ഇങ്ങനെ ഒരു പെൺകോന്തൻ! നീയാ കൊച്ചിനെ അവളുടെ കയ്യിലേക്കങ്ങു കൊടുത്തേ,ചുമ്മാ ആണുങ്ങടെ വില കളയാനായിട്ടോരോന്ന് ചെയ്തോളും…

കഥ : നിഴൽ

അച്ചു വിപിൻ

ഇങ്ങനെ ഒരു പെൺകോന്തൻ! നീയാ കൊച്ചിനെ അവളുടെ കയ്യിലേക്കങ്ങു കൊടുത്തേ,ചുമ്മാ ആണുങ്ങടെ വില കളയാനായിട്ടോരോന്ന് ചെയ്തോളും…

എന്റെ സുഹൃത്തിന്റെ വാക്കുകൾ കേട്ട് ഞാൻ ആദ്യം ഒന്ന് ചിരിച്ചു.

പിന്നെ കൈയിലിരുന്ന കുഞ്ഞിനെ ഒന്നുകൂടി ചേർത്തു പിടിച്ചുകൊണ്ടവനോട് പറഞ്ഞു.

എടാ,ഞാൻ എടുത്തിരിക്കുന്നത് എന്റെ കുഞ്ഞിനെയാണ്. ഇവനെ ഞാൻ അല്ലാണ്ട് വേറെയാരാണ് എടുക്കേണ്ടത്?

അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു:

അതൊക്കെ ശരിയാണ് പക്ഷേ കൊച്ചിനെ നിന്റെ ഭാര്യയുടെ കയ്യിൽ കൊടുത്താൽ പോരേ അവൾ നോക്കില്ലേ?

ഇതൊക്കെ കണ്ടാൽ നാട്ടുകാർ എന്ത് വിചാരിക്കും?അവൻ എന്നോട് ചോദിച്ചു.

നാട്ടുകാർ എന്ത് വിചാരിക്കും എന്നതാണോ നിന്റെ പ്രശ്നം?
ഞാൻ അവനെ നോക്കിയ ശേഷം പറഞ്ഞു,എന്നാലേ എനിക്കാ പ്രശ്‌നമില്ല.

ഞാൻ തുടർന്നു…

എടാ,വല്ലപ്പോഴും വല്ല കല്യാണത്തിനോ വേറെ എന്തെങ്കിലും പരിപാടിക്കോ പോകുമ്പോഴാണ് ഞാൻ കൊച്ചിനെ ശരിക്കും എടുത്തോണ്ടു നടക്കുന്നത്. ബാക്കിയുള്ള ദിവസങ്ങളിൽ മോൻ ഫുൾ ടൈം അവളുടെ കയ്യിൽ തന്നെയാണ്.

രാവിലെ എഴുന്നേൽക്കുന്നത് മുതൽ രാത്രി ഉറങ്ങുന്നത് വരെ ഇവന്റെ കാര്യങ്ങൾ നോക്കുന്നത് അവളാണ്.ഇവന്റെ ഭക്ഷണം,കുളി, വസ്ത്രം, ഉറക്കം, കരച്ചിൽ അങ്ങനെ എല്ലാം.

ഇന്നീ കല്യാണത്തിന് വരാൻ വേണ്ടി അവൾ ഇത്രയും നേരം എടുത്ത് ഒരുങ്ങി.നല്ലൊരു ഹെവി സാരിയും ഉടുത്തിട്ടുണ്ട്. അതിന്റെ കൂട്ടത്തിൽ കുഞ്ഞിനെ പിടിക്കുന്നതെ ങ്ങനെയാണ്.ഇനി ഇതിന്റെ പേരിൽ എന്നെ ആരേലും പെങ്കോന്തൻ എന്ന് വിളിച്ചാൽ എനിക്കൊരു കുഴപ്പവുമില്ല

സുഹൃത്ത് ചുമലുയർത്തി.

അത് ശരിയാ… പക്ഷേ…

ഒരു പക്ഷെയുമില്ല..ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു,

എന്റെ ഭാര്യയാണ് ഇപ്പോൾ കുഞ്ഞിനെ പിടിക്കുന്നതെങ്കിൽ ആളുകൾ അതവളുടെ കടമയാണെന്ന് പറയും അച്ഛനായ ഞാൻ കുഞ്ഞിനെ പിടിച്ചാൽ ഇതേ ആളുകൾ എന്നെ ‘പെങ്കോന്തൻ’ എന്ന് വിളിക്കും.അതെന്ത് ഏർപ്പാടാണ്.

അവൻ ചിരിച്ചു.

എടാ…ഞാൻ ഒരു തമാശ പറഞ്ഞതല്ലേ? നീയത് വിട്.

എനിക്കറിയാം.പക്ഷേ ഈ തമാശയുടെ പേരിലാണ് പല വീടുകളിലും ആണുങ്ങൾ സ്വന്തം കുഞ്ഞിനെ എടുക്കാൻ പോലും മടിക്കുന്നത്.

അവനെന്റെ മുഖത്തേക്ക് നോക്കി.

കുഞ്ഞിനെ എടുത്താൽ ആണത്തം പോകുമെന്ന പേടിയിലാണ് ചിലർ.മറ്റു ചിലർക്ക് ഭാര്യയെ വീട്ടുജോലിയിൽ സഹായിച്ചാൽ കൂട്ടുകാർ കളിയാക്കുമെന്ന പേടിയും.

പക്ഷേ നീ ഒരു ഒരു കാര്യം ആലോചിച്ചിട്ടുണ്ടോ?

കുഞ്ഞിനെ വളർത്തുന്നത് ഭാര്യയുടെ മാത്രം ഉത്തരവാദിത്തമല്ല.കുഞ്ഞ് രണ്ടുപേരുടെയും കൂടിയാണ്.

എന്റെ ഭാര്യ ഞങ്ങളുടെ കുഞ്ഞിനെ ഒൻപത് മാസം വയറ്റിൽ ചുമന്നു. പ്രസവത്തിന്റെ വേദന സഹിച്ചു.രാത്രിയിൽ കുഞ്ഞ് കരഞ്ഞാൽ പലപ്പോഴും അവൾ തന്നെയാണ് എഴുന്നേൽക്കുന്നത്. അങ്ങനെയുള്ള ഒരാൾക്ക് ഒരു ദിവസം ഞാൻ കുഞ്ഞിനെ കുറച്ചുനേരം എടുത്ത് കൊടുത്താൽ എന്റെ വില കുറയുമോ?”

സുഹൃത്ത് ഒന്നും മിണ്ടിയില്ല.

അപ്പോഴേക്കും എന്റെ ഭാര്യ അടുത്തേക്ക് വന്നു.

ഇത്രയും നേരം കുഞ്ഞിനെ പിടിച്ചില്ലേ, കൈ വേദനിക്കുന്നുണ്ടാവും ഇങ്ങു താ മോനെ ഇനി ഞാൻ എടുക്കാം

ഞാൻ കുഞ്ഞിനെ കൊടുക്കാതെ അവളുടെ നേരെ നോക്കി ചിരിച്ചു.

“വേണ്ട.നീ കുറച്ചുനേരം അവിടെ പോയി ഇരിക്ക്.മോനെ ഞാൻ നോക്കിക്കോളാം.”

അവൾ അത്ഭുതത്തോടെ എന്നെ നോക്കി.

ബുദ്ധിമുട്ടാകില്ലേ?

എന്റെ കുഞ്ഞിനെ പിടിക്കുന്നതിൽ എനിക്കെന്ത് ബുദ്ധിമുട്ട്?”

അവൾ ഒന്ന് ചിരിച്ചു.

അവൾ പോയി കഴിഞ്ഞതിനു ശേഷം സുഹൃത്തെന്നോട് പറഞ്ഞു,എടാ നീ പറഞ്ഞത് ശരിയാ.”

ഞാൻ അവനെ നോക്കി. എന്താടാ ?

നമ്മൾ ആണുങ്ങൾക്ക് പലപ്പോഴും മറ്റുള്ള ആണുങ്ങൾ എന്ത് പറയും എന്നതാണ് വലിയ പേടി.

ഭാര്യയെ സ്നേഹത്തോടെ സഹായിച്ചാൽ അവളുടെ അടിമ ആണെന്ന് പറയും.

കുഞ്ഞിനെ എടുത്താൽ ‘പെങ്കോന്തൻ ആണെന്ന് പറയും.

വീട്ടുജോലി ചെയ്താൽ ‘ഭാര്യയെ പേടിക്കുന്നവൻആണെന്ന് പറയും.

പക്ഷേ നമ്മൾ വീട്ടിൽ ഒന്നും ചെയ്യാതെ മാറിനിന്നാൽ അതിനെ ‘ആണത്തം’ എന്ന് വിളിക്കേം ചെയ്യും..ഞാൻ ചിരിച്ചു.

അതാണെടാ ആളുകളുടെ പ്രശ്നം.

അപ്പോഴേക്കും കുഞ്ഞെന്റെ തോളിൽ തലവെച്ച് ഉറങ്ങിത്തുടങ്ങിയിരുന്നു.

ഞാൻ പതുക്കെ അവന്റെ നെറുകിൽ ഉമ്മവച്ചു.

എടാ ഒരു ദിവസം ഇവൻ വളരും അന്നിവൻ സ്വന്തം ഭാര്യയെയും കുഞ്ഞിനെയും എങ്ങനെ സ്നേഹിക്കണം എന്ന് പഠിക്കുന്നത് പുസ്തകത്തിൽ നിന്നല്ല.

അവൻ സ്വന്തം അച്ഛനെ കണ്ടാണ്.
ഞാന്റെ കുഞ്ഞിനെ എടുത്തതുകൊണ്ടെന്റെ എന്റെ ആണത്തം കുറയാൻ ഒന്നും പോണില്ല പക്ഷേ ഞാൻ ഭാര്യയെ ബഹുമാനിക്കുകയും അവളുടെ ഭാരത്തിൽ പങ്കുചേരുകയും ചെയ്താൽ ഒരുപക്ഷേ എന്റെ മകൻ നല്ലൊരു ഭർത്താവും നല്ലൊരു അച്ഛനുമായി വളരും.

സുഹൃത്ത് ചിരിച്ചു.

എന്നാൽ ഇന്നുമുതൽ നീ പെങ്കോന്തനല്ല… നീ ഡ്യൂട്ടി ചെയ്യുന്ന അച്ഛനാണ്.

അത് കേട്ടു ഞാനൊന്നു ചിരിച്ചു.

അപ്പോഴാണ് ഭാര്യ എന്നെ അകലെ നിന്ന് വിളിച്ചത്.

നിങ്ങൾ രണ്ടുപേരും അവിടെ നിന്ന് സംസാരിക്കാതെ ഇവിടെ വന്നിരിക്കു… ഇവിടെ ഫാനുണ്ട്.

ഞാൻ പതിയെ അവളുടെ അടുത്തേക്ക് നടന്നു….

കുഞ്ഞിനെ കൈയിലെടുക്കുന്ന അച്ഛൻ പെങ്കോന്തനല്ല മറിച്ച് കുഞ്ഞിന്റെ വളർച്ചയിൽ സ്വന്തം പങ്ക് ഏറ്റെടുക്കുന്ന അച്ഛനാണ്.

ഒരു ഭാര്യയെ സഹായിക്കുന്ന ഭർത്താവ് അവളുടെ അടിമയല്ല മറിച്ച് അവളുടെ പങ്കാളിയാണ്.

ആണത്തം എന്നത് ഭാര്യയെക്കൊണ്ടെല്ലാം ചെയ്യിപ്പിച്ച് മാറിനിൽക്കുന്നതിലല്ല മറിച്ച് അവൾ ക്ഷീണിക്കുമ്പോൾ “നീ ഇരിക്ക്, ഞാൻ നോക്കിക്കോളാം” എന്ന് പറയാൻ കഴിയുന്നതിലാണ്.

NB:ആണുങ്ങളെ, നിങ്ങളുടെ കുഞ്ഞിന്റെ ചിരിയും, നിങ്ങളുടെ ഭാര്യയുടെ സന്തോഷവും, നിങ്ങളുടെ കുടുംബത്തിലെ സമാധാനവുമായിരിക്കണം നിങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ടത് കാരണം നിങ്ങൾ ജീവിക്കുന്നത് മറ്റുള്ളവരുടെ ജീവിതമല്ല, നിങ്ങളുടെ ജീവിതമാണ്.

Leave a Reply

Your email address will not be published. Required fields are marked *