എഴുത്ത്:-രജിത ജയൻ
” നീയെത്ര ആട്ടിയകറ്റിയിട്ടും ഒരു പ,ട്ടിയെ പോലെ ഞാൻ നിന്റെ പുറകെ വരുന്നത് എനിയ്ക്ക് നിന്നെ അത്ര ഇഷ്ടമായതുകൊണ്ടാണ്… നിന്നെ ഞാൻ അത്രയ്ക്കും മോഹിക്കുന്നത് കൊണ്ടാണ്… നീയില്ലാതെ… നിന്റെ സാമീപ്യമില്ലാതെ എനിയ്ക്കിനി മുന്നോട്ടു പോവാൻ വയ്യ ഗോവിന്ദ്… എന്നെയൊന്ന് മനസ്സിലാക്കടാ നീ…”
ദേഷ്യത്തിലും സങ്കടത്തിലും ഗോവിന്ദിന്റെ മുമ്പിൽ അവന്റെ പ്രണയത്തിനായ് കേണു കരയുന്ന നിഹാരയെ സങ്കടത്തോടെ നോക്കി നിന്നവരുടെ സുഹൃത്തുക്കൾ…
“സോറി നിഹാര… എനിയ്ക്ക് കഴിയില്ല നിന്നെ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കാനും ഒപ്പം കൂട്ടാനും… നിനക്ക് തരാൻ ഒന്നുമില്ലെന്റെ കയ്യിൽ… എന്നെ യൊന്ന് നീ മനസ്സിലാക്ക് പ്ലീസ്..”
തനിയ്ക്ക് മുന്നിൽ നിന്ന് കരഞ്ഞു കേഴുന്നവളോട് പറഞ്ഞവൻ…’
അവളെയും ,ഒപ്പം തന്നെ നോക്കിയിരിക്കുന്ന തന്റെ സുഹൃത്തുക്കളെയും അവഗണിച്ചവൻ ധൃതിയിൽ ആ മീറ്റിംഗ് ഹാൾ വിട്ടിറങ്ങി പോയതും പരിപൂർണ്ണ നിശബ്ദമായ് തീർന്ന ആ മീറ്റിംഗ് ഹാളിൽ നിഹാരയുടെ തേങ്ങലുകൾ മാത്രം അവശേഷിച്ചു..
“ഈ ഗോവിന്ദ് എന്തൊരു ദുഷ്ടനാണെടാ… ഇവളെ പോലൊരു പെൺക്കുട്ടിയെ കണ്ടില്ലെന്നു നടിച്ച് അവഗണിക്കാൻ അവനെങ്ങനെ സാധിക്കുന്നു…? ഇവനെന്താ ആണല്ലേ… ഇവനൊരു പെണ്ണിനെ തൃപ്തിപ്പെടുത്തി കൂടെ ജീവിക്കാൻ കഴിവില്ലേ…?
സന്ദീപ് കൂടെയുള്ളവരോടു ഗോവിന്ദനെ പറ്റി തിരക്കുമ്പോൾ അവരും അതേ ചിന്തയിൽ തന്നെയാണപ്പോൾ…
തങ്ങളുടെ കൂട്ടത്തിലെ ആരുമൊന്ന് നോക്കും വിധം സൗന്ദര്യമുള്ള പുരുഷനാണ് ഗോവിന്ദ്… ആരെയും മോഹിപ്പിക്കുന്ന ഏതൊരാളെയും വശീകരിക്കുന്ന അഴകുള്ളവൻ..
“ഇഷ്ടം പറഞ്ഞും പ്രണയം പറഞ്ഞും പെൺകുട്ടികളിങ്ങനെ പുറകെ നടക്കുന്നതിന്റെ അഹങ്കാരമാണ് ഗോവിന്ദിന്… നമ്മുടെ ഈ ഓഫീസിൽ അവൻ വന്നതിനു ശേഷം എത്രയെത്ര ഗേൾസാണ് അവനെ പ്രെപ്പോസ് ചെയ്തതെന്ന് നമ്മുക്കറിയാലോ…?
” അവരോടൊക്കെ ഒരു ചിരിയോടെ നോ പറയുമ്പോൾ അവന്റെ മുഖത്തെ ഭാവം നിങ്ങൾ കണ്ടിട്ടില്ലേ… എന്തോ നേടിയതുപോലെ … ഒരു വല്ലാത്ത ല,ഹരിയിലെന്ന പോലെയാണവൻ ഓരോരുത്തരെയും റിജക്ട് ചെയ്യുന്നത്…”
പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാതെ സന്ദീപ് ഗോവിന്ദിന്റെ കുറ്റങ്ങളോരോന്നും തിരഞ്ഞു കണ്ടെത്തി പറയുമ്പോൾ അവർക്കരികിലേക്ക് നിറയുന്ന മിഴികൾ തുടച്ചു മാറ്റി വന്നിരുന്നു നിഹാര…
“നിനക്കിത് എന്തിന്റെ അസുഖമാണ് നിഹാരാ…? അവനൊരുത്തൻ മാത്രമേയുള്ളു ഭൂമിയിൽ ആണായിട്ടെന്ന് തോന്നുമല്ലോ നിന്റെ കാട്ടായവും കരച്ചിലും കണ്ടാൽ…?
ഉള്ളിലെ ഗോവിന്ദിനോടുള്ള അസൂയ മറ്റാരും അറിയാതൊതുക്കി നിഹാരയ്ക് നേരെ ശബ്ദമുയർത്തി സന്ദീപ്…
“ലോകത്ത് ആണുങ്ങൾ ഒരുപാടുണ്ടാവും സന്ദീപ്, നീയ്യും ഇവനുമെല്ലാം ആണുങ്ങളാണ്… പക്ഷെ എനിയ്ക്ക് വേണ്ടത് നിങ്ങളെയല്ല… നിങ്ങളെ പോലുള്ളവരെയും അല്ല… അവനെയാണ് ഗോവിന്ദിനെ..ഗോവിന്ദിനെ മാത്രം….”
അതു പറയുമ്പോൾ പോലും ഗോവിന്ദിനോടുള്ള പ്രണയത്താൽ തിളങ്ങുന്ന അവളുടെ കണ്ണുകളിലേക്ക് നിരാശയോടെ നോക്കി നിന്നു സന്ദീപ്…
“നിന്റെയീ പ്രണയ നാടകത്തിലൊന്നും വീഴില്ലവൻ… വെറുതെ അവനു പുറകെ നടന്നു സമയം മെനക്കെടുത്തണ്ട നിഹാര നീ…
“ഒരുവളുടെ സ്വന്തമായിരുന്നവനാണ് ഗോവിന്ദ്… പെണ്ണെന്ത് എന്നറിഞ്ഞവൻ…
പെണ്ണിനെ ആത്മാവോളം അറിഞ്ഞവൻ… എന്നും ആ ഒരുവളുടേത് മാത്രം ആയിരിക്കാൻ അത്രമേൽ ആഗ്രഹിക്കുന്നവൻ… അവന്റെ മനസ്സിൽ അവളുള്ള കാലം വരെ നീയെന്നല്ല ഒരു പെണ്ണിനും കഴിയില്ല അവനെ നേടാൻ… വെറുതെ അവനു വേണ്ടി വാശി പിടിച്ചു നല്ല പ്രായം കളയണ്ട നീ…”
അവരുടെ കൂട്ടത്തിലെ സെറീന ചുറ്റും കൂടിയവരെയും നീഹാരയെയും ഒത്തിരുത്തി നോക്കി പറഞ്ഞെണീറ്റു പോയതും ഒരു നിശബ്ദത നിറഞ്ഞവിടെയാകെ…
കൺമണി….
സെറീന എഴുന്നേറ്റു പോയതും അവരുടെ ഉള്ളിൽ തെളിഞ്ഞതവളുടെ പേരും രൂപവുമായിരുന്നു, കൺമണിയുടെ… ഗോവിന്ദിന്റെ മാത്രം കണ്ണായിരുന്നവളുടെ…
എന്തിനോ വല്ലാതെ ദേഷ്യമാളി നിഹാരയുടെ ഉള്ളിൽ…കണ്ട നാൾ തൊട്ട് മോഹിച്ചതാണ് നേടാൻ ആഗ്രഹിച്ചതാണ് ഗോവിന്ദിനെ… ഏതു പെണ്ണും മോഹിക്കും അവനെ.. അത്രമേൽപൗരുഷം തികഞ്ഞൊരുവനാണ് ഗോവിന്ദ്…
അവൻ സ്വന്തമായത് അവൾക്കാണ് കൺമണിക്ക്…
ഏതോ ഒരു പട്ടിക്കാട്ടിൽ ജനിച്ചു വളർന്ന് ഒടുവിൽ ഇവിടെ ജോലി കിട്ടി വന്ന കൺമണി…
എങ്ങനെയാണവൾ ഗോവിന്ദിന്റെ കണ്ണായതെന്ന് അറിയില്ല, അവളിലെ എന്താണ് അവനെ ആഘർഷിച്ചതെന്നും അറിയില്ല …
എടുത്തുപറയത്തക്ക യാതൊരു പ്രത്യേകതയും ഇല്ലെങ്കിലും ഗോവിന്ദിന്റെ ജീവനായ് മാറിയവൾ…
പിരിയാൻ പറ്റാത്ത വിധം അടുത്തു പോയിരുന്നു കൺമണിയും ഗോവിന്ദും…
ഏഴഴകിന്റെ ഭംഗിയുള്ള കൺമണി ഗോവിന്ദിന്റെ പ്രാണൻ തന്നെയായിരുന്നു ,അതുകൊണ്ടല്ലേ ഒരപകടത്തിൽ അവൾ മരിച്ചപ്പോൾ അവൻ തളർന്നു പോയത്, തകർന്നു പോയത്…
വർഷങ്ങൾ മൂന്നാലെണ്ണം കൺമണിയില്ലാതെ കടന്നു പോയിട്ടും അവളുടെ ഓർമ്മകളിൽ ജീവിയ്ക്കുന്നവനോട് വീണ്ടും പ്രണയം തോന്നിയത് എന്നാണെന്ന് അറിയില്ല നിഹാരയ്ക്ക്…
“എടോ താനവനെ വിട്ടേക്ക്… ഒരുവളുടെ സ്വന്തമായിരുന്നവനെ എന്തിനാണ് തനിക്ക്…? അറിയാലോ മരിക്കുമ്പോൾ ഗർഭിണിയായിരുന്നു കൺമണി, അതായത് അവരെല്ലാ രീതിയിലും ഒന്നായവരായിരുന്നു… എന്തിനാ അങ്ങനൊരുവനെ തനിയ്ക്ക്… താൻ അവനിലും നല്ലൊരുവനെ അർഹിക്കുന്നുണ്ട്.. വിട്ടു കളയടോ…”
അവനെ നേടുമെന്ന വാശിയിലിരിക്കുന്ന നിഹാരയെ ആശ്വസിപ്പിച്ചു സന്ദീപ്
” എനിയ്ക്ക് അവനെ മതി സന്ദീപ്… അതിനി ഒരു ജീവിതം മുഴുവൻ ജീവിക്കാ നാണെങ്കിലും അതല്ല ഒരു രാത്രി കൂടെ ജീവിക്കാനാണെങ്കിലും ആ ഗോവിന്ദിനെ മതി ഈ നിഹാരയ്ക്ക്…”
വല്ലാത്തൊരു വൈരാഗ്യ വാശിയിൽ പറയുന്നവളെ പകപ്പോടെ നോക്കി അവിടെ ഇരുന്നവരെങ്കിൽ അവരെയെല്ലാം പുച്ഛത്തിൽ നോക്കി ഗോവിന്ദ് നീങ്ങിയ വഴിയേ നടന്നു നിഹാര…
“എത്ര പറഞ്ഞാലും മനസ്സിലാവില്ല എന്ന് വെച്ചാലത് ഭയങ്കര കഷ്ടമാണ് നിഹാര… എന്റെ കണ്ണിനെ അല്ലാതെ മറ്റൊരുവളെ എനിക്കീ ജന്മം ഇനി സ്നേഹിക്കാൻ പറ്റില്ല, ഈ ജന്മത്തിലും ഇനിയുള്ള ജന്മത്തിലും അവൾ മാത്രമാവണമെന്റെ പാതിയെന്ന് പ്രാർത്ഥിക്കുന്ന എനിയ്ക്ക് മുന്നിൽ നീയെന്തു വേഷം കെട്ടി വന്നിട്ടും കാര്യമില്ല നിഹാര… എനിയ്ക്ക് വേണ്ട നിന്നെ….
അർദ്ധനഗ്ന വേഷമണിഞ്ഞ് തന്റെ താമസസ്ഥലം തിരഞ്ഞ് അർദ്ധരാത്രി കയറി വന്നവളോട് ഇനിയെന്തു പറയണമെന്നറിയാതെ നിശ്ചലനായ് നിന്ന ഗോവിന്ദ് ഒടുവിൽ മൗനം വെടിഞ്ഞു
“നിന്നെ ഞാൻ എന്നേക്കാൾ സ്നേഹിച്ചതുകൊണ്ടാണ് ഗോവിന്ദ് നീ എത്ര ആട്ടിയി റക്കി വിട്ടിട്ടും ഞാൻ വീണ്ടും നിന്നെ തേടി വരുന്നത്… നിനക്കെന്നെയൊന്ന് മനസ്സിലാക്കിക്കൂടെ…?
നിറമിഴികളോടെ മുന്നിൽ നിന്ന് കേഴുന്നവളോട് ഇനിയെന്തു പറയണ മെന്നറിയാതെയായ് ഗോവിന്ദിന്…
അകവും പുറവുമെല്ലാം ഒരുവൾക്ക് മാത്രമായ് നൽകി മരണം വരെ ആ ഒരുത്തിയുടെ മാത്രമായിരിക്കുമെന്ന് മനസ്സിലുറപ്പിച്ചവന് അവളോടു പറയാൻ വാക്കുകൾ ഒന്നും കിട്ടിയില്ല എന്നതാണ് സത്യം…
ഗോവിന്ദ്….
നിഹാര വിളിച്ചതും ഗോവിന്ദവളെ എന്തെന്ന പോലെ നോക്കി
“നിനക്കെന്നെ നിന്റെ കൂടെ കൂട്ടാൻ ഈ ജന്മം കഴിയില്ലെങ്കിൽ നിന്റെ ഈ ഒരു രാത്രി നീ എനിയ്ക്കായ് തരുമോ… പിന്നീടൊരിക്കലും ഞാൻ നിന്നെ തേടി വരില്ല സത്യം…
സ്വന്തം ശിരസ്സിൽ കൈവെച്ചു പറയുന്നവളെ ഞെട്ടിയൊന്നു നോക്കി ഗോവിന്ദ്… അവളുടെ കണ്ണിൽ തന്നോടുള്ള അടങ്ങാത്ത ആഗ്രഹം തെളിഞ്ഞു കണ്ടതും ഒരു ചിരി വിരിഞ്ഞവനിലും…
ഗോവിന്ദിൽ തെളിഞ്ഞ ആ ചിരി മതിയായിരുന്നു നിഹാര എന്ന പെണ്ണിന്… അവൾ ആശയോടെ, അടങ്ങാത്ത തൃഷ്ണയോടെ അവനെ നോക്കി…
“നീ പറഞ്ഞതിന് എനിയ്ക്ക് സമ്മതം നിഹാര… എന്റെ ഈ ഒരു രാത്രി ഞാൻ നിനക്കായ് തരികയാണ്… നീയാണ് അധികാരി… ഞാനെന്ന പുരുഷനെ നിനക്കെങ്ങനെ വേണമെങ്കിലും നേടാം… നിനക്ക് കഴിവുണ്ടെങ്കിൽ…”
ഗോവിന്ദന്റെ വാക്കുകൾ ഒരു സ്വപ്നം പോലെ തോന്നി നിഹാരയ്ക്ക്….
ഇന്നൊരു രാത്രി ഗോവിന്ദ് തനിയ്ക്ക് സ്വന്തം… ഈയൊരു രാത്രി മതി ഗോവിന്ദ് എനിയ്ക്ക് നിന്നെ എന്നിൽ തളച്ചിടാൻ… നാളെ മുതൽ നീയ്യീ നിഹാരയുടെ അടിമയാണ്…
മനസ്സിലുറപ്പിച്ച് നീഹാര ഗോവിന്ദിനെ ആകെയൊന്ന് നോക്കി അവനിലേക്കടുത്തതും തന്നിലേക്കൊട്ടാൻ വരുന്നവളെ കൈ നീട്ടി തടഞ്ഞവൻ…
“വൺ മിനിറ്റ് നിഹാര… എന്റെ അടുത്തേക്ക് വരുന്നതിനു മുമ്പൊരു കാര്യം കൂടി ,നീയെന്ന പെണ്ണിന് എന്റെ ശരീരത്തിൽ തൊടാതെ തന്നെ എന്നെ ഉണർത്താൻ പറ്റണം ആദ്യം… നിന്നെ ഞാൻ മോഹിക്കണം ..എന്നിലെ പുരുഷന്റെ തൃഷ്ണ ജ്വലിപ്പിച്ച് അതടക്കാൻ എനിയ്ക്ക് നിന്റെ ആവശ്യം, ദാറ്റ് മീൻസ് നിന്റെ ശരീരം വേണമെന്ന് എനിക്ക് തോന്നണം… അപ്പഴേ നമ്മുടെ ശരീരങ്ങൾ പോലും sച്ച് ചെയ്യാൻ പറ്റുകയുള്ളു… നീ തെളിയിക്ക്, എന്നെ മോഹിപ്പിക്കാൻ പറ്റിയ സ്ത്രീയാണ് നീയെന്ന്… “
ഉറച്ച വാക്കുകളോടെ പറയുന്നവനെ കേട്ടു നിന്നതും തന്നിലവനോട് തോന്നിയ വികാരങ്ങൾ തണുത്തുറയുന്നതായ് തോന്നി നിഹാരയ്ക്ക്…
“ഞാൻ തൊട്ടാൽ ഉണരും നീ എന്ന ഭയം കൊണ്ടല്ലേ നീയിപ്പോഴിത് പറഞ്ഞത്….?
തന്നിലവശേഷിച്ച അല്പം പ്രതീക്ഷയോടെ വീണ്ടും ചോദിച്ചവൾ…
“ഒരിക്കലുമല്ല നിഹാര… എനിക്കുറപ്പാണ് എന്റെ കൺമണിക്ക് വേണ്ടിയല്ലാതെ എന്റെ ശ,രീരം ഉണരില്ലെന്ന്, അവളുടെ ഓർമ്മകൾ പോലും എന്നെ ഉണർത്തുമെന്ന് എന്നോളം തന്നെ അവൾക്കുമറിയാം… പിന്നെ ഞാൻ തടഞ്ഞത് അവളുടേതു മാത്രമായ എന്നെ വെറുതെ പോലും ഒരാൾ തൊടുന്നത് എനിക്കോ അവൾക്കോ ഇഷ്ടമല്ലാത്തതുകൊണ്ടാണ്.. നിങ്ങൾക്കെല്ലാം അവൾ മരിച്ചു പോയവളാക്കാം.. എനിയ്ക്കു പക്ഷെ ഈ നിമിഷവും എന്റെ ഒപ്പം ഉള്ളവളാണ് അവൾ.. അവളുടെതേയ ഒന്നിലും ഒരിക്കലും മറ്റൊരാളുടെ സ്പർശമേക്കില്ല നിഹാര.. അതിനി മനസ്സി ലാണെങ്കിലും ശരീരത്തിലാണെങ്കിലും…. എനിയ്ക്ക് അവളുടെ മാത്രം ആണൊരുത്തനായാൽ മതി നിഹാര…”
ഈറൻ നനവുള്ള മിഴികളോടെ പറയുന്നവനെ തിരഞ്ഞൊന്നു കൂടി നോക്കാതെ അവിടെ നിന്നിറങ്ങി പോന്ന ആ നിമിഷമെന്തിനോ അവളുടെ മിഴികളും നിറഞ്ഞു പോയിരുന്നു…. തിരിച്ചറിവിന്റേതാക്കാം ….
കണ്ണേ……
ഇരുളിൽ മറഞ്ഞ നിഹാരയെ നോക്കി നിൽക്കെ മെല്ലെ വിളിച്ചു ഗോവിന്ദ്….
ഉം……
നേർത്തൊരു മൂളൽ തന്റെ കാതിലറിഞ്ഞവൻ….
നിന്റെയാണ് ട്ടോ എന്നും… മെല്ലെ ഉരുവിട്ടവൻ…
എനിക്കറിയാം ….പൊന്നേ..
ചിലരിങ്ങനെയാണ്… മരിച്ചാലും അകലാതെ…ഒരു നിശ്വാസമായ് കൂടെയുണ്ടാവും….
