എഴുത്ത്: – സജി തൈപ്പറമ്പൻ .
രാവിലെ ജോലിയ്ക്ക് പോയ മകൻ ഒരു പെൺകുട്ടിയേയും കൂട്ടി വരുന്നത് കണ്ട് ജാനകി അമ്പരന്നു നിന്നു
അമ്മേ ഇതാരാണെന്ന് മനസ്സിലായോ?
മകൻ്റെ ചോദ്യത്തിൽ ജാനകി വിഷണ്ണയായി നിന്നു.
അമ്മേ ഇത് വല്യേട്ടൻ്റെ മോള് ശാലുവാണമ്മേ ഇന്നെനിയ്ക്ക് റെയിൽവേസ്‌റ്റേഷൻ്റെ അടുത്തുള്ള ഒരു ഷോപ്പിലായിരുന്നു വർക്ക്, അവിടെ പെയിൻ്റ് ചെയ്തോണ്ടിരിക്കുമ്പോഴാണ് , ഇവളവിടെ വന്നിട്ട് പലരോടും കിഴക്കിനിച്ചിറയിലേക്കുള്ള വഴിചോദിക്കുന്നത് ഞാൻ കണ്ടത്,
നമ്മുടെ സ്ഥലപ്പേര് കേട്ടപ്പോഴാണ് ജിജ്ഞാസയോടെ ഞാനങ്ങോട്ട് ചെന്നത് , അപ്പോഴല്ലേ ഇവളന്വേഷിക്കുന്നത്ന മ്മുടെ അഡ്രസ്സാണെന്ന് മനസ്സിലായത്,
മകൻ പറഞ്ഞത് കേട്ട് ജാനകിയുടെ മുഖത്ത് സമ്മിശ്ര വികാരങ്ങളുടെ വേലിയേറ്റമുണ്ടായി
മോളെ ശാലൂ , ,ഞങ്ങളെയൊക്കെ നിനക്ക് ഓർമ്മയുണ്ടോടാ ? ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ഈ അച്ഛമ്മയെ കാണാൻ ഒരിക്കൽ പോലും നീയൊന്ന് വന്നില്ലല്ലോ മോളേ , , ?
ജാനകി പരിഭവത്തോടെ ചോദിച്ച് കൊണ്ട് തൻ്റെ കൊച്ച് മകളെ വാത്സല്യത്തോടെ പുണർന്നു
ഓഹ് അതെങ്ങനാമ്മേ ?അവളെയും കൊണ്ട് ഏട്ടനും ഏട്ടത്തിയും ഇവിടുന്ന് പിണങ്ങി ഇറങ്ങുമ്പോൾ അവൾക്കാകെ രണ്ടോ മൂന്നോ വയസ്സല്ലേയുള്ളു ഇപ്പോൾ വർഷം പത്തിരുപതായില്ലേ? ഇതിനിടയ്ക്ക് ഏട്ടൻ ഒരിക്കൽ പോലും ഇങ്ങോട്ട് വരികയോ ഒന്ന് ഫോൺ ചെയ്യുകയോ ചെയ്തിട്ടില്ലല്ലോ? പിന്നെ ഇപ്പോഴവളിങ്ങോട്ട് വന്നതെന്താന്ന് വച്ചാൽ അവളുടെ കൂടെ ഹോസ്റ്റലിൽ താമസിക്കുന്ന മലയാളി പെൺകുട്ടികൾ നമ്മുടെ കേരളത്തെ കുറിച്ചും ഇവിടുത്തെ കൂട്ടുകുടുംബ സമ്പ്രദായത്തെ കുറിച്ചുമൊക്കെ പറഞ്ഞ് കേട്ടപ്പോൾ അവൾക്കും അങ്ങനെ എല്ലാവരുമുള്ള വീട്ടിൽ വന്ന് ,കുറച്ച് നാള് താമസിക്കണമെന്നൊരു മോഹുമുദിച്ചു,
അങ്ങനെയാണവൾ ഏട്ടൻ്റെ പഴയ ഫയലുകൾക്കിടയിൽ നിന്നും ഇവിടുത്തെ അഡ്രസ്സ് തപ്പിയെടുത്തത് , ഇപ്പോഴും ഇവളിങ്ങോട്ട് വന്ന കാര്യം ,ഏട്ടനും ഏട്ടത്തിയ്ക്കും അറിയില്ല,,
അത് കേട്ട് ജാനകിയ്ക്ക് അമ്പരപ്പുണ്ടായി
അല്ലടാ അപ്പോൾ ഇവളെ അവര് അന്വേഷിക്കില്ലേ?
ഇല്ലമ്മേ, ഇവളുടെ കോളേജിൽ നിന്നും ഒരാഴ്ച നീണ്ടു നില്ക്കുന്ന ഒരു വിനോദയാത്രയുണ്ടെന്നും അതിന് പോകുവാണെന്നും പറഞ്ഞിട്ടാണ്
അവള് ഹോസ്റ്റലിൽ നിന്നിറങ്ങിയത് , പക്ഷേ അവൾക്കൊരബദ്ധം പറ്റി, ഇറങ്ങുന്ന വെപ്രാളത്തിൽ മൊബൈൽ ഫോൺ ഹോസ്റ്റലിൽ വച്ചിട്ടാണ് അവള് വന്നിരിക്കുന്നത്
അയ്യോ അപ്പോൾ മൊബൈൽ ഫോണില്ലാതെയാണോ ഈ കുട്ടി ഇത്രയും ദൂരം വന്നത് ?അപ്പോൾ അത്യാവശ്യത്തിന് ആരെയെങ്കിലുമൊന്ന് വിളിക്കണമെങ്കിൽ എന്ത് ചെയ്യും?
അതിന് കൂട്ടുകാരികളുടെ കൈയ്യിൽ ഫോണുണ്ടല്ലോ ? മാത്രമല്ല സമയം കിട്ടുമ്പോൾ ഇവള് അങ്ങോട്ട് വിളിച്ചോളാമെന്നാണ് ഏട്ടനോട് പറഞ്ഞിരിക്കുന്നത്
എന്നാലും മോളെ നിൻ്റെ അച്ഛന് ഇത്രയും വാശിയുണ്ടോ ? ഇവിടുന്ന് പോയിട്ട് വർഷം ഇരുപതാകുന്നു. ഇത് വരെ അവന് ഇങ്ങോട്ടൊന്ന് വിളിക്കാൻ തോന്നിയില്ലല്ലോ?
അച്ഛൻ്റെ വാശി, അച്ഛമ്മയ്ക്ക് നന്നായി അറിയാവുന്നതല്ലേ? എന്നോടും ചിലപ്പോൾ പിണങ്ങിയാൽ ആഴ്ചകളോളം മിണ്ടാതിരിക്കാറുണ്ട് ,ഒരു പ്രത്യേക ക്യാരക്ടറാണ് അച്‌ഛൻ്റേത്
ശാലിനി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു
ങ്ഹാ മതിമതി , ബാക്കി വിശേഷങ്ങളൊക്കെ അവൾക്ക് എന്തേലും കഴിക്കാൻ കൊടുത്തിട്ടാവാം എന്തായാലും ഒരാഴ്ച അവളിവിടെ ഉണ്ടാവുമല്ലോ?
രാജീവൻ പറഞ്ഞത് കേട്ട് ജാനകി കൊച്ചുമോളെയും കൊണ്ട് അകത്തളത്തിലേയ്ക്ക് നടന്നു, അപ്പോഴേക്കും പുതിയൊരു അതിഥി വന്നത് കണ്ട് ആ നാല്കെട്ടിൻ്റെ നാനാവശത്ത് നിന്നും , വലുതും ചെറുതുമായ നിരവധിപേർ ആകാംക്ഷയോടെ വിശാലമായ നടുമുറ്റത്തേയ്ക്ക് വന്നു.
എല്ലാവരെയും നോക്കി ശാലു , ഹൃദയം തുറന്ന് ചിരിച്ചു , വന്നിരിക്കുന്നത് ,ജയരാജൻ്റെ മകളാണെന്ന് ജാനകിയാണ് ,എല്ലാവരെയും പരിചയപ്പെടുത്തിയത്.
ഈശ്വരാ , ജയേട്ടൻ്റെ മോള് ഇത്രയും വലുതായോ? എന്ത് പെട്ടെന്നാണമ്മേ വർഷങ്ങൾ പോയത് ?, അന്ന് ഈ വീട്ടിലെ കിലുക്കാം പെട്ടി അല്ലായിരുന്നോ ഇവള് ?നമ്മുടെ ശാലുമോള് , മോളിങ്ങ് വന്നേ , അപ്പച്ചി ഒന്ന് കെട്ടിപിടിക്കട്ടെ ,
ജയരാജൻ്റെ നേരെ ഇളയ സഹോദരി രേണുകയായിരുന്നത് , തൻ്റെ ഏട്ടൻ്റെ മകളെ വാത്സല്യത്തോടെ ചേർത്ത് പിടിച്ച് ഉമ്മവച്ചിട്ട് തൻ്റെ മക്കൾക്ക് അവളെ പരിചയപെടുത്തി കൊടുത്തു
അവരെ കൂടാതെ രാജീവൻ്റെ താഴെയുള്ള സഹോദരിയും ഭർത്താവും അവരുടെ രണ്ട് പെൺകുട്ടികളും പിന്നെ രാജീവൻ്റെ ഭാര്യയും രണ്ടാൺകുട്ടികളും ജാനകിയുടെ അവിവാഹിതനായ സഹോദരൻ ലക്ഷ്മണനുമടക്കം ഏതാണ്ട് ഇരുപതിൽ പരം അംഗങ്ങൾ ഒരുമിച്ച് താമസിക്കുന്ന വലിയൊരു കൂട്ട് കുടുംബമായിരുന്നത്
ഇത്രയും നാൾ ഏകാന്തതയിൽ ജീവിച്ചിരുന്ന ശാലിനിയ്ക്ക് ആരവം നിറഞ്ഞ ആ വലിയ തറവാട്ടിലേയ്ക്ക് വന്നപ്പോൾ കണ്ണും മനസ്സും നിറഞ്ഞു , അപ്പച്ചിമാരുടെയും ഇളയച്ചൻ്റെയുമൊക്കെ മക്കളുമായി നാലഞ്ച് ദിവസം കടന്ന് പോയതറിഞ്ഞതേയില്ല ,
കളിയും ചിരിയും തമാശയുമൊക്കെയി കഴിഞ്ഞ് പോയ ദിനങ്ങളിൽ ഒരിക്കൽ പോലും മറ്റ് ചിന്തകളൊന്നും അവളുടെ മനസ്സിലേയ്ക്ക് കടന്ന് വന്നില്ല
ഒടുവിൽ, തിരിച്ച് പോകണ്ടേ ? എന്ന് , രാജീവൻ അവളെ ഓർമ്മിപ്പിച്ചപ്പോൾ മുതൽ അവളുടെ ഉള്ള് പിടയാൻ തുടങ്ങി.
ഇനി ജീവിതത്തിൽ ഒരിക്കലും തനിയ്ക്ക് ഇത് പോലൊരു ദിവസം കിട്ടില്ലെന്ന് അവൾക്ക് നന്നായി അറിയാമായിരുന്നു
എങ്കിലും കഴിഞ്ഞ കുറച്ച് ദിവസങ്ങൾ തനിയ്ക്ക് കിട്ടിയ നല്ല നല്ല അനുഭവങ്ങൾ അവൾ മനസ്സിൽ ചേർത്ത് വച്ചു , ഇടയ്ക്ക് ഒറ്റപ്പെടല് തോന്നുമ്പോൾ ഓർത്ത് സമാധാനിക്കാനുള്ള അപൂർവ്വ മുഹൂർത്തങ്ങൾ അവൾ മനസ്സിൽ കരുതി വച്ചപ്പോൾ കണ്ണിമാങ്ങ അച്ചാറും ഉപ്പേരി വറുത്തതും അവലൂസ് ഉണ്ടയുമൊക്കെ കെട്ടിപ്പൊതിഞ്ഞ് ഞാനകി അവളുടെ ബാഗിൽ വയ്ക്കാൻ മറന്നില്ല
വികാരനിർഭരമായ ഒരു യാത്ര പറച്ചിലിനൊടുവിൽ കണ്ണീരണിഞ്ഞ മിഴികളോടെ അവളെ തൻ്റെ ബൈക്കിന് പിറകിൽ വച്ച് രാജീവൻ പോകുന്നത്, നിറമിഴികളോടെയാണ് ജാനകിയും മറ്റുള്ളവരും നോക്കി നിന്നത്
ഏതാണ്ട് അൻപത് കിലോമീറ്ററിനപ്പുറമുള്ള അനാഥമന്ദിരത്തിൻ്റെ ഗേറ്റിനകത്തേയ്ക്ക് രാജീവൻ്റെ ബൈക്ക് കടന്ന് ചെല്ലുമ്പോൾ അവരെ കാത്ത് ,സിസ്റ്റർ ബെറ്റിജിയാൻ , പൂമുഖത്ത് തന്നെ നില്പുണ്ടായിരുന്നു
ഇതാ സിസ്റ്റർ ,നിങ്ങടെ ശാലിനിയെ ഭദ്രമായി ഞാൻ തിരിച്ച് കൊണ്ട് വന്നിട്ടുണ്ട് , അവൾക്കിനിയും അവിടെ തുടരണമെന്നുണ്ട് പക്ഷേ കള്ളത്തരം പറഞ്ഞ് ഒത്തിരി നാള് അവിടെ കഴിയാൻ പറ്റില്ലല്ലോ?
അത് ശരിയാണ് രാജീവ് , നിങ്ങളോട് ഞങ്ങൾക്ക് തീർത്താൽ തീരാത്ത കടപ്പാടുണ്ട്, കുറച്ച് മാസങ്ങൾക്ക് മുമ്പ് ഇവിടുത്തെ പെയിൻ്റിംഗ് വർക്കിനായി വന്ന നിങ്ങളുടെ ആത്മാർത്ഥതയും നിഷ്‌കളങ്കതയും കണ്ടാണ് ഇവിടെയുള്ള മദർസുപ്പീരിയറിനും മറ്റും നിങ്ങളെ ഇഷ്ടമായത് , അതിന് ശേഷം നിങ്ങളുടെ വെഡ്ഡിങ്ങ് ആനിവഴസേറിക്ക് ഭാര്യയുമായി വന്നിട്ട് ,ഇവിടുത്തെ അന്തേവാസികൾക്ക് ഭക്ഷണവും മറ്റ് സമ്മാനങ്ങളുമൊക്കെ നല്കി, അന്നാണ് നിങ്ങളുടെ ഭാര്യയോട് ഒരാഗ്രഹം ശാലു പറയുന്നത് ,അവൾക്ക് കുറച്ച് ദിവസമെങ്കിലും അച്‌ഛനും അമ്മയും സഹോദരങ്ങളുമൊക്കെയുള്ള ഒരു വലിയ തറവാട്ടിൽ താമസിക്കണമെന്ന്, പാവം കുട്ടി മറ്റുള്ളവരൊക്കെ നാലും അഞ്ചും വയസ്സ് വരെ സ്വന്തം മാതാപിതാക്കളോടൊപ്പം കഴിഞ്ഞതിന് ശേഷം ,ദാരിദ്ര്യം കാരണമാണ് ഇവിടെ കൊണ്ട് വിട്ടിട്ടുള്ളത് ,ഇടയ്ക്കിടെ അവരുടെ പേരൻ്റ്സ് ,അവരെ വന്ന് കാണുകയും ,പുറത്ത് കൊണ്ട് പോകുകയുമൊക്കെ ചെയ്യുന്നത് കാണുമ്പോൾ ,എൻ്റെ ശാലുമോള് മാത്രം, സങ്കടപ്പെട്ടിരിക്കുന്നത് കാണാം അത് കണ്ട് ഞങ്ങളുടെ ചങ്ക് പിടയുമായിരുന്നു ,
കാരണം ,ചോരക്കുഞ്ഞായപ്പോൾ തന്നെ, ആരോ ഈ മുറ്റത്ത് കൊണ്ട്അ വളെ ഉപേക്ഷിച്ചതല്ലേ ? അവൾക്കും ഒരു കുടുംബത്തിൽ കഴിയണമെന്ന് ആഗ്രഹം തോന്നിയാൽ തെറ്റ് പറയാനാവില്ലല്ലോ ? എന്തായാലും രാജീവും ഭാര്യയുമായി കുറച്ച് റിസ്ക് എടുത്തിട്ടാണെങ്കിലും ,ശാലുവിൻ്റെ ആഗ്രഹം സാധിച്ച് കൊടുത്തല്ലോ? കർത്താവ് നിങ്ങടെ കുടുംബത്തെ കാത്ത് കൊള്ളും ,പിന്നെ തിരിച്ച് ചെല്ലുമ്പോൾ ഭാര്യയോട് ,ഞങ്ങടെ അന്വേഷണം പറയണേ ,,
സിസ്റ്ററോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ ബൈക്ക് സ്റ്റാർട്ടാക്കിയിട്ട് ഒരിക്കൽ കൂടി അയാൾ തിരിഞ്ഞ് നോക്കി ,
അവിടെ സിസ്റ്ററിൻ്റെ തോളിൽ തല ചായ്ച്ച് കണ്ണീരോടെ തന്നെ നോക്കി നില്ക്കുന്ന ശാലുവിനെ കണ്ട് ,അയാളുടെ ഹൃദയം നുറുങ്ങി.
ഇങ്ങനെ എത്രയെത്ര അനാഥ കുട്ടികൾ, അശരണരായി ഏകാന്തതയുടെ കൈപ്പ്നീര് നുണഞ്ഞ്, ഒരിക്കലെങ്കിലും ഒരു കുടുംബത്തിൽ, ബന്ധുജനങ്ങളുടെ ഇടയിൽ , ആരവങ്ങൾക്കും ആഘോഷങ്ങങ്ങൾക്കുമിടയിൽ ,മതിമറന്ന് ജീവിക്കാൻ ആഗ്രഹിക്കുനുണ്ടാവും ,എല്ലാ അനാഥർക്കും അതിനുള്ള ഭാഗ്യമുണ്ടാവട്ടെ.🙏😊
