കഥ :മോക്ഷം തേടി
രചന :അച്ചു വിപിൻ
സുഖമില്ലാത്ത അച്ഛനൊന്നു പെട്ടെന്ന് മ.രിച്ചു കിട്ടുന്നതിനായി കാശിയിലെ മുക്തി ഭവനിലേക്കുള്ള യാത്രയിലാണ്…
അവിടേയ്ക്ക് പോകാൻ മനസ്സുണ്ടായിട്ടല്ല പക്ഷെ അച്ഛന്റെ ക്ഷീണവും,ഇടയ്ക്കിടെ വരുന്ന അസുഖവും ഒക്കെയായി ആകെ സമാധാനം ഇല്ലാത്ത അവസ്ഥയാണ്. ഒരുപാടു പ്രായമായ അച്ഛന്റെ മരുന്നിനും ചികിത്സയ്ക്കും ആയി ഇപ്പൊ തന്നെ ഒരുപാട് ചിലവഴിച്ചു കഴിഞ്ഞു.ഇനിയിങ്ങനെ പോയാൽ ശരിയാകില്ല എന്ന് മനസ്സിൽ ആലോചിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് അടുത്ത ഒരു സുഹൃത്ത് കാശിയിലുള്ള മുക്തിഭവനെ പറ്റി പറയുന്നത്.
കാശിയിൽ മരണം സംഭവിച്ചാൽ മോക്ഷം ലഭിക്കുമെന്ന വിശ്വാസത്തിന്റെ ഭാഗമായി, ജീവിതത്തിന്റെ അവസാന നാളുകൾ ചെലവഴിക്കാൻ ആളുകൾ താമസിക്കുന്ന ഏറ്റവും പ്രശസ്തമായ സ്ഥലമാണ് മുക്തി ഭവനെന്നും അവിടെ കൊണ്ടുപോയാൽ നിനക്കും സമാധാനവും ,അച്ഛനു മോക്ഷവും കിട്ടും എന്നായിരുന്നു അവന്റെ വാക്കുകൾ.
അങ്ങനെ ഒരു ദിവസം ഞാൻ അച്ഛനെയും കൂട്ടി ട്രെയിനിൽ കയറി.
ജനാലക്കരികിൽ ഇരുന്ന അച്ഛൻ പുറത്തേക്ക് നോക്കുകയായിരുന്നു. മുഖത്ത് ക്ഷീണമുണ്ടായിരുന്നു, പക്ഷേ കണ്ണുകളിൽ സമാധാനവും
“എവിടേക്കാ നമ്മൾ പോകുന്നത് മോനെ?” അച്ഛൻ എന്നോട് ചോദിച്ചു.
“കാശിയിലേക്ക്…”
“എന്റെ മഹാദേവാ….കാശിയിലേക്കോ??
എത്ര കാലമായി ഞാൻ ആഗ്രഹിക്കുന്ന യാത്രയാ.”
അച്ഛന്റെ മുഖത്ത് വിരിഞ്ഞ സന്തോഷം കണ്ടപ്പോൾ എന്തോ ഒരു കുത്ത് മനസ്സിൽ തോന്നി. പക്ഷേ ഞാൻ അതിനെ അവഗണിച്ചു.
യാത്ര മുഴുവൻ അച്ഛൻ പഴയ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരുന്നു.
ഞാൻ കുഞ്ഞായിരുന്നപ്പോൾ പനിപിടിച്ച് ആശുപത്രിയിൽ കിടന്നത്…
സ്കൂൾ ഫീസടയ്ക്കാൻ അമ്മയുടെ വള വിറ്റത്…
എനിക്കിഷ്ടമുള്ള സൈക്കിൾ വാങ്ങിത്തരാൻ രാത്രിയോളം ഓട്ടോ ഓടിച്ചത്…
ഞാൻ കേൾക്കുന്നുണ്ടായിരുന്നു.പക്ഷേ എന്നിൽ നിന്നുമുള്ള മറുപടികൾ കുറവായിരുന്നു.
ഏറെ നേരത്തെ യാത്രക്ക് ശേഷം വാരണാസിയിലെ സ്റ്റേഷനിൽ ഇറങ്ങി അവിടെ നിന്ന് കാറ് പിടിച്ചു മുക്തി ഭവന്റെ കവാടം കടന്ന് അകത്തേക്ക് കയറിയപ്പോൾ ഞാൻ പ്രതീക്ഷിച്ചിരുന്നത് മരണത്തിന്റെ ഭയപ്പെടുത്തുന്ന നിശബ്ദതയായിരുന്നു…..
പക്ഷേ അവിടെ ഞാൻ കണ്ടത് മറ്റൊന്നായിരുന്നു.
ചെറിയ മുറികൾ.വെള്ള നിറത്തിലുള്ള ചുവരുകൾ.പഴക്കം ചെന്ന ഫാനുകൾ…അത് വളരെ പതുക്കെ കറങ്ങുന്നു. ഇടനാഴികളിലൂടെ മരണം കാത്തു കിടക്കുന്നവർക്ക് വേണ്ടി പ്രാർത്ഥന ചൊല്ലാൻ വേണ്ടി പ്രത്യേക സന്യാസിമാർ….
ഞങ്ങൾക്കായി നൽകിയ മുറിയിൽ ഞാൻ അച്ഛനെ കൊണ്ടുപോയിരുത്തി…
വല്ലാത്ത ക്ഷീണം മോനെ മോനെ അച്ഛൻ ഒന്ന് കിടക്കട്ടെ….
മ്മ്… ഞാൻ തലയാട്ടി….
അച്ഛൻ ഉറങ്ങി എന്ന് കണ്ടതും ടേബിളിൽ ഇരുന്ന ബാഗെടുത്തു ഞാൻ പുറത്തേക്കിറങ്ങിയതും ഒരുമിച്ചായിരുന്നു.
പുറകിലേക്ക് തിരിഞ്ഞു നോക്കാതെ വേഗത്തിൽ നടക്കുമ്പോഴാണ് ഒരു മുറിയുടെ വാതിൽ പാതി തുറന്നുകിടക്കുന്നത് കണ്ടത് ഞാൻ അതിലേക്ക് വെറുതെ എത്തി നോക്കി.
അകത്തൊരു വൃദ്ധൻ ജനാലയിലൂടെ പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു. അയാളുടെ കയ്യിൽ ഒരു പഴയ ഫോട്ടോ ഉണ്ടായിരുന്നു.ഒരുപക്ഷേ ഭാര്യയുടേതോ മക്കളുടേതോ ആയിരിക്കും. ഇടയ്ക്കിടെ ആ ചിത്രത്തിലേക്ക് നോക്കി അയാൾ ചിരിക്കുന്നുണ്ടായിരുന്നു.
മറ്റൊരു മുറിയിൽ ഒരമ്മുമ്മ ജപമാല ഉരുട്ടിക്കൊണ്ട് കണ്ണുകൾ അടച്ച് പ്രാർത്ഥിക്കുന്നു.
അവരുടെ അടുത്താരുമില്ല.
പക്ഷേ അവർ ഒറ്റയ്ക്കല്ലായിരുന്നു.
ഓർമ്മകൾ അവർക്കൊപ്പം ഉണ്ടായിരുന്നു.
ഇടനാഴിയുടെ അറ്റത്ത് ഒരച്ഛൻ കിടക്കയിൽ കിടക്കുകയായിരുന്നു.അയാളുടെ അരികിലിരുന്ന യുവാവ് കൈ പിടിച്ചാ മനുഷ്യനോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
“അച്ഛാ… ഞാൻ ഇവിടെയുണ്ട്.”പേടിക്കണ്ട എന്നൊക്കെ….
ആ മനുഷ്യൻ കേൾക്കുന്നുണ്ടായിരുന്നോ എന്നറിയില്ല.
പക്ഷേ മകന്റെ ശബ്ദത്തിൽ സ്നേഹമുണ്ടായിരുന്നു.
അവിടെ എത്തിയ എല്ലാവരും മരണത്തെ കാത്തിരിക്കുകയായിരുന്നു.
എന്നാൽ അവരിൽ പലരും യഥാർത്ഥത്തിൽ കാത്തിരുന്നത് മരണത്തെയല്ലന്നെനിക്ക് തോന്നി.
ഒരു ഫോൺകോൾ…
ഒരു സന്ദർശനം…
മകന്റെ സാന്ത്വനം….
മകളുടെ “അച്ഛാ…”എന്നൊരു വാക്ക്…
അതൊക്കെയായിരുന്നു.
എന്നെ കണ്ടതും അവിടെ ജോലി ചെയ്യുന്ന ഒരാൾ എന്നോട് പറഞ്ഞു:
“ഇവിടെ വരുന്ന പലർക്കും മരണത്തെ പേടിയില്ല സാർ…പക്ഷേ സ്വന്തം ആളുകൾ മറന്നുപോയി എന്ന തോന്നലാണ് അവരെ കൂടുതൽ വേദനിപ്പിക്കുന്നത്.”ഇവിടെ കിടന്നു മരിച്ചാൽ മോക്ഷം കിട്ടുമെന്ന് പറയുന്നു പക്ഷെ സ്വന്തം മക്കളുടെ അടുത്ത് കിടന്നു സമാധാനത്തോടെ മരിക്കുന്നതും ഇവിടെ കിടന്നാരുമില്ലാതെ മരിക്കുന്നതും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്.
ഇവിടെ വരുന്ന മിക്കവരും പെട്ടെന്ന് തന്നെ മരിക്കും അത് സ്വന്തം മക്കൾ ഉപേക്ഷിച്ചു പോയല്ലോ എന്ന വേദനയിൽ ചങ്കു പൊട്ടി മരിക്കുന്നതാണ്.
ആ വാക്കുകൾ കേട്ടപ്പോൾ ഞാൻ ചുറ്റും നോക്കി.
ചില കണ്ണുകൾ വാതിലിലേക്കായിരുന്നു.
ആരോ വരുമെന്ന പ്രതീക്ഷയിൽ.
ചില കണ്ണുകൾ ആകാശത്തേക്കായിരുന്നു.
ആരോ വിളിക്കുമെന്ന പ്രതീക്ഷയിൽ.
ചില കണ്ണുകളിൽ പ്രതീക്ഷ പോലും ഇല്ലായിരുന്നു.
വെറും കാത്തിരിപ്പ് മാത്രം…
അച്ഛൻ……
പെട്ടെന്നെന്തോ ഓർമ വന്നതെന്നോണം ഞാൻ തിരിഞ്ഞു നടന്നു..
മുറിയിൽ ചെല്ലുമ്പോൾ അച്ഛൻ കട്ടിലിൽ എഴുന്നേറ്റിരിക്കുന്നുണ്ടായിരുന്നു..ആകെ വിയർത്തു വല്ലാത്ത ഒരവസ്ഥയിൽ ആയിരുന്നച്ഛൻ…
അച്ഛനും തുറന്നിട്ട ആ വാതിലിലേക്കാണ് നോക്കിയിരുന്നത്.എന്നെ കണ്ടതും അച്ഛനൊന്നു സമാധാനത്തോടെ നെടുവീർപ്പിട്ടു…
അന്നേരം ഞാൻ ചിന്തിച്ചു…
ഇപ്പോ ഞാനിവിടെ നിന്നും തിരിച്ചു പോയാൽ,നാളെ ഈ വാതിലിലേക്ക് നോക്കി കാത്തിരിക്കുന്ന മറ്റൊരു മുഖമായി എന്റെ അച്ഛനും മാറില്ലേ?
ആ നിമിഷം മുക്തി ഭവൻ എനിക്ക് വെറുമൊരു കെട്ടിടമായി തോന്നിയില്ല.
ജീവിതം മുഴുവൻ മറ്റുള്ളവർക്ക് വേണ്ടി ജീവിച്ച ആളുകൾ, അവസാനമായി ഒരു സ്നേഹസ്പർശം തേടി കാത്തിരിക്കുന്ന ഒരു നിശബ്ദ ലോകമായിട്ടാണ് തോന്നിയത്.
ചിന്തകൾ അങ്ങനെ കാട് കയറുന്നതിനിടയിലാണ് അച്ഛനെന്നെ വിളിക്കുന്നത്.
“മോനെ…”
“എന്താ അച്ഛാ?”
നീ പോയില്ലേ?
എങ്ങോട്ടാ അച്ഛാ????
“നീ എന്നെയിവിടെ ഉപേക്ഷിക്കാൻ കൊണ്ടുവന്നതാണെന്നെനിക്കറിയാം.”
അച്ഛനതിൽ വിഷമം ഒന്നുമില്ല.വയസ്സാകുമ്പോൾ മക്കൾക്ക് ചിലർ ഭാരമാകാറുണ്ട്, അതുപോലെ നിനക്കും എന്നെക്കൊണ്ട് ബുദ്ധിമുട്ടുണ്ടായിട്ടുണ്ടാകും.”
പക്ഷേ ഒരു കാര്യം മാത്രം ഓർക്കണം മോനെ…”
അച്ഛൻ എന്റെ കൈയിൽ മുറുകെ പിടിച്ചു.
“മാതാപിതാക്കൾക്ക് കിട്ടുന്ന ഏറ്റവും വലിയ മോക്ഷം കാശിയിൽ കിടന്നു മരിക്കുന്നതല്ല, സ്വന്തം മക്കളുടെ മനസ്സിൽ നിന്ന് പുറത്താക്കപ്പെടാതിരിക്കുന്നതാണ്.”
നീ എന്നെ വെറുക്കരുത് മോനെ… ഞാൻ മരിച്ചു കഴിഞ്ഞാൽ നീയെനിക്ക് വേണ്ടി ആണ്ടുബലിയിടണം കർമങ്ങൾ ചെയ്യണം.
ആ വാക്കുകൾ എന്റെ ഉള്ളം കീറി മുറിച്ചു.
മോനിനി അധികം ഇവിടെ നിക്കണ്ട പൊയ്ക്കോ.പക്ഷെ പോകുന്നതിനു മുന്നേ അച്ഛനെ കെട്ടിപ്പിടിച്ചൊരുമ്മ തരോടാ….എന്തോ എനിക്ക് നിന്നെ കെട്ടിപ്പിടിക്കാൻ തോന്നുന്നു…
അച്ഛന്റെ അവസാനത്തെ ആഗ്രഹം…
അച്ഛാ…..
ഞാൻ കരയാൻ തുടങ്ങി.
വർഷങ്ങളായി മനസ്സിൽ അടിഞ്ഞുകൂടിയ എന്റെ സ്വാർത്ഥതയും കണക്കുകൂട്ടലുകളും ആ കണ്ണീരിൽ ഒലിച്ചുപോയി.
അന്ന് രാത്രി ഞാൻ മുക്തി ഭവനിലെ മുറിയിൽ അച്ഛനൊപ്പം തന്നെ കിടന്നു.
ഉറങ്ങിക്കിടന്ന അച്ഛന്റെ ചുളിവുകൾ വീണ മുഖത്തേക്ക് നോക്കിക്കൊണ്ടി രിക്കുമ്പോൾ ഒരു സത്യം ഞാൻ മനസ്സിലായി.
എന്റെ ജീവിതത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം ഒരു കാലത്തീ മനുഷ്യന്റെ തോളായിരുന്നു.
ഞാൻ പേടിച്ചപ്പോൾ ചേർത്ത് പിടിച്ചതും, ഞാൻ വീണപ്പോൾ എടുത്തുയർത്തിയതും, ഞാൻ തോറ്റപ്പോൾ കൂടെ നിന്നതും ഈ മനുഷ്യനാണ്.
പിന്നെങ്ങനെ അദ്ദേഹത്തിന്റെ അവസാന കാലത്ത് ഞാൻ മാറിനിൽക്കും?
പിറ്റേന്ന് രാവിലെ തന്നെ നാട്ടിലേക്കുള്ള ടിക്കറ്റെടുത്തു….
പോകാനായി പുറപ്പെടാൻ നേരം മുക്തി ഭവനിലെ ആളുകൾ അച്ഛന് വേണ്ടിയുള്ള മരണ പ്രാത്ഥന ചൊല്ലുന്നതിനു വേണ്ടി സന്യാസിമാരെയും കൊണ്ട് വന്നു….
ഇനി ഇതിന്റെ ആവശ്യം ഇല്ലാ, അച്ഛന് പകരം എനിക്ക് മോക്ഷം കിട്ടിയിരിക്കുന്നു.
“എന്താ മോനെ?” അച്ഛൻ അത്ഭുതത്തോടെ എന്നോട് ചോദിച്ചു.
ഞാൻ അച്ഛന്റെ കൈ പിടിച്ചു.
“വീട്ടിലേക്ക് പോകാം അച്ഛാ.”അതിനു മുന്നേ നമുക്ക് ഗംഗയിയിലൊന്ന് കുളിച്ച ശേഷം ഭഗവാനെ ഒന്നു പോയി കാണാം.
അപ്പൊ ഞാനിവിടെ നിൽക്കണ്ടേ മോനെ??….
എന്തിന് ????
“മോക്ഷം കിട്ടേണ്ടത് അച്ഛനല്ലല്ലോ സ്വന്തം അച്ഛനെ ഭാരമായി കണ്ട എന്റെ മനസ്സിനല്ലേ??
അച്ഛന്റെ കണ്ണുകൾ നിറഞ്ഞു.
ആ നിമിഷം കാശിയിലെ ക്ഷേത്രമണികളുടെ ശബ്ദത്തേക്കാൾ വിശുദ്ധമായി എനിക്ക് തോന്നിയത് ആ വയസ്സായ മനുഷ്യന്റെ നിശബ്ദമായ കണ്ണീരായിരുന്നു.❤️
NB:കൈ പിടിച്ച് നടക്കാൻ പഠിപ്പിച്ച മാതാപിതാക്കളെ ഒരുദിവസം കൈവിടാതിരിക്കുക എന്നതാണ് മക്കളുടെ കടമ കാരണം മരണത്തെക്കാൾ അവരെ വേദനിപ്പിക്കുന്നത് ഏകാന്തതയും രോഗത്തെക്കാൾ തളർത്തുന്നത് മക്കളാൽ മറക്കപ്പെട്ടുവെന്ന തോന്നലുമാണ്.
