Story written by Anju Thankachan
ഇന്നെന്റെ പിറന്നാളാണ് എനിക്ക് അൻപത്തിയേഴ് വയസ്സായിരിക്കുന്നു.
ഭർത്താവും രണ്ടാണ്മക്കളും, അവരുടെ ഭാര്യമാരും മൂന്നു പേരക്കുട്ടികളുമടങ്ങുന്നതാണ് എന്റെ കുടുംബം
എന്റെ മരുമക്കളെ ഞാനെന്റെ മക്കളെ പോലെ തന്നെയാണ് കരുതുന്നത്. അവരെന്നെ സ്വന്തം അമ്മയെ പോലെയും.
ഉള്ളത് പറയാമല്ലോ ഞങ്ങളുടേത് ഒരു സന്തുഷ്ട കുടുംബമാണ്.
എന്നെ ചുറ്റിപ്പറ്റിയാണ് എല്ലാവരുടെയും ജീവിതമെന്നു പറയുമ്പോൾ നിങ്ങൾക്ക് അതിശയോക്തി തോന്നിയേക്കാം പക്ഷേ അതാണ് യാഥാർത്ഥ്യം.
രാവിലെ എന്റെ കൈകൊണ്ട് കടുപ്പത്തിലുള്ള ഓരോ ഗ്ലാസ് ചായ കിട്ടിയാലെ എല്ലാവരുടെയും ഒരു ദിനം പുലരുകയുള്ളൂ…
ഈ വീട്ടിൽ എല്ലായിടത്തും എന്റെ കണ്ണെത്തണം.
എന്തിനേറെ പറയുന്നു എന്റെ പേരക്കുട്ടികളുടെ ആരോഗ്യ കാര്യത്തിലും, അവരുടെ പഠനത്തിലും വരെ, എന്റെയീ രണ്ടു കരങ്ങൾ ചെല്ലേണ്ടതായിട്ടുണ്ട്.
കുടുംബത്തിലെ എല്ലാവർക്കും എന്നോട് വലിയ സ്നേഹമാണ്. എനിക്കും അങ്ങനെ തന്നെ…
മക്കളും മരുമക്കളും ജോലിക്കും പോയി, ഭർത്താവ് പറമ്പിലേക്കും, പേരക്കുട്ടികൾ സ്കൂളിലും പോയി കഴിഞ്ഞാൽ പിന്നെ എന്റെയീ സ്വർഗീയഭവനം അ.ടിച്ചു തുടച്ച് വൃ.ത്തിയാക്കി,
തുണികൾ അലക്കിഉണക്കി മടക്കി വച്ച്.
എല്ലാം യഥാസ്ഥാനത്തടുക്കി വച്ച്, ഞാനെന്റെ ഭവനം അലങ്കരിക്കും.
വൈകിട്ട്,എന്റെ കുടുംബാംഗങ്ങളെത്തുമ്പോൾ, അവർക്കായി ഉണ്ടാക്കി വയ്ക്കേണ്ടുന്ന പലഹാരങ്ങൾ എന്തൊക്കെയാണെന്ന് വരെ കൃത്യമായി എനിക്ക് മാത്രമേ അറിയൂ…
ഞാൻ പറഞ്ഞില്ലേ ഈ വീട്ടിലെ എല്ലാ കാര്യങ്ങളും എന്റെ തലയിലൂടെയാണ് ഓടുന്നത്..
എന്ത് കാര്യവും എന്നോട് ചോദിച്ചിട്ടേ ഇവിടുള്ളവർ ചെയ്യൂ…
എവിടെപ്പോയാലും ഈ വീട്ടിലേക്ക് തിരികെ വരുമ്പോഴാണ് സമാധാനവും സന്തോഷവും അനുഭവിക്കാൻ കഴിയുന്നതെന്ന് ഇവിടെയുള്ളവർ പറയുമ്പോൾ, എനിക്കെന്ത് മാത്രം ആത്മാഭിമാനവും സന്തോഷവുമാണ് തോന്നുന്നതെന്നോ…
ഞാൻ പറഞ്ഞില്ലേ ഞാനാണ് ഈ വീടിന്റെ എല്ലാം.
ആണുങ്ങളെ….ഞാൻ നിങ്ങളെ വെല്ലു വിളിക്കുന്നു, നിങ്ങൾക്കാർക്കും ഒരു പെണ്ണ് കുടുംബം നന്നായി നോക്കി മുന്നോട്ട് കൊണ്ടുപോകുന്നത് പോലെ കൊണ്ടുപോകാനുള്ള ക്ഷമയോ കഴിവോ ഇല്ല.
ചിലപ്പോഴൊക്കെ ഞാൻ ഓർക്കും. ഞാൻ ഇല്ലാതെയായാൽ ഈ വീടിന്റെ അവസ്ഥ എന്താകുമെന്ന്.
ഞാൻ മരിച്ചു പോയാൽ സത്യമായിട്ടും, എന്റെ വീട്ടുകാരും, ഈ വീടുമടക്കം മ.രിച്ചുപോകുമെന്നാണ് എനിക്ക് തോന്നുന്നത്…
ഞാൻ പറഞ്ഞില്ലേ ഞാനാണ് ഈ വീടിന്റെയും വീട്ടുകാരുടെയും ജീവശ്വാസമെന്ന്..
അതിന്റെ അഹങ്കാരവും എനിക്കുണ്ട് കേട്ടോ..
ആളുകളൊക്കെ പറയും ഗായത്രിയുടെ കുടുംബമാണ് കുടുംബം, ഗായത്രിയാണ് വീടിന്റെ വിളക്കെന്ന്.
എനിക്കെന്നും ഈ പ്രപഞ്ചശക്തിയോട് നന്ദിയെ പറയാനുള്ളൂ… ഇത്ര നല്ലൊരു കുടുംബം നൽകി എന്നെ അനുഗ്രഹിച്ചതിന്.
അന്നൊരു ഞായറാഴ്ചയായിരുന്നു. തിരക്കില്ലാത്ത ദിവസം. അതുകൊണ്ട് വൈകിയേ ഉണരൂ എന്ന് ഞാനുറപ്പിച്ചിരുന്നു.
ഏട്ടരയായപ്പോൾ ഞാൻ കണ്ണ് തുറന്നു. മുറിയിൽ ആരുമില്ല. ഞാൻ വിളിച്ചുണർത്താതെ ഉണരാത്ത ഭർത്താവ് ഇന്ന് തന്നെ എഴുന്നേറ്റിരിക്കുന്നോ ?? എനിക്കത്ഭുതം തോന്നി…
ഞാൻ മുറിയിൽ നിന്നും പുറത്തിറങ്ങി.
പതിവില്ലാതെ മുറ്റത്തും ഹാളിലും ജനങ്ങൾ…
എന്താണോ എന്തോ?? വീട്ടിൽ നല്ല പാമ്പും കയറിയോ പോലും??
ഞാൻ ഹാളിലേക്ക് ചെന്നു.
ഒറ്റനിമിഷം! ഞാൻ തരിച്ചു നിന്നു.
ഹാളിൽ എന്റെ ശരീരം… വെള്ളപുതപ്പിച്ചു കിടത്തിയിരിക്കുന്നു.
ഞാൻ മ.രി.ച്ചിരിക്കുന്നു എന്ന സത്യം അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്.
ഇതെപ്പോൾ..??
എന്റെ സന്തുഷ്ടകുടുംബം ഇനി ഞാനില്ലാതെ എങ്ങനെ മുന്നോട്ട് പോകും.??
അലമുറയിട്ട് കരയുന്ന എന്റെ കുടുംബാംഗങ്ങളെ നോക്കി ഞാൻ നിശ്ചലയായി നിന്നു
എന്റെ ശ.രീരം ക.ത്തി.യമരുന്നത് ഞാൻ നോക്കി നിന്നു.
എന്റെ കുടുംബത്തെയോർത്ത് ഞാൻ വിങ്ങികരഞ്ഞു.
രണ്ട് മൂന്ന് ദിവസങ്ങൾക്കപ്പുറം, മക്കൾ വീട്ടിലൊരു ജോലിക്കാരിയെ നിയമിച്ചു.
ഞാൻ ചെയ്യേണ്ടുന്ന ജോലികളെല്ലാം അവർ ഏറ്റെടുത്തു.
പേരക്കുട്ടികളെ പഠിപ്പിക്കാൻ ട്യൂഷൻ ടീച്ചർ വീട്ടിൽ വന്ന് തുടങ്ങി.
അന്നാണ് എനിക്ക് പകരക്കാരെ കണ്ടെത്താൻ എന്റെ പ്രിയപ്പെട്ടവർകറിയാമായിരുന്നു
എന്ന സത്യം ഞാനറിഞ്ഞത്…
അവർ എന്നെ ഓർക്കുന്നതുപോലുമില്ല…
ഞാനെന്റെ ജീവിതപങ്കാളിയെ തിരഞ്ഞു..
നീണ്ട മുപ്പത്തിയേഴ് വർഷങ്ങൾ ഞങ്ങൾ ഒരുമിച്ചായിരുന്നു…
അദ്ദേഹം കരയുകയായിരിക്കും… ഞാനില്ലാതെ അദ്ദേഹം എങ്ങനെ ജീവിക്കും??
ഞാൻ മുറിയിലേക്ക് ചെന്നു.
ഫോണിലെ മധ്യവയസ്കർക്കായുള്ള ഏതോ മാട്രിമോണിയിൽ അദ്ദേഹം പുതിയൊരു ജീവിതപങ്കാളിയെ തിരയുകയാണ്.
അറുപത്തിരണ്ടാം വയസ്സിൽ ഒരു കൂട്ട് വേണമെന്ന ചിന്ത അദ്ദേഹത്തിലുമുണ്ട്.
എന്റെ ആത്മാവിന് ഭൂമി ഉപേക്ഷിക്കാനുള്ള സമയമായി….
അതിന് മുൻപ്, എന്റെ പ്രിയപ്പെട്ട മനുഷ്യരെ…. ഒന്ന് മാത്രം ഞാൻ പറയട്ടെ,
നിങ്ങൾക്ക് പകരക്കാരുണ്ട്.
നമ്മൾ കരുതും പോലെയല്ല. നമ്മളില്ലെങ്കിലും യാതൊന്നും സംഭവിക്കില്ല.
എന്നെപോലെ കുടുംബത്തിനായ് മാത്രം ജീവിച്ച്,വെറുതെയങ്ങു മ.രിച്ചു പോകാനുള്ളതല്ല ജീവിതം.
പങ്ക് വയ്ക്കപ്പെടാത്ത ഒരു ഭാരവും നിങ്ങൾ മാത്രമായി ചുമക്കേണ്ടതില്ല….
💚💚💚💚💚
