ഞാൻ ഗർഭിണിയായ കാര്യം അതിന്റെ കാരണക്കാരൻ അല്ലാതെ പരിചയമുള്ള ആർക്കും അറിയില്ല. ആരും അറിയാനും പാടില്ല. പ്രസവം നടന്ന ഈ സ്ഥലത്തേക്ക് ആയുസ്സിൽ ഒരിക്കൽ പോലും ഇനി വരരുത്. അബദ്ധത്തിൽ സംഭവിച്ചതായിരുന്നു എല്ലാം. ……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

ഡിസ്റ്റാർജ്ജ് ചെയ്യാൻ പോകുകയാണെന്ന് ഡോക്റ്റർ പറഞ്ഞപ്പോൾ ദീർഘമായി ശ്വസിച്ചു. എല്ലാം മുൻകൂട്ടി ഉറപ്പിച്ചത് കൊണ്ട് പരിഭ്രാന്തിയില്ല. പരവേശവും തോന്നിയില്ല. ഒരു പുസ്തകത്തിൽ നിന്ന് കീറി കളയുന്ന കടലാസുകളെ പോലെ ഞാനത് ചെയ്യും. പിന്നീട് ഒരിക്കൽ പോലും കഴിഞ്ഞ മൂന്ന് വർഷങ്ങളെ ഓർക്കുകയേയില്ല. പ്രത്യേകിച്ചും, അവസാന ഒമ്പത് മാസങ്ങളെ സ്വപ്നത്തിൽ പോലും നിനക്കില്ല.

‘വീട്ടിലേക്ക് വേണമെങ്കിൽ ഞാൻ കൂടി വരാം… ഒറ്റക്കല്ലേയുള്ളൂ… കുഞ്ഞിനെ പിന്നെ ആരാ നോക്കുക…!’

ഏജൻസിക്കാർ ഏർപ്പാട് ചെയ്ത് തന്ന സ്ത്രീയുടെ ശബ്ദമാണ്. വേണ്ടെന്ന് തീർത്തും പറഞ്ഞു. പണവും കൊടുത്ത് അവളെ അയക്കുമ്പോൾ സംശയത്തിന്റെ തിരിഞ്ഞ് നോട്ടം ഉണ്ടായിരുന്നു വോയെന്ന് ഓർമ്മയില്ല. ഭർത്താവ് വിദേശത്താണെന്നാണ് പറഞ്ഞത്. വിസയുടെ പ്രശ്നം കൊണ്ടാണ് എത്താൻ പറ്റാതിരുന്നതെന്നും ചേർത്തിരുന്നു. പ്രേമ വിവാഹം ആയതിനാൽ ബന്ധുക്കൾ ആരും ഇല്ലെന്നും വിശ്വസിപ്പിച്ചു.

‘ഇരുന്നൂറ് രൂപ മാഡം…’

റെയിവേ സ്റ്റേഷന്റെ മുറ്റത്ത് എന്നെ ഇറക്കി വിട്ടതിന് ശേഷം ആ ഓട്ടോക്കാരൻ പോയി. വലിയ ബാഗും തോളിൽ ഇട്ട് കൈക്കുഞ്ഞുമായി ഞാൻ നടക്കുകയാണ്. ആരെങ്കിലും നിരീക്ഷിക്കുന്നു ണ്ടോയെന്ന് ശ്രദ്ധിക്കാൻ പോലും തല അനങ്ങിയില്ല. കണ്ണുകളെ തറയിൽ കു,ത്തി കാലുകൾ ഇടറാതെ മുന്നോട്ട് വെച്ചു. നിർത്തിയിരുന്ന ട്രെയിനിൽ കയറിയപ്പോഴാണ് ശ്വാസം തിരിച്ച് കിട്ടിയത്. തിരക്ക് തീരേ ഇല്ല. അത് അനുകൂലമായിരുന്നു.

കയറിയ കമ്പാർട്ട്മെന്റിൽ ആദ്യം കണ്ട സ്ത്രീയുടെ എതിരിൽ തന്നെ ഇരുന്നു. കൈക്കുഞ്ഞുമായി ഇരുന്നത് കൊണ്ടായിരിക്കണം ആ പ്രായമുള്ള സ്ത്രീ എന്നോട് ചിരിച്ചത്.

‘ഒന്ന് നോക്കണേ… മുഖം കഴുകിയിട്ട് വരാം…!’

സീറ്റിൽ വിരിച്ച വിരിപ്പിൽ കുഞ്ഞിനെ കിടത്തിയതിന് ശേഷം ഞാൻ പറഞ്ഞതാണ്. സമ്മതമെന്ന അർത്ഥത്തിൽ ആ സ്ത്രീ തലകുലുക്കി. തുടയിടുക്കിലെ വേദനയെ സാരമാക്കാതെയാണ് നടന്നത്. ഇനി പോകാൻ ബോഗികൾ ഇല്ലെന്ന് കാണുന്നത് വരെയുള്ള നീളത്തിൽ കിതച്ചു. തുടർന്ന്, ട്രെയിൻ ചലിക്കുന്നത് വരെ ഡോറിൽ തൊട്ട് നിൽക്കുകയായിരുന്നു. വണ്ടി അനങ്ങിയെന്ന് കണ്ടപ്പോൾ പുറത്തേക്ക് ഇറങ്ങുകയും ചെയ്തു. ശേഷമാണ്, കണ്ണുകൾ മാത്രം വെളിപ്പെടുത്തി തലവഴി മൂടിയ ഷാൾ എടുത്ത് മാറ്റിയതും, മുന്നിൽ കണ്ട ഊടുവഴിയിലൂടെ സ്റ്റേഷന്റെ പുറത്തേക്ക് ഇറങ്ങിയതും.

‘ഒരു റൂം വേണം’

ബസ്റ്റാന്റിന് പരിസരത്തുള്ള ലോഡ്ജിൽ മുറി എടുത്തു. ബ്ലീഡിംഗ് നിൽക്കാത്തത് കൊണ്ട് അത് അത്യാവശ്യമായിരുന്നു. വയറ് ഒഴിഞ്ഞിട്ട് അഞ്ച് നാളുകളല്ലേ ആകുന്നുള്ളൂ…

‘എടീ, ഞാൻ അങ്ങോട്ട് വരുന്നുണ്ട്. ഒരു വർഷമെങ്കിലും തങ്ങാനുള്ള ഏർപ്പാട് ചെയ്ത് തരണം….’

ഞാൻ ഗർഭിണിയായ കാര്യം അതിന്റെ കാരണക്കാരൻ അല്ലാതെ പരിചയമുള്ള ആർക്കും അറിയില്ല. ആരും അറിയാനും പാടില്ല. പ്രസവം നടന്ന ഈ സ്ഥലത്തേക്ക് ആയുസ്സിൽ ഒരിക്കൽ പോലും ഇനി വരരുത്. അബദ്ധത്തിൽ സംഭവിച്ചതായിരുന്നു എല്ലാം. അലസ്സിപ്പിക്കാനായി പല ഡോക്റ്റർമാരെയും കണ്ടു. എല്ലാവരും ഒരേ സ്വരത്തിൽ പറ്റില്ലെന്ന് പറഞ്ഞു. ഏറെ വൈകി പോലും…

‘അച്ഛാ.. ഞാനൊരു കോഴ്സിൽ ചേർന്നു. അത് കഴിഞ്ഞേ വീട്ടിലേക്ക് വരൂ…’

സംഗതി കൈവിട്ട് പോയെന്ന് തോന്നിയപ്പോൾ കാട്ടിയ സൂത്രമായിരുന്നു. ശേഷമാണ് ഒരു ജോലി സംഘടിപ്പിച്ച് ഈ നഗരത്തിലേക്ക് വന്നത്. തീരുമാനിച്ചത് പോലെ എല്ലാം കഴിഞ്ഞു. കുറ്റബോധമൊന്നും തോന്നിയില്ല. പ്രേമിച്ചവന്റെ വാക്കിൽ പെട്ട് പോയതാണ്. പോസിറ്റീവ് ആണെന്ന് അറിഞ്ഞിട്ടും അവൻ കൂടെ നിന്നില്ല. ആ ദേഷ്യം വയറിനോട് അല്ലാതെ ആരോടാണ് കാട്ടുക! കാട്ടി… കൊ,ന്ന് കളഞ്ഞില്ലല്ലോ… കബളിപ്പിക്കപ്പെട്ട സ്ത്രീ കുഞ്ഞിനെ പോലീസുകാർക്ക് കൊടുക്കു മായിരിക്കും. അവർ അവനെ അനാഥാലയത്തിലേക്ക് കൈമാറും. അതിന് അപ്പുറത്തേക്ക് യാതൊന്നും ചിന്തിക്കുന്നുണ്ടായിരുന്നില്ല…

‘എന്ത് കോലമാടി ഇത്… അമ്മച്ചി ആയിപ്പോയല്ലോ നീ…?’

രണ്ട് നാളത്തെ യാത്രയ്ക്ക് ശേഷം കണ്ടപ്പോൾ കൂട്ടുകാരി ചോദിച്ചതാണ്. ഞാൻ അവളോട് എല്ലാം തുറന്ന് പറഞ്ഞു. ഒടുവിൽ, പ്രസവത്തിൽ കുഞ്ഞ് മരിച്ചെന്ന കള്ളവും ചേർത്തു. ആ നിമിഷമാണ് ഇത്തിരിയെങ്കിലും കണ്ണുനീർ പൊടിഞ്ഞത്. പറഞ്ഞ കള്ളം ഓർത്താണോ, ഉപേക്ഷിച്ച് കളഞ്ഞ സത്യത്തെ ഓർത്താണോ, വിങ്ങി വിങ്ങി കാറിയതെന്ന് അറിയില്ല. കൂട്ടുകാരിയുടെ ആശ്വാസ വാക്കുകളെല്ലാം പൊള്ളിച്ചു. ചെയ്ത് പോയ അബദ്ധത്തിന്റെ ആഴം ഉള്ളിനെ വേവിക്കുകയാണ്. വെന്ത മാംസത്തിന്റെ മണത്തിൽ പിന്നേയും എനിക്ക് മനം പുരട്ടി…

മൂന്ന് വർഷങ്ങൾ… പാല് തിങ്ങുന്ന മു,ലകളുടെ വേദനയിൽ പിടിച്ച് കരഞ്ഞ് തീർത്ത മൂന്ന് യുഗങ്ങൾ…. ശരീരം നന്നേ മെലിഞ്ഞ് പോയെന്ന് തോന്നിയപ്പോഴാണ് വീട്ടിലേക്ക് പോയത്. ഇവിടെ നിന്നാൽ നിനക്ക് ഭ്രാന്ത് പിടിക്കുമെന്ന് കൂട്ടുകാരിയും പറഞ്ഞു. ഒരു യന്ത്രം പോലെയാണ് വീടിന്റെ മുറ്റത്തേക്ക് എത്തിയത്. കോലം കെട്ട രൂപമാണെന്ന് പറഞ്ഞ് കണ്ടയുടൻ അമ്മ തലയിൽ കൈ വെക്കുകയായിരുന്നു.

ശരിയാണ്. പോയ കാലത്തിന്റെ അശരീരികൾ കാതിൽ മുഴങ്ങുമ്പോൾ കണ്ണുകൾക്ക് ഉറക്കം കിട്ടുമോ…! സൂത്രത്തിൽ ഒഴിപ്പിച്ച വയറിന് വിശപ്പ് അനുഭവപ്പെടുമോ…! ഇല്ല. ഞാൻ ഒഴികെയുള്ള ഏതൊരു മാതാപിതാക്കളുടെയും ചങ്ക് തകരുന്ന വിധം കോലം കെട്ട് പോയി…

‘ഇനി നാട് വിട്ട് എങ്ങും പോകുന്നില്ല നീ… ഞങ്ങൾ പറയുന്നത് അനുസരിച്ചാൽ മതി…’

അനുസരിച്ചു. അച്ഛനും അമ്മയും പറയുന്നതെല്ലാം അക്ഷരംപ്രതി അനുസരിച്ചു. അതിൽ പന്തികേടുണ്ടെന്ന് കണ്ട അച്ഛൻ എന്നെ കൗൺസിലിംഗിന് വരെ കൊണ്ടുപോയി. പഴയ ഊർജ്ജം ഇല്ലപോലും… സംസാരം കുറഞ്ഞ് പോലും… കണ്ണുകളിൽ സദാസമയം ദുഃഖം കെട്ടി കിടക്കുന്നു പോലും… ആർക്കും ഉപദ്രവം ഉണ്ടാക്കാത്തത് കൊണ്ട് മാത്രം ഭ്രാന്തിയെന്ന് വിളിച്ചില്ല. തടവിൽ പാർപ്പിച്ചുമില്ല. പകരം, ഏതോ പ്രേമനൈരാശ്യത്തിൽ പെട്ടത് കൊണ്ടാണ് മകൾ ഇങ്ങനെയെന്ന കണ്ടെത്തലിൽ അവർ എന്നെ കല്ല്യാണം കഴിപ്പിച്ചു.

ദൂരേ നിന്ന് വരുന്ന തീവണ്ടിയുടെ ശബ്ദമായിരുന്നു ഊണിലും ഉറക്കത്തിലും. അത് അല്ലാതെ മറ്റ് ഏതെങ്കിലും ഉണർവ്വ് എന്നിൽ ഉണ്ടെന്ന് അറിയാൻ പിന്നേയും വർഷങ്ങൾ എടുത്തു. ഭർത്താവിന്റെ മുഖത്തേക്ക് പോലും മര്യാദയ്ക്ക് നോക്കാൻ കഴിഞ്ഞില്ല. കുറ്റബോധം….! പശ്ചാത്താപം കൊണ്ട് യാതൊരു പ്രയോജനവും ഇല്ലാത്ത ആ ബോധത്തെ ആവതോളം വെറുത്തു.

ആഗ്രഹിച്ചത് പോലെയുള്ള ജീവിതത്തിന് തടസ്സമാകുമെന്ന് കണ്ടപ്പോൾ തന്നെയാണ് കുരുന്നിനെ ഉപേക്ഷിച്ചത്. ആ വേളകളിലെല്ലാം ഉള്ള് കല്ലായിരുന്നു. കൂട്ടുകാരിയുടെ അടുത്ത് എത്തിയതിന് ശേഷമാണ് വൈകാരികമായത്. പേര് പോലും ഓർമ്മയില്ലാത്ത ഒരു ബൈസ്റ്റാൻഡറും, ഡോക്റ്ററും, ചില നേഴ്സുമാരും മാത്രം അറിഞ്ഞ ആ പരമമായ രഹസ്യം അതിന്റെ അങ്ങേയറ്റത്തിൽ ബഹളം വെക്കുകയാണ്. ആ സംഘർഷത്തിൽ വിഷാദി ആയതിലും, തുടർന്ന് മൗനി ആയതിലും അത്ഭുതപ്പെടാനില്ല.

നീതിയെന്നത് ഉണ്ടെങ്കിൽ ചെയ്തത് പൊറുക്കാൻ പറ്റാത്ത തെറ്റാണ്. അത് എന്നെ പിന്തുടർന്ന് തിരിഞ്ഞ് കൊത്തിയിരിക്കുന്നു. ഞാൻ ഈ മണ്ണിൽ മലർന്ന് വീണിരിക്കുന്നു…

‘നിങ്ങളുടെ മോള് ശവമാണ്… വയ്യ… എന്നോട് ക്ഷമിക്കണം…’

വർഷമൊന്ന് തികയും മുമ്പ് വീട്ടിൽ കൊണ്ട് വിടുമ്പോൾ ഭർത്താവ് ഇത്രമാത്രമേ പറഞ്ഞുള്ളൂ… പാവം, അത്രയ്ക്കും സഹിച്ചിട്ടുണ്ടാകും. അച്ഛനും അമ്മയ്ക്കും മറുപടി ഉണ്ടായിരുന്നില്ല. കരയാതെ, എല്ലാത്തിനോടും ഒരേ ഭാവത്തോടെ ജീവിതം വീണ്ടും തുടർന്നു. കീറി കളയാനോ, മുറിച്ച് മാറ്റാനോ പറ്റാത്ത വിധം വർഷങ്ങൾ പിന്നേയും അതേ താളത്തിൽ മറിഞ്ഞു.

ആരും കുറ്റപ്പെടുത്തിയില്ല. മോളുടെ പ്രശ്നമെന്താണെന്ന് കെഞ്ചി ചോദിച്ച് അച്ഛൻ കൂടുതൽ ചേർത്ത് പിടിക്കുകയായിരുന്നു. എന്നെ കാണുമ്പോഴെല്ലാം അമ്മ ശബ്ദം പുറത്ത് വരാതെ കണ്ണുകൾ നനച്ചു. രണ്ടുപേരും എത്രത്തോളം കരുതൽ നൽകുന്നു, അത്രത്തോളം തളർന്ന് പോകുകയാണ്. മുഖം പോലും ഓർമ്മയിൽ ഇല്ലാത്ത എന്റെ കുരുന്നിനോട് എനിക്കത് കാട്ടാൻ പറ്റിയില്ലല്ലോ…

‘വീട്ടിൽ തന്നെ ഇരിക്കുന്നത് കൊണ്ടാണ്. മോള് റെഡി ആക്.. ഒരിടം വരെ പോകണം.’

എവിടേക്കാണ് പോകുന്നതെന്ന് പോലും ചോദിക്കാതെ തയ്യാറായി. അമ്മയും കൂടെ ഉണ്ടായിരുന്നു. റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയപ്പോഴാണ് മനസ്സ് ഗൗരവ്വപ്പെട്ടത്. ട്രെയിൻ വരാൻ വൈകുമെന്ന് അറിഞ്ഞിട്ടും അതിന്റെ കൂവൽ കാതുകളിലേക്ക് നീളുകയാണ്.

ഒരു മുഴുവൻ നാൾ എങ്ങനെയാണ് ട്രെയിനിൽ ഇരുന്നതെന്ന് ഇപ്പോഴും ഓർക്കാൻ പറ്റുന്നില്ല. ഇറങ്ങിയതിന് ശേഷം താമസിച്ച ഹോട്ടൽ മുറിയിലേക്ക് വരെ ചൂളം വിളി കേട്ടു. ആരുടെയോ വിവാഹത്തിനാണ് വന്നിരിക്കുന്നത്. അങ്ങനെ എത്തിപ്പെട്ടവർ തന്നെയാണ് ഹോട്ടലിലെ പല മുറികളിലുമെന്ന് മനസ്സിലായി. കൂടുതലൊന്നും അതേക്കുറിച്ച് ചിന്തിക്കാതെ ഞാൻ ബൽക്കണിയിൽ ഇരിക്കുകയായിരുന്നു…

‘മോളേ.. അതാരാണെന്ന് നോക്കൂ…’

അമ്മ കുളിക്കുകയാണ്. അച്ഛൻ എവിടെ പോയെന്ന് അറിയില്ല. ഞാൻ കതക് തുറന്നു. മുന്നിൽ ഒരു സ്ത്രീയും പുരുഷനും നിൽക്കുന്നു. കൂടെ ഒരു ആൺകുട്ടിയും. അവരുടെ മോനാണെന്ന് തോന്നുന്നു. കൂടെ ഉണ്ടായിരുന്നുവെങ്കിൽ എന്റെ മോനും ആ പ്രായത്തിൽ എത്തിയിട്ടുണ്ടാകുമെന്ന് തോന്നി. സ്ത്രീയുടെ കൈയ്യിൽ തളികയുണ്ട്. അതിൽ മധുരങ്ങളും. മോന്റെ പിറന്നാൾ ആണ് പോലും. മധുരം കഴിക്കെന്ന് പറഞ്ഞ് ആ മിടുക്കൻ തന്നെ ചിലതൊക്കെ എടുത്ത് തന്നു. ചിരിച്ചെന്ന അഭിനയത്തോടെ ഞാനത് വാങ്ങി. അപ്പോഴേക്കും അച്ഛൻ വന്നിരുന്നു. പിന്നീട് അവർ തമ്മിലായി സംസാരം…

‘ആരാ മോളേ…?’

കുളി കഴിഞ്ഞ് വന്ന അമ്മ ചോദിച്ചതാണ്. ഞാൻ മിണ്ടിയില്ല. കതക് അടച്ച് അച്ഛൻ അടുത്തേക്ക് എത്തിയപ്പോൾ അമ്മ വീണ്ടും ചോദ്യം ആവർത്തിച്ചു. ആ മിടുക്കൻ തന്ന ജിലേബിയും, ചോക്ലേറ്റും കൈയ്യിൽ പിടിച്ച് വെറുതേ ഞാനും കാതോർത്തു…

‘നിനക്കറിയില്ലേ.. എന്റെ കൂടെ സർവീസിലുണ്ടായ മാധവേട്ടനെ… മുംബൈയിൽ സെറ്റിൽഡ് ആയ…ആളുടെ മോനും ഭാര്യയുമാണ്. അവരുടെ മോന്റെ പിറന്നാളാണ് ഇന്ന്. ഈ ഹോട്ടലിൽ താമസിക്കുന്ന എല്ലാവരുടെയും ഇന്നത്തെ ഭക്ഷണം ആ വകയാണ്. ക്ഷണിക്കാൻ വന്നതാ…’

“ആ, അറിയാം.. കല്ല്യാണത്തിന് നമ്മൾ പോയതല്ലേ.. കുഞ്ഞുങ്ങൾ ഇല്ലാത്തതിന്റെ ട്രീറ്റ്മെന്റൊക്കെ ചെയ്തപ്പോൾ ശരിയായല്ലേ…”

അച്ഛനും അമ്മയും സംസാരിച്ചത് കേട്ടപ്പോൾ കടുത്ത ദുഃഖം തോന്നി. മകനെ മഹാഭാഗ്യം പോലെ കാണുന്നത് കൊണ്ടായിരിക്കില്ലേ പിറന്നാൾ പോലും ഇങ്ങനെ ആഘോഷിക്കുന്നത്. കുഞ്ഞുങ്ങൾ ഇല്ലാത്ത എത്രയോ പേർ ചികിത്സയും മറ്റുമായി നടക്കുമ്പോൾ ഞാൻ ചെയ്തത് എന്താണ്. പെറ്റിട്ട് കടന്ന് കളയാത്ത തെരുവ് പട്ടിയുടെ മൂല്യം പോലും എനിക്ക് ഇല്ല. ജീവിച്ചിരിക്കാൻ പോലും അർഹതയില്ല. ഈ ശ്വാസമൊന്ന് കളയാൻ എത്ര വട്ടം ശ്രമിച്ചതാണ്. കുഞ്ഞിനെ കളയാനുള്ള ധൈര്യം കാണിച്ച എനിക്ക് അതിന് പോലും സാധിച്ചില്ല.

തനിയേ നിന്നാൽ നിനക്ക് ഭ്രാന്ത് പിടിക്കുമെന്ന് പറഞ്ഞ് കൂട്ടുകാരിയായിരുന്നു വീട്ടിലേക്ക് പോകാൻ പറഞ്ഞത്. എന്നെക്കൊണ്ട് അവർക്കെങ്കിലും സന്തോഷമുണ്ടാകട്ടെയെന്ന് കരുതി. പറഞ്ഞതെല്ലാം അനുസരിച്ചു. വേട്ടയാടാൻ മാത്രം പാകം സ്വാർത്ഥതയുടെ വിഷം എന്നിൽ ഉണ്ടായിരുന്നിരിക്കണം. മരണം വരെ അതിന് മാറ്റമുണ്ടാകുമെന്ന് തോന്നുന്നില്ല. പക്ഷെ, അമ്മയോടുള്ള അച്ഛന്റെ മറുപടി കേട്ടപ്പോൾ കൊണ്ടത് കൊടുങ്കാറ്റാണോ തെന്നലാണോയെന്ന് അറിയാതെ നിന്ന ഇടത്ത് തന്നെ ഇരുന്നുപോയി.

‘മാധവേട്ടന്റെ ഭാര്യയ്ക്ക് ഈ കുഞ്ഞിനെ ട്രെയിനിൽ നിന്ന് കിട്ടിയതാണ്. മുഖം കഴുകിയിട്ട് വരാന്ന് പറഞ്ഞ് ഏതോ പെണ്ണ് ഏൽപ്പിച്ചിട്ട് മുങ്ങി കളഞ്ഞതാണ് പോലും… ഭാഗ്യമെന്നല്ലാതെ മറ്റെന്താ പറയുക… എല്ലാ ലീഗൽ ഫോർമാലിറ്റീസും ചെയ്ത് അവർ ആ കുഞ്ഞിനെ ഏറ്റെടുത്തു… ദൈവം വന്ന് കൊടുത്തത് പോലെ ആയില്ലേ… ആഘോഷിക്കാതിരിക്കോ…!’

പതിവായി കേൾക്കുന്ന ട്രെയിന്റെ ചൂളമടിയെക്കാളും ഒച്ചത്തിലാണ് അച്ഛന്റെ ശബ്ദം കാതുകളിൽ പതിഞ്ഞത്. വർഷങ്ങൾക്ക് ശേഷം വീണ്ടും വിങ്ങിപ്പോയി. ശരിയാണ്. എത്ര പശ്ചാത്തപിച്ചെന്ന് പറഞ്ഞാലും ന്യായീകരിക്കാൻ പറ്റാത്ത തെറ്റുകളെല്ലാം, ഓരോ ഇടവേളകളിലും തിരിഞ്ഞ് കൊ,ത്തുക തന്നെ ചെയ്യും. ഒരു സമാധാനവും ഇല്ലാതെ ഈ മണ്ണിൽ മലർന്ന് വീഴുക തന്നെ ചെയ്യും…!!!

Leave a Reply

Your email address will not be published. Required fields are marked *