എന്നാൽ ദിവസങ്ങൾ കഴിയുന്തോറും പ്രിയയുടെ യഥാർത്ഥ സ്വഭാവം പുറത്തുവരാൻ തുടങ്ങി. ആ വീട്ടിലെ ഓരോരുത്തരും പരസ്പരം കാണിക്കുന്ന സ്നേഹവും കരുതലും പ്രിയക്ക് സഹിക്കാൻ പറ്റിയില്ല..

Story written by JK

“” ഉള്ള പണം മുഴുവൻ ഈ ന.ശൂലങ്ങൾ മേടിച്ചു വയ്ക്കും!! ഇനി എനിക്ക് കുഞ്ഞുങ്ങൾ ഉണ്ടായാൽ അതുങ്ങളെയും കൊണ്ട് റോഡിലേക്ക് ഇറങ്ങേണ്ടിവരും!””

പ്രിയ പറഞ്ഞു അത് കേട്ട് ശാരദ വാ പൊത്തി കരഞ്ഞു… തന്റെ മകൻ അജിത്തിന്റെ ഭാര്യയുടെ വായിൽ നിന്ന് കേട്ടത് വലിയ ഒരു ഷോക്ക് ആയി തീർന്നു അവർക്ക്..

അജിത്തിന്റെ വീട് സന്തോഷവും സ്നേഹവും നിറഞ്ഞ ഒന്നായിരുന്നു. അച്ഛൻ രാഘവനും അമ്മ ശാരദയും അനിയത്തി ആതിരയും അജിത്തും അടങ്ങുന്ന കൊച്ചു കുടുംബം…

പരസ്പരം ഒത്തൊരുമയോടെ കാര്യങ്ങൾ പറയുകയും തമാശകൾ പങ്കുവെക്കുകയും ചെയ്യുന്ന ഒരു സാധാരണ കുടുംബം.

അജിത്ത് ഒരു സ്വകാര്യ കമ്പനിയിൽ നല്ല നിലയിൽ ജോലിയുള്ള ആളായിരുന്നു. വീടിന്റെ ഉത്തരവാദിത്തങ്ങൾ എല്ലാം അവൻ സന്തോഷത്തോടെയാണ് നോക്കിനടത്തിയിരുന്നത്..

അങ്ങനെയിരിക്കെയാണ് അജിത്തിന്റെ വിവാഹം പ്രിയയുമായി നടക്കുന്നത്. കല്യാണം കഴിഞ്ഞ് ആദ്യത്തെ കുറച്ചു ദിവസങ്ങളിൽ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല.

എന്നാൽ ദിവസങ്ങൾ കഴിയുന്തോറും പ്രിയയുടെ യഥാർത്ഥ സ്വഭാവം പുറത്തുവരാൻ തുടങ്ങി. ആ വീട്ടിലെ ഓരോരുത്തരും പരസ്പരം കാണിക്കുന്ന സ്നേഹവും കരുതലും പ്രിയക്ക് സഹിക്കാൻ പറ്റിയില്ല..

തനിക്കില്ലാത്ത സ്നേഹവും സ്വാതന്ത്ര്യവും അവിടെ എല്ലാവരും അനുഭവിക്കുന്നു എന്ന ചിന്ത അവളിൽ അസൂയ വളർത്തി..

കുടുംബാംഗങ്ങളെ പരസ്പരം അകറ്റാനായിരുന്നു പ്രിയയുടെ ആദ്യത്തെ ശ്രമം. ആദ്യം തന്നെ പ്രിയ അജിത്തിന്റെ മേൽ നിയന്ത്രണങ്ങൾ വച്ചു തുടങ്ങി. അജിത്ത് പണി കഴിഞ്ഞ് വന്ന് അച്ഛനോടും അമ്മയോടും സംസാരിക്കുന്നത് പ്രിയക്ക് ഇഷ്ടമല്ലായിരുന്നു..

​”നിങ്ങൾക്ക് എന്താ എപ്പോഴും അച്ഛന്റെയും അമ്മയുടെയും അടുത്ത് തന്നെ ഇരിക്കാൻ? പണിക്കു പോയി വന്നാൽ കുറച്ചു സമയം എൻ്റെ അടുത്ത് ചെലവഴിച്ചൂടെ? വന്നിട്ട് അവിടെ എന്താ വലിയ വർത്തമാനം?” ഒരു ദിവസം മുറിയിൽ വച്ച് പ്രിയ അജിത്തിനോട് ചോദിച്ചു..

​”അതല്ല പ്രിയേ, അച്ഛനും അമ്മയും പകൽ മുഴുവൻ വീട്ടിൽ ഒറ്റയ്ക്കല്ലേ? വന്ന ഉടനെ കുറച്ചു വിശേഷങ്ങൾ ചോദിച്ചു എന്ന് മാത്രം. അതിലെന്താ ഇത്ര തെറ്റ്?” അജിത്ത് ശാന്തനായി മറുപടി നൽകി..

​” അതെ നിങ്ങൾക്ക് അവരുടെ കാര്യം മാത്രമല്ലേ ഉള്ളൂ.., നിങ്ങളുടെ മുഴുവൻ ശ്രദ്ധയും അവിടെയാണ്. ഭാര്യക്ക് എന്തായാലും കുഴപ്പമില്ലല്ലോ…” പ്രിയ മുഖം കറുപ്പിച്ചു..

അജിത്ത് അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു എങ്കിലും അവൾ അവനോട് ദേഷ്യം കാണിച്ചു..

​പതിയെ പതിയെ പ്രിയ സാമ്പത്തിക കാര്യങ്ങളിലും ഇടപെടാൻ തുടങ്ങി. അജിത്ത് അധ്വാനിച്ചു കൊണ്ടുവരുന്ന പണം വീട്ടിലെ ആവശ്യങ്ങൾക്ക് കൊടുക്കുന്നത് പ്രിയ തടഞ്ഞു.

അമ്മ ശാരദയ്ക്ക് അടുക്കള ആവശ്യങ്ങൾക്കോ അല്ലെങ്കിൽ അച്ഛന് മരുന്നിനോ പണം കൊടുക്കാൻ അജിത്ത് മുതിരുമ്പോൾ പ്രിയ അതിനെതിരെ വഴക്കുണ്ടാക്കി.

​”നിങ്ങളുടെ ശമ്പളം മുഴുവൻ ഇവർക്ക് എടുത്തു കൊടുക്കാനാണോ നിങ്ങടെ ഭാവം ? നാളെ നമുക്കൊരു ഭാവി വേണ്ടേ? ഇനിമുതൽ പണം മുഴുവൻ എന്റെ കൈയിൽ തരണം. ആവശ്യമുള്ളത് ഞാൻ കൊടുക്കാം.” പ്രിയ കടുപ്പിച്ചു പറഞ്ഞു..

​കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ അജിത്ത് കൂടുതൽ തർക്കിക്കാൻ പോയില്ല. അവൾ പറഞ്ഞതുപോലെ പണം അവളുടെ കയ്യിൽ കൊടുത്തു..

എന്നാൽ പ്രിയ പണം വീട്ടിലെ കാര്യങ്ങൾക്ക് കൊടുക്കാതെയായി. ശാരദ അമ്മ വീട്ടു ചെലവ് എങ്ങനെ നടത്തും എന്ന് അറിയാതെ ബുദ്ധിമുട്ടി.

അപ്പോഴും മകന്റെ കുടുംബജീവിതം തകരരുത് എന്ന് കരുതി അമ്മ ശാരദ അജിത്തിനോട് ഇതൊന്നും പറഞ്ഞില്ല.

​പ്രിയയുടെ ഏറ്റവും വലിയ ക്രൂരത അനിയത്തി ആതിരയോടായിരുന്നു. അജിത്ത് വീട്ടിൽ ഇല്ലാത്ത സമയങ്ങളിൽ പ്രിയ ആതിരയെ ഓരോന്ന് പറഞ്ഞ് വിഷമിപ്പിച്ചു. ആതിര കോളേജിൽ പോയി വന്ന് എന്തെങ്കിലും പഠിക്കാൻ ഇരുന്നാൽ പ്രിയ അവൾക്ക് ജോലി കൊടുത്തു.

​”വീട്ടിൽ കുറെ എണ്ണമുണ്ട് ഒരു പ്രയോജനവുമില്ല . വെറുതെ ഇരുന്നു തിന്നാതെ പോയി അടുക്കളയിലെ പാത്രങ്ങൾ കഴുകി വയ്ക്ക് ആതിരേ. അണ്ണന്റെ പണം തിന്ന് ആർത്തു ജീവിക്കാൻ നാണമില്ലേ നിനക്ക്?” പ്രിയ തരം കിട്ടുമ്പോഴൊക്കെ ആതിരയോട് തട്ടിക്കയറി…

​ആതിര അതുകേട്ട് കരയുമെങ്കിലും ഏട്ടൻ അറിയരുത് എന്ന് കരുതി സഹിച്ചു. “അമ്മേ, ഏട്ടൻ ഇതറിഞ്ഞാൽ ഏട്ടന്റെ സമാധാനം പോകും. ചേച്ചി എന്തെങ്കിലും പറയട്ടെ, നമ്മൾ സാരമാക്കണ്ട.” ആതിര അമ്മയെ ആശ്വസിപ്പിച്ചു.

​അച്ഛൻ രാഘവനും പ്രിയയുടെ അഹങ്കാരം കണ്ട് സങ്കടപ്പെട്ടു. “നമ്മൾ രണ്ടുപേരും ഉള്ളതുകൊണ്ടാണ് മകന്റെ ജീവിതത്തിൽ ഈ പ്രശ്നം. നമ്മൾ കാരണം അവന്റെ കുടുംബം തകരരുത്.” രാഘവൻ ശാരദയോട് പറയുമായിരുന്നു…

​ഇങ്ങനെ വീട്ടുകാർ എല്ലാവരും ചേർന്ന് പ്രിയയുടെ എല്ലാ ദ്രോഹങ്ങളും അജിത്ത് അറിയാതെ ഒളിച്ചുവെച്ചു. എന്നാൽ സത്യം അധികനാൾ മറച്ചുവെക്കാൻ കഴിയില്ലല്ലോ.

​ഒരു ദിവസം അജിത്ത് ഓഫീസിൽ നിന്ന് നേരത്തെ വീട്ടിലെത്തി. അവൻ വീടിന്റെ മുൻപിൽ എത്തുമ്പോൾ അകത്തുനിന്ന് വലിയ ബഹളം കേട്ടു. അവൻ ശബ്ദം ഉണ്ടാക്കാതെ വാതിലിനു അടുത്ത് ചെന്നു നിന്നു.

​അകത്ത് പ്രിയ ആതിരയോട് കലി തുള്ളുകയായിരുന്നു. “നിന്റെ പഠിപ്പും ചെലവും ഒക്കെ ഇനി നിന്റെ അണ്ണൻ നോക്കില്ല. വേണമെങ്കിൽ വല്ല പണിക്കും പോ. അല്ലെങ്കിൽ വല്ലവന്റെയും കൂടെ ഇറങ്ങിപ്പോ. നിന്നെപ്പോലെയുള്ള ചുമടുകളെ താങ്ങാൻ ഞങ്ങൾക്ക് സൗകര്യമില്ല.”

​”ചേച്ചീ… എന്തിനാ എന്നെ ഇങ്ങനെ കുത്തുവാക്ക് പറയുന്നത്? ഏട്ടൻ തന്നെയല്ലേ ഇതുവരെ എന്നെ പഠിപ്പിച്ചിരുന്നത്… ഫീസ് അടയ്ക്കാൻ സമയമായി അതുകൊണ്ട ഞാൻ പണം ചോദിച്ചത് .” ആതിര കരഞ്ഞുകൊണ്ട് പറഞ്ഞു. ഈ സമയം ശാരദ അമ്മയും അങ്ങോട്ട് വന്നു. “മോളേ പ്രിയേ, ആ കുഞ്ഞിനെ ഒന്നും പറയല്ലേ. അവൻ കൊണ്ടുതരുന്ന പണം കൊണ്ട് തന്നെയാണ് ഞങ്ങൾ ജീവിക്കുന്നത്… ഉള്ള പണം മുഴുവൻ എടുത്ത് അവനെ പഠിപ്പിച്ചു.. എല്ലാവരുടെയും കാര്യം അവൻ നോക്കും എന്നൊരു വിശ്വാസം ഉണ്ടായിരുന്നു.. ഞങ്ങടെ കാര്യം ഒന്ന് നോക്കിയില്ലെങ്കിലും വേണ്ടില്ല ഈ കുഞ്ഞിനെ പഠിപ്പിക്കണം!!.”

ശാരദ അവളുടെ കാലു പിടിക്കുന്നത് പോലെ പറഞ്ഞു..

​”നിങ്ങൾ രണ്ടുപേരും കൂടെ എന്നെ പഠിപ്പിക്കാൻ വരേണ്ട. എന്റെ ഭർത്താവിന്റെ പണം മുഴുവൻ വിഴുങ്ങാൻ വേണ്ടി കുറെ എണ്ണമുണ്ട്” പ്രിയ അലറി. ഇതത്രയും കേട്ടുകൊണ്ട് നിൽക്കുകയായിരുന്ന അജിത്തിന് സഹിക്കാൻ പറ്റിയില്ല. അവൻ വാതിൽ ശക്തിയായി തുറന്ന് അകത്തേക്ക് വന്നു.
​അജിത്തിനെ പെട്ടെന്ന് കണ്ട പ്രിയ ഒരു നിമിഷം ഞെട്ടി. അജിത്തിന്റെ മുഖത്ത് ദേഷ്യവും വിഷമവും നിറഞ്ഞിരുന്നു.

“ഏട്ടാ…” ആതിര അജിത്തിനെ കണ്ട് കൂടുതൽ കരഞ്ഞു.

​”അജിത്തേട്ടൻ , എപ്പോഴാ വന്നത്?” പ്രിയ ഒന്നും അറിയാത്ത പോലെ അഭിനയിക്കാൻ ശ്രമിച്ചു.

​”എല്ലാം ഞാൻ കേട്ടു പ്രിയേ. നീ ഇത്രയും നാൾ ഈ വീട്ടിൽ എന്താണ് കാണിച്ചുകൂട്ടിയത് എന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി.” അജിത്ത് ദേഷ്യത്തോടെ പറഞ്ഞു.

“” ഞാൻ പറഞ്ഞതിൽ ഒരു തെറ്റുമില്ല കല്യാണം കഴിഞ്ഞാൽ പിന്നെ മക്കൾക്ക് ഒരു കുടുംബം ഉണ്ട് എന്ന് വീട്ടുകാർ മനസ്സിലാക്കണം എങ്ങനെ ഇത്തിൾകണ്ണി പോലെ പിടിച്ച് നിൽക്കുകയല്ല വേണ്ടത്!!””

പ്രിയ പറഞ്ഞു.

​”മിണ്ടരുത് നീ!” അജിത്ത് ബഹളം വച്ചു. “അമ്മേ, നിങ്ങൾ എന്തിനാ എന്നോട് ഇതൊക്കെ മറച്ചുവെച്ചത്? ഇവിടെ ഇങ്ങനെയൊക്കെയാണ് നടക്കുന്നത് എന്ന് നിങ്ങൾ എന്താ എന്നോട് പറയാതിരുന്നത്?”

അജിത്ത് സങ്കടത്തോടെ ചോദിച്ചു.. “മോനേ , നിന്റെ കുടുംബജീവിതം തകരരുത് എന്ന് കരുതിയാടാ ഞങ്ങൾ സഹിച്ചത്.” ശാരദ പറഞ്ഞു.

​”എന്റെ കുടുംബം എന്ന് പറയുന്നത് നിങ്ങൾ കൂടിയാണ് അമ്മേ. സ്വന്തം അച്ഛനെയും അമ്മയെയും അനിയത്തിയെയും ഉപദ്രവിക്കുന്ന ഒരു പെണ്ണുമായി എനിക്ക് ജീവിക്കേണ്ട.” അജിത്ത് പ്രിയയുടെ കൈയ്യിൽ പിടിച്ച് മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി അവളുടെ വസ്ത്രങ്ങളും സാധനങ്ങളും ഒരു ബാഗിലാക്കി.

​”നീ നടക്ക്.” അജിത്ത് പറഞ്ഞു. ” നിങ്ങൾ എന്താ ഈ കാണിക്കുന്നത്? എന്നെ എങ്ങോട്ടാ കൊണ്ടുപോകുന്നത്?” പ്രിയ ഭയത്തോടെ ചോദിച്ചു.

“നിന്റെ വീട്ടിലേക്ക്.” അജിത്ത് പ്രിയയെയും കൊണ്ട് കാറിൽ കയറി അവളുടെ വീട്ടിലേക്ക് പോയി.

​പ്രിയയുടെ വീട്ടിലെത്തിയ അജിത്ത് അവളുടെ അച്ഛന്റെയും അമ്മയുടെയും മുന്നിലേക്ക് പ്രിയയെ നിർത്തി. ​”എന്താ അജിത്ത്, എന്താ സംഭവിച്ചത്? പെട്ടെന്ന് രണ്ടുപേരും കൂടെ?” പ്രിയയുടെ അച്ഛൻ ചോദിച്ചു.

​”അതിനൊക്കെയുള്ള ഉത്തരം നിങ്ങളുടെ മകളോട് തന്നെ ചോദിക്ക്.” അജിത്ത് അവിടെയുണ്ടായിരുന്ന കസേരയിൽ ഇരുന്നു. “പ്രിയേ, എന്താ പ്രശ്നം?” അമ്മ ചോദിച്ചു.

​”എന്റെ വീട്ടിൽ ഇത്രയും നാൾ എന്തൊക്കെയാണ് നടന്നത് എന്ന് ഞാൻ പറയാം.” അജിത്ത് പ്രിയ ചെയ്ത ഓരോ കാര്യങ്ങളും വിശദീകരിച്ചു. അച്ഛനോടും അമ്മയോടും കാണിച്ചത് , സാമ്പത്തികമായി ചെയ്ത ബുദ്ധിമുട്ടുകൾ, അനിയത്തിയോട് പറഞ്ഞ ക്രൂ.രമായ വാക്കുകൾ എല്ലാം അവൻ തുറന്നുപറഞ്ഞു.

​”ഞാൻ കുറെയൊക്കെ അഡ്ജസ്റ്റ് ചെയ്യാൻ നോക്കി. അവൾക്ക് ഒരു കുറവും ഞാൻ ഇന്നുവരെ വരുത്തിയിട്ടില്ല… ഒരു കല്യാണം കഴിച്ചു എന്ന് വച്ച് സ്വന്തം കുടുംബത്തെ ഉപേക്ഷിച്ച് ജീവിക്കാൻ എന്നെ കിട്ടില്ല. എൻ്റെ അച്ഛനും അമ്മയും അനിയത്തിയും എനിക്ക് പ്രധാനമാണ്.” അജിത്ത് കടുപ്പിച്ചു പറഞ്ഞു.
​”അജിത്ത്, മോനേ… അവൾക്ക് പറ്റിയ തെറ്റാണ്. പൊറുക്കണം.” പ്രിയയുടെ അച്ഛൻ അപേക്ഷിച്ചു.

​”ഇല്ല, തെറ്റ് അറിയാതെ പറ്റുന്നതാണ്. ഇത് അസൂയയും വിദ്വേഷവുമാണ്. ഞാൻ വ്യക്തമായി പറയാം, എൻ്റെ കുടുംബത്തോടൊപ്പം ഒത്തുപോകാൻ കഴിയും എന്ന് തോന്നുകയാണെങ്കിൽ മാത്രം അവൾ അങ്ങോട്ട് വന്നാൽ മതി.

അല്ലാത്തപക്ഷം നമുക്ക് ഡിവോഴ്സിന്റെ കാര്യങ്ങൾ നോക്കാം.” ഇത്രയും പറഞ്ഞ് അജിത്ത് അവിടെനിന്ന് ഇറങ്ങിപ്പോയി.
​സ്വന്തം വീട്ടിൽ തിരിച്ചെത്തിയ പ്രിയക്ക് അവിടെ വലിയ സ്വീകരണമൊന്നും ലഭിച്ചില്ല. അജിത്ത് പറഞ്ഞ കാര്യങ്ങൾ കേട്ട് അവളുടെ അച്ഛനും അമ്മയ്ക്കും സഹോദരനും അവളോട് വലിയ ദേഷ്യമായിരുന്നു.

​”നിന്നെ ഞങ്ങൾ ഇങ്ങനെയാണോ വളർത്തിയത്? നല്ലൊരു കുടുംബത്തിൽ ചെന്നു കയറിയിട്ട് അവിടുത്തെ സമാധാനം കളഞ്ഞല്ലോ നീ.” പ്രിയയുടെ അച്ഛൻ അവളെ വഴക്കുപറഞ്ഞു.
​”അതെ, വീട്ടിൽ സമാധാനമായി ജീവിക്കുന്നവരുടെ ഇടയിൽ പോയി വിഷം കലക്കാൻ നിന്ന നിനക്ക് ഇത് തന്നെ വേണം.”

സഹോദരനും വിട്ടില്ല.
​ദിവസങ്ങൾ കഴിഞ്ഞിട്ടും വീട്ടുകാരുടെ പെരുമാറ്റത്തിൽ മാറ്റമൊന്നും ഉണ്ടായില്ല. എപ്പോഴും കുത്തുവാക്കുകളും ഉപദേശങ്ങളും കേട്ട് പ്രിയക്ക് സ്വന്തം വീട്ടിൽ നിൽക്കാൻ പറ്റാത്ത അവസ്ഥയായി.

താൻ ചെയ്ത തെറ്റുകൾ എത്രത്തോളം വലുതായിരുന്നു എന്ന് അവൾക്ക് പതിയെ ബോധ്യപ്പെടാൻ തുടങ്ങി. അജിത്തിന്റെ വീട്ടിലെ സ്നേഹവും സമാധാനവും നിറഞ്ഞ അന്തരീക്ഷവും സ്വന്തം വീട്ടിലെ ഒറ്റപ്പെടലും അവൾ താരതമ്യം ചെയ്തു.

​അവസാനം സഹികെട്ട്, പ്രിയ അജിത്തിന്റെ വീട്ടിലേക്ക് തിരിച്ചുപോകാൻ തീരുമാനിച്ചു. ആരും കൂടെ വരാൻ തയ്യാറാകാത്തതുകൊണ്ട് അവൾ ഒറ്റയ്ക്കാണ് പോയത്.

​അജിത്തിന്റെ വീട്ടിലെത്തിയ പ്രിയ നേരെ പോയത് ശാരദ അമ്മയുടെ മുന്നിലേക്കാണ്.
​”അമ്മേ…” പ്രിയ വിതുമ്പിക്കൊണ്ട് വിളിച്ചു.
​ശാരദ അമ്മയും രാഘവനും അജിത്തും ആതിരയും അവിടെയുണ്ടായിരുന്നു.

​”എന്നെ മാപ്പാക്കണം അമ്മേ. എനിക്ക് എന്റെ തെറ്റ് മനസ്സിലായി. നിങ്ങളുടെ സ്നേഹം കണ്ട് എനിക്ക് അസൂയ തോന്നിയതാണ്. ഞാൻ വലിയ തെറ്റാണ് ചെയ്തത്. ഇനി ഞാൻ ഒരിക്കലും ഇങ്ങനെ പെരുമാറില്ല.” പ്രിയ ശാരദ അമ്മയുടെ കാല് പിടിച്ചു കരഞ്ഞു.
​ആതിരയുടെ അടുത്ത് ചെന്നും പ്രിയ മാപ്പ് പറഞ്ഞു.

“ആതിരേ, ചേച്ചിയോട് ക്ഷമിക്കണം. ഞാൻ നിന്നോട് വലിയ ക്രൂരതയാണ് കാണിച്ചത്.”
​അമ്മ ശാരദ പ്രിയയെ എഴുന്നേൽപ്പിച്ചു. “വിഷമിക്കണ്ട മോളേ. തെറ്റ് മനസ്സിലാക്കി തിരികെ വന്നല്ലോ, അതുമതി. ഈ വീട് എല്ലാവരുടേതുമാണ്.”

​അജിത്ത് പ്രിയയുടെ അടുത്ത് വന്നു. “പ്രിയേ, കഴിഞ്ഞതൊക്കെ കഴിഞ്ഞു. ഇനി ഈ വീട്ടിൽ അസൂയയോ വിദ്വേഷമോ പാടില്ല. എല്ലാവരെയും സ്വന്തം കുടുംബമായി കാണാൻ കഴിയുമെങ്കിൽ നിനക്ക് ഇവിടെ സന്തോഷത്തോടെ ജീവിക്കാം.”

അവൻ പറഞ്ഞു..

​”ഇനി ഒരിക്കലും എൻ്റെ ഭാഗത്തുനിന്ന് ഒരു തെറ്റുമുണ്ടാകില്ല .” പ്രിയ കണ്ണീരോടെ ഉറപ്പു നൽകി.
​അങ്ങനെ പ്രിയ തന്റെ തെറ്റുകൾ തിരുത്തി ആ കുടുംബത്തിന്റെ ഭാഗമായി മാറി. സന്തോഷവും സ്നേഹവും ആ വീട്ടിലേക്ക് വീണ്ടും തിരികെ വന്നു…

Leave a Reply

Your email address will not be published. Required fields are marked *