Story written by JK
“” ഇനി ആ നശിച്ച വീട്ടിലേക്ക് ഞാൻ പോകത്തില്ല സാറേ!!”
സ്കൂൾ വീട്ടിലും വീട്ടിലേക്ക് പോകാത്ത ആ 15 വയസ്സുകാരിയോട് എന്താണ് വീട്ടിലേക്ക് പോകാത്തത് എന്ന് ചോദിച്ചതിനു അവൾ അങ്ങനെ പറഞ്ഞപ്പോൾ അയാളുടെ കണ്ണുകളിൽ കൗതുകം ആയിരുന്നു..
ഇങ്ങനെയൊക്കെ പറയാൻ എന്താണ് അവൾക്ക് അവിടെ പ്രശ്നം എന്ന് അയാൾ ചിന്തിച്ചു..
രഘു പത്തനംതൊടി ഗവൺമെന്റ് സ്കൂളിലേക്ക് മാറ്റം കിട്ടി വന്നിട്ട് ഒരു മാസമേ ആയുള്ളൂ..
ഈ പറയുന്ന 15 വയസ്സുകാരി കുട്ടി തന്റെ ക്ലാസിലാണ് എന്ന് അയാൾക്ക് അറിയാം..
പത്താം ക്ലാസിൽ ഒന്നും പഠിക്കാതെ എന്നും മുഷിഞ്ഞ വസ്ത്രങ്ങൾ ഇട്ടുവരുന്ന കുട്ടിയെ അയാൾ കണക്കിന് ചീ,ത്ത പറഞ്ഞിട്ടുണ്ട്.
എന്നാലും യാതൊരു ഭാവ ഭേദവും ഇല്ലാതെ അവൾ എല്ലാം കേട്ടുകൊണ്ട് നിൽക്കും ത,ല്ലിയാലും അത് കൊള്ളും..
ഒടുവിൽ ഇത്ര ചുരുങ്ങിയ കാലം കൊണ്ട് തന്നെ, സഹിക്കെട്ടിട്ടാണ് ത,ല്ലും ചീ,ത്തയും ഒക്കെ നിർത്തി അവളെ അവളുടെ വഴിക്ക് വിട്ടത്..
ആ പെൺകുട്ടി ആണ് ഇന്ന് ഇത്രനേരം ആയിട്ടും വീട്ടിലേക്ക് പോകാതെ അവിടെത്തന്നെ ഇരിക്കുന്നത്.
അയാൾക്ക് അത്ഭുതം തോന്നി..
ഇന്നത്തെ തനിക്ക് കുറച്ച് നോട്ടുകളും മറ്റും നോക്കാനും വേറെയും ചില ജോലികൾ ഉണ്ടായതുകൊണ്ട് രഘുവും കുറച്ചു വൈകിയിരുന്നു..
ഇതിനിടയിൽ ഒരു ഫോൺകോൾ വന്നു ഗൾഫിൽ ഉള്ള കൂട്ടുകാരനാണ് ആളോട് സംസാരിച്ചിരുന്നു നേരം പോയത് അറിഞ്ഞില്ല..
ഓഫീസ് റൂം താൻ പൂട്ടി കൊള്ളാം എന്ന് പ്യൂണിനോട് പറഞ്ഞിരുന്നു… അതും പൂട്ടി മുന്നിലെ ഗേറ്റും പൂട്ടിയിട്ട് വേണം വീട്ടിലേക്ക് പോകാൻ.
അതും ഓർത്ത് പുറത്ത് ഇറങ്ങിയപ്പോഴാണ് വരാന്തയിൽ ഇരിക്കുന്ന പെൺകുട്ടിയെ കണ്ടത്.
അതുകൊണ്ടാണ് കുട്ടി എന്തുകൊണ്ടാണ് വീട്ടിലേക്ക് പോകാത്തത് എന്ന് രഘു ചോദിച്ചത്..
അത് കേട്ട് അവളുടെ കണ്ണുകളിൽ നിന്ന് കണ്ണീർ ഒഴുക്കോടെ പെയ്തിറങ്ങുന്നുണ്ടായിരുന്നു.
വിറയ്ക്കുന്ന ചുണ്ടുകളോടെ, ഭയത്തോടെ അവൾ ചുറ്റും നോക്കി. രഘു മാഷ് അവളുടെ അരികിലേക്ക് അല്പം കൂടി അടുത്തു ചെന്നു.
”എന്താ മോളേ പ്രശ്നം? നീ കാര്യമായിട്ട് പറ. ആരോടെങ്കിലും വഴക്കിട്ടിട്ടാണോ നീ ഇങ്ങനെ ഇരിക്കുന്നത്? വൈകുന്നേരം അഞ്ചര മണിയായി. നിന്റെ അമ്മ വീട്ടിൽ അന്വേഷിക്കില്ലേ?” രഘു ശാന്തമായി ചോദിച്ചു.
പെൺകുട്ടി തന്റെ മുഖം രണ്ട് കൈകൾ കൊണ്ടും മറച്ച് പൊട്ടിക്കരഞ്ഞു. വിങ്ങിപ്പൊട്ടലുകൾ ക്കിടയിലൂടെ അവൾ തന്റെ ജീവിതത്തിലെ പ്രശ്നങ്ങൾ തുറന്നു പറയാൻ തുടങ്ങി.
”സാറിന് അറിയില്ല… എന്റെ അച്ഛൻ തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു.
ആറര മാസം മുൻപ് ഒരു ദിവസം തെങ്ങിന്റെ മുകളിൽ നിന്ന് അച്ഛൻ കാൽ തെറ്റി താഴെ വീണു.
നട്ടെല്ല് തകർന്നുപോയി സാറേ… ഇപ്പോൾ ആകെ തളർന്ന് എഴുന്നേൽക്കാൻ പോലും പറ്റാതെ കട്ടിലിൽ കിടപ്പാണ്.
അതോടെ ഞങ്ങളുടെ കുടുംബം പട്ടിണിയിലായി.
ആ സമയത്താണ് അച്ഛന്റെ കൂട്ടുകാരനായ രാജൻ ഞങ്ങളുടെ വീട്ടിലേക്ക് വരാൻ തുടങ്ങിയത്.
അയാൾ വലിയ പണക്കാരനാണ്. തുടക്കത്തിൽ അരിയും സാധനങ്ങളും ഒക്കെ വാങ്ങി തന്ന് അയാൾ ഞങ്ങളെ സഹായിച്ചു.
പതുക്കെ പതുക്കെ അയാൾ ഞങ്ങളുടെ കുടുംബനാഥനായി മാറി.”
അവൾ അല്പം നിർത്തി, ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ടുന്നതുപോലെ തോന്നി.
രഘു മാഷ് ഒന്നും മിണ്ടാതെ കേട്ടുനിന്നു.
”പിന്നെയാണ് എല്ലാം മാറിയത് സാറേ…” അവൾ തുടർന്നു,
“അമ്മ അയാൾക്ക് വീട്ടിൽ എല്ലാ സ്വാതന്ത്ര്യവും കൊടുത്തു..
അച്ഛൻ അവിടെയുണ്ട് എന്നുപോലും ഓർക്കാതെ അയാൾ തരുന്ന പണത്തിന് വേണ്ടി അമ്മ അയാളുടെ കൂടെ ജീവിക്കാൻ തുടങ്ങി.
പക്ഷേ, കുറച്ചു ദിവസങ്ങളായി അയാളുടെ കണ്ണ് എന്നിലാണ്.
അയാൾക്ക് അമ്മയെ മാത്രം പോരാ, എന്നെയും കൂടി വേണമെന്ന് പറഞ്ഞു.
അയാൾ കൊണ്ടുവന്നു കൊടുക്കുന്ന പൈസയിൽ കണ്ണ് മഞ്ഞളിച്ചുപോയ എന്റെ സ്വന്തം അമ്മ കൂടി ഇപ്പോൾ എന്നെ അതിന് നിർബന്ധിക്കുകയാണ്.
‘അയാൾ പറയുന്നത് പോലെ കേട്ടാൽ നിനക്ക് നല്ല വസ്ത്രങ്ങളും ഭക്ഷണവും കിട്ടും, ഇവിടെ സുഖമായി ജീവിക്കാം’
എന്നാണ് അമ്മ എന്നോട് പറയുന്നത്. എനിക്ക് ജീവിതം മടുത്തു സാറേ…
ആ വീട്ടിലേക്ക് ഇനി ഞാൻ പോയാൽ അയാൾ അവിടെ ഉണ്ടാകും. അയാൾ എന്നെ ചീ,ത്തയാക്കും, എന്റെ ജീവിതം നശിപ്പിക്കും. എനിക്ക് പേടിയാവുന്നു സാറേ…”
അവൾ കാൽക്കൽ ഇരുന്ന് കരഞ്ഞപ്പോൾ രഘുവിന് എന്ത് ചെയ്യണം എന്ന് അറിയാതെയായി.
നെഞ്ച് തകരുന്ന വേദനയാണ് അയാൾക്ക് തോന്നിയത്.
ഒരു അധ്യാപകൻ എന്ന നിലയിലും ഒരു മനുഷ്യൻ എന്ന നിലയിലും അയാൾക്ക് അത് കേട്ടിരിക്കാൻ കഴിഞ്ഞില്ല.
തനിക്കും താഴെ രണ്ട് പെൺകുട്ടികളുണ്ട്. കോളേജിൽ പഠിക്കുന്ന തന്റെ സ്വന്തം അനിയത്തിമാരുടെ മുഖമാണ് അവന് അപ്പോൾ ഓർമ്മ വന്നത്.
അവർക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നാൽ താൻ എന്ത് ചെയ്യും? ആ ചിന്ത രഘുവിനെ പിടിച്ചുലച്ചു.
അയാൾ അവളെ ആശ്വസിപ്പിച്ചു, “നീ വിഷമിക്കണ്ട മോളേ, ഞാൻ നിന്റെ കൂടെയുണ്ട്.
വാ, നമുക്ക് നിന്റെ വീട്ടിലേക്ക് പോകാം. നിന്റെ അമ്മയോട് ഞാൻ നേരിട്ട് സംസാരിക്കാം.
ഒരു അധ്യാപകൻ എന്ന നിലയിൽ ഞാൻ പറയുന്നത് അവർ കേൾക്കാതിരിക്കില്ല.”
എന്നാൽ അവൾ പോകാൻ ഒട്ടും കൂട്ടാക്കിയില്ല.
“വേണ്ട സാറേ, അങ്ങോട്ട് പോകണ്ട. അയാൾ അവിടെ ഉണ്ടാകും,”
അവൾ ഭയത്തോടെ പറഞ്ഞു. ഒടുവിൽ രഘു ഏറെ നിർബന്ധിച്ചപ്പോൾ, മനസ്സില്ലാ മനസ്സോടെ അവൾ രഘുവിന്റെ കൂടെ നടന്നു.
അവർ ആ പെൺകുട്ടിയുടെ വീട്ടിലെത്തി. ചുറ്റും കാടുപിടിച്ചു കിടക്കുന്ന ഒരു ചെറിയ വീട്. വീടിന്റെ ഉമ്മറത്ത് ആരും ഉണ്ടായിരുന്നില്ല.
രഘു വീടിനകത്തേക്ക് കയറി ചെന്നു. മുറിക്കുള്ളിൽ നിന്ന് ഒരു ദീനരോദനം കേൾക്കാമായിരുന്നു.
അകത്തെ ഇരുണ്ട മുറിയിൽ, ഒരു പഴയ കട്ടിലിൽ കൈയ്ക്കും കാലിനും ഒട്ടും സ്വാധീനമില്ലാതെ കിടക്കുന്ന അവളുടെ അച്ഛനെയാണ് രഘു കണ്ടത്.
വല്ലാതെ മെലിഞ്ഞുണങ്ങിയ ഒരു രൂപം. മകൾ വന്ന ശബ്ദം കേട്ട് അയാൾ കണ്ണുകൾ തുറന്നു.
കൂടെ ഒരു അപരിചിതനെ കണ്ടപ്പോൾ അയാൾ ചോദിച്ചു, “ആരാ ഇത്?”
”ഇത് എന്റെ സ്കൂളിലെ രഘു മാഷാണ് അച്ഛാ,” പെൺകുട്ടി പറഞ്ഞു. അധ്യാപകനാണെന്ന് അറിഞ്ഞപ്പോൾ ആ അച്ഛന്റെ കണ്ണുകൾ നിറഞ്ഞു. വിറയ്ക്കുന്ന കൈകൾ നീട്ടി അയാൾ രഘുവിനെ നോക്കി.
“മാഷേ… എന്റെ അവസ്ഥ കണ്ടില്ലേ? അവളും അവളുടെ കൂടെ നടക്കുന്നവനും എന്നെ തിരിഞ്ഞു പോലും നോക്കില്ല. എനിക്ക് കുടിക്കാൻ ഒരിറ്റ് വെള്ളം തരുന്നത് പോലും ഈ പാവം മകളാണ്.
അവളുടെ അമ്മയ്ക്ക് ഇപ്പോൾ പണത്തോട് മാത്രമാണ് ആർത്തി.
എന്റെ കാര്യം മുഴുവൻ നോക്കുന്നത് ഈ ചെറിയ പെൺകുട്ടിയാണ്.
അവളുടെ ജീവിതം കൂടി ഇവിടെ നശിച്ചുപോകും മാഷേ…
എങ്ങനെയെങ്കിലും എന്റെ മകളെ ഈ നരകത്തിൽ നിന്ന് രക്ഷപ്പെടുത്തണം സാറേ… അവൾക്ക് ആരുമില്ല…”
അയാൾ നെഞ്ചുപൊട്ടി കരഞ്ഞു. ആ കാഴ്ച രഘുവിന്റെ ഉള്ളുലച്ചു കളഞ്ഞു.
അപ്പോഴേക്കും പുറത്തുനിന്ന് ഒരു ബൈക്കിന്റെ ശബ്ദം കേട്ടു. കുട്ടിയുടെ അമ്മയും ആ കൂട്ടുകാരൻ രാജനും കൂടി വരികയായിരുന്നു.
മാഷ് വീട്ടിൽ ഇരിക്കുന്നത് കണ്ട് അമ്മയുടെ മുഖം മാറി. അവർ വല്ലാതെ കോപിച്ചു.
”താൻ ആരാടോ എന്റെ വീട്ടിൽ കയറി വരാൻ? സ്കൂളിലെ മാഷാണെങ്കിൽ സ്കൂളിൽ ഇരുന്നാൽ മതി. എന്റെ കുടുംബ കാര്യങ്ങളിൽ ഇടപെടാൻ തനിക്ക് എന്താ കാര്യം? മര്യാദയ്ക്ക് ഇവിടുന്ന് ഇറങ്ങിപ്പോയ്ക്കോ,”
ആ സ്ത്രീ രഘുവിനോട് വളരെ മോശമായി സംസാരിച്ചു. കൂടെയുണ്ടായിരുന്ന രാജനും രഘുവിനെ ഭീ,ഷണിപ്പെടുത്തുന്ന രീതിയിൽ നോക്കി.
അവരോട് തർക്കിച്ചിട്ട് കാര്യമില്ലെന്ന് രഘുവിന് മനസ്സിലായി. നിയമപരമായി മാത്രമേ ഇതിന് പരിഹാരം കാണാൻ കഴിയൂ എന്ന് ഉറപ്പിച്ചുകൊണ്ട് രഘു ഒന്നും മിണ്ടാതെ അവിടെ നിന്ന് ഇറങ്ങി.
നേരെ തന്റെ ബൈക്കുമെടുത്ത് ടൗണിലുള്ള ചൈൽഡ് ലൈൻ ഓഫീസിലേക്ക് പോയി.
അവിടെയുള്ള പ്രവർത്തകരെ കണ്ട് രഘു കാര്യങ്ങൾ വിശദമായി സംസാരിച്ചു.
ഒരു പെൺകുട്ടിയുടെ ജീവനും സുരക്ഷിതത്വവും അപകടത്തിലാണ് എന്ന് മനസ്സിലാക്കിയ ചൈൽഡ് ലൈൻ പ്രവർത്തകർ ഒട്ടും സമയം കളയാതെ പോലീസിനെയും കൂട്ടി ആ പെൺകുട്ടിയുടെ വീട്ടിലേക്ക് തിരിച്ചു.
അവിടെയെത്തിയ അധികാരികൾ കുട്ടിയുടെ മൊഴി കൃത്യമായി രേഖപ്പെടുത്തി.
അമ്മയുടെയും രാജന്റെയും ക്രൂ,രതകളെക്കുറിച്ചും തനിക്ക് നേരിടേണ്ടി വന്ന മാനസികവും ശാ,രീരികവുമായ പീ,ഡനങ്ങളെക്കുറിച്ചും ആ പെൺകുട്ടി കരഞ്ഞുകൊണ്ട് പോലീസിനോട് പറഞ്ഞു.
മൊഴിയുടെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകർ ആ കുട്ടിയെ അവിടെനിന്നും സുരക്ഷിതമായ ഒരു ഷെൽട്ടർ ഹോമിലേക്ക് മാറ്റി.
കട്ടിലിൽ കിടപ്പിലായ കുട്ടിയുടെ അച്ഛനെ അങ്ങനെ ഉപേക്ഷിക്കാൻ അവർ തയ്യാറായില്ല. ചൈൽഡ് ലൈൻ പ്രവർത്തകർ മുൻകൈ എടുത്ത് അയാളെ പരിചരിക്കാൻ തയ്യാറുള്ള ഒരു കരുണാലയത്തിലേക്ക് മാറ്റി.
അവിടെ അയാൾക്ക് കൃത്യമായ ചികിത്സയും ഭക്ഷണവും ഉറപ്പാക്കി. അതേസമയം, പ്രായപൂർത്തിയാകാത്ത ഇത്ര ചെറിയൊരു പെൺകുട്ടിയെ മാനസികമായി പീ,ഡിപ്പിച്ചതിനും അതിന് കൂട്ടുനിന്നതിനുമായി അമ്മയെയും അവരുടെ കാമുകനായ രാജനെയും പോലീസ് അപ്പോൾ തന്നെ അറസ്റ്റ് ചെയ്തു.
അവർക്കെതിരെ പോ,ക്സോ നിയമപ്രകാരം കേസെടുത്തു. അവർ ചെയ്ത തെറ്റിനുള്ള ശിക്ഷ അവർക്ക് നിയമത്തിലൂടെ ലഭിക്കുമെന്ന് രഘു ഉറപ്പുവരുത്തി.
ദിവസങ്ങൾ കടന്നുപോയി. എല്ലാ പ്രതിസന്ധികളും മാറി ആ പെൺകുട്ടിക്ക് പുതിയൊരു ജീവിതം ലഭിച്ചു.
ഇനി ആ കുട്ടിക്ക് അവിടുത്തെ സ്കൂളിൽ ആരെയും ഭയപ്പെടാതെ, സമാധാനത്തോടെ വന്ന് പഠിക്കാം. ആരും അവളെ ശല്യം ചെയ്യാൻ ഇനി വരില്ല.
ഷെൽട്ടർ ഹോമിലെ അധികൃതർ അവളെ വീണ്ടും സ്കൂളിലേക്ക് അയക്കാൻ തീരുമാനിച്ചു.
സ്കൂളിലേക്ക് വീണ്ടും പോകുന്നതിനു മുൻപ് ആ കുട്ടി രഘു മാഷിനെ കാണാൻ ഓഫീസിലേക്ക് വന്നു.
പഴയതുപോലെ മുഷിഞ്ഞ വസ്ത്രങ്ങളല്ല അവൾ ധരിച്ചിരുന്നത്. അവളുടെ മുഖത്ത് ഭയത്തിന് പകരം ഒരു പുതിയ വെളിച്ചവും ആത്മവിശ്വാസവും ഉണ്ടായിരുന്നു.
അവൾ രഘുവിന്റെ മുൻപിൽ വന്ന് കൈകൾ കൂപ്പി നിന്നു. അവളുടെ കണ്ണുകളിൽ നിന്ന് നന്ദിയുടെ കണ്ണീർ വരുന്നുണ്ടായിരുന്നു.
”സാറില്ലായിരുന്നെങ്കിൽ ഇന്ന് ഞാൻ ജീവനോടെ ഉണ്ടാകുമായിരുന്നില്ല. എന്നെ ആ നരകത്തിൽ നിന്ന് രക്ഷിച്ചത് സാറാണ്,” അവൾ വിതുമ്പലോടെ പറഞ്ഞു.
തുടർന്ന് അവൾ പറഞ്ഞ വാക്കുകൾ രഘു മാഷിന്റെ മനസ്സിൽ എന്നും നിലനിൽക്കുന്നതായിരുന്നു:
“താൻ ദിവസവും പ്രാർത്ഥിക്കുന്ന ദൈവങ്ങളുടെ കൂട്ടത്തിലാണ് ഇപ്പോൾ രഘു സാറിന് സ്ഥാനം…”
അത് കേട്ടപ്പോൾ രഘുവിന്റെ കണ്ണുകളും ഈറനണിഞ്ഞു. ഒരു അധ്യാപകൻ എന്ന നിലയിൽ താൻ ചെയ്ത കടമ ആ പെൺകുട്ടിയുടെ ജീവിതം പ്രകാശപൂർണ്ണമാക്കിയതിൽ അയാൾക്ക് അതിയായ സന്തോഷം തോന്നി.
അവൾ നല്ലതുപോലെ പഠിച്ച് വലിയ നിലയിൽ ആകട്ടെ എന്ന് ആശംസിച്ചുകൊണ്ട് അയാൾ അവളെ യാത്രയാക്കി.
