കുറച്ചു നേരം എന്റെ മുഖത്തേക്ക് നോക്കിയിരുന്നിട്ട്, അവരൊരു ഡയറി എനിക്ക് നേരെ നീട്ടി, അതിന്റെ പുറംകവർ കണ്ടപ്പോൾ അച്ഛന്റെ കയ്യിലും ഇതുപോലെയൊന്ന് കണ്ടിട്ടുള്ളത് എന്റെ ഓർമ്മയിൽ തെളിഞ്ഞു….

_upscale

എഴുത്ത്:-ശ്യാം കല്ലുകുഴിയിൽ

അച്ഛൻ മരിച്ച് മൂന്നിന്റെന്നാണ് ചിതയ്ക്കരികിലെ വാടിയ ചെമ്പക മരവും ചാരി നിൽക്കുന്ന സ്ത്രീയേ കണ്ടത്. നരച്ച കോട്ടൺ സാരി തുമ്പുകൊണ്ട് കണ്ണുനീരൊപ്പി നിൽക്കുന്ന അവർക്കരികിലേക്ക് ഞാൻ നടക്കുന്നത് കണ്ടാകാം പെട്ടെന്ന് മുഖം തുടച്ചുകൊണ്ടവർ റോഡിലേക്ക് ഇറങ്ങിയതും, അതുവഴി വന്ന ഓട്ടോയ്ക്ക് കൈ കാണിച്ച് കയറി പോയതും….

അന്നുതന്നെ കവലയിലെ ഓട്ടോക്കാരനോട് അവരുടെ വീട് ചോദിച്ചു മനസ്സിലാക്കിയെങ്കിലും അച്ഛന്റെ ചടങ്ങ് കഴിഞ്ഞാണ് അവരെ തിരക്കി പോയത്…

പൊളിഞ്ഞു വീഴാറായ ആ പഴയ വീടിന്റെ ഓടുകൾ പലതും നിലത്തുവീണ് പൊട്ടി കിടപ്പുണ്ട്, ഉമ്മറത്ത് ആരെയും കാണാത്തത് കൊണ്ടാണ് അടുക്കള വശത്തേക്ക് നടന്നത്, തുറന്ന് കിടക്കുന്ന അടുക്കള വാതിലിലേക്ക് നോക്കി വിളിക്കുമ്പോൾ മെലിഞ്ഞുണങ്ങിയ ഒരു സ്ത്രീ പുറത്തേക്ക് ഇറങ്ങി വന്നു..

” ആരാ….. “

ഇവരുതന്നെയാണോ അന്ന് വീട്ടിൽ വന്നതെന്ന് ഓർത്തെടുക്കാൻ ആ മുഖത്തേക്ക് നോക്കി നിൽക്കുമ്പോൾ അവർ പിന്നേം ചോദിച്ചു.

” ആരാ… എന്തുവേണം… “

” നിങ്ങൾ…. നിങ്ങൾക്കെന്റെ അച്ഛനെ അറിയോ…. “

എന്റെ ചോദ്യം കേട്ടവർ അല്പനേരം സംശയത്തോടെ എന്നെ നോക്കി നിന്നു..

” അതിനു കുട്ടിയേതാണെന്ന് മനസ്സിലായില്ല പിന്നെയല്ലേ കുട്ടിയുടെ അച്ഛനെ…. “

” അന്ന് മരണ വീട്ടിൽ വന്നില്ലായിരുന്നോ ഓർമ്മയില്ലേ… “

പിന്നെയും എന്റെ ചോദ്യം കേട്ടവരുടെ മുഖഭാവം മാറി….

” കുട്ടിക്ക് ആള് മാറിയതാകും ഞാനെങ്ങും പോകാറില്ല… “

അവരുടെ ശബ്ദത്തിൽ എന്റെ ചോദ്യങ്ങൾ ഇഷ്ടമാകാത്തതിന്റെ നീരസം ഉണ്ടായിരുന്നു.

മറ്റൊന്നും ചോദിക്കാൻ കഴിയാതെ പോകാനായി തിരിയുമ്പോഴാണ് അവരന്ന് ഉടുത്തിരുന്ന നരച്ച കോട്ടൺ സാരി കഴുകി വിരിച്ചിട്ടേക്കുന്നത് കണ്ണിലുടക്കിയത്…

” അന്ന് ഈ സാരിയായിരുന്നു ഉടുത്തിരുന്നത് എനിക്കോർമ്മയുണ്ട്… “

ഓർത്തെടുത്ത് ഞാൻ പറയുമ്പോൾ അവരൊന്നും മിണ്ടാതെ അടുക്കള വാതിൽ വലിച്ചടച്ചു അതിന്റെ ശക്തിയിൽ കഴുക്കോലിൽ പൊട്ടിയിരുന്ന ഒരോട് കൂടി നിലംപതിച്ചു….

അവർ ആരാകുമെന്ന ചിന്തകൾ ഓരോ നിമിഷവും മനസ്സിനെ അസ്വസ്ഥ പ്പെടുത്തിയത് കൊണ്ടാണ് അന്ന് സന്ധ്യ കഴിഞ്ഞിട്ട് അവരെ കാണാൻ ഇറങ്ങിയത്. അച്ഛന്റെ പഴയ സ്കൂട്ടറിൽ പോകുമ്പോൾ അത് കണ്ടെങ്കിലും അവർ മനസ്സ് തുറക്കുമെന്നുള്ള പ്രതീക്ഷയായിരുന്നു…

മുറ്റത്തേക്കെത്തുമ്പോൾ സ്കൂട്ടറിന്റെ ശബ്ദം കേട്ടാകണം അവർ വാതിൽ തുറന്നപ്പോൾ മുഖത്തൊരു പുഞ്ചിരി ഉണ്ടായിരുന്നത്, എന്നെ കാണുമ്പോൾ അത് പെട്ടെന്ന് മായുകയും അവർ ഉള്ളിലേക്കു കയറി പോവുകയും ചെയ്തു….

ഒന്നും മിണ്ടാതെ വാതിൽപ്പടിയിൽ ഞാൻ ഇരിക്കുമ്പോൾ അവർ ഉള്ളിലെ നിറം മങ്ങിയ പ്ലാസ്റ്റിക് കസേരയിലിരുന്നു ജന്നലിലൂടെ പുറത്തേക്ക് നോക്കിയിരുന്നു….

” നിങ്ങൾക്കെന്റെ അച്ഛനെ അറിയില്ലേ…. “

ഞാൻ ചോദിക്കുമ്പോഴും അവരൊന്നും മിണ്ടാതെ പുറത്തേക്ക് നോക്കിയിരുന്നതേയുള്ളു…

” നിങ്ങളൊന്ന് പറയോ…. “

അറിയാനുള്ള ആകാംക്ഷയും അവർ മിണ്ടാത്തതിന്റെ ദേഷ്യവും കൊണ്ടാണ് ശബ്ദം ഉച്ചത്തിലായത്….

കുറച്ചു നേരം എന്റെ മുഖത്തേക്ക് നോക്കിയിരുന്നിട്ട്, അവരൊരു ഡയറി എനിക്ക് നേരെ നീട്ടി, അതിന്റെ പുറംകവർ കണ്ടപ്പോൾ അച്ഛന്റെ കയ്യിലും ഇതുപോലെയൊന്ന് കണ്ടിട്ടുള്ളത് എന്റെ ഓർമ്മയിൽ തെളിഞ്ഞു. അത് പറയാൻ നിൽക്കാതെ വേഗം ഡയറി താളുകൾ മറിച്ചു…

” സുമലത ദാസൻ… “

ആദ്യ പേജിൽ കണ്ട പേരിന് മുകളിൽ കൂടി വിരലോടിച്ചു കൊണ്ട് ഞാൻ താളുകൾ ഓരോന്ന് മറിച്ചു. മനോഹരമായ കൈയക്ഷരങ്ങളോട് കൂടി എഴുതി വച്ചിരിക്കുന്ന എട്ടും പത്തും വരികളുള്ള കുഞ്ഞു കവിതകൾ, അതിൽ ചില വാക്കുകൾ വെട്ടി തിരുത്തിയും, പുതിയ വാക്കുകൾ കൂട്ടി ചേർത്തും എഴുതിയിട്ടുള്ളവയ്ക്ക്, അച്ഛന്റെ കൈയക്ഷരം ആണെന്നത് എന്നെ അത്ഭുതപ്പെടുത്തി..

” ഇതുപോലൊരു ഡയറി അച്ഛന്റെ കയ്യിൽ കണ്ടിട്ടുണ്ട്…. “

അത് വായിൽ നിന്ന് വീഴുമ്പോഴും ഓരോ താളുകൾ മറിച്ചു വായിക്കുകയായിരുന്നു ഞാൻ എല്ലാത്തിന്റെയും അവസാനം ” സുമലത ദാസൻ….” എന്ന പേരും….

” നിങ്ങളും അച്ഛനും തമ്മിൽ എങ്ങനെ…… “

മനസ്സിലുണ്ടായിരുന്നത് മൊത്തമായി ചോദിക്കാൻ കഴിയാതെ ഞാനവരെ നോക്കുമ്പോൾ ചെറു പുഞ്ചിരിയോടെ അവർ ആകാശത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു….

” നിങ്ങൾക്ക് തമ്മിൽ ഇഷ്ടത്തിൽ ആയിരുന്നോ… “

ഡയറി മടക്കി വച്ച് ഞാൻ അവരെ നോക്കിയിരുന്നു…

” ആയിരുന്നു വർഷങ്ങൾക്ക് മുൻപൊരു ആഗസ്റ്റ് മാസം മുപ്പതാം തീയതി വരെ….. “

ആകാശത്ത് നിന്ന് കണ്ണെടുക്കാതെയാണവർ പറഞ്ഞത്, അത് കേട്ടതും ആ തീയതിയിലേക്ക് വേഗം താളുകൾ മറിച്ചു, വെട്ടി കളയലുകളോ, കൂട്ടി ചേർക്കലുകളോ ഇല്ലാത്ത എട്ടുവരി കവിത, അതിനു താഴെ സുമലത എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു, ബാക്കി താളുകളൊക്കെ മറിച്ചുനോക്കിയെങ്കിലും എല്ലാം ശൂന്യമായിരുന്നു….

” അന്ന്, അന്നെന്താ സംഭവിച്ചേ… “

ഡയറി മടക്കി അവർക്കരികിലേക്ക് കസേര വലിച്ചിട്ടു ആകാംക്ഷയോടെ ഞാൻ ചോദിച്ചു…

” അന്നായിരുന്നു എന്റെ ജന്മദിനം… “

” എന്നിട്ട്…. “

അവർ പറഞ്ഞു നിർത്തുമ്പോഴേക്കും ഞാൻ വീണ്ടും ചോദിച്ചു , എന്റെ ആകാംക്ഷ കണ്ടാണ് അവർ കുറച്ചു നേരം എന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ചത്….

” അന്ന് നിന്റെ അച്ഛൻ ഒരു സമ്മാനവുമായിയാണ് വന്നത്…. “

അത് പറഞ്ഞെന്റെ കയ്യിൽ നിന്ന് ഡയറി വാങ്ങി നെഞ്ചോട് ചേർത്തവർ കുറച്ചു നേരം കണ്ണടച്ചിരുന്നു…..

” രണ്ടാഴ്ച കഴിഞ്ഞുള്ള ഓണത്തിന് നിന്റെ അമ്മയും ആയിട്ടുള്ള കല്യാണം ഉറപ്പിച്ച കാര്യം പറഞ്ഞ് നിന്റെ അച്ഛൻ പോയി….. “

” എന്നിട്ട്,,,, എന്നിട്ട് നിങ്ങൾ എതിർത്തില്ലേ, വഴക്കിട്ടില്ലേ….’

എന്റെ ചോദ്യം കെട്ടവർ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു….

” ഞാൻ എന്തിനാ എതിർക്കുന്നത്, എന്നെ വേണ്ടാഞ്ഞിട്ട് പോയതല്ലേ, എന്നെ ഒപ്പം കൂട്ടാൻ കഴിയാഞ്ഞിട്ടല്ലേ വേറെ പെണ്ണിനെ നോക്കിയത്, അങ്ങനെയുള്ള ആളിനോട് ഞാൻ എന്താ പറയുക, എന്തുപറഞ്ഞാ ചേർത്ത് നിർത്തുക, അല്ലേ തന്നെ ഇതൊന്നും ആരുടെ കയ്യിൽ നിന്നും പിടിച്ചു വാങ്ങേണ്ടാതല്ലല്ലോ,…. “

നിറഞ്ഞ കണ്ണുകൾ തുടയ്ക്കാതെയാണവർ എന്നിൽ നിന്നും നോട്ടം പുറത്തേക്ക് മാറ്റിയത്….

” പെട്ടെന്ന് കേട്ടപ്പോൾ ഒന്നും പ്രതികരിക്കാൻ പറ്റുന്ന മാനസികാവസ്ഥ യിലല്ലായിരുന്നു, എന്തുപറയണം എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ, ഒരു പക്ഷേ കുറച്ചു നേരം കൂടി നിന്റെ അച്ഛൻ എന്നെ കേൾക്കാൻ നിന്നിരുന്നെങ്കിൽ ഞാനും പ്രതികരിച്ചേനെ, ഒന്നുമില്ലേലും പൊട്ടിക്കരയാനെങ്കിലും സാധിച്ചേനെ…. “

കണ്ണുനീരിനൊപ്പം മുഖം തുടച്ചവർ വെറുതെ ചിരിക്കാനൊരു ശ്രമം നടത്തി തോറ്റുപോയത് കൊണ്ടാകും എന്റെ മുഖത്തേക്ക് നോക്കാതിരുന്നത്..

” നിങ്ങൾ വേറെ കല്യാണം…. “

മടിച്ചു മടിച്ചാണ് ചോദിച്ചത്…

” അതിന് എന്റെ ഹൃദയവും കൊണ്ടല്ലേ നിന്റച്ഛൻ പോയത്, അതില്ലാതെ ഞാനെങ്ങനെ മറ്റൊരാളെ സ്നേഹിക്കും, എങ്ങനെ വിവാഹം കഴിക്കും…. “

വെറുതെ ഡയറി താളുകൾ ഓരോന്ന് മറിച്ചവർ ഇരുന്നു…

” അതിൽ പിന്നേ ഒന്നും എഴുതിയില്ലേ…. “

” എന്റെ പൊട്ടത്തരങ്ങൾ വായിക്കാൻ ആളില്ലാതെ, തെറ്റുകൾ തിരുത്താൻ ആളില്ലാതെ, അവസാനമത് ഉച്ചത്തിൽ ചൊല്ലാൻ ആളില്ലാതെ ….. ഞാൻ…. ഞാൻ പിന്നെ ആർക്ക് വേണ്ടിയാ കുട്ടി എഴുതുക….. “

ഒരു നെടുവീർപ്പോടെ അവർ ഡയറിയും നെഞ്ചോട് ചേർത്ത് കണ്ണടച്ചിരുന്നു…..

” നീ എന്തേലും കഴിക്കുന്നുണ്ടോ, ഞാൻ കൃത്യസമയത്ത് ആഹാരം കഴിക്കും കുറെ മരുന്നുകൾ കഴിക്കാനുള്ളതാ… “

അത് പറഞ്ഞവർ എന്റെ മുഖത്ത് നോക്കാതെയാണ് ഉള്ളിലേക്ക് കയറി പോയത്, തിരികെ വരുമ്പോൾ രണ്ട് സ്റ്റീൽ പാത്രങ്ങൾ കയ്യിൽ പിടിച്ചിരുന്നു, അതിലൊന്നവർ എനിക്ക് നേരെ നീട്ടി, ചോറിന് നടുക്കായി കറിയും അതിനു വശങ്ങളിലായി എന്തോ തോരനും. ഞാൻ പാത്രത്തിൽ നിന്ന് കണ്ണെടുത്തവരെയൊന്ന് നോക്കി, അവരുടെ ആ പുഞ്ചിരിക്ക് വല്ലാത്ത സൗന്ദര്യം ഉണ്ടായിരുന്നപ്പോൾ….

” പിന്നേ അച്ഛൻ കാണാൻ വന്നിട്ടില്ലേ…. “

ചോറും കറിയും കുഴച്ച് ഉരുളയുരുട്ടി കഴിക്കുന്ന അവർ, എനിക്ക് മറുപടി തരാൻ വേണ്ടി ചോറ് ചവച്ചിറക്കുന്നതിനൊപ്പം ഒരു കവിൾ വെള്ളവും കൂടി ഇറക്കി….

” നിന്റയമ്മ മരിച്ചു കഴിഞ്ഞിട്ട് ഒരു തവണ വന്നിരുന്നു, നിന്റെ അമ്മയായി എന്നെ ആ വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ട്…”

അത് പറഞ്ഞു തീരുമ്പോഴേക്കും അവർ അടുത്ത ഉരുളയുരുട്ടി വായിലേക്ക് വച്ചു….

” പിന്നെന്തേ വരാതിരുന്നേ….. “

” വന്നില്ല,,, വരാൻ തോന്നിയില്ല…”

പാത്രത്തിൽ ഉണ്ടായിരുന്ന ബാക്കി വറ്റുകളെല്ലാം വാരി കൂട്ടിയവർ വായിലേക്ക് വച്ചു…

” ആൾക്കൊപ്പമല്ലേ ഞാൻ ജീവിതം സ്വപ്നം കണ്ടത്, ഒരു കാരണവും ഇല്ലാതെ, എന്നെയൊന്ന് കേൾക്കപോലും ചെയ്യാതെ, ഒരു ദിവസം ഇറങ്ങിപ്പോയൊരാൾ, ആ ആളുടെ ജീവിതത്തിലേക്ക് ഒരു സെക്കന്റ്‌ ചോയ്സ് ആകാൻ എനിക്ക്… എനിക്ക് പറ്റില്ല കുട്ടി… ഞാൻ അനുഭവിച്ച വേദനകൾക്ക് ഒരു വിലയില്ലാതായി പോകും….. “

അത് പറഞ്ഞവർ കഴിച്ചു കഴിഞ്ഞ രണ്ട് പാത്രങ്ങളുമായി അടുക്കളയിലേക്ക് നടന്നു, അവരെ പോലെ തന്നെയായിരുന്നു ആഹാരവും പതിയെ കഴിച്ചു വരുമ്പോഴേക്കും നല്ല സ്വാദ് ഉണ്ടായിരുന്നു….

അവർ തിരികെ എത്തുമ്പോഴേക്കും ഞാൻ പോകാനായി ഇറങ്ങി, വണ്ടിയിൽ കയറി തിരിഞ്ഞു നോക്കുമ്പോൾ ഉമ്മറ വാതിലും ചാരി അവർ നിൽപ്പുണ്ടായിരുന്നു, പഴയ ദേഷ്യമില്ല മുഖത്ത് പുഞ്ചിരി വിരിഞ്ഞിട്ടുണ്ട്…

തിരികെ വീട്ടിൽ എത്തുമ്പോൾ ഓടി പോയി അച്ഛന്റെ അലമാരയാണ് ആദ്യം പരിശോദിച്ചത്, പഴയ തുണികൾക്കിടയിൽ ഞാൻ കണ്ടു കളർ മങ്ങിയ ആ ഡയറി. വേഗത്തിൽ താളുകൾ മറിച്ചു നോക്കുമ്പോൾ അവരുടെ ഡയറിൽ തിരുത്തിയ കവിതകൾ അതേപടി ഇതിലും പകർത്തിയിട്ടുണ്ട് അതും അവരുടെ മനോഹരമായ കൈപ്പടയോട് കൂടി….

ഞാൻ വേഗം ഓഗസ്റ്റ് മുപ്പത്തിലെ പേജ് മറിച്ചു, ഇല്ല അതിൽ ഒന്നും എഴുതിയിട്ടില്ല, പിന്നെയുള്ള താളുകളിൽ നിറയെ അവരുടെ പേരും കുറെ ക്ഷമാപണങ്ങളും, ചില അക്ഷരങ്ങളിൽ മഷി പടർന്നിരിക്കുന്നത് ചിലപ്പോൾ അച്ഛന്റെ കണ്ണുനീർ വീണാകാം, പേനകൊണ്ട് വെ ട്ടി തിരുത്തി കീറിയ താളുകളും, പേനയുടെ നിബ്ബ് കുത്തി ഇറക്കിയതുമായ ബാക്കി താളുകൾ,… അല്ലേലും എല്ലാം നഷ്ട്ടപ്പെട്ടു കഴിയുമ്പോഴാ ണാലോ മനുഷ്യന് കുറ്റബോധവും, പ്രായശ്ചിത്തം ചെയ്യണമെന്നും തോന്നുക…

ആ രാത്രി ഡയറി നെഞ്ചോട് ചേർത്ത് അച്ഛന്റെ കട്ടിലിൽ കിടക്കുമ്പോൾ മനസ്സ് നിറയെ അവരുടെ ആ പ്രണയകാലത്തെ കുറിച്ചുള്ള ചിന്തകളായിരുന്നു, അവർ എവിടെ വച്ചാക്കും പരസ്പരം കണ്ടിട്ടുണ്ടാവുക, എപ്പോഴായിരിക്കും കവിതകൾ എഴുതിയിട്ടുണ്ടാവുക, ഇതുവരെ ഒരുവരി മൂളിപ്പാട്ട് പോലും പാടി കേട്ടിട്ടില്ലാത്ത അച്ഛൻ അവർക്ക് വേണ്ടി കവിതകൾ ചൊല്ലുന്നത് എത്ര മനോഹരമായിട്ടാകും, അത് കേൾക്കാനുള്ള ഭാഗ്യം അവർക്ക് മാത്രമേ ഉണ്ടായിരുന്നല്ലോ എന്നോർക്കുമ്പോൾ അവരോട് കുശുമ്പുതോന്നി…..

അച്ഛൻ ചെയ്തത് ന്യായീകരിക്കാൻ വേണ്ടിയല്ലെങ്കിലും ആ ഡയറി അവരെ കാണിക്കണമെന്ന് തോന്നി, ആ മനുഷ്യൻ വർഷങ്ങളോളം അവരെയോർത്ത് സങ്കടപ്പെട്ടിരുന്നു, ചെയ്തുപോയത് ഓർത്ത് പശ്ചാത്താപിച്ചിരുന്നു എന്നവർ അറിയാൻ വേണ്ടിയാണ് പിറ്റേന്ന് ആ ഡയറിയും പിടിച്ചവരുടെ വീട്ടിലേക്ക് പോയത്….

ഡയറി മൊത്തം മറിച്ചു നോക്കി മടക്കി തന്ന അവരുടെ മുഖത്ത് പ്രത്യേകിച്ചൊരു മുഖഭാവവും ഉണ്ടായിരുന്നില്ല, എന്നോടൊന്നും മിണ്ടാതെയവർ അടുക്കളയിൽ ഓരോ പണികൾ ചെയ്തു കൊണ്ടിരുന്നു, പിന്നെയൊന്നും അവരോട് പറയാനില്ലാതെ കുറച്ചു നേരം അവിടെത്തന്നെ നിന്ന ശേഷമാണ് തിരികെ നടന്നത്…..

ഇന്നലെ രാത്രി മനസ്സിൽ കരുതിയെ പോലെ അവരെ വീട്ടിലേക്ക് ക്ഷണിക്കണമോ വേണ്ടയോയെന്ന ചോദ്യം ഉത്തരം കിട്ടാതെ പിന്നെയും ബാക്കിയായി, ചോദിച്ചാലും അവർ വരില്ലെന്നറിയാം ഒരു പക്ഷേ ചോദിക്കാതിരുന്നാൽ ചോദിച്ചില്ലല്ലോ എന്നുള്ള കുറ്റബോധമാകും. ചോദിക്കാൻ ഉറപ്പിച്ച് ഞാൻ വീണ്ടും അവർക്കരികിലേക്ക് നടന്നു….

” അമ്മ വരുന്നോ എനിക്കൊപ്പം… “

എന്റെ ചോദ്യം കേട്ടിട്ടും കേൾക്കാതെ പോലെ അവർ എന്റെ മുഖത്തേക്ക് നോക്കി നിന്നു….

” അമ്മ ഇവിടെ തനിച്ചല്ലേ എനിക്കൊപ്പം പോന്നൂടെ…. “

അത് കേട്ടവരുടെ മുഖത്ത് പതിവ് പുഞ്ചിരി വിരിഞ്ഞു, ചെയ്‌തു കൊണ്ടിരുന്ന ജോലി നിർത്തി കൈകൾ സാരി തുമ്പിൽ തുടച്ചവർ മുറ്റത്തേക്ക് ഇറങ്ങി….

” എന്റെ സങ്കടവും, സന്തോഷവും, ചിരിയും, കരച്ചിലുമൊക്കെ ഈ നാല് ചുവരുകൾക്കുള്ളിലാണ്, ഇവിടെ നിന്നിറങ്ങിയ ചിലപ്പോൾ ഞാൻ ഞാനല്ലതായി പോകും…. ഞാൻ ഇവിടെ തന്നെ കാണും മരിക്കും വരെ…. “

ഇത്തവണ അവർ പുഞ്ചിരിച്ചപ്പോൾ നിറഞ്ഞതെന്റെ കണ്ണുകൾ ആയിരുന്നു, കരച്ചിൽ കൈവിട്ട് പോകുമെന്ന് തോന്നിയപ്പോൾ ഞാൻ അവരെയൊന്ന് കെട്ടിപിടിച്ചു ഒന്നും മിണ്ടാതെ അൽപ്പനേരം നിന്ന ശേഷം തിരിഞ്ഞു നടക്കുമ്പോൾ ഞാൻ അവരുടെ മുഖത്ത് നോക്കിയിരുന്നില്ല….

അവരാണ് ശരി ഒരായുസ്സ് മുഴുവൻ തനിച്ചു ജീവിക്കാൻ വിട്ടു കൊടുത്തിട്ട് ഇനി ആരുടെയും സ്നേഹമോ, സഹതാപമോ അവർക്ക് ആവശ്യമില്ല……

Leave a Reply

Your email address will not be published. Required fields are marked *