Story written by Anju Thankachan
രാവിലെ വിറകെടുത്തുകൊണ്ട് നിന്നപ്പോഴാണ് പെട്ടെന്നൊരു പാമ്പ് വിറകിനിടയിൽ നിന്നും നിലത്തേക്ക് വീണതും, ഹിമയുടെ കാലിൽ കടിച്ചിട്ട് കാലിലൂടെത്തന്നെ ഇഴഞ്ഞു പോയതും..
പണ്ടേ പാമ്പിനെ പേടിയായിരുന്ന ഹിമ അറിയാതെയുറക്കെ കരഞ്ഞു.
പെട്ടെന്ന് ഹിമ സ്വന്തം വായ പൊത്തി. മോൾ ഒറ്റക്കേ വീട്ടിലുള്ളൂ…. അവൾ കേട്ടാൽ പേടിച്ചു പോകും.
അവൾ കാലിൽ നോക്കി…ചെറിയ പാട് കാണുന്നുണ്ട്…
പെട്ടെന്നവൾ അകത്തേക്ക് ചെന്നു. ഫോൺ എടുത്തു ഭർത്താവിനെ വിളിച്ചു,
ധനേഷ്…. എവിടെയാ…..???
നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഹിമേ ഏത് നേരവും എന്നെ വിളിക്കരുതെന്ന്. അതെങ്ങനെയാ സമാധാനം തരില്ലല്ലോ, എങ്ങോട്ടെങ്കിലും ഇറങ്ങിയാൽ അന്നേരം വിളിച്ചോളും,ശല്യം… അയാൾ കാൾ കട്ടാക്കി.
ആകെ കൂടി കിട്ടുന്ന ഒരു ഞായറാഴ്ചയാണ്. അത് കൂട്ടുകാരോടൊപ്പം ഒന്ന് പുറത്തു പോകാമെന്ന് വച്ചാൽ അന്നേരമവൾ വിളിച്ചോളും. അയാൾ ഫോൺ,സ്വിച്ച് ഓഫ് ചെയ്ത് പോക്കറ്റിലിട്ടു.
ഹിമക്ക് സങ്കടം വന്നു. അവൾ കസേരയിലേക്ക് ഇരുന്നു. ചാ.വ.ട്ടെ ഞാനെന്തിനാണ് ഇങ്ങനെ ജീവിച്ചിരിക്കുന്നത്….
ഭർത്താവ് വരുമ്പോൾ താൻ ച.ത്തു കിടക്കുന്നതായിരിക്കണം കാണുന്നത്.. സമാധാനമാകട്ടെ.
അവൾ അല്പനേരമങ്ങനെ ഇരുന്നു.
താൻ മ.രി.ച്ചാൽ എന്ത് സംഭവിക്കാൻ ??
ഒന്നും സംഭവിക്കില്ല, ധനേഷ് വീണ്ടും പെണ്ണും കെട്ടി സുഖമായി തന്നെ ജീവിക്കും. തന്റെ മകൾക്കിപ്പോൾ പതിനേഴു വയസ്സായി… നാലോ അഞ്ചോ കൊല്ലം കഴിയുമ്പോൾ അവൾക്കും ഒരു ജീവിതമാകും. നഷ്ടപ്പെടുന്നത് തനിക്കാണ്… തനിക്ക് മാത്രമാണ്…
അവൾ പെട്ടെന്ന് അടുത്തുള്ള വീട്ടിലെ ഓട്ടോറിക്ഷ വിളിച്ചു മോളെയും കൂട്ടി പെട്ടന്ന് ഹോസ്പിറ്റലിൽ എത്തി…
ധനേഷ് വൈകിട്ടാണ് വീട്ടിലെത്തിയത്.
വീട് അടച്ചിട്ടിരിക്കുകയാണ്അ യാൾ വാതിൽ തുറന്നകത്ത് കയറി. അവർ എവിടെ പോയി….
അയാൾ ഹിമയുടെ ഫോണിലേക്ക് വിളിച്ചു.
ഫോൺ ഹാളിൽ തന്നെ ഇരിപ്പുണ്ട്.
അയാൾ മകളുടെ ഫോണിലേക്ക് വിളിച്ചു.
അച്ഛാ…ഞങ്ങൾ വന്നുകൊണ്ടിരിക്കുകയാണ് അമ്മയേയും കൊണ്ട് ആശുപത്രിയിൽ പോയതായിരുന്നു
അതിനവൾക്ക് എന്തുപറ്റി?
അമ്മയെ രാവിലെ പാമ്പ് കടിച്ചച്ഛാ….
അയാൾ നടുങ്ങിപ്പോയി….
അരമണിക്കൂർ കഴിഞ്ഞപ്പോഴേക്കും അവർ വീട്ടിലെത്തി
മകൾ ചിത്തിര ഹിമയെ പിടിച്ചുകൊണ്ടുവന്ന് കട്ടിലിൽ കിടത്തി
ഹിമ ആകെയവശയായിരുന്നു
അയാൾ ഹിമയുടെ അരികിലേക്ക് ചെന്നു.
അച്ഛാ….അമ്മ കുറച്ച് കിടക്കട്ടെ,ഞങ്ങൾ ആദ്യം ഹോസ്പിറ്റലിലേക്കാണ് പോയത്. ഞായറാഴ്ച ആയതുകൊണ്ട് അവിടെ ഡോക്ടർ ഇല്ലായിരുന്നു.
പെട്ടെന്ന് സുരേഷേട്ടൻ വി.ഷഹാരിയുടെ അടുത്ത് എത്തിച്ചു.
അവിടെ എന്തൊക്കെയോ മരുന്ന് കുടിക്കാനും ഒക്കെ കൊടുത്തു.
അയാൾക്ക് വല്ലാത്ത സങ്കടം തോന്നി.
അവൾ വിളിച്ചപ്പോൾ അവളോട് ദേഷ്യപ്പെടേണ്ടിയിരുന്നില്ല.ആവശ്യത്തിനാണ് വിളിക്കുന്നതെന്നോർത്തില്ല.
പിന്നീടുള്ള ദിവസങ്ങളിൽ മകളും അയാളും കൂടെ, വീട് മുന്നോട്ടു കൊണ്ടുപോകാൻ വല്ലാതെ ബുദ്ധിമുട്ടി.
പരിചിതമല്ലാത്ത ഏതോ സ്ഥലത്തെത്തിയത് പോലെ, അവർ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി
മോൾക്ക് ചോറുണ്ടാക്കാനും, തോരൻ കറി ഉണ്ടാക്കാനും അറിയാവുന്നതുകൊണ്ട് മാത്രം അവൾ ഭക്ഷണം കൊണ്ട് വൈകിയാണെങ്കിലും സ്കൂളിലേക്ക് പോയി
അയാൾ ഉച്ചക്ക് പുറത്തുനിന്നും ആഹാരം കഴിക്കാമെന്ന തീരുമാനത്തിൽ ഓഫീസിലേക്കും പോയി
ഹിമക്കുള്ള ഭക്ഷണവും മരുന്നും അവളുടെ മുറിയിലെടുത്ത് വെച്ചിട്ടാണ് മകൾ പോയത്..
മൂന്നാല് ദിവസങ്ങൾ കഴിഞ്ഞതോടെ ഹിമയുടെ ക്ഷീണമൊക്കെ കുറഞ്ഞു… എങ്കിലും ശരീരം അത്ര അനങ്ങാൻ പാടില്ല.. പഥ്യം നോക്കണം.
അയാൾ മിണ്ടാൻ വരുമ്പോഴൊന്നും അവൾ അയാളെ മൈൻഡ് ചെയ്തില്ല.
എന്തിന് ഗൗനിക്കണം? ഒരു അത്യാവശ്യ കാര്യത്തിന് വിളിച്ചപ്പോൾ പോലും ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്ത മനുഷ്യനെ പരിഗണിക്കേണ്ടതില്ല.
ഇങ്ങോട്ട് കിട്ടാത്ത പരിഗണനയും സ്നേഹവും ആർക്കും അങ്ങോട്ട് അളവിലധികം കൊടുക്കേണ്ട കാര്യമില്ല എന്ന് മനസ്സിലാക്കിയ സമയമാണിത്
ഏതുനേരവും ഭർത്താവിനെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തുന്ന ഒരു ഭാര്യയൊന്നുമല്ല താൻ. പണ്ടും ഫോൺ വിളിക്കുന്നത് ഭർത്താവിനിഷ്ടമല്ല.അതുകൊണ്ട് എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ മാത്രമേ താൻ ഫോൺ വിളിക്കാറുള്ളൂ..
അല്ലെങ്കിലും കഴിഞ്ഞ 18 വർഷങ്ങളായി താനിവിടുത്തെ വെറും ജോലിക്കാരി മാത്രമാണ്.
തന്റെ പ്രായത്തിലുള്ള സ്ത്രീകൾ മാത്രമേ, വിവാഹത്തോടെ ജീവിതത്തിലെ സന്തോഷങ്ങളെ നഷ്ടപ്പെടുത്തിയിട്ടുള്ളൂ…
പുതിയ കാലഘട്ടത്തിലെ പെൺകുട്ടികൾ മാറി ചിന്തിക്കുന്നുണ്ട് അവരിൽ ഭൂരിഭാഗവും സ്വന്തം സന്തോഷം നോക്കുന്നവരാണ്.
തന്നെ പോലെയുള്ള നാല്പതുകളിൽ ജീവിക്കുന്നവരുടെ കാര്യം വലിയ കഷ്ടമാണ്
അവൾ അലമാരയിലെ സർട്ടിഫിക്കറ്റുകൾ ഓരോന്നായി എടുത്തുനോക്കി.
ഇതുകൊണ്ട് ഒരു പ്രയോജനവും ഇല്ലാതെയായിപ്പോയി.
ഇന്നിപ്പോൾ ഈ നാല്പതിൽ പോലും വല്ലാത്ത മറവി തുടങ്ങിയിരിക്കുന്നു… ആ തനിക്ക് ഒരു ജോലി പോലും കിട്ടാൻ വഴിയില്ല… ഇനി അഥവാ കിട്ടിയാലും, അത് നന്നായി മുന്നോട്ടു കൊണ്ടുപോകാനുള്ള കഴിവും തനിക്ക് നഷ്ടമായത് പോലെയാണ് തോന്നുന്നത്. പലതും മറന്ന് തുടങ്ങിയിരിക്കുന്നു…
ജീവിതം ഇത്രത്തോളമെത്തിയിരിക്കുന്നു. എത്ര പെട്ടെന്നാണ് വർഷങ്ങൾ പോയ് മറഞ്ഞത്….
സ്വന്തം കാര്യങ്ങൾക്ക് പ്രാധാന്യം നൽകാൻ താനിനിയെങ്കിലും ശ്രമിക്കണം.
മകൾ ഇക്കൊല്ലം കഴിഞ്ഞാൽ, നഴ്സിങ്ങിന് പോകണമെന്ന് പറഞ്ഞിരിക്കുകയാണ്
ആരില്ലെങ്കിലും ജീവിക്കാൻ പഠിക്കണം. ഇത്ര നാൾ സ്വയം മറന്നുകൊണ്ട് വീട്ടിലുള്ളവർക്ക് വേണ്ടി മാത്രം ജീവിക്കുകയായിരുന്നു… ഇനി വയ്യ…
അങ്ങനെയിരിക്കെയാണ്അ യൽവക്കത്തെ നിർമ്മല ജോലി നോക്കുന്ന ടെക്സ്റ്റൈൽ ഷോപ്പിൽ സ്റ്റാഫിനെ എടുക്കുന്നുണ്ടെന്ന് പറഞ്ഞത്. മറ്റൊന്നും ആലോചിച്ചില്ല.. പോയി..
ധനേഷ് അതറിഞ്ഞപ്പോൾ ഹിമയെ ചീ.ത്ത പറഞ്ഞു…
നാണമില്ലേ നിനക്കെന്തിന്റെ കുറവാണ് വീട്ടിലുള്ളത്??
നല്ല വീട്….ആഭരണങ്ങൾ… വസ്ത്രങ്ങൾ… എല്ലാം നിനക്ക് ഞാൻ മേടിച്ചു തന്നിട്ടില്ലേ….??എന്നിട്ട് എന്നെ നാണം കെടുത്താൻ വേണ്ടിയാണോ ഒരു തുണിക്കടയിൽ പോയി ജോലിക്ക് നിൽക്കുന്നത്..??
ധനേഷ് വാങ്ങിത്തന്ന സാധനങ്ങൾ ഒന്നുമല്ല എനിക്ക് വേണ്ടിയിരുന്നത്, അൽപ്പം സ്നേഹമായിരുന്നു. ഒരിത്തിരി കരുതലായിരുന്നു.അതൊന്നും കിട്ടിയില്ല…
ഭാര്യയെന്നാൽ വീട്ടിലെ കാര്യങ്ങൾ നോക്കാനുള്ള ഒരാളാണെന്ന് മാത്രം വിചാരിക്കുന്ന നിങ്ങൾക്കൊരിക്കലും എന്നെ മനസ്സിലാവില്ല.
ഒരു ഭാര്യയുണ്ടെന്ന പേരിൽ, കുടുംബം ഉണ്ടെന്ന പേരിൽ, നിങ്ങൾക്കെപ്പോഴെങ്കിലും നിങ്ങളുടെ സന്തോഷങ്ങളെ മാറ്റിവയ്ക്കേണ്ടി വന്നിട്ടുണ്ടോ?? ഇല്ലല്ലോ, നിങ്ങൾക്ക് സകല സ്വാതന്ത്ര്യവും സന്തോഷവുമുണ്ട് ജീവിതത്തിൽ. പക്ഷേ എന്റെ കാര്യമങ്ങനെയാണോ?? എന്റെ സന്തോഷങ്ങളും സ്വാതന്ത്ര്യങ്ങളും ഒക്കെ നഷ്ടപ്പെടുത്തിയാണ്ഞാ നീ കുടുംബത്തിന് വേണ്ടി ജീവിച്ചത്… ഇനി വയ്യ… മനുഷ്യൻ സമൂഹവുമായി ഇടപഴകി ജീവിക്കണം. അല്ലാതെ ഈ നാല് ചുവരുകൾക്കുള്ളിൽ ഇനിയുമെന്നെ തളച്ചിടാൻ എനിക്ക് സൗകര്യമില്ല..
അല്ലെങ്കിലും, നമ്മുടെ സന്തോഷങ്ങളെല്ലാം ത്യജിച്ചു കൊണ്ടല്ല കുടുംബം മുന്നോട്ടു കൊണ്ടു പോകേണ്ടത്. നമ്മുടെ സന്തോഷങ്ങളോടൊപ്പം കുടുംബവും മുന്നോട്ടു കൊണ്ടു പോകുമ്പോൾ മാത്രമേ ജീവിതത്തിന് അർത്ഥമുണ്ടാകൂ… അതിപ്പോൾ ആണായാലും ശരി, പെണ്ണായാലും ശരി
