എഴുത്ത്:-സൗമ്യ സാബു
ജോയലെ നടക്കത്തില്ല, നീ എത്ര കിടന്നു കുന്ദളിച്ചാലും അവളേം കൊണ്ട് ഈ വീട്ടിലോട്ടു വരാമെന്നു നീ വിചാരിക്കണ്ട.
അമ്മേ , അങ്ങനെ പറഞ്ഞാൽ എങ്ങനാ? ഞങ്ങൾ തമ്മിൽ ഇഷ്ട്ടപ്പെട്ടു പോയവരാ.. അതങ്ങനെ പെട്ടെന്ന് മാറ്റാനൊന്നും പറ്റത്തില്ല.
നിനക്കു സ്വന്തം സമുദായത്തീന്ന് പെണ്ണില്ലാത്തോണ്ട് ആണോടാ നീ അന്യമതക്കാരിയെ സ്നേഹിക്കാൻ പോയത്? അതും ആ വീട്ടിലെ മൂത്ത പെണ്ണ്, ഇളയത് രണ്ടും പെൺപിള്ളേര്, അതുങ്ങളുടെ ഉത്തരവാദിത്തം കൂടി നിന്റെ തലേൽ ആകും. നാട്ടിൽ നല്ല ഒന്നാന്തരം ക്രിസ്ത്യാനി പെൺപിള്ളേർ ഉണ്ട്. അവനതൊന്നും കണ്ണിൽപ്പിടിച്ചില്ല. എന്തായാലും ഈ വീട്ടിലേക്കു അവളെ ഞാൻ കൈപിടിച്ച് കേറ്റത്തില്ല. എന്റെ പൊന്നുമോൻ അതും വിചാരിച്ചു ഇരിക്കുവേം വേണ്ട. എൽസ കനത്ത മുഖവുമായി അടുക്കളയിലേക്ക് പോയി.
ഈ അമ്മേടെ കാര്യം !ഇനി ശ്രേയയോട് എന്ത് പറയും. അമ്മച്ചിക്ക് കുഴപ്പമൊന്നും കാണില്ല, സമ്മതിക്കും എന്നൊക്കെയാണ് പാവം വിചാരിച്ചിരിക്കുന്നത്.
അമ്മയുടെ സമ്മതം ഇല്ലാതെ അവളെ വിളിച്ചിറക്കി കൊണ്ടുവരണം എന്നൊന്നും തനിക്കില്ല. അതവൾക്കും അങ്ങനെ തന്നെയാണ്. വീട്ടുകാരുടെ സമ്മതത്തോടെ ഉള്ള ജീവിതം മതി. പക്ഷെ പരസ്പരം ഇഷ്ടപ്പെട്ടപ്പോ ജാതിയും മതവും ഒന്നും നോക്കിയില്ല.
പിറ്റേന്ന് ഡ്യൂട്ടി കഴിഞ്ഞു ശ്രേയ ഹോസ്പിറ്റലിൽ നിന്നിറങ്ങി സ്റ്റാൻഡിലേക്ക് നടക്കവേ എൽസ അവളുടെ മുന്നിലേക്ക് വന്നു. ആദ്യം ഒന്ന് അമ്പരന്നെങ്കിലും ശ്രേയ അവരെ ചിരിച്ചു കാണിച്ചു. എൽസ അതൊന്നും ഗൗനിക്കാതെ അവളെ ആകമാനം നോക്കി.
അതേ കൊച്ചേ, ഉള്ള കാര്യം അങ്ങ് പറഞ്ഞേക്കാം, ഞങ്ങടെ ജോയലിനു ഞങ്ങൾ നല്ലൊരു ക്രിസ്ത്യാനി പെങ്കൊച്ചിനെയാ നോക്കുന്നത്. നിങ്ങള് തമ്മിൽ പ്രേമം ആണെന്നോ സ്നേഹമാണെന്നോ ഏതാണ്ടൊക്കെ ജോയൽ പറഞ്ഞു. അത് നടക്കത്തില്ല. നീയത് മനസ്സിൽ കൊണ്ടു നടക്കണ്ട.
എൽസയിൽ നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമായതിനാൽ തന്നെ ശ്രേയ വിഷമിച്ചു പോയി. തിരികെ ഒന്നും പറയാനും വയ്യ, കേട്ടതൊട്ടു ഉൾക്കൊള്ളാനും വയ്യ. കണ്ണുകൾ തുളുമ്പി അവൾക്കു കാഴ്ച മങ്ങി. തൂവാല കൊണ്ടു കണ്ണുകൾ ഒപ്പി നോക്കിയപ്പോഴേക്കും സ്റ്റാൻഡിനുള്ളിലേക്ക് നടന്നു മറയുന്ന എൽസയെ ആണ് കണ്ടത്.
ബസിലിരുന്നും വീട്ടിൽ ചെന്നുമൊക്കെ അവൾ ജോയലിനെ വിളിച്ചു. അവൻ ഫോൺ എടുത്തില്ല. രാത്രിയിൽ വീണ്ടും വിളിച്ചപ്പോൾ ജോയൽ ഫോൺ എടുത്തു.
ഹലോ, ജോയലെ? മ്മ്? ജോയലെ , അമ്മ എന്തൊക്കെയാ പറയുന്നത്? നീയല്ലേ പറഞ്ഞത് അമ്മ സമ്മതിക്കും കുഴപ്പം ഇല്ല എന്നൊക്കെ?
എടീ, ഞാനും അങ്ങനെയാ കരുതിയത്, പക്ഷെ അമ്മ കടുംവെ,ട്ടായി നിൽക്കുവാ..
എന്താ ജോയലെ നിന്റെ തീരുമാനം? എനിക്ക് അതറിഞ്ഞാൽ മതി.
ശ്രേയ, അത്.. അമ്മയെ പിണക്കി എനിക്ക് നിന്നെ ഇങ്ങോട്ട് കൊണ്ടു വരാൻ കഴിയില്ല. പപ്പ പോയതിനു ശേഷം ഒരുപാട് കഷ്ടപ്പെട്ടാ എന്നെ അമ്മ വളർത്തിയത്. നിനക്കു എന്നേക്കാൾ നല്ലൊരാളെ കിട്ടും. നമ്മൾ തമ്മിൽ ഉണ്ടായിരുന്നതൊക്കെ നീ മറന്നേക്ക്. പറഞ്ഞു തീർന്നതും മറുപടി കേൾക്കാൻ നിൽക്കാതെ ജോയൽ ഫോൺ കട്ട് ചെയ്തു.
ഫോൺ ചെവിയിൽ വെച്ചു ശ്രേയ അൽപ്പ നേരം അങ്ങനെ തന്നെ നിന്നു. പ്ലസ്ടു മുതൽ ഉള്ള ഇഷ്ടം, അന്നുമുതൽ നീയെന്റേത്, ഞാൻ നിന്റേതു എന്ന് പറഞ്ഞിരുന്ന ബന്ധം ഒറ്റ ഫോൺ കാളിൽ അവസാനിച്ചു പോയത് അവൾക്കു വിശ്വസിക്കാനെ പറ്റിയില്ല.
ജോയലിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല. ശ്രേയയോട് എങ്ങനെ അതൊക്കെ പറയാൻ പറ്റി എന്നറിയില്ല. നെഞ്ചിലൊരു കരിങ്കല്ല് എടുത്തു വെച്ചേക്കുന്നത് പോലെ, ഇത്രയും നാൾ തന്റേതെന്നു വിശ്വസിച്ചവളോടാണ് മറ്റൊരാളെ കിട്ടുമെന്ന് പറഞ്ഞത്. പക്ഷെ അമ്മയെ പിണക്കി ഒന്നും ചെയ്യാൻ വയ്യ. അവൾ തനിക്കുള്ളതല്ല. ഹൃദയഭാരത്തോടെ അവൻ കട്ടിലിൽ കിടന്നു കണ്ണുകൾ അടച്ചു. പിറ്റേന്ന് എൽസയുടെ നിർബന്ധ പ്രകാരം അവൻ മാട്രിമോണി സൈറ്റുകളിൽ പ്രൊഫൈൽ രജിസ്റ്റർ ചെയ്തു. എൽസ അറിയുന്നവരോടും ബന്ധുക്കളോടുമൊക്കെ ജോയലിനു പെണ്ണിനെ നോക്കാൻ പറഞ്ഞേൽപ്പിച്ചു. ക്നാനായക്കാരി പെണ്ണ് തന്നെ വേണം, അതാണൊരു കണ്ടീഷൻ. ആഴ്ചകളും മാസങ്ങളും കടന്നു പോയി. ജോയൽ ടാക്സി ഓടുന്ന ഇന്നോവ മുറ്റത്തു ഒതുക്കി അകത്തേക്ക് കയറി വരുമ്പോൾ എൽസ ആരോടോ ഫോണിൽ സംസാരിക്കുകയാണ്.
ശ്ശോ, നീ ഒന്ന് നോക്ക് സിസിലിപ്പെണ്ണേ,
ഞാൻ പറഞ്ഞില്ലേ എൽസചേച്ചി, പെൺ പിള്ളാരൊണ്ട്, ഇവിടെ ഞങ്ങടെ ഇടവകേത്തന്നെ ഉണ്ട്. പക്ഷെ ചെറുക്കൻ ഡ്രൈവർ ആണ് ടാക്സി ഓടിക്കുവാ എന്ന് പറയുമ്പോ ആർക്കും താല്പര്യമില്ല.
ഹോ.. അതെന്താ ഡ്രൈവർമാർക്കൊരു കുഴപ്പം?
എന്റെ ചേച്ചി, പെൺപിള്ളേർ പഠിച്ചു പുറത്തേക്കു പോവാ, അവരു അവരുടെ നിലയ്ക്കും വിലയ്ക്കും വിദ്യാഭ്യാസത്തിനും അനുസരിച്ചേ ചെറുക്കനെ നോക്കൂ,
ഹ, അതിന് എന്റെ ജോയലിനു നല്ല പഠിത്തം ഉള്ളതല്ലേ? വേറെ ജോലി കിട്ടുന്നത് വരെയെ അവനീ ടാക്സി ഓടിക്കാൻ പോവൂ, അതുമല്ല കൂലിക്കു ഒന്നുമല്ലല്ലോ അവന്റെ സ്വന്തം വണ്ടിയല്ലേ?
ആ.., ഞാൻ ഒന്നൂടെ നോക്കട്ടെ എന്നിട്ട് പറയാം ചേച്ചി.
വീട്ടിൽ എല്ലാ ദിവസവും ഇത്തരം സംഭാഷണങ്ങൾ പതിവായത് കൊണ്ട് ജോയൽ അതൊന്നും കേൾക്കാനെ നിന്നില്ല. റൂമിൽ എത്തി അവൻ കണ്ണാടിയിൽ തന്റെ രൂപം ഒന്ന് നോക്കി. താടിയുടെ ഇടയിൽ വെള്ളിരോമങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയി രിക്കുന്നു. അവനു ശ്രേയയെ ഓർമ്മ വന്നു. ജർമ്മനിയിൽ പോയതിനു ശേഷം അവൾ ആ കുടുംബത്തെ മുഴുവൻ രക്ഷപ്പെടുത്തി. ഇനി ഈ വരവിൽ കല്യാണം ഉണ്ടാകും. കൂട്ടുകാർ വഴി അറിയുന്നതാണു ഇതെല്ലാം.
വർഷം നാല് പെട്ടെന്ന് കടന്നു പോയി. എൽസയ്ക്ക് വയ്യാതായി തുടങ്ങി. കടും പിടുത്തം പിടിച്ചു കൊണ്ടിരുന്നാൽ ജോയലിന്റെ കല്യാണം കൂടാതെ താൻ ചിലപ്പോൾ മരിച്ചു പോകുമെന്ന് എൽസയ്ക്ക് മനസ്സിലായി. ക്നാനായക്കാരി മാത്രം മതി എന്നതിൽ നിന്നും ഏതു സഭ ആയാലും പ്രശ്നമില്ല എന്നതിലേക്കെത്തി. അതിൽ നിന്നും വളരെ പെട്ടെന്ന് തന്നെ സഭ ഒന്നും പ്രശ്നമല്ല ഏതെങ്കിലും ഒരു പെണ്ണിനെ കിട്ടിയാൽ മതി എന്നായി.
ഒരിക്കൽ ജോയൽ ഓട്ടം കഴിഞ്ഞു വീട്ടിലെത്തിയപ്പോഴാണ് കുളിമുറിയിൽ തെന്നി വീണു കിടക്കുന്ന എൽസയെ കണ്ടത്. അവൻ ഓടിച്ചെന്നു അമ്മയെ താങ്ങിയെടുത്തു വണ്ടിയിൽ കിടത്തി ഹോസ്പിറ്റലിൽ എത്തിച്ചു. വീണിട്ടു കുറെ നേരം ആയി എന്നും വാരിയെല്ലിന് പൊട്ടൽ ഉണ്ടെന്നും ഡോക്ടർ അറിയിച്ചു. എൽസയെ അഡ്മിറ്റ് ചെയ്തു റൂമിലേക്ക് മാറ്റി. രാത്രി നഴ്സിംഗ് റൂമിൽ ശ്രേയയെ കണ്ടു ജോയൽ അമ്പരന്നു.
ദൈവമേ ഇവൾ ഇവിടെയോ? നാട്ടിലെപ്പോൾ വന്നു? ഇനി പോകുന്നില്ലേ അതാണോ നാട്ടിൽ ജോലിക്ക് കയറിയത് ? അവൻ അവൾ കാണാതെ പെട്ടെന്ന് തന്നെ റൂമിലേക്ക് പോയി. രാത്രി എൽസയെ ചെക്ക് ചെയ്യാൻ ശ്രേയയും മറ്റൊരു നഴ്സും കൂടിയാണ് എത്തിയത്. അവളെ കണ്ടപ്പോൾ പരിചയം ഉണ്ടല്ലോ എന്ന് എൽസയ്ക്ക് തോന്നി, പിന്നീടാണ് അത് ശ്രേയ ആണെന്ന് അവർക്കു മനസ്സിലായത്. അവരൊന്നും മിണ്ടാതെ കിടന്നു. ശ്രേയയുടെ നൈറ്റ് ഡ്യൂട്ടി തീരുന്ന ദിവസം അവൾ റൂമിലെത്തി.
എൽസ അവളെ നോക്കി പുഞ്ചിരിച്ചു. അത്രയും ദിവസത്തെ ആശുപത്രി വാസം അവരെ ഒരുപാടു കാര്യങ്ങൾ ചിന്തിപ്പിച്ചു. തന്റെ പിടിവാശി മൂലം നല്ല പ്രായത്തിൽ മകനൊരു കുടുംബജീവിതം കിട്ടിയില്ലല്ലോ എന്നോർത്ത് അവർ സങ്കടപ്പെട്ടു. അന്ന് ശ്രേയയുമായുള്ള ബന്ധം സമ്മതിച്ചിരുന്നു എങ്കിൽ ഇന്ന് കൊച്ചുമക്കളുമായി വീട്ടിൽ സന്തോഷത്തോടെ കഴിയാമായിരുന്നു എന്ന് പല തവണ അവർ ചിന്തിച്ചു കഴിഞ്ഞിരുന്നു.
മോളെ, ഞാൻ അന്ന് പറഞ്ഞത് ഒന്നും മനസ്സിൽ വെച്ചേക്കരുത് കേട്ടോ. ശ്രേയ മറുപടി പറയാതെ പുഞ്ചിരിച്ചു.
മോൾടെ ഭർത്താവ് എന്തെടുക്കുന്നു? കുഞ്ഞുങ്ങൾ എത്ര പേരാ?
ഞാൻ കല്യാണം കഴിച്ചില്ല അമ്മേ,
ങ്ങേ? അതെന്താ? കല്യാണം ഒക്കെ കഴിഞ്ഞു മക്കൾ ഒക്കെ ആയി നീ സുഖമായി ജീവിക്കുന്നു എന്നാ ഞാൻ കരുതിയത്.
ഹേയ്, കല്യാണമൊന്നും കഴിഞ്ഞിട്ടില്ല, ഞാൻ മൂത്ത ആളല്ലേ ഉത്തരവാദിത്തങ്ങൾ ഒക്കെ ഉണ്ടായിരുന്നു. എൽസയ്ക്ക് ചെറിയൊരു നാണക്കേട് തോന്നി . എങ്കിലും മകന്റെ മനസ്സിൽ ഇപ്പോഴും ശ്രേയ ഉണ്ടെന്നുള്ളത് അവർക്കറിയാം. നാണം കെട്ടാലും സാരമില്ല ചോദിക്കാം.
മോളെ, നിന്നെ ഒരിക്കൽ സ്വീകരിക്കില്ല എന്ന് പറഞ്ഞവളാ ഞാൻ, എന്റെ നിർബന്ധം കൊണ്ടാ ജോയൽ അന്ന് അങ്ങനൊക്കെ പറഞ്ഞത്. പക്ഷെ അവന്റെ മനസ്സിൽ ഇപ്പോഴും നീയുണ്ടെന്നു എനിക്കറിയാം. എന്നോട് ദേഷ്യം ഒന്നുമില്ലെങ്കിൽ മരുമകൾ ആയിട്ടല്ല, മോളായിട്ട് വരാമോ ഞങ്ങളുടെ വീട്ടിലേക്ക്? ശ്രേയ മറുപടി പറയാതെ അൽപ്പ നേരം നിന്നു.
ഇല്ല അമ്മേ, എനിക്ക് ജോയലിനോടോ അമ്മയോടോ ശത്രുത ഒന്നും തന്നെയില്ല. മതവും ജാതിയും ഒന്നും നോക്കിയല്ല ജോയലിനെ ഞാൻ ഇഷ്ടപ്പെട്ടത്. പക്ഷെ മൂത്ത മകൾ ആയിപോയത് കൊണ്ടും മതം വേറെ ആയിപോയത് കൊണ്ടും എന്നെ വേണ്ട എന്ന് പറഞ്ഞ ആളാണ് അമ്മ. ഏഴു വർഷത്തെ സ്നേഹം ഒറ്റ ദിവസം കൊണ്ട് ഇട്ടെറിഞ്ഞു പോയവനാണ് ജോയൽ. ഇപ്പോൾ ഇത്രയും നാളായി കല്യാണം ഒന്നും ശരിയാകാത്തത് കൊണ്ട് മാത്രമല്ലെ അമ്മ എന്നോടിങ്ങനെ ചോദിച്ചത്? ഞാൻ ഇപ്പോഴും എന്റെ വീട്ടിലെ മൂത്ത മകൾ തന്നെയാണ്. മതവും അത് തന്നെയാണ്. ഒന്നിനും ഒരു മാറ്റവും ഇല്ല.
പിന്നേ അടുത്ത ആഴ്ച എന്റെ കല്യാണമാണ്. രണ്ടുപേരും വരണം. ശരി എങ്കിൽ പോകട്ടെ.
എൽസയുടെ മുഖം നാണക്കേട് കൊണ്ടും കുറ്റബോധം കൊണ്ടും വിളറിപ്പോയി.
ശ്രേയ പോകാനായി തിരിഞ്ഞതും വാതിൽക്കൽ ജോയൽ നിൽപ്പുണ്ടായിരുന്നു.
വേണ്ട സമയത്തു കൃത്യമായ നിലപാട് എടുക്കണം അല്ലെങ്കിൽ അമ്മ ഇങ്ങനെ കാണുന്ന പെണ്ണുങ്ങളോടൊക്കെ കെഞ്ചേണ്ടി വരും . പോട്ടെ, പറയാനുള്ളതൊക്കെ ആ ഒറ്റവാചകത്തിൽ ഒതുക്കി മുന്നോട്ടു നടന്നപ്പോൾ കൺകോണിൽ ഉതിർന്നൊരു കണ്ണീർത്തുള്ളിയെ പുറത്തേക്കു ഒഴുകാൻ അനുവദിക്കാതെ അവൾ കണ്ണിൽ വെച്ചു തന്നെ തുടച്ചു നീക്കി.
ആത്മാഭിമാനം എന്നത് എല്ലാവർക്കുമുണ്ടെന്നു അവർ അറിയട്ടെ!
