അവർ
Story written by Ammu Santhosh
ബോട്ടിൽ മറുകരയിലേക്ക് ഏകദേശം ഇരുപത് മിനിറ്റിന്റെ യാത്രയുണ്ട്. ആ യാത്രയിൽ അനഘ എന്നും കാണുന്ന ഒരു കാഴ്ചയുണ്ട് .ഒരു പെൺകുട്ടി, അവൾക്ക് ചുറ്റും കുറച്ചധികം സ്ത്രീകൾ. പെൺകുട്ടി മിക്കവാറും കരയുന്നതും സങ്കടം പറയുന്നതും കാണാം. ചുറ്റിനും കൂടി ഇരിക്കുന്നവർ അവളെ ആശ്വസിപ്പിക്കുന്നുണ്ട്. പെൺകുട്ടി ഒരു പരിധി വരെ സമാധാനപ്പെടുന്നുണ്ട്. ഇത് നിത്യവും കാണാൻ തുടങ്ങിയപ്പോ ഇത്രയും സങ്കടം അവൾക്കെന്താ എന്നാലോചിക്കാൻ തുടങ്ങി അനഘ. അതോ ഇനി സൊല്യൂഷൻ ഇല്ലാത്ത പ്രശ്നം വല്ലോം ആവുമോ അവൾക്ക്? അങ്ങനെ ഒരു പ്രശ്നം ഉണ്ടോ സൊല്യൂഷൻ ഇല്ലാത്തത്.. ഹേയ്..
ഒരു ദിവസം അവൾ വന്നില്ല. ചുറ്റും കൂടി നിൽക്കുമായിരുന്ന സ്ത്രീകളോക്കെ പതിവ് പോലെ വർത്തമാനം പറഞ്ഞു കൊണ്ടിരിപ്പുണ്ട്. അതിലൊരാൾ പറയുന്നു
“ആ പെണ്ണ് എന്താണാവോ ഇന്ന് വരാഞ്ഞത്?”
“അവളുടെ അമ്മായിയമ്മയുടെ പോര് കൊണ്ടായിരിക്കും. അവരീ കൊച്ചിനെ വല്ലോം പറഞ്ഞു കാണും. അത് എവിടെ എങ്കിലും കരഞ്ഞു കൊണ്ടിരിക്കുന്നുണ്ടാകും “
ആരോ മറുപടി പറയുന്നു
” നമുക്ക് അവൾ പറയുന്നതല്ലേ അറിയാവൂ.ചിലപ്പോൾ അമ്മായിയമ്മ പാവമല്ലെന്നു ആര് കണ്ട്? സത്യം പറഞ്ഞാൽ എനിക്കവളെ കണ്ടിട്ട് തോന്നിയത് ഇവൾ വല്ലോം പറഞ്ഞിട്ടാണ് അവർ മറുപടി പറയുന്നതെന്നാണ് “.ഒരു സ്ത്രീ പറഞ്ഞു
കുറച്ചു പേര് ഒരു മൂളലോടെ അത് തല കുലുക്കി സമ്മതിച്ചു
“എന്നാലും ഭർത്താവ് അവളോട് ചെയ്യുന്നത് കഷ്ടമല്ലെ? നല്ലൊരു പെണ്ണ്.കാണാനും നല്ല സുന്ദരി… അനിയന്റെ ഭാര്യയോട് അയാൾക്ക് എങ്ങനെ പ്രേമം തോന്നിയോ ആവോ? ഈ ആണുങ്ങളുടെ ഒരു മനസ്സേ “
കൂട്ടത്തിൽ ഉള്ള മറ്റൊരു സ്ത്രീ
“ഓ എന്നാ ഭംഗിയാണെന്നാ..? കുറച്ചു വെളുത്തിട്ടാ.അത്രേ ഉള്ളു. അനിയത്തി മിടുക്കിയായിരിക്കും. അല്ലെങ്കിലും ഇവളെ ശ്രദ്ധിച്ചിട്ടില്ലേ? ഒരു പിടിപ്പില്ല. എപ്പോഴും കരഞ്ഞു കൊണ്ടിരിക്കുന്ന ഒരു പെണ്ണ്. ആണുങ്ങൾക്ക് കുറച്ചു ചുണ ഉള്ള പെൺപിള്ളേരോടാ ഇഷ്ടം.. ” പറഞ്ഞവളെ അനഘ സൂക്ഷിച്ചു ഒന്ന് നോക്കി
കഴിഞ്ഞ ദിവസം കൂടി ആ കുട്ടിയുടെ മുടിയെ കുറിച്ചും കണ്ണിനെ കുറിച്ചുമൊക്കെ പുകഴ്ത്തി പറഞ്ഞവൾ തന്നേ. അനഘക്ക് ചിരി വന്നു
ഒരാളുടെ അഭാവത്തിൽ അയാളെ കുറ്റം പറയുന്നത് പോലെ നാണം കെട്ട പരിപാടി ലോകത്തു വേറെ കാണില്ല.
വീണ്ടും അവർ അവളുടെ കുറ്റങ്ങൾ പറയുന്നു, പരിഹസിക്കുന്നു, ചിരിക്കുന്നു.
നമ്മുടെ തോൽവികൾ മറ്റുള്ളവർ ആഘോഷിക്കുന്നത് എത്ര ആസ്വദിച്ചിട്ടാണെന്നവൾ ഓർത്ത് പോയി.
നമ്മുടെ ദുഃഖങ്ങൾ ഉള്ളിലൊരു കുഞ്ഞ് സന്തോഷത്തോടെ മുഖത്ത് വ്യാകുലമായ ഒരു ഭാവം വരുത്തി കേൾക്കുന്നവർക്ക് കൊടുക്കണം ഓസ്കാർ. അല്ല അവരെ പറയുന്നതെന്തിനാ നമ്മൾ അവരോടു പറയാൻ പോയിട്ടല്ലേ?
ബോട്ട് മറുകരയിലെത്തി.
അനഘ ബാഗ് തോളിൽ തൂക്കി കരയിലേക്ക് ചാടിയിറങ്ങി.
“കൊച്ചെവിടെയാ ജോലി ചെയ്യുന്നത്?”
ആ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു സ്ത്രീ.
“പോലീസിലാ ” അനഘ നേർത്ത ചിരിയോടെ പറഞ്ഞിട്ട് കാത്ത് കിടക്കുന്ന ബസിലേക്ക് ഓടി കയറി.
പോലീസിലാണ് ജോലി എന്ന് പറയുമ്പോൾ പലരും പിന്നെ അധികം സംസാരിക്കാൻ വരില്ല. അതും നല്ലത് തന്നെ. ആരോടും ഒന്നും പറയണ്ട ഒന്നും കേൾക്കുകയും വേണ്ട.
സ്റ്റേഷനിൽ എത്തുമ്പോൾ അവിടെ ബോട്ടിൽ കാണുന്ന പെൺകുട്ടി. കൂടെയൊരു വൃദ്ധനുമുണ്ട്
അവൾ അവരെയൊന്നു നോക്കിയിട്ട് വേഷം മാറാൻ പോയി
“എന്താ സദാശിവൻ സാറെ കേസ്?”
യൂണിഫോം അണിഞ്ഞു വന്ന് അവൾ എസ് ഐ സദാശിവനോട് ചോദിച്ചു
“ആ കൊച്ചിന്റെ ഭർത്താവ് അനിയന്റെ ഭാര്യയുടെ കൂടെ ഒളിച്ചോടി പോയി “
അവൾ തെല്ല് നേരം മിണ്ടാതെ നിന്നു.എന്നിട്ട് ആ പെൺകുട്ടി യുടെ അടുത്ത് പോയി.
ഒരു ജീവിതത്തിൽ കുടിക്കാവുന്ന കണ്ണീർ മുഴുവൻ കുടിച്ച പോലെ ആ മുഖം.
അമ്പേ തകർന്നു പോയ ഒരു പെണ്ണ്.
“അച്ഛനാണോ?”കൂടെയുള്ള വൃദ്ധനെ നോക്കി അവൾ ചോദിച്ചു
“അല്ല അകന്ന ബന്ധത്തിലുള്ളതാ. ഇവൾക്ക് അങ്ങനെ അച്ഛനുമമ്മയും ഒന്നുമില്ല. ചെറുതിലെ മരിച്ചു പോയി. പിന്നെ ഞങ്ങൾ കുറച്ചു ബന്ധുക്കളാ വളർത്തിയത്. കല്യാണം കഴിപ്പിച്ചു കൊടുത്തപ്പോൾ ബാധ്യത തീർന്നു എന്ന് കരുതി. പക്ഷെ..”
അനഘ വേദനയോടെ ആ പെൺകുട്ടിയുടെ മുഖത്ത് നോക്കി അവൾ ഒരു ബാധ്യത യാണെന്ന്, ആയിരുന്നു എന്ന് അവളുടെ മുന്നിൽ വെച്ചു തന്നെ പറയുകയാണ്. കഷ്ടം
“അമ്മാവന് പോയിട്ട് അത്യാവശ്യം ഉണ്ടൊ?”
അനഘ ചോദിച്ചു
“എന്റെ കുഞ്ഞേ പറമ്പിൽ പണിക്ക് ആൾ നിക്കുവാ.അതിനിടയിലാണിവൾ കരഞ്ഞോണ്ട് വന്നത്.. പിന്നെ കൂടെ വരാതെ പറ്റുമോ?”
“എങ്കിൽ അമ്മാവൻ പൊയ്ക്കോളൂ. ഇവിടെ ഞങ്ങൾ ഒക്കെയുണ്ടല്ലോ. അല്ലെങ്കിലും പരാതി എഴുതി തരണ്ടത് ഇയാൾ ആണ്.. പേരെന്താ?”
അവൾ ആ പെൺകുട്ടിയോട് ചോദിച്ചു
“ജാനകി ” നനഞ്ഞ ശബ്ദം
“ജാനകിക്ക് ഒറ്റയ്ക്ക് നിൽക്കാൻ പേടിയുണ്ടോ?”
ജാനകി കണ്ണുകൾ ഉയർത്തി അനഘയുടെ മുഖത്തേക്ക് നോക്കി. നേർത്ത പുഞ്ചിരി നിറഞ്ഞ മുഖം. അവൾക്ക് ഒരു ആത്മവിശ്വാസം തോന്നി.
ഉച്ചക്ക് അനഘ അവൾക്ക് ഭക്ഷണം വാങ്ങി കൊടുത്തു.
“പരാതി ഇവിടെ നിന്ന് അന്വേഷിച്ചു വിവരം പറയും. എങ്ങോട്ടാ പോകുക? ബന്ധുക്കളുടെ വീട്ടിലേക്കാണോ? അതോ ഭർത്താവിന്റെ വീട്ടിലെക്കോ?”
ജാനകി വിരലുകൾ കോർത്തു പിടിക്കുകയും അഴിക്കുകയും ചെയ്തു.
“ജാനകിക്ക് എന്തിനാ അയാളെ?”
പെട്ടെന്ന് അനഘ ചോദിച്ചു
ജാനകി ഒന്ന് പതറി
“അയാൾ എന്നെങ്കിലും ജാനകിയെ സ്നേഹിച്ചുവോ?”
ജാനകി ഇല്ല എന്ന് തലയാട്ടി
“വെറുതെ എന്തിനാ ഒരുത്തൻ? അയാൾ പൊക്കോട്ടെ “
ജാനകി ശൂന്യമായ കണ്ണുകളോടെ അവളെ നോക്കി
“മറ്റൊരു സ്ത്രീയുടെ വിഴുപ്പ് ചുമക്കാൻ മാത്രം അധഃപതിച്ച ഒരു പെണ്ണാണ് ജാനകി എന്ന് ഞാൻ കരുതുന്നില്ല.. താൻ ഒരു മിടുക്കി പെണ്ണാണ്. വേണ്ട എന്ന് കരുതി കേസ് കൊടുക്കണ്ട എന്നല്ല. അയാൾക്ക് ശിക്ഷ കിട്ടിക്കോട്ടേ.പക്ഷെ താൻ അയാളെ മറന്നേക്ക്. ഇല്ലെങ്കിൽ ഇനിയും കരയും ഒരു പാട്..” ജാനകി ശരിയാണ് എന്ന് തലയാട്ടി
“എനിക്ക് ഒരു ജോലിയുണ്ട് ചേച്ചി. ഒരു ഹോസ്റ്റൽ സൗകര്യം കിട്ടിയാൽ ഞാൻ അങ്ങോട്ട് മാറിയേനെ. പക്ഷെ എനിക്ക് ആരെയും അറിയില്ല “ജാനകി പറഞ്ഞു
അനഘ ചിരിച്ചു
“എന്റെ വീട്ടിൽ ഞാൻ മാത്രമേയുള്ളു. പേയിങ് ഗസ്റ്റ് ആയി കൂടാം. എനിക്ക് ഒരു കൂട്ടുമാകും “
“അപ്പൊ ചേച്ചിയുടെ കുടുംബം”?”
“അവരൊക്കെ എന്റെ കുഞ്ഞിന്നാളിൽ ഒരു ഉരുൾപൊട്ടലിൽ അങ്ങ് ഒലിച്ചു പോയി. പിന്നെ സർക്കാർ ഏറ്റെടുത്തു വളർത്തി. പഠിപ്പിച്ചു ഇപ്പൊ ദേ ജോലിയുമായി.ആരുമില്ലെങ്കിലും നമ്മൾ നമ്മളെ നല്ലോണം അങ്ങ് സ്നേഹിച്ചോണം. അല്ലെങ്കിലും നമ്മളെ ഏറ്റവും അധികം സ്നേഹിക്കാൻ കഴിയുന്നത് നമ്മുക്ക് തന്നെ അല്ലെ? നമ്മുടെ ഇഷ്ടങ്ങൾ, സന്തോഷങ്ങൾ ഒക്കെ നമ്മളെക്കാൾ ആർക്കാ അറിയുക?”
ജാനകി ദീർഘമായ് ഒന്ന് ശ്വസിച്ചു
എത്ര സത്യം ഓരോന്നും
അനഘയുടെ വീട് മനോഹരമായിരുന്നു.
പൂന്തോട്ടമൊക്കെയുള്ള ചെറിയ വീട്
“ചേച്ചിയുടെ സ്വന്തം വീടാണോ?”
“അതെ… ഞാൻ വാങ്ങിയ വീട്..”
“എനിക്കും വേണം ഇത് പോലെ ഒന്ന് “
അവൾ വിടർന്ന കണ്ണുകളോടെ ചുറ്റും നോക്കി
“ജോലിയുണ്ടല്ലോ വാങ്ങാം… പിന്നേ ഒരു കാര്യം, നമ്മുക്ക് നമ്മുടെ സങ്കടങ്ങൾ വലുതായിരിക്കും. ലോകത്തു മറ്റാർക്കും അതങ്ങനെയാവുകയുമില്ല. അത് കൊണ്ട് എപ്പോഴും ചിരിച്ചു സന്തോഷ മായിട്ടിരിക്കുക. മറ്റുള്ളവരോട് വിഷമം പറഞ്ഞവരെ ബോറടിപ്പിക്കരുതെന്ന്…”
ജാനകി ചിരിച്ചു
അനഘ ആ തോളിൽ കൈ വെച്ചു
“നമ്മുടെ സങ്കടം മറ്റുള്ളവർക്ക് ചിരിക്കാനുള്ള വകയാക്കരുത്. മനസിലായൊ?”
“മനസിലായി “
ജാനകി ഉറപ്പോടെ പറഞ്ഞു
പിറ്റേന്ന് പതിവ് പോലെ ബോട്ടിൽ സഞ്ചരിക്കുമ്പോൾ അടുത്ത് കൂടിയ സ്ത്രീകളോട് അവൾ ചിരിച്ചു കൊണ്ട് സംസാരിക്കുന്നത് അനഘ നോക്കിയിരുന്നു. കുറച്ചു സംസാരത്തിന് ശേഷം അവരൊക്കെ വേറെ സീറ്റിൽ പോയിരുന്നു. സങ്കടങ്ങൾ ഒന്നുമില്ലല്ലോ അവർക്ക് കേട്ട് സന്തോഷിക്കാൻ.. അനഘ അവളെ വിളിച്ചടുത്തിരുത്തി. അവർ ഒന്നിച്ച് പുറത്തേക്ക് നോക്കിയിരുന്നു. മറുകര എത്തുന്നത് കാത്ത്.