മക്കളുടെ ആഗ്രഹങ്ങൾ ചോദിച്ചു അതെല്ലാം വാങ്ങി നൽകാൻ ആ അമ്മയ്ക്ക് കഴിയാറില്ല. ഒരു പെൻസിൽ തീർന്നാൽ പോലും അമ്മക്ക് അടുത്ത ശമ്പളം കിട്ടുന്നത് വരെ അപ്പു കാത്തിരിക്കണം…..

Story written by JK

“”സർ… എന്റെ കൂട്ടുകാരൊക്കെ പറയുന്നതുപോലെ എനിക്കും ഒരു അച്ഛനുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ഒരുപാട്ആഗ്രഹിച്ചു പോകാറുണ്ട്!””

​നാലാം ക്ലാസ്സിൽ പഠിക്കുന്ന അപ്പുവിന്റെ ആ ചെറിയ വാക്കുകൾ കേട്ടപ്പോൾ രമേശൻ സാറിന്റെ നെഞ്ചൊന്ന് നീറി..

സ്റ്റാഫ് റൂമിലെ മേശപ്പുറത്തേക്ക് നോക്കി തല താഴ്ത്തി നിൽക്കുന്ന ആ പത്തു വയസുകാരന്റെ കണ്ണിൽനിന്ന് ഇറ്റിവീണ കണ്ണുനീർത്തുള്ളി ആ നോട്ടുബുക്കിന്റെ താളുകളെ നനയ്ക്കുന്നത് സാർ കണ്ടു..

​രമേശൻ സാർ ആ സ്കൂളിലെ മലയാളം അധ്യാപകനാണ്. എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന, കുട്ടികളുടെ ചെറിയ വിഷമങ്ങൾ പോലും പെട്ടെന്ന് തിരിച്ചറിയുന്ന ഒരു മാഷ്.

അപ്പു ആ സ്കൂളിൽ ചേർന്ന നാൾ മുതൽ സാർ അവനെ ശ്രദ്ധിക്കുന്നുണ്ട്. ക്ലാസ്സിൽ ആരും കൂട്ടില്ലാതെ ഒരു മൂലയ്ക്ക് ഒതുങ്ങിയിരിക്കുന്നവൻ.

ഉച്ചഭക്ഷണ സമയത്ത് ഒറ്റയ്ക്ക് ഇരുന്ന് ഭക്ഷണം കഴിക്കുന്നവൻ.

ആരുടെയും കണ്ണിൽ പെടാതെ ഒതുങ്ങിനടക്കുന്ന ആ പ്രകൃതം സാറിനെ എപ്പോഴും അസ്വസ്ഥനാക്കാറുണ്ടായിരുന്നു.

ആ അസ്വസ്ഥതയാണ് ഒടുവിൽ അവനെ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ച് സംസാരിക്കാൻ സാറിനെ പ്രേരിപ്പിച്ചത്.

​അയ്യോ, അപ്പു മോൻ കരയുകയാണോ? കരയാതെ മോനേ… ഇവിടെ ഇരിക്കൂ…

സാർ തന്റെ കസേരയിൽ നിന്ന് എഴുന്നേറ്റ് അപ്പുവിന്റെ അരികിലേക്ക് ചെന്ന് അവന്റെ തോളിൽ കൈവെച്ചു..

ആ സ്പർശനത്തിൽ അപ്പുവിന്റെ ഉള്ളിലെ സങ്കടം മുഴുവൻ അണപൊട്ടി പുറത്തേക്ക് വന്നു. അവൻ സാറിന്റെ കൈകളിൽ പിടിച്ച് ഉറക്കെ കരഞ്ഞുപോയി..

പെട്ടെന്ന് രമേശൻ മാഷ് ഓർത്തത് മാറാരോഗം ബാധിച്ച് തനിക്ക് നഷ്ടപ്പെട്ട തന്റെ കുഞ്ഞിനെ ആയിരുന്നു… ആണായും പെണ്ണായും അവൾ ഒരാൾ മാത്രമേ തനിക്കും ഭാര്യ മീരയ്ക്കും ഉണ്ടായിരുന്നുള്ളൂ.

എന്നാൽ മണിക്കുട്ടിയുടെ മരണം മീരയെ വല്ലാതെ തളർത്തി… മാനസികമായി പോലും അവൾ താളം തെറ്റി… കണ്ണിലെ കൃഷ്ണമണി പോലെയാണ് പിന്നീട് അവളെ നോക്കിയത്…

പക്ഷേ ഒരിക്കൽ കണ്ണ് ഒന്ന് തെറ്റിയപ്പോൾ അവൾ മണിക്കുട്ടിയുടെ ലോകത്തേക്ക് അല്പം വിഷത്തിന്റെ സഹായത്തോടെ യാത്രയായി…

അന്നുമുതൽ തനിച്ചാണ് രമേശൻ മാഷ്.
ഇങ്ങനെ ഓരോ കുട്ടികളെ പഠിപ്പിക്കുമ്പോൾ അവരിൽ എല്ലാം തന്റെ കുഞ്ഞിനെ കാണാൻ ശ്രമിച്ചു അയാൾ..

ഇന്നിപ്പോൾ അപ്പുവിനെ കണ്ടതും ഓർമ്മ വന്നത് മണിക്കുട്ടിയെ ആണ്…

​സാറേ… സ്കൂളിൽ സ്പോർട്സ് ഡേ വരുമ്പോൾ എല്ലാവരുടെയും അച്ഛന്മാർ വന്ന് അവരെ കൈപിടിച്ച് ഓട്ടമത്സരത്തിന് ഒപ്പം നിൽക്കുന്നത് ഞാൻ കാണാറുണ്ട്.

കഴിഞ്ഞ തവണ എന്റെ കൂടെ വരാൻ ആരുമുണ്ടായിരുന്നില്ല. അമ്മ ജോലിക്ക് പോകാതിരുന്നാൽ അന്നത്തെ അന്നം മുടങ്ങും. അതുകൊണ്ട് അമ്മയ്ക്ക് വരാനും പറ്റിയില്ല.

ടീച്ചർമാർ ചോദിച്ചപ്പോൾ ഞാൻ എന്തൊക്കെയോ കള്ളം പറഞ്ഞു… അപ്പുവിന്റെ ആ വാക്കുകൾ രമേശൻ സാറിന്റെ കണ്ണുകളും ഈറൻ അണിയിച്ചു..

രണ്ടു വർഷം മുമ്പ് ഒരു വാഹനാപകടത്തിലാണ് അപ്പുവിന്റെ അച്ഛൻ മരിച്ചത്..

അന്നുമുതൽ ആ വീടിന്റെ ഭാരം മുഴുവൻ ആ അമ്മയുടെ തോളിലായി. വീടുകളിൽ ജോലിക്കും തുണി അലക്കാനും പോയി കിട്ടുന്ന ചെറിയ കൂലി കൊണ്ടാണ് ആ പാവം സ്ത്രീ അപ്പുവിനെയും അവന്റെ ചെറിയ പെങ്ങളെയും പഠിപ്പിക്കുന്നത്.

മക്കളുടെ ആഗ്രഹങ്ങൾ ചോദിച്ചു അതെല്ലാം വാങ്ങി നൽകാൻ ആ അമ്മയ്ക്ക് കഴിയാറില്ല. ഒരു പെൻസിൽ തീർന്നാൽ പോലും അമ്മക്ക് അടുത്ത ശമ്പളം കിട്ടുന്നത് വരെ അപ്പു കാത്തിരിക്കണം.

​അന്ന് ആ കുഞ്ഞിനെ ചേർത്തുപിടിച്ച് രമേശൻ സാർ ഉറപ്പിച്ചതാണ്, ഇനി അപ്പു ഒറ്റയ്ക്കല്ല എന്ന്. സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുമ്പോൾ സാർ അവന് ഒരു ചോക്ലേറ്റ് വാങ്ങി നൽകി.

​ഇനി അപ്പുവിന് എന്ത് വിഷമമുണ്ടെങ്കിലും ഈ രമേശൻ സാറിന്റെ അടുത്ത് വരണം. കേട്ടോ മോനേ… ആരുടെയും മുന്നിൽ തലകുനിക്കരുത്… മാഷ് അവനെ സ്നേഹത്തോടെ വിളിച്ചു ചേർത്ത് പറഞ്ഞു..

​അന്നുമുതൽ അവരുടെ ബന്ധം വെറുമൊരു അധ്യാപകനും വിദ്യാർത്ഥിയും എന്നതിലുപരിയായി മാറി. രാവിലെ സ്കൂളിൽ എത്തുമ്പോൾ തന്നെ സാറിന്റെ മുറിയിലേക്ക് ഓടിയെത്തുന്ന തായിരുന്നു അപ്പുവിന്റെ പതിവ്.

സർ, ഗുഡ് മോർണിംഗ്! ഇന്നലെ സാർ തന്ന കണക്ക് ഞാൻ ചെയ്തു നോക്കി, ശരിയാണോന്ന് ഒന്ന് നോക്കിക്കേ… എന്ന് ചോദിച്ചു വരുന്ന അവന്റെ മുഖത്തെ ചിരി കാണാൻ തന്നെ ഒരു പ്രത്യേക സന്തോഷമായിരുന്നു..

തന്റെ നഷ്ടങ്ങൾ ഒരു പരിധിവരെ സഹിക്കാൻ അപ്പുവിന്റെ സാന്നിധ്യം രമേശൻ മാഷിനെ സഹായിച്ചു..

​ഒരു ദിവസം സ്കൂളിൽ സയൻസ് പരീക്ഷണത്തിന് ചെറിയ ചില സാധനങ്ങൾ കൊണ്ടുവരാൻ ടീച്ചർ ആവശ്യപ്പെട്ടു.

വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞിറങ്ങുമ്പോൾ അപ്പുവിന്റെ മുഖത്ത് വല്ലാത്തൊരു വിഷമം. അവൻ സ്റ്റാഫ് റൂമിന് പുറത്ത് നിൽക്കുന്നത് കണ്ടിട്ട് സാർ ചോദിച്ചു. എന്താ അപ്പു, ഇന്ന് മുഖത്തൊരു വാട്ടമുണ്ടല്ലോ? വീട്ടിലേക്ക് പോകുന്നില്ലേ?
എന്ന്.

സർ, നാളത്തെ സയൻസ് ക്ലാസ്സിൽ ആ പരീക്ഷണ സാധനങ്ങൾ കൊണ്ടുവരാൻ ടീച്ചർ പറഞ്ഞിട്ടുണ്ട്. കുറച്ചു സാധനങ്ങൾ മേടിക്കണം. കടയിൽ ചോദിച്ചപ്പോൾ പത്തു രൂപ വേണം എന്ന് പറഞ്ഞു. എന്റെ കയ്യിൽ അത്രയും പൈസയില്ല സർ. അമ്മയുടെ കയ്യിൽ ഇപ്പോൾ കാശുണ്ടാവില്ല, പറയുമ്പോൾ അവന്റെ ശബ്ദം ഇടറിപ്പോയിരുന്നു..

​രമേശൻ സാർ അവന്റെ തലയിൽ തലോടിക്കൊണ്ട് പുഞ്ചിരിച്ചു. ഇത്ര ചെറിയ കാര്യത്തിനല്ലേ മോൻ വിഷമിക്കുന്നത്? വാ, നമുക്ക് ആ കടയിൽ പോകാം.

ഞാൻ വാങ്ങിത്തരാം ആ സാധനങ്ങൾ.

അത് കേട്ടതും അപ്പു പരിഭ്രമത്തോടെ വേണ്ട എന്ന് പറഞ്ഞു.

“” അമ്മ പറഞ്ഞിട്ടുണ്ട് എത്ര പട്ടിണി ആയാലും ആരുടെയും സഹായം സ്വീകരിക്കരുത് എന്ന്!”””

അപ്പു പറഞ്ഞത് കേട്ട് രമേശൻ മാഷ് അവനെ നോക്കി ചിരിച്ചു..

“” അങ്ങനെ ആരെങ്കിലും ആണോ അപ്പുവിന് ഈ ഞാൻ?? “”

രമേശൻ മാഷിന്റെ ചോദ്യത്തിന് അല്ല എന്ന് തന്നെയായിരുന്നു അപ്പുവിന്റെ ഉത്തരം കാരണം എപ്പോഴൊക്കെയോ രമേശൻ മാഷിനെ സ്വന്തം അച്ഛന്റെ സ്ഥാനത്ത് അവൻ കാണാൻ തുടങ്ങിയിരുന്നു…

അവന്റെ കൂടെ കടയിൽ പോയി ആ സയൻസ് കിറ്റും കളർ പെൻസിലും ഒക്കെ വാങ്ങി നൽകിയപ്പോൾ ആ കുട്ടിയുടെ മുഖത്തുണ്ടായ പ്രകാശം കണ്ടിരിക്കേണ്ടത് തന്നെയായിരുന്നു.

അവൻ സാറിന്റെ കയ്യിൽ മുറുകെപ്പിടിച്ചു പറഞ്ഞു, സാറേ, എന്റെ അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊക്കെ തന്നെയായിരിക്കുമോ എനിക്ക് വാങ്ങിത്തരുമായിരുന്നത്?.

ആ ചോദ്യം കേട്ട് സാറിന്റെ കണ്ണുകൾ ഒന്ന് നിറഞ്ഞുപോയി. എങ്കിലും അത് പുറത്ത് കാണിക്കാതെ സാർ അവനെ ചേർത്തുപിടിച്ചു.

​അങ്ങനെയിരിക്കെ ഒരു ദിവസം രമേശൻ സാർ അവരുടെ വീട്ടിലേക്ക് ചെന്നു. അപ്പുവിന്റെ അമ്മയെ ഒന്ന് കാണാനും കുട്ടിയുടെ പഠനത്തെക്കുറിച്ച് സംസാരിക്കാനുമായിരുന്നു അത്. ചെറിയൊരു ഷീറ്റ് പാകിയ വീട്. അകത്തേക്ക് ചെന്നപ്പോൾ ആ അമ്മ വല്ലാത്തൊരു സങ്കടത്തോടെയാണ് സാറിനെ സ്വീകരിച്ചത്.

സാറെ… ഇവന്റെ അച്ഛൻ പോയ നാൾ മുതൽ ഞങ്ങൾ വല്ലാതെ കഷ്ടപ്പെടുകയാണ്. ഇവന്റെ ആഗ്രഹങ്ങളൊന്നും നടത്തിക്കൊടുക്കാൻ എനിക്ക് കഴിയുന്നില്ല.

സ്കൂളിൽ എല്ലാവരും നല്ല വസ്ത്രവും സാധനങ്ങളും ഒക്കെയായി വരുമ്പോൾ ഇവൻ മാത്രം ഒതുങ്ങിക്കൂടുന്നത് കാണുമ്പോൾ നെഞ്ച് നീറുന്നുണ്ട് സാറെ… ആ അമ്മ കരഞ്ഞുകൊണ്ട് പറഞ്ഞു.

രമേശൻ സാർ ആ അമ്മയെ ആശ്വസിപ്പിച്ചു: അങ്ങനെ വിഷമിക്കരുത് . അപ്പു ഇനി ഒറ്റയ്ക്കല്ല, ഞാനില്ലേ കൂടെ? അവന്റെ കാര്യങ്ങളെല്ലാം ഞാൻ നോക്കിക്കോളാം. സമാധാനമായിരിക്കൂ.

അന്ന് ആ അമ്മയുടെ മുഖത്തുണ്ടായ ആശ്വാസത്തിന്റെ നിശ്വാസം സാറിന്റെ മനസ്സിൽ വലിയൊരു സമാധാനമാണ് ഉണ്ടാക്കിയത്..

​ദിവസങ്ങളും മാസങ്ങളും അങ്ങനെ കടന്നുപോയി. അപ്പുവിന്റെ പഠനത്തിലും മറ്റു കാര്യങ്ങളിലും സാർ പ്രത്യേകം ശ്രദ്ധിച്ചു. സ്കൂളിലെ ഏത് മത്സരങ്ങളിൽ പങ്കെടുക്കണമെങ്കിലും അപ്പുവിന് ഇപ്പോൾ പേടിയില്ല. കാരണം, സദസ്സിൽ അവന് കൈയ്യടിക്കാൻ രമേശൻ സാർ മുന്നിൽ തന്നെയുണ്ടാകും.

പിടിഎ മീറ്റിംഗ് ദിവസങ്ങളിൽ അമ്മയ്ക്ക് വരാൻ പറ്റില്ലെങ്കിൽ രമേശൻ സാറാണ് ഗാർഡിയൻ ആയി ഒപ്പമിരിക്കാറുള്ളത്. ക്ലാസ്സ്‌ ടീച്ചർമാരും മറ്റു കുട്ടികളും അപ്പുവിനെ സ്നേഹ ത്തോടെയും ആദരവോടെയും കാണാൻ തുടങ്ങി.

സാറുമായുള്ള ഈ അടുപ്പം അപ്പുവിന്റെ സ്വഭാവത്തിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കി. പണ്ടത്തെ ആ മൂകതയും ഭയവും അവനിൽ നിന്ന് മാറി, അവൻ നല്ല ഉഷാറുള്ള ഒരു കുട്ടിയായി മാറി. ക്ലാസ്സിലെ ഫസ്റ്റ് റാങ്ക് ഇപ്പോൾ എപ്പോഴും അവന്റെ പേരിലാണ്.

വർഷങ്ങൾ കഴിഞ്ഞു.. രമേശൻ മാഷ് വീട്ടിൽ തനിച്ചാണ് റിട്ടയേഡ് ആയിട്ട് 10 വർഷങ്ങൾ കഴിഞ്ഞു..,

അപ്പുവിന്റെ നാട്ടിൽ നിന്ന് അവൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ പോന്നതാണ്..

തുടർപഠനത്തിനുള്ള പണം അവന്റെ പേരിൽ ബാങ്കിൽ ഇട്ടു കൊടുത്തിരുന്നു.

ഇത്ര ദൂരേക്ക് ട്രാൻസ്ഫർ ആകും എന്ന് അറിഞ്ഞില്ല.. എന്തോ അവനെ വിട്ടുപോകുമ്പോൾ മണിക്കുട്ടിയെ വിട്ടുപോകുന്ന പോലെ ഒരു വേദന ആയിരുന്നു.

ആദ്യമൊക്കെ ഇടയ്ക്ക് അവനെ കാണാൻ ചെല്ലും.. ഒരിക്കൽ ആ വഴിക്ക് ചെന്നപ്പോൾ അവരെല്ലാം അവിടെ നിന്ന് പോയി എന്നറിഞ്ഞു പിന്നെ യാതൊരു വിവരവും ഉണ്ടായിരുന്നില്ല.

എന്നും അപ്പോൾ ഒരു നോവായി മനസ്സിൽ ഉണ്ടായിരുന്നു.

പെട്ടെന്നാണ് ഒരു ദിവസം ഒരു കോളിംഗ് ബെൽ കേട്ടത്.. വാർദ്ധക്യത്തിന്റെ അല്പം അസ്കിത ഉള്ളതുകൊണ്ടുതന്നെ പതിയെ എഴുന്നേറ്റ് പോയി വാതിൽ തുറന്നു.

സുമുഖനായ ഒരു ചെറുപ്പക്കാരൻ മുന്നിൽ നിൽക്കുന്നുണ്ട്.. അവനെ കണ്ടപ്പോൾ എവിടെയോ കണ്ടു മറന്നത് പോലെ..

അവന്റെ കൂടെ ഒരു സുന്ദരി പെണ്ണും രണ്ട് ഓമന കുഞ്ഞുങ്ങളും..

“” മാഷേ ഞാനാ അപ്പു!!””

അതും പറഞ്ഞ് അവൻ രമേശൻ മാഷിനെ കെട്ടിപ്പിടിച്ചു മാഷിന്റെ കണ്ണുകൾ നിറഞ്ഞു.

“” എന്നാലും നീ എന്നെ കാണാൻ വന്നല്ലോ അപ്പു!”” അത് മാത്രമാണ് മാഷ് പറഞ്ഞത്.

“” മാഷിന്റെ അടുത്തേക്ക് എത്താൻ വൈകി!! എന്നോട് ക്ഷമിക്കണം ഇപ്പോൾ ഞങ്ങൾ വന്നത് മാഷിനെ കൂട്ടിക്കൊണ്ടു പോകാനാണ്!!!”
അത് കേട്ടതും പരിഭ്രമത്തോടെ മാഷ് അവനെ ഒന്ന് നോക്കി.

“” എന്റെ അച്ഛന്റെ സ്ഥാനത്ത്!! ഈ കുഞ്ഞുങ്ങൾക്ക് അച്ഛച്ചൻ ആയി
.. ഇനിയുള്ള കാലം ഞങ്ങളുടെ കൂടെ വന്നൂടെ മാഷേ.

അവന്റെ ചോദ്യം നിഷേധിക്കാനായില്ല രമേശൻ മാഷിന്.

ഒറ്റയ്ക്കാകും എന്ന് കരുതിയ വാർദ്ധക്യത്തിൽ ഇന്ന് മാഷിന് രണ്ട് പേരക്കുഞ്ഞുങ്ങൾ ഉണ്ട്.. ഒരു മകനും ഒരു മരുമകളും ഉണ്ട്..

Leave a Reply

Your email address will not be published. Required fields are marked *