അച്ചുവേ . എനിക്കിപ്പോഴും പറ്റുന്നില്ലെടി.. നീയില്ലാതെ.. എല്ലാവരും നിർബന്ധിച്ചു നിർബന്ധിച്ചു ഏതോ ഒരു നിമിഷത്തിൽ ഞാൻ സമ്മതം മൂളിപോയതാണ്. പ്രാന്ത് പിടിച്ചൊരു നേരം മൂളിപ്പോയതാണ്. പക്ഷെ….

എഴുത്ത്:- സൗമ്യ സാബു

രണ്ടു ദിവസം കഴിഞ്ഞാൽ ഈ നേരത്തു അപർണ്ണയും തന്റെ കൂടെ ഉണ്ടാവും, ഈ കട്ടിലിൽ തന്റെ ഒപ്പം.. ആ ഓർമ്മ മനസ്സിലേക്ക് വന്നതും സന്ദീപ് വീണ്ടും അസ്വസ്ഥൻ ആയി.
ഈ മുറി, ഈ കട്ടിൽ, അലമാര,, ഒക്കെത്തിലും ഇപ്പോഴും അശ്വതിയുടെ മണമാണ്. തങ്ങളുടെ ഇണക്കങ്ങളും പിണക്കങ്ങളും നിശ്വാസങ്ങളും ഒരുമിച്ചു കണ്ട സ്വപ്നങ്ങളും ഒക്കെ ഇവിടെ ഈ മുറിയിൽ ആയിരുന്നു. പിണക്കത്തി നൊടുവിലെ ആശ്വസിപ്പിക്കലുകൾ എപ്പോഴും ശ,രീരങ്ങൾ തമ്മിലുള്ള മനോഹരമായ കൂടിച്ചേരലുകളിൽ ആണവ സാനിക്കുക.അതവളുടെ നിർബന്ധമായിരുന്നു. ഇനി മുതൽ ഈ മുറിക്കും കട്ടിലിനും വേറെ ഒരു അവകാശി.. അതവന് ചിന്തിക്കാൻ കഴിയുന്നില്ല..

സന്ദീപ് എഴുന്നേറ്റു അലമാര തുറന്നു.. മടക്കിവെച്ചിരുന്ന ഒരു നൈറ്റി എടുത്തു നെഞ്ചോട്‌ ചേർത്തു.

അച്ചുവേ . എനിക്കിപ്പോഴും പറ്റുന്നില്ലെടി.. നീയില്ലാതെ.. എല്ലാവരും നിർബന്ധിച്ചു നിർബന്ധിച്ചു ഏതോ ഒരു നിമിഷത്തിൽ ഞാൻ സമ്മതം മൂളിപോയതാണ്. പ്രാന്ത് പിടിച്ചൊരു നേരം മൂളിപ്പോയതാണ്. പക്ഷെ നിനക്കു പകരം വേറെ ഒരു പെണ്ണ് ഈ മുറിയിലേക്ക് വരുന്നത് എനിക്ക് ഓർക്കാൻ കൂടി വയ്യടീ.. ഞാൻ അപർണ്ണയോട് സംസാരിക്കാൻ പോവുകയാണ്. നൈറ്റിയുടെ മണം മൂക്കിലേക്ക് വലിച്ചു കയറ്റി സന്ദീപ് കട്ടിലിലേക്ക് മലർന്നു വീണു. അപ്പുറത്ത് അമ്മയുടെ മുറിയിൽ നിന്നും കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്നുണ്ട്. കുറച്ചു നേരമായിട്ടും നിർത്താതെ കരയുന്നത് കേട്ട് അവൻ എഴുന്നേറ്റു ചെന്നു. കുഞ്ഞിനെയുമെടുത്ത്‌ മുറിയിലേക്ക് വന്നു.

അച്ഛന്റെ നെഞ്ചിലെ ചൂട് ഏറ്റപ്പോൾ കുഞ്ഞ് കരച്ചിൽ നിർത്തി.. സന്ദീപ് പാൽകുപ്പിയുടെ നിപ്പിൾ ശ്രദ്ധയോടെ കുഞ്ഞിന്റെ വായിലേക്ക് വെച്ചു. പാല് നുണഞ്ഞു കുഞ്ഞ് മ,യക്കത്തിലേക്കു പോകുന്നത് കാണെ അവന് മനസ്സ് നൊന്തു.

മു,ലപ്പാൽ കുടിച്ചുറങ്ങാൻ ഭാഗ്യം ഇല്ലാതായി പോയല്ലോ പൊന്നുമോളെ നിനക്കു.. എല്ലാവരും പറയുന്നു.. അച്ഛനോട്.. മോൾക്ക്‌ ഒരു അമ്മ വേണം എന്ന്.. അച്ഛൻ എന്താ ചെയ്യാ.. നിന്റെ അമ്മയെ ഒരു നിമിഷമെങ്കിലും ഒന്ന് മറക്കാൻ പറ്റണ്ടേ.. അല്ലെങ്കിൽ തന്നെ എന്റെ പൊന്നിനെന്തിനാ വേറെ അമ്മ? ഈ അച്ഛൻ ഇല്ലേ?? അത് മതി.. അച്ഛൻ മതി.. ട്ടോ.. കുഞ്ഞിനെ പതുക്കെ കട്ടിലിലേക്ക് കിടത്തി അവനും കൂടെ ചേർന്നു കിടന്നു.

സന്ദീപേട്ടാ… ഏട്ടോയ്…. മ്മ്…എന്താ പെണ്ണെ?? നിനക്കു ഉറക്കമില്ലേ? അതെ.. ഏട്ടന് ആൺകുഞ്ഞി ആണൊ പെൺകുഞ്ഞി ആണൊ വേണ്ടേ??

എനിക്ക് എന്റെ അച്ചുവിനെപോലൊരു സുന്ദരിക്കുട്ടിയെ മതി..
അശ്വതി അവന്റെ കൈത്തണ്ടയിലേക്ക് തല കയറ്റി വെച്ചു.
നമ്മുക്ക് അവൾക്കു രാഗ എന്ന് പേരിടാം അല്ലേ സന്ദീപേട്ടാ..
മ്മ്.. ഇടാല്ലോ.. ഇപ്പോൾ എന്റെ കുട്ടി കിടന്നുറങ്ങാൻ നോക്ക്…
അശ്വതി ഒരു പുഞ്ചിരിയോടെ കണ്ണുകൾ അടച്ചു..

രണ്ടു ദിവസങ്ങൾക്ക് ശേഷം അവൾക്കു നടുവിൽ കൊളുത്തി വലിക്കുന്ന പോലെ വേദനിക്കാൻ തുടങ്ങി. പതിയെ ആ വേദന അ,ടിവയറ്റിലേക്കും തുടകളിലേക്കും വ്യാപിച്ചു. ആശുപത്രിയിൽ എത്തിയ പാടേ ലേബർ റൂമിലേക്ക്‌ കയറ്റി… ലേബർ റൂം ഓരോ വട്ടവും തുറക്കുമ്പോൾ അകത്തു നിന്നും അശ്വതിയുടെ അലറികരച്ചിൽ സന്ദീപിന്റെ ഉള്ളം തകർത്തു കൊണ്ടിരുന്നു. മണിക്കൂറുകൾ കഴിഞ്ഞു.. ആദ്യത്തെ പ്രസവം അല്ലേ.. സമയം എടുക്കും എന്ന അമ്മയുടെ വാക്കുകൾ ചെറിയ ആശ്വാസം നൽകി എങ്കിലും എന്തോ ഒരു അപകടസൂചന അവനു തോന്നുന്നുണ്ടായിരുന്നു.

ലേബർ റൂമിന്റെ വാതിലുകൾ തുറക്കുകയും അടയ്ക്കുകയും നഴ്സുമാർ ധൃതിയിൽ അകത്തേക്ക് പോവുകയും ചെയ്യുന്നുണ്ട്. മറ്റു രണ്ടു ഡോക്ടർമാർ കൂടി അകത്തേക്ക് ഓടി പോകുന്നത് കണ്ടു. സന്ദീപിന്റെ നെഞ്ചു പട പട മിടിക്കുന്നുണ്ട്.. എന്തോ ആപത്തു വരുന്നത് പോലെ..

നിമിഷങ്ങൾ വീണ്ടും മണിക്കൂറുകൾ പോലെ കടന്നു പോയി. വാതിലുകൾ വീണ്ടും തുറക്കപ്പെട്ടു.

അശ്വതിയുടെ കൂടെ ഉള്ള ആൾ വരൂ.,, പുരുഷന്മാർ ആരെങ്കിലും മതി.. അത് പറയുമ്പോൾ നഴ്സിന്റെ മുഖത്തെ ഭാവം അവനു മനസ്സിലായില്ല .ഡോക്ടറുടെ മുന്നിൽ ഇരിക്കുമ്പോൾ ടെൻഷൻ കൊണ്ട് ഹൃദയം പുറത്തു വരുമെന്ന് അവനു തോന്നി.

സന്ദീപ്,, ഞാൻ പറയുന്നത് വളരെ സമാധാനത്തോടെ കേൾക്കണം. സന്ദീപിന് ഒരു മോൾ ആണ് ജനിച്ചത്. കുഞ്ഞു ഓക്കേ ആണ്. പക്ഷെ.. അശ്വതി.. അവളെ സേവ് ചെയ്യാൻ ഞങ്ങൾ മാക്സിമം നോക്കി.. വി ആർ സോറി സന്ദീപ്..
കേട്ടത് വിശ്വസിക്കാൻ ആവാതെ,, ഒന്നും മനസ്സിലാകാത്ത പോലെ സന്ദീപ് ഡോക്ടറുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.. ” അംനിയോട്ടിക്‌ ഫ്ലൂയിഡ് എമ്പോളിസം” എന്ന് പറയും.. അതീവ ഗുരുതരമായ ഒരു കോംപ്ലിക്കേഷൻ ആണ്. പ്രസവസമയത്ത് ഉണ്ടാകുന്നതാണ്. അതായത് അംനിയോട്ടിക്‌ ഫ്ലൂയിഡ് പ്രസവസമയത്തു അമ്മയുടെ ബ്ലഡ്‌ സ്ട്രീമിൽ കലരുന്ന അവസ്ഥയാണ്. നമ്മുക്ക് ഒന്നും ചെയ്യാനാവില്ല.. മുൻകൂട്ടി ഇത് വരുമെന്ന് കണ്ടുപിടിക്കാനും ആവില്ല.

ഡോക്ടർ പറയുന്നത് ഏതോ ഗുഹയിൽ നിന്നെന്ന വണ്ണം സന്ദീപിന്റെ കാതുകളിലേക്ക് പതിച്ചു.. അവനെഴുന്നേറ്റു പുറത്തേക്കു വേച്ചു വേച്ചു നടന്നു. അങ്ങിങ് നോക്കി എന്തോ തിരയുന്നത് പോലെ പതറി നടന്നു.. അവസാനം തിരിച്ചറിവിന്റെ നിമിഷത്തിൽ അമ്മയുടെ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരഞ്ഞു..

അവള് പോയമ്മേ.. എന്റെ അച്ചു പോയമ്മേ….മകന്റെ തലയിൽ തലോടി അമ്മയും തകർന്ന മനസ്സോടെ നിന്നു.

വിറയ്ക്കുന്ന കൈകളാലാണ് അവൻ കുഞ്ഞിനെ നഴ്സിന്റെ കയ്യിൽ നിന്നും വാങ്ങിയത്. രാഗ മോളെ… കുഞ്ഞിക്കാതിൽ ചുണ്ട് ചേർത്തു അങ്ങനെ വിളിക്കുമ്പോൾ അവൻ വിതുമ്പിപ്പോയി..

അശ്വതി പോയിട്ട് ഇപ്പോൾ ഒന്നര വർഷം കഴിഞ്ഞിരിക്കുന്നു. ഇപ്പോഴും സന്ദീപ് അവളുടെ ഓർമ്മകളിൽ നിന്നു മുക്ത നായിട്ടില്ല. കുഞ്ഞിന് വേണ്ടി മറ്റൊരു വിവാഹം കഴിക്കാനുള്ള സമ്മർദ്ദം പരിധി വിട്ടപ്പോഴാണ് ഏതോ പ്രാന്ത് പിടിച്ച അവസ്ഥയിൽ അവൻ ഒരിക്കൽ “എന്തെങ്കിലും ചെയ്യൂ” എന്ന് അമ്മയോട് പറഞ്ഞത്. അവരത് സമ്മതമായി കണക്കാക്കി പെണ്ണിനേയും കണ്ടു പിടിച്ചു, വളരെ പെട്ടെന്ന് തന്നെ വിവാഹ തീയതിയും നിശ്ചയിച്ചു.

സന്ദീപിനായി അമ്മ കണ്ടുപിടിച്ച അപർണ്ണ എൽ.പ്പി സ്കൂൾ അധ്യാപികയാണ്. ഭർത്താവ് ഒരു ആക്‌സിഡന്റിൽ മരണപ്പെട്ടു. ആകെ ആറു മാസം നീണ്ടു നിന്ന ദാമ്പത്യമായിരുന്നു അവളുടേത്‌. പക്ഷെ സന്ദീപ് ഇതേവരെ അവളെ കണ്ടിട്ടില്ല. എല്ലാം അമ്മയും അമ്മാവന്മാരും കൂടിയാണ് നിശ്ചയിച്ചത്.

അതുകൊണ്ട് തന്നെ ഒന്ന് കാണണം എന്ന് പറഞ്ഞു സന്ദീപ് വിളിച്ചപ്പോൾ അപർണ്ണയ്ക്ക് തെല്ലു സന്ദേഹം തോന്നി..

പയ്യാമ്പലം ബീച്ചിൽ അവർ വന്നിട്ട് ഏകദേശം പതിനഞ്ചു മിനിറ്റോളം ആയി.. തിരകൾ കരയെ ചും,ബിച്ചുണർത്തി തിരികെ പോകുന്നത് കണ്ട് നിൽക്കുകയാണ് സന്ദീപ്. തന്റെ ജീവിതം പോലെയാണ് അതെന്നു അവനോർത്തു. നല്ലൊരു ജീവിതം കാട്ടി കൊതിപ്പിച്ചു അത് തിരികെ തട്ടിപ്പറിച്ചു കൊണ്ടുപോയത് പോലെ..

സന്ദീപ്… എന്താണ് കാണണം എന്ന് പറഞ്ഞത്?? അവൻ അപർണ്ണയുടെ മുഖത്തേക്ക് നോക്കി.. അസ്തമയസൂര്യന്റെ തിളക്കം അവളുടെ കണ്ണുകളിലും മുടിയിലും തട്ടി പ്രതിഫലിക്കുന്നുണ്ട്..

അപർണ്ണ,, ഞാൻ പറയാൻ പോകുന്ന കാര്യം തനിക്കു ഉൾക്കൊള്ളാൻ സാധിക്കുമോ എന്ന് എനിക്കറിയില്ല.. ആദ്യമേ എന്തുകൊണ്ട് പറഞ്ഞില്ല എന്ന് എന്നോട് ചോദിക്കരുത്. എനിക്കതിനു കഴിഞ്ഞില്ല.. ആകെ രണ്ടു ദിവസമേ ഇനി നമ്മൾ തമ്മിലുള്ള വിവാഹത്തിന് അവശേഷിക്കുന്നുള്ളൂ.. പക്ഷെ ഈ വിവാഹം നടന്നാൽ തന്നോട് ഒരു ശതമാനം പോലും നീതി പുലർത്താൻ എന്നെകൊണ്ട് കഴിയില്ല.. എന്റെ ഓരോ അണുവിലും അച്ചു മാത്രമാണുള്ളത്. അവളെ മറന്ന് മറ്റൊരു ജീവിതം എനിക്ക് സങ്കൽപ്പിക്കാൻ ആവുന്നില്ല. ചിലപ്പോൾ ഭാവിയിൽ സാധിച്ചേക്കാം,എന്നാലും എനിക്കുറപ്പില്ല അങ്ങനെ സംഭവിക്കുമോ എന്ന്, ഏതോ ഒരു നിമിഷത്തിൽ എല്ലാവരും കൂടി നിർബന്ധിച്ചപ്പോൾ എങ്ങനെയോ പറഞ്ഞു പോയതാണ് ഞാൻ.
ഇന്നലെ രാത്രി വരെയും അവളുടെ ഉടുപ്പ് നെഞ്ചിൽ ചേർത്തു ഉറങ്ങുന്ന എനിക്ക് എങ്ങനെ തന്നെ അതേപോലെ സ്നേഹിക്കാൻ ആവും?? തന്നെ പൂർണ്ണമായി ഉൾകൊള്ളുന്ന ഒരാളെ ആണ് താൻ പങ്കാളി ആക്കേണ്ടത്. എന്റെ അച്ചുവിന്റെ ഓർമ്മകളിൽ ജീവിക്കാൻ ആണ് ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നത്. മറുപടിയ്ക്കായി അവൻ അപർണ്ണയെ നോക്കിയെങ്കിലും അവൾ അകലേക്ക്‌ മിഴി നട്ടു നിൽപ്പാണ്..
അപർണ്ണ കുറച്ചു നേരം കൂടി ഒന്നും മിണ്ടാതെ നിന്നു.ഹൃദയത്തിൽ ഒരു കൊളുത്തിവലി നടക്കുന്നുണ്ട്. അതിന്റെ ഫലമായി നിറഞ്ഞ കണ്ണുകളെ അവൾ സമർത്ഥമായി മറയ്ക്കാൻ ശ്രമിക്കുന്നത് സന്ദീപ് കണ്ടില്ലെന്നു നടിച്ചു.

സന്ദീപ്, ഞാൻ മനസിലാക്കുന്നു, സത്യത്തിൽ എനിക്ക് അശ്വതിയോട് അസൂയ തോന്നുകയാണ്. ജീവിച്ചിടത്തോളം കാലം അവൾ ഒരു രാഞ്ജി ആയിരുന്നു. മൺമറഞ്ഞു പോയിട്ടും ഭർത്താവിന്റെ ഉള്ളിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നു എങ്കിൽ, ഇപ്പോഴും സ്നേഹിക്കപ്പെടുന്നു എങ്കിൽ അവൾ ഭാഗ്യവതി അല്ലേ??? എനിക്കാ ഭാഗ്യം ഇല്ലെന്നു മനസ്സിലായി.. സന്ദീപ് പൊയ്ക്കോളൂ.. ഞാൻ വീട്ടിൽ പറഞ്ഞോളാം.. പക്ഷെ എന്നെങ്കിലും ഒരിക്കൽ ഈ മനസ്സ് മാറുന്നത് കാത്തു ഞാൻ നിന്നോട്ടെ?? അശ്വതിയുടെ ഒപ്പം ആയില്ലെങ്കിലും കുറച്ചു സ്നേഹം എനിക്ക് തന്നാൽ മതി..

നോക്ക് അപർണ്ണ, എനിക്കിപ്പോൾ യാതൊരു ഉറപ്പും തരാൻ കഴിയില്ല. താൻ മറ്റൊരു വിവാഹം കഴിക്കണം എന്ന് ആണ് ഞാൻ പറയുന്നത്.

മറുപടി ഒന്നും പറയാതെ നിറഞ്ഞു വന്ന കണ്ണുകൾ തുടച്ച് അപർണ്ണ തിരിഞ്ഞു നടന്നു..

പൊടിമണ്ണിലൂടെ അവൾ നടന്നു മറയുന്നത് നോക്കി സന്ദീപ് നിന്നു. മനസ്സിൽ നിന്നും വലിയൊരു ഭാരം ഇറക്കി വെച്ചത് പോലെ തോന്നുന്നു. അച്ചുവിനൊപ്പം വേറെ ഒരാളെയും ചേർത്തുവെയ്ക്കാൻ തനിക്കു കഴിയുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് ഇതാണ് ശരി. ഇതുതന്നെയാണ് ശരി.. തനിക്കു രാഗമോളുണ്ട്.
അവൾക്കു താനും.. അതുമതി..

ചുവപ്പണിഞ്ഞ സൂര്യന്റെ കിരണങ്ങൾ സന്ദീപിന്റെ കണ്ണുകളിൽ പൊടിഞ്ഞ നീരിൽ തിളക്കം തീർത്തു കൊണ്ടിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *