Story written by Jk
“ഇനി എനിക്ക് വയ്യ തനിക്ക് വേണ്ടി ഇങ്ങനെ മറ്റുള്ളവരുടെ മുന്നിൽ ബലിയാടാവാൻ!! ഞാനത് ചെയ്തേനെ തനിക്ക് എന്നോട് ആത്മാർത്ഥമായ സ്നേഹം ആണ് ഉള്ളത് എങ്കിൽ!! താനെന്നെ പൊട്ടി ആക്കുകയാണ് എന്ന് എനിക്ക് മനസ്സിലായി ഇനി തന്റെ നാടകം എന്റെ മുന്നിൽ വേണ്ട!”
അരുണ അത് പറയുമ്പോൾ എന്തൊക്കെയോ പറഞ്ഞ് അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു ജോഷി…
എന്നാൽ അവൾ ഒരു പൊടിക്ക് അടങ്ങിയില്ല…
കല്യാണം കഴിഞ്ഞിട്ട് നാല് വർഷം കഴിഞ്ഞിരുന്നു. നാട്ടുകാരുടെയും വീട്ടുകാരുടെയും ഒക്കെ ചോദ്യങ്ങൾ കേട്ട് അരുണ മടുത്തിരുന്നു. എപ്പോൾ കാണുമ്പോഴും എല്ലാവർക്കും ചോദിക്കാനുള്ളത് ഒന്നേ ഉണ്ടായിരുന്നുള്ളൂ, “എന്താ വിശേഷമൊന്നും ആയില്ലേ?” എന്ന്.
ആദ്യമൊക്കെ അരുണ അതത്ര കാര്യമാക്കിയില്ല. പക്ഷേ, നാളുകൾ കഴിയുംതോറും ആ ചോദ്യങ്ങൾ അവളുടെ നെഞ്ചിൽ വലിയൊരു ഭാരമായി മാറി.
അങ്ങനെയാണ് ഡോക്ടറെ കാണാം എന്ന് അരുണ ജോഷിയോട് പറയുന്നത്. എന്നാൽ ജോഷി അതിന് തീരെ തയ്യാറായിരുന്നില്ല.
“നമുക്ക് കുറച്ചുകൂടി കാത്തിരിക്കാം, ഇപ്പോൾ തന്നെ എന്തിനാ ആശുപത്രീ കേറി ഇറങ്ങുന്നത്?” എന്നൊക്കെ പറഞ്ഞ് അവൻ അതിൽ നിന്ന് ഒഴിഞ്ഞുമാറാൻ നോക്കി.
പക്ഷേ, അരുണയുടെ നിർബന്ധം കൂടിയപ്പോൾ അവന് സമ്മതിക്കേണ്ടി വന്നു.
അങ്ങനെ രണ്ടുപേരുംകൂടി ടൗണിലെ വലിയൊരു ഗൈനക്കോളജിസ്റ്റിനെ പോയി
കണ്ടു. രണ്ടുപേർക്കും ആവശ്യമായ പരിശോധനകൾ നടന്നു. ടെസ്റ്റ് റിസൾട്ട് വരാൻ വേണ്ടി കാത്തിരുന്ന ആ ദിവസങ്ങളിൽ അരുണയുടെ മനസ്സിൽ വലിയ പ്രതീക്ഷകളായിരുന്നു. എന്നാൽ റിസൾട്ട് വന്ന ദിവസം അവരുടെ ജീവിതം തന്നെ മാറിമറിഞ്ഞു.
ഡോക്ടർ രണ്ടുപേരെയും മുറിയിലേക്ക് വിളിച്ചു വരുത്തി. വളരെ ശാന്തനായി പക്ഷേ ഗൗരവത്തോടെ ഡോക്ടർ വിഷയം അവതരിപ്പിച്ചു.
. ജോഷിക്കാണ് കുഴപ്പം, അവന് കുഞ്ഞുങ്ങൾ ഉണ്ടാവാനുള്ള സാധ്യതയില്ല എന്നതായിരുന്നു ആ സത്യം.
അരുണയ്ക്ക് യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഇല്ലെന്നും ഡോക്ടർ വ്യക്തമാക്കി.
അത് കേട്ടതും ജോഷിയുടെ മുഖത്തെ ചോരയൊക്കെ വറ്റിപ്പോയി. അവൻ്റെ കൈകാലുകൾ വിറയ്ക്കാൻ തുടങ്ങി. ആകെ തകർന്നുപോയ അവസ്ഥയിലായിരുന്നു അവൻ.
ക്ലിനിക്കിൽ നിന്ന് പുറത്തിറങ്ങി കാറിൽ കയറിയതും ജോഷി പൊട്ടിക്കരഞ്ഞു.
അരുണ അവൻ്റെ കൈ പിടിച്ച് സമാധാനിപ്പിച്ചു. “സാരമില്ല ജോഷി, ഇതിനൊക്കെ ഇപ്പോൾ എത്രയോ ചികിത്സകൾ ഉണ്ട്. ഇനി അതൊന്നും പറ്റിയില്ലെങ്കിലും കുഴപ്പമില്ല, നമ്മൾ രണ്ടുപേരും മാത്രം സന്തോഷത്തോടെ ജീവിക്കും,” എന്ന് പറഞ്ഞ് അവൾ അവനെ ചേർത്തുപിടിച്ചു.
പക്ഷേ ജോഷിയുടെ മനസ്സ് ശാന്തമായില്ല. അവൻ വീണ്ടും അരുണയുടെ മുന്നിൽ കരഞ്ഞു…
ഇങ്ങനെ എനിക്കിനി ജീവിച്ചിരിക്കണ്ട!! ഞാൻ ഒന്നിനും കൊള്ളാത്തവൻ അല്ലേ?? നീയും എന്നെ വിട്ടു പോകില്ലേ??
എന്നൊക്കെ ചോദിച്ചു അവൻ കരഞ്ഞു അത് കേട്ടപ്പോൾ അരുണക്ക് അവനോട് വല്ലാത്ത സഹതാപം തോന്നി ഒന്നും അവന്റെ തെറ്റല്ലല്ലോ…
. അവൻ അരുണയുടെ മുന്നിൽ കൈകൂപ്പി,
”അരുണെ, നീ എന്നെ രക്ഷിക്കണം. എനിക്ക് കുഴപ്പമുണ്ട് എന്ന് നാട്ടുകാരോ വീട്ടുകാരോ അറിഞ്ഞാൽ എനിക്ക് പിന്നെ ഈ സമൂഹത്തിൽ ജീവിക്കാൻ പറ്റില്ല. എന്നെ എല്ലാവരും കളിയാക്കും, ഒരു കോമാളിയാക്കി മാറ്റും. എന്റെ ആ.ണത്തത്തെ ചോദ്യം ചെയ്യും. എനിക്ക് അത് താങ്ങാൻ പറ്റില്ല, ഞാൻ ചിലപ്പോൾ മ.രിച്ചു കളയും. ദയവുചെയ്ത് വീട്ടുകാരോട് നിനക്കാണ് പ്രശ്നം എന്ന് പറയണം. പ്ലീസ് അരുണെ…” അവൻ കേണു അപേക്ഷിച്ചു.
സനേഹിക്കുന്ന ഭർത്താവിൻ്റെ ആ സങ്കടവും ഭയവും കണ്ടപ്പോൾ അരുണയുടെ മനസ്സ് അലിഞ്ഞു.
അവനെ നഷ്ടപ്പെടാൻ അവൾക്ക് പേടിയായിരുന്നു. ജോഷിയുടെ ജീവനും മാനത്തിനും വേണ്ടി, ആ തെറ്റ് സ്വന്തം തലയിൽ ഏറ്റെടുക്കാൻ അവൾ തീരുമാനിച്ചു.
”ശരി, ഞാൻ ഏറ്റെടുത്തോളാം. നമുക്ക് കുഞ്ഞുങ്ങൾ ഉണ്ടാവാത്തതിന് കാരണം എനിക്കുള്ള പ്രശ്നമാണ് എന്ന് ഞാൻ എല്ലാവരോടും പറഞ്ഞോളാം. പക്ഷേ, നീ എൻ്റെ കൂടെ ഉണ്ടാവും എന്ന ഉറപ്പ് എനിക്ക് വേണം,” എന്ന് അരുണ പറഞ്ഞു. ജോഷി അതിന് കണ്ണടച്ച് സമ്മതിച്ചു.
വീട്ടിലെത്തിയപ്പോൾ ജോഷിയുടെ അമ്മ കാര്യങ്ങൾ തിരക്കി. ജോഷി ഒന്നും മിണ്ടാതെ തലതാഴ്ത്തി നിന്നു. പദ്ധതിപ്രകാരം അരുണ തന്നെ മുന്നോട്ട് വന്നു.
തനിക്കാണ് കുഴപ്പമെന്നും കുഞ്ഞുങ്ങൾ ഉണ്ടാവണമെങ്കിൽ ഇനിയും ഒത്തിരി ചികിത്സിക്കണം എന്നും അവൾ എല്ലാവരോടും പറഞ്ഞു. അവിടെ നിന്നാണ് അരുണയുടെ നരകജീവിതം ആരംഭിച്ചത്. അതുവരെ സ്നേഹത്തോടെ പെരുമാറിയ ജോഷിയുടെ അമ്മയുടെ മനോഭാവം ആകെ മാറി.
അവർ അരുണയെ കാണുമ്പോഴൊക്കെ കുറ്റപ്പെടുത്താൻ തുടങ്ങി. “കണ്ടില്ലേ, എൻ്റെ മോന്റെ ജീവിതം നശി.പ്പിക്കാൻ വന്നൊരു ശാപം പിടിച്ച ജന്മം ! ഒരു ഗുണവുമി ല്ലാത്തവൾ!” എന്നൊക്കെ അവർ പരസ്യമായി അ.ധിക്ഷേപിച്ചു.
അയൽപക്കക്കാരോടും ബന്ധുക്കളോടും ഒക്കെ അമ്മ അരുണയെക്കുറിച്ച് മോശമായി സംസാരിച്ചു.
അവിടെയും തീർന്നില്ല, “ഇവളെ ഉപേക്ഷിച്ച് വേറെ ഏതെങ്കിലും നല്ല കുട്ടിയെ കല്യാണം കഴിക്ക് മോനേ, ഞങ്ങൾക്ക് ഒരു കൊച്ചുമകനെ വേണം” എന്ന് ദിവസവും അമ്മ ജോഷിയോട് പറയാൻ തുടങ്ങി.
ഈ സമയത്തൊക്കെ അരുണ സഹിച്ചത് ഒരേയൊരു പ്രതീക്ഷയിലാണ്; ജോഷി തനിക്കൊപ്പം നിൽക്കുമെന്ന പ്രതീക്ഷ.
പക്ഷേ, കാര്യങ്ങൾ നേരെ തിരിച്ചാണ് സംഭവിച്ചത്. അമ്മ അരുണയെ ചീ,ത്ത വിളിക്കുമ്പോഴും കുറ്റപ്പെടുത്തുമ്പോഴും ജോഷി ഒരക്ഷരം പോലും മിണ്ടാതെ കേട്ടുനിന്നു.
ചിലപ്പോൾ അമ്മ പറയുന്നത് ശരിയാണെന്ന മട്ടിൽ തലയാട്ടുകയും ചെയ്തു.
അരുണ ഒറ്റയ്ക്ക് മുറിയിലിരുന്ന് കരയുമ്പോൾ അവൻ വന്ന് “അമ്മയോട് ഇപ്പോൾ ഒന്നും പറയാൻ പറ്റില്ല അരുണെ, നീ കുറച്ചുകൂടി സഹിക്കൂ”
എന്ന് മാത്രം പറഞ്ഞ് ഒഴിഞ്ഞുമാറി. പക്ഷേ, പുറത്ത് മറ്റുള്ളവരുടെ മുന്നിൽ അവനും അരുണയെ കുറ്റക്കാരെപ്പോലെ കാണാൻ തുടങ്ങി.
സ്വന്തം കുറ്റം മറച്ചുവെക്കാൻ അവൻ അരുണയെ പൂർണ്ണമായും ബലിയാടാക്കുക യായിരുന്നു. ദിവസങ്ങൾ മാസങ്ങളായി. അമ്മയുടെ ഉപ.ദ്രവവും അ.ധിക്ഷേപവും സഹിക്കാവുന്നതിലും അപ്പുറമായി.
ജോഷിയെ വേറെ കല്യാണം കഴിപ്പിക്കാനുള്ള ആലോചനകൾ വീട്ടിൽ സജീവമായി. ജോഷി അതിനെതിരെ ശക്തിയായി ഒന്നും സംസാരിച്ചില്ല എന്ന് മാത്രമല്ല, അരുണയെ പൂർണ്ണമായും തനിച്ചാക്കി അവൻ മാറിനിന്നു.
അപ്പോഴാണ് അരുണയ്ക്ക് കാര്യം മനസ്സിലായത്. ജോഷി അവളോട് കാണിച്ചത് സ്നേഹമല്ല, സ്വന്തം സ്വാർത്ഥത മാത്രമായിരുന്നു.
തൻ്റെ മാനവും നാ.ണക്കേടും മറയ്ക്കാൻ അവൻ അവളെ ഒരു കരുവാക്കുക യായിരുന്നു. അവൻ തന്നോട് ഒരു ആത്മാർത്ഥതയും കാണിച്ചിട്ടില്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ അവളുടെ സഹനത്തിൻ്റെ പരിധി ലംഘിച്ചു.
അങ്ങനെയാണ് ഒരു ദിവസം അവൾ ജോഷിയോട് പൊട്ടിത്തെറിച്ചത്. ”ഇനി എനിക്ക് വയ്യ തനിക്ക് വേണ്ടി ഇങ്ങനെ മറ്റുള്ളവരുടെ മുന്നിൽ ബലിയാടാവാൻ!! ഞാനത് ചെയ്തേനെ തനിക്ക് എന്നോട് ആത്മാർത്ഥമായ സ്നേഹം ആണ് ഉള്ളത് എങ്കിൽ!! താനെന്നെ പൊട്ടി ആക്കുകയാണ് എന്ന് എനിക്ക് മനസ്സിലായി ഇനി തന്റെ നാടകം എന്റെ മുന്നിൽ വേണ്ട!”
അവൾ അത് പറയുമ്പോൾ ജോഷി എന്തൊക്കെയോ പറഞ്ഞ് അവളെ സമാധാനിപ്പിക്കാൻ നോക്കി, പക്ഷേ അവൾ മാറിയില്ല.
”നിന്റെ സ്വാർത്ഥതയ്ക്ക് വേണ്ടി എൻ്റെ ആത്മാഭിമാനമാണ് ഞാൻ നിന്റെ അമ്മയുടെയും നാട്ടുകാരുടെയും മുന്നിൽ എറിഞ്ഞു കൊടുത്തത്. നീ എന്നെ സംരക്ഷിക്കും എന്ന് കരുതി. പക്ഷേ നീ നിന്റെ സ്വന്തം കാര്യം മാത്രം നോക്കുന്ന ഒരു ഭീരു മാത്രമാണ്. എനിക്ക് ഇനിയും നിന്റെ കൂടെ ജീവിക്കാൻ സാധിക്കില്ല.”
അരുണ ഉറപ്പിച്ചു പറഞ്ഞു. അവൾ അപ്പോൾ തന്നെ തൻ്റെ തുണികളൊക്കെ ബാഗിലാക്കി ആ വീടിന്റെ പടിയിറങ്ങി. ജോഷിയും അമ്മയും തടയാൻ ശ്രമിച്ചെങ്കിലും അവൾ തിരിഞ്ഞുനോക്കിയില്ല.
വീട്ടിലെത്തിയ അരുണ മാതാപിതാക്കളോട് സത്യങ്ങളെല്ലാം പറഞ്ഞു. ആദ്യം അവർക്ക് വിശ്വസിക്കാൻ പ്രയാസമായിരുന്നു എങ്കിലും പിന്നീട് അവർ മകൾക്ക് പൂർണ്ണ പിന്തുണ നൽകി.
അരുണ ജോഷിയുമായി നിയമപരമായി വിവാഹബന്ധം വേർപെടുത്തി.
വിവാഹ മോചനത്തിന് ശേഷം അരുണ സ്വന്തം കാലിൽ നിൽക്കാൻ തീരുമാനിച്ചു.
അവൾ ഒരു ജോലി നേടി തൻ്റെ ജീവിതം സന്തോഷകരമായി മുന്നോട്ട് കൊണ്ടുപോയി. കുറച്ചു വർഷങ്ങൾക്ക് ശേഷം, അവളെയും അവളുടെ ഭൂതകാലത്തെയും കൃത്യമായി മനസ്സിലാക്കിയ, അവളെ ബഹുമാനിക്കുന്ന ഒരാളുമായി അരുണയുടെ രണ്ടാം വിവാഹം കഴിഞ്ഞു.
കാലം കടന്നുപോയി. അരുണയ്ക്ക് ആ ബന്ധത്തിൽ രണ്ട് കുട്ടികളുണ്ടായി. തനിക്ക യാതൊരു കുഴപ്പവും ഇല്ലായിരുന്നു എന്നും, അന്ന് ജോഷിക്ക് വേണ്ടിയാണ് താൻ ആ നിന്ദകളെല്ലാം സഹിച്ചത് എന്നും ലോകത്തിന് മുന്നിൽ സ്വയം തെളിയിക്കാൻ അവൾക്ക് വേറെ വാക്കുകൾ ഒന്നും പറയേണ്ടി വന്നില്ല.
മക്കളോടൊപ്പം സന്തോഷവും സമാധാനവും ഉള്ള ഒരു കുടുംബജീവിതം അവൾ നയിച്ചു.
അതേസമയം, അരുണ പോയതിന് ശേഷം ജോഷിയുടെ ജീവിതം കൂടുതൽ സങ്കീർണ്ണമായി. അമ്മയുടെ നിർബന്ധത്തിന് വഴങ്ങി അവൻ വീണ്ടും കല്യാണം കഴിച്ചു.
എന്നാൽ അവിടെയും കുഞ്ഞുങ്ങൾ ഉണ്ടാവാതിരുന്നപ്പോൾ സത്യങ്ങൾ ഒന്നൊന്നായി പുറത്തുവന്നു.
ഡോക്ടറെ കണ്ട രണ്ടാം ഭാര്യ ജോഷിയുടെ അവസ്ഥ എല്ലാവരെയും അറിയിച്ചു. ജോഷിയുടെ കള്ളത്തരം നാട്ടിലും വീട്ടിലും പാട്ടായി…
. അരുണയെ തെറ്റിദ്ധരിച്ച് പുറത്താക്കിയ അമ്മയ്ക്ക് ഒടുവിൽ സ്വന്തം മകൻ്റെ സ്വാർത്ഥത ഓർത്തും അരുണയോട് ചെയ്ത അനീതി ഓർത്തും തലതാഴ്ത്തേണ്ടി വന്നു.
അരുണ തൻ്റെ തീരുമാനത്തിൽ അഭിമാനം കൊണ്ടു. തനിക്ക് അർഹിക്കുന്ന ബഹുമാനവും സ്നേഹവും ലഭിക്കുന്ന ഒരു ജീവിതം സ്വന്തമാക്കാൻ കഴിഞ്ഞ സന്തോഷത്തിൽ അവൾ മക്കളോടൊപ്പം സുഖമായി ജീവിച്ചു.
