ചാറ്റൽ മഴയുള്ളൊരു വൈകുന്നേരമാണ് ഉമ്മറ കസേരയിലിരുന്ന എന്നേയും കടന്നവൾ ഇറങ്ങി പോയത്. മുറ്റത്തവൾ നട്ടുപിടിപ്പിച്ച ചെത്തി ചെടിയ്‌ക്കരികിൽ അവളേയും കത്തുനിന്നയാളിന്റെ കുട കീഴിൽ അവൾ കയറുന്നത് വരെ…….

എഴുത്ത്: – ശ്യാം കല്ലുകുഴിയിൽ…

ചാറ്റൽ മഴയുള്ളൊരു വൈകുന്നേരമാണ് ഉമ്മറ കസേരയിലിരുന്ന എന്നേയും കടന്നവൾ ഇറങ്ങി പോയത്. മുറ്റത്തവൾ നട്ടുപിടിപ്പിച്ച ചെത്തി ചെടിയ്‌ക്കരികിൽ അവളേയും കത്തുനിന്നയാളിന്റെ കുട കീഴിൽ അവൾ കയറുന്നത് വരെ ഈ ഇറങ്ങിപ്പോക്കൊരു സ്ഥിരം കാഴ്ച്ചയിലൊന്നായിരുന്നു . പുഞ്ചിരിച്ചു കൊണ്ടവളെ തന്റെ കുടക്കീഴിലേക്ക് കയറ്റി ചേർത്തു പിടച്ചയാൾക്കൊപ്പം നടന്ന് പോകുന്നവളെ കണ്ണെടുക്കാതെ ഞാൻ നോക്കിയിരുന്നു….

അവർ മറയുന്നതുവരെ നോക്കിയിരി ന്നെങ്കിലും കണ്ണിൽ നിറയെ അവളെ നോക്കി പുഞ്ചിരിക്കുന്ന ആ മനുഷ്യന്റെ മുഖമായിരുന്നു. ഞാൻ,, ഞാനവളെ നോക്കി പുഞ്ചിരിച്ചിട്ടുണ്ടോ, അവളെ ചേർത്ത് പിടിച്ചിട്ടുണ്ടോ പതിവില്ലാതെ മനസ്സിലെ ചിന്തകൾ അവളെ കുറിച്ചായിരുന്നു…

കല്യാണം കഴിഞ്ഞ നാളിൽ ഏറെ നേരം കണ്ണാടിക്ക് മുന്നിലവൾ നിൽക്കുമെന്ന കാരണം പറഞ്ഞൊരു രാത്രി ഞാൻ ഇടിച്ചു പൊട്ടിച്ച ഇരുമ്പ് അലമാരിയുടെ പൊട്ടിയ കണ്ണാടിയിൽ നോക്കി അയാളെപോലെ ഞാനൊന്ന് ചിരിക്കാൻ ശ്രമിച്ചു. ഏറെനേരം അങ്ങനെ നിൽക്കാൻ കഴിയാതെ ഞാനാ ശ്രമം ഉപേക്ഷിച്ചെങ്കിലും ചിരിക്കാൻ പോലും കഴിയാത്ത എന്റെ മുഖത്തേക്കാൾ മനോഹരമാണ് അയാളുടെ മുഖമെന്ന് ഞാൻ തിരിച്ചറിഞ്ഞു….

അവളെന്നെ നോക്കി പുഞ്ചിരിച്ചിട്ടുണ്ടോ?.. എന്നെ ചേർത്ത് പിടിച്ചിട്ടുണ്ടോ?.. സ്വയം ചോദ്യങ്ങളുയർത്തി കട്ടിലേക്ക് ഇരിക്കുമ്പോഴാണ്, കുടുംബശ്രീയിൽ നിന്ന് ലോണെടുത്തവൾ വാങ്ങിയ പഴയ തയ്യൽ മെഷീന്റെ മുകളിലൊരു വെള്ള പേപ്പർ നിവർത്തി വച്ചേക്കുന്നത് കാണുന്നത്…

” പോകുന്നു, ഇനിയൊരിക്കലും നമ്മൾ തമ്മിൽ കാണാനിട വരാതിരിക്കട്ടെ… “

അവളുടെ കഴുത്തിൽ താലി കെട്ടിയ നിമിഷം അവളെന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ചതും, ഞാനത് തിരികെ കൊടുക്കാതെയിരുന്നതും, പിന്നെയൊരു നാൾ പനിപിടിച്ചു രാത്രി കിടന്ന് വിറച്ചയെന്നെ സ്നേഹത്തോടെ അവളുടെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു കിടന്നതും എന്റെ ഓർമ്മകളിലേക്ക് തെളിഞ്ഞു വന്നു….

എത്ര ശ്രമിച്ചിട്ടും ഉറക്കം വരാത്ത ആ രാത്രി അവളുടെ മൊബൈലിലേക്ക് വിളിച്ചു നോക്കി, അദ്യം ബെല്ലടിച്ച് നിന്ന് പിന്നെയും ശ്രമിച്ചിട്ട് കിട്ടാതെ വന്നപ്പോൾ മനസ്സിലായി ഇനിയൊരിക്കലും കിട്ടാത്ത വിധം അവൾ ബ്ലോക്ക് ആക്കിയിരിക്കുന്നെന്നു…

” നിങ്ങളുടെ ഭാര്യമാരെ നോക്കി പുഞ്ചിരിക്കാറുണ്ടോ, സ്നേഹത്തോടെ ചേർത്ത് പിടിക്കാറുണ്ടോ… “

പതിവ് സുഹൃത്തുക്കൾക്കൊപ്പമുള്ള കമ്പനി കൂടലിലാണ്, മ,ദ്യഗ്ലാസ്സ് ഒറ്റവലിക്ക് അകത്താക്കി ചിറി തുടച്ചു കൊണ്ട് ഞാൻ ചോദിച്ചത്,…

” പിന്നില്ലാതെ നമ്മൾ ഈ സന്തോഷിക്കുന്നിതിനിടയിൽ അവർക്കും ചെറിയ സന്തോഷമെങ്കിലും കൊടുത്തില്ലേൽ അവരത് കിട്ടുന്ന സ്ഥലം നോക്കി പോകും, പിന്നേ ഇരുന്നു മോങ്ങിയിട്ട് കാര്യമില്ല അല്ലേ അളിയാ… “

ഗ്ലാസിലേക്ക് പിന്നെയും മ,ദ്യം പകർന്നുകൊണ്ടരാൾ പറയുമ്പോൾ ബാക്കിയെല്ലാവരും അത് ശരിവച്ചു….

അതേ ഞാൻ മാത്രമാണ് അവർക്കിടയിൽ ഇങ്ങനെ സ്വയം ന,ശിച്ചു പോയവനെന്ന ചിന്ത മനസ്സിൽ തികട്ടി വന്നപ്പോൾ, ഗ്ലാസിൽ ഒഴിച്ചുവച്ച മ,ദ്യം പിന്നെയും ഒറ്റ വലിക്ക് അകത്താക്കി മുണ്ടിന്റെ തുമ്പു കൊണ്ട് ചിറി തുടച്ചവരുടെ ഇടയിൽ നിന്നെഴുന്നേറ്റു നടന്നു….

ഒരിക്കലെങ്കിലും എവിടെ വച്ചെങ്കിലും അവളെയൊന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ, ചെയ്തു കൂട്ടിയതിനൊക്കെ മാപ്പ് ചോദിക്കാൻ കഴിഞ്ഞിരുന്നേൽ, ഒരു പക്ഷെ സമാധാന ത്തോടെ ഒരു രാത്രിയെങ്കിലും ഉറങ്ങാൻ കഴിഞ്ഞേനെ….

മാസങ്ങൾ കഴിഞ്ഞാണൊരു സുഹൃത്ത് അവളെ കണ്ട കാര്യം പറയുന്നത്, പിറ്റേന്ന് തന്നെ അവളെ കാണാൻ ഇറങ്ങുമ്പോൾ പൊട്ടിയ കണ്ണാടിക്ക് മുന്നിൽ നിന്നൊന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചുനോക്കി പരാജയപ്പെട്ടു, നീണ്ട മുടിയും താടിയും കണ്ടവൾ തിരിച്ചറിയുമോയെന്ന സംശയത്തിലാണ് അവിടേക്ക് തിരിച്ചത്..

ആ വീടെത്തും മുന്നേ ആ മനുഷ്യനെ ഞാൻ വീണ്ടും കണ്ടു, അന്ന് ആദ്യം കണ്ട ആ പുഞ്ചിരി ഇപ്പോഴും അയാളുടെ മുഖത്തുണ്ട്….

” സുമയെ കാണാനാണോ… “

അയാൾക്ക് മുന്നിൽ നിന്ന് എങ്ങനെ ചോദിക്കണമെന്നറിയാതെ പരുങ്ങിയ എന്റെ മനസ്സ് വായിച്ചെടുത്തെന്നോണം അയാൾ ചോദിച്ചു…

” ഈ വഴി നേരെ പോയാൽ മതി, വളവ് കഴിഞ്ഞു വലതു വശത്തെ ആദ്യത്തെ വീടാണ്… “

മിണ്ടാതെ നിന്നയെന്നോട് അയാൾ വീണ്ടും പറഞ്ഞു…

” അല്ല നിങ്ങൾ വരുന്നില്ലേ… “

” ഏയ്‌ ഞാൻ എന്തിനാ, നിങ്ങൾ പോയിട്ട് വാ.. “

തോളിൽ തട്ടി അത് പറഞ്ഞയാൾ നടന്നകലുമ്പോൾ മനസ്സ് പിന്നെയും കുറ്റബോധം കൊണ്ട് നീറി, സുമ… ആ പേരെടുത്ത് ഒരിക്കലും ഞാനവളെ വിളിച്ചിട്ടില്ല, അവൾക്കങ്ങനെ പേരുണ്ടെന്നത് തന്നെ മറന്നിരുന്നു എന്നതാണ് സത്യം…. ഒരു നിമിഷം തിരിച്ചുപോയാലോ എന്ന് കൂടി ആലോചിച്ചെങ്കിലും അവളെ കാണാതെ പോയാൽ ഞാനൊരു ഭ്രാന്തനായി പ്പോകുമെന്ന ചിന്തയിലാണ് ആ വീട്ടിലേക്ക് നടന്നത്…

മുറ്റം നിറയെ ചെടികളുള്ള വീടിന്റെ മുന്നിൽ നിൽക്കുമ്പോൾ, പണ്ടവൾ വാങ്ങി വന്ന ചെടികൾ മ,ദ്യത്തിന്റെ ല,ഹരിയിൽ രാത്രി വലിച്ചെറിഞ്ഞതോർമ്മയിൽ വന്നു, അപ്പോഴേക്കും അവൾ പുറത്തേക്ക് ഇറങ്ങി വന്നു…

വീർത്ത വയറിൽ കൈ അമർത്തി എനിക്ക് മുന്നിൽ നിൽക്കുന്നവളെ ഓടി ചെന്ന് കെട്ടിപ്പിടിക്കാൻ തോന്നിയെങ്കിലും, അവളിപ്പോൾ എന്റേത് അല്ലെന്നും, വയറിൽ കിടക്കുന്ന കുഞ്ഞിന്റെ അച്ഛൻ ഞാനല്ലെന്നുമെന്ന യാഥാർഥ്യം എന്നെ പിന്തിരിപ്പിച്ചു…..

പലരാത്രികളിലും ഇറങ്ങിപോടീ മ,ച്ചീയെന്നലറി ആവളെ പിടിച്ചു തള്ളിയതും, കരഞ്ഞു വിളിച്ചുകൊണ്ട് മുറിയുടെ ഒരു കോണിലിരുന്നവൾ കരഞ്ഞതും ഓർത്തെന്റെ കണ്ണുകളിൽ നിന്നാദ്യമായി അവൾക്ക് വേണ്ടി കണ്ണുനീർ നിറഞ്ഞു. എന്റെ മുഖത്തേക്ക് നോക്കാൻ ഭയന്നിരുന്നവളിപ്പോ എന്റെ കണ്ണുകളിലേക്ക് ഇമവെട്ടാതെ നോക്കി നിൽക്കുന്നത് നേരിടാൻ കഴിയാതെ അല്പനേരം കൂടി തല കുമ്പിട്ട് നിൽകുമ്പോൾ കണ്ണുനീർ പൊഴിഞ്ഞ് നിലത്തേക്ക് വീണിരുന്നു…

സുമയോട് മാപ്പ് ചോദിക്കാൻ പോയിട്ടൊരു വാക്ക് മിണ്ടാനുള്ള ശക്തി പോലും എനിക്കില്ലായിരുന്നു, ഇനി അഥവാ ചോദിച്ചാൽ തന്നെ അവൾക്കൊരിക്കലും എന്നോട് ക്ഷമിക്കാൻ കഴിയില്ലെന്ന് ആ കണ്ണുകളിൽ നിന്ന് വായിച്ചെടുക്കാൻ കഴിഞ്ഞതുകൊണ്ടാണ് ഒന്നും മിണ്ടാതെ ഒന്നുകൂടി സുമയുടെ മുഖത്തേക്ക് നോക്കി തിരിഞ്ഞ് നടന്നു….

തിരിച്ച് പോകുമ്പോൾ ആ മനുഷ്യനെ വീണ്ടും കണ്ടു എന്നെ നോക്കി അയാൾ പുഞ്ചിരിക്കുന്നുണ്ടായിരുന്നു, അർഹതപ്പെട്ട കൈകളിലെത്തുമ്പോഴാണ് അവളുടെ സൗന്ദര്യം കൂടുന്നതെന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു, ഇനിയൊരിക്കലും അവളെ കാണുകയോ ശല്യപ്പെടുത്തുകയോ ചെയ്യാതിരിക്കുന്നതാണ് അവർക്ക് വേണ്ടി ചെയ്യാൻ പറ്റുന്ന ഏക കാര്യമെന്ന ബോധ്യത്തോടെ ഞാൻ യാത്ര തുടർന്നു….

Leave a Reply

Your email address will not be published. Required fields are marked *