യാദൃശ്ചികമായി അവളെ കണ്ടതും ആ കാഴ്ച അവനിലും ഒരു ഞെട്ടൽ ഉണ്ടാക്കി. എന്തു ചെയ്യണം എന്ന് പെട്ടന്നവനും ഒരു പിടിയില്ലായിരുന്നു,എന്നാലും കുറച്ച് നിമിഷങ്ങൾക്കകം തന്നെ ആ അവസ്ഥയെ മറികടന്നു……

Story written by Pratheesh

ഏഴ് വർഷത്തിന് ശേഷമാണ് അന്നവൾ അവനെ വീണ്ടും കാണുന്നത്,
ഇത്രയും കാലങ്ങൾക്ക് ശേഷം പെട്ടെന്ന് അവനെ കണ്ടതും ആ കാഴ്ച പെട്ടെന്നവളിൽ ഒരു ഞെട്ടൽ ഉണ്ടാക്കി.

അന്നേരം അവൾ ആയിരുന്നു അവനെ ആദ്യം കണ്ടത് അവൻ അപ്പോൾ അവളെ കണ്ടിട്ടില്ലായിരുന്നു,.അവനെ ഇനിയോരിക്കലും കണ്ടുമുട്ടരുതെന്ന് കരുതിയിരുന്നതാണവൾ.കാരണം അവനുമായുണ്ടായിരുന്ന തീവ്രമായ പ്രണയത്തിൽ നിന്ന് പെട്ടെന്ന് ഒരു ദിവസം ഒന്നും പറയാതെ ഇറങ്ങി പോന്നതാണവൾ.

വീട്ടുകാർ കണ്ടെത്തുന്ന ആളെ വിവാഹം ചെയ്താൽ ജീവിതം വളരെ ഈസിയായി സുഖകരവും സന്തോഷകരവും ആക്കി മാറ്റാം എന്ന് വീട്ടുകാർ ഒന്നടങ്കം പറഞ്ഞപ്പോൾ അവൾ ആ എളുപ്പവഴി തെരഞ്ഞെടുക്കുകയായിരുന്നു.

എന്നാൽ വിവാഹശേഷം അതെല്ലാം വാക്കുകളിലൂന്നിയ പൊള്ളയായ വെറും സങ്കല്പങ്ങൾ മാത്രമായിരുന്നു എന്നും,.യഥാർത്ഥമായ സ്നേഹം അത് പരസ്പരം അത്രമേൽ ഇഷ്ടമുള്ള രണ്ടു ഹൃദയങ്ങൾ തമ്മിൽ ചേർന്നു ഉണ്ടാകേണ്ടതാണ് എന്നും തിരിച്ചറിയാൻ വളരെ കുറച്ച് സമയമേ അവൾക്കു വേണ്ടി വന്നുള്ളൂ.

അവളാണേൽ വീട്ടുകാരുമായി ചേർന്ന് എല്ലാം തീരുമാനിക്കപ്പെട്ട അന്ന് ആ നിമിഷം തന്നെ മറ്റൊന്നും ആലോചിക്കാതെ അവനിൽ നിന്ന് ഒഴിവാകുന്നതിനായി അവളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്തു,
പിന്നീടൊരിക്കലും അവൾ അത് ഓണാക്കുകയും ഉപയോഗിക്കുകയോ ചെയ്തില്ല,

എന്നാൽ അവൾ അവനെ ചതിക്കുകയായിരുന്നു എന്നറിഞ്ഞിട്ടും അവൻ അവളെ തിരഞ്ഞു വന്നില്ല, പിന്നീട് അവൾ അവനെ കാണുന്നത് ഇന്ന് ഈ നിമിഷമാണ്..

അങ്ങിനെ അതുവരെ കഴിഞ്ഞതെല്ലാം ഒറ്റ നിമിഷം കൊണ്ട് തന്നെ ഓർത്തെടുത്തു നിൽക്കവേ പെട്ടന്ന് അവനും ഒന്ന് തിരിഞ്ഞു നോക്കിയത് അവളിലേക്കായിരുന്നു,

യാദൃശ്ചികമായി അവളെ കണ്ടതും ആ കാഴ്ച അവനിലും ഒരു ഞെട്ടൽ ഉണ്ടാക്കി. എന്തു ചെയ്യണം എന്ന് പെട്ടന്നവനും ഒരു പിടിയില്ലായിരുന്നു,
എന്നാലും കുറച്ച് നിമിഷങ്ങൾക്കകം തന്നെ ആ അവസ്ഥയെ മറികടന്നു കൊണ്ട് അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു..

അതവൾ ഒട്ടും പ്രതീക്ഷിച്ചതായിരുന്നില്ല, ദേഷ്യത്തോടെയോ വെറുപ്പോടെയോ മാത്രമായിരിക്കും നോക്കുക എന്ന് കരുതിയയിടത്തു മറിച്ചാണ് സംഭവിച്ചത് അതവളെ ശെരിക്കും അത്ഭുതപ്പെടുത്തി.

എന്നാൽ അതിനേക്കാൾ അവളെ അത്ഭുതപ്പെടുത്തിയത് യാതൊരു പരിഭവം പ്രകടിപ്പിക്കാതെ അവൾക്ക് അരികിലേക്ക് നടന്നു വന്നു കൊണ്ട് അവൻ അവൾക്കു മുന്നിൽ വന്നു നിന്നപ്പോഴായിരുന്നു.

അവളിലെ അത്ഭുതം അവളെ വിട്ടുമാറും മുന്നേ അവൻ പിന്നെയും അവളോട് ഒന്നുകൂടി പുഞ്ചിരിച്ചു,

അവനു വേദനകൾ മാത്രമല്ല താൻ നൽകിയിട്ടുള്ളൂ എന്നിട്ടും അവന് എങ്ങിനെയാണ് തന്നോട് യാതൊരു പരിഭവവും കാണിക്കാതെ പുഞ്ചിരിക്കാൻ സാധിക്കുന്നത് എന്നാലോചിച്ചു നിൽക്കുന്ന അവളെ നോക്കി അവൻ പറഞ്ഞു.
റീൽസുകളിലെ ജോക്ക് പോലെ “എക്സ്ട്രാ ഒരു ഗ്യാസ് സിലിണ്ടർ എടുക്കാൻ ഉണ്ടോ ” എന്ന് ചോദിക്കാൻ ഒന്നുമല്ല ഞാൻ നിന്റെ അടുത്തേക്ക് വന്നത്.

ഞാൻ വന്നത് നിന്നോടോരു നന്ദി പറയാനാണ്…..!

അത് കേട്ടതും അവൾക്ക് പിന്നെയും ആശ്ചര്യമായി എന്നാലും അത് എന്തിനായിരിക്കും എന്നറിയാനായി അവൾ അവനെ തന്നെ നോക്കി നിൽക്കവേ

അവൻ പിന്നെയും അവളെ നോക്കി പറഞ്ഞു നീ എന്റെ ജീവിതത്തിൽ വന്നിരുന്നെങ്കിൽ നീ മാത്രമായി നിന്നെ മാത്രമായി സ്നേഹിച്ചു ഞാൻ ജീവിക്കുമായിരുന്നു.

എന്നാൽ നീ പോയതോടെ അതിന്റെ വേദനയിൽ കുറച്ചുനാൾ കഴിഞ്ഞെങ്കിലും സത്യമായ പ്രണയമൊന്നും എനിക്ക് ചേർന്നതല്ലെന്ന് അതോടെ എനിക്ക് മനസ്സിലായി.

തുടർന്ന് എപ്പോഴോ ആ വേദനകൾ എല്ലാം ഫേസ്ബുക്കിൽ ഓരോ കഥകളായി എഴുതാൻ തുടങ്ങിയതോടെ ആശ്വാസമായി കുറെ പേർ എനിക്ക് കൂട്ടായി വന്നു. അതോടെ നിന്നിലൂടെ അവസാനിച്ചു എന്ന് കരുതിയ എന്നിലെ പ്രണയം പിന്നെയും അതിശക്തമായി എന്നിൽ പുനർജ്ജനിച്ചു.

ഇന്ന് വിവിധ പ്രായത്തിലുള്ള ആറു കാമുകിമാർ എനിക്കുണ്ട്…..!!

കഴിഞ്ഞ നാല് വർഷമായി തുടരുന്ന ഈ ബന്ധത്തിലെ ആ ആറു കാമുകിമാരും എല്ലാത്തരത്തിലും ഞാനുമായി സഹകരിക്കുന്നത് കൊണ്ട് അവരിൽ നിന്ന് എല്ലാവിധത്തിലുമുള്ള സുഖവും സന്തോഷവും എനിക്ക് ലഭിക്കുന്നുണ്ട്.
അത് കൊണ്ട് തന്നെ ഇന്ന് ലൈഫ് എല്ലാ തരത്തിലും ഞാൻ ആസ്വദിക്കുന്നു.

ഞങ്ങൾ ഓരോരുത്തർക്കും ഇടയിൽ സ്നേഹം അതിന്റെ എല്ലാതരത്തിലും ഏറ്റവും പ്രകടമായ രീതിയിൽ തന്നെ പങ്കുവെക്കപ്പെടുന്നത് കൊണ്ട് ആർക്കും പരിഭവങ്ങളോ പരാതികളോ ഒന്നുമില്ല.

നീ വിട്ടു പോയില്ലായിരുന്നെങ്കിൽ ഞാൻ ഒരിക്കലും അറിയാതെ പോകുമായിരുന്ന ആ സുഖവും സന്തോഷവും ജീവിതവും എനിക്ക് തിരിച്ചു തന്നതിനാണ് ഞാൻ നിന്നോട് നന്ദി പറഞ്ഞത്.

പിന്നെ ഇത് എന്തിനാണ് ഇപ്പോൾ നിന്നോട് പറയുന്നത് എന്ന്‌ ചോദിച്ചാൽ ഇതെല്ലാം എന്റെ മാത്രം രഹസ്യങ്ങൾ ആയതു കൊണ്ട് വിശ്വസിച്ച് എനിക്കൊരാളോടും ഇത് തുറന്നു പറയാനും സാധിക്കില്ല,

സങ്കടങ്ങൾ തുറന്നു പറയുമ്പോൾ മനസിന്റെ ഭാരം കുറയുന്നപോലെ സന്തോഷത്തിന്റെ സുഗന്ധങ്ങളും ഇതുപോലെ ആരോടെങ്കിലും തുറന്നു പറയുമ്പോൾ ആണ് അതിന്റെ മാധുര്യം കൂടുന്നതും. എന്റെ ജീവിതത്തിൽ ഞാനിപ്പോൾ അനുഭവിക്കുന്ന ഈ സന്തോഷം ആരോടാണ് ഒന്ന് പറയുക എന്ന്‌ ആലോചിച്ചു വിഷമിക്കുമ്പോഴാണ് നിന്നെ കണ്ടത്…..!!! എന്നെ സംബന്ധിച്ച് ഇത് പറയാൻ നിന്നെക്കാൾ ഉത്തമയായ മറ്റോരാൾ വേറെയില്ല…

അതും പറഞ്ഞു പിന്നെയും ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവൻ അവളെ വിട്ടു അകന്നു പോയതും അവൾ എന്ത് പറയണം എന്നറിയാതെ അവനെ തന്നെ നോക്കി അതേ നിൽപ്പിൽ അങ്ങിനെ തന്നെ നിന്ന് പോയി…!!!!

ജീവിതം പലപ്പോഴും അങ്ങനെയാണ് എവിടെങ്കിലും വെച്ചു അവസാനിച്ചു എന്ന് കരുതുമ്പോഴായിരിക്കും അവിടം മുതൽ പുതിയ ലോകം നമ്മൾക്കായി തുറക്കപ്പെടുന്നത്….!

Leave a Reply

Your email address will not be published. Required fields are marked *