രണ്ടു മൂന്ന് ദിവസമായി അച്ഛൻ എനിക്ക് മുഖം തരാറെയില്ല.. ഞാൻ എന്തെങ്കിലും ചോദിച്ചാൽ തന്നെ ഒരു മൂളൽ,ഒരു വാക്ക്. മുഖത്ത് നോക്കുന്നു പോലുമില്ല.. അച്ഛനെന്ത് പറ്റിയമ്മേ…..

by pranayamazha.com
103 views

നേരം

എഴുത്ത്:-അമ്മു സന്തോഷ്

“അച്ഛൻ എവിടെയാണമ്മേ?”

“മുറ്റത്തുണ്ടല്ലോ. മാധവട്ടൻ ഒക്കെ വന്നിട്ടില്ലേ? അവരോട് സംസാരിക്കുകയാ. എന്താ ചിന്നു?”

“രണ്ടു മൂന്ന് ദിവസമായി അച്ഛൻ എനിക്ക് മുഖം തരാറെയില്ല.. ഞാൻ എന്തെങ്കിലും ചോദിച്ചാൽ തന്നെ ഒരു മൂളൽ,ഒരു വാക്ക്. മുഖത്ത് നോക്കുന്നു പോലുമില്ല.. അച്ഛനെന്ത് പറ്റിയമ്മേ?”

പൂർണിമ വാത്സല്യത്തോടെ ചിന്നുവിന്റെ മുടിയിൽ തഴുകി.

നാളെ ചിന്നുവിന്റെ വിവാഹമാണ്

ഇരുപത്തിമൂന്നു വർഷം ഈ വീടിന്റെ

വിളക്കായിരുന്നവൾ

ശബ്ദമായിരുന്നവൾ

സംഗീതമായിരുന്നവൾ

മകൾ…

അവരുടെ കണ്ണ് ഒന്ന് നിറഞ്ഞു

“മോള് നാളെ പോവല്ലേ.. അച്ഛന് ഉള്ളിൽ സങ്കടമുണ്ടാവും.. അത് പുറത്ത് വന്നാലൊന്ന് പേടിച്ചിട്ടാ..”
ചിന്നുവിന്റെ മുഖം ഒന്ന് വാടിയെങ്കിലും അവൾ പെട്ടെന്ന് ചിരി വരുത്തി

“അപ്പൊ അമ്മയ്ക്ക് വിഷമം ഇല്ലേ? ഇനി വഴക്ക് പറയാൻ ആളില്ലല്ലോ..

“എടി ചിന്നു എണീൽക്ക് നേരം വെളുത്തു. പെൺപിള്ളേർ ഇങ്ങനെ സൂര്യനുദിക്കുന്ന വരെ കിടക്കരുത് എന്നറിഞ്ഞൂടെ?..”

” എടി ചിന്നു.. കാലിന്മേൽ കാൽ കയറ്റി വെയ്ക്കാതെ.. ഈശ്വര കെട്ടിക്കൊണ്ട് പോകുന്ന വീട്ടുകാരെ കൊണ്ട് എന്നെ ചീത്ത പറയിക്കുമോ നീ..? “

“ദേ ചിന്നു പാചകം ഒക്കെ പഠിച്ചോ ട്ടോ എന്നും ഇങ്ങനെ അമ്മയുണ്ടാക്കൂന്നത് മാത്രം തിന്നാതെ “

“അങ്ങനെ എന്തെല്ലാം എന്തെല്ലാം… ഇനി അതൊന്നും കേൾക്കണ്ടല്ലോ “ചിന്നു കുസൃതിയിൽ പറഞ്ഞു

പൂർണിമ ചിരിച്ചു

അവൾ പോകുമ്പോൾ ഹൃദയം അടർന്നു പോകുന്നത്.. അവൾ അറിയുന്നുണ്ടാകുമോ?

ശാസിച്ചാലും തല്ലിയാലും നീ എന്റെ ജീവനാ കുഞ്ഞേ എന്ന് ഹൃദയത്തിൽ മന്ത്രിക്കാത്ത ഏതെങ്കിലും അമ്മയുണ്ടാകുമോ

അവൾക്കൊന്നു പനിച്ചാൽ ആ വിരലൊന്നു മുറിഞ്ഞാൽ തളർന്നു പോകുന്ന ഉടലും മനസ്സുമാണമ്മയ്ക്കും അച്ഛനുമെന്നുമിവിൾക്കറിയാമായിരിക്കുമോ?

“അമ്മേ… പറ അമ്മയ്ക്ക് വിഷമം ഇല്ലേ?”ചിന്നു അമ്മയെ തോണ്ടി

“എന്തിന്?” അവർ ചിരിച്ചു

“നീ നിന്റെ ചെക്കന്റെ കൂടെ സന്തോഷമായിട്ട് അടിച്ചു പൊളിച്ച് നടക്കുന്നത് കണ്ടിട്ട് സന്തോഷിക്കുവല്ലേ വേണ്ടത്? ഇനി വേണം എനിക്കും എന്റെ ചേട്ടനും കൂടി ഒരു ലോകയാത്ര നടത്താൻ.. നിന്നേ കെട്ടിച്ചു വിട്ട് കഴിഞ്ഞാൽ ആ ജോലി തീർന്നല്ലോ “

ചിന്നു മൂക്കിൽ വിരൽ വെച്ചു

“ദുഷ്ട മനസ്സിലിരിപ്പ് നോക്കിക്കേ… ലോകയാത്ര പോകും പോലും.. ഞാനെ ഇവിടെ തന്നെ വന്നാ താമസിക്കാൻ പോണത്.. എനിക്കും അരുണിനും ഇവിടെ നിന്ന് ഓഫീസിൽ പോകാൻ എളുപ്പമാ. അതൊക്കെ ഞാൻ നേരത്തെ പറഞ്ഞു സെറ്റ് ആക്കി “

ഉള്ളിലൊരു പൂത്തിരി കത്തിയെങ്കിലും അവർ അത് പ്രകടിപ്പിച്ചില്ല

“ശോ ട്രാൻസ്ഫർ കിട്ടിയ മതിയാരുന്നു “

“എന്റെ ദൈവമേ എന്തൊരു ദുഷ്ടയാണിത്.. സ്വന്തം മോളല്ലേ ഞാൻ? “

അവളുടെ മുഖത്ത് വന്ന ഭാവം കണ്ട് പൂർണിമ പൊട്ടിച്ചിരിച്ചു

“നീ ഇവിടെ ചിരിച്ചോണ്ടിരിക്കുവാനോ പൂർണി? അവിടെ ലതിക ചിറ്റ ഒക്കെ വന്നിരിക്കുന്നു. ചെല്ല് അങ്ങോട്ട്.. നീ എന്തൊരു കോലമാ ചിന്നു. നല്ല ഒരു ഡ്രസ്സ്‌ ഇട്ട് മുടി ചീകി ഒരുങ്ങിക്കെ..”

അമ്മായിയാണ്.. മഞ്ജുള.. പെണ്മക്കൾ ഇല്ലാത്തത് കൊണ്ട് ചിന്നുനോട് അവർക്ക് വല്ലാത്ത വാത്സല്യം ആണ്

“ബ്യൂട്ടീഷ്യൻ ഇപ്പൊ വരും അമ്മായി.. ഞാൻ റെഡി ആയിക്കൊള്ളാം “

“ഒത്തിരി മേക്കപ്പ് വേണ്ടാട്ടോ. നാച്ചുറൽ ആണ് ഇപ്പോഴത്തെ ട്രെൻഡ്.. അത് മതി “

“ആയിക്കോട്ടെ അങ്ങനെ തന്നെ “അവൾ അവരെ ചേർത്ത് പിടിച്ചു

“എന്റെ കുഞ്ഞങ്ങ് പോയാൽ പിന്നെ മറക്കുമോടി ഈ അമ്മായിയെ…?ഇടക്കൊക്കെ വീട്ടിൽ വരണേ “

അവർ പുറം കൈ കൊണ്ട് കണ്ണീർ തുടച്ചു

“സെന്റി അടിച്ചു കൊളമാക്കല്ലേ.. പോയെ പോയെ “അവൾ രണ്ട് പേരെയും ഉന്തി തള്ളിവിട്ടു

അരുണിന്റെ ഫോൺ വന്നപ്പോൾ അവൾ മുറിയിൽ കടന്ന് വാതിൽ ചാരി

“എന്തായി അവിടെ?”

“എല്ലാം ഭംഗിയായിട്ട് പോകുന്നു.. റിലേറ്റീവ്സ് എല്ലാരും വന്നു..”

“ഇവിടെയും.. മിക്കവാറും എല്ലാരും എത്തി. ഏട്ടന്മാർ മൂന്നാല് പേര് ഉള്ളത് കൊണ്ട് ഞാൻ ഫ്രീയാണ്.. ഫ്രണ്ട്സ് വന്നാൽ പിന്നെ വിളിക്കാൻ പറ്റില്ല.അതാ നേരത്തെ വിളിച്ചത്. ടെൻഷൻ ഒന്നുമില്ലല്ലോ..”

അരുൺ ഭയങ്കര കെയറിങ് ആണെന്ന് അവൾക്ക് തോന്നിയിട്ടുണ്ട്.. പെണ്ണ് കാണാൻ വന്നപ്പോൾ തന്നെ ആ കണ്ണിലെ ശാന്തതയാണ് ഇഷ്ടമായത്

“ടെൻഷൻ ഉണ്ട്.. എന്റെഅച്ഛനെയോർക്കുമ്പോൾ .. അച്ഛന് ഭയങ്കര സങ്കടമാ. ഞാൻ പറഞ്ഞിട്ടില്ലേ അച്ഛന് ഹാർട്ടിനസുഖം ഉള്ളത്.”അവളുടെ ശബ്ദം ഇടറി

അവൾ ജനാലയിലൂടെ മുറ്റത്തു നിൽക്കുന്ന അച്ഛനെ നോക്കി

അച്ഛൻ ക്ഷീണിച്ചു പോയി പെട്ടെന്ന് വയസ്സായത് പോലെ

“അതൊക്കെ ഓർത്തു വിഷമിക്കണ്ട.നമ്മൾ എല്ലാം ഡിസൈഡ് ചെയ്തിട്ടുണ്ടല്ലോ? കുറച്ചു നാൾ കഴിഞ്ഞു അവിടെ തന്നെ താമസിക്കാം.കഷ്ടിച്ച് ഒരു മാസം..അത് വരെ വിഷമിക്കാണ്ടിരിക്ക് “

“അവിടെ ആരും സമ്മതിച്ചില്ലെങ്കിൽ…”

“അതൊക്കെ ഞാൻ ശരിയാക്കാം..”

“അരുണിന് ഭാര്യ വീട്ടിൽ നിൽക്കുമ്പോൾ വിഷമം ഉണ്ടാകുമോ?”

“എന്തിന്? താൻ ഇവിടെ നിൽക്കുന്ന പോലെയല്ലേ അതും.? താൻ എന്റെയല്ലേ? തന്റേതല്ലാം എന്റെത് കൂടെയല്ലേ? നമുക്കിവിടെയും അവിടെയുമായി നിൽക്കാമല്ലോ വിഷമിക്കണ്ട ട്ടോ “

അവളുടെ ഉള്ളു തണുത്തു.

വെയ്ക്കട്ടെ അരുൺ “

“ശരി “

അവൾ ഫോൺ കട്ട്‌ ചെയ്തിട്ട് വീണ്ടും അച്ഛൻ നിന്ന ഭാഗത്തേക്ക്‌ നോക്കി. രണ്ട് അറ്റാക്ക് കഴിഞ്ഞ ആളാണ്. ഉള്ളിൽ എപ്പോഴും തനിക് പേടിയുമാണ്. തന്റെ കല്യാണം നിശ്ചയിച്ചതിൽ പിന്നെ പാവം ഒരിടത്തിരുന്നിട്ടില്ല.

പാവമാണച്ഛൻ

ഒന്ന് നുള്ളിപോലും നോവിച്ചിട്ടില്ല

വഴക്ക് പറഞ്ഞിട്ടില്ല

വൈകുന്നേരം ജോലി കഴിഞ്ഞു വരുമ്പോൾ അച്ഛന്റെ പൊന്നുവേ എന്നൊരു വിളിയുണ്ട്.. ഓടി ചെല്ലുമ്പോൾ കയ്യിൽ എന്തെങ്കിലും ഉണ്ടാവും. പഴം പൊരിയോ പരിപ്പുവടയോ.. ഡ്രൈവർ ആണ് അച്ഛൻ. തുച്ഛമായ വരുമാനത്തിൽ നിന്ന് മിച്ചം പിടിച്ചു ഒരു വീട് വെച്ചു. തന്നെ പഠിപ്പിച്ചു. കല്യാണത്തിന് ഉള്ളതെല്ലാം സൊരുക്കൂട്ടി.ഒറ്റ രൂപ കടമില്ല. എല്ലാം അച്ഛന്റെ അധ്വാനം, അച്ഛന്റെ മിടുക്ക്. സ്വന്തം ആരോഗ്യമൊന്നും ശ്രദ്ധിക്കാതെ ജോലിയെടുത്ത് വരുത്തി വെച്ചതാ ഈ അസുഖം പോലും

പാവം എന്റെ അച്ഛൻ

അവളുടെ കണ്ണ് നിറഞ്ഞു. ആ നേരം തന്നെ അച്ഛൻ അവിടേക്ക് നോക്കി

“എന്താ?”എന്നൊരു കൈ ആംഗ്യം

“ഒന്നുല്ല “അവൾ ഉറക്കെ വിളിച്ചു പറഞ്ഞു

അച്ഛൻ പിന്നെയും നോക്കുന്നുണ്ട്

അവൾ കൈ വീശി കാണിച്ചു ഒന്നുല്ല..

ചിന്നുവിന്റെ ഉള്ള് അച്ഛന് മനസിലാകുന്നുണ്ടായിരുന്നു

അവളുടെ കണ്ണുകൾ തന്നിലേക്ക് നീളുമ്പോൾ ഹൃദയത്തിൽ ഒരു പിടച്ചിലാണ്

പൊന്നു പോലെ വളർത്തി കൊണ്ട് വന്ന മോളാണ്

നാളെ പടിയിറങ്ങി കഴിഞ്ഞാൽ വേറെ കുടുംബം, അവകാശികൾ.. തങ്ങളിലേക്ക് വരാൻ നേരമില്ലാതാവുമോ തന്റെ മോൾക്ക്?

പക്ഷെ കടന്ന് പോകേണ്ട നേരം തന്നെയാണിത്. വേർപാട് അനിവാര്യം തന്നെ.. അയാൾ കസേരയിലേക്ക് ശരീരം ഇറക്കി വെച്ചു മുഖം തുടച്ചു

വിവാഹം

അച്ഛനെ നോക്കുമ്പോൾ തന്നെ കണ്ണ് നിറഞ്ഞു പോകുന്നത് കൊണ്ട് താലി കെട്ട് കഴിയും വരെ അവൾ ബോധപൂർവം അങ്ങോട്ട് നോക്കിയില്ല

അരുണിന്റെ കൈയിലേക്ക് അവളുടെ കൈ ചേർത്ത് വെയ്ക്കുമ്പോൾ അവൾ ആ മുഖത്തേക്ക് നോക്കി കണ്ണടച്ചു പ്രാർത്ഥിക്കുകയാണ് അച്ഛൻ. ആ കണ്ണിലെ ഒരു തുള്ളി അവളുടെ കയ്യിലേക്ക് ഇറ്റ് വീണു

“അച്ഛാ “അവൾ ഇടറി വിളിച്ചു അച്ഛൻ പെട്ടെന്ന് കണ്ണ് തുറന്നു പുഞ്ചിരിച്ചു

“എന്റെ മോളെ വിഷമിപ്പിക്കരുത്” അരുണിനോടായി മെല്ലെ മന്ത്രിച്ചു

“അരുൺ അച്ഛന്റെ കയ്യിൽ ഒന്നമർത്തി

“ഇല്ല പ്രോമിസ് “

“ഇനി മൂന്ന് പ്രദക്ഷിണം “പൂജാരി ഉറക്കെ പറഞ്ഞപ്പോൾ അവർ നടന്നു തുടങ്ങി

ഭക്ഷണം കഴിക്കുമ്പോൾ അച്ഛന്റെയും അരുണിന്റെയും ഇടയ്ക്കായിരുന്നു അവൾ

പരിപ്പും പപ്പടവും കൂട്ടിയുള്ള ആദ്യത്തെ ഉരുള അവളുടെ വായിൽ വെച്ചു കൊടുത്തു അച്ഛൻ

“ചിന്നൂന് ഏറ്റവും ഇഷ്ടം ഉള്ള കറികളാ പരിപ്പും പപ്പടവും..അതുണ്ടെങ്കിൽ വേറെ ഒന്നും വേണ്ട.. പിന്നെ രാവിലെ ആണെങ്കിൽ ദോശ മതി.. നിർബന്ധം ഒന്നുല്ല അങ്ങനെ.. പാവാ. “

അച്ഛൻ അരുണിനോട് പറഞ്ഞു. പിന്നെ മുണ്ടിന്റെ തുമ്പ് ഉയർത്തി കണ്ണ് തുടച്ചു

അരുണിന്റെ കണ്ണും ഒന്ന് നിറഞ്ഞ പോലെ

ഈ മനുഷ്യൻ സ്നേഹിക്കും പോലെ ഈ ആയുസ്സിൽ തനിക്കു പറ്റുമോ?

അവൻ വെറുതെ ഒന്ന് ആലോചിച്ചു നോക്കി

നോട്ടത്തിൽ, വാക്കുകളിൽ ഉടലിലൂടെ ഓടുന്ന രക്തത്തിൽ പോലും മകൾ മാത്രം ഉള്ള അച്ഛനോളമാകാൻ തനിക് പറ്റുമോ?

ആയുസ്സ് മുഴുവൻ മകൾ എന്ന മന്ത്രത്തിന്റ ശക്തിയിൽ ജീവിക്കുന്ന അച്ഛൻ ആവാൻ ഒരു പക്ഷെ താനും ഒരു അച്ഛനാകുന്ന നാൾ എത്തണം..

കാറിലേക്ക് ചിന്നു കയറാനുള്ള നേരമായി

എല്ലാം നഷ്ടപ്പെട്ടത് പോലെ അച്ഛൻ

അത് വരെ അടക്കിപിടിച്ചതൊക്കെ നിയന്ത്രണം വിട്ട് പോയി

അവൾ ആ നെഞ്ചിൽ വീണ് ആർത്തലച്ചു കരഞ്ഞു. അച്ഛനെ കെട്ടിപിടിച്ചു.. ഇറുകെ… ഇറുകെ

അച്ഛൻ ആ മുഖത്ത് ഒരായിരം ഉമ്മ കൊടുത്തു

എന്റെ പൊന്നുമോൾ…

എന്റെ ജീവൻ

നെഞ്ചു പറിഞ്ഞു പോകുന്ന വേദനയിലും അവളെ അടർത്തി മാറ്റി അരുണിനൊപ്പം കാറിൽ കയറ്റി.

“അച്ഛൻ വിഷമിക്കല്ലേ… ഞങ്ങൾ ഇവിടെ തന്നെ വരും.. ഇങ്ങോട്ട് തന്നെ വരും.. അച്ഛന്റെ ചിന്നു എന്നും അച്ഛന്റെ ഒപ്പം തന്നെ കാണും. ഇതെന്റെ വാക്കാണ്.”അരുൺ അച്ഛന്റെ കയ്യിൽ മുറുകെ പിടിച്ചു ഉറപ്പോടെ പറഞ്ഞു

അച്ഛൻ പുഞ്ചിരിച്ചു

അവന്റെ നിറുകയിൽ തൊട്ടു

“നന്നായി വരും…”

കാർ അകന്ന് പോകുമ്പോൾ പൂർണിമ അയാളുടെ കയ്യിൽ ചേർത്ത് പിടിച്ചു

“കരയാതെ. അവളിങ്ങ് വരില്ലേ?”

അയാൾ ചിരിക്കാൻ ശ്രമിച്ചു

“ഈ നേരവും കടന്നു പോകും “പൂർണിമ വീണ്ടും പറഞ്ഞു. അയാൾക്ക് അത് അറിയാമായിരുന്നു. കടന്ന് പോകാനാണ് പ്രയാസം.. പക്ഷെ കടന്ന് പോയെ പറ്റു

ഹൃദയത്തെ നിയന്ത്രണത്തിലാക്കി അയാൾ പൂർണിമക്ക് ഒപ്പം തിരിച്ചു നടന്നു.

You may also like

Leave a Comment