടി നിരത്തി പ്രശ്നങ്ങള്‍ പരിഹരിച്ച് കൊടുക്കണം. അതിലൂടെ പ്രശസ്തി നേടണം. അതാണിപ്പോ നാരായണന്‍ കണിയാന്റെ ഏറ്റവും മെയിന്‍ ചിന്ത.

അത്യാവശ്യം ഫോണും ഗൂഗിളും ഒക്കെ വശമുള്ള നാരായണന്‍ കണിയാന്‍ ഗൂഗിളില്‍ തപ്പി ഒരാളെ കണ്ടെത്തി. സ്വന്തം കല്ലറയുണ്ടാക്കി ഒറ്റയ്ക്ക് പോയി സമാധിയായിട്ട് തിരിച്ചു ജീവിതത്തിലേയ്ക്ക് വന്ന ഒരു മഹാ മഹര്‍ഷിയാണ്. ഒന്നും നോക്കാനില്ല. പിറ്റേന്ന് തന്നെ നാരായണന്‍ കണിയാന്‍ വീടിനു മുമ്പില്‍ ആളില്ല എന്നൊരു ബോര്‍ഡ് തൂക്കി തിരുവനന്ത പുരത്തേയ്ക്ക് വച്ച് പിടിച്ചു. കണിയാന്‍ ഇത് രണ്ടാമത്തെ തവണ മാത്രമാണ് ട്രെയിനില്‍ കയറുന്നത്. ആദ്യത്തെ തവണ കുറച്ചു മുമ്പാണ്. കനിയന്മാരെല്ലാവരും കൂടി ഒരു ടൂര്‍ പോയപ്പോള്‍. ട്രെയിന്‍ യാത്ര ബഹു രസമാണ്. ഇരിക്കാം നടക്കാം കിടക്കാം. കുറേപ്പേരെ കാണാം പരിചയപ്പെടാം.

അങ്ങനെ ട്രെയിനില്‍ വച്ച് പരിചയപ്പെട്ട ഒരാളുമായി സംസാരിക്കുമ്പോള്‍ പരിചയപ്പെട്ട ആള്‍ക്ക് ഒരാഗ്രഹം.അയാളുടെ സമയം ഒന്ന് നോക്കണം. സമയം നോക്കാന്‍ പറ്റിയ സമയമല്ല. കാരണം വണ്ടി കുലുങ്ങിയാണല്ലോ യാത്ര. മാത്രമല്ല നാരായണന്‍ കണിയാന്‍ പ്രധാനപ്പെട്ട വേറൊരു കാര്യത്തിന് പോകുകയും കൂടി ആണല്ലോ. പക്ഷെ എന്ത് പറഞ്ഞിട്ടും ആള് വിടുന്ന ലക്ഷണമില്ല. ഒടുക്കം വളരെ ചെറിയ രീതിയില്‍ കണിയാന്‍ ശ്രമിച്ചു നോക്കി. അയാളുടെ സമയം നോക്കാന്‍. സമയം നോക്കിക്കൊണ്ടിരുന്ന കൃത്യ സമയത്ത് TTR ടിക്കറ്റ് ചെക്ക് ചെയ്യാന്‍ വന്നു. കണിയാന്റെ പരിചയക്കുറവ് മൂലം എടുത്ത ടിക്കറ്റ് ജെനറല്‍ ടിക്കറ്റ് ആയിപ്പോയി. സ്വന്തം കാര്യം നോക്കാന്‍ അറിയാത്ത കണിയാന്റെ ഫൈന്‍ കൊടുക്കാന്‍ സമയം നോക്കാന്‍ വന്നവനും തയ്യാറായില്ല. TTR ന്റെ കൈയും കാലും മൂക്കും പിടിച്ചത് കൊണ്ട് ഫൈന്‍ ഒഴിവാക്കി കിട്ടി നേരെ ജെനറള്‍ കമ്പാര്‍ട്ട് മെന്റില്‍ കയറി..

ഈശ്വരാ ഭഗവാനെ,,, രണ്ട് ടോയ്ലെറ്റിന്റെ ഇടയില്‍ നില്‍ക്കേണ്ടി വന്നു കുറെ സമയം. ട്രെയിന്‍ യാത്രയ്ക്ക് ഇങ്ങനൊരു മുഖമുണ്ടെന്ന് അന്നാണ് നാരായണന്‍ കണിയാന്‍ മനസ്സിലാക്കിയത്. ഒരു മണിക്കൂര്‍ നീണ്ട നരക യാത്രയില്‍ മനം നൊന്ത കണിയാന്‍ അടുത്ത സ്റ്റേഷനില്‍ ഇറങ്ങി കുറച്ചു നേരം പ്ലാറ്റ് ഫോമില്‍ ഇരുന്നു. എത്തി പെട്ടത് അന്യ സംസ്ഥാനത്താണോ.

ഊളിയിട്ടു നോക്കിയിട്ടും മലയാളം പറയുന്ന ഒരാളെ കാണാന്‍ ഇല്ല. ബഹുദൂരം സഞ്ചരിക്കാന്‍ ഉണ്ട്. ഇനിയൊരു റിസ്ക്‌ വേണ്ട. ബസ്സിനു പോകാം. തൊട്ടടുത്ത ബസ്സ്‌ സ്ടാന്റ് വരെ കണിയാന്‍ ഒരു ഓട്ടോ വിളിച്ചു പോയി. ഓട്ടോ പോകുന്ന പോക്ക് കണ്ടിട്ട് ഇത് ബസ്സ്‌ സ്റ്റാന്റില്‍ എത്തുമോ എന്ന് കണിയാന് യം. വരുന്നതും പോകുന്നതുമായ വണ്ടിക്കാര്‍ മുഴുവന്‍ അ,സഭ്യം പറച്ചില്‍. യാത്രാ ക്ലേശം കനത്ത രീതിയില്‍ ആകുന്നുണ്ട്. ഹോ,,, എന്നാലും ലക്ഷ്യത്തില്‍ നിന്ന് പിന്നോട്ടില്ല. ആ മനുഷ്യനെ കണ്ടിട്ടേ മടക്കമുള്ളൂ. ബസ്സ്‌ സ്റ്റാന്റ് എത്തി. ട്രെയിന്‍ യാത്രയേക്കാള്‍ സമയമെടുക്കുമെന്നുള്ളത് ചെറിയ രീതിയില്‍ ഭക്ഷണം കഴിച്ചിട്ടാകാം യാത്ര എന്ന് കരുതി.

ഇനിയിപ്പോ ട്രെയിന്‍ വരുന്ന സമയം നോക്കി നില്‍ക്കേണ്ട പ്രശ്നമില്ലല്ലോ. തിരക്കുണ്ടെങ്കിലും ആവശ്യത്തിന് ബസ്സ്‌ ഉണ്ട്. ഒരു വെജിറ്റെറിയന്‍ റിസ്റ്റോറന്റില്‍ കയറിയ കണിയാന്‍ ഒരു നെയ്‌ റോസ്റ്റ് ഓര്‍ഡര്‍ ചെയ്തു കഴിച്ചു. നെയ്റോസ്റ്റ് മൂപ്പരുടെ ഫേവറെറ്റ് ആണ്. സന്തോഷത്തോടെ സമാധാനത്തോടെ ഒരു നെയ്റോസ്റ്റ് പാര്‍സലും വാങ്ങി ബില്ലും കൊടുത്ത് നാരായണന്‍ കണിയാന്‍ ലക്ഷ്യ സ്ഥാനത്തെക്കുള്ള ബസ്സില്‍ കയറി. മണിക്കൂറുകള്‍ പിന്നിട്ടു. ഒരു ടി ബ്രേക്ക്‌ ന് വേണ്ടി ബസ്സ്‌ വീണ്ടും നിര്‍ത്തി. എന്നാല്‍ ഒരു കട്ടന്‍ ചായ ആകാമെന്ന് കരുതി കണിയാന്‍ ഹോട്ടലില്‍ കയറി. മൂത്രമൊഴിക്കാന്‍ വേണ്ടി ആ ഹോട്ടലിലെ ബാത്രൂമില്‍ കയറിയ കണിയാന്‍ ആണ്. അര മണിക്കൂര്‍ കഴിഞ്ഞിട്ടും പുറത്തേയ്ക്ക് കാണുന്നില്ല. സമയത്തിന് എത്തേണ്ടത് കൊണ്ട് കണിയാന്റെ ലഗേജ് ഹോട്ടലില്‍ ഏല്‍പ്പിച്ച് ബസ്സ്‌ ബസ്സിന്റെ പാട്ടിനു പോയി.

നീണ്ട യുദ്ധം കഴിഞ്ഞു ക്ഷീണിച്ച് അവശനായ കണിയാന്‍ ഒന്നും കഴിക്കുന്നില്ല എന്ന് പറഞ്ഞ് ദേഷ്യത്തോടെ അവിടുന്ന് ഇറങ്ങിപ്പോയി. കണിയാന്റെ പോക്ക് കണ്ടപ്പോള്‍ എന്തോ പ്രശ്നമുണ്ടല്ലോ എന്ന് കരുതി അപ്പൊ കഴിക്കാന്‍ കയറിയ നാല് പേര് കണിയാന്റെ പുറകെ പോയി. കണിയാന്‍ കഴിച്ചതുമില്ല നാല് പേരെ കഴിപ്പിച്ചതുമില്ല.

ബസ്സ്‌ സ്റ്റാന്റില്‍ നല്ലൊരു സിറ്റിംഗ് ഏരിയ ഇല്ല. ചെയറില്‍ മര്യാദയ്ക്ക് ഇരിക്കാന്‍ പറ്റുന്നില്ല. ബാഗ് തൂണിനു ചാരി വച്ച് കണിയാന്‍ ഒന്നിരുന്നു. ഒന്ന് മയങ്ങി.ഒച്ചപ്പാടും ബഹളവും കേട്ടിട്ടാണ് നാരായണന്‍ എണീക്കുന്നത്. സ്ഥിരം സംഭവം സമയത്തെ ചൊല്ലിയുള്ള ബസ്സുകാര്‍ തമ്മിലുള്ള പൊരിഞ്ഞ അ,ടി. നാരായണന്‍ കണിയാന് ഒരു കാര്യം മനസ്സിലായി. ഇത്തരം യാത്രകള്‍ സമാധാനത്തോടെ പോകണമെങ്കില്‍ നമ്മള്‍ ടാക്സി വിളിച്ചു തന്നെ പോകണം.റോഡിലെ കുഴികള്‍ വച്ച് നോക്കുമ്പോള്‍ യാത്ര കല്ലും മുള്ളും നിറഞ്ഞതായിരിക്കും. വലിയൊരു ലക്ഷതിലെത്താന്‍ അല്പം യാതന അനുഭവിക്കുന്നതില്‍ തെറ്റില്ല. രണ്ടും കല്പിച്ച് നാരായണന്‍ കണിയാന്‍ ഒരു ടാക്സി വിളിച്ചു പോകേണ്ട അഡ്രെസ്സ് അയാള്‍ക്ക് കൊടുത്തു.

വീണ്ടും മണിക്കൂറുകള്‍ നീളുന്ന യാത്ര. ഇടയ്ക്ക് വച്ച് ഡ്രൈവര്‍ ചോദിച്ചു ..

“ ചേട്ടന്റെ നാടെവിടെയാ”

“ വടക്കോട്ടാ “

“എന്താ ജോലി”

“ ജ്യോല്‍സ്യനാണ്”

“ ഇപ്പൊ എങ്ങോട്ട് പോകുന്നു”

“ഒരു കൂട്ടുകാരനെ കാണാന്‍. ഒരു വലിയ പൂജ വന്നിട്ടുണ്ട്. മൂപര്‍ക്ക് എന്റെ സഹായം വേണമെന്ന് പറഞ്ഞ് കത്തയച്ചു”

“ങേ….കത്ത് അയക്കലോക്കെ ഇപ്പോഴും ഉണ്ടോ”

“ ഉണ്ടല്ലോ… ഇത്തരം രഹസ്യ കാര്യങ്ങളില്‍ മാത്രം. ഫോണ്‍ വിളിയൊക്കെ ചോരുന്ന കാലമല്ലേ. ഇതാകുമ്പോ ആരും അറിയില്ല”

ഉള്ളില്‍ വന്ന ചിരി അടക്കിപ്പിടിച്ച ഡ്രൈവര്‍ യാത്ര തുടര്‍ന്നു. നാരായണന്‍ ആലോചിക്കുകയാണ്. വളരെ ചുരുങ്ങിയ പ്രശ്നങ്ങള്‍ പറഞ്ഞുകൊണ്ടേ ആള്‍ക്കാര് എന്റെ അടുത്തു വരുന്നുള്ളൂ. അതെന്താ അങ്ങനെ. അങ്ങനെ പോരല്ലോ. നോക്കാം. വലിയ ജ്യോത്സ്യരെയാണല്ലോ കാണാന്‍ പോകുന്നത്. അദ്ദേഹത്തോട് വിശദമായി സംസാരിക്കാം.

കുറെ കറങ്ങി.. പറഞ്ഞ സ്ഥലത്തൊന്നും ജ്യോത്സ്യന്റെ വീട് കാണാനില്ല. അദ്ദേഹം നാല് മാസത്തിന്റെ ഇടയില്‍ നാല് തവണ വീട് മാറിയത്രെ. ശ്ശെടാ,, എങ്ങനെയും ജ്യോത്സ്യന്റെ വീട് കണ്ടു പിടിച്ചേ പറ്റൂള്ളൂ. ഇത്രയും ദൂരം യാത്ര ചെയ്തു വന്നതല്ലേ. ആളെ കാണണ്ടേ,, കണ്ടാല്‍ മാത്രം പോരല്ലോ. ശിഷ്യത്വം സ്വീകരിക്കണ്ടേ. ഒടുക്കം നഗരത്തിലും ഗ്രാമത്തിലും വട്ടം കറങ്ങി ജ്യോത്സ്യന്റെ വീട് കണ്ടു പിടിച്ചു. അപ്പോഴാണ് ആ ദൈന്യത നിറഞ്ഞ സത്യം നാരായണന്‍ അറിയുന്നത്. നാരായണന്‍ കാണാന്‍ വന്ന ജ്യോത്സ്യന്‍ ഒരാഴ്ച മുമ്പ് മരണപ്പെട്ടു. ദേവ്യേ… ഇതെന്തൊരു പരീക്ഷണം. തല ചുറ്റുന്നത് പോലെ തോന്നിയ നാരായണന്‍ കാറില്‍ തന്നെ കുറെ നേരം ഇരുന്നു. അതിനിടയില്‍ ഡ്രൈവര്‍ വന്നു.

“ ചേട്ടാ… ഇനി എന്താ പരിപാടി”

“ ആലോചിക്കണം”

“ആലോചിക്കാന്‍ സമയമില്ല.. എനിക്ക് വേറെ ഓട്ടം വന്നിട്ടുണ്ട്”
വളരെ ദയനീയമായി നാരായണന്‍ ഡ്രൈവറെ ഒന്ന് നോക്കി. കുറ്റം പറയാന്‍ പറ്റില്ല. അവന്‍ അമ്മാവന്റെ മകന്‍ ഒന്നുമല്ലല്ലോ. പിന്നെ ശിഷ്യത്വം സ്വീകരിക്കാന്‍ വന്ന ആളുമല്ല. അപ്പൊപ്പിന്നെ വണ്ടിക്കൂലി കൊടുക്കുക പറഞ്ഞ് വിടുക.

കടുത്ത യാത്രാ ക്ഷീണം കാരണം നാരായണന്‍ ഒരു ദിവസം അവിടെ തങ്ങിയിട്ട് പിറ്റേന്ന് പോകാന്‍ തീരുമാനിച്ചു. വയറ്റിളക്കം തൊട്ട് ഇല്ലാത്ത റോഡില്‍കൂടി വണ്ടി ഇട്ട് കറക്കിയ ക്ഷീണം വരെയുണ്ട്. യാത്രക്കിടയില്‍ ഇത്രയും പ്രശ്നങ്ങള്‍ നേരിടേണ്ടി വരുമെന്ന് നാരായണന്‍ ഒരിക്കലും കരുതിയില്ല. പിറ്റേന്ന് നേരം വെളുത്തപ്പോള്‍ തന്നെ നാട്ടിലേയ്ക്കുള്ള ട്രെയിനില്‍ സ്ലീപ്പര്‍ ടിക്കറ്റ് തന്നെ ബുക്ക് ചെയ്ത നാരായണന്‍ സമാധാനത്തോടെ സീറ്റില്‍ ഇരുന്നു. പക്ഷെ ആ സമാധാനത്തിനും അല്പായുസ്സു മാത്രമേ ഉണ്ടായിരുന്നുള്ളൂ. കട്ടതോ മോഷ്ടിച്ചതോ ആയ നാലാടുകളെ കൊണ്ട് രണ്ടു ബംഗാളികള്‍ നാരായണന്റെ അടുത്ത് വന്നിരുന്നു. അവര്‍ നാരായണനെ ചിരിച്ചു കാണിച്ചു. നമുക്ക് നാരായണന്‍ നാട്ടിലെത്താന്‍ വേണ്ടി പ്രാര്‍ത്ഥിക്കാം….
ശുഭം

Leave a Reply

Your email address will not be published. Required fields are marked *