ഒറ്റയ്ക്കുള്ള ജീവിതം എനിക്കും മടുത്തു.ആർക്കും എന്നെ വേണ്ടാ, ഞാൻ ച.ത്തോ ജീവിച്ചോ എന്ന് പോലും അന്വേഷിക്കാത്ത എന്റെ മക്കളെ കുറിച്ച് ഞാനിനി എന്തിനു ചിന്തിക്കണം…

CREATOR: gd-jpeg v1.0 (using IJG JPEG v62), quality = 90?

കഥ :ഒരാൾ മാത്രം

രചന – അച്ചു വിപിന്‍

എന്റെ അൻപത്തിയൊൻപതാമത്തെ വയസ്സിലാണ് അവളെന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്.

ആദ്യ ഭാര്യ എന്റെ മുപ്പത്താമത്തെ വയസ്സിലാണ് മരിക്കുന്നത്.അവൾ പോയതോടെ ജീവിതത്തിന്റെ നിറങ്ങൾ പലതും മങ്ങിപ്പോയെങ്കിലും, മക്കളുടെ മുഖം നോക്കി ഞാൻ പിന്നെയും ജീവിക്കാൻ പഠിച്ചു.

മറ്റൊരു വിവാഹത്തെക്കുറിച്ച് ഞാൻ ചിന്തിച്ചില്ല.

എന്റെ മക്കളായിരുന്നു എന്റെ ലോകം.

അവരുടെ ബാല്യത്തിന്റെ ഓരോ ചുവടിലും ഞാൻ കൂടെയുണ്ടായിരുന്നു. അവരുടെ സ്കൂൾകാലം, പഠനം, ജോലി, വിവാഹം… ഓരോ ഘട്ടത്തിലും ഒരു അച്ഛനെന്ന നിലയിൽ ചെയ്യേണ്ടതെല്ലാം ഞാൻ ചെയ്തു.

കാലം കടന്നുപോയി.

മക്കൾ വളർന്നു.പഠിച്ചു,ജോലികളായി. വിവാഹം കഴിഞ്ഞു പിന്നെ ഓരോരുത്തരും ഓരോ രാജ്യങ്ങളിലേക്ക് പറന്നു സ്വന്തം കുടുംബങ്ങളുമായി സന്തോഷത്തോടെ ജീവിക്കാൻ തുടങ്ങി.

അവരുടെ സന്തോഷം കാണുമ്പോൾ എന്റെ ഹൃദയം അഭിമാനം കൊണ്ട് നിറയും.

പക്ഷേ ആ സന്തോഷത്തിന്റെ വൃത്തത്തിൽ നിന്ന് ഞാൻ പതിയെ പുറത്തേക്ക് നീങ്ങിപ്പോകുകയായിരുന്നു.

ഒരു ദിവസം തിരിഞ്ഞുനോക്കുമ്പോൾ, ഞാൻ അവർക്കിടയിൽ ഉണ്ടായിരുന്നില്ല.

നാട്ടിലെ വലിയ വീട്ടിൽ ഞാൻ മാത്രം ഒറ്റയ്ക്കായിരുന്നു.

രാവിലെ എഴുന്നേറ്റ് വാതിൽ തുറക്കുമ്പോൾ ആരുമില്ല.

“അച്ഛാ, ചായ കുടിച്ചോ?”

എന്ന് ചോദിക്കാൻ ഒരാളില്ല.

എന്തെങ്കിലും ആവശ്യത്തിന് പുറത്തു പോയി വീട്ടിലെത്തുമ്പോൾ,

“ഇന്നെന്താ ഇത്ര വൈകിയത്?”

എന്ന് ചോദിക്കാൻ പോലും ആരുമില്ല.

വീട്ടിൽ നിറയെ മുറികളുണ്ടായിരുന്നു.

പക്ഷേ ഒന്നിലും എന്റെ ശബ്ദം ഒഴികെ മറ്റൊരു ശബ്ദമുണ്ടായിരുന്നില്ല.

മക്കളെല്ലാം വിദേശത്ത് ഒത്തുകൂടി ഓരോന്ന് ആഘോഷിക്കുന്ന ചിത്രങ്ങൾ ഇടയ്ക്കിടെ ഫോണിൽ വരും.

അവർ എല്ലാവരും ഒരുമിച്ച്.

ചിരിച്ചും,കളിച്ചും,ഭക്ഷണം കഴിച്ചും.

ആ ചിത്രങ്ങൾ നോക്കി ഞാൻ സന്തോഷിക്കും.

പക്ഷേ ഫോൺ താഴെ വെച്ചാൽ ആ വലിയ വീടിന്റെ നിശ്ശബ്ദത വീണ്ടും എന്നെ ചുറ്റിപ്പറ്റും.

ഓണം വരും.

വിഷു വരും.

പിറന്നാളുകൾ വരും.

ഓരോ ആഘോഷത്തിനും ഞാൻ മക്കളെ മാറിമാറി വിളിക്കും.വിളിച്ചിട്ട് ഫോൺ എടുത്തില്ലെങ്കിൽ ഞാൻ അവർക്ക് മെസ്സേജ് അയക്കും പക്ഷെ Iam busy call u later എന്നായിരിക്കും അവരുടെ മറുപടി.

“അച്ഛൻ ഒറ്റയ്ക്കാണല്ലോ…നമുക്ക് അച്ഛനെ അങ്ങോട്ട് കൊണ്ട് പോയാലോ എന്നവർ ഒരിക്കലും ചിന്തിച്ചില്ല.

പക്ഷെ ഞാനോ?

അവരുടെ തിരക്കുകൾ മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.പക്ഷെ അവരെന്നെ ഒരിക്കലും മനസ്സിലാക്കിയില്ല.

ഒരു ദിവസം എന്റെ മനസ്സിൽ ഒരു ചിന്ത വന്നു, ഇങ്ങനെ പോയാൽ പറ്റില്ല എനിക്കും ഒരു കൂട്ടു വേണം.

വാർദ്ധക്യത്തിൽ ഒരാൾക്ക് മറ്റൊരാളുടെ സാമീപ്യം എത്രമാത്രം ആവശ്യമാണെന്ന് ഒറ്റയ്ക്കായപ്പോഴാണ് ഞാൻ തിരിഞ്ഞറിഞത്.

രാവിലെ എഴുന്നേൾക്കുമ്പോൾ,

“എണീറ്റോ എന്ന് ചോദിക്കുന്ന ഒരാൾ.

ഭക്ഷണം കഴിക്കുമ്പോൾ കുറച്ചുകൂടി എടുക്കട്ടേ എന്ന് ചോദിക്കുന്ന ഒരാൾ.

രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ,നാളെ എന്താണ് നമുക്ക് ചെയ്യേണ്ടത്
എന്ന് സംസാരിക്കാൻ ഒരാൾ.

അത്രയേ എനിക്ക് വേണ്ടിയിരുന്നുള്ളൂ…

ഞാൻ മക്കളോട് കാര്യം പറഞ്ഞു.

അവരുടെ മറുപടി കേട്ടപ്പോൾ എന്റെ ഉള്ളൊന്ന് തകർന്നു.

“ഈ വയസാം കാലത്ത് അച്ഛന് തലക്ക് വട്ടാണോ?” എന്നാണവരെന്നോട് ചോദിച്ചത്.

അവർക്ക് പേടി എന്റെ ഏകാന്തതയെക്കുറിച്ചായിരുന്നില്ല.എന്റെ സ്വത്തിനെക്കുറിച്ചായിരുന്നു.അത് വേറൊരാൾക്ക് പോകുന്നതിനെ കുറിച്ചാണ്.

അവരുടെ അച്ഛൻ ഒറ്റയ്ക്കാണോ, വിഷമിച്ചാണോ ജീവിക്കുന്നത് എന്നൊന്നും അവർ ചിന്തിച്ചില്ല.അവർക്ക് വേണ്ടത് എന്റെ വീട്.എന്റെ പറമ്പ്,എന്റെ സമ്പാദ്യം.
അത്ര മാത്രം.

രക്തബന്ധം ഉണ്ടെന്നതുകൊണ്ട് മാത്രം എല്ലാവരും നമ്മുടേതാകണമെന്നില്ല എന്ന സത്യം ആ ദിവസം ഞാൻ ആദ്യമായി മനസ്സിലാക്കി.

എന്റെ വീട്ടിൽ വീട്ടുപണി ചെയ്യാൻ വരുന്ന ഒരു സ്ത്രീയുണ്ടായിരുന്നു.

സരസ്വതി എന്നായിരുന്നു അവളുടെ പേര്
ഒരു സാധുവായ സ്ത്രീ.

അവൾക്കും എന്നെപ്പോലെ
മക്കളുണ്ടായിരുന്നു,ബന്ധുക്കളുണ്ടായിരുന്നു.പക്ഷേ ആരും അവളുടെ കൂടെയുണ്ടായിരുന്നില്ല.അവളുടെ കൈയ്യിൽ നിന്നും എല്ലാം മേടിച്ച ശേഷം മക്കൾ അവളെ കയ്യൊഴിഞ്ഞു അതിനു ശേഷം അകന്ന ഒരു ബന്ധുവിന്റെ വീട്ടിൽ അഭയാർത്ഥിയെ പോലെയവൾ ജീവിക്കുന്നത്.

എന്നും രാവിലെയവൾ വീട്ടിലെത്തുമ്പോൾ വീടിനൊരു ജീവൻ വരുന്നതുപോലെയായിരുന്നു.

അവൾ അടുക്കളയിൽ കയറി എനിക്ക് വേണ്ടി ചായ ഉണ്ടാക്കും.

“രാമൻ കൊച്ചേട്ടാ ചൂടാറും മുന്നേ ചായ കുടിച്ചോട്ടോ എന്നുറക്കെ വിളിച്ചു പറയും.

ഞാൻ കഴിച്ചില്ലെങ്കിൽ നിർബന്ധിച്ചെന്നെ ഭക്ഷണം കഴിപ്പിക്കും.

ഓണം വന്നാൽ അവൾ ബന്ധുവിന്റെ വീട്ടിൽ ഉണ്ടാക്കിയ പായസം എനിക്കും കൂടെ കൊണ്ടുവരും.

“ഇത് കൊച്ചേട്ടനുള്ളതാ എന്ന് പറഞ്ഞെനിക്ക് തരും.

ഞാൻ വിഷമിച്ചിരിക്കുന്ന ദിവസങ്ങളിൽ ഒന്നും ചോദിക്കാതെ എന്റെ അടുത്തു വന്നിരിക്കും.

“എന്തുപറ്റി കൊച്ചേട്ടാ?”എന്ന് ചോദിക്കും.

ഞാൻ ഒന്നും പറയാതെ ഇരുന്നാലും അവൾ എന്റെ അരികിൽ തന്നെ ഇരിക്കും.

ചിലപ്പോഴൊക്കെ ആ നിശ്ശബ്ദത തന്നെയായിരുന്നു എനിക്ക് ഏറ്റവും വലിയ ആശ്വാസം.

ഒരു ദിവസം ഞാൻ അവളോട് ചോദിച്ചു.

“സരസൂ…”

“എന്താ കൊച്ചേട്ടാ?”

“തനിക്കെന്നെക്കുറിച്ച് എന്താണ് തോന്നുന്നത്?”

അവൾ ചിരിച്ചു.

“എന്താ ഇപ്പോൾ ഇങ്ങനെയൊക്കെ ചോദിക്കുന്നത്?”

ഞാൻ അവളെ നോക്കി കുറച്ചുനേരം മിണ്ടാതിരുന്നു.

പിന്നെ പറഞ്ഞു.

തനിക്ക് ഈ കൊച്ചേട്ടാ എന്നുള്ള വിളി സ്ഥിരമാക്കാൻ ആഗ്രഹമുണ്ടോ?

കാര്യം മനസിലാകാതെ അവളെന്നെ മിഴിച്ചു നോക്കി.

“എടോ തനിക്ക് സമ്മതമാണെങ്കിൽ ഞാൻ തന്നെ വിവാഹം കഴിക്കട്ടെ എന്നാണ് ഞാൻ ചോദിച്ചത്” അങ്ങനെ ആണെങ്കിൽ എന്നുമുള്ള ഈ വരവും പോക്കും ഒഴിവാക്കാം.

അവളുടെ മുഖത്തെ ചിരി പെട്ടെന്ന് മാഞ്ഞു.

അവൾ മറുപടി ഒന്നും പറയാതെ എന്നെ തന്നെ നോക്കി നിന്നു.

എടോ നമ്മൾ തമ്മിൽ ഉള്ളയീ വിവാഹം കേവലം “ശാരീരിക സുഖത്തിന് വേണ്ടി മാത്രമാണെന്ന് താൻ കരുതരുത്.”

അവൾ തല താഴ്ത്തി.

“എനിക്ക് ഒറ്റയ്ക്കുള്ള ജീവിതം മടുത്തെടോ.”

എന്റെ ശബ്ദം പതറി.

“എനിക്ക് വേണ്ടി കാത്തിരിക്കാൻ ഒരാളുണ്ടെന്നൊരു തോന്നലെങ്കിലും വേണ്ടെടോ?”

അവൾ പതിയെ എന്റെ മുഖത്തേക്ക് നോക്കി.

“രാവിലെ കണ്ണു തുറക്കുമ്പോൾ ആരെങ്കിലും അടുത്തുണ്ടാകണം.”

വിഷമങ്ങൾ പങ്കു വെക്കാനും, സന്തോഷം പങ്കിടാനും,”എനിക്ക് അസുഖം വന്നാൽ മരുന്ന് തരട്ടെ എന്ന് ചോദിക്കാനും ഒരാൾ.”

ഞാൻ പതിയെ അവളോട്‌ പറഞ്ഞു.

താനും ഒറ്റയ്ക്ക് ഞാനും ഒറ്റയ്ക്ക് ആർക്കും നമ്മളെ വേണ്ടാ..

എനിക്ക് തന്നെ അറിയാം എനിക്ക് തന്നെയും.എന്നാ പിന്നെ ബാക്കിയുള്ള ജീവിതം നമുക്കൊരുമിച്ചങ്ങു ജീവിച്ചുകൂടെടോ ?

അവളുടെ കണ്ണുകൾ നിറഞ്ഞു.

കൊച്ചേട്ടാ…
ആളുകളൊക്കെ എന്ത് പറയും?അവര് കളിയാക്കില്ലേ?

ഞാൻ ചിരിച്ചു.

ഇത്രയും കാലം ആളുകൾ പറഞ്ഞത് കേട്ടാണ് നമ്മൾ ജീവിച്ചത് ഇനി കുറച്ചു കാലമെങ്കിലും നമ്മുടെ മനസ്സ് പറയുന്നത് കേട്ട് ജീവിക്കാം.അതല്ലേ ശരി?

അവൾ ഒന്നും പറഞ്ഞില്ല….

കണ്ണുനീർ തുടച്ചുകൊണ്ടവൾ അടുക്കളയിലേക്ക് നടന്നു.

അന്ന് വൈകുന്നേരം അവൾ പോകുമ്പോൾ വാതിൽക്കൽ നിന്നുകൊണ്ട് പറഞ്ഞു.

“ഞാൻ വീട്ടിൽ പോയിട്ട് ആലോചിച്ചിട്ടൊരു മറുപടി പറയാം കൊച്ചേട്ടാ.”

അതിനു ശേഷം രണ്ടാഴ്ച കഴിഞ്ഞാണ് അവൾ എനിക്കുള്ള മറുപടി തരുന്നത്.

അന്ന് രാവിലെ പതിവുപോലെ അവൾ ചായയുമായി എന്റെ മുന്നിൽ വന്നു.

കപ്പ് മേശപ്പുറത്ത് വെച്ചിട്ട് പറഞ്ഞു.

“കൊച്ചേട്ടാ…”

എന്താടോ?താൻ തീരുമാനം എടുത്തോ?

ഞാൻ പ്രതീക്ഷയോടെ അവളെ നോക്കി.

എനിക്ക് സമ്മതമാണ് കൊച്ചേട്ടാ…
ഒറ്റയ്ക്കുള്ള ജീവിതം എനിക്കും മടുത്തു.ആർക്കും എന്നെ വേണ്ടാ, ഞാൻ ചത്തോ ജീവിച്ചോ എന്ന് പോലും അന്വേഷിക്കാത്ത എന്റെ മക്കളെ കുറിച്ച് ഞാനിനി എന്തിനു ചിന്തിക്കണം?

അവർക്ക് അവരുടെ ജീവിതം എനിക്ക് എന്റെയും.

എന്റെ കണ്ണുകൾ നിറഞ്ഞു.

തൊട്ടടുത്ത ദിവസം തന്നെ ഞാനവളെ വിവാഹം കഴിക്കാൻ തീരുമാനിച്ചു.

ഞങ്ങളുടെ വിവാഹം വളരെ ലളിതമായിരുന്നു.

വലിയ ആഘോഷങ്ങളൊന്നുമില്ല,ക്ഷണിച്ചവരും വളരെ കുറവായിരുന്നു.

മക്കളെ ഞാൻ വിവരം അറിയിച്ചു പക്ഷെ ആരും വന്നില്ല എന്ന് മാത്രമല്ല
അവർ ഫോൺ ചെയ്തെന്നോട് പലതും പറഞ്ഞു.

“അച്ഛാ, ഇതൊന്നും വേണ്ടായിരുന്നു.”

“അച്ഛൻ ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടിയിരുന്നില്ല.”എന്നൊക്കെ

ഞാൻ അതിനൊന്നും മറുപടി പറഞ്ഞില്ല.
കാരണം വർഷങ്ങളായി ഞാൻ അവരുടെ തീരുമാനങ്ങൾ അംഗീകരിച്ചു കൊണ്ടായിരുന്നു ജീവിച്ചത്.

ഇത്തവണ…

എന്റെ ജീവിതത്തെക്കുറിച്ചുള്ള തീരുമാനം ഞാൻ തന്നെയെടുത്തു.

സരസ്വതിക്കണിയാൻ ഞാൻ സാരിയും ആഭരങ്ങളുമൊക്കെ വാങ്ങി നൽകി. അവളെയും കൊണ്ട് ഞാൻ സിനിമയ്ക്ക് പോയി.അവൾക്കിഷ്ടമുള്ള ഭക്ഷണങ്ങൾ ഞാനവളെ നിർബന്ധിച്ചു കഴിപ്പിച്ചു.പലപ്പോഴും
അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു.

ഇത്രയും നാൾ വല്ലവർക്കും വേണ്ടി ജീവിച്ച അവൾ ഇപ്പോഴാണ് സന്തോഷമെന്താണെന്നറിയുന്നത്.

എല്ലാവരും ഉണ്ടായിട്ടും അനാഥരായിരുന്ന രണ്ടുപേർ പരസ്പരം താങ്ങായി മാറിയപ്പോൾ അവരുടെ ജീവിതത്തിൽ വീണ്ടും വസന്തം വന്നതുപോലെയായിരുന്നു.

അങ്ങനെയിരിക്കെ എന്റെ വിവാഹ വാർത്തയറിഞ്ഞ ശേഷം ഇരിക്കപ്പൊറുതി ഇല്ലാതെയായ മക്കൾ വർഷങ്ങൾക്കു ശേഷം നാട്ടിലെത്തി…

പക്ഷെ വീട് പൂട്ടി കിടന്നിരുന്നു…

അവരെന്നെ ഫോണിൽ വിളിച്ചു,
അച്ഛാ ഞങ്ങൾ നാട്ടിലുണ്ട്.
അച്ഛനെവിടെയാ ഹോസ്പിറ്റലിൽ വല്ലോമാണോ?

ഞാൻ ഒന്ന് ചിരിച്ച ശേഷം പറഞ്ഞു,മക്കളെ അച്ഛനിപ്പോ ഡാർജലിംഗിൽ ആണ് ഇവിടെ നിന്ന് നേരെ കുളു മണാലിക്ക് പോവും മൂന്നാഴ്ച കഴിഞ്ഞേ ഞങ്ങളിനി നാട്ടിൽ വരു.

അപ്പൊ ഞങ്ങളിന്ത് ചെയ്യും.എവിടെ പോയി താമസിക്കും?

എന്നോട് പറഞ്ഞിട്ടല്ലാലോ നിങ്ങൾ വന്നത് അതുകൊണ്ട് എന്ത് ചെയ്യണം എന്ന് നിങ്ങൾ എല്ലാവരും പരസ്പരം ആലോചിച്ചു തീരുമാച്ചോളൂ,ഇത്രയും നാളും അങ്ങനെ അല്ലാരുന്നോ പതിവ് ഇനിയും അത് മതി.

റേഞ്ച് ഇല്ലാത്തതിനാൽ അധികം സംസാരിക്കും മുന്നേ ഫോൺ കട്ടായി.

അൽപ നേരം കഴിഞ്ഞപ്പോൾ ഞാൻ സരസ്വതിയുമായി നിൽക്കുന്ന ഒരു സെൽഫി എടുത്തവർക്കയച്ചു കൊടുത്തു,അതിനു താഴെ ഒരു മെസ്സേജും Iam busy, call u later.

പലപ്പോഴും അവർ എനിക്കയച്ചിരുന്ന മെസ്സേജ് ആയിരുന്നുവത്.

അവർക്കതിന്റെ അർത്ഥം മനസ്സിലായോ ഇല്ലയോ എന്നെനിക്കറിയില്ല കാരണം
അവരെന്നെ പിന്നെയും പിന്നെയും വിളിച്ചുകൊണ്ടിരുന്നു.സ്ക്രീനിൽ അവരുടെ പേരുകൾ തെളിഞ്ഞും മാഞ്ഞും കൊണ്ടിരുന്നു.

ഫോൺ എന്റെ കൈയിൽ തന്നെയുണ്ടായിരുന്നുവെങ്കിലും ഞാൻ എടുത്തില്ല കാരണം എന്റെ മുന്നിൽ ജീവിതത്തിൽ ആദ്യമായി മഞ്ഞ് കാണുന്ന സന്തോഷം മുഴുവൻ മനസ്സിൽ നിറച്ച് നിൽക്കുന്ന ഒരു സ്ത്രീയുണ്ടായിരുന്നു.

അവളുടെയാ സന്തോഷം ഫോണിൽ ഒപ്പിയെടുക്കാനായിരുന്നു എനിക്ക് കൂടുതൽ താൽപര്യം.

അങ്ങനെ വർഷങ്ങളോളം മക്കളുടെ സന്തോഷത്തിന് വേണ്ടി ജീവിച്ച ഞാൻ, ആദ്യമായി എന്റെ സന്തോഷത്തിനുവേണ്ടി ഒരു നിമിഷം തിരഞ്ഞെടുത്തു.

സരസ്വതിയുടെ കൈയിൽ ഞാൻ പതിയെ പിടിച്ചു.മഞ്ഞിന്റെ തണുപ്പിനിടയിലും ആ കൈയ്ക്ക് നല്ല ചൂടുണ്ടായിരുന്നു.

അവളെന്നെ നോക്കിയൊന്നു ചിരിച്ചു. അത് കണ്ടപ്പോൾ എനിക്ക് തോന്നി ജീവിതത്തിന്റെ അവസാന കാലത്ത് മനുഷ്യന് ഏറ്റവും ആവശ്യം വലിയ വീടോ വലിയ സമ്പാദ്യമോ അല്ല.

വീട്ടിൽ ചെന്നു വാതിൽ തുറക്കുമ്പോൾ അകത്ത് കാത്തിരിക്കുന്ന ഒരാളെയാണ്.

സ്വന്തം എന്ന് വിളിക്കാൻ കഴിയുന്ന ഒരാൾ.

എന്റെ വരവിനായി കാത്തിരിക്കുന്ന ഒരാൾ.

ഞാൻ വരാൻ വൈകിയാൽ വിഷമിക്കുന്ന ഒരാൾ.

ഞാൻ രോഗിയായാൽ ഉറങ്ങാതെ കാവലിരിക്കുന്ന ഒരാൾ.

ഒടുവിൽ കണ്ണുകൾ അടയ്ക്കുമ്പോഴും,
ഞാൻ ഇവിടെയുണ്ടെന്ന് എന്റെ കൈപിടിച്ച് പറയുന്ന ഒരാൾ ഉള്ളതാണ് വാർദ്ധക്യത്തിലെനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്പത്ത്.

Leave a Reply

Your email address will not be published. Required fields are marked *