വിനോദെ.. മോനെ.. വീട്ടിൽ ഇരിക്ക് കുറച്ചു നാള്.. കാശ് കുറച്ചു കിട്ടിക്കാണുമല്ലോ അവന്മാരുടെ കയ്യിൽ ന്ന് അപ്പോ ചിലവിനു ബുദ്ധിമുട്ട് വരില്ല. സസ്‌പെൻഷൻ ഓർഡർ ഉടൻ വന്നോളും കേട്ടോ……

എഴുത്ത്: – പ്രജിത്ത് സുരേന്ദ്രബാബു

“എസ് ഐ വിനോദിന്റെ അഴിമതി അവസാനിപ്പിക്കുക. “

” ഗോപികയുടെ കൊ. ലപാതകികളെ അറസ്റ്റ് ചെയ്യുക “

” കൈക്കൂലിക്കാരൻ എസ് ഐ യേ പിരിച്ചു വിടുക “

രാവിലെ തന്നെ മുദ്രാവാക്യങ്ങളുമായി പോലീസ് സ്റ്റേഷന് മുന്നിൽ വലിയൊരു ജനാവലി തടിച്ചു കൂടിയിരുന്നു.

” ഇത് എന്താ സംഭവം “

അപരിചിതനായ ഒരാൾ ജനക്കൂട്ടത്തിനോട് കാര്യം തിരക്കി.

” ചേട്ടാ.. രണ്ട് ദിവസം മുന്നേ ഒരു ആക്‌സിഡന്റ് നടന്നു ഇവിടെ.. റോഡിലൂടെ നടന്നു പോയ ഒരു പെൺകുട്ടിയെ കാറിടിച്ചിട്ടിട്ട് നിർത്താതെ പോയി. ആ കൊച്ച് മരിച്ചു പോയി. പ്രതികളെ നാട്ടുകാർ തന്നെ പിന്നാലെ പോയി പിടിച്ചു പോലീസിൽ എല്പിച്ചതാണ് പക്ഷെ എസ് ഐ കാശ് വാങ്ങീട്ട് അവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു മാത്രമല്ല കേസ് സ്വാഭാവിക ആക്സിഡന്റ് ആക്കി എഴുതി തള്ളി … ക.ള്ളും കു.ടിച്ചു ബോധമില്ലാതെ വണ്ടി ഓടിച്ചതാ അവന്മാര്.. കൊച്ചിന്റെ ദേഹത്തൂടെ കാർ ക.യറ്റി ഇ.റക്കി. എന്നിട്ടും നിർത്താതെ പൊയ്ക്കളഞ്ഞു. ഇത്രേം മനസാക്ഷി ഇല്ലാത്ത കാര്യം ചെയ്തവന്മാരെ ഈ എസ് ഐ സംരക്ഷിക്കാൻ നോക്കുവാ അങ്ങിനെ വിട്ടാൽ പറ്റില്ലല്ലോ.”

” ഇവന്റെയൊക്കെ ജോലി കളയണം എന്നാലേ പഠിക്കു “

മറുപടികൾ പലതായി എത്തി. തടിച്ചു കൂടിയ ജനാവലി റോഡ് കൂടി ഉപരോധിച്ചു തുടങ്ങിയതോടെ പ്രശ്നം വഷളായിരുന്നു.

” സാറേ.. സീൻ ആണ്.. എന്താ ചെയ്ക. ആൾക്കാര് റോഡ് ഉപരോധിച്ചു തുടങ്ങി മീഡിയയും ഉണ്ട്. ഇത് കയ്യിൽ നിൽക്കും ന്ന് തോന്നുന്നില്ല… “

എ എസ് ഐ മോഹനൻ പറഞ്ഞത് കേട്ട് ആകെ വിഷമത്തിലായി വിനോദ്.

” ഏത് കഷ്ട സമയത്താണോ എന്തോ ഈ കേസിൽ കേറി തലയിടാൻ തോന്നിയത്.. ഇതിപ്പോ വല്ലാത്ത കുരുക്ക് ആയി… മീഡിയാസ് ഇത് പ്രശ്നം ആക്കും.. വല്ലവന്മാരും പെ.ണ്ണ് പി.ടിക്കാൻ പോയ ഏതേലും കഥ വന്നിരുന്നേൽ ചാനലു കാരെയെങ്കിലും തിരിച്ചു വിടാമായിരുന്നു… ഇതിപ്പോ അങ്ങിനെയും ഒന്നുമില്ല… പണിയാണ്.. “

” ഉള്ളത് പറയാലോ സാറേ.. മനസാക്ഷി ഇല്ലാത്ത പരിപാടിയാ സാറ് കാണിച്ചേ.. ആ മരിച്ച പെങ്കൊച്ചിനു ഒരു കുഞ്ഞു മോളും ഉള്ളതാ. അതിന്റെ കാര്യമെങ്കിലും സാറ് ഓർക്കണമായിരുന്നു ഇതില് കേറി ഇടപെടാൻ പാടില്ലായിരുന്നു. “

തന്റെ വിയോജിപ്പ് മടിയില്ലാതെ തുറന്ന് പറഞ്ഞു മോഹനൻ. മറുപടി ഒന്നും പറയാതെ മൗനമായി വിനോദ് അപ്പോൾ.

സമയം പിന്നെയും നീങ്ങി. സ്റ്റേഷനിലെ പോലീസിനെ കൊണ്ട് നിയന്ത്രിക്കാൻ പറ്റാത്ത വിധം കാര്യങ്ങൾ വഷളായത്തോടെ ഉന്നത ഇടപെടലുകൾ ഉണ്ടായി. ഒടുവിൽ എസ് പി തന്നെ നേരിട്ടെത്തി ജനക്കൂട്ടത്തെ ശാന്തരാക്കി. കേസ് ഉയർന്ന ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷിപ്പിക്കാം എന്ന ഉറപ്പിന്മേൽ ആ പ്രശ്നം അങ്ങിനെ ഒരുവിധം അവസാനിച്ചു.

” വിനോദെ.. മോനെ.. വീട്ടിൽ ഇരിക്ക് കുറച്ചു നാള്.. കാശ് കുറച്ചു കിട്ടിക്കാണുമല്ലോ അവന്മാരുടെ കയ്യിൽ ന്ന് അപ്പോ ചിലവിനു ബുദ്ധിമുട്ട് വരില്ല. സസ്‌പെൻഷൻ ഓർഡർ ഉടൻ വന്നോളും കേട്ടോ.. “

പോകുന്നതിനു മുന്നേ പുച്ഛത്തോടെ വിനോദിനെ ആ കാര്യമറിയിച്ചു എസ് പി.

ആകെ ഒരു പരുങ്ങലിൽ ആയിരുന്നു വിനോദ് അപ്പോൾ. വാർത്ത ചാനലിൽ വന്നതോടെ അവന്റെ ഫോണിലേക്ക് ചറപറാ കോളുകളും വന്നു തുടങ്ങിയിരുന്നു. ഒന്നും അറ്റന്റ് ചെയ്തില്ല വിനോദ്. നാണക്കേട് കൊണ്ട് ആദ്യമായി അവന്റെ മുഖം താഴ്ന്നു.

“നന്നായി.. ഇങ്ങേരു ഇത് ഇരന്നു വാങ്ങിയതാ.. വീട്ടിൽ ഇരിക്കട്ടെ ഇനി..”

” എത്ര പാവങ്ങളെ ആണ് ഇയാള് ദ്രോഹിച്ചിട്ടുള്ളത്. അതിന്റെ ഒക്കെ ശിക്ഷ ആകും.. “

സഹപ്രവർത്തകരുടെയും അടക്കം പറച്ചിലുകൾ ഇപ്രകാരമായിരുന്നു.

എസ് ഐ വിനോദിന്റെ പേരിൽ വളരെ നാളുകളായി അനേകം പരാതികൾ. ഉയർന്നിട്ടുള്ളതാണ്. കൈക്കൂലി യും അഴിമതിയുമാണ് പ്രധാന മേഖലകൾ. ആയതിനാൽ തന്നെ സാധാരണ ക്കാരായവർ അയാൾക്ക് ശത്രുക്കളും നാട്ടിലെ പ്രമുഖർ അയാൾക്ക് മിത്രങ്ങളുമാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ഒരു പോലീസുകാരൻ എങ്ങിനെ ആകരുത് എന്നതിന് ഉത്തമ ഉദാഹരണ മാണയാൾ. എന്നാൽ ഇത്തവണ അടി പതറി. പക്ഷെ യഥാർത്ഥ പ്രശ്നങ്ങൾ അവിടെ തുടങ്ങുകയായിരുന്നു.

“എടാ വിനോദെ.. നീ വെളിയിൽ.. വാ കേട്ടോ … നിനക്കുള്ളത് തരുന്നുണ്ട് ഞങ്ങൾ.. “

രാഷ്ട്രീയ പാർട്ടിക്കാരിൽ ചിലരും വിനോദിന് വേണ്ടി വെല്ലുവിളികളുമായി കാത്തു നിന്നിരുന്നു. കാരണങ്ങൾ പലതാണ് അധികാരത്തിന്റെ മത്തിൽ അയാൾ കാട്ടിക്കൂട്ടാത്ത കൊള്ളരുതായ്മകൾ കുറവൊന്നുമല്ല. അധികാരമില്ലെങ്കിൽ ആർക്കും പുല്ലുവിലയാണ് എന്ന സത്യം അന്നാണ് വിനോദ് മനസിലാക്കിയത്.

” സാർ…തത്കാലത്തേക്ക് എനിക്കാണ് സ്റ്റേഷൻ ചാർജ്..ഇമെയിൽ വന്നു “

മോഹനൻ അരികിലെത്തി പറയുമ്പോൾ തനിക്കെതിരെയുള്ള അവസാന ആണിയും തറയ്ക്കപ്പെട്ടു എന്ന് മനസിലാക്കി വിനോദ്.

“എടോ.. ഇതൊരു സസ്പെൻഷൻ മാത്രമാണ് അത് എങ്ങനേലും ഞാൻ മാറ്റും… അതിനുള്ള പിടിയൊക്കെ ഉണ്ട് എനിക്ക്. ഉടനെ തന്നെ തിരിച്ചു കേറേം ചെയ്യും.. എന്നെ ചൊറിയാൻ നിൽക്കുന്നവന്മാരോട് ഒന്ന് ഓർത്തേക്കാൻ പറയ്..”

ആ അവസ്ഥയിലും അവന്റെ അഹങ്കാരത്തിനു കുറവൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ അത് കേട്ടപ്പോൾ അറിയാതെ ചിരിച്ചു പോയി മോഹനൻ.

“സാറേ… ഇലക്ഷൻ ആകാറായി… അത് സാറ് മറന്നോ… സാറിന്റെ ഇപ്പോഴത്തെ ഈ സസ്‌പെൻഷൻ പോലും രാഷ്ട്രീയ കളികളാണെന്ന് മനസിലാക്കണം… എത്ര പിടിപാട് ഉണ്ടേലും പ്രശ്നമുണ്ടാക്കിയാൽ സർക്കാരു മുഖം രക്ഷിക്കാൻ ഇങ്ങനൊക്കെ ചെയ്യും.. അത് കൊണ്ട് ഇനി പെട്ടെന്നൊരു തിരിച്ചു വരവ് സാറ് പ്രതീക്ഷിക്കണ്ട… സർക്കാരിന് വേണ്ടത് സാറിനെ അല്ല.. മറിച്ചു വോട്ടുകൾ ആണ്.”

ആ കേട്ടത് ഒരു നടുക്കമായി വിനോദിന്. ആ വസ്തുത അപ്പോഴാണ് അവൻ ഓർത്തത്.എന്നാൽ ആ നടുക്കത്തിനെ ഇരട്ടിയാക്കുന്നതായിരുന്നു പിന്നീട് കേട്ടത്

” സാറേ പിന്നൊരു കാര്യം.. നിങ്ങളെ പുറത്ത് കിട്ടാൻ കാത്തിരിക്കുന്നവർ എല്ലാം വെറും സാധാരണക്കാരാണ്. പലപ്പോഴായി സാറ് ദ്രോ.ഹിച്ചവർ… അവരെ പറഞ്ഞ് പേടിപ്പിക്കാൻ ഇനി നിങ്ങൾക്ക് പറ്റില്ല… രണ്ടും കല്പ്പിച്ചു നിൽക്കുന്നവർ ആണ്. നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവർ. ഞാൻ പ്രാർത്ഥിക്കാം സാറിനു ആപത്ത് ഒന്നും വന്നേക്കരുതേ എന്ന്.. “

ഇത്തവണ പണി ഉറപ്പിച്ചു വിനോദ്. കാക്കിയുടെയും അധികാരത്തിന്റെയും പേരിൽ അഹങ്കരിച്ച പ്പോൾ അതൊന്നുമില്ലാത്ത ഒരു ദിവസത്തെ പറ്റി അയാൾ ചിന്തിച്ചിരുന്നില്ല. ചെയ്തു കൂട്ടിയ തെറ്റുകളുടെ വ്യാപ്തി വളരെ വലുതായിരുന്നു.

തല കുമ്പിട്ടു കൊണ്ട് പരിഹാസ ചിരികളുടെയും കുത്തുവാക്കുകളുടെയും ഇടയിലൂടെ പുറത്തേക്ക് പോകുമ്പോൾ അന്നാദ്യമായി അപമാന ഭാരത്താലും ഭയത്താലും വിനോദിന്റെ ശ.രീരം വിറ പൂണ്ടു. പുറത്ത് കൂകി വിളിച്ച ആരുടേയും മുഖത്തേക്ക് അവൻ നോക്കിയില്ല. കാറിലേക്ക് കയറുമ്പോൾ അന്നാദ്യമായി വല്ലാത്തൊരു ഭയം വിനോദിന്റെ മനസ്സിൽ ഉദിച്ചു.

കാക്കിയിട്ടവർ എല്ലാവരും മോശക്കാരല്ല പക്ഷെ ചിലരുണ്ട്… വളരെ ചുരുക്കം ചിലർ… ജനങ്ങളുടെ കാവൽക്കാരാകേണ്ടവരാണ്… അവർക്ക് സംരക്ഷണം നൽകേണ്ടവരാണ് പോലീസ് എന്ന വസ്തുത മറക്കുന്ന ചിലർ.. അധികാരത്തിന്റെ മേൽ പാവങ്ങളെ ദ്രോ.ഹിക്കാനും സാമ്പത്തിക ലാഭം നോക്കി തെറ്റുകൾ ക്കൊപ്പം നിൽക്കുവാനും ശ്രമിക്കുമ്പോൾ ഇതൊന്നുമില്ലാത്ത സാധാരണ ക്കാരനായി മാറുന്ന ഒരു ദിവസം കൂടി മുൻകൂട്ടി കാണണം എല്ലാവരും… ഇതൊക്കെ ഒരു പാഠമാകണം…

(ശുഭം )

Leave a Reply

Your email address will not be published. Required fields are marked *