അതേ, , നിങ്ങള് പറഞ്ഞതെല്ലാം ഞാൻ കേട്ടു നിങ്ങൾക്ക് മകളെയും കൊണ്ട് പോയി, നാളെ പരീക്ഷ എഴുതിയാൽ പോരെ? അതിനൊരു വഴിയുണ്ട് ,ദേ ഇത് കണ്ടോ ?പത്ത് മിനുട്ട് കഴിയുമ്പോൾ…….

എഴുത്ത്: – സജി തൈപ്പറമ്പൻ

പത്ത് പന്ത്രണ്ട് കൊല്ലങ്ങൾക്ക് മുൻപ് നടന്നൊരു സംഭവമാണ് , അന്ന് എനിയ്ക്കും ഭാര്യയ്ക്കും ഒരാഗ്രഹം

കന്യാകുമാരിയിൽ പോയി സൂര്യോദയം കണ്ടാലോന്ന്, അങ്ങനെ നേരത്തെ തന്നെ ടിക്കറ്റും ബുക്ക് ചെയ്ത് കുട്ടികളെ രണ്ട് പേരെയും ഭാര്യയുടെ ഉമ്മാനേയും വാപ്പിയേയും ഏല്പിച്ച് രാത്രി പത്ത് മുപ്പതോടെ ഞാനും ഭാര്യയും കോഴിക്കോട് റെയിൽവേസ്‌റ്റേഷനിലെത്തി.

ഞങ്ങൾക്ക് പോകാനുള്ള കന്യാകുമാരിയിലേക്കുള്ള എക്സ്പ്രസ്സ് ട്രെയിൻ, അരമണിക്കൂർ ലേറ്റാണെന്നറിഞ്ഞപ്പോൾ അവളെയും കൂട്ടി ഞാൻ തൊട്ടടുത്ത് കണ്ട ക്യാൻ്റീനിൽ നിന്ന് ഓരോ കോഫിയും വാങ്ങി പ്ളാറ്റ് ഫോം നമ്പർ 1 ലെ ചാര്ബഞ്ചിൽ ചെന്നിരുന്നു

അപ്പോഴാണ് നാടോടികളായ രണ്ട്പ്രാ യം ചെന്ന ദമ്പതികൾ,

ഉറക്കെ സംസാരിച്ച് കൊണ്ട് ഞങ്ങളുടെ അടുത്ത് തന്നെ ഇട്ടിരുന്ന, മറ്റൊരു ബഞ്ചിലിരുന്നത്

രണ്ട് പേരും തമിഴ്നാട്ട്കാരാണെന്നും ഭാര്യാഭർത്താക്കൻമാരാണെന്നും അവരുടെ സംസാരത്തിൽ എനിക്ക് മനസ്സിലായി

സംസാരത്തിൻ്റെ ടോൺ കേട്ട് ,എന്തോ ഗൗരവമുള്ള കാര്യമാണെന്ന് മനസ്സിലായ ഞാൻ, അവര് പറയുന്നതെന്താണെന്നറിയാൻ ആകാംക്ഷയോടെ ചെവിയോർത്തു

ഒടുവിലെനിയ്ക്ക് കാര്യം പിടികിട്ടി.

അവരുടെ ഏകമകൾ ,പിറ്റേന്ന് നടക്കുന്ന നീറ്റ് എക്സാമിന് പങ്കെടുക്കുന്നുണ്ട് , അവരുടെ വീട് കന്യാകുമാരിയിലാണ് ,പക്ഷേ ,എക്സാം നടക്കുന്നത്, അവിടെ നിന്നും നൂറ് കിലോമീറ്റർ അകലെയുള്ള മറ്റൊരു സ്ഥലത്ത് വച്ചാണ്, ഇവര് വീട്ടിൽ ചെന്നിട്ട് വേണം മകളെയും കൊണ്ട് എക്സാമിന് പോകാൻ

അവര് പോകാനിരുന്നത് 10:20 നുള്ള വണ്ടിക്കായിരുന്നു ,എന്നത്തെയും പോലെ ജനറൽ കോച്ചിൽ കയറി പോയാൽ, രാവിലെ ഏഴുമണിയാകുമ്പോൾ നാട്ടിലെത്താമെന്നായിരുന്നു കണക്ക് കൂട്ടൽ, നിർഭാഗ്യ വശാൽ അവരെത്തുന്നതിന് തൊട്ട് മുമ്പ്, ആ ട്രെയിൻ കടന്ന് പോവുകയും ചെയ്തു.

പിന്നെയുള്ള ട്രെയിൽ ഞങ്ങൾക്ക്പോ കേണ്ട ട്രെയിനാണ് ,അതിലാണെങ്കിൽ ജനറൽ കോച്ചില്ല , ബാക്കി സീറ്റുകളൊക്കെ ഫുള്ളുമാണ് .

അവർക്കിനി പോകാനുള്ള ട്രെയിൻ വെളുപ്പിന് നാല് മണിയ്ക്ക് മാത്രമേയുള്ളു , അതിന് പോയാൽ മകളുടെ പരീക്ഷ സമയം കഴിഞ്ഞേ നാട്ടിലെത്തു.

അങ്ങനെ ഭാര്യയും ഭർത്താവും കൂടി എന്ത് ചെയ്യുമെന്നറിയാതെ വിഷമത്തോടെ ഓരോന്ന് പറഞ്ഞിരിക്കുന്നത് കണ്ടപ്പോൾ ഞങ്ങൾക്ക് സങ്കടം തോന്നി

ഞാനെഴുന്നേറ്റ് അവരുടെ അടുത്തേയ്ക്ക് ചെന്നു

അതേ, , നിങ്ങള് പറഞ്ഞതെല്ലാം ഞാൻ കേട്ടു നിങ്ങൾക്ക് മകളെയും കൊണ്ട് പോയി, നാളെ പരീക്ഷ എഴുതിയാൽ പോരെ? അതിനൊരു വഴിയുണ്ട് ,ദേ ഇത് കണ്ടോ ?പത്ത് മിനുട്ട് കഴിയുമ്പോൾ വരുന്ന കന്യാകുമാരിയിലേയ്ക്ക് പോകുന്ന ട്രെയിൽ ടിക്കറ്റാണിത്,

എൻ്റെയും ഭാര്യയുടെയും കുറെ നാളത്തെ ആഗ്രഹമായിരുന്നു ,കന്യാകുമാരിയിൽ ചെന്ന് ഒരു ദിവസം സൂര്യോദയം കാണണമെന്ന് ,അങ്ങനെ ഞങ്ങള് രണ്ടാൾക്ക് വേണ്ടി എടുത്ത സെക്കൻ്റ് AC ടിക്കറ്റാണിത്, ഞങ്ങളുടെ ആഗ്രഹം പിന്നീട് എപ്പോൾ വേണമെങ്കിലും സാധിക്കാമല്ലോ? പക്ഷേ, നിങ്ങടെ മകള് എത്രയോ നാളുകളായി ,ഊണും ഉറക്കവും ഉപേക്ഷിച്ച് പഠിച്ചത് ,നാളത്തെ ഒരു ദിവസത്തിന് വേണ്ടിയല്ലേ? ആ ഒരു ചാൻസ് നഷ്‌ടപ്പെടുത്തരുത് ,നിങ്ങള് വേഗം പോകാൻ നോക്ക് ,

ഞാനത്രയും പറഞ്ഞിട്ടും ,വിശ്വാസം വരാതെ ,ഞങ്ങളെയും കൈയ്യിലിരിക്കുന്ന ടിക്കറ്റിലേയ്ക്കും ,അവർ രണ്ടാളും മാറി മാറി നോക്കി

അപ്പോഴേക്കും ദൂരെ നിന്ന് ചൂളം വിളിച്ച് വരുന്ന ട്രെയിനിൻ്റെ വെളിച്ചം കാണാനായി.

ഒന്നാമത്തെ പ്ളാറ്റ് ഫോമിൽ വന്ന്, കിതച്ച് നിന്ന ട്രെയിനിലെ , C 1 കോച്ചിലേയ്ക്ക് അവരെ രണ്ട് പേരെയും ,ഞാൻ കൈയ്യിൽ പിടിച്ച് നിർബന്ധിച്ച് കയറ്റിയിട്ട്, ടിക്കറ്റും പിടിച്ചേല്പിച്ചു.

ട്രെയിൻ മെല്ലെ ചലിച്ച് തുടങ്ങിയപ്പോൾ ഒന്നും പറയാതെ, രണ്ട് പേരും ഞങ്ങളെ കണ്ണീരോടെ നോക്കിയിട്ട് കൈകൂപ്പി നിന്നു.

അതിന് ശേഷം അവരെക്കുറിച്ചറിയാൻ ഞങ്ങൾക്ക് യാതൊരു മാർഗ്ഗവുമില്ലായിരുന്നു

അങ്ങനെയാണ് കഴിഞ്ഞ ദിവസം എൻ്റെയൊരു Fb പോസ്റ്റിന് ചുവട്ടിൽ ഒരു കമൻ്റ് വന്നത്

സാർ ഉങ്കൾക്ക് എന്നെ പുരിയുമാ ?

ഞാനാ പ്രൊഫൈൽ ഓപ്പൺ ചെയ്ത് നോക്കിയപ്പോൾ ,അതിൽ ബിരുദദാന ചടങ്ങിൽ നില്ക്കുന്ന ഒരു പെൺകുട്ടിയുടെ ഫോട്ടോ ആണ് ആദ്യം കാണുന്നത്

വീണ്ടും താഴോട്ട് സ്ക്രോള് ചെയ്ത് പോകുമ്പോഴാണ് ആ പെൺകുട്ടി മാതാപിതാക്കളുമായി നില്ക്കുന്ന ഫോട്ടോ കണ്ടത്

അപ്പോഴാണ് ഞാൻ ഞെട്ടിയത്, ഉടനെ തന്നെ ,ഞാൻ ഭാരയെ വിളിച്ച് ആ ഫോട്ടോ കാണിച്ചു

എടീ ഇവരെ നീ അറിയുമോ?

ഭാര്യ അതിലേയ്ക്ക് സൂക്ഷിച്ച് നോക്കി.

ഇത് അവരല്ലേ ?പണ്ട് നമ്മള് കന്യാകുമാരി പോകാതെ ടിക്കറ്റ് കൊടുത്തവര് ?

അതേടീ അവര് തന്നെയാണ്നീ ഈ കമൻ്റ് കണ്ടില്ലേ? അയാളെന്നെ തിരിച്ചറിഞ്ഞെടീ,

സന്തോഷം കൊണ്ട് ഞാനവളോട് പറഞ്ഞു

പിന്നീട് ഞാൻ നേരെ അയാളുടെ ഇൻബോക്സിലേയ്ക്ക് ചെന്നു

അപ്പോഴാണ് അന്ന് മകളെയും കൂട്ടി അവർ ആ പരീക്ഷയ്ക്ക് പോയിരുന്നെന്നും , റിസൾട്ട് വന്നപ്പോൾ എഴുന്നൂറ്റിയമ്പത്തിയഞ്ചാം റാങ്കായിരുന്നെന്നും ,തിരുനെൽ വേലി മെഡിക്കൽ കോളേജിൽ സീറ്റ് കിട്ടിയെന്നും പിന്നീട് MBBS ഉം MDയുമൊക്കെ കഴിഞ്ഞ് ആ പെൺ കുട്ടി ഒരു സ്കിൻ സ്പെഷ്യലിസ്‌റ്റായെന്നുമൊക്കെ അയാളെന്നോട് പറഞ്ഞു .

അത് കേട്ടപ്പോൾ ചാരിതാർത്ഥ്യം കൊണ്ട് എൻ്റെയും ഭാര്യയുടെയും മനസ്സ് നിറഞ്ഞു.

അതിലേറെ സന്തോഷം തോന്നിയത്ആ കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിലെ ത്വക്ക് വിഭാഗത്തിൽ ഡോക്ടറായി ജോയിൻ ചെയ്യാൻ വരുന്നുണ്ടെന്നും , അതിന് മുൻപ് ,എൻ്റെ വീട്ടിൽ വന്ന് ,എൻ്റെയും ഭാര്യയുടെയും അനുഗ്രഹം വാങ്ങിച്ചിട്ടേ , ഹോസ്പിറ്റലിലേയ്ക്ക് പോവുകയുള്ളു
എന്നും പറഞ്ഞത്രേ , എനിയ്ക്കും ഭാര്യയ്ക്കും സന്തോഷിക്കാൻ ഇതിൽ പരം വേറെന്ത് വേണം ?

ഭാഷയും ദേശവും കടന്നെത്തുന്ന ആ സ്‌നേഹത്തിനായി ഞങ്ങൾ കാത്തിരിക്കുകയാണ് ,കന്യാകുമാരിയിലെ സൂര്യോദയം കണ്ടില്ലെങ്കിലെന്താ? ഞങ്ങൾ വിട്ട് കൊടുത്ത ആ ടിക്കറ്റിന് ,ഒരു കുടുംബത്തിൻ്റെ പ്രതീക്ഷകളെ ഉയരങ്ങളിലെത്തിയ്ക്കാൻ ,ഞങ്ങൾക്ക് കഴിഞ്ഞല്ലോ ? അത് മതി ,🥰

Leave a Reply

Your email address will not be published. Required fields are marked *