ചിന്നൂ… അന്ന് സ്കൂളിൽ വെച്ച് ഞാൻ നിന്നോട് ചെയ്ത തെറ്റുകൾക്കൊക്കെ എനിക്ക് ഒരുപാട് വിഷമമുണ്ട്. എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ് ചിന്നൂ. എന്റെ കൂടെ വരാമോ?” അവൻ പൂവ് നീട്ടി……..

“കാടിന്റെ മകൾ”

രചിതാവ്: അനിഷ

​”ചിന്നൂ… അന്ന് സ്കൂളിൽ വെച്ച് ഞാൻ നിന്നോട് ചെയ്ത തെറ്റുകൾക്കൊക്കെ എനിക്ക് ഒരുപാട് വിഷമമുണ്ട്. എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ് ചിന്നൂ. എന്റെ കൂടെ വരാമോ?” അവൻ പൂവ് നീട്ടി.
​രാഹുലിന്റെ പ്രണയ അഭ്യർത്ഥന കേട്ടതും ചിന്നുവിന്റെ ചുണ്ടിൽ ഒരു ചെറിയ ചിരി വിടർന്നു. ആ ചിരിയിൽ അഹങ്കാരമില്ലായിരുന്നു, പകരം കൗതുകവും ഒരു വലിയ തിരിച്ചറിവും മാത്രമാണുണ്ടായിരുന്നത്. അവൾ ആ പൂവ് വാങ്ങിയില്ല.

“രാഹുൽ… നീ എന്നെ പ്രണയിക്കുന്നത് ചിന്നു എന്ന പെൺകുട്ടിയെ അല്ല, മറിച്ച് എന്റെ ഈ വിജയങ്ങളെയാണ്. എന്റെ മനസ്സിൽ പ്രണയമില്ല രാഹുൽ. എന്റെ ഉള്ളിൽ ഇപ്പോൾ രണ്ട് കാര്യങ്ങൾ മാത്രമാണയുള്ളത്. ഒന്ന്, എന്നെ കാത്തുനിൽക്കുന്ന എന്റെ ലക്ഷ്യം സിവിൽ സർവീസ്. രണ്ട്, എന്റെ അപ്പനും അമ്മയും. എന്നെ ഇവിടെ എത്തിക്കാൻ വേണ്ടി അവർ സ്വന്തം ഊരിൽ നിന്നും പടിയടച്ച് പുറത്താക്കപ്പെട്ടവരാണ്. അവർ അനുഭവിക്കുന്ന ആ വേദനയ്ക്ക് പരിഹാരം കാണാതെ എന്റെ മനസ്സിൽ മറ്റൊരു ചിന്തയ്ക്കും സ്ഥാനമില്ല. അതുകൊണ്ട്…

നിന്റെ ഈ പൂവ് എനിക്ക് വാങ്ങാൻ കഴിയില്ല. എന്നോട് ക്ഷമിക്കണം.” ചിന്നു പുഞ്ചിരിച്ചു കൊണ്ട് മുന്നോട്ട് നടന്നുപോയി. രാഹുൽ ആ ചുവന്ന റോസാപ്പൂവിലേക്ക് നോക്കി അവിടെത്തന്നെ നിന്നുപോയി. രാഹുൽ പറഞ്ഞ ആ പഴയ കാലത്തിലേക്ക്, അവളുടെ ഓർമ്മകൾ പിന്നോട്ട് സഞ്ചരിച്ചു…

“ഏ ചിന്നൂ… എടീ കുറുമ്പി… എപ്പഴും ഈ കാട്ടുമ്മേൽ തൂങ്ങി നടക്കാനാണോ നിന്റെ വിചാരം? എങ്ങോട്ട് ഇറങ്ങി വന്നേപ്പാ… നേരം ഉച്ചയായിട്ടും ഒരു തുള്ളി കഞ്ഞി കുടിച്ചിട്ടില്ല ഈ കാട്ടുകോഴി!”

അമ്പിളി അരയിലെ തറ്റുടുപ്പ് ഒന്നുറപ്പിച്ചു കു.ത്തി, കൈകൾ ഇടുപ്പിൽ വെച്ച് മുകളിലേക്ക് നോക്കി ഒച്ചവെച്ചു. കാട്ടു മരത്തിന്റെ വലിയൊരു വള്ളിയിലിരുന്ന് കാട്ടുകായ കടിച്ചുകുട്ടുകയായിരുന്നു ചിന്നു. വെയിലിന്റെ സ്വർണ്ണക്കതിരുകൾ ഇലച്ചാർത്തുകൾക്കിടയിലൂടെ അവളുടെ മുഖത്ത് വന്ന് വീഴുന്നുണ്ട്. ചുണ്ടിൽ ഒരൊറ്റ കടിച്ചൂട്ടലിൽ ചുവന്ന കാട്ടുകായയുടെ നീര് അവളുടെ താടിയിലൂടെ ഒലിച്ചിറങ്ങി.

“ഏ അമ്മിണീ അമ്മേ… വെറുതെ ഒച്ചവെക്കാതെപ്പാ… ഈ കാട്ടുകായക്ക് എന്തൊരു മധുരമാണെന്നോ! ഇങ്ങോട്ട് നോക്കിക്കേ, മുകളീന്ന് നോക്കുമ്പോൾ നമ്മടെ ഊര് മൊത്തം കാണാം,” ചിന്നു മരക്കൊമ്പിലിരുന്ന് കാലുകൾ ആട്ടിക്കൊണ്ട് ചിരിച്ചു. ഒരു കുരങ്ങിക്കുട്ടിയെപ്പോലെ അനായാസമായി താഴേക്ക് ഊർന്നിറങ്ങി അവൾ അമ്മയുടെ തോളിലേക്ക് ചാഞ്ഞു. അമ്പിളി അവളുടെ തലയിലെ കാട്ടുചപ്പുകൾ തട്ടിക്കളഞ്ഞുകൊണ്ട് സ്നേഹത്തോടെ പിറുപിറുത്തു: “നീയിത് എന്നാ ബോധമാ

പെണ്ണേ… ഇങ്ങനെ കാടും മേടും കേറി നടന്നാൽ മതിയോ? ഈ കാടിന് പുറത്തൊരു വലിയ ലോകമുണ്ട്. നാളെ ആ ടൗണിലെ സ്കൂളിലേക്ക് പോകേണ്ടവളാ നീ…”
​എന്നാൽ അടുത്ത ദിവസം ഊരിലെ ആ കൊച്ചു വിദ്യാലയത്തിൽ എത്തിയ ചിന്നുവിനെ കാത്തിരുന്നത് മറ്റൊരു വാർത്തയായിരുന്നു. ഹെഡ്മാസ്റ്റർ രാഘവൻ മാഷിന്റെ വാക്കുകൾ ആ ചെറിയ ക്ലാസ് മുറിയിൽ ഒരു വലിയ നിശബ്ദത പടർത്തി.

“പ്രിയപ്പെട്ട കുട്ടികളെ… നമ്മുടെ ഈ സ്കൂളിൽ അനുവദനീയമായ ക്ലാസ്സുകൾ കഴിഞ്ഞു. ഇനി ഇവിടെ തുടർന്നു പഠിക്കുക ബുദ്ധിമുട്ടാണ്…” ഏഴാം ക്ലാസ് വരെ മാത്രമുള്ള ഒരു ചെറിയ യു.പി. വിദ്യാലയമായിരുന്നു അത്. “പഠിക്കണം ചിന്നൂ… പക്ഷേ, അതിന് ഈ കാടുവിട്ട് ടൗണിലെ വലിയ ഹൈസ്കൂളിലേക്ക് പോകേണ്ടി വരും. അവിടെ എട്ടാം ക്ലാസിൽ നിനക്ക് ചേരാം,” മാഷ് അവളുടെ തലയിൽ കൈവെച്ചു പറഞ്ഞു.

അന്ന് വൈകുന്നേരം ഊരുകൂട്ടത്തിന്റെ നടുവിലിരുന്ന് മൂപ്പൻ തന്റെ വടി നിലത്തു കു.ത്തിക്കൊണ്ട് കൽപിച്ചു: “പാടില്ല! നമ്മടെ ഊരിലെ ഒരു പെണ്ണും ഈ കാടുവിട്ട് പുറത്തു പോയി പഠിക്കേണ്ട! നഗരത്തിലെ മനുഷ്യരെ നിനക്കറിയാമോ മാധവാ? കാടിന്റെ മക്കളെ അവർക്ക് പുച്ഛമാണ്. ഈ പെണ്ണ് അവിടെപ്പോയാൽ നമ്മുടെ ആചാരങ്ങളും തനിമയും ന.ശിക്കും.”
​അമ്പിളിയുടെ കണ്ണുകൾ നിറഞ്ഞു. പക്ഷേ, അമ്മയുടെ കൈകൾക്കിടയിൽ നിന്ന് മാറി ചിന്നു മുന്നോട്ട് ചുവടുവെച്ചു. ഒട്ടും ഭയമില്ലാതെ അവൾ മൂപ്പന്റെ നേരെ നോക്കി.

“മൂപ്പാ… ടൗണിൽ പോയാൽ ഞാൻ കാടിനെ മറക്കില്ല. നമ്മടെ ഊരിലെ പിള്ളേർക്ക് പനി വരുമ്പോൾ ടൗണിലെ ആശുപത്രിയിൽ കൊണ്ടുപോകാൻ ഒരു വണ്ടി പോലും ഇങ്ങോട്ട് വരാറില്ല. ഞാൻ പഠിച്ച് വലിയ ആളായാൽ നമ്മടെ ഊരിലേക്ക് റോഡും വണ്ടിയും വരും. എന്നെ തടയരുത് മൂപ്പാ…”
​അവളുടെ വാക്കുകളിൽ സത്യമുണ്ടായിരുന്നെങ്കിലും മൂപ്പൻ വഴങ്ങിയില്ല. അതോടെ, രാത്രിയുടെ മൂന്നാം യാമത്തിൽ കട്ടപിടിച്ച ഇരുട്ടിൽ അമ്പിളിയും മാധവനും ഒരു വലിയ തീരുമാനമെടുത്തു. അമ്പിളി വിറയ്ക്കുന്ന കൈകളോടെ ചിന്നുവിന്റെ വസ്ത്രങ്ങളും കുറച്ച് കാട്ടുതേനും മാധവൻ കാട്ടിൽ നിന്ന് കൊണ്ടുവന്ന കുറച്ചു നാണയത്തുട്ടുകളും ഒരു തുണിയിൽ കെട്ടിയെടുത്തു.

“ചിന്നൂ… നേരം വെളുത്താൽ നിന്നെ അവർ കാട്ടുകല്യാണം കഴിപ്പിച്ചു വിടും. അതു കൊണ്ട്… നീയിപ്പോ തന്നെ പൊയ്ക്കോ മോളേ. എന്റെ മോള് വലിയ ആളാകണം.” ​കുടിലിന്റെ പിൻവാതിലിലൂടെ, കാടിന്റെ ഇരുളിലേക്ക് ആരും കാണാതെ ചിന്നുവും അപ്പനും ഇറങ്ങി ഓടി. പിറ്റേന്ന് നേരം പുലർന്നപ്പോൾ വിവരമറിഞ്ഞ മൂപ്പന്റെ കണ്ണ് ചുവന്നു. ഊരൂട്ടം വിളിച്ച് അദ്ദേഹം പ്രഖ്യാപിച്ചു:

“മാധവനും അമ്പിളിയും നമ്മടെ നിയമത്തെ വെല്ലുവിളിച്ചു! ഇന്നുമുതൽ ഇവർക്ക് ഇവിടെ ഊരുവിലക്ക് കല്പിച്ചിരിക്കുന്നു! ഇനി ഈ ഊരിലെ ഒരുത്തനും ഇവരോട് സംസാരിക്കാൻ പാടില്ല. ഇവർക്ക് വെള്ളമോ ഭക്ഷണമോ ആരും കൊടുക്കരുത്!” അന്ന് മൂപ്പന്റെ വാക്കുകേട്ട് ഊരിലെ മറ്റ് മനുഷ്യരും കല്ലായ മനസ്സോടെ അമ്പിളിയെയും മാധവനെയും മാറ്റിനിർത്തി, വഴിയിൽ കണ്ടാൽ മുഖം തിരിച്ചു നടന്നു. അപ്പനും അമ്മയും ഊരിൽ ഒറ്റപ്പെട്ടു നരകിച്ചു. പക്ഷേ, തങ്ങൾ അനുഭവിക്കുന്ന ഈ വേദന മകളുടെ വെളിച്ചമുള്ള ഭാവിക്ക് വേണ്ടിയാണല്ലോ എന്ന ചിന്ത മാത്രമായിരുന്നു അവർക്ക് കൂട്ട്. ​അതേസമയം, ടൗണിലെ ഗവൺമെന്റ് സ്കൂളിലെ എട്ടാം ക്ലാസ് മുറി ചിന്നുവിന് മറ്റൊരു ലോകമായിരുന്നു. അഴുക്കുപുരണ്ട, പഴയ യൂണിഫോം ധരിച്ചിരുന്ന അവളുടെ ചടപിടിച്ച മുടിയും പേടിയോടെയുള്ള നോട്ടവും മറ്റ് കുട്ടികൾക്ക് ഒരു തമാശയായിരുന്നു.

“ഏയ് കാട്ടുവാസി… നിന്റെ വാലെവിടെ?” ക്ലാസ്സിലെ ധനികനായ വക്കീലിന്റെ മകൻ രാഹുൽ അവളെ നോക്കി ഉറക്കെ ചോദിച്ചു. ക്ലാസ് ആകെ ചിരിയിലമർന്നു. ചിന്നു സംസാരിക്കുമ്പോൾ ഗോത്രഭാഷയുടെ ശൈലി കലരുന്നത് കേട്ട് കുട്ടികൾ വീണ്ടും കൂവി വിളിച്ചു. പക്ഷേ,

ഒരു ദിവസം കണക്ക് പരീക്ഷയുടെ പേപ്പർ വിതരണം ചെയ്തപ്പോൾ ടീച്ചർ അത്ഭുതത്തോടെ പറഞ്ഞു: “ചിന്നു… 20 ൽ 20! ഫുൾ മാർക്ക്!” സ്കൂൾ വിട്ടപ്പോൾ രാഹുലും കൂട്ടുകാരും ചിന്നുവിനെ തടഞ്ഞുനിർത്തി. “ടീ കാട്ടുകോഴി, നീ എവിടുന്ന് കോപ്പിയടിച്ചു?” രാഹുൽ അവളുടെ പുസ്തകങ്ങൾ തട്ടിപ്പറിച്ച് നിലത്തിട്ടു. ചിന്നു ഭയന്നില്ല. അവൾ നേരെ രാഹുലിന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു:

“ഞാൻ കോപ്പിയടിച്ചിട്ടില്ല. എന്റെ അപ്പനും അമ്മയും ഊരുവിലക്ക് വാങ്ങിയിട്ടാണ് എന്നെ ഇവിടെ അയച്ചത്. നിങ്ങൾക്ക് എന്നെ കളിയാക്കാം, പക്ഷേ തോൽപ്പിക്കാൻ പറ്റില്ല. കാരണം, ഞാൻ കാടിന്റെ മകളാണ്.” ആ ദിവസം മുതൽ ഓരോ അവഹേളനവും അവൾക്ക് പഠിക്കാനുള്ള ഇന്ധനമായി മാറി. ​വർഷങ്ങൾ കടന്നുപോയി. പഠനത്തിലും വസ്ത്രധാരണത്തിലും ചിന്നു വരുത്തിയ മാറ്റങ്ങൾ അവളെ കോളേജിലെ ഒരു നക്ഷത്രമാക്കി മാറ്റി. അവിടെ വെച്ചാണ് രാഹുൽ വീണ്ടും അവളുടെ ജീവിതത്തിലേക്ക് പ്രണയവുമായി കടന്നുവന്നതും ചിന്നു അത് നിരസിച്ചതും.

അതിനുശേഷം ഉറക്കമില്ലാത്ത രാത്രികളുടെ കഠിനാധ്വാനമായിരുന്നു. ഒടുവിൽ ആ സുദിനം വന്നു ചേർന്നു. യു.പി.എസ്.സി (UPSC) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച ദിവസം കമ്പ്യൂട്ടർ സ്ക്രീനിന്റെ ഏറ്റവും മുകളിൽ, ഒന്നാമത്തെ പേര് തെളഞ്ഞു വന്നു: RANK 1: CHINNU MADHAVAN. അവൾ ഇന്ത്യയിൽ ഒന്നാം റാങ്ക് നേടിയിരിക്കുന്നു! വാർത്ത കാട്ടുതീ പോലെ പടർന്നു. ടൗണിലെ ഒരു ചായക്കടയിലെ ടിവിയിൽ ഈ വാർത്ത കണ്ട് അമ്പിളിയും മാധവനും കെട്ടിപ്പിടിച്ച് കരഞ്ഞു. തങ്ങളുടെ ത്യാഗം വെറുതെയായില്ല!

വർഷങ്ങൾക്ക് ശേഷം…

കാട്ടിലേക്കുള്ള ആ കൺമണിപ്പാതയിലൂടെ നീല വെളിച്ചം കത്തുന്ന, ബോർഡിൽ ‘DISTRICT COLLECTOR’ എന്ന് എഴുതിയ ആ ഔദ്യോഗിക വെള്ള വണ്ടി സാവധാനം കടന്നുവന്നു. വണ്ടിയുടെ വാതിൽ തുറന്ന്, ഖാദി സാരി ധരിച്ച് തലയെടുപ്പോടെ പുറത്തിറങ്ങിയത് ചിന്നു ആയിരുന്നു! അവൾ നേരെ നടന്നത് ഊരൂട്ടം ഇരിക്കുന്ന ആ വലിയ മരച്ചുവട്ടിലേക്കാണ്.
​അവിടെ കയ്യിൽ വടിയുമായി പ്രായം തളർത്തിയ മൂപ്പനും ഊരിലെ ജനങ്ങളും ഭയഭക്തിബഹുമാനങ്ങളോടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു.

കളക്ടറെ കണ്ടതും മൂപ്പൻ വിറയ്ക്കുന്ന കൈകൾ കൂപ്പി. അപ്പോഴാണ് ചുണ്ടിൽ വിരിഞ്ഞ ആ പഴയ ചിരിയിലൂടെ മൂപ്പൻ അവളെ തിരിച്ചറിഞ്ഞത്. “ചിന്നു… നീയോ?!”

മൂപ്പന്റെ കയ്യിലെ വടി താഴെ വീണു. ​”അതെ മൂപ്പാ… അന്ന് നിങ്ങൾ പടിയിറക്കി വിട്ട, ഊരുവിലക്ക് കൽപ്പിച്ച അതേ ചിന്നു. പക്ഷേ ഇന്ന് ഞാൻ വന്നത് പ്രതികാരം ചെയ്യാനല്ല. ഈ ഊരിലേക്ക് പുതിയ വഴിയും, ആശുപത്രിയും, വിദ്യാലയവും കൊണ്ടു വരാനാണ്. കാടിന്റെ മക്കൾ ഇനി അക്ഷരം അറിയാതെ ഇരുട്ടിൽ കഴിയരുത്,” ചിന്നു ഗാംഭീര്യത്തോടെ പറഞ്ഞു.

അവളുടെ വാക്കുകൾ കേട്ട് ഊരിലുള്ളവർ നിശബ്ദരായി തലതാഴ്ത്തി. മൂപ്പന്റെ കണ്ണുകളിൽ നിന്ന് കണ്ണീർ ധാരധാരയായി ഒലിച്ചിറങ്ങി. പശ്ചാത്താപം ആ വൃദ്ധന്റെ നെഞ്ചിനെ പൊള്ളിക്കുകയായിരുന്നു. അന്ന് കടുത്ത ഊരുവിലക്ക് കൽപ്പിച്ചപ്പോൾ അമ്പിളിയോടും മാധവനോടും മിണ്ടാൻ പോലും കൂട്ടാക്കാതിരുന്ന നാട്ടുകാരുടെ ഉള്ളിൽ കടുത്ത കുറ്റബോധം നീറിപ്പുകഞ്ഞു.

‘കുടിക്കാൻ ഒരു തുള്ളി വെള്ളം ചോദിച്ചപ്പോൾ മുഖം തിരിച്ചു കളഞ്ഞ നമ്മളോടാണോ ഈ കുട്ടി നന്മ ചെയ്യാൻ വന്നിരിക്കുന്നത്!’ എന്ന ചിന്ത അവരുടെ കണ്ണുകളെ ഈറനണിയിച്ചു.
​പ്രായം തളർത്തിയ ആ കൈകളിൽ ഒരു വെള്ളക്കടലാസ് വിറയലോടെ ചുരുട്ടിപ്പിടിച്ച് മൂപ്പൻ പതുക്കെ ചിന്നുവിന്റെ മുന്നിലേക്ക് നടന്നു. അന്ന് ഗർജ്ജിച്ച ആ പഴയ മൂപ്പനായിരുന്നില്ല അദ്ദേഹം; കണ്ണുകളിൽ പാപഭാരത്തിന്റെ കനലുകളായിരുന്നു.
​അദ്ദേഹം തന്റെ വിറയ്ക്കുന്ന കൈകൾ നീട്ടി ആ വെള്ളക്കടലാസ് കളക്ടറായ ചിന്നുവിന് നേരെ നീട്ടി. ഊരിലെ ജനങ്ങൾക്ക് വേണ്ടി തയ്യാറാക്കിയ ആ നിവേദനം ചിന്നുവിന്റെ കയ്യിലേക്ക് വെച്ചുകൊടുക്കുമ്പോൾ മൂപ്പൻ അവളുടെ കാൽക്കൽ വീഴാനെന്നോണം കുനിഞ്ഞു.

“മോളേ… അന്ന് ഞാൻ കാട്ടിയത് കടും കൈയാണ്, വലിയൊരു അറിവുകേടാണ്,” മൂപ്പന്റെ ശബ്ദം ഏങ്ങിപ്പിഴുതു. “ഈ കാടിന് പുറത്തൊരു വെളിച്ചമുണ്ടെന്ന് കാട്ടിത്തന്നത് നീയല്ലേ… അന്ന് ഞാൻ തല്ലിക്കെടുത്താൻ നോക്കിയ ആ വെളിച്ചത്തിന്റെ മുന്നിലാണ് ഇന്ന് ഈ ഊരിന്റെ ഭാവി ഞാൻ ഒരു നിവേദനമായി വെച്ചുനീട്ടുന്നത്. നിന്റെ അപ്പനോടും അമ്മയോടും ഈ ഊര് ചെയ്ത ദ്രോഹത്തിന് ഞങ്ങളോട് ക്ഷമിക്കണം കളക്ടർ മോളേ…”

ചുറ്റും നിന്ന നാട്ടുകാരും കൈകൾ കൂപ്പി, കുറ്റബോധത്തോടെ കരഞ്ഞുകൊണ്ട് മാപ്പ് ചോദിച്ചു. ചിന്നു ആ നിവേദനം ഇരു കൈകളും നീട്ടി വാങ്ങി. അവൾ മൂപ്പനെ നോക്കി മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് ആ കൈകളിൽ മുറുക്കെ പിടിച്ച് അദ്ദേഹത്തെ എഴുന്നേൽപ്പിച്ചു.

“എന്റെ ജനങ്ങളുടെ അവകാശങ്ങൾ ചോദിച്ചു വാങ്ങാൻ ഇനിയും നിങ്ങൾ ആരുടെയും മുന്നിൽ കൈകൂപ്പേണ്ടി വരില്ല മൂപ്പാ. അതിനാണ് ഞാൻ ഈ കസേരയിൽ ഇരിക്കുന്നത്,” ചിന്നുവിന്റെ ഉറപ്പുള്ള വാക്കുകൾ കേട്ട് അവിടെയുണ്ടായിരുന്ന ജനങ്ങൾ ആശ്വാസത്തോടെയും അഭിമാനത്തോടെയും കൈയടിച്ചു.
​കൂട്ടത്തിൽ നിന്നും അമ്പിളിയും മാധവനും ഓടിവന്ന് മകളെ കെട്ടിപ്പിടിച്ചു. ഊരിലെ ജനങ്ങൾ മുഴുവൻ സന്തോഷത്തോടെ കണ്ണീർ വാർത്തു. അന്ന് ചിന്നുവിനെ കളിയാക്കിയ രാഹുലിനെപ്പോലെയുള്ളവർ ഇന്ന് ടിവിയിലൂടെ ആ ദൃശ്യങ്ങൾ കണ്ട് ആദരവോടെ കൈയടിക്കുകയായിരുന്നു. അന്ന് മൂപ്പനും നാട്ടുകാരും വിധിച്ച ഊരു വിലക്കിന്റെ കരിനിഴലിനെ തോൽപ്പിച്ച്, ഇന്ന് സ്വന്തം ഊരിന്റെ രക്ഷകയായി, ആ ജില്ലയുടെ കാവലാളായി കാടിന്റെ മകൾ തലയുയർത്തി നിന്നു!

Leave a Reply

Your email address will not be published. Required fields are marked *