Story written by Saji Thaiparambu
ഏട്ടനെന്തിനാ ഇത് ഏട്ടത്തി അറിയാതെ എനിക്ക് തരുന്നത് ?എന്നോട് സ്നേഹമുണ്ടെങ്കിൽ അവരുടെ മുമ്പിൽ വച്ച് തന്നെ എനിയ്ക്കിത് തരണമായിരുന്നു, എന്നിട്ട് നെഞ്ച് വിരിച്ച് നിന്നിട്ട് ,ഇതെൻ്റെ കൂടെപ്പിറപ്പാണെന്നും ,ഒരു കല്യാണം കഴിച്ചെന്ന് വച്ച് ,എനിക്കെൻ്റെ കൂടെപ്പിറപ്പിറപ്പിനെ ഉപേക്ഷിക്കാൻ കഴിയില്ലെന്നും , ഏട്ടൻ പഞ്ച് ഡയലോഗ് അടിച്ചിരുന്നെങ്കിൽ ഞാനത് കേട്ട് കോരിത്തരിച്ചേനെ ,,
മ്ഹും എൻ്റെ ചാലൂ,, നിന്നെ കോരിത്തരിപ്പിക്കണമെന്നൊക്കെ എനിക്ക് ആഗ്രഹമുണ്ട് പക്ഷേ ,വിവാഹിതനായ ഏതൊരു പുരുഷനും ചിന്തിക്കുന്നത് കക്ഷത്തിരിക്കുന്നത് പോകരുതെന്നും ഉത്തരത്തിലിരിക്കുന്നത് എടുക്കണമെന്നുമായിരിക്കും ,
അതായത് കൂടെപിറപ്പായ നിന്നെ നഷ്ടപ്പെടുത്താതെ വേണം ഉത്തരത്തിലിരിക്കുന്ന എൻ്റെ ഭാര്യയോടുള്ള പ്രതിബദ്ധത നിലനിർത്താൻ ,, അങ്ങനെ ചിന്തിക്കുമ്പോഴാണ് എന്നെ പോലെയുള്ള ആണുങ്ങൾ ഇത് പോലെ ഭാര്യ അറിയാതെ വീട്ടുകാരെ സ്നേഹിക്കേണ്ടി വരുന്നത് ,നീ തത്ക്കാലം ഈ ആയിരം രൂപ അങ്ങോട്ട് പിടിക്ക് ,പാർവ്വതി ഇപ്പോൾ കുളി കഴിഞ്ഞിറങ്ങും ,ഇന്നലെ അവളുടെ ചുരിദാറ് തന്നിട്ട് നിന്നോട്പ റഞ്ഞ കണ്ടീഷൻ കേട്ട് നിൻ്റെ മുഖം വാടിയത് കണ്ടാണ്, ഞാനിങ്ങനെ ഒരു തീരുമാനം എടുത്തത്, നീ ആരുടെ മുന്നിലും അപമാനിതയായി നില്ക്കുന്നത് എനിയ്ക്ക് സഹിക്കില്ല ,പാർവതിയുടെ ചുരിദാറ് നീ തിരിച്ച് കൊടുത്തേയ്ക്ക് ,എന്നിട്ട് അമ്മയോടൊപ്പം പോയി പുതിയത് വാങ്ങിയിട്ട്, കൂട്ടുകാരിയുടെ കല്യാണത്തിന് പോയാൽ മതി ,,,
അത്രയും പറഞ്ഞ് ഏട്ടൻ തിരിച്ച് പോയപ്പോൾ എന്ത് കൊണ്ടോ ശാലിനിയുടെ കണ്ണുകൾ ഈറനായി ,
ടൗണിലെ ജൗളിക്കടയിൽ ചുരിദാറ് നോക്കുന്നതിനിടയിലാണ് ശാലിനിയുടെ തോളത്ത് ആരോ പിടിച്ചതറിഞ്ഞ് അവൾ തിരിഞ്ഞ് നോക്കിയത്
ങ്ഹാ,,, എടി മഞ്ജു നീയായിരുന്നോ? നീ ഒറ്റയ്ക്കേ ഉള്ളോ നിൻ്റെ ഹസ്ബൻ്റ് എവിടെ ?
പുള്ളിക്കാരൻ താഴെ സെറ്റിയിലിരിപ്പുണ്ട് ,ഞാൻ സെലക്ട് ചെയ്തിട്ട് വിളിച്ചാൽ മതിയെന്ന് പറഞ്ഞു ,നമ്മളെ പോലെയുള്ള ക്ഷമയൊന്നും ഈ ആണുങ്ങൾക്കില്ലല്ലോ ?
ങ്ഹാ,, അത് ശരിയാടി ,,അല്ല നിനക്ക് കുഞ്ഞാവയൊന്നും ആയില്ലേ?
ഓഹ് ഇല്ലടീ,, എനിക്കിപ്പോൾ ഉടനെയൊന്നും പ്രസവിക്കാൻ വയ്യെന്ന് ഞാനങ്ങേരോട് പറഞ്ഞു lഎൻ്റെ പ്രായമുള്ള നീയൊക്കെ ഇങ്ങനെ സ്വതന്ത്രമായി നടക്കുമ്പോൾ ഞാനെന്തിനാ ഇത്ര ചെറുപ്രായത്തിൽ ഒരു കുഞ്ഞിനെയും ഒക്കത്ത് വച്ച് അമ്മച്ചിയായി നടക്കുന്നത്
നീ ആള് കൊള്ളാവല്ലോടി,, പിന്നെ എങ്ങനുണ്ട് നിൻ്റെ സച്ചുവേട്ടൻ ?സ്നേഹമൊക്കെയാണോ?
പുള്ളിക്കാരൻ നല്ല സ്നേഹമാണെടീ ,, പക്ഷേ ,അമ്മായി അമ്മ ഒരു രക്ഷയുമില്ല ,ഞാൻ കെട്ടിക്കേറി ചെന്നപ്പോൾ തുടങ്ങിയ പോരാണ് ,ഒടുവിൽ സഹികെട്ട് ഞാനൊരു ജോലി നേടി ,വലിയ ജോലിയൊന്നുമല്ല ,ഒരു ഫോട്ടോസ്റ്റാറ്റ് കടയാണ്, മാസം ഒരു ഏഴായിരത്തി അഞ്ഞൂറ് രൂപ കൈയ്യിൽ കിട്ടും അത് കൊണ്ട് എനിയ്ക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്യാം ,എന്തും വാങ്ങിക്കാം ,എൻ്റെ ഭർത്താവ് അതിനുള്ള സ്വാതന്ത്ര്യം എനിയ്ക്ക് തന്നിട്ടുണ്ട് ,പിന്നെ ഏറ്റവും വലിയ കാര്യമെന്ന് പറയുന്നത് വീട്ടുജോലികൾ ചെയ്ത് നടുവൊടിയില്ല ,വൈകുന്നേരം ഷോപ്പടച്ച് വീട്ടിൽ ചെല്ലുന്നത് വരെ അമ്മായി അമ്മേടെ കുത്ത് വാക്ക് കേൾക്കണ്ടാ ,,
മാസം നിനക്ക് ഏഴായിരത്തി അഞ്ഞൂറ് രൂപാ ശമ്പളമോ ?അത് കൊള്ളാമല്ലോടി,,
സ്വന്തം സമ്പാദ്യമുളള കൂട്ടുകാരിയോട് ശാലിനിയ്ക്ക് ആരാധന തോന്നി ,തനിയ്ക്കും ഇത് പോലൊരു ജോലി ഉണ്ടായിരുന്നെങ്കിൽ ആരെയും ആശ്രയിക്കാതെ ഇഷ്ടമുള്ളതൊക്കെ വാങ്ങാമായിരുന്നു, മാത്രമല്ല ഏട്ടത്തിയുടെ ക്യാരക്ടറും തൻ്റെ സ്വഭാവവും ഒത്ത് ചേർന്ന് പോകുമെന്ന് തോന്നുന്നില്ല ,ഒരു ജോലി കിട്ടിയാൽ ,ഏട്ടത്തിയുമായി കുറച്ച് അകന്ന് നില്ക്കാനും ,തൻ്റെയും ഏട്ടത്തിയുടെയും ഇടയിൽ നിസ്സഹായനായി നില്ക്കുന്ന ഏട്ടന് കുറച്ച് ആശ്വാസം കൊടുക്കാനും കഴിയും
നീയെന്താടി,, ആലോചിക്കുന്നത് ? നിൻ്റെ പഠിത്തം എവിടെ വരെയായി ?
ഓഹ് ഞാനിപ്പോൾ പഠിക്കുന്നില്ലെടീ ,, പ്ളസ് ടുവിന് വലിയ മാർക്കൊന്നുമി ല്ലായിരുന്നല്ലോ ? പിന്നെ കാശ് മുടക്കി പഠിപ്പിക്കാനൊള്ള പാങ്ങൊന്നും എൻ്റെ വീട്ടുകാർക്കില്ലന്ന് നിനക്കറിയാമല്ലോ ,വല്ല്യേട്ടനും കൊച്ചേട്ടനും കൂലിപ്പണിക്ക് പോയിട്ട് അവരുടെ കുടുംബം നോക്കുമോ എന്നെ പഠിപ്പിക്കുമോ ? പിന്നെ ആകെയുള്ള വരുമാനം യദുവേട്ടൻ്റെ ശമ്പളമാണ്, അത് കൊണ്ടാണ് ഞങ്ങളഞ്ചാറ് പേരടങ്ങുന്ന കുടുംബത്തിൻ്റെ ചിലവുകൾ നടക്കുന്നത് ,എനിയ്ക്കും കൂടി നിന്നെപ്പോലെ ശമ്പളമുള്ള ഒരു ജോലി കിട്ടിയിരുന്നെങ്കിൽ ഫീസ് കൊടുത്ത് പാർട്ട് ടൈമായിട്ട് എനിയ്ക്ക് എന്തെങ്കിലും പഠിക്കാൻ പോകാമായിരുന്നു ,എവിടെയെങ്കിലും വേക്കൻസി ഉണ്ടെങ്കിൽ പറയണേടീ,,
എടീ,, നിനക്ക് എന്നെ പോലെ ഷോപ്പിലൊക്കെ നില്ക്കാൻ മടിയില്ലെങ്കിൽ ഞങ്ങടെ ഷോപ്പിനടുത്ത് ഒരു ഫാൻസിസ്റ്റോഴ്സുണ്ട്, അവിടെ ഉണ്ടായിരുന്ന സ്റ്റാഫ് ഗൾഫിൽ പോയത് കൊണ്ട്, അതിൻ്റെ മുതലാളി പുതിയ ആളെ തിരയുന്നുണ്ട് ,നല്ല കച്ചവടമുള്ള കടയാണ് തരക്കേടില്ലാത്ത ശമ്പളവും കിട്ടും ,, നിനക്കവിടെ നില്ക്കാൻ പറ്റുമോ?
പിന്നെന്താ ? ഞാൻ വരാം നീയതൊന്ന് മുതലാളിയോട് പറഞ്ഞ് ശരിയാക്കിയിട്ടെന്നെ വിളിച്ചാൽ മതി ,,
ശാലിനി ആവേശത്തോടെ പറഞ്ഞു
എന്നാൽ ശരിയെടി,, ഞാൻ വിളിക്കാമേ ,,
ഓകെ ബൈ ,,
ജഗദമ്മയ്ക്കും അത് നല്ല കാര്യമായിട്ടാണ് തോന്നിയത്
പക്ഷേ ,വീട്ടിൽ വിഷയം അവതരിച്ചപ്പോൾ പാർവ്വതി നഖശിഖാന്തമെതിർത്തു.
സർക്കാർ ജോലിക്കാരനായ യദുകൃഷ്ണൻ്റെ ഒരേ ഒരു സഹോദരി, കണ്ട, പെട്ടിക്കടയിലൊക്കെ ജോലിയ്ക്ക് പോയാൽ ആർക്കാണതിൻ്റെ നാണക്കേട് ,എൻ്റമ്മേ,, അമ്മയ്ക്കെങ്കിലും കുറച്ച് വിവരം വേണ്ടേ? സമ്പത്ത് ലേശം കുറവുണ്ടെന്നല്ലേയുള്ളു ,നിങ്ങളുടെ അന്തസ്സിന് കുറവൊന്നുമില്ലല്ലോ ? പട്ടിണി കിടന്നാലും അഭിമാനം പണയം വയ്ക്കരുതമ്മേ ,,
മരുമകൾ പറഞ്ഞത് നേരാണെന്ന് ജഗദമ്മയ്ക്കും തോന്നി.
എന്നാലത് വേണ്ട മോളെ ,, കടയിലൊക്കെ ജോലിയ്ക്ക് നിന്നാൽ ,നിനക്ക് പിന്നെ നല്ല കല്യാണാലോചനകളൊന്നും ചിലപ്പോൾ കിട്ടിയെന്ന് വരില്ല,
നീയാ മോഹം ഉപേക്ഷിച്ചേയ്ക്ക്,,,
ഒരു വിധത്തിലും തന്നെ ജീവിക്കാൻ അനുവദിക്കാത്ത പാർവ്വതിയോടുള്ള വൈരാഗ്യം, ശാലിനിയുടെ ഉള്ളിൽ കനലായ് കിടന്നു .തുടരും ,,,,
സജി തൈപ്പറമ്പ്.
NB :- ഈ കഥ വായിക്കുന്ന ഓരോരുത്തർക്കും, നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ രേഖപ്പെടുത്താനുള്ള ഇമോജികൾ താഴെ കൊടുത്തിട്ടുണ്ട് ,എല്ലാവരും അഭിപ്രായ സ്വാതന്ത്ര്യം വിനിയോഗിക്കണമെന്ന് അഭ്യർത്ഥിക്കുന്നു😊