എഴുത്ത്: — വിച്ചു
“”ഏത് നേരവും അവഗണനകൾ മാത്രം കിട്ടുന്ന ഈ വീട്ടിൽ നിൽക്കണമെന്ന് വലിയ ആഗ്രഹമുണ്ടായിട്ടല്ല. എന്റെ കുഞ്ഞിനെ ആലോചിച്ചു മാത്രമാണ്. എന്റെ കാര്യത്തെ കുറിച്ച് മാത്രം ചിന്തിച്ചു ഞാൻ ഇറങ്ങി പോയാൽ അവിടെ ആരുമില്ലാതാകുന്നത് എന്റെ മോനാണ്.
എന്റെ ഓർമവെച്ച പ്രായത്തിൽ പോയതാണ് അച്ഛൻ… ജീവിതത്തിൽ അച്ഛനില്ലാത്തത് കാരണം എന്തെല്ലാം പ്രശ്നങ്ങൾ ഞാൻ നേരിട്ടുണ്ടെന്ന് എനിക്ക് മാത്രമേ അറിയൂ… അങ്ങനെയൊരു അവസ്ഥ അവന്റെ അച്ഛൻ ജീവനോടെയുള്ള കാലത്തിൽ തന്നെ അവന് വരാൻ ആഗ്രഹിക്കുന്നില്ല ഞാൻ… അതിനുമപ്പുറം, അവന് നിങ്ങളെന്നെ വെച്ചാൽ ജീവനാണ്… ആ കുഞ്ഞിനെ നിങ്ങളിൽ നിന്നും പിരിച്ച ശേഷം കിട്ടുന്ന സന്തോഷം എനിക്ക് വേണ്ടെന്ന് കരുതി മാത്രമാണ് പലതും ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നത് ഞാൻ… പക്ഷെ അതെന്റെ ബലഹീനതയായി കരുതരുത് നിങ്ങൾ…
അമ്മയോടും മോളോടും പറഞ്ഞു മനസിലാക്കണം. ഒരു പരിധി കഴിഞ്ഞാൽ ഞാൻ പ്രതികരിച്ചു പോകുമെന്ന്… അതെങ്ങനെ z നട്ടെല്ലിന് പകരം മറ്റെന്തൊക്കെയോ ഉള്ളവനോടൊക്കെ പറഞ്ഞിട്ട് കാര്യമില്ലല്ലോ…””
മഹേഷിനെ നോക്കി പുച്ഛത്തോടെ സ്വാതി പറഞ്ഞതും, ഇതെല്ലാം ഞാൻ എത്ര കേട്ടതാണെന്ന ഭാവമായിരുന്നു മഹേഷിന്… അത് കണ്ട് ദേഷ്യം വന്നെങ്കിലും, അവൾ കൂടുതൽ പറയാൻ നിന്നില്ല… എന്തിനു വെറുതെ ഓരോ പ്രശ്നങ്ങൾ…
പക്ഷെ അവസാനവാക്ക് പോലെ സ്വാതി പറഞ്ഞതും, മഹേഷ് നീ നിനക്ക് ഇഷ്ടമുള്ളത് കാണിക്ക് എന്നാ പോലെ പുറത്തേക്കിറങ്ങി പോയി. ഒരു തവണയെങ്കിലും അവൻ തന്നെ മനസിലാക്കാൻ ശ്രമിക്കുമെന്ന് കരുതിയ സ്വാതി, ഇനി എന്ത് ചെയ്യണമെന്നറിയാതെ അവിടെയിരുന്നതും കണ്ടു മഹേഷിന്റെ അനിയത്തിയും അമ്മയും എവിടെയോ പോയിട്ട് വരുന്നത്.
താൻ ഇവിടെ ഇരിക്കുന്നത് കാണുമ്പോൾ തന്നെ അവർക്ക് ചൊറിച്ചിൽ വരുമെന്ന് അറിയാ മെങ്കിലും, എന്ത് കൊണ്ടോ അകത്തേക്ക് കയറി പോകാൻ അവൾക്കും തോന്നിയില്ല. താൻ താഴുന്നത് കൊണ്ടാണ് അവർക്ക് ഇത്ര അഹങ്കാരം. മഹേഷേട്ടൻ ഒരു പാവമാണ്. പക്ഷെ അമ്മയെയും അനിയത്തിയേയും ജീവനായ കാരണം, താൻ പറയുന്നത് പലതും സത്യമാണെന്ന് അറിഞ്ഞിട്ടും സംസാരിക്കാതിരിക്കുന്നു. അതാണ് പലപ്പോഴും സങ്കടം വരുന്നതും. ഒരു തവണയെങ്കിലും തന്റെ സൈഡ് ഒന്ന് പറഞ്ഞെങ്കിലേന്നു പലപ്പോഴും തോന്നിയിട്ടുണ്ട്….
“”തമ്പുരാട്ടി എന്താണോ ഇങ്ങനെയിരിക്കുന്നത്?? നിനക്ക് ഈ വീട്ടിൽ ജോലിയൊന്നുമില്ലേ???””
അകത്തേക്ക് വന്നയുടനെ അമ്മ പറഞ്ഞതും, സ്വാതി ഇരുന്നിടത്തു നിന്നും എണിറ്റു.
“”മഹേഷേട്ടൻ ഇപ്പോൾ പുറത്തേക്ക് പോയതേയുള്ളു. പിന്നെ ഇവിടെ ജോലി ഒരുവിധമൊക്കെ ഒതുങ്ങി…””
ജോലി ഒതുങ്ങിയെന്ന് നീയാണോ തീരുമാനിക്കുന്നത്??? ഈ തറ കിടക്കുന്നത് കണ്ടില്ലേ… ആരെങ്കിലും വന്നാൽ എന്ത് കരുതും?? ഇവിടെയെല്ലാം ഒന്ന് നന്നായി തുടയ്ക്കാൻ നോക്ക് നീ. വെറുതെ കുത്തിയിരിക്കാതെ… “”
അമ്മ ഓർഡർ ഇട്ടതും, സ്വാതി ഒന്നും പറയാതെ അകത്തേക്ക് കയറി. ഇനിയും താഴ്ന്നു കൊടുക്കാൻ മനസനുവദിക്കാത്തപോലെ… പക്ഷെ അടുക്കളയിലേക്ക് പോകേണ്ടതിനു പകരം അവൾ നേരെ റൂമിൽ കയറി വാതിലടച്ചു… ഇനിയും ഇങ്ങനെ അടുക്കളകാരിയാകാൻ പറ്റില്ലെന്ന പോലെ…
തന്റെ വിദ്യാഭ്യാസത്തിനു അനുസരിച്ചു ഒരു ജോലിയ്ക്ക് പോകാൻ പോലും സമ്മതിക്കില്ല… വീട്ടിലെ ജോലി ചെയ്യുകയും വേണം, കുറ്റവും കേൾക്കണം… എന്തിനു…?????
🌷🌷
റൂമിലിരുന്നപ്പോൾ സ്വാതിയുടെ ചിന്ത മുഴുവൻ മഹേഷിനെ പറ്റിയായിരുന്നു…
മഹേഷേട്ടനെ ആദ്യമായി കണ്ടത് തന്നെ പെണ്ണ് കാണാൻ വന്ന ദിവസമായിരുന്നു. വീട്ടുകാർക്കും ഇഷ്ടമായപ്പോൾ പിന്നീട് കല്യാണത്തിന് അധിക താമസമുണ്ടായില്ല. തനിക്ക് അച്ഛനില്ലാത്തത് കൊണ്ട് തന്നെ അമ്മ ഒരുപാട് കഷ്ടപ്പെട്ടന് വിവാഹം നടത്തിയത്. കൂടെ തന്നെ വല്യച്ഛനും ചേട്ടന്മാരും അവരേ കൊണ്ട് പറ്റുന്നത് പോലെ സഹായിച്ചുണ്ടായിരുന്നു…
മഹേഷേട്ടന്റെ അച്ഛൻ ഗൾഫിലാണ്. വീട്ടിൽ അമ്മയും നാത്തൂനും ഏട്ടനും… ആദ്യമൊക്കെ അമ്മയും നാത്തൂനും നല്ല സ്നേഹമായിരുന്നു. പക്ഷെ പിന്നീട് പതിയെ രണ്ട് പേരുടെയും സ്വഭാവം മാറി. മഹേഷേട്ടനെ താൻ അവരിൽ നിന്നും അകറ്റാൻ നോക്കുന്നു എന്നതായിരുന്നു തന്നിൽ അവർ കണ്ട പ്രശ്നം. പക്ഷെ ഒരിക്കൽ പോലും താൻ അങ്ങനെയൊന്നും മനസിൽ പോലും കണ്ടിരുന്നില്ല.. പക്ഷെ അവർ രണ്ടും പലതും ചിന്തിച്ചു കൂട്ടി. അനിയത്തിയിൽ നിന്നും സ്വന്തം ചേട്ടനെ അകറ്റാൻ നോക്കുന്ന, അമ്മയിൽ നിന്നും മകനെ അകറ്റുന്ന വില്ലത്തിയായി ഞാൻ. ഇതിനെല്ലാം ഇടയിൽ കിടന്നു ഏട്ടനും.
പലപ്പോഴും ആളോട് പാവം തോന്നിയിട്ടുണ്ട്. ചെകുത്താന്റെയും കടലിന്റെയും നടുക്ക് നിൽക്കുന്നത് കണ്ട്. കുഞ്ഞായിട്ടും വലിയ വ്യത്യാസമൊന്നുമില്ല. മോന്റെ കുഞ്ഞാണെന്നുള്ള പരിഗണന അവന് കിട്ടുമെങ്കിലും, തന്റെ സ്ഥാനം അടുക്കളയിൽ തന്നെ.
നല്ലൊരു മകനായും സഹോദരനായും മഹേഷേട്ടൻ പെർഫെക്ട് ആണ്… പക്ഷെ അതിനിടയിൽ ഭാര്യയെന്നൊരാളെ പറ്റി അയാൾ ചിന്തിച്ചില്ല… അല്ലെങ്കിൽ കണ്ടിട്ടും കാണാത്തത് പോലെ നടിക്കുന്നു..
മോനെ അമ്മയുടെ കൂടെ തന്നെ കിടത്തണമെന്ന് പറഞ്ഞതിനാണ് ആ വീട്ടിൽ ആദ്യമായി തന്റെ ശബ്ദം ഉയർന്നത്.
“”അമ്മയ്ക്ക് എന്നെ ഇഷ്ടമല്ലായിരിക്കാം. പക്ഷെ എന്ന് കരുതി എന്റെ മോനെ എന്നിൽ നിന്നും അകറ്റാമെന്ന് ആരും കരുതണ്ട. അതിനു എന്റെ ജീവനുള്ള കാലത്തോളം സമ്മതിക്കില്ല. അവനെ പ്രസവിച്ചു, ഇത്ര നാളും പൊന്നു പോലെ നോക്കാമെങ്കിൽ ഇനിയും അങ്ങനെ തന്നെ ചെയ്യാൻ എനിക്കറിയാം.
ഞാനൊരു കാര്യം ചോദിക്കട്ടെ??? അമ്മയ്ക്ക് രണ്ട് മക്കൾ ആണെല്ലോ. അവരെ അമ്മ എത്ര നാൾ നിങ്ങളുടെ അടുത്ത് നിന്നും മാറ്റി കിടത്തിയിട്ടുണ്ട്?? മഹേഷേട്ടൻ രണ്ട് ദിവസം എന്റെ വീട്ടിൽ നിൽക്കാൻ വന്നാൽ പോലും അമ്മ സമ്മതിക്കില്ലല്ലോ. ഉടനെ പറയുന്ന കാരണം മോനെ കാണാതെ ഉറക്കം വരില്ലെന്നല്ലേ. എന്നിട്ടിപ്പോൾ എന്റെ കുഞ്ഞിന്റെ കാര്യത്തിൽ എന്തിനാണ് ഇങ്ങനെ പറയുന്നത്?? ഇതൊന്നും സമ്മതിച്ചു തരാൻ എനിക്ക് പറ്റില്ല. ഇതിന്റെ പേരിൽ എന്നോട് ഈ വീട്ടിൽ കൊമ്പ് കോർക്കാൻ വന്നാൽ സത്യമായും ഞാൻ പോലീസിൽ കംപ്ലയിന്റ് ചെയ്യും. മനുഷ്യൻ സഹിക്കുന്നതിനുമുണ്ട് പരിധി..””
പിന്നീട് അമ്മ പറയുന്നതൊന്നും കാര്യമായി എടുത്തിരുന്നില്ല. ഒരു വേലക്കാരിയെ പോലെ തന്നെ ആ വീട്ടിലെ എല്ലാ കാര്യവും താൻ ചെയ്തു. ഒരു കൈ സഹായത്തിനു പോലും അമ്മയും മോളും അടുക്കളയിൽ കയറില്ല. മഹേഷേട്ടൻ കയറാനും സമ്മതിക്കില്ല.
എല്ലാം താൻ സഹിച്ചു. പക്ഷെ കഴിഞ്ഞ ദിവസം ചെയ്യാത്ത തെറ്റിനാണ് അമ്മ തന്നെ ഉ.പദ്രവിച്ചത്. മഹേഷേട്ടനോട് പറഞ്ഞപ്പോൾ ഏത് അമ്മയ്ക്കൊരു അബദ്ധം പറ്റിയതായിരിക്കും പോലും….
🌸🌸🌸
വൈകിട്ട് മഹേഷ് വന്നപ്പോൾ കാണുന്നത് വീടിന്റെ മുന്നിൽ കിടക്കുന്ന പോലീസ് ജീപ്പാണ്. കാര്യം മനസിലാകാതെ അകത്തേക്ക് കയറിയപ്പോൾ കണ്ടു സ്വാതിയുടെ വല്യച്ഛന്റെ മോൻ നവീൻ ഇരിക്കുന്നത്. അയാൾ പോലീസിലാണെന്ന് അറിയാമെങ്കിലും, പെട്ടെന്നുള്ള സന്ദർശനം എന്താണെന്ന് മനസിലാകാത്ത അവസ്ഥയിലാരുന്നു മഹേഷ്. അമ്മയുടെയും അനിയത്തിയുടെയും പേടിച്ച മുഖം കണ്ടപ്പോൾ കാര്യം അത്ര പന്തിയല്ലെന്നും അവന് മനസിലായി…
“”ആഹാ.. ഞാൻ മഹേഷ് വരാൻ വേണ്ടി കാത്തിരിക്കുവായിരുന്നു. സുഖമല്ലേ നിനക്ക്…?? ഇപ്പോൾ അങ്ങനെ വീട്ടിലേക്ക് കാണാറില്ലല്ലോ…???””
പുഞ്ചിരിയോടെയുള്ള നവീന്റെ ചോദ്യത്തിൽ ഒരു മറുപടി പോലും പറയാൻ പറ്റിയ അവസ്ഥയിലായിരുന്നില്ല മഹേഷ്…
“”എന്തായാലും മഹി… വന്ന കാര്യം വളച്ചു കേട്ടില്ലാതെ പറയാം ഞാൻ… ഇവിടെ എന്റെ പെങ്ങൾ എന്തൊക്കെയാണ് അനുഭവിക്കുന്നതെന്ന് എന്നേക്കാൾ നന്നായി അറിയുന്നത് നിനക്കല്ലേ….
നിന്റെ അമ്മയ്ക്കും അനിയത്തിക്കുമുള്ളത് കൊടുത്തിട്ടുണ്ട്. വലിയ വലിച്ചു നീട്ടൽ ഇല്ലാതെ കാര്യം പറയാം ഞാൻ. ഇത്ര നാളും സ്വാതി ഒരു കാര്യവും ഞങ്ങളോട് പറഞ്ഞിട്ടില്ല. കാരണം അവൾക്ക് നിന്നെ അത്ര ഇഷ്ടമായത് കൊണ്ട്. നിന്റെ വീട്ടുകാർ കാണിക്കുന്നതെല്ലാം സഹിച്ചു അവൾ ഇവിടെ നിന്നത് നിന്നെ പിരിഞ്ഞു പോകാൻ പറ്റാത്തത് കൊണ്ടാണ്. പക്ഷെ അതിനർത്ഥം അവൾക്ക് ആരുമില്ലെന്നല്ല. എന്തിനും ഞങ്ങൾ ജീവനോടെയുണ്ട്. ഭീഷണിയോ, അപേക്ഷയോ എന്ത് വേണമെങ്കിലും കരുതാം, പറയാൻ ഒരു കാര്യം മാത്രേയുള്ളൂ. ഇനിയും നിന്റെ അമ്മയും അനിയത്തിയും സ്വാതിയുടെ കണ്ണ് നിറയാൻ കാരണമായാൽ, രണ്ട് പേരും അകത്തു കിടക്കേണ്ടി വരും. കൂടെ നിന്നെയും പിടിച്ചു അകത്തിടാൻ എനിക്ക് വല്യ പ്രയാസമൊന്നുല്ല. മനസിലായെല്ലോ???
ഇറങ്ങട്ടെ മോളെ ചേട്ടൻ.. എന്തുണ്ടെങ്കിലും വിളിക്കണം. ഞങ്ങൾ എന്ത് കരുത്തുമെന്ന് ചിന്തിക്കരുത് കേട്ടെല്ലോ… എന്തിനും കൂടെ കാണും…””
അത്ര മാത്രം പറഞ്ഞു നവീൻ പോയതും കണ്ടു ഒന്നും പറയാതെ അകത്തേക്ക് കയറി പോയ അമ്മയും അനിയത്തിയും.
“”പ്രതികരിക്കാൻ അറിയാത്തത് കൊണ്ടല്ല ഇത്ര നാളും ആരോടും ഒന്നും പറയാതിരുന്നത്. എനിക്ക് നിങ്ങളെ അത്ര ഇഷ്ടമായത് കൊണ്ട് മാത്രമാണ്. പക്ഷെ ഇന്ന് നിങ്ങൾ കാര്യം അറിഞ്ഞിട്ടു പോലും എന്നെ ഒന്ന് സമാധാനിപ്പിക്കാതെ പോയപ്പോൾ എനിക്ക് സഹിച്ചില്ല. ഒരു കാര്യം പറയാം ഞാൻ. മര്യാദക്ക് അമ്മയോടും മോളോടും ഒതുങ്ങാൻ പറ. അല്ലെങ്കിൽ ഞാൻ രണ്ടിനെയും കോടതി കയറ്റും. പിന്നെ എന്നെ കുറ്റം പറയരുത്…””
അത്ര മാത്രം പറഞ്ഞു സ്വാതി അകത്തേക്ക് പോയതും, മഹേഷ് പ്രതികരിക്കാൻ കഴിയാതെ തലയ്ക്കു കൈയും കൊടുത്തിരുന്നു…
അവസാനിച്ചു.
