കഥ :താമസിക്കാനൊരു വീട്
രചന: അച്ചു വിപിൻ
എത്രയും പെട്ടെന്നീ വീടൊന്നൊഴിഞ്ഞു തരണം,ഞാനീ വീട് വിൽക്കാൻ പോകുവാ.”
വീട്ടുടമയുടെ ആ വാക്കുകൾ കേട്ടപ്പോൾ ഞാനൊരു നിമിഷത്തേക്ക് എന്ത് പറയണമെന്നറിയാതെ നിന്നു
എത്രയും പെട്ടെന്നെന്ന് പറഞ്ഞാൽ എന്നത്തേക്കാ?”
ഒരു രണ്ടാഴ്ചക്കുള്ളിൽ ഒഴിഞ്ഞാൽ മതി.തൽക്കാലം അത്രയും സമയമേ തരാൻ പറ്റു.അയാൾ മറുപടി പറഞ്ഞു.
രണ്ടാഴ്ച…
അയാൾക്കത് വെറുമൊരു സമയപരിധിയായിരിക്കാം.പക്ഷേ എനിക്കത് ഏട്ടു മാസത്തെ ഈ വീട്ടിലെ ജീവിതം ഒരു പെട്ടിയിലാക്കി അടയ്ക്കാനുള്ള സമയമായിരുന്നു.
ഈ വീട്ടിലേക്ക് വന്ന ശേഷം വാടക കൃത്യമായി കൊടുക്കാൻ കഴിയാതെ വന്ന മാസങ്ങൾ ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ മറ്റുള്ളവരോട് കടം വാങ്ങിയും എന്തെങ്കിലും മാറ്റിവെച്ചുമൊക്കെയാണ് വാടക കൊടുത്തിരുന്നത്.
കാരണം കൃത്യമായി വാടക കൊടുകൊടുത്തില്ലേൽ ഈ വീട് നഷ്ടപ്പെടുമെന്ന പേടി എനിക്കുണ്ടായിരുന്നു.ജോലിക്ക് പോകാനും വരാനും പോകാനുമൊക്കെ ഇവിടുന്നു എളുപ്പം ആയിരിന്നു. ഇനി ബസ് സൗകര്യം ഒക്കെ നോക്കി വേറൊന്നു കണ്ട് പിടിക്കണം.
“അച്ചാ… നമ്മളിനി എവിടേക്കാ പോകുന്നത്?”
മോളത് ചോദിച്ചപ്പോൾ എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല.
“വേറെൊരു വീട് നോക്കാം മോളേ…”
എന്ന് മാത്രം ഞാൻ അവളോട് പറഞ്ഞു.
അപ്പോഴാണ് ഭാര്യ എന്റെ അടുത്തേക്ക് വന്ന് പതുക്കെ പറഞ്ഞത്.
“സ്വന്തമായി ഒരു വീട് ഉണ്ടായിരുന്നെങ്കിൽ… ഒരാളും നമ്മളോടിങ്ങനെ ഇറങ്ങിപ്പോകാൻ പറയില്ലായിരുന്നു അല്ലേ ഏട്ടാ?”
ആ വാക്ക് കേട്ടപ്പോൾ എന്തോയെന്റെ ഉള്ളിൽ തട്ടി.
“ശരിയാടീ…”
ഞാൻ അവളുടെ ചുമലിൽ കൈവെച്ചു.
“വാടകക്കാരനാണെന്ന ഒരൊറ്റ കാരണത്താൽ,എത്ര വർഷം താമസിച്ചാലും ഒരു ദിവസം കൊണ്ട് നമ്മളാ വീട്ടിൽ അന്യരായി മാറും.”അത് സത്യമാണ്.
അവൾ ഒന്നും പറഞ്ഞില്ല.
വീടിന്റെ ചുമരുകളിലേക്ക് നോക്കി നിന്നു.
“ഇനി ഇവിടുന്നെല്ലാം കെട്ടിപ്പൊതിഞ്ഞ് പോകേണ്ടി വരുമല്ലോ എന്നോർക്കുമ്പഴാ…”
അവളുടെ ശബ്ദത്തിൽ സങ്കടമുണ്ടായിരുന്നു.
ഈ വീട്ടിലേക്ക് വന്നിട്ട് വെറും എട്ടു മാസമേ ആയിട്ടുള്ളൂ,ഒരു വർഷത്തെ കോൺട്രാക്ട് ഉണ്ടായിരുന്നല്ലോ അതുകൊണ്ട് ഒരു വർഷമെങ്കിലും ഇവിടെ കഴിയാമെന്നൊരു ഉറപ്പിലായിന്നില്ലേ നമ്മൾ ഇങ്ങോട്ട് വന്നത് .
അതൊക്കെ ശരിയാടി പക്ഷെ വീട്
അയാളുടേതല്ലേ?നമ്മൾ വാടകയ്ക്ക് താമസിക്കുന്നവരും.
അയാൾക്ക് സ്വന്തം ആവശ്യം വന്നപ്പോൾ വീട് തിരിച്ചു ചോദിച്ചാൽ നമ്മടെ സെന്റിമെന്റ്സ് പറഞ്ഞു നമ്മളതിൽ പിടിച്ചുനിൽക്കുന്നത് ശരിയല്ലല്ലോ…
ഒഴിഞ്ഞു കൊടുക്കണം അതാണ് മര്യാദ.
നിനക്ക് വിഷമം ഉണ്ടെന്നെനിക്കറിയാം ആ വിഷമം മനസ്സിലാക്കാൻ മറ്റൊരാൾക്ക് എളുപ്പവുമല്ലന്നുമറിയാം കാരണം വീടുമാറ്റം എന്നത് ഒരു വാടകക്കാരനെ സംബന്ധിച്ച് വെറും സാധനങ്ങൾ പാക്ക് ചെയ്ത് മറ്റൊരു വീട്ടിലേക്ക് പോകുന്നതല്ലല്ലോ,വീണ്ടും അഡ്വാൻസ് കണ്ടെത്തണം,വീണ്ടും പുതിയൊരു വീട് അന്വേഷിക്കണം,വീണ്ടും സാധനങ്ങൾ മാറ്റണം,പുതിയ സ്ഥലവുമായി പൊരുത്തപ്പെടണം,അയൽക്കാരെ പരിചയപ്പെടണം.കുട്ടികളുടെ കാര്യങ്ങൾ നോക്കണം.
ഹാ!!ഇനി അതൊക്കെ പറഞ്ഞിട്ട് കാര്യമില്ല. നമുക്കെ ന്തേലും വഴി നോക്കാം.ഞാനവളെ സമാധാനിപ്പിച്ചു.
പിറ്റേ ദിവസം കുറഞ്ഞ വാടകയ്ക്ക് വേറെ വീട് വല്ലോം കിട്ടുമോന്നറിയാൻ വേണ്ടി ഞാൻ ബ്രോക്കറേ പോയി കണ്ടു.
അയാളെന്നെ കണ്ടപ്പോൾ എന്നോട് പറഞ്ഞു,നിങ്ങളുടെ വീടിന്റെ ഓണർ ശരിക്കുമാ വീട് വിൽക്കാനൊന്നും പോകുന്നില്ല അതൊക്കെ അയാളുടെ സൂത്രമാണ്.അയാൾക്ക് കുറച്ചു ബംഗാളികളെ കിട്ടിയിട്ടുണ്ട് അവരാവുമ്പോൾ ആളൊന്നിനു രണ്ടായിരം വെച്ചു വാങ്ങാല്ലോ.
നിങ്ങളെ പറഞ്ഞു വിട്ട ശേഷം വാടക കൂട്ടാൻ ആണ് മൂപ്പരുടെ ഉദ്ദേശം.ഇട്ടു മൂടാനുള്ള കാശുണ്ട് കിളവന്,എന്നിട്ടും ആർത്തിയാണ്.
അയാളുടെ വീടല്ലേ ചേട്ടാ, അയാൾ അയാൾക്കിഷ്ടമുള്ള പോലെ ചെയ്താൽ നമുക്കതിനെ തെറ്റ് പറയാൻ പറ്റോ?
തൽക്കാലം ചേട്ടൻ എനിക്കൊരു വീടൊപ്പിച്ചു താ.ഞാൻ നെടുവീർപ്പിട്ടു.
താൻ വിഷമിക്കണ്ടടോ,ഇവിടെ അടുത്ത് തന്നെ നാലായിരം രൂപയ്ക്ക് ഒരു വീടുണ്ട്. മുകളിലത്തെ നിലയാണ് താഴെ വയസായ ഒരു അച്ഛൻ മാത്രെ ഉള്ളു.പുള്ളിക്ക് ഒറ്റക്ക് താമസിക്കാൻ ഉള്ള ബുദ്ധിമുട്ടുകൊണ്ടാണ് അല്ലാണ്ട് കാശിനാവശ്യം ഉള്ളോണ്ടൊന്നുമല്ല.
തത്കാലം താൻ എനിക്ക് കമ്മീഷൻ ഒന്നും തരണ്ട.ഇപ്പൊ എന്റെ കൂടെയൊന്നു വന്നാൽ ഞാൻ വീട് കാണിച്ചു തരാം.
അയാൾ പറഞ്ഞതു പ്രകാരം ഞാൻ പോയാ വീട് കണ്ടു,അതത്യാവശ്യം നല്ലൊരു വീടായിരുന്നു.
അങ്ങനെ ഞങ്ങൾ മറ്റൊരു വീട്ടിലേക്ക് മാറാനുള്ള തയാറെടുപ്പുകൾ തുടങ്ങി.
ഇവിടേക്ക് കൊണ്ടുവന്ന സാധനങ്ങൾ ഓരോന്നായി വീണ്ടും പാക്ക് ചെയ്യാൻ തുടങ്ങി.എട്ട് മാസം മുമ്പ് ഇതേ സാധനങ്ങൾ ഓരോന്നായി അഴിച്ച്,ഓരോന്നിനും ഓരോ സ്ഥാനം കണ്ടെത്തിയതാണ്.ഇന്നതേ സാധനങ്ങൾ വീണ്ടും പെട്ടികളിലേക്ക് മടങ്ങുകയാണ്.
ഒരു വീട് വിട്ടുപോകുമ്പോൾ നമ്മൾ സാധനങ്ങൾ മാത്രമല്ല കെട്ടിപ്പൊതിയുന്നത്.
ചില ഓർമ്മകളും…
ചില ചിരികളും…
ചില സങ്കടങ്ങളും…
ചില സ്വപ്നങ്ങളും കൂടി പെട്ടിയിലാക്കിയാണ് നമ്മൾ കൊണ്ടുപോകുന്നത്.
സ്വന്തമായി വീടില്ലാത്തവരുടെ ജീവിതം ചിലപ്പോൾ ഇങ്ങനെയാണ്,എത്ര സ്നേഹത്തോടെ താമസിച്ചാലും, എത്ര വൃത്തിയായി സൂക്ഷിച്ചാലും, ഒരു ദിവസം എല്ലാം കെട്ടിപ്പൊതിഞ്ഞ് പോകേണ്ടി വരും.
എത്ര സ്നേഹത്തോടെ താമസിച്ചാലും…
എത്ര വൃത്തിയായി സൂക്ഷിച്ചാലും…
എത്ര വർഷം അവിടെ ജീവിച്ചാലും…
ഒരു ദിവസം നമ്മൾ ആ വീട്ടിൽ നിന്നും ഇറങ്ങണം. നമ്മൾ നമ്മുടെ ജീവിതം മുഴുവൻ വീണ്ടും ചുമലിലേറ്റി ഇറങ്ങണം.
സങ്കടമുണ്ട്…
പക്ഷേ പരാതിയില്ല.
കാരണം വീട് അയാളുടേതാണ്.
അയാൾക്ക് സ്വന്തം ആവശ്യം വന്നപ്പോൾ തിരിച്ചു ചോദിച്ചാൽ, നമ്മുടെ സെന്റിമെന്റുകൾ പറഞ്ഞവിടെ പിടിച്ചുനിൽക്കുന്നത് ശരിയല്ല.
ഒഴിഞ്ഞുകൊടുക്കണം.
അതാണ് മര്യാദ.
ഒരു സാധാരണക്കാരന് സ്വന്തം വീടെന്നത് വെറും നാല് ചുവരുകളല്ല.ആരും നാളെ വന്നിറങ്ങിപോകാൻ പറയില്ലെന്നൊരുറപ്പാണ്.ധൈര്യമാണ്.
ലോകത്ത് ഏറ്റവും കൂടുതൽ വീടുകളിൽ താമസിക്കുന്നത് വീട്ടുടമകളല്ല വാടകക്കാരാണെന്ന് ചിലപ്പോൾ എനിക്ക് തോന്നാറുണ്ട്.
സ്വന്തം വീടെന്ന സ്വപ്നം മനസ്സിൽ സൂക്ഷിച്ചുകൊണ്ട്, മറ്റൊരാളുടെ വീട്ടിൽ ജീവിതം പണിയുന്നവരാണവർ.
അവർ ചുമരുകൾക്ക് നിറം കൊടുക്കും…
മുറ്റത്ത് ചെടികൾ നട്ടുവളർത്തും…
കുട്ടികളുടെ വളർച്ചയുടെ അടയാളങ്ങൾ ചുമരുകളിൽ അവശേഷിപ്പിക്കും…
അങ്ങനെ പതുക്കെ…
അവരുടേതല്ലാത്ത ഒരു വീട് അവരുടെ ജീവിതത്തിന്റെ ഭാഗമായി മാറും.
പക്ഷേ ആ വീടിന്റെ താക്കോൽ അവരുടെ കൈയിലുണ്ടായാലും,അവകാശം അവരുടെ കൈയിലായിരിക്കില്ല.
ഒരു ദിവസം വീടിന്റെ ഉടമ വന്ന്,
“ഒഴിഞ്ഞു തരൂ…”
എന്ന് പറഞ്ഞാൽ,
അത്രയും നാൾ അവിടെ നെയ്തെടുത്ത ജീവിതം വീണ്ടും പെട്ടികളിലാക്കി ഇറങ്ങിപ്പോകേണ്ടവരാണവർ..
ഇതാണ് വാടകക്കാരന്റെ ജീവിതം.
അവകാശമില്ലാത്തിടത്ത് ആത്മാവ് ചേർത്ത് ജീവിക്കുന്നവരുടെ ജീവിതം.
എങ്കിലും അവർക്കും സ്വപ്നങ്ങളുണ്ട്.
ഒരുനാൾ സ്വന്തമായി ഒരു വീടുണ്ടാകുമെന്ന സ്വപ്നം.
ആരും വന്ന് “ഒഴിഞ്ഞു തരൂ” എന്ന് പറയാത്തൊരു വീട്….
വാടക കൊടുക്കാനുള്ള അവസാന തീയതിയെക്കുറിച്ചോർത്തു പേടിക്കേണ്ടാത്തൊരു വീട്.
വീണ്ടും പെട്ടികൾ കെട്ടിപ്പൊതിയേണ്ടി വരില്ലെന്നൊരുറപ്പുള്ളൊരു വീട്.
കാരണം…
സ്വന്തം വീട് എന്നത് താമസിക്കാനുള്ള ഒരിടം മാത്രമല്ല നാളെ ഇവിടെ നിന്നിറങ്ങേണ്ടി വരില്ലെന്ന സമാധാനമാണ്.
അതിനാലാണ്,സ്വന്തമായി ഒരു ചെറിയ വീട് എന്ന സ്വപ്നം വാടകവീട്ടിൽ കഴിയുന്ന പലരുടെയും ഏറ്റവും വലിയ സ്വപ്നമായി മാറുന്നത്.
ആ സ്വപ്നത്തിലേക്കുള്ള യാത്രയിലാണ് ഞാൻ.ഒരിക്കൽ എന്റെ ജീവിതവും എന്റെ സ്വന്തം വീട്ടിൽ വേരുറപ്പിക്കും
