അങ്ങനെ ഒരു ദിവസം അവനെയും കൂട്ടി അവൾ കാടുകയറാൻ പോയി. കുറ്റിക്കാട്ടിൽ വെച്ച് രണ്ടുപേരുടെയും കാ.മലീ.ലകൾ ആരോ കയ്യോടെ പൊക്കി. രണ്ടുപേരുടെയും വീട്ടിൽ അറിഞ്ഞു…….

Story written by Vipin PG

നാലുവർഷം കൊണ്ട് നടന്ന പ്രണയം പൊട്ടി നാശം ആയപ്പോൾ സ്വന്തം വീടിന്റെ ടെറസിൽ തന്നെ ഞങ്ങളെ വിളിച്ചു വരുത്തി എല്ലാർക്കുംമൊപ്പം വെള്ളമടിച്ചു ഫ്ലാറ്റായി മലന്നു കിടക്കുകയാണ് കഥാനായകൻ അനീഷ്. മേടിച്ച സാധനം തീർന്നപ്പോൾ തൊട്ടു അവൻ ഒരേ കരച്ചിലാണ്. കൂട്ടുകാർ മാറി മാറി ഉപദേശിച്ചിട്ടും കരച്ചിൽ നിന്നില്ല. അവസാനം കേറിയ ക.ള്ളിന്റെ മൂച്ചിൽ ഞാൻ അവനോടു ചോദിച്ചു

” ഡാ ,, കപ്പിനും ചുണ്ടിനുമിടയിൽ ഈ കല്യാണം മുടങ്ങിയാൽ അവളെ നിനക്ക് കിട്ടിയാൽ നീ എനിക്ക് എന്ത് തരും “

കരച്ചിൽ നിർത്തി കയ്യിൽ ഒന്നു നുള്ളി സ്വപ്നമല്ല എന്ന് ഉറപ്പാക്കിയ ശേഷം അവൻ എന്നോട് പറഞ്ഞു

” അങ്ങനെയെങ്ങാനും സംഭവിച്ചാൽ അതിന്റെ പ്രതിഫലം നീ പറയുന്നതാണ് “

ഞാനും ഇവനും കല്യാണം കഴിക്കാൻ പോകുന്ന ഇവന്റെ കാമുകിയും അവളുടെ കൂട്ടുകാരികളും എല്ലാവരും കാമുകീകാമുകന്മാർ ആയി നാലുവർഷം കോളേജ് ജീവിതം അടിച്ചു പൊളിച്ചു തീർത്തവരാണ്. പക്ഷേ ആത്മാർത്ഥതയുടെ നിറകുടമായ ഇവൻ മാത്രം പ്രണയത്തിൽ നിന്ന് പിൻമാറിയില്ല. അതേ ആത്മാർത്ഥത അവളും കാണിച്ചപ്പോൾ അവരുടെ പ്രണയം കാടുകയറി പോയി.

അങ്ങനെ ഒരു ദിവസം അവനെയും കൂട്ടി അവൾ കാടുകയറാൻ പോയി. കുറ്റിക്കാട്ടിൽ വെച്ച് രണ്ടുപേരുടെയും കാ.മലീ.ലകൾ ആരോ കയ്യോടെ പൊക്കി. രണ്ടുപേരുടെയും വീട്ടിൽ അറിഞ്ഞു. ഒരു പെണ്ണിനെ സംരക്ഷിക്കാൻ ധൈര്യമുണ്ടെങ്കിൽ കൂട്ടിയിട്ട് പോരാൻ ഇവന്റെ വീട്ടിൽ നിന്ന് പറഞ്ഞു. ഇവന്റെ കൂടെ പോകാൻ എന്തെങ്കിലും ഉദ്ദേശമുണ്ടെങ്കിൽ എല്ലാവർക്കും വി.ഷംകൊടുത്ത് കൊ ന്നിട്ട് ഞാൻ തൂ.ങ്ങിച്ചാ.വും എന്ന് അവളുടെ അമ്മയും പ്രഖ്യാപിച്ചു.

വൈകാതെ തന്നെ ഒരു ഒളിച്ചോട്ടം പ്രതീക്ഷിച്ച അശ്വതിയുടെ അമ്മ നാട്ടിലുള്ള സർവ്വത്ര ബ്രോക്കർമാരും കണ്ടു കാര്യം പറഞ്ഞു. അങ്ങനെ ഒരു ബ്രോക്കർ കൊണ്ടുവന്ന ആലോചനയാണ് നാളെ നടക്കാൻ പോകുന്ന കല്യാണം.

സത്യം പറഞ്ഞാൽ ചെകുത്താനും കടലിനും നടുക്ക് അത് നമ്മൾ കൂട്ടുകാരാണ്. കാരണം ഇവനെ ഒഴിച്ച് ബാക്കി എല്ലാരെയും നാളെ കല്യാണം വിളിച്ചിട്ടുണ്ട്. പോകാതിരിക്കാൻ പറ്റില്ല. കാരണം അവളുടെ കൂട്ടുകാരികളിൽ പലരും നമ്മുടെ കൂട്ടുകാരൻ മാരുടെ ഇനിയും തിരിച്ചു വന്നേക്കാവുന്ന കാമുകിമാർ ആണ്.

അവസാനമായി ഞാൻ അശ്വതിയെ വിളിച്ച് സംസാരിച്ചു. കൊണ്ടു പോകാൻ തയ്യാറാണെങ്കിൽ കൂടെ പോകാൻ തയ്യാറാണെന്ന് അവൾ. മതി ,,,, അത് മതി. ബാക്കി ഞങ്ങൾ ചെയ്തോളാം.

അങ്ങനെ അ.ടിച്ചു കി.ണ്ടി ആയിരിക്കുന്ന പച്ച പാതിരാത്രിക്ക് എല്ലാവരെയും വിളിച്ച് ഒരു കാര്യം പ്ലാൻ ചെയ്തു. നാളെ അശ്വതി എന്ന ഇവന്റെ കാമുകി വിവാഹിതയാ കുന്നതിന് തൊട്ടുമുന്നേ കല്യാണ പന്തലിൽ വച്ച് ഞങ്ങൾ കൂട്ടുകാർ എല്ലാരും കൂടി ഒരു ആദിവാസി ഗാനം ആലപിക്കുന്നു.

കല്യാണ പന്തലിൽ പാട്ടും ഡാൻസും ഒക്കെ ആണല്ലോ ഇപ്പോഴത്തെ ട്രെൻഡ്. ഇതിപ്പോ തിരുവാതിരയോ ബ്രേക്ക്‌ ഡാൻസോ ഒന്നുമല്ല ,,, ആദിവാസി വേഷത്തിൽ ഒരു ആദിവാസി ഡാൻസ്.

കോളേജിന്റെ ഞങ്ങൾ ഈ പറഞ്ഞ ആദിവാസി ഐറ്റത്തിന് ഫസ്റ്റ് പ്രൈസ് മേടിച്ചതാണ്. പക്ഷേ ഇവനെ പന്തലിലേക്ക് കൊണ്ടുപോകണമെങ്കിൽ മറ്റെന്തെങ്കിലും മാർഗം സ്വീകരിച്ചേ പറ്റൂ.

പിറ്റേന്ന് മുഹൂർത്തത്തിന് കൃത്യം അര മണിക്കൂർ മുന്നേ ഒരു പുതുപുത്തൻ വണ്ടിയിൽ ഞങ്ങൾ കുറെ ആദിവാസികൾ ആദിവാസി കോലത്തിൽ കല്യാണ വീടിനു മുന്നിൽ വന്നിറങ്ങി.

ഞങ്ങളുടെ പിന്നാലെ ഒപ്പന കളിക്കാൻ ഒരു സെറ്റ് ടീമിനെ വേറെയും ഇറക്കി. ഒരു കൂട്ടുകാരിയുടെ കല്യാണത്തിന് ഞങ്ങളെ കൊണ്ട് ചെയ്യാൻ പറ്റുന്നത് ഇതൊക്കെയല്ലേ ഉള്ളൂ.

ഞങ്ങളെ ആനയിക്കാൻ നിലവിൽ അവിടെയുള്ള കൂട്ടുകാരെ പറഞ്ഞു ഏൽപ്പിച്ചിരുന്നു. ഞാൻ പറഞ്ഞു കൊടുത്തിരുന്ന പ്രത്യേക താളത്തിലുള്ള ആദിവാസി ഗാനം പാടികൊണ്ട് അവർ ഞങ്ങളെ ആനയിച്ചു.

കല്യാണം കാണാൻ വന്ന കാഴ്ചക്കാർക്ക് കൗതുകം ഉണ്ടാക്കുന്ന രീതിയിൽ അമ്പും വില്ലും പച്ചില കൊണ്ടുണ്ടാക്കിയ ഡ്രെസ്സും ഒക്കെയായി നോക്കിയാൽ തന്നെ ആദിവാസി രൂപത്തിൽ ഞങ്ങൾ കുറച്ചുപേർ പന്തലിലേക്ക് വന്നു. കല്യാണ ചെക്കനും ചെക്കന്റെ ത.ന്തയും ത.ള്ളയും എല്ലാവരും കുലുങ്ങിക്കുലുങ്ങി ചിരിയാണ്.

അവർ മാത്രമല്ല പെണ്ണിന്റെ അമ്മയും അച്ഛനും എല്ലാവരും ചിരിയടക്കാൻ നന്നേ പാടുപെട്ടു. ഇപ്പോഴത്തെ പിള്ളേരുടെ ഒരു കാര്യമേ. ഓരോ വേഷം കെട്ടലുകൾ. അങ്ങനെ മുഹൂർത്തത്തിനു സമയമായി. ഒപ്പനക്കുള്ള ടീമിനെ പന്തലിൽ തന്നെ ഇരുത്തി ഞങ്ങൾ ആദിവാസികൾ മണ്ഡപത്തിനു ചുറ്റും കൂടി.

മുഹൂർത്തത്തിന് സമയമായപ്പോൾ ശാന്തിക്കാരൻ താലി എടുത്ത് ചെക്കന്റെ കയ്യിൽ കൊടുത്തു. ചെക്കൻ താലികെട്ടാൻ നോക്കവേ അപ്രതീക്ഷിതമായി ഞങ്ങൾ കുരവ ഇട്ടുകൊണ്ട് മണ്ഡപത്തിനു ചുറ്റും കറങ്ങാൻ തുടങ്ങി. ഇതേസമയം ഒപ്പനയ്ക്ക് വേണ്ടി പന്തലിൽ വന്നിരുന്ന ഒരു മുസ്ലീം യുവതി പർദ്ദ മടക്കികുത്തി കുരവ്വക്ക് അനുസരിച്ചു ഡാൻസ് കളിച്ചുകൊണ്ട് മണ്ഡപത്തിന്റെ അടുത്തേക്ക് വന്നു.

എന്താ സംഭവിക്കുന്നത് എന്ന് ഒരു പിടിയും കിട്ടാതെ എല്ലാവരും നിൽക്കുമ്പോൾ ചെക്കന്റെ കയ്യിൽ നിന്ന് താലി തട്ടിപ്പറിച്ച് ഈ മുസ്ലീം യുവതി പെണ്ണിന്റെ കഴുത്തിൽ താലികെട്ടി. പർദ്ദ ഊരി കളഞ്ഞപ്പോൾ മുസ്ലിം യുവതി കഥാനായകനായ അനീഷിന്റെ രൂപമെടുത്തു.

പിന്നെ അവിടെ നടന്നത് പരത്തിയ.ടി ആണ്. ഇതെല്ലാം ഒപ്പിച്ചത് ഞങ്ങൾ കൂട്ടുകാർ ആണെന്ന് മനസ്സിലാക്കിയ പെണ്ണിന്റെ വീട്ടുകാർ കൈയിൽ കിട്ടിയത് വച്ച് അ.ടി തുടങ്ങി. കസേരയ്ക്കടി,,,, പാത്രത്തിനടി ഗജപോഗ. ഇത്തരം ചില സന്ദർഭങ്ങൾ മുൻകൂട്ടി കണ്ടിരുന്ന പെണ്ണിന്റെ അമ്മ നേരത്തെ സെക്യൂരിറ്റിക്ക് കുറച്ചുപേരെ നിയോഗിച്ചിരുന്നു.

അവന്മാർ നമ്മൾ ആദിവാസികളെ ഓരോരുത്തരെയായി വട്ടം പിടിച്ചു. അ.ടിവസ്ത്രത്തിനു മുകളിൽ പച്ചില മാത്രം ഉണ്ടായിരുന്നു ഞങ്ങൾ പാവങ്ങളുടെ പച്ചില മുഴുവൻ അവരു വലിച്ചു പൊട്ടിച്ചു. കുറേപ്പേരുടെ കരണത്തും നടുപുറത്തും നെ.ഞ്ചത്തും പൊ.ട്ടിച്ചു.

കാര്യം കൈവിട്ടുപോയി എന്ന് മനസ്സിലായപ്പോൾ ഞങ്ങൾ ആദിവാസികൾ അച്ചാണം പുച്ചണം അമ്പെയ്യാൻ തുടങ്ങി. അർദ്ധരാത്രി മെനക്കെട്ട് കുത്തിയിരുന്ന് മുറിച്ച് തറിച്ചു കൂർപ്പിചെടുത്ത അമ്പ് ഞങ്ങളെ ത.ല്ലാൻ വന്ന ഭീകരന്മാരുടെ ബാക്ക് നോക്കി എയ്തു. കുറെയൊക്കെ കു.ത്തികേറിറി,,,, കുറെ തെ.റിച്ചുപോയി പോയി.

ഞങ്ങൾ ആദിവാസികളും ആൾക്കാരും തമ്മിൽ പന്തലിൽ പൊരിഞ്ഞ അ.ടി നടക്കുമ്പോൾ അതിനിടയിലൂടെ പെണ്ണിനെ കൊണ്ട് രക്ഷപ്പെടാൻ ശ്രമിച്ച അനീഷിനെ അവളുടെ അമ്മാവന്മാർ എല്ലാവരും കൂടി വട്ടം പിടിച്ചു.

” ഡിംഗ് “

ഒരു ഭീകര ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ ഞങ്ങൾ കണ്ടത് ചി.രവക്ക് അ.ടികൊണ്ട് കിളിപോയി നിൽക്കുന്ന അനീഷിനെയും ചിരവ പിടിച്ചുനിൽക്കുന്ന അശ്വതിയുടെ അമ്മയെയും. അവന്റെ ബോധം പോയി. ഇനിയിപ്പോൾ ഒന്നും നോക്കാനില്ല. ഞാൻ ഉറക്കെ അലറി

” തോമസുകുട്ടി വിട്ടോടാ “

കയ്യിൽ കിട്ടിയ പച്ചില വാരി മുമ്പിലും ബാക്കിലും പൊത്തിപ്പിടിച്ച് ഞങ്ങൾ പന്തലിൽ നിന്നും ഇറങ്ങിയോടി. എല്ലാവരും കൂടി ത.ല്ലിക്കൊ.ല്ലും എന്ന് പേടിച്ച് അശ്വതി ഞങ്ങളുടെ പുറകെ ഓടി. കല്യാണത്തിന് വന്ന നാട്ടുകാരും വീട്ടുകാരും എല്ലാവരും അവളുടെ പുറകെ ഓടി.

ഓടിയോടി ഞങ്ങൾ കോളേജിന്റെ മതിലുചാടി. സാധാരണ എന്തെങ്കിലുമൊക്കെ പ്രശ്നങ്ങൾ വന്നാൽ ഞങ്ങൾ ഒളിക്കാനുള്ള ഞങ്ങളുടെ സങ്കേതം ലക്ഷ്യമാക്കി ഓടടാ ഓട്ടം. ഞങ്ങളുടെ ഈ ഓട്ടം കണ്ട് കുറെ കോളേജ് കുമാരന്മാർ ഞങ്ങൾ ആദിവാസികൾ ആണെന്ന് കരുതി ഞങ്ങളുടെ പുറകെ വച്ചുപിടിച്ചു.

ഞങ്ങളെ പിടിക്കാൻ ആഹ്വാനം ചെയ്ത ഞങ്ങളുടെ പുറകെ ഓടി വന്നു നാട്ടുകാരെ കണ്ട് ഈ കോളേജ് കുമാരന്മാർ ഞങ്ങളെ ഓടിച്ചിട്ടു പിടിച്ചു. എല്ലാവരും കെട്ടിപ്പിടിച്ച് നിലത്തുകിടന്നുരുണ്ടു. അപ്പോഴേക്കും ഓടിയെത്തിയ നാട്ടുകാർ ഞങ്ങളെ വട്ടം പിടിച്ചു. പിന്നെ ച.വിട്ടാണോ തൊ.ഴിയാണോ ഇ.ടി ആണോ എനിക്കൊന്നും ഓർമ്മയില്ല.

കോളേജ് പിള്ളേരും നാട്ടുകാരും എല്ലാവരും കൂടെ താങ്ങിയെടുത്ത് ആദിവാസി ഗാനം പാടിക്കൊണ്ട് നേരെ പോലീസ് സ്റ്റേഷനിലേക്ക് പോയി. വിധിയുണ്ടെങ്കിൽ പുറത്തു വരുമ്പോൾ കാണാം. കഥാനായകന് ബോധം വന്നപ്പോൾ അവിടുന്ന് നേരെ ആശുപത്രിയിലേക്കും തല തുന്നിക്കെട്ടിയ ശേഷം നേരെ പോലീസ് സ്റ്റേഷനിലേക്കും വന്നു.

കറുത്തിട്ടും വെളുത്തിട്ടും നീലനിറത്തിലുമുള്ള കളസവും ഇട്ട് പച്ചിലയും പിടിച്ചു സ്റ്റേഷനിൽ ഞങ്ങൾ കു.ത്തിയിരിക്കുമ്പോൾ അശ്വതിയും പുതുമണവാളനും കൂടി പോലീസ് സ്റ്റേഷനിൽ വന്നു. ഉണ്ടായ സംഭവങ്ങളെല്ലാം തന്റെ അറിവും സമ്മത പ്രകാരം ആണെന്ന് അശ്വതി പോലീസിനോട് പറഞ്ഞപ്പോൾ താൽക്കാലികമായി ഞങ്ങളെ പോലീസ് വെറുതെവിട്ടു.

പുതുമണവാളൻ വന്നത് ആത്മാർത്ഥതയുടെ നിറകുടങ്ങളായ ഞങ്ങൾ സുഹൃത്തുക്കളെ അനുമോദിക്കാനാണ്. അശ്വതിയെ കെട്ടുന്നില്ല എന്ന് പറഞ്ഞ് അയാൾ തിരികെ പോയി. തിരികെ വീട്ടിലേക്ക് ഇല്ല എന്ന് അശ്വതി. അവളുടെ കാല് പിടിച്ചു വലിച്ചു കൊണ്ട് അവളുടെ അമ്മ. കിട്ടിയ തൂണിൽ വട്ടം പിടിച്ചു കൊണ്ട് അശ്വതി.

തൂണ് വിടടി എന്ന് പറഞ്ഞ് അവളുടെ അമ്മ. കൈ പറഞ്ഞാലും തൂണ് പറഞ്ഞാലും തൂണ് വിടില്ലെന്ന് അശ്വതി. അവളുടെ രണ്ടു കാലും പിടിച്ച് അവളുടെ അമ്മ വലിയാണ്. അവളാണെങ്കിൽ ശക്തിമാൻ പറക്കാൻ നിൽക്കുന്ന പോലെ തൂണിൽ കൈപിടിച്ചു കൊണ്ട് വായുവിൽ നിൽക്കുന്നു.

അവസാനം അനീഷിനെ വീട്ടുകാർ വന്നു. ശാന്തിയുടെയും സമാധാനത്തിന്റെയും വെള്ളരിപ്രാവുകൾ ആയി പോലീസുകാർ നിരന്നിരുന്നു. അ.ടിയിലും ബഹളത്തിലും തുടങ്ങിയ ചർച്ച ഒടുവിൽ സമാധാന പെട്ടു. മറ്റു മാർഗങ്ങൾ ഒന്നും ഇല്ലാതെ അശ്വതിയെ അനീഷ്നോട് കൊണ്ട് പൊക്കോളാൻ പറഞ്ഞ് അശ്വതിയുടെ വീട്ടുകാർ രംഗം വിട്ടു.

അവളെയും കൂട്ടി അനീഷ് വീട്ടിലേക്ക് പോയി. കിട്ടിയ അടിയുടെയും ഇടിയുടെയും നീര് ഇറങ്ങിയിട്ട് വേണം രണ്ടുപേരെയും നിലത്തിരുത്തി അവരുടെ ചുറ്റും ഒരു ആദിവാസി ഡാൻസ് കളിക്കാൻ

ശുഭം

Leave a Reply

Your email address will not be published. Required fields are marked *