ഉള്ളത് പറയാമല്ലോ, അമ്മായിയമ്മക്കൊപ്പം സമാധാനത്തോടെയാ വീട്ടിൽ കഴിയാമെന്നുള്ള വിശ്വാസമൊന്നും എനിക്കില്ലായിരുന്നു.ഇത്രനാൾ അവരുടേതുമാത്രമായ ആ വീട്ടിലേക്ക് പുതുതായി ഞാൻ കൂടി വന്നതല്ലേ……

Story written by Anju Thankachan

ഞങ്ങളുടെ വിവാഹം കഴിഞ്ഞ് രണ്ടാമത്തെ ആഴ്ച്ച ഭർത്താവ് വിദേശത്തേക്കു പോയി.

അതുകൊണ്ട് വീട്ടിൽ ഞാനും ഭർത്താവിന്റെ അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ….

ഉള്ളത് പറയാമല്ലോ, അമ്മായിയമ്മക്കൊപ്പം സമാധാനത്തോടെയാ വീട്ടിൽ കഴിയാമെന്നുള്ള വിശ്വാസമൊന്നും എനിക്കില്ലായിരുന്നു.

ഇത്രനാൾ അവരുടേതുമാത്രമായ ആ വീട്ടിലേക്ക് പുതുതായി ഞാൻ കൂടി വന്നതല്ലേ, അതിന്റെയൊരു ബുദ്ധിമുട്ടുണ്ടായേക്കാമെന്ന് ഞാൻ കരുതി.

അത്തരം ചിന്തകളൊക്കെ ഉള്ളിൽ തോന്നിയത് കൊണ്ട് മനസ്സിലകാരണമായ
ഒരു ഭയമുടലെടുത്തിരുന്നു.

എന്നാൽ ഞാൻ വിചാരിച്ചതുപോലെയൊന്നുമായിരുന്നില്ല.സ്വന്തം മകളായി കണ്ട് എന്നെ പൂർണമായും സ്നേഹിച്ച വ്യക്തിയായിരുന്നു അമ്മ

രാവിലെ തന്നെ ഞാനും അമ്മയും കൂടി വീട്ടിലെ പണികളൊക്കെ ഒതുക്കും. ഞാൻ ജോലിക്ക് പോകാൻ റെഡിയാകുമ്പോഴേക്കും അമ്മ എനിക്കുള്ള ഭക്ഷണം ടിഫിൻ ബോക്സിൽ എടുത്ത് ബാഗിൽ വച്ച്‌ തരും . പോകും മുമ്പ് നിർബന്ധമായി ഒരു ഗ്ലാസ്സ് വെള്ളംഎന്നെ കുടിപ്പിക്കും.

അമ്മക്ക് പെൻഷൻ കാശ് കിട്ടുമ്പോഴെല്ലാം എനിക്കായി എന്തെങ്കിലുമൊക്കെ വാങ്ങി വയ്ക്കും. ശരിക്കും എന്നെ ഒരു മകളെ പോലെ തന്നെയാണ് കാണുന്നത്.

എന്റെ പെറ്റമ്മയിൽ നിന്നും, അച്ഛനിൽ നിന്നും എനിക്ക് കിട്ടുന്ന അതേ സ്നേഹം, ഒരുപക്ഷേ അതിലും അല്പംകൂടെ കൂടിയ അളവിലാണ് ഭർത്താവിന്റെയമ്മ എനിക്ക് നൽകുന്നത്.

ഭർത്താവ് ഇടയ്ക്ക് ലീവിന് വരുമ്പോൾ, ഞങ്ങൾ മൂന്നുപേരും കൂടി വീടും അടച്ചിട്ടിട്ട് എവിടേക്കെങ്കിലും യാത്ര പോകും.

വിവാഹശേഷം സ്വാതന്ത്ര്യവും, സന്തോഷവും സമാധാനവും പോയി എന്ന് മിക്ക സ്ത്രീകളും പറയുന്ന കേൾക്കുമ്പോൾ, സുഖകരമായ സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം ലഭിച്ചതിൽ ഞാൻ ദൈവത്തോട് നന്ദി പറയുമായിരുന്നു.

ഇതിനിടയിൽ രണ്ടാമത്തെ കൊല്ലം അദ്ദേഹം ലീവിന് വന്ന സമയത്ത് ഞാൻ പ്രഗ്നന്റ് ആയി .

ആ സമയത്തൊക്കെ എന്നെ പൊന്നുപോലെയാണ് അമ്മ കരുതിയത്. എന്റെ വീട്ടിൽ നിന്നും അച്ഛനും അമ്മയും വരുമ്പോൾ പറയും, നീ ഭാഗ്യവതിയാണെന്ന്, ഇതുപോലെ ഒരമ്മയെ നിനക്ക് കിട്ടിയല്ലോ എന്ന്.

എന്റെ ഡെലിവറി സമയത്ത് ഭർത്താവ് നാട്ടിലുണ്ടായിരുന്നു. ഞങ്ങളുടെ പെൺകുഞ്ഞിനെ അദ്ദേഹത്തിന്റെ കൈകളിലേക്ക് വെച്ചുകൊടുത്ത ആ നിമിഷമായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനം നിറഞ്ഞ ദിവസം.

കുഞ്ഞു ജനിച്ച്‌ നാലാമത്തെ ദിവസം അദ്ദേഹത്തിന് മടങ്ങി പോകേണ്ടിവന്നു.

ഡെലിവറി കഴിഞ്ഞ് സാധാരണ പെൺകുട്ടികളെ പോലെ ഞാൻ എന്റെ വീട്ടിലേക്കായിരുന്നില്ല പോയത്. ഭർത്താവിന്റെ വീട്ടിലേക്കായിരുന്നു.

ഞാൻ എന്റെ വീട്ടിലേക്ക് പോയാൽ അവിടെ അമ്മ തനിച്ചാകുമല്ലോ എന്ന് കരുതിയാണ് ഞാൻ അങ്ങോട്ട് പോയത്.

ഭർത്താവിന്റെ അമ്മ എന്നെ നന്നായി ശുശ്രൂഷിച്ചു. കുഞ്ഞിനെ പൊന്നുപോലെ നോക്കി. വീട്ടിൽ നിന്നും അമ്മയും ഒരുമാസത്തോളം അവിടെ വന്ന് നിന്നു ഞങ്ങളെ നോക്കി. അതു കൊണ്ടുതന്നെ പോസ്റ്റ് പാർട്ടം ഡിപ്രഷൻ എന്ന അവസ്ഥയിലേക്കൊന്നും ഞാൻ പോയില്ല.

കുഞ്ഞിന് ആറുമാസമായപ്പോഴേക്കും കുഞ്ഞിനെ അവളുടെ അച്ഛമ്മയെ ഏൽപ്പിച്ച്‌ ഞാൻ വീണ്ടും ജോലിക്ക് പോയി തുടങ്ങി.

മോളും കൂടി ജനിച്ചതോടെ ജീവിതത്തിന് ഒരർത്ഥം വന്നത് പോലെ എനിക്ക് തോന്നി.

കുഞ്ഞിന് നാല് വയസ്സായപ്പോഴേക്കും. അദ്ദേഹം വിദേശത്തെ ജോലി മതിയാക്കി നാട്ടിൽ തന്നെ ചെറിയൊരു ബിസിനസ് സംരംഭം ആരംഭിച്ചു.

സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒന്നുമില്ലാതെ വളരെ ശാന്തമായിട്ടായിരുന്നു ഞങ്ങളുടെ കുടുംബം മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നത്.

അങ്ങനെയിരിക്കെയാണ് ഭർത്താവിന്റെ അമ്മയുടെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ കണ്ടു തുടങ്ങിയത്.

പരസ്പരവിരുദ്ധമായ സംസാരവും വീട്ടിൽ നിന്നും ഇറങ്ങിപ്പോക്കും തുടങ്ങി. ചിലപ്പോഴൊക്കെ ഒന്നും മിണ്ടാതെ മുറിയിൽ അങ്ങനെ ഇരിക്കും.

ആ മനസ്സിന്റെ താളം തെറ്റുകയാണോ എന്ന് പോലും ഞങ്ങൾക്ക് തോന്നിപ്പോയി.

അമ്മയെ വേദനിപ്പിക്കുന്ന തരത്തിൽ ഒരു വാക്ക് പോലും അവിടെ ആരും സംസാരിച്ചിട്ട് പോലുമില്ല. അമ്മയെ ഏറെ കരുതലോടെയാണ് ഞാനും ഭർത്താവും കൊണ്ട് നടക്കുന്നത്. എന്നിട്ടും അമ്മയ്ക്ക് എന്താണിങ്ങനെയെന്നൊക്കെ കരുതി ഞങ്ങൾക്കാകെ വിഷമമായിരുന്നു.

പക്ഷേ പതിയെപ്പതിയെ ഞങ്ങൾക്ക് മനസ്സിലായി അമ്മയെ ബാധിച്ചിരിക്കുന്നത് മറവിരോഗ മാണെന്ന്. ചികിത്സകൊണ്ട് മാറ്റാൻ ഒക്കുകയില്ലെന്ന് ഡോക്ടർ പറഞ്ഞതോടുകൂടി ഞങ്ങളാകെ തകർന്നു പോയി.

ആദ്യമാദ്യം എനിക്ക് സഹിക്കാൻ കഴിയാത്ത സങ്കടം തോന്നുമായിരുന്നു. എത്രയാഴത്തിൽ സ്നേഹം പകർന്നു തന്ന അമ്മയാണ്,ഇപ്പോൾ ഓർമ്മയൊക്കെ നഷ്ടപ്പെട്ടിങ്ങനെ…

ഇത്രനാൾ എന്നെ പൊന്നുപോലെ നോക്കിയ ആളല്ലേ. ഇനിയങ്ങോട്ട് എന്റെ സഹായം അമ്മയ്ക്ക് ആവശ്യമാണെന്ന് എനിക്കറിയാം.

ഇപ്പോൾ എന്റെ മകളെ പോലെ തന്നെയാണ് ഞാൻ അമ്മയേയും കരുതുന്നത്. അമ്മയെ ഒറ്റക്ക് വീട്ടിൽ ആക്കാൻ കഴിയാത്തതുകൊണ്ട് ഞാൻ ജോലി വേണ്ടെന്നു വച്ചിരിക്കുകയാണ്.

അതെ, ഞാനിപ്പോൾ ഒരു നാല് വയസ്സുകാരിയുടെയും, എഴുപത് വയസ്സുകാരിയുടെയും അമ്മയാണ്….

എനിക്ക് ആവശ്യത്തിലധികം സ്നേഹവും പരിഗണനയും ആ അമ്മ നൽകിയത്, ഒരുപക്ഷെ അവർക്ക് ആവശ്യമായ സന്ദർഭങ്ങളിൽ ഞാൻ അത് തിരികെ നൽകുമെന്നുള്ള കാലത്തിന്റെ കണക്കുകൂട്ടൽ കൊണ്ട് കൂടിയാവണം.

എനിക്കുറപ്പാണ് പ്രകൃതിക്ക് എല്ലാത്തിനും ഒരു നിയമമുണ്ട്. മനുഷ്യർക്ക് മുൻകൂട്ടി കണ്ടുപിടിക്കാനാവാത്ത നേരിന്റെ മാത്രം നിയമം…

💚💚💚💚💚

Leave a Reply

Your email address will not be published. Required fields are marked *