Story written by Anju Thankachan
പെങ്ങളുടെ ആവശ്യം കേട്ട് ഞാൻ കണ്ണ് മിഴിച്ചു.
എന്നാലും ചേച്ചിക്ക് എങ്ങനെ തോന്നി എന്നോടിങ്ങനെ പറയാൻ. ഞാൻ ചോദിച്ചു.
അല്ലടാ…നിനക്ക് കുടുംബമൊന്നുമില്ലല്ലോ ഈ സ്ഥലവും കെട്ടിപ്പിടിച്ചിരുന്നിട്ട്എന്ത് കാര്യം??ഞങ്ങളുടെ കാര്യം അങ്ങനെയാണോ?? ജീവിക്കാൻ ഞങ്ങൾ കഷ്ടപ്പെടുവാ… എന്റെ അവസ്ഥ നിന്നോടല്ലാതെ പിന്നെ ആരോടാ ഞാൻ പറയുന്നത് . രഞ്ജിനി കണ്ണ് തുടച്ചു.?
ചേച്ചിയെ നല്ല രീതിയിൽ കെട്ടിച്ചയച്ചതാ.. അത് കൂടാതെ സ്ഥലത്തിന്റെ വീതവും തന്നു. ഓരോരോ ആവശ്യങ്ങൾ പറഞ്ഞ്ഇ വിടേക്ക് വരുമ്പോൾ വെറും കൈയോടെ ചേച്ചിയെ ഞാൻ പറഞ്ഞയക്കാറുമില്ല.
അതൊക്കെ ശരിയാണ്. ഞാൻ നിഷേധിക്കുന്നില്ല മൂത്തവന് എൻജിനീയറിങ്ങിന് അഡ്മിഷൻ കിട്ടി. അവനെ പഠിപ്പിക്കാൻ ഒരുപാട് പണമാകും അതുകൊണ്ടാ, നിന്റെ ഓഹരിയിൽ നിന്നും ഒരു പത്തു സെന്റ് വിറ്റ് പണം തരാമോ എന്ന് ഞാൻ ചോദിച്ചത്.
ചേച്ചിയുടെ ഭർത്താവ് വിദേശത്ത് ചുമ്മാ ഇരിക്കാൻ പോയതാണോ??
അങ്ങേർക്ക് വലിയ ശമ്പളം ഒന്നുമില്ലടാ, കൂടാതെ വീടിന്റെ പണിക്കും കുറേ പണം ചിലവായി. പിന്നെ വളർന്നുവരുന്ന ഒരു പെൺകുട്ടിയില്ലേ അവൾക്കു വേണ്ടി എന്തെങ്കിലും കരുതണ്ടേ..??
വീടിന്റെ പണിക്കാണെന്ന് പറഞ്ഞു ചേച്ചി എന്റെ കയ്യിൽ നിന്നും എത്ര രൂപ മേടിച്ചു കൊണ്ട് പോയിട്ടുണ്ടെന്നറിയുമോ?? ഞാൻ ചോദിച്ചു.
ഇല്ല. അതിന്റെയൊക്കെ കണക്ക് നീ സൂക്ഷിച്ചിട്ടുണ്ടെന്ന്എനിക്കറിയില്ലായിരുന്നു. രഞ്ജിനി മൂക്കു പിഴിഞ്ഞു. നിനക്ക് പറ്റുമെങ്കിൽ സ്ഥലം വിറ്റ് കാശ് താ. നിനക്ക് എന്തിനാ ഈ സ്ഥലം, എല്ലാം കൂട്ടി വച്ചിട്ട് എന്ത് കാര്യം?? അവകാശികൾ ആരുമില്ലല്ലോ. ഇനി ഈ നാൽപതാമത്തെ വയസ്സിൽ നിനക്ക് പെണ്ണ് കിട്ടാനും പോകുന്നില്ല.പിന്നെ ആർക്കുവേണ്ടിയാണ് ഇങ്ങനെ കൂട്ടിവയ്ക്കുന്നത്…?? ചേച്ചി ചോദിച്ചു.
ഇല്ല. ഇനിയൊരു ചില്ലിക്കാശുപോലും ഞാൻ തരില്ല ചേച്ചിക്ക് പോകാം.ഞാൻ പറഞ്ഞു.
നീ ഇതും കെട്ടിപ്പിടിച്ചു കൊണ്ടിരുന്നോ… ദൈവം നിന്നോട് ചോദിച്ചോളും….
ഞാൻ ഉമ്മറത്തെ കസേരയിലേക്ക് ഇരുന്നു.
കാശിനോടുള്ള തന്റെ സഹോദരിയുടെ ആർത്തി ഒരിക്കലും തീരില്ല. ഓരോ ആവശ്യങ്ങൾ പറഞ്ഞ് പണം വാങ്ങിക്കൊണ്ടുപോകാൻ എന്തൊരു മിടുക്കാണെന്നോ, ചേച്ചിയെ നല്ല രീതിയിൽ വിവാഹം കഴിപ്പിച്ചയച്ചതാണ്.ആവശ്യത്തിന് സ്വർണവും പണവും ഒക്കെ കൊടുത്ത് കെട്ടിച്ചു. കൂടാതെ സ്ഥലത്തിന്റെ ഒരു ഓഹരിയും കൊടുത്തു. അന്ന് അച്ഛൻ ഉണ്ടായിരുന്നു.
ആ സ്ഥലം വിറ്റ് കാശാക്കി ചേച്ചി ബാങ്കിൽ ഇട്ടിട്ടുണ്ട്. അതൊന്നും ചേച്ചി തൊടില്ല.
ഓരോരോ ആവശ്യവും പറഞ്ഞ് കയറി വരും.അവിവാഹിതനായ തനിക്ക് ആർക്കുവേണ്ടി ഒന്നും കരുതേണ്ടതില്ലാത്തതുകൊണ്ട് ചോദിക്കുമ്പോഴെല്ലാം ചേച്ചിക്ക് പണം കൊടുത്ത്സ ഹായിക്കാറുണ്ട്.
ഒരു പലചരക്ക് കടക്കാരനാണ് താൻ. അതിൽ നിന്നും വലിയ വരുമാനമൊന്നുമില്ല. പിന്നെ ഒരേക്കർ പറമ്പുണ്ട്. അതിൽ നല്ല ആദായവും ഉണ്ട്. അച്ഛനും അമ്മയും മരിച്ചതിൽ പിന്നെ താനീ വീട്ടിൽ ഒറ്റക്കാണ്.
വിവാഹപ്രായവും കഴിഞ്ഞ് പോയി.
കൂട്ടുകാരൊക്കെ പറയും, രണ്ടാം വിവാഹക്കാരിയെയെങ്കിലും നോക്ക്. നിനക്ക് ആരാ ഉള്ളത് എന്നൊക്കെ..
പക്ഷെ ഇപ്പോഴത്തെ കാലഘട്ടത്തിൽ പെണ്ണുങ്ങളെ കിട്ടാനില്ല….
സ്വന്തം കാലിൽ ജീവിക്കുന്ന, സ്ത്രീകളാണ് അധികവും. അവർ വിവാഹത്തിനെ ബാധ്യത ആയിട്ടാണ് കരുതുന്നത്.
ഡിവോഴ്സ് ആയവരാണെങ്കിലും, ഇനിയൊരു വിവാഹമേ വേണ്ടെന്ന നിലപാടുള്ളവരാണ് അധികവും. ആരെയും ആശ്രയിക്കാതെ ജീവിക്കാൻ പഠിച്ചവരാണ് കൂടുതലും.
പിന്നെ എന്നെപ്പോലെയുള്ളവർ എന്ത് ചെയ്യും.??
നല്ല പ്രായത്തിൽ വിവാഹമൊക്കെ നോക്കിയതാണ്. ഒന്നും ശരിയായില്ല. പലചരക്കു കടക്കാരനെ ഒന്നും പെണ്ണുങ്ങൾക്ക് വേണ്ടാ..
താൻ മാത്രമല്ല, തന്റെ പ്രായത്തിൽ ഇഷ്ടംപോലെ ആണുങ്ങൾ പെണ്ണ് കിട്ടാതെ നിൽക്കുന്നുണ്ട്.
കാലം മാറിയ മാറ്റമേ…
ഈയിടെയായി ആരുമില്ലല്ലോ എന്ന ചിന്ത മനസ്സിൽ കയറിക്കൂടിയിരിക്കുന്നു.
പണം ചോദിച്ചു വരാൻ മാത്രമേ തന്റെ ചേച്ചിക്ക് അറിയൂ….
അന്നും ഇന്നും കൂടെയുള്ളത് സുഹൃത്തുക്കൾ മാത്രമാണ്…
ആഹ്… ഇങ്ങനെ ജീവിക്കാനാകും വിധി.
അന്നൊരു തിങ്കളാഴ്ച ആയിരുന്നു.
ഒട്ടും പ്രതീക്ഷിക്കാതെയാണ് പണ്ട് കൂടെ പഠിച്ച ഹണിയെ ഞാൻ കണ്ടത്…
എന്നെ കണ്ടതും അവൾ ഓടി വന്നു.
വിശേഷങ്ങൾ തിരക്കി…
അവൾ ഡിവോഴ്സ് ആയി ഇപ്പോൾ നാട്ടിൽ ആണത്രേ…നാട്ടിൽ ഒരു സൂപ്പർ മാർക്കറ്റിൽ ജോലി നോക്കുകയാണെന്ന്…
പണ്ടത്തെ പോലെ വളരെ പതിഞ്ഞ സംസാരം, അന്നത്തെ അതെ നിഷ്കളങ്കത ഇന്നും മിഴികളിലുണ്ട്.
അവൾ എന്റെ വിശേഷങ്ങൾ ചോദിച്ചു.
ഒറ്റക്കാണ് എന്നറിഞ്ഞപ്പോൾ അവൾക്ക് അത്ഭുതം. കാരണം പഠിച്ചിരുന്ന കാലത്ത് ഞാനൊരു കോഴിയായിരുന്നു.
പിന്നെപ്പിന്നെ വല്ലപ്പോഴും അവൾ വിളിക്കും…
അവൾക്ക് ക്യാ.ൻസർ ആയിരുന്നത്രെ ക.ക്ഷത്തിൽ ചെറിയൊരു തടിപ്പ് കണ്ട്പ രിശോധിച്ച താണത്രേ… അപ്പോഴാണ് അറിഞ്ഞത് ക്യാൻസർ ആണെന്ന്.
തുടക്കം ആയതുകൊണ്ട് പൂർണ്ണമായും ചികിത്സിച്ചു മാറ്റി. പക്ഷെ ക്യാൻസർ രോഗിയെ ചുമക്കാൻ വയ്യ എന്ന് പറഞ്ഞ് ഭർത്താവ് ഉപേക്ഷിച്ചു.
ഇപ്പോൾ എട്ട് വർഷമായി.
മറ്റൊരു വിവാഹം നോക്കിക്കൂടെയെന്ന് ഞാനവളോട് ചോദിച്ചു.
കുറേ ആലോചനയൊക്കെ നോക്കിയെന്ന്.
പക്ഷെ ക്യാൻസർ രോഗി ആയിരുന്നു എന്നറിയുമ്പോൾ അവർ ആലോചന വേണ്ടെന്ന് വയ്ക്കുമെന്നും പറഞ്ഞവൾ പൊട്ടിച്ചിരിച്ചു.
ഞങ്ങൾ ഇവിടെ വാടകയ്ക്കാണ്. അച്ഛനും അമ്മയും കൂടെയുണ്ട്…ഇപ്പോൾ സന്തോഷം ആണെടാ.
ആരുമില്ലെങ്കിലും നമ്മൾ ജീവിക്കണം… അവളുടെ ആത്മവിശ്വാസം കണ്ടപ്പോൾ എനിക്കും സന്തോഷം തോന്നി.
ഒരിക്കൽ വെറുതെ അവളോട് ചോദിച്ചു. നമുക്ക് ഒരുമിച്ചു കൂടേയെന്ന്…
അവൾ എന്നെ പകച്ചു നോക്കി.
ഞാൻ പറഞ്ഞു പഴയ കോഴിത്തരമൊന്നും പോയിട്ടില്ല, ആ കോഴി ഇപ്പോഴും ഉള്ളിലുണ്ടെന്ന്.
അവൾ അത് കേട്ട് ചിരിച്ചു.
പിന്നെ പതിയെ ചോദിച്ചു, എനിക്ക് ഇനിയും രോഗം തിരിച്ച് വന്നാലോ എന്ന്.
വരില്ല. എട്ട് വർഷമായിട്ടും തിരിച്ച് വന്നില്ലാലോ. ഇനി രോഗം തിരിച്ച് വന്നാൽ നമ്മൾ ഒരുമിച്ചു നേരിടും.ഞാൻ പറഞ്ഞു.
ഞാൻ മരിച്ചു പോയാലോ?? അവൾ ചോദിച്ചു.
മരിക്കും വരെ ജീവിക്കാലോ…ഞാൻ പറഞ്ഞു.
അവളെന്റെ കണ്ണുകളിലേക്ക് നോക്കി. പിന്നെ ചിരിച്ചു…
ഞങ്ങളുടെ വിവാഹത്തിന് സഹോദരിയുടെ മുഖം വീർത്തു കെട്ടി ഇരുന്നു. ഈ വയസ്സനാംകാലത്ത് ഒരു രോഗിയെ ഏറ്റെടുക്കണോ??സഹോദരി രഹസ്യമായി എന്റെ ചെവിയിൽ ചോദിച്ചു.
പണ്ട് രോഗം ഉണ്ടായിരുന്നു ഇപ്പോൾ ഒരു രോഗവും അവൾക്കില്ലെന്ന് ഞാനും പറഞ്ഞു.
അല്ലെങ്കിലും രോഗം ആർക്കും, എപ്പോൾ വേണമെങ്കിലും വരാമല്ലോ…
ഒരുമിച്ചുള്ള കാലം വരെ പരസ്പരം സ്നേഹിക്കാമല്ലോ… അത്രയേ ഞാൻ കരുതുന്നുള്ളൂ…
ഒറ്റക്ക് ഒരു മനുഷ്യന് ജീവിക്കാൻ കഴിയില്ലെന്നേ… കഴിയുമെന്ന് തോന്നിയേക്കാം. പക്ഷെ ജീവിതത്തിന്റെ ഏതെങ്കിലുമൊരു സമയത്ത് തോന്നിത്തുടങ്ങും എനിക്ക് ഒരാൾ കൂട്ടിനുണ്ടായിരുന്നെങ്കിൽ എന്ന്.
ആ കൂട്ടിനെ വൈകിയാണെങ്കിലും എനിക്ക് കിട്ടി.
ഞങ്ങളിപ്പോൾ സ്നേഹിക്കുന്ന തിരക്കിലാണ്…..
സ്നേഹത്തിനേക്കാൾ വലുതൊന്നും ഭൂമിയിൽ ഇല്ലന്നേ….
💚💚💚💚💚💚💚
