പിന്നിൽ നിന്നും ആരൊക്കെയോ വളരെ മോശമായി തങ്ങളെ പറ്റി അഭിപ്രായപ്പെടുന്നത് കേൾക്കെ ഞെട്ടിത്തിരിഞ്ഞു അഞ്ജലി. ചുറ്റും നോക്കുമ്പോൾ നാട്ടുകാരിൽ ഒരു കൂട്ടർ അറപ്പോടെ തങ്ങളെ നോക്കി നിൽക്കുന്നതാണ് അവൾ കണ്ടത്……

എഴുത്ത്:-പ്രജിത്ത് സുരേന്ദ്രബാബു.

‘നമ്മൾ ഇപ്പോൾ നിൽക്കുന്നത് ഇന്നലെ റോഡ് ആക്‌സിഡന്റിൽ മരണപ്പെട്ട രാഹുലിന്റെ വീടിനു മുന്നിൽ ആണ്. ഇവിടിപ്പോൾ വളരെ വിഷമകരമായ സാഹചര്യം തന്നെയാണ് മകന്റെ വേർപാടിന്റെ ഷോക്കിൽ രാഹുലിന്റെ അമ്മയ്ക്ക് ഇന്നലെ ദേഹാസ്വാസ്ത്യം നേരിട്ടിരുന്നു. ഹോസ്പിറ്റലിൽ ആയിരുന്ന അവരെ ഇന്നിപ്പോൾ തിരികെ കൊണ്ട് വന്നിട്ടുണ്ട്… ‘

റിപ്പോർട്ടിങ്ങിന്റെ തിരക്കിലായിരുന്നു അഞ്ജലി. തലേന്ന് അമിത വേഗത്തിൽ റോങ്ങ്‌ സൈഡിൽ എത്തിയ കെ എസ് ആർ ടി സി ബസ് ഇടിച്ചു കാൽ നടയാത്രക്കാരനായ രാഹുൽ എന്ന ഇരുപത് വയസ്സുകാരൻ മരിച്ചത് വലിയ വാർത്തയായിരുന്നു. രാവിലെ തന്നെ വിശദ വിവരങ്ങൾ റിപ്പോർട്ട്‌ ചെയ്യുക എന്ന ദൗത്യവും പേറിയാണ് അഞ്‌ജലിയും ക്യാമറാമാൻ നഹാസും രാഹുലിന്റെ വീട്ടിൽ എത്തിയത്.

ആക്‌സിഡന്റ് നടന്ന സമയം സംഭവ സ്ഥലത്തെത്തിയ പോലീസ് ബസ് കസ്റ്റഡിയിൽ എടുക്കാതെ യാത്ര തുടരാൻ അനുവദിച്ചത് വലിയ വിവാദമായിരുന്നു. തുടർന്ന് നാട്ടുകാർ ഒന്നടങ്കം പോലീസ് സ്റ്റേഷൻ ഉപരോധിക്കുകയും വേണ്ട നടപടികൾ സ്വീകരിക്കാമെന്ന ഡി വൈ എസ് പി യുടെ ഉറപ്പിന്മേൽ പിരിയുകയുമായിരുന്നു. വൈറൽ വാർത്തയായതിനാൽ തന്നെ കൃത്യമായി വിവരങ്ങൾ റിപ്പോർട്ട്‌ ചെയ്യണമെന്ന് മാനേജ്മെന്റിൽ നിന്നും നിർദ്ദേശം കിട്ടിയതോടെയാണ് രാവിലെ തന്നെ അഞ്‌ജലിയും നഹാസും അവിടേക്കെത്തിയത്. മറ്റു മീഡിയാ പ്രവർത്തകരും ആ സമയം ഇതേ ദൗത്യവുമായി എത്തിയിരുന്നു.

” എടോ.. താൻ എന്തേലും കഴിച്ചാരുന്നോ… “

നഹാസിന്റെ ചോദ്യം കേട്ട് ഒന്ന് പുഞ്ചിരിച്ചു അഞ്ജലി..

” എവിടുന്ന്.. മോന് ഇന്നലെ തീരെ വയ്യായിരുന്നു രാത്രി ഒട്ടും ഉറങ്ങിയിട്ടില്ല… രാവിലേ ലീവ് ചോദിച്ചതാ അന്നേരം ഒന്നുകിൽ പോയി പണിയെടുക്ക് അല്ലേൽ പെട്ടിയും കിടക്കയും എടുത്ത് വിട്ടോളാൻ ആണ് പറഞ്ഞത്. നമ്മളുടെ ബുദ്ധിമുട്ടുകൾ ഒക്കെ ആരറിയാൻ. ഇപ്പോ മോനെ ഹസ്ബന്റിന്റെ അടുത്ത് ആക്കീട്ടാ വന്നത് തന്നെ. പുള്ളി ഇന്ന് ലീവ് ആക്കി.. “

അത് പറയുമ്പോൾ ഒരു നിരാശ അവളുടെ മുഖത്ത് പടർന്നിരുന്നു.

” എടോ പത്തുമണി കഴിഞ്ഞേ ബോഡി കൊണ്ട് വരുള്ളൂ ഉച്ചയ്ക്ക് അല്ലെ സംസ്‍കാരം പറഞ്ഞിട്ടുള്ളത്.. ഇപ്പോ ഇച്ചിരി ഗ്യാപ് ഉണ്ട് താൻ വേണേൽ പോയി എന്തേലും കഴിച്ചിട്ട് വാ.. എന്തേലും ഉണ്ടേൽ ഞാൻ മാനേജ് ചെയ്തേക്കാം.. “

നഹാസ് ആ പറഞ്ഞത് കേട്ട് ഒന്ന് പുഞ്ചിരിച്ചു അഞ്ജലി.

” വേണ്ടടോ.. എനിക്കെങ്ങനേലും ഇവിടുത്തെ പണിയൊന്നു തീർത്ത് വീട്ടിൽ പോയാൽ മതി… അല്ലേലും എന്തൊരു ഗതികേടാ അല്ലെ നമ്മുടെ.. സ്വന്തം മകൻ മരണപ്പെട്ടത് ഓർത്തു അലമുറിയിടുന്ന ഒരമ്മ… ആ വേർപാടിൽ ഉള്ള ബന്ധുക്കൾ. അതിനിടക്ക് കൂടി ഈ റിപ്പോർട്ടിങ് എന്നും പറഞ്ഞ് മൈക്കും പിടിച്ചു ചെല്ലണം.. എന്തേലും പ്രധാനപ്പെട്ട കാര്യങ്ങൾ മിസ്സ്‌ ആയി പോയാൽ പിന്നെ അത് മതി ഓഫീസിൽ നിന്ന് കാതടപ്പിക്കുന്ന തെ,റി കേൾക്കാൻ. തുടക്കക്കാർ ആയത് കൊണ്ട് ഒക്കെയും സഹിച്ചു നിന്നാൽ അല്ലെ പറ്റുള്ളൂ.. “

” അതങ്ങിനെയാണ് അഞ്ജലി. നമ്മുടെ മുകളിൽ ഇരിക്കുന്നോരും ആരംഭ ഘട്ടത്തിൽ ഇതുപോലെയും ഇതിന്റെ അപ്പുറവും ഒക്കെ കേട്ടിട്ട് വന്നിട്ടുള്ളവരാകും അത്കൊണ്ട് തന്നെ സഹിച്ചേ പറ്റുള്ളൂ… ഈ ഒരു ഫീൽഡിൽ ഇത് സ്ഥിരമാണ്…”

അത് പറഞ്ഞ് കൊണ്ട് പതിയെ അരികിലെ കസേരയിലേക്ക് ഇരുന്നു നഹാസ്.

“കുറെ മീഡിയാസ്.. അലവലാതികൾ… ഒരു ബോധം ഇല്ലാത്ത വർഗം. അല്ലേൽ നോക്കണേ.. ഒരു മകൻ മരണപ്പെട്ടെന്ന് അറിഞ്ഞിട്ട് ആകെ തകർന്നു നിൽക്കുവാ ആ അച്ഛനും അമ്മയും . എന്നിട്ട് സാഹചര്യം പോലും നോക്കാതെ മൈക്കും കൊണ്ട് അവർക്കിടയിൽ ഇറങ്ങികേറി നടക്കുവാ ഇവറ്റകള് “

“പിന്നല്ലാണ്ട്… ത,ല്ലി ഓടിക്കണം എല്ലാത്തിനേം നാ,ണം ഇല്ലാത്ത വർഗ്ഗങ്ങള് “

പിന്നിൽ നിന്നും ആരൊക്കെയോ വളരെ മോശമായി തങ്ങളെ പറ്റി അഭിപ്രായപ്പെടുന്നത് കേൾക്കെ ഞെട്ടിത്തിരിഞ്ഞു അഞ്ജലി. ചുറ്റും നോക്കുമ്പോൾ നാട്ടുകാരിൽ ഒരു കൂട്ടർ അറപ്പോടെ തങ്ങളെ നോക്കി നിൽക്കുന്നതാണ് അവൾ കണ്ടത്.

” ചേട്ടാ.. നിങ്ങളാണോ ഇപ്പോ ഈ കമന്റ് അടിച്ചത്.. എന്ത് മോശമായിട്ടാൻ ചേട്ടാ ഈ പറയുന്നേ.. ഞങ്ങളും മനുഷ്യർ അല്ലെ.. “

അവരോട് ചോദിക്കുവാതിരിക്കാൻ അവളുടെ മനസ് അനുവദിച്ചില്ല.

” ഏയ് അഞ്ജലി.. അത് വിട്… ഇതൊക്കെ സാധാരണം ആണ്.. അതിനൊന്നും റിപ്ലൈ കൊടുക്കാൻ പോകല്ലേ.. “

പെട്ടെന്നു ചതിയെഴുന്നേറ്റു അവളെ തടഞ്ഞു നഹാസ്. പക്ഷെ അപ്പോഴേക്കും നാട്ടുകാരിൽ ഒന്ന് രണ്ട് പേർ. പല്ലിറുമ്മി കൊണ്ട് മുന്നിലേക്ക് കയറി.

” മനുഷ്യരോ.. നിങ്ങളോ… എന്നിട്ട് മനുഷ്യർ ചെയ്യേണ്ട കാര്യങ്ങൾ ആണോ നിങ്ങൾ ചെയ്യുന്നേ. ഈ മരണവീട്ടിൽ മൈക്കും പിടിച്ചു വന്ന് നിൽക്കാൻ നാണം ഇല്ലേ… നാളെ നിന്റെയൊക്കെ കുടുംബത്തിൽ ഇത്പോലെ ആരേലും മരിച്ചാൽ അവിടേം മൈക്കും കൊണ്ട് ചെല്ലോ “
ഒരുവൻ അമർഷത്തിൽ ചോദിക്കുമ്പോൾ മുന്നിലേക്ക് കയറി നഹാസ്

” എന്റെ പൊന്ന് ചേട്ടാ.. വിട്ടേക്ക്… ഞങ്ങൾ ഞങ്ങളുടെ ജോലിയാണ് ചെയ്യുന്നത്.. തർക്കത്തിനൊന്നും ഇല്ല..”

“എന്ത് ജോലി.. ഇതാണോ ജോലി.. ഇതിനേക്കാൾ തെണ്ടാൻ പൊയ്ക്കൂടേ നിനക്കൊക്കെ ആ ജോലിക്ക് ഇതിനേക്കാൾ അന്തസ്സ് ഉണ്ട്..”

” ഞാൻ തന്നെ രാവിലെ ചാനലിൽ നോക്കുമ്പോഴാ ഈ മരണ വാർത്ത അറിയുന്നേ.. ഈ കൊച്ചിന്റെ ഫോട്ടോയും വച്ച് ചറപറാ വാർത്തകളും.. നോക്കുമ്പോ പൊട്ടിക്കരയുന്ന അതിന്റെ തള്ളയുടെ മുന്നിൽ ക്യാമറയും കൊണ്ട് നിൽക്കുന്നു ഇവറ്റകള്.. ഒരു നാണവും ഇല്ലാതെ… ഇതൊക്കെ മനുഷ്യത്വം ഇല്ലാത്ത പരിപാടികൾ ആണ് കേട്ടോ.. “

അഭിപ്രായങ്ങൾ പലതായുയർന്നു അതിനിടയിൽ അവർക്ക് ചുറ്റും ആളുകളും കൂടി തുടങ്ങി എന്നാൽ ആ മറുപടി കേട്ടത്തോടെ നഹാസിനെ പിന്നിലേക്ക് മാറ്റി മുന്നിൽ കയറി അഞ്ജലി..

” ചേട്ടാ ഒരു മിനിറ്റ്.. ഇപ്പോ നിങ്ങൾ തന്നെ പറഞ്ഞല്ലോ നാട്ടിൽ ഇങ്ങനൊരു അപകട മരണം നടന്നിട്ടും നിങ്ങൾ ആ വാർത്ത അറിഞ്ഞത് ചാനൽ വഴിയാണ് എന്ന്. അതുകൊണ്ട് അല്ലെ നിങ്ങൾ ഇവിടെ ഓടി വന്നതും. എന്നിട്ടും ഇപ്പോ ഞങ്ങളെ കുറ്റം പറയുകയാണോ.. “

” അ… അത് പിന്നേ… അതൊക്കെ അറിയിക്കാൻ അല്ലെ ചാനലുകൾ.. അല്ലാതെ വേറൊന്നിനും അല്ലല്ലോ. “

അയാൾ കിടന്നുരുളുമ്പോൾ അറിയാതെ ചിരിച്ചു പോയി അഞ്ജലി.

” എന്റെ ചേട്ടന്മാരെ മനസ്സ് ഉണ്ടായിട്ട് ഒന്നും അല്ല ഇവിടെ വന്ന് ഇങ്ങനെ നിൽക്കുന്നത്.. ജോലി ഇതായത് കൊണ്ടാണ്.. രാവിലെ മുതൽ ദേ ഇപ്പോ വരെ പച്ച വെള്ളം പോലും കുടിച്ചിട്ടില്ല.. എന്റെ കൊച്ച് പനി പിടിച്ചു വീട്ടിൽ കിടപ്പാണ് എന്നിട്ടും ഒരു ലീവ് പോലും കിട്ടീല.. അതിനു കാരണം എന്തെന്ന് അറിയോ.. തൊട്ടയൽപക്കത്തു നടക്കുന്നത് പോലും ഒന്നിറങ്ങി നോക്കാതെ ചാനൽ വാർത്തകൾ വഴി അറിയാൻ നിൽക്കുന്നവർ ആണ് ഇന്നത്തെ സമൂഹത്തിൽ കൂടുതൽ ശതമാനവും . അപ്പോ വള്ളി പുള്ളി തെറ്റാതെ ഓരോ വാർത്തകളും നിങ്ങടെയൊക്കെ മുന്നിൽ കൊണ്ടെത്തിക്കുക എന്നതാണ് ഞങ്ങടെ ജോലി. പെറ്റമ്മയുടെ കണ്ണീരിനു പോലും റേറ്റിങ് ഉള്ള കാലമാണ് ഇത്. ഒരു പെൺകുട്ടി ലൈം,ഗികമായി പീ,ഡിപ്പിക്കപ്പെട്ടു എന്നറിഞ്ഞാൽ ആരൊക്കെ എവിടെയൊക്കെ വച്ച് എന്തൊക്കെ ചെയ്തു എന്ന് വിശദീകരിക്കുന്ന ചാനലുകൾക്കാണ് റേറ്റിംഗ് കൂടുതൽ. ഇനി ആ വിവരങ്ങൾ കൃത്യമായി കിട്ടിയില്ല എങ്കിൽ ഇപ്പോ ഞങ്ങളെ കുറ്റം പറയുന്ന ഇതേ നിങ്ങൾ തന്നെ ചോദിക്കും ഈ ചാനലുകാര് കോപ്പന്മാരൊക്കെ എവിടെപ്പോയി കിടക്കുവാ.. ഒരു വാർത്തയും വ്യക്തമായി അറിയാൻ പറ്റുന്നില്ല എന്ന്… അതുകൊണ്ട് ഞങ്ങളെ വിട്ടേക്ക് ചേട്ടന്മാരെ… ജീവിച്ചു പോയിക്കോട്ടെ.. “

കൂപ്പ് കൈകളോടെ പറഞ്ഞവസാനിപ്പിച്ചു തിരികെ നടന്നു അഞ്ജലി.

വിമർശകർ മറുപടിയില്ലാതെ നിൽക്കുമ്പോൾ ഒന്ന് കയ്യടിക്കാൻ തോന്നിയെങ്കിലും സാഹചര്യം മനസിലാക്കി മൗനമായി പിന്നാലെ പോയി നഹാസ്.

” അതിന്റെ വായിൽ ഇരിക്കുന്നത് പോയി ചോദിച്ചു വാങ്ങേണ്ട കാര്യമുണ്ടായിരുന്നോ നിനക്കൊക്കെ.. കഷ്ടം.. “

ആരൊക്കെയോ അപ്പോൾ കൂട്ടം കൂടിയവരെ പുച്ഛിക്കുന്നുണ്ടായിരുന്നു.

” എടോ.. താൻ കസറിയല്ലോ.. ആ കിളവന്മാരുടെ വാ അടഞ്ഞു പോയി “

പിന്നാലെ എത്തി നഹാസ് പറഞ്ഞെങ്കിലും അത് കേട്ടിട്ട് ഒന്നും മിണ്ടുവാൻ തോന്നിയില്ല അഞ്‌ജലിയ്ക്ക് അവളുടെ ഉള്ളം അപ്പോൾ പുകയുകയായിരുന്നു.

“നഹാസേ.. നമ്മൾ എന്ത് തെറ്റ് ചെയ്തിട്ടാ.. ഊണും ഉറക്കവും ഇല്ലാതെ.. രാപ്പകൽ ഓടി നടന്നിട്ടാണ് ഓരോരോ വാർത്തകൾ റിപ്പോർട്ട്‌ ചെയ്യുന്നത്. ഈ കുറ്റം പറഞ്ഞവന്മാരൊക്കെ ഓരോന്ന് അറിയുന്നതും നമ്മുടെ കഷ്കപ്പാടിന്റെ ഫലം മൂലമല്ലേ …. എന്നിട്ടും പറയുന്നത് നോക്ക്യേ.. എനിക്കൊട്ടും മനസ്സില്ല ചങ്കു പിടഞ്ഞു നിൽക്കുന്ന ആ അച്ഛന്റേം അമ്മേടേം അടുത്ത് മൈക്കും കൊണ്ട് പോകാൻ.. പക്ഷെ.. ഗതികേട് ആയിപോയി..”

പറഞ്ഞു നിർത്തുമ്പോൾ വിതുമ്പി പോയി അഞ്ജലി. അത് കണ്ടിട്ട് അവളെ ആശ്വസിപ്പിച്ചു നഹാസ്

” എടോ.. പോട്ടെടോ.. അവർ എന്തോ പറഞ്ഞു താൻ അത് കാര്യമാക്കേണ്ട.. നമുക്ക് നമ്മുടെ ജോലി ചെയ്യാം തിരിച്ചു പോകാം അത്ര തന്നെ.. താൻ ഒന്ന് ആക്റ്റീവ് ആയി നിൽക്ക് ” ” ഏയ് എനിക്കൊന്നുമില്ല നഹാസ്.. ഞാൻ ഓക്കേ ആണ്.. ആദ്യമായത് കൊണ്ടാണ് ഈ വിഷമം നിങ്ങളൊക്കെ പറയുന്നത് കേൾക്കുമ്പോൾ ഇനി ഇതിനെക്കാളൊക്കെ ക്കെ കേൾക്കാൻ കിടക്കുന്നതെ ഉള്ളു. “

മറുപടി പറഞ്ഞുകൊണ്ട് ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു അവൾ…

അതേ നിങ്ങൾ വരുന്നില്ലേ ദേ ബോഡി കൊണ്ടുള്ള ആംബുലൻസ് എത്തി.. “

സഹ പ്രവർത്തകരിൽ ആരോ വിളിച്ചു പറയുമ്പോ വീണ്ടും ഉഷാറായി അവർ രണ്ടാളും

” വേഗം വാ.. എന്തേലും മിസ്സ്‌ ആയാൽ അതിനിനി ഓഫീസിൽ നിന്ന് തെ,റി കേൾക്കണം. “

മൈക്കുമായി ഓടി അഞ്ജലി.. ക്യാമറയും തൂക്കി പിന്നാലെ നഹാസും.

അവര് വീണ്ടും തങ്ങളുടെ ജോലിയിൽ മുഴുകി…

ശെരിയാണ് ന്യൂസ്‌ ചാനൽ ഓൺ ചെയ്യുമ്പോൾ അന്നത്തെ വാർത്തകൾ മുഴുവൻ നമുക്ക് സ്വീകരണ മുറിയിൽ കിട്ടണം.. പക്ഷെ അതിനു വേണ്ടി രാപ്പകൽ ഇല്ലാതെ പരക്കം പായുന്ന മീഡിയാ പ്രവർത്തകർക്ക് പലപ്പോഴും തെറിവിളിയും പുച്ഛവുമാണ് കിട്ടാറുള്ളതും….

(ശുഭം )

Leave a Reply

Your email address will not be published. Required fields are marked *