രാത്രി 7 മണിയോടെ കൈക്കുഞ്ഞുമായി സ്റ്റേഷനിലേക്ക് വന്ന യുവതി പറയുന്നത് കേട്ട് എസ്. ഐ നിഖിൽ അമ്പരന്നു പോയി.എനിക്കുറങ്ങണം സാറെ, യുവതി വീണ്ടും ആവർത്തിച്ചു…..

എഴുത്ത്:-സൗമ്യ സാബു

സാറെ, എനിക്കൊന്നുറങ്ങണം, ഇല്ലെങ്കിൽ ചിലപ്പോ ഞാനീ കുഞ്ഞിനെ കൊ,ല്ലും അല്ലെങ്കിൽ ഞാൻ ചാ,വും. രാത്രി 7 മണിയോടെ കൈക്കുഞ്ഞുമായി സ്റ്റേഷനിലേക്ക് വന്ന യുവതി പറയുന്നത് കേട്ട് എസ്. ഐ നിഖിൽ അമ്പരന്നു പോയി.
എനിക്കുറങ്ങണം സാറെ, യുവതി വീണ്ടും ആവർത്തിച്ചു. കയ്യിലെ കുഞ്ഞിനെ പൊതിഞ്ഞിരുന്ന തുണിയോടെ മേശയിലേക്ക് കിടത്തി. ശേഷം ഒരു മറുപടിക്കും കാത്തു നിൽക്കാതെ തുറന്നു കിടന്നിരുന്ന ലോക്കപ്പിലേക്കു കയറി നിലത്തേക്ക് കിടന്നു. നിമിഷങ്ങൾ കൊണ്ട് അവളുറങ്ങി.

അശ്വതി,, കുഞ്ഞിനെ എടുക്ക്, നിഖിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ പോലീസിന്റെ കയ്യിലേക്ക് കുഞ്ഞിനെ ഏൽപ്പിച്ചു. നാല് മാസത്തോളം പ്രായമുള്ള ആൺകുഞ്ഞു ഉറക്കത്തിലാണ്. അതിനിടയിൽ അ,മ്മിഞ്ഞ കുടിക്കുമ്പോലെ പിഞ്ചിളം ചുണ്ടുകൾ കൊണ്ടു നുണയുന്നുണ്ട്. അശ്വതി കുഞ്ഞിനെ നെഞ്ചോട്‌ ചേർത്ത് പിടിച്ചു.

നിഖിൽ ലോക്കപ്പിന് അടുത്തേക്ക് പോയി യുവതിയെ സസൂഷ്മം നിരീക്ഷിച്ചു. എണ്ണ തേയ്ക്കാതെ, ചീകാതെ പാറി പറന്ന മുടി, കറുപ്പ് പടർന്ന കൺതടങ്ങൾ, അവളുറങ്ങിയിട്ടു ദിവസങ്ങൾ ആയെന്നു അവനു തോന്നി. എന്തായാലും ഉറങ്ങട്ടെ. നിഖിൽ പിൻവാങ്ങി. ഇടയ്ക്ക് കുഞ്ഞുണർന്നു കരഞ്ഞെങ്കിലും അശ്വതി തട്ടിയുറക്കി. വെളുപ്പിനെ മൂന്നുമണിയോടെ കുഞ്ഞിന്റെ കരച്ചിൽ കേട്ട് യുവതി ഉണർന്നു. അശ്വതി പാല് കുടിക്കാനായി കുഞ്ഞിനെ കൈയിലേക്ക് കൊടുത്തു. എന്നിട്ടും യുവതി കുഞ്ഞിനെ മടിയിൽ വെച്ചു നോക്കിയിരിക്കുന്നതല്ലാതെ മു,ലയൂട്ടാൻ തയ്യാറായില്ല.

രണ്ട് മൂന്ന് വട്ടം, പാൽ കൊടുക്ക്, കുഞ്ഞു കരയുന്നത് കണ്ടില്ലേ എന്ന് ചോദിച്ചപ്പോൾ അവൾ ചുരിദാറിന്റെ സിബ്ബ് ഓപ്പൺ ആക്കി. ഒട്ടും മടിയില്ലാതെ അവൾ മു,ലകൾ രണ്ടും പുറത്തേക്കു എടുത്തു.അത് കണ്ട് നിഖിൽ നോട്ടം മാറ്റി. അശ്വതി ഞെട്ടി പ്പോയി. മുലഞെട്ടുകൾ വിണ്ടു കീറി അതിലൂടെ പ,ഴുപ്പും ചോ,രയും വരുന്നു. അശ്വതി വേഗം കുഞ്ഞിനെ യുവതിയുടെ മടിയിൽ നിന്നെടുത്തു. നിഖിലിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തി. അയാൾ വേഗം ടൗണിലെ മെഡിക്കൽ ഷോപ്പിൽ നിന്നു ലാക്ടോജനും പാൽക്കുപ്പിയും ഒരു പാക്കറ്റ് ഡയപ്പറും വാങ്ങി വന്നു. വിശന്നു തളർന്ന കുഞ്ഞു ആർത്തിയോടെ പാൽ വലിച്ചു കുടിച്ചു. അത് കണ്ടു നിന്ന പോലീസ്കാർക്കെല്ലാവർക്കും ഹൃദയത്തിൽ വേദന ഉണ്ടായി. വിശപ്പ് മാറിയ കുഞ്ഞ് വീണ്ടുമുറങ്ങി.

ലോക്കപ്പിന്റെ ചുവരിൽ എല്ലാം കണ്ടു കൊണ്ടു ആ യുവതി ചാരിയിരുപ്പുണ്ടായിരുന്നു. അശ്വതിയും നിഖിലും അടുത്തേക്ക് ചെന്നു.

മോളെ, എന്താ നിന്റെ പേര്? അശ്വതി വളരെ അനുനയത്തിൽ ചോദിച്ചു തുടങ്ങി.

അലീന , മന്ത്രിക്കും പോലെ ഉത്തരം വന്നു. വീട് എവിടെയാ അലീനയയുടെ? ഇവിടെ അടുത്താ കുരിശടിയുടെ പുറകിൽ,
അശ്വതി പതുക്കെ ഓരോന്നായി ചോദിച്ചറിയാൻ തുടങ്ങി.

സഹികെട്ടിട്ടാ സാറെ ഞാൻ ഇറങ്ങിപ്പോന്നത്. അല്ലെങ്കിൽ എനിക്ക് പ്രാന്ത് പിടിക്കും. ഈ കുഞ്ഞിനെ കൊ,ന്നാലോ എന്ന് പല തവണ ആലോചിച്ചു. പക്ഷെ എന്തോ ഭാഗ്യം കൊണ്ടു അതുണ്ടായില്ല.

എടൊ, താൻ എന്തിനാ ഈ പൊടികുഞ്ഞിനെ കൊ,ല്ലാൻ നോക്കുന്നത്? ഒരമ്മയല്ലേ താൻ?

ഞാൻ മര്യാദക്ക് ഒന്നുറങ്ങിയിട്ടു ഒന്നര മാസമായി , പ്രസവം കഴിഞ്ഞു എന്റെ വീട്ടിലായിരുന്നപ്പോ കുഞ്ഞിനെ എന്റെ അമ്മ നോക്കുമായിരുന്നു. എനിക്ക് ഉറങ്ങാനും ഭക്ഷണം കഴിക്കാനും ഒക്കെ പറ്റിയിരുന്നു. പക്ഷെ ഇങ്ങോട്ട് വന്നതിൽ പിന്നേ മര്യാദക്ക് ടോയ്‌ലെറ്റിൽ പോകാൻ പോലും പറ്റുന്നില്ല. അലീനയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.

ഒരു മനുഷ്യൻ പോലും ഒരു കൈ സഹായിക്കില്ല. പകൽ ആ വീട്ടിലെ പണി മുഴുവൻ, അതിനൊപ്പം കുഞ്ഞിനെയും നോക്കണം, കുഞ്ഞുറങ്ങുമ്പോ ഉറങ്ങാം എന്ന് വെച്ചാൽ പണി തീർന്നിട്ട് നേരം കിട്ടില്ല. രാത്രി ആയാൽ മുഴുവൻ സമയവും ഉറങ്ങാതെ കുഞ്ഞിങ്ങനെ കരഞ്ഞോണ്ടിരിക്കും. അതുകേൾ ക്കുമ്പോ ഹസ്ബൻഡും അമ്മയും എന്നെ ചീ,ത്ത പറയും. പാലില്ലാ, കുഞ്ഞിനെ നോക്കാൻ അറിയില്ല, എടുക്കാൻ അറിയില്ല എന്നൊക്കെ നൂറു കൂട്ടം കുറ്റങ്ങൾ. സാർ കണ്ടില്ലേ കുറച്ചു മുൻപേ? എന്റെ നിപ്പിളിന്റെ അവസ്ഥ, കുഞ്ഞ് പാല് വലിച്ചു കുടിക്കുമ്പോൾ ജീവൻ പറിഞ്ഞു പോകുന്ന വേദന ആണ്. എന്നെ ഒന്ന് ആശുപത്രിയിൽ കാണിക്കാൻ പറഞ്ഞിട്ട് പോലും ഭർത്താവിന്റെ അമ്മ സമ്മതിച്ചില്ല. അതൊക്കെ തന്നെ മാറും എന്നാ പറയുന്നത്. ഈ വേദനയും വെച്ചു ദിവസങ്ങളായി ഞാൻ.. വിതുമ്പലിനിടയിൽ അലീനയുടെ വാക്കുകൾ മുറിഞ്ഞു. എല്ലാം കൂടി എനിക്ക് ചിലപ്പോ എന്താണ് സംഭവിക്കുന്നത് എന്ന് പോലും അറിയില്ല. ഞാൻ ഞാനല്ലതായി പോകുവാ, കഴിഞ്ഞ ദിവസം കുഞ്ഞിനെ ശ്വാസം മുട്ടിക്കാൻ നോക്കി എന്റെയീ കൈ കൊണ്ടു., കുഞ്ഞ് പിടയുന്നത് കണ്ടപ്പോൾ പെട്ടെന്ന് ബോധം വന്നു കുഞ്ഞിനെ കെട്ടിപ്പിടിച്ചു ഞാൻ ഒരുപാട് കരഞ്ഞു. അവിടെ ആർക്കും എന്നെ മനസ്സിലാകുന്നില്ല. ഇനിയും അങ്ങനെ നിന്നാൽ ശരിയാവില്ല എന്ന് എനിക്ക് തന്നെ തോന്നിയത് കൊണ്ടാ ഞാൻ ഇങ്ങോട്ട് വന്നത്. പറഞ്ഞു തീർന്നതും അലീന മുഖം പൊത്തി കരയാൻ തുടങ്ങി.

നിഖിൽ അശ്വതിയോട് പറഞ്ഞു ഒരു ഗ്ലാസ്‌ ചൂട് കാപ്പി അലീനയ്ക്കായി കൊണ്ടു വന്നു.

അലീന, താൻ വിഷമിക്കണ്ട, നമ്മുക്ക് പരിഹാരം ഉണ്ടാക്കാം. അന്ന് രാത്രി അലീനയും കുഞ്ഞും സ്റ്റേഷനിൽ കഴിഞ്ഞു.

പിറ്റേന്ന് രാവിലെ തന്നെ അലീന കൊടുത്ത നമ്പറിൽ വിളിച്ചു ഭർത്താവിനോടും അമ്മയോടും സ്റ്റേഷനിൽ എത്തണം എന്ന് പറഞ്ഞു.

അലീനയുടെ ഭർത്താവ് റോഷൻ എത്തിയതും നിഖിൽ കൈവീശി ഒരെണ്ണം ക,വിളത്തു കൊ,ടുത്തു.

പെണ്ണിനെ കെട്ടി കൊച്ചിനെ ജനിപ്പിച്ചാൽ പോരാ, അന്തസ്സായി നോക്കണമെടാ., ഇന്നലെ രാത്രി നിന്റെ ഭാര്യയെയും കൊച്ചിനെയും വീട്ടിൽ നിന്നു കാണാതായിട്ട് നീ അന്വേഷിച്ചോ?
ഇല്ല !

അതെന്താ??

കവിളിൽ തലോടി നിന്ന റോഷൻ മറുപടി പറയാതെ തല കുനിച്ചു. എന്തോ ഭാഗ്യത്തിനാണ് ആ പെൺകുട്ടി കൊച്ചിനെയും കൊണ്ടു ചാ,വാതെ ഇവിടെ എത്തിയത്. അമ്മേടേം മോന്റേം സകല കയ്യിലിരിപ്പും അവൾ പറഞ്ഞിട്ടുണ്ട്. ഗാർഹിക പീ,ഡനത്തിന് കേസ് എടുത്തു രണ്ടിനേം അകത്തിടാനുള്ള വകുപ്പുണ്ട്. ചെയ്യണോ ഞാൻ?

അയ്യോ സാറെ, വേണ്ട,, ഞാൻ ഇനി ഒന്നിനും പോകത്തില്ല. റോഷന്റെ അമ്മ റോസ്സിലി നിഖിലിന്റെ മുന്നിൽ കൈകൂപ്പി.
നിങ്ങള്ക്ക് തീരെ മനസാക്ഷി ഇല്ലേ? കൂടി വന്നാൽ നിങ്ങളുടെ മരുമകൾക്ക് 23 വയസ്സ് കാണും. നിങ്ങളും മക്കളേ പ്രസവിച്ചതല്ലേ? എന്തെല്ലാം ബുദ്ധിമുട്ടുകൾ ഉണ്ടെന്നു അറിയാത്തവരാണോ നിങ്ങൾ? നിങ്ങൾ ഒന്ന് സപ്പോർട്ട് ചെയ്‌താൽ ആ കുട്ടി ഇത്രയും അനുഭവിക്കുമായിരുന്നോ? അതിന്റെ മനസ്സ് നോർമൽ അല്ല. പോസ്റ്റ്പാർട്ടം ഡിപ്രെഷൻ എന്ന് കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ അത്തരമൊരു അവസ്ഥയിൽ കൂടിയാ നിങ്ങളുടെ മരുമോൾ കടന്നുപോകുന്നത്. അതിനു കാരണം നിങ്ങളും നിങ്ങളുടെ മകനുമാണ്.

സാറെ,, കേസ് ഒന്നും ആക്കരുത്. ഞങ്ങൾ ഇനി ഒന്നിനും പോകത്തില്ല.നിഖിലും അശ്വതിയും കൂടെ അലീനയെയും ഭർത്താവിനെയും അമ്മയെയും ഒരുമിച്ചിരുത്തി സംസാരിച്ചു. ഇനി പ്രശ്നങ്ങൾ ഉണ്ടാവില്ല എന്നുറപ്പു വരുത്തി. അലീനയ്ക്ക് കൗൺസിലിംഗ് നടത്താനുള്ള ഏർപ്പാടുകളും ചെയ്തു. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ അറിയിച്ചാൽ മതി എന്ന് അവരുടെ മുന്നിൽ വെച്ചു തന്നെ അലീനയോടു പറഞ്ഞു.
പോകാൻ നേരം നിഖിൽ റോഷന്റെ കവിളത്തു ഒന്ന് കൂടി കൊടുത്തു. ഇത് സ്വന്തം ഭാര്യയുടെ വേദന കണ്ടിട്ടും അവളെ ആശുപത്രിയിൽ കൊണ്ടുപോകാത്തതിന്, ഇവിടുന്നു നേരെ ആശുപത്രിയിൽ കൊണ്ടു കാണിച്ചോണം കേട്ടല്ലോ?

കേട്ടു സർ,, രാത്രിയിൽ വാങ്ങിച്ച സാധനങ്ങൾക്ക് ഒപ്പം ഒരു ജോഡി കുഞ്ഞുടുപ്പു കൂടി വാങ്ങിക്കൊടുത്ത്‌ ആ പോലീസ്‌കാർ അമ്മയെയും കുഞ്ഞിനേയും യാത്രയാക്കി.

Leave a Reply

Your email address will not be published. Required fields are marked *