ഒരു കൊച്ചിനെ ഉണ്ടാക്കിക്കൊടുത്ത് അവളെ വീട്ടിൽ ഇരുത്തേണ്ടതിന് എന്റെ പൊന്നുമോൻ ഇപ്പോ ഭാര്യയെ പഠിപ്പിക്കാൻ പോവുകയാണോ?? ” പുഷ്പവല്ലി ദേഷ്യത്തോടെ ചോദിച്ചതും മനോജിന്റെ കണ്ണുകൾ എത്തി നിന്നത് വാണിയിൽ ആയിരുന്നു….

Story written by JK

” ഒരു കൊച്ചിനെ ഉണ്ടാക്കിക്കൊടുത്ത് അവളെ വീട്ടിൽ ഇരുത്തേണ്ടതിന് എന്റെ പൊന്നുമോൻ ഇപ്പോ ഭാര്യയെ പഠിപ്പിക്കാൻ പോവുകയാണോ?? ” പുഷ്പവല്ലി ദേഷ്യത്തോടെ ചോദിച്ചതും മനോജിന്റെ കണ്ണുകൾ എത്തി നിന്നത് വാണിയിൽ ആയിരുന്നു..

​”” അമ്മേ ഞാൻ അമ്മയോട് പലപ്പോഴും പറഞ്ഞിട്ടുണ്ട് ചുമ്മാ എന്റെ കാര്യത്തിൽ കയറി ഇടപെടണ്ട എന്ന്!! നിങ്ങടെ ആരുടെയും ഒന്നും എടുത്തിട്ടില്.. ഞാൻ അധ്വാനിച്ച് ഉണ്ടാക്കുന്ന പൈസ കൊണ്ടാണ് അവളെ പഠിപ്പിക്കാൻ വിടുന്നത്!!!”

മനോജ് മറുപടി പറഞ്ഞു..

​”‘ അയ്യോ പൊന്നുമോൻ കിട്ടുന്ന പൈസ എന്താ എന്ന് കാണിക്ക്!! ഒടുവിൽ പെണ്ണ് പഠിച്ചു പഠിച്ച് വലിയ വിവരം വയ്ക്കുമ്പോൾ എട്ടാം ക്ലാസും ഗുസ്തിയും ഉള്ള നിന്നെ വേണ്ട എന്നും പറഞ്ഞ് ഒരു പോക്ക് പോകും അന്നേരം എന്റെ അടുത്തോട്ട് വന്നാൽ ആണ്!”

അവർ പറഞ്ഞു.

​ആ വാക്കുകൾ കേട്ട് വാണി തല താഴ്ത്തി നിന്നു.

അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു. മനോജ് അവളെ നോക്കി ഒന്നു ആശ്വസിപ്പിച്ചു.

പുഷ്പവല്ലിയുടെ ഈ കു,ത്തുവാക്കുകൾ പുതിയതൊന്നു മല്ലെങ്കിലും ഓരോ തവണയും അത് മനസ്സിനെ വല്ലാതെ മുറിപ്പെടുത്താറുണ്ട്.

എങ്കിലും ഒരു അക്ഷരം പോലും മറുത്ത് പറയില്ല മനോജ് ഒറ്റയാളെ വിചാരിച്ചിട്ടായിരുന്നു അത്

​വാണിയുടെ കുടുംബത്തിന്റെ അവസ്ഥ വളരെ കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു.

അവളുടെ അച്ഛൻ വേലായുധൻ ഒരു തെങ്ങുകയറ്റ തൊഴിലാളി യായിരുന്നു. കുടുംബത്തിന്റെ മുഴുവൻ ഭാരവും ആ മനുഷ്യന്റെ തോളിലായിരുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം തെങ്ങിൽ നിന്ന് വീണ് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു.

എല്ലാവരും ചേർന്ന് അയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോയി.. ഗവൺമെന്റ് ആശുപത്രിയിൽ മതിയായ ചികിത്സ കിട്ടില്ല എന്നും പറഞ്ഞ് അയാളെ പ്രൈവറ്റ് ഹോസ്പിറ്റലിലേക്ക് മാറ്റി എങ്ങനെയും അയാളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരിക എന്നത് മാത്രമായിരുന്നു അവരുടെ ലക്ഷ്യം..

. വീടിന്റെ അവസ്ഥ ഒട്ടും ശരിയല്ലാതിരുന്നിട്ടും ചികിത്സയ്ക്കായി അവർക്ക് കയ്യിലുണ്ടായിരുന്ന ചെറിയ സമ്പാദ്യമെല്ലാം ചെലവഴിക്കേണ്ടി വന്നു.

. ഒടുവിൽ വീട് പോലും വിറ്റ് അച്ഛനെ രക്ഷിക്കാൻ നോക്കിയെങ്കിലും ആ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

​മനോജിനെ തെങ്ങുകയറ്റം പഠിപ്പിച്ചത് ആ വേലായുധൻ ആയിരുന്നു. ആ നിലയ്ക്ക് വേലായുധൻ മനോജിന് ഒരു ഗുരുവിനെ പോലെയായിരുന്നു.

മനോജ് രാവിലെ നേരം പുലരുമ്പോൾ തന്നെ തെങ്ങ് കയറാൻ പോകും. അത് കഴിഞ്ഞാൽ പിന്നെ ഓട്ടോ ഓടിക്കാൻ പോകും.

വൈകുന്നേരമായാൽ ചെറിയൊരു തട്ടുകടയും നടത്തും. നല്ലവണ്ണം കഷ്ടപ്പെട്ട് ജോലി ചെയ്യുന്ന മകൻ ആയിരുന്നു അവൻ.

മ,ദ്യപാനമോ മറ്റ് ദുശ്ശീലങ്ങളോ അവന് ഒട്ടുമില്ലായിരുന്നു. രാപ്പകലില്ലാതെ അധ്വാനിച്ചുണ്ടാക്കുന്ന പണം മുഴുവൻ കൃത്യമായി സൂക്ഷിച്ചു വെക്കുകയാണ് പതിവ്.

ആ പണം കൊണ്ടാണ് അമ്മ പുഷ്പവല്ലിയും പെങ്ങന്മാരും യാതൊരു ബുദ്ധിമുട്ടുമില്ലാതെ സുഖമായി കഴിഞ്ഞിരുന്നത്.

​എന്നാൽ സ്വന്തം ആശാന്റെ മരണശേഷം ആ കുടുംബം അനുഭവിക്കുന്ന കഷ്ടപ്പാടുകൾ മനോജ് കണ്ടില്ലെന്ന് നടിച്ചില്ല.

വേലായുധന്റെ കുടുംബത്തിന് ആവശ്യമായ സഹായങ്ങളുമായി അവൻ എപ്പോഴും കൂടെ നിന്നു

എന്നാൽ നാട്ടുകാർ അത് മറ്റൊരു രീതിയിലാണ് വ്യാഖ്യാനിച്ചത്. പലരും പലവിധത്തിലുള്ള വർത്തമാനങ്ങൾ പറഞ്ഞുണ്ടാക്കി.

അപ്പോഴാണ് വാണിയെ കല്യാണം കഴിക്കാമെന്നൊരു തീരുമാനം മനോജ് എടുത്തത്.

​വേലായുധന്റെ മൂത്ത മകളാണ് വാണി. അവൾക്ക് താഴെ മറ്റ് രണ്ട് പെൺകുട്ടികൾ കൂടി ഉണ്ട്.

അന്ന് പ്ലസ് ടൂവിന് നല്ല മാർക്കോടുകൂടി പാസായ മിടുക്കിയായിരുന്നു വാണി.

എന്നാൽ ദാരിദ്ര്യം കാരണം അവളുടെ പഠനം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയായിരുന്നു.

മനോജും വാണിയും തമ്മിൽ ഏകദേശം പതിമൂന്ന് വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു.

അതുകൊണ്ട് തന്നെ ആദ്യം മനോജ് ഈ വിവാഹത്തിന് തയ്യാറായിരുന്നില്ല.

എന്നാൽ വാണിയുടെ അമ്മ മീനാക്ഷി ചേച്ചി മനോജിന്റെ മുന്നിൽ കൈകൂപ്പി കരഞ്ഞു പറയുകയായിരുന്നു,

“മക്കളിൽ ഒന്നിനെയെങ്കിലും ഒന്ന് വിവാഹം കഴിച്ചാൽ എനിക്ക് അത്രയും ഭാരം കുറയും…”
എന്ന്. മനോജിനെ അവർക്ക് അത്രയധികം വിശ്വാസമായിരുന്നു. അങ്ങനെയാണ് ആ വിവാഹം നടക്കുന്നത്.

​വിവാഹം കഴിഞ്ഞയുടനെ വാണിയോട് പഠനം നിർത്താൻ മനോജ് പറഞ്ഞില്ല, പകരം കോളേജിൽ പോയി തുടർന്ന് പഠിക്കാൻ ആവശ്യപ്പെടുകയാണ് ചെയ്തത്.

എന്നാൽ സ്ത്രീധനം ഒന്നുമില്ലാതെ നടത്തിയ ഈ വിവാഹത്തോട് മനോജിന്റെ അമ്മ പുഷ്പവല്ലിക്ക് ഒട്ടും താല്പര്യമുണ്ടായിരുന്നില്ല.

അവൾ ഈ വീട്ടിലേക്ക് വന്നതിനുശേഷം പുഷ്പവല്ലി കിട്ടുന്ന അവസരങ്ങളിലെല്ലാം വാണിയെ കുത്തുവാക്കുകൾ പറഞ്ഞു ദ്രോഹിച്ചു കൊണ്ടിരുന്നു.

ഇപ്പോൾ അത് കുറച്ചു കൂടുതൽ ആയിരുന്നു..

സ്ത്രീധനം ഒന്നും ഇല്ലാതെ വീട്ടിലേക്ക് കയറി വന്ന മരുമകളെ കൊണ്ട് അവിടുത്തെ ജോലി മുഴുവൻ ചെയ്യിപ്പിക്കാം എന്നൊരു ധാരണയുണ്ടായിരുന്നു പുഷ്പവല്ലിക്ക്..

ഒരു ഗതിയും ഇല്ലാത്തവൾ ഇവിടെ ഒരു വേലക്കാരിയെ പോലെ അവരുടെ കാൽ ചുവട്ടിൽ കിടക്കും എന്നവർ കണക്ക് കൂട്ടി.

പഠനത്തിനായി അവൾ കോളേജിൽ അഡ്മിഷൻ എടുത്ത് വീണ്ടും കോളേജിൽ പോകാൻ തയ്യാറെടുക്കുന്നതറിഞ്ഞപ്പോൾ പുഷ്പവല്ലിക്ക് ഭ്രാന്ത് പിടിച്ചതുപോലെയായി.

അവൾ അവനെതിരെയും വാണിക്കെതിരെയും കടുത്ത വാക്കുകൾ പറഞ്ഞു.

. പഠിപ്പും വിവരവും ഒക്കെയാകുമ്പോൾ അവനെ ഇട്ടിട്ട് വാണി വേറെ എങ്ങോട്ടെങ്കിലും പോകും എന്നായിരുന്നു അവരുടെ പ്രധാന വാദം .

​എന്നാൽ അമ്മയുടെ ആ വാദങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് തെളിയിക്കാൻ മനോജ് തീരുമാനിച്ചു.

അമ്മയുടെ എതിർപ്പുകളെ വകവെയ്ക്കാതെ അവൻ വാണിയെ കോളേജിൽ അയച്ചു. വാണിയും ആ അവസരം നന്നായി ഉപയോഗപ്പെടുത്തി.

അവൾ കഠിനാധ്വാനം ചെയ്തു പഠിച്ചു.

കോളേജിൽ നിന്നും ഉയർന്ന വിജയം നേടി പുറത്തിറങ്ങിയ വാണിക്ക് വൈകാതെ തന്നെ ഒരു ഗവൺമെന്റ് കോളേജിൽ അധ്യാപികയായി ജോലി ലഭിച്ചു.

​അന്നുമുതൽ ആ വീടിന്റെ മുഖച്ഛായ തന്നെ മാറി. ഇന്ന് അവളുടെ ജീവിതത്തിൽ എല്ലാമെല്ലാമാണ് മനോജ്

. തനിക്ക് താങ്ങും തണലുമായി നിന്ന ആ മനുഷ്യന് ഒന്നിനും കുറവുണ്ടാക്കാതെ കൂടെ നിൽക്കാൻ അവൾ എപ്പോഴും ശ്രദ്ധിച്ചു.

അവർക്ക് സന്തോഷം നിറഞ്ഞ കുടുംബജീവിതത്തിലേക്ക് കൂട്ടായി ഒരു പെൺകുഞ്ഞും പിറന്നു.

മനോജിന്റെ വീട്ടുകാരുടെ കാര്യങ്ങൾ നോക്കാനും എന്തു ആവശ്യത്തിനും മുന്നിൽ നിൽക്കാനും ഇപ്പോൾ വാണി തന്നെയാണ് മുൻപന്തിയിൽ ഉള്ളത്.

ക്രമേണ പുഷ്പവല്ലിയുടെ വായ അടഞ്ഞു അവർ വിചാരിച്ചത് പോലെ ഒന്നുമല്ല കാര്യങ്ങൾ മുന്നോട്ടു പോകുന്നത് എന്നവർക്ക് മനസ്സിലായി.

പഠിപ്പും വിവരവും ആകുമ്പോൾ മനോജിനെ തഴയും എന്ന് കരുതിയപ്പോൾ അങ്ങനെയല്ല സംഭവിച്ചത് കൂടുതൽ അവൾ മനോജിനെ ചേർത്ത് പിടിക്കുകയാണ് ഉണ്ടായത്..

എന്തിനും ഏതിനും അവൾ മനോജിനെ തന്റെ കൂടെ നിർത്തി… ഏതൊരു വളർച്ചയിലും അതിന്റെ പുറകിൽ തന്റെ ഭർത്താവാണ് എന്ന് അഭിമാനത്തോടെ പറഞ്ഞു..

സ്നേഹംകൊണ്ട് മനോജിനെ അവൾ കീഴടക്കി

​കാലം കുറച്ചുകൂടി കഴിഞ്ഞപ്പോൾ പുഷ്പവല്ലിക്ക് ആരോഗ്യപരമായ ചില അസുഖങ്ങളും വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകളും വന്നുചേർന്നു.

ആ സമയത്ത് മറ്റാരും നോക്കാൻ ഇല്ലാതിരുന്നിട്ടും പുഷ്പവല്ലിയെ സ്വന്തം അമ്മയെപ്പോലെ നോക്കിയത് വാണിയായിരുന്നു.

താൻ അത്രയധികം ദ്രോഹിച്ച ആ പെൺകുട്ടി തനിക്കായി രാപ്പകലില്ലാതെ സേവനം ചെയ്യുന്നത് കണ്ടപ്പോൾ പുഷ്പവല്ലിയുടെ കണ്ണുകൾ തുറന്നു. അന്നുവരെ വാണിയെക്കുറിച്ച് താൻ മനസ്സിൽ കരുതിയതൊക്കെ തെറ്റായിരുന്നു എന്ന് അവർക്ക് മനസ്സിലായി.

അതോടെ അവരുടെ കുത്തുവാക്കുകളും ആക്ഷേപങ്ങളും എല്ലാം നിലച്ചു.
​വിദ്യാഭ്യാസം ഒരിക്കലും ഒരാളെ അഹങ്കാരിയാക്കുകയല്ല, മറിച്ച് സഹജീവികളോട് സ്നേഹവും കരുണയും തോന്നിപ്പിക്കുകയാണ് ചെയ്യുക എന്ന വലിയൊരു പാഠമാണ് ആ സംഭവത്തിലൂടെ പുഷ്പവല്ലി പഠിച്ചത്.

മനോജിന്റെയും വാണിയുടെയും സ്നേഹവും ജീവിത വിജയവും കണ്ട് ആ നാടും ഇന്ന് അവരെ അഭിനന്ദിക്കുകയാണ്…

Leave a Reply

Your email address will not be published. Required fields are marked *