കൊണ്ടുവന്ന മുതലിനെ തിരിച്ചുകൊണ്ടു ചെന്നില്ലെങ്കിൽ മകനോടെങ്കിലും സമാധാനം പറയേണ്ടി വരും. മകന്റെ ഫോണിൽ വിളിച്ച് ……

by pranayamazha.com
81 views

മറവി

എഴുത്ത്:-രാജീവ് രാധാകൃഷ്ണപണിക്കർ

കെട്ട്യോൾക്കൊരു ആഗ്രഹം.ലുലുമാളിൽ ഷോപ്പിംഗിനു പോയാലോ എന്ന്.

അവളുടെ ആഗ്രഹനിവൃത്തി ഈയുള്ളവന്റെ അവകാശമായതിനാൽ നേരെ അങ്ങോട്ടേക്ക് വച്ചുപിടിച്ചു.

കൈ നിറയെ കണ്ടപത്രാതി സാധനങ്ങളും കാലിയായ പേഴ്‌സുമായി ഷോപ്പിങ്ങും നടത്തി തിരികെ പോരാനിറങ്ങി.

പ്രിയതമയെ വെയ്റ്റിംഗ് ഏരിയായിൽ നിർത്തി ഞാൻ ‘ടാസ്‌കി’ വിളിക്കാൻ പോയി.

പോകുമ്പോൾ തന്നെ മുന്നറിയിപ്പുകിട്ടി.

“നിങ്ങള് എന്നെ മറന്ന്‌ അതുവഴി പോകല്ലേട്ടോ”

കാരണം ഈയിടെയായിമറവി അല്പം കൂടുതൽ ആണ്.കൂടുതലും മറക്കുന്നത് കണ്ണട, പേഴ്‌സ്,.ATM കാർഡ് ഇത്യാദി സാധനങ്ങൾ ആണെന്ന് മാത്രം.ഒന്നു രണ്ടു തവണ കെട്ട്യോളെ മറക്കുവാനും ശ്രമങ്ങൾ നടന്നു.അതാണ് മുന്നറിയിപ്പ് തന്നത്.

ആസമയത്താണ് പഴയൊരു സുഹൃത്തിന്റെ ഫോൺ വരുന്നത്.

ഫോണിൽ സംസാരിച്ചു സംസാരിച്ചു സ്റ്റാൻഡിൽ നിന്നും ഒരു വണ്ടിയും വിളിച്ചു നേരെ വീട്ടിലേക്കു വിട്ടു.

മനസ്സിലപ്പോൾ മാളുമില്ല കേട്ട്യോളുമില്ല.

ഒരഞ്ചാറു കിലോമീറ്റർ പോന്നപ്പോഴാണ് എന്തോ മിസ്സിങ്ങാണല്ലോ എന്ന ചിന്ത ഉദിച്ചത്.

കുറെയേറെ ആലോചിച്ചപ്പോഴാണ് മിസ്സായ സാധനം പിടികിട്ടിയത്.

‘ മ്മടെ കെട്ട്യോൾ തന്നെ ‘

ഫോണെടുത്തു പരതി.പത്ത് മിസ്ഡ് കോൾ.സുഹൃത്തിനൊടുള്ള സംസാരത്തിലായിരുന്നതിനാൽ കോൾ വന്നതറിഞ്ഞില്ല.

തിരിച്ചുവിളിച്ചു .ഫോൺ സ്വിച്ച് ഓഫ്. മനപൂർവ്വമായിരിക്കും.

വണ്ടി നേരെ തിരിച്ചുവിട്ടു.

‘ആട് കിടന്നിടത്ത്‌ പൂടപോലുമില്ല’

സെക്യൂരിറ്റിക്കാരോട് തിരക്കി. അവർ നല്ലപിള്ള ചമഞ്ഞു.

‘ ലേഡീസിനെ നോക്കാറേ ഇല്ലത്രേ ‘

ഇനിയിപ്പോ എന്താ ചെയ്യാ.

കൊണ്ടുവന്ന മുതലിനെ തിരിച്ചുകൊണ്ടു ചെന്നില്ലെങ്കിൽ മകനോടെങ്കിലും സമാധാനം പറയേണ്ടി വരും. മകന്റെ ഫോണിൽ വിളിച്ച് ആൾ അവിടെയെത്തിയോയെന്ന് അറിയാമെന്നു വച്ചപ്പോൾ അതു പരിധിക്കു പുറത്ത്.

പോലീസിൽ പരാതിപ്പെട്ടാലോ എന്നാലോചിച്ചു.പക്‌ഷേ നാണക്കേടാണ്. നാട്ടുകാർ മൊത്തമറിയും.

പിന്നെയൊരു ഭാഗ്യ പരീക്ഷണം എന്ന നിലയിൽ വീട്ടിൽ ചെന്നുനോക്കാം.

എന്തൊക്കെ പ്രശ്‌നമുണ്ടെങ്കിലും എന്നെവിട്ട് പോകില്ല എന്നുറപ്പാണ്.

നേരെ വീട്ടിലേക്കു വിട്ടു.

സിറ്റൗട്ടിൽ ഇളിച്ച മുഖവുമായി മകൻ നില്പുണ്ട്.

വാങ്ങിയ സാധനങ്ങൾ അവിടവിടെ ചിതറിയ രൂപത്തിലും.

മനസ്സിനൊരാശ്വാസമായെങ്കിലും ശങ്ക തീർക്കാനായി ചോദിച്ചു

“എടാ അമ്മ വന്നോ “

ചോദിച്ചതെ ഓർമ്മയുള്ളൂ.

അന്നത്തോടെ ‘മറവിയൊക്കെ മറന്ന് ‘ ഞാൻ മാന്യനായീട്ടോ!

You may also like

Leave a Comment