കല്യാണം കഴിഞ്ഞ് പഠിപ്പിക്കാം എന്ന് മനീഷും അവന്റെ വീട്ടുകാരും ഉറപ്പ് നൽകിയിരുന്നു. ആ വാക്ക് വിശ്വസിച്ചാണ് അവൾ ഈ ബന്ധത്തിന് സമ്മതിച്ചത്.എന്നാൽ കല്യാണം കഴിഞ്ഞതോടെ കാര്യങ്ങൾ മാറിമറിഞ്ഞു….

Story written by JK

​പ്രഗ്നൻസി കിറ്റിൽ രണ്ട് പിങ്ക് വരകൾ വ്യക്തമായി തെളിഞ്ഞതും നിമിഷയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

ബാത്ത്റൂമിലെ കണ്ണാടിയിൽ സ്വന്തം പ്രതിബിംബത്തിലേക്ക് നോക്കുമ്പോൾ അവൾക്ക് നെഞ്ചുപൊട്ടുന്ന സങ്കടവും ദേഷ്യവുമാണ് തോന്നിയത്.

അവളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. എന്റെ ജീവിതം ഇങ്ങനെ അവസാനിച്ചോ, എന്റെ സ്വപ്നങ്ങളൊക്കെ ഇത്രയേ ഉള്ളൂ എന്ന് അവൾ സ്വയം ചോദിച്ചു.

ഡിഗ്രി കഴിഞ്ഞ് ഉപരിപഠനത്തിന് തയ്യാറെടുക്കുമ്പോഴാണ് മനീഷിന്റെ ആലോചന വരുന്നത്.

കല്യാണം കഴിഞ്ഞ് പഠിപ്പിക്കാം എന്ന് മനീഷും അവന്റെ വീട്ടുകാരും ഉറപ്പ് നൽകിയിരുന്നു. ആ വാക്ക് വിശ്വസിച്ചാണ് അവൾ ഈ ബന്ധത്തിന് സമ്മതിച്ചത്.

എന്നാൽ കല്യാണം കഴിഞ്ഞതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. മനീഷിന് തന്റെ ഭാര്യ ജോലിക്ക് പോകുന്നതോ, പുറത്തിറങ്ങുന്നതോ ഒട്ടും ഇഷ്ടമായിരുന്നില്ല.

​പഠിക്കാൻ പോകണം എന്ന് പറയുമ്പോഴൊക്കെ അവൻ എന്തെങ്കിലും കാരണങ്ങൾ പറഞ്ഞ് ഒഴിവഴിവുകൾ തപ്പുമായിരുന്നു.

നിനക്കിപ്പോൾ എന്താ കുറവ്, ഞാൻ അധ്വാനിക്കുന്നുണ്ടല്ലോ, നീ വീട്ടിലിരുന്ന് സമാധാനമായി കാര്യങ്ങൾ നോക്കിയാൽ പോരെ എന്നായിരുന്നു അവന്റെ സ്ഥിരം ചോദ്യം.

താൻ എങ്ങനെയും കോളേജിൽ പോകുമെന്ന് കണ്ടപ്പോഴാണ് മനീഷ് ഈ വഴി തിരഞ്ഞെടുത്തത്. യാതൊരു പ്രൊട്ടക്ഷനും ഇല്ലാതെ ലൈം. ഗിക ബ.ന്ധത്തിൽ ഏർപ്പെടാൻ അവൻ നിർബന്ധിച്ചു. ഒരു കുഞ്ഞുണ്ടായാൽ അവൾ വീട്ടിനുള്ളിൽ ഒതുങ്ങിക്കൂടിക്കോളും എന്നതായിരുന്നു അവന്റെ തന്ത്രം.

അത് ഇത്ര പെട്ടെന്ന് ഫലിക്കുമെന്ന് അവൾ വിചാരിച്ചില്ല. കിറ്റും പിടിച്ച് പുറത്തേക്ക് വന്ന നിമിഷയെ കാത്ത് മനീഷും അവന്റെ അമ്മയും ലിവിംഗ് റൂമിൽ ഇരിക്കുന്നുണ്ടായിരുന്നു.

നിമിഷയുടെ കരഞ്ഞ മുഖം കണ്ടപ്പോൾത്തന്നെ അവർക്ക് കാര്യം മനസ്സിലായി. എന്താടീ ആ കിറ്റിൽ കണ്ടത്, രണ്ട് വരയുണ്ടോ എന്ന് മനീഷ് ചോദിച്ചു.

നിമിഷ തലയാട്ടി. അവന്റെ മുഖത്ത് ഒരു ജയത്തിന്റെ ചിരി മിന്നിമറഞ്ഞു. എന്നാ പിന്നെ സമയം കളയേണ്ട, നമുക്ക് ഡോക്ടറെ കാണാൻ പോകാം എന്ന് അവൻ പറഞ്ഞു.

അവർ അവളെയും കൊണ്ട് ടൗണിലെ ഒരു ക്ലിനിക്കിലേക്ക് പോയി. അവിടെയുണ്ടായിരുന്ന ഡോക്ടർ മനീഷിന്റെ തന്നെ ഒരു അകന്ന ബന്ധുവായിരുന്നു.

നിമിഷ താൻ വളരെ വീക്ക് ആണ് അതുകൊണ്ട് ഒട്ടും യാത്ര ചെയ്യാൻ പാടില്ല, കോളേജിൽ പോകുന്നത് പൂർണ്ണമായും നിർത്തണം, ബെഡ് റെസ്റ്റ് വേണം.

ഡോക്ടർ നിർദ്ദേശിച്ചത് അതായിരുന്നു…

​ഡോക്ടറുടെ വാക്ക് കേട്ടതും മനീഷിന്റെയും അവന്റെ അമ്മയുടെയും മുഖത്ത് സന്തോഷം നിറഞ്ഞു തുള്ളിത്തുളുമ്പി.

എന്നാൽ നിമിഷയ്ക്ക് എന്തോ പന്തികേട് തോന്നി. തനിക്ക് വലിയ ശാ.രീരിക ബുദ്ധിമുട്ടുകൾ ഒന്നും തോന്നിയിരുന്നില്ല. ഗർഭിണിയാണെന്ന പ്രാരംഭ ലക്ഷണങ്ങൾ അല്ലാതെ മറ്റൊന്നും ഇല്ലായിരുന്നു.

ഡോക്ടർ യാത്ര ചെയ്യരുത്, വിശ്രമിക്കണം എന്ന് പറഞ്ഞെങ്കിലും ഭർത്താവിന്റെ വീട്ടിൽ നിമിഷയ്ക്ക് വിശ്രമം ലഭിച്ചില്ല.

അതിരാവിലെ അഞ്ച് മണിക്ക് എഴുന്നേൽക്കുന്നത് മുതൽ രാത്രി വൈകുന്നത് വരെ വീട്ടിലെ മുഴുവൻ ജോലികളും അവൾ തനിയെ ചെയ്യേണ്ടി വന്നു. അടുക്കളപ്പണി, തുണി കഴുകൽ, വീട് തുടയ്ക്കൽ അങ്ങനെ എല്ലാം അവൾ തനിയെ ചെയ്തു.

പതിയെ അവൾക്ക് വല്ലാത്ത ക്ഷീണം തോന്നാൻ തുടങ്ങി.. ചർദ്ദി കൂടുതലായി… എന്നാൽ വീട്ടുജോലിക്ക് മാത്രം ഒരു കുറവും ഉണ്ടായിരുന്നില്ല…

​ഒരു ദിവസം ക്ഷീണം കാരണം അവൾ സോഫയിൽ അല്പം ഇരുന്ന്പോയി. അത് കണ്ടതും ഭർത്താവിന്റെ അമ്മ ബഹളം വച്ചു.

നീ എന്താ ഇവിടെ സുഖിച്ച് ഇരിക്കുന്നത്, അടുക്കളയിൽ പാത്രങ്ങൾ കഴുകാൻ കിടക്കുന്നുണ്ട്, അതൊക്കെ ആര് ചെയ്യും, ഗർഭിണിയാണെന്ന് പറഞ്ഞ് വെറുതെ ഇരുന്നാൽ പ്രസവം കഷ്ടത്തിലാകും, നന്നായി അധ്വാനിക്കണം എന്ന് അമ്മ ശകാരിച്ചു.

അമ്മേ ഡോക്ടർ എന്നോട് റെസ്റ്റ് എടുക്കാനല്ലേ പറഞ്ഞത്, വലിയ യാത്രകൾ പാടില്ലെന്നും പറഞ്ഞു എന്ന് നിമിഷ പതിഞ്ഞ ശബ്ദത്തിൽ മറുപടി നൽകി.

ഡോക്ടർ പറഞ്ഞത് കോളേജിൽ എന്നും പറഞ്ഞ് അങ്ങനെ ഞെളിഞ് നടക്കേണ്ട എന്നാണ്, അല്ലാതെ വീട്ടിലെ പണി ചെയ്യാതിരിക്കാനല്ല, ഞങ്ങളൊക്കെ പ്രസവിക്കാൻ പോകുന്നതിന്റെ തലേന്ന് വരെ എല്ലാ പണിയും ചെയ്തവരാണ്, അമ്മ മുഖം തിരിച്ചുകൊണ്ട് പറഞ്ഞു.

​വൈകുന്നേരം മനീഷ് വന്നപ്പോൾ നിമിഷ കാര്യം പറഞ്ഞു. മനീഷേട്ടാ എനിക്ക് ഭയങ്കര ക്ഷീണമുണ്ട്, അമ്മ എന്നെ കൊണ്ട് എല്ലാ പണിയും ചെയ്യിപ്പിക്കുകയാണ്, എനിക്ക് വയ്യാഞ്ഞിട്ടാ എന്ന് അവൾ സങ്കടപ്പെട്ടു. എന്നാൽ മനീഷ് അവളെ ആശ്വസിപ്പിച്ചില്ല. പകരം അമ്മയെ ന്യായീകരിക്കുകയാണ് ചെയ്തത്.

അമ്മ പറയുന്നത് നിന്റെ നല്ലതിനാ, പണി ചെയ്താൽ പ്രസവം എളുപ്പമാകും, പിന്നെ കോളേജിൽ പോകാതിരുന്നാൽ പോരെ, വീട്ടിലിരിക്കുമ്പോൾ ചെറിയ പണികളൊക്കെ ചെയ്യുന്നത് നല്ലതല്ലേ എന്നായിരുന്നു അവന്റെ മറുപടി.

അവരുടെ പെരുമാറ്റത്തിൽ അവൾക്ക് കടുത്ത സംശയം തോന്നി. ഈ ഡോക്ടറും മനീഷും അമ്മയും ചേർന്ന് നാടകം കളിക്കുകയാണോ എന്ന് അവൾ ഭയന്നു.

ഇനി ഇവിടെ നിന്നാൽ ശരിയാവില്ലെന്ന് മനസ്സിലാക്കിയ അവൾ സ്വന്തം വീട്ടിലേക്ക് ഫോൺ വിളിച്ചു.
​അച്ഛാ എനിക്ക് വയ്യ, എന്നെ ഒന്ന് വന്ന് കൂട്ടിക്കൊണ്ട് പോകുമോ, എനിക്ക് കുറച്ചുദിവസം അവിടെ നിൽക്കണം എന്ന് പറഞ്ഞ് മകൾ കരഞ്ഞപ്പോൾ അച്ഛനും അമ്മയും വന്ന് അവളെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി.

മനീഷും അമ്മയും ആദ്യം എതിർത്തെങ്കിലും, രണ്ടോ മൂന്നോ ദിവസത്തിന് വേണ്ടിയല്ലേ പൊയ്ക്കോട്ടെ എന്ന് പറഞ്ഞ് അവസാനം സമ്മതിച്ചു.

സ്വന്തം വീട്ടിലെത്തിയ നിമിഷ അടുത്തുള്ള നല്ലൊരു ഗൈനക്കോളജിസ്റ്റിനെ കാണാൻ സമയം ചോദിച്ചു.

അച്ഛനും അമ്മയ്ക്കും ഒപ്പം അവൾ പ്രമുഖ ആശുപത്രിയിലെ ഡോക്ടറെ കണ്ടു. പൂർണ്ണമായ പരിശോധനകൾക്ക് ശേഷം ഡോക്ടർ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, നിമിഷാ യാതൊരു കുഴപ്പവുമില്ല, കുഞ്ഞും അമ്മയും വളരെ ഹെൽത്തിയായി ഇരിക്കുന്നു, എന്താ ഇങ്ങനെ പേടിച്ചിരിക്കുന്നത് എന്ന് ഡോക്ടർ ചോദിച്ചു.

​ഡോക്ടർ എനിക്ക് യാത്ര ചെയ്യാൻ പാടില്ലെന്നും കോളേജിൽ പോകരുതെന്നും പണ്ട് കാണിച്ച ഡോക്ടർ പറഞ്ഞിരുന്നു, ഞാൻ റസ്റ്റ് എടുക്കണം എന്നും എന്റെ യൂട്രസിന് എന്തൊക്കെയോ വീക്ക്നെസ്സ് ഉണ്ടെന്നാണ് പറഞ്ഞത് എന്ന് നിമിഷ വിവരിച്ചു.

ഡോക്ടർ അത് കേട്ട് ചിരിച്ചു. ഏയ് അങ്ങനെയൊന്നുമില്ല, നിങ്ങളുടെ റിപ്പോർട്ടുകൾ എല്ലാം പെർഫെക്റ്റ് ആണ്, ധൈര്യമായി കോളേജിൽ പോകാം, യാത്ര ചെയ്യാം, ഒരു കുഴപ്പവുമില്ല, ആവശ്യമില്ലാത്ത ടെൻഷൻ തലയിൽ കേറ്റണ്ട എന്ന് ഡോക്ടർ ഉറപ്പുനൽകി.

ഡോക്ടറുടെ വാക്കുകൾ കേട്ടതും നിമിഷയ്ക്ക് ആകെ ദേഷ്യം വന്നു. തന്നോട് മനീഷും അവന്റെ ബന്ധുവായ ഡോക്ടറും ചേർന്ന് കളിച്ച ചതി അവൾക്ക് പൂർണ്ണമായി മനസ്സിലായി. തന്നെ വീട്ടിനുള്ളിൽ പൂട്ടിയിടാൻ വേണ്ടി അവർ മെനഞ്ഞെടുത്ത കളവായിരുന്നു അത്.

​വീട്ടിലെത്തിയ ഉടൻ അവൾ മനീഷിനെ ഫോണിൽ വിളിച്ചു. മനീഷേട്ടാ ഞാൻ ഇവിടെ ഗൈനക്കോളജിസ്റ്റിനെ കാണിച്ചു, എനിക്ക് യാതൊരു പ്രശ്നവുമില്ലെന്നാണ് ഡോക്ടർ പറഞ്ഞത്, ഞാൻ നാളെ മുതൽ കോളേജിൽ പോകാൻ തീരുമാനിച്ചു എന്ന് അവൾ പറഞ്ഞു.

ഫോണിന്റെ മറുതലയ്ക്കൽ മനീഷിന്റെ ശബ്ദം മാറി. നീ എന്തൊക്കെയാ ഈ പറയുന്നത്, ഞാൻ അന്നേ നിന്നോട് പറഞ്ഞതല്ലേ എന്റെ ഭാര്യ പഠിക്കാനും ജോലിക്ക് പോകാനും എനിക്ക് ഇഷ്ടമല്ലെന്ന്, എന്റെ അമ്മ ജോലിക്ക് പോയിട്ടല്ല ഞങ്ങളെ നോക്കി വളർത്തിയത്, അമ്മ വീട്ടിലിരുന്ന് കുഞ്ഞുങ്ങളുടെ കാര്യം നോക്കിയത് കൊണ്ടാണ് ഞങ്ങൾ ഈ നിലയിൽ ആയത്, നീയും അതുപോലെ വീട്ടിലിരുന്ന് കുഞ്ഞിന്റെ കാര്യം നോക്കിയാൽ മതി എന്ന് അവൻ കയർത്തു.

​പക്ഷേ കല്യാണത്തിന് മുൻപ് എനിക്ക് വാക്ക് തന്നതല്ലേ മനീഷേട്ടാ എന്നെ പഠിപ്പിക്കാൻ വിടാം എന്ന്

എന്ന് നിമിഷ ശബ്ദമുയർത്തി ചോദിച്ചു. അതൊക്കെ കല്യാണത്തിന് മുൻപ്, ഇപ്പോൾ നീ എന്റെ ഭാര്യയാണ്, ഞാൻ പറയുന്നത് കേട്ടാൽ മതി, കൂടുതൽ വാശിപിടിച്ചാൽ വിവരം അറിയും എന്ന് ഭീഷണിപ്പെടുത്തി മനീഷ് ഫോൺ കട്ട് ചെയ്തു. ഫോൺ വച്ച ശേഷം നിമിഷ അച്ഛനോടും അമ്മയോടും കാര്യങ്ങൾ പറഞ്ഞു.

എന്നാൽ അവരുടെ പ്രതികരണം അവളെ കൂടുതൽ നിരാശയാക്കി. മോളേ അവൻ നിന്നോട് വയറ്റിൽ കിടക്കുന്ന കുഞ്ഞിനോടുള്ള സ്നേഹം കൊണ്ടും നിങ്ങളോടുള്ള കെയറിങ് കൊണ്ടുമല്ലേ അങ്ങനെയൊക്കെ പറയുന്നത്, ആണുങ്ങളാകുമ്പോൾ അല്പം വാശിയൊക്കെ കാണിക്കും, നീ അത് സഹിച്ച് പോകണം, ഒരു കുഞ്ഞുണ്ടാകാൻ പോകുന്നതല്ലേ എന്ന് അമ്മ ഉപദേശിച്ചു.

​അതെ മോളേ ഭർത്താവിന്റെ വീട് ഉപേക്ഷിച്ച് ഇവിടെ നിൽക്കാൻ പറ്റില്ലല്ലോ, കുടുംബം എന്ന് പറഞ്ഞാൽ വിട്ടുവീഴ്ചകൾ വേണം എന്ന് അച്ഛനും പിന്തുണച്ചു. പണ്ടത്തെ കാലത്ത് നിന്ന് വണ്ടി കിട്ടാത്തവന്റെ കൂടെ ജീവിക്കുന്നത് എത്ര വലിയ കഷ്ടമാണെന്ന് അവൾക്ക് മനസ്സിലായി. സ്വന്തം വീട്ടുകാരും അവനെ ന്യായീകരിക്കാൻ തുടങ്ങിയതോടെ അവൾക്ക് ആകെ മടുപ്പായി.

ആരും തന്റെ കൂടെയില്ലെന്ന തോന്നൽ അവളെ തളർത്തി. മുറിയിൽ ഒറ്റയ്ക്കിരുന്ന് കരയുമ്പോഴാണ് സ്കൂളിൽ തന്റെ സീനിയറായി പഠിച്ച അഞ്ജലി ചേച്ചിയെക്കുറിച്ച് അവൾ ഓർത്തത്.

ഇപ്പോൾ വലിയൊരു അഡ്വക്കേറ്റാണ് അഞ്ജലി. പഠിക്കുന്ന കാലത്ത് തന്നെ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഉപദേശിക്കാനും മോട്ടിവേറ്റ് ചെയ്യാനും ചേച്ചിയോളം പോന്നവർ വേറെ ആരും ഉണ്ടായിരുന്നില്ല.

​മറ്റൊന്നും ആലോചിക്കാതെ നിമിഷ അഞ്ജലി ചേച്ചിയുടെ നമ്പറിലേക്ക് വിളിച്ചു. ഹലോ നിമിഷാ, പറടീ എത്ര നാളായി കണ്ടിട്ട്, എന്തൊക്കെയുണ്ട് വിശേഷങ്ങൾ എന്ന് മറുതലയ്ക്കൽ ചേച്ചിയുടെ ആവേശത്തോടെയുള്ള ശബ്ദം കേട്ടു. ഫോൺ എടുത്തതും നിമിഷയ്ക്ക് അടക്കാനാവാതെ കരച്ചിൽ വന്നു.

അവൾ തനിക്ക് സംഭവിച്ച കാര്യങ്ങൾ, മനീഷിന്റെ ചതി, ഡോക്ടറുടെ റിപ്പോർട്ട്, പഠനം നിർത്താനുള്ള സമ്മർദ്ദം, വീട്ടുകാരുടെ നിലപാട് എല്ലാം വിതുമ്പലോടെ ചേച്ചിയോട് പറഞ്ഞു. കേട്ട കാര്യങ്ങളൊക്കെ ശാന്തമായി കേട്ടിരുന്ന ശേഷം അഞ്ജലി ചേച്ചി ചോദിച്ചു, നിനക്ക് ഇപ്പോൾ എന്താണ് വേണ്ടത് നിമിഷാ, നിനക്ക് സ്വന്തം കാലിൽ നിൽക്കണോ അതോ ആ വീട്ടിൽ പോയി അവരുടെ ദാസിയായി ജീവിക്കണോ എന്ന്.

​എനിക്ക് പഠക്കണം ചേച്ചി, എനിക്ക് സ്വന്തമായി ഒരു വിലാസം വേണം, പക്ഷേ എല്ലാവരും എനിക്ക് എതിരാണ്, എന്റെ വയറ്റിൽ ഒരു കുഞ്ഞുമുണ്ട് എന്ന് നിമിഷ പറഞ്ഞു. നീ കേൾക്ക് നിമിഷാ എന്ന് പറഞ്ഞ അഞ്ജലി ചേച്ചിയുടെ ശബ്ദത്തിൽ വലിയ ഉറപ്പുണ്ടായിരുന്നു. നീ അവനെ കളഞ്ഞിട്ട് ഇങ്ങോട്ട് വാടീ, ഞാൻ പഠിപ്പിക്കാം നിന്നെ, നിന്റെ പഠപ്പും നോക്കാം, നിന്റെ കുഞ്ഞിന്റെ കാര്യവും ഞാൻ നോക്കാം, നീ തനിച്ചല്ല എന്ന് ചേച്ചി പറഞ്ഞു. ആ വാക്കുകൾ നിമിഷയ്ക്ക് നൽകിയ ധൈര്യം ചെറുതല്ലായിരുന്നു.

അവളുടെ ഉള്ളിൽ കിടന്ന ഭയമെല്ലാം മഞ്ഞുപോലെ ഉരുകിപ്പോയി. ഞാൻ വരാം ചേച്ചി എന്ന് അവൾ ഉറപ്പിച്ചു പറഞ്ഞു. അന്നുതന്നെ നിമിഷ തന്റെ വസ്ത്രങ്ങളും സർട്ടിഫിക്കറ്റുകളും എല്ലാം എടുത്ത് ഒരു ബാഗിലാക്കി. അത് കണ്ടതും അമ്മ ഓടിവന്നു.

നീ ഇത് എങ്ങോട്ടാ ഈ രാത്രി ഇറങ്ങിപ്പുറപ്പെടുന്നത്, തലയ്ക്ക് ഭ്രാന്ത് പിടിച്ചോ നിനക്ക് എന്ന് അമ്മ ചോദിച്ചു. ഞാൻ എന്റെ ജീവിതം ജീവിക്കാൻ പോവുകയാണ് അമ്മേ, എന്നെ ചതിച്ച, എന്നെ ഒരു അടിമയായി കാണുന്ന ഒരു ഭർത്താവിന്റെ അടുത്തേക്ക് ഞാൻ ഇനി തിരിച്ചുപോകില്ല എന്ന് നിമിഷ ഉറക്കെ പറഞ്ഞു.

അച്ഛൻ കോപത്തോടെ മുന്നോട്ട് വന്നു. നീ ഈ വീടിന്റെ പടിയിറങ്ങിയാൽ പിന്നെ ഇങ്ങോട്ട് തിരിച്ചുവരരുത്, ഭർത്താവിനെ ഉപേക്ഷിച്ച് പോകുന്ന പെണ്ണുങ്ങളെ ഈ സമൂഹം എന്ത് പറയും എന്ന് അച്ഛൻ ചോദിച്ചു.

​സമൂഹം എന്ത് വേണമെങ്കിലും പറയട്ടെ അച്ഛാ, എനിക്ക് എന്റെ ഭാവിയാണ് വലുത്, എന്നെ മനസ്സിലാക്കാത്ത ഈ വീട്ടിലും എനിക്ക് നിൽക്കേണ്ട എന്ന് പറഞ്ഞ് നിമിഷ ബാഗുമെടുത്ത് ഇറങ്ങി.

വിവരമറിഞ്ഞ് മനീഷും അവന്റെ അമ്മയും വഴിക്കുവെച്ച് അവളെ തടയാൻ നോക്കി. നീ എങ്ങോട്ടാടീ പോകുന്നത്, എന്റെ കുഞ്ഞിനെയും കൊണ്ട് നീ എങ്ങും പോകില്ല എന്ന് മനീഷ് തട്ടിക്കയറി.

നിമിഷ അവന്റെ നേരെ വിരൽ ചൂണ്ടി. എന്റെ വഴിയടക്കാൻ നോക്കണ്ട , എന്നെ വ്യാജ റിപ്പോർട്ട് കാണിച്ച് പറ്റിച്ചതിനും മാനസികമായി പീ.ഡിപ്പിച്ചതിനും നിനക്കും നിന്റെ ഡോക്ടർ ബന്ധുവിനും എതിരെ ഞാൻ കേസ് കൊടുക്കും, വഴിമാറ് എന്ന് അവൾ കടുപ്പത്തിൽ പറഞ്ഞു

. അവളുടെ കണ്ണുകളിലെ തീ കണ്ടപ്പോൾ മനീഷ് ഭയന്നുപോയി. അവൻ അറിയാതെ പുറകോട്ട് മാറി.
​വീട്ടുകാരും ഭർത്താവിന്റെ വീട്ടുകാരും നാട്ടുകാരും എല്ലാം അവൾക്ക് എതിരായിരുന്നു.

പക്ഷേ, താൻ ചെയ്യുന്നത് ശരിയാണെന്ന് നിമിഷയ്ക്ക് ഉറപ്പായിരുന്നു. അവൾ അഞ്ജലി ചേച്ചിയുടെ വീടെത്തി. ചേച്ചി അവളെ കെട്ടിപ്പിടിച്ച് സ്വീകരിച്ചു.

ധൈര്യമായിരിക്ക്, ഇനി നിനക്ക് ഒരു കുറവും വരില്ല എന്ന് ആശ്വസിപ്പിച്ചു. അന്ന് രാത്രി തന്റെ വയറ്റിൽ കൈവച്ചുകൊണ്ട് നിമിഷ സ്വയം പറഞ്ഞു. ഈ കുഞ്ഞിനെ ഞാൻ വളർത്തും, നല്ല രീതിയിൽ പഠിപ്പിച്ച് വലിയൊരാളാക്കും.

ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ്! ഒരു പുരുഷന്റെ തണൽ വേണം എന്ന് ഒരു സ്ത്രീക്കും അവളുടെ കുഞ്ഞിനും വളരാൻ ഒരു നിർബന്ധവുമില്ല. എന്റെ കുഞ്ഞിന് അമ്മയും അച്ഛനും എല്ലാം ഞാൻ തന്നെയായിരിക്കും. തന്റെ ഭാവിയിലേക്കും സ്വപ്നങ്ങളിലേക്കും അവൾ ആത്മവിശ്വാസത്തോടെ കാൽവെച്ചു…

Leave a Reply

Your email address will not be published. Required fields are marked *