രാത്രി കിടക്കാൻ നേരം അമ്മുമ്മയുടെ ചുക്കിചുളിഞ്ഞ കൈവിരലുകൾ അiടികൊണ്ടു തിണർത്തു കിടന്ന എന്റെ ദേഹത്തു കൂടി തഴുകുമ്പോൾ ഞാൻ അമ്മുമ്മയെ കെട്ടിപിടിച്ചു…..

by pranayamazha.com
206 views

എഴുത്ത്:- ശിവ എസ് നായര്‍

ചൂലെടുത്ത് അമ്മ തലങ്ങും വിലങ്ങും അടിക്കുമ്പോൾ തiല്ലല്ലേ അമ്മേ എന്ന് പറഞ്ഞു ഞാൻ നിലവിളിച്ചു കരഞ്ഞു കൊണ്ടിരുന്നു. പക്ഷേ അമ്മ അതൊന്നും കേട്ടില്ല. കുറേ അiടികിട്ടി. ദേഹം മൊത്തം നീറിപുകഞ്ഞു എനിക്ക് നന്നായി വേദനിക്കുന്നുണ്ടായിരുന്നു. വീട്ടിൽ അപ്പോൾ ഞാനും ചേട്ടനും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളു. അമ്മുമ്മ അമ്പലത്തിൽ പണിക്ക് പോയിരുന്നു. വരാൻ സമയായിട്ടുണ്ടായിരുന്നില്ല. എന്തിനാ അമ്മ അടിച്ചതെന്ന് എനിക്ക് മനസിലായില്ല… ചോദിക്കാൻ ധൈര്യമുണ്ടായിരുന്നുമില്ല. അന്നെനിക്ക് പത്തുവയസ്സ്… അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു. ഞാൻ എന്തോ വലിയ തെറ്റ് ചെയ്തിട്ടാണ് അമ്മ എന്നെ അടിച്ചതെന്ന് എനിക്ക് തോന്നി. കാരണം രണ്ടു ദിവസം മുൻപ് അമ്പലത്തിൽ പോയപ്പോൾ ഞാനൊരു ചേച്ചിയുടെ ചെരുപ്പ് എടുത്ത് ഇട്ടോണ്ട് പോന്നിരുന്നു. വീട്ടിൽ ആരും കാണാതിരിക്കാൻ ഞാനത് ഒളിപ്പിച്ചു വച്ചിട്ടുണ്ടായിരുന്നു. അതിനായിരിക്കോ അമ്മ അടിച്ചത് അമ്മ അതെങ്ങനെ അറിഞ്ഞു എന്നൊക്കെ ഞാൻ എന്നോട് തന്നെ ചോദിച്ചു. പഴകി തേഞ്ഞ എന്റെ ചെരുപ്പ് രണ്ടു ദിവസം മുൻപ് പൊട്ടിപോയിരുന്നു. തിങ്കളാഴ്ച സ്കൂളിൽ ഇട്ടോണ്ട് പോകാൻ ചെരുപ്പില്ല… അതുകൊണ്ടാണ് ഞാൻ അത് എടുത്തു കൊണ്ട് വന്നത്. ചെരുപ്പ് പൊട്ടിയെന്നു പറഞ്ഞാൽ അമ്മയുടെ കൈയിൽ നിന്നും കിട്ടുന്ന അടി പേടിച്ചാണ് ഞാൻ ഇങ്ങനെയൊരു തെറ്റ് ചെയ്തത്.

അമ്പലത്തിലെ പണി കഴിഞ്ഞു വരുമ്പോൾ കരഞ്ഞു തളർന്നു ഉമ്മറപടിയിൽ ഇരിക്കുന്ന എന്നെക്കണ്ടപ്പോൾ അമ്മുമ്മ കാര്യം തിരക്കി. അമ്മ കുറേ തiല്ലിയെന്ന് ഞാൻ പറഞ്ഞു. അപ്പോഴേക്കും അമ്മയും അങ്ങോട്ട്‌ വന്നു.

അമ്മയുടെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചു അമ്മുമ്മയുടെ പിന്നിലൊളിച്ചു.

“എന്തിനാടി കൊച്ചിനെ ഇങ്ങനെ അiടിച്ചത്..” അമ്മുമ്മ അമ്മയോട് ചോദിച്ചു.

“ഇവൾ എന്താ കാണിച്ചതെന്ന് നിങ്ങളറിഞ്ഞോ?? ആ ഗീതേച്ചിടെ മോളെ ചെരുപ്പ് ഇവള് രണ്ടു ദിവസം മുന്നേ അമ്പലത്തിൽ പോയപ്പോൾ മോഷ്ടിച്ചോണ്ട് വന്നേക്കുന്നു. ഇവള് ആ കൊച്ചിന്റെ ചെരുപ്പിട്ടോണ്ട് നടന്നു പോകുന്നത് അവള് കണ്ടു. ഇന്ന് രാവിലെ ബസ്സ്റ്റോപ്പിൽ വച്ച് കണ്ടപ്പോൾ മോളി ചേച്ചിയാ എന്നോടിത് പറഞ്ഞത്.

ഇടാൻ ചെരിപ്പില്ലെങ്കി വല്ലവരേം കട്ടോണ്ട് വരുകയാണോ ചെയ്യേണ്ടത്. ചെരിപ്പില്ലെന്ന് ഇവൾക്ക് വാ തുറന്നു പറഞ്ഞൂടെ…. മനുഷ്യനെ നാണം കെടുത്താനായിട്ട്… എല്ലാരും എന്നെയല്ലേ പറയൂ.” അരിശം തീരാണ്ട് അമ്മ എന്റെ കൈ പിടിച്ചു ഇറുക്കി നുള്ളി. വേദന കൊണ്ട് എന്റെ കണ്ണ് നിറഞ്ഞുപോയി. പക്ഷേ കരയാൻ പേടിയായിരുന്നു. നേരത്തെ അiടികൊണ്ടു കരഞ്ഞപ്പോൾ അമ്മ കുറേകൂടി അടിക്കയാണ് ചെയ്തത്.

“മതി അതിനെ അiടിച്ചത് കൊച്ചല്ലേ..” അമ്മുമ്മ അമ്മയെ വഴക്കു പറഞ്ഞു.

“കൊച്ചാണെങ്കിലും മോട്ടിക്കാൻ ഒന്നും ഇവൾക്ക് ആരും പറഞ്ഞു കൊടുക്കാതെ ചെയ്യാനാറിയാലോ.. കള്ളി…” അമ്മയുടെ ഓരോ വാക്കുകളും എന്നെ നന്നായി വേദനിപ്പിച്ചു. ഞാൻ… ഞാനൊരു കള്ളിയായി… മോഷണം നടത്തി…. ഈ വക ചിന്തകൾ അന്ന് എന്റെ മനസ്സിനെ ഒത്തിരി മുiറിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴും ഓർക്കുമ്പോൾ ഉള്ളിൽ ഒരു വിങ്ങലാണ്.

അമ്മ ആ ചെരുപ്പെടുത്തു ഓടയിൽ കളഞ്ഞു. നാട്ടാരെ കൊണ്ട് ഇനിയെന്തെങ്കിലും പറയിപ്പിച്ചാൽ ചട്ടുകം പഴുപ്പിച്ചു തുടയിൽ വയ്ക്കുമെന്ന് പറഞ്ഞു.

രാത്രി കിടക്കാൻ നേരം അമ്മുമ്മയുടെ ചുക്കിചുളിഞ്ഞ കൈവിരലുകൾ അiടികൊണ്ടു തിണർത്തു കിടന്ന എന്റെ ദേഹത്തു കൂടി തഴുകുമ്പോൾ ഞാൻ അമ്മുമ്മയെ കെട്ടിപിടിച്ചു.

“അമ്മ എന്താ അമ്മുമ്മേ ഇങ്ങനെ…. ഒരു സ്നേഹോമില്ല.. എപ്പഴും ഇങ്ങനെ വഴക്കും തiല്ലും മാത്രം..” എന്റെ പരിഭവം ഞാൻ അമ്മുമ്മയോട് പറഞ്ഞു കരഞ്ഞു.

“മക്കളെന്തിനാ ആ ചേച്ചിടേ ചെരുപ്പ് എടുത്തത്.” വാത്സല്യത്തോടെ അമ്മുമ്മ എന്റെ നെറുകയിൽ തഴുകി കൊണ്ട് ചോദിച്ചു.

“ചെരുപ്പ് പൊട്ടിയെന്നു പറഞ്ഞാൽ സൂക്ഷിക്കാതെ പൊട്ടിച്ചു എന്ന് പറഞ്ഞു അമ്മ അടിക്കൂലേ.. നാളെ സ്കൂളിൽ പോകാൻ ഇടാൻ ചെരുപ്പില്ല… അതോണ്ടാ ഞാൻ…” എനിക്ക് സങ്കടം സഹിക്കാൻ പറ്റിയില്യ.

“സാരല്ല്യ പൈസ കിട്ടുമ്പോൾ അമ്മുമ്മ വാങ്ങിത്തരാം.. അമ്മയോട് ദേഷ്യം തോന്നണ്ട. ഒരുപാട് അനുഭവിച്ചതാ നിന്റെ അമ്മ. അച്ഛനില്ലാത്ത പിള്ളേരാ നിങ്ങൾ.. നിങ്ങൾ എന്തെങ്കിലും തെറ്റ് ചെയ്താൽ നാട്ടുകാർ അമ്മയെയാണ് പറയ്യാ… ഇനി ആരെയും ഒന്നും എടുക്കരുത് കള്ളിയെന്ന് പേര് വീണാൽ പിന്നെ മാറില്ല… അമ്മുമ്മ പറഞ്ഞതിന്റെ അർത്ഥം എനിക്ക് അന്ന് മനസിലായില്ല. പക്ഷേ ഇനി ഇങ്ങനെ ഒന്നും ചെയ്യില്ലെന്ന് മനസിലുറപ്പിച്ചു.

ഒരു മാസത്തോളം ആ പൊട്ടിയ ചെരുപ്പ് പിൻ കുത്തിയും നൂലിട്ട് കൊരുത്തു കെട്ടിയും ഞാൻ ഇട്ടുകൊണ്ട് നടന്നു. പിന്നെ അങ്ങനെ പോലും ഇടാൻ പറ്റാണ്ടായി.. അതൊക്കെ ഒരു കാലം.

പഴയതൊക്കെ ഓർക്കുമ്പോൾ ഇന്നും കണ്ണ് നിറയും. അമ്മയെ എനിക്ക് കുഞ്ഞിലേ ഭയങ്കര പേടിയായിരുന്നു എനിക്ക്. അമ്മുമ്മയായിരുന്നു എനിക്ക് ജീവൻ. ഓടികളിച്ചു വീണാലോ, ഉടുപ്പിന്റെ തയ്യൽ വിട്ടുപോയാലോ, ബുക്കിൽ നിന്ന് പേപ്പർ വലിച്ചു കീറിയാലോ, പെൻസിൽ സ്കൂളിൽ കളഞ്ഞു പോയാലോ, യൂണിഫോമിൽ അഴുക്ക് പറ്റിയാലോ അമ്മ നല്ല തiല്ല് തരും. അമ്മുമ്മയാണ് രക്ഷിക്കാൻ വരുക. അതുകൊണ്ടൊക്കെ അമ്മയെ കാണുമ്പോൾ തന്നെ ഞാൻ പേടിച്ചു വിറയ്ക്കും.

ചേട്ടനേക്കാൾ അiടി കൂടുതൽ കിട്ടുക എനിക്കായിരുന്നു. അന്നൊക്കെ വിചാരിക്ക അമ്മയ്ക്ക് എന്നെയും ചേട്ടനെയും ഒന്നും ഇഷ്ടല്ലാത്തോണ്ട് ആയിരുന്നു എന്ന്… പിന്നെ അറിവ് വച്ചപ്പോൾ മനസിലായി അമ്മ അന്ന് അങ്ങനെ സ്ട്രിക്ട് ആയി നിന്നത് കൊണ്ടാണ് ഇന്ന് ഇവിടം വരെ എത്തിയതെന്ന്..

എനിക്ക് ഒരു വയസ്സ് ഉള്ളപ്പോഴാണ് അച്ഛനും അമ്മയും ഡിവോഴ്സ് ആകുന്നത്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാനുള്ള ഓട്ടത്തിൽ അമ്മയ്ക്ക് സ്നേഹം പ്രകടിപ്പിക്കാൻ കഴിയുമായിരുന്നില്ല. അമ്മുമ്മയ്‌ക്ക് അത് അറിയാവുന്നത് കൊണ്ട് അമ്മയുടെ സ്നേഹം കൂടി അമ്മുമ്മ പകർന്നു തന്നു. ഇന്ന് അമ്മയെ കാണുമ്പോൾ ഭയത്തിന് പകരം ബഹുമാനമാണ് തോന്നുന്നത്. അമ്മയ്ക്ക് ഞങ്ങൾ രണ്ടു മക്കൾ എന്നും ജീവനായിരുന്നു. അത് മനസിലാക്കാൻ എനിക്ക് ഒരുപാട് വർഷങ്ങൾ വേണ്ടി വന്നു. തിരിച്ചറിവ് ഉണ്ടായപ്പോഴാണ് അമ്മയുടെ ഭാഗത്ത്‌ നിന്ന് ചിന്തിക്കാൻ തുടങ്ങിയത്… അമ്മയുടെ കഷ്ടപ്പാടുകൾ മനസിലാക്കി തുടങ്ങിയത്. എല്ലാവർക്കും തങ്ങളുടെ ബാല്യത്തിലേക്ക് തിരിഞ്ഞോടാൻ കൊതിക്കുമ്പോൾ മനസ്സ് കൊണ്ട് പോലും എന്റെ ബാല്യകാലത്തേക്ക് പോകാൻ എനിക്ക് തോന്നാറില്ല. മറ്റുള്ളവരുടെ കഷ്ടപ്പാട് കാണുമ്പോൾ ഇതൊന്നും ഒന്നുമല്ലെന്ന് തോന്നും.

(ജീവിതത്തിൽ നിന്നും പകർത്തിയെടുത്ത ഒരേട്…)

സ്നേഹത്തോടെ ശിവ ❤️

You may also like

Leave a Comment