Story Written by Anju Thankachan
വീതം വേണമെന്നും പറഞ്ഞ് ഇന്നലെ വീട്ടിൽ വലിയ ബഹളമായിരുന്നു.
നീണ്ട ഇരുപത്തിനാല് വർഷത്തെ വിദേശവാസം മതിയാക്കി, എന്റെ ഭർത്താവ് നാട്ടിലെത്തിയതിന്റെ മൂന്നാമത്തെ ദിവസമാണ് മക്കൾ തമ്മിൽ ബഹളമായത്.
അത് കേട്ടപ്പോൾ എനിക്ക് സത്യത്തിൽ സങ്കടമാണ് വന്നത്.
അദ്ദേഹം വിദേശത്തായിരുന്നതുകൊണ്ട് കുട്ടികളെ വളർത്തിയത് ഞാനാണല്ലോ,
ഞാൻ വളർത്തിയതിലെ പാകപ്പിഴകൊണ്ടായിരിക്കണമല്ലോ അവരിപ്പോൾ കേവലം സമ്പത്തിന് വേണ്ടി വഴക്കുണ്ടാകുന്നതെന്നോർത്തപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല.
എന്റെ കണ്ണ് തുടച്ചു കൊണ്ട് അദ്ദേഹം എന്നെ ആശ്വസിപ്പിച്ചു.
എടീ കാലം മാറി, സ്നേഹത്തിനൊന്നും വലിയ വിലയില്ലാത്ത കാലമാണ്. നീ മാറ്റങ്ങളെ ഉൾകൊള്ളാൻ പഠിക്കണമെന്ന് എന്നോട് പറഞ്ഞു.
അദ്ദേഹത്തിന് പാരമ്പര്യമായി കിട്ടിയ എഴുപത് സെന്റ് വസ്തു കിടപ്പുണ്ട്. അത്,
ഇപ്പോൾ ഞങ്ങൾ താമസിക്കുന്ന സ്ഥലത്തല്ല. ഇവിടെ നിന്നും ഒരു കിലോമീറ്റർ മാറിയാണ്.
വഴി സൗകര്യം നോക്കി, വീട് വയ്ക്കാനായി, ഈ വീടിരിക്കുന്ന പതിനഞ്ചു സെന്റ് സ്ഥലം,
വിദേശത്ത് പോയി മൂന്നാമത്തെ കൊല്ലം ലീവിന് വന്നപ്പോൾ അദ്ദേഹം വാങ്ങിയതാണ്.
പിന്നെയും ആറ് വർഷങ്ങൾ കഴിഞ്ഞാണ് ഈ വീടുണ്ടാക്കിയത്.
മുൻപ് താമസിച്ചിരുന്ന ആ എഴുപത് സെന്റിലെ ചെറിയ വീട് പൊളിച്ചു കളഞ്ഞിരുന്നു.
ഞങ്ങൾക്ക് രണ്ട് മക്കളാണ്. ഒരാണും ഒരു പെണ്ണും. രണ്ടാളും വിവാഹിതരുമാണ്.
മകൻ വേറേ പോകാനായി വീട് പണിതുകൊണ്ടിരിക്കുകയാണ്.
മക്കൾ തമ്മിലുള്ള വഴക്ക് കേട്ടിട്ടും അദ്ദേഹത്തിന്റെ മുഖം ശാന്തമായിരുന്നു.
എന്നാലും നമ്മുടെ മക്കളിങ്ങനെ സമ്പത്തിനുവേണ്ടി വഴക്കുണ്ടാക്കുമെന്ന് ഞാൻ കരുതിയില്ല….
അച്ഛനെയും അമ്മയെയും മാത്രേ അവർക്ക് വേണ്ടതായുള്ളൂ…. ഞാൻ വിഷമത്തോടെ പറഞ്ഞു.
നീ കരയാതിരിക്ക്. ജീവിതം തുടങ്ങിയത് നമ്മൾ ഒരുമിച്ചല്ലേ… നമുക്ക് നമ്മളേയുള്ളൂ…
പിറ്റേന്ന് തന്നെ അദ്ദേഹം ആ എഴുപത് സെന്റ് സ്ഥലം അളന്നു തിരിക്കാനുള്ള ഏർപ്പാട് ചെയ്തു.
ഇരുപത് സെന്റ് മകൾക്കും, ഇരുപത് സെന്റ് മകനും.
അതെന്താ അവൾക്കും ഇരുപത് സെന്റ്. അവൾക്ക് സ്വർണ്ണമൊക്കെ കൊടുത്തു കെട്ടിച്ചു വിട്ടതല്ലേ…?? പിന്നെയും എന്തിനാ ഇരുപത് സെന്റ് കൊടുക്കുന്നത്? മകൻ ചോദിച്ചു.
അവൾക്ക് സ്വർണ്ണം കൊടുത്ത് കെട്ടിച്ചു വിട്ടു. അത് ശരിയാ.. പക്ഷെ നിനക്ക് അതിലും കൂടുതൽ തുക മുടക്കിയാണ് ഞാൻ കാർ വാങ്ങി തന്നത്. ഒരു സി സി പോലുമില്ലാതെ മുഴുവൻ പണവും കൊടുത്താണ് നിനക്ക് ഞാനാ കാർ വാങ്ങി തന്നത്, അത് നീ മറന്നു പോയോ??
ആ തുകയെ, അവൾക്ക് സ്വർണ്ണമെടുക്കാനായും അവളുടെ കല്യാണത്തിനുമായി ചിലവാക്കിയിട്ടുള്ളൂ.
മക്കൾ, ആണായാലും,പെണ്ണായാലും, അവർക്ക് തുല്യ അവകാശമാണ്. പണ്ടൊക്കെ ആണുങ്ങൾക്ക് കൂടുതൽ തന്നിരുന്നു. കാരണം അക്കാലങ്ങളിൽ ആണുങ്ങൾ കുടുംബത്ത് നിൽക്കുകയും അപ്പനും അമ്മയ്ക്കും തണലാകുകയും ചെയ്യുമായിരുന്നു. ഇന്ന് അങ്ങനെയല്ലല്ലോ… വിവാഹത്തോടെ മക്കൾ മാറി താമസിക്കും. അതാണ് നല്ലതും.
ബാക്കിയുള്ള മുപ്പത് സെന്റ് അദ്ദേഹം മറ്റൊരാൾക്ക് വിറ്റു, പണം അക്കൗണ്ടിൽ നിക്ഷേപിച്ചു.
ഈ വീട് എനിക്ക് തന്നെയല്ലേ ?? മകൻ ചോദിച്ചു..
അല്ല. അതെന്റെ അധ്വാനത്തിന്റെ ഫലമാണ്. എനിക്കും എന്റെ ഭാര്യക്കും മാത്രമാണ് ഇതിൽ അവകാശം.
വീതം കിട്ടിയ നിലക്ക് ഇനിയങ്ങോട്ട് രണ്ടുപേർക്കും യാതൊരു അവകാശവും ഇല്ല. അതും പറഞ്ഞ് രണ്ടുപേരും ഇങ്ങോട്ട് വന്നേക്കരുത്. ഇനി ഞങ്ങൾ ഒന്ന് ജീവിക്കട്ടെ….. അദ്ദേഹം പറഞ്ഞു.
എങ്കിലും, ഒടുവിൽ നമ്മൾ മാത്രമായല്ലോ എനിക്ക് സങ്കടം സഹിക്കാനായില്ല.
എടീ… കാലത്തിനൊത്ത് മാറാൻ പഠിക്കണം. ഞാൻ ഈ വീട് പണിതപ്പോൾ മുകൾ നിലയുടെ സ്റ്റെയർ പുറത്ത് നിന്നും കൊടുത്തത് ശരിയായില്ലെന്ന് എല്ലാവരും പറഞ്ഞില്ലേ..
ഞാനന്ന് അങ്ങനെ ചെയ്തത് എന്തിനാണെന്നറിയാമോ ? ഭാവിയിൽ എനിക്ക് നീയും, നിനക്ക് ഞാനും മാത്രമേ ഉണ്ടാകുവെന്ന് എനിക്കറിയാം.
നമുക്ക് ഒരു മരുന്ന് വാങ്ങണമെങ്കിലോ, എവിടെയെങ്കിലും പോകണമെങ്കിലോ , നമ്മൾ മക്കളുടെ മുന്നിൽ കെഞ്ചേണ്ടി വരും.
അതുണ്ടാവാതിരിക്കാനാണ് ഞാൻ ഓരോന്നും കരുതലോടെ ചെയ്തത്. മുകൾ നിലയിൽ അടുത്ത ദിവസം തന്നെ വാടകയ്ക്ക് ആൾക്കാർ വരും. മാസം നല്ലൊരു വാടകയും കിട്ടും. അത് മതി നമുക്ക്. മുകളിൽ താമസത്തിന് ആൾക്കാർ ഉള്ളതുകൊണ്ട് നമ്മൾ ഒറ്റയ്ക്കാണെന്ന ഒരു ഫീലും വരില്ല.
ഇന്നത്തെ കാലത്ത് മക്കൾക്ക് വേണ്ടി എന്തെങ്കിലുമൊക്കെ സമ്പാദിച്ചു കൂട്ടുന്നതിലല്ല നമ്മൾ ശ്രദ്ധിക്കേണ്ടത്.
അവർക്ക് മതിയായ വിദ്യാഭ്യാസം കൊടുക്കുക അത്രയേ നമ്മൾ ചെയ്യേണ്ടതുള്ളൂ.
നമ്മൾ സുഖമായിട്ട് ജീവിക്കണം. നമ്മുടെ ഭാവിയെ കരുതണം. അല്ലാതെ വാർദ്ധക്യത്തിൽ മക്കൾക്ക് ഭാരമായി ജീവിക്കേണ്ടി വരരുത്. മരണം വരെ നല്ല അന്തസ്സായിട്ട് ജീവിക്കണം.
ഇനി നമുക്കു രണ്ടാൾക്കും തീരെ വയ്യാതായാൽ, നമ്മളെ നോക്കാനായി ഒരു ഹോംനേഴ്സിനെ നിർത്താനുള്ള കാശൊക്കെ അക്കൗണ്ടിൽ ഉണ്ടെടി നീ ധൈര്യമായിട്ടിരിക്ക്…
അപ്പോൾ മാത്രം എനിക്ക് ചിരി വന്നു. അല്ലെങ്കിലും എന്റെ ഭർത്താവ് ദീർഘവീക്ഷണമുള്ള ആളാണ്….
അവരവരെ സ്വയം കരുതി ജീവിക്കണമെന്ന വലിയ പാഠം, ഞാൻ അദ്ദേഹത്തിൽ നിന്നാണ് പഠിച്ചത്.
കാലം മാറിയെന്നേ…. നമ്മളും അതിനൊത്ത് മാറണം..
🍀🍀🍀🍀🍀🍀
