Story written by Anju Thankachan
ഈ അച്ഛനെക്കൊണ്ട് ഞാൻ മടുത്തു, നാ.ശം..മനുഷ്യനെ നാണം കെടുത്താൻ വേണ്ടി മാത്രം ഇരിക്കുകയാണ്. രാഹുൽ ദേഷ്യം കൊണ്ടലറി.
എന്താടാ…എന്താ പ്രശ്നം? അമ്മ രാഹുലിന്റെ അടുത്തേക്ക് വന്നു..
എന്റെ അമ്മേ….ഇങ്ങേർക്കീ വയസ്സാം കാലത്ത് വീട്ടിലെങ്ങാനും അടങ്ങിയൊതുങ്ങി ഇരുന്നു കൂടെ…
അച്ഛനെ വെറുതെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കാതെ നീ കാര്യം പറയടാ…
ഓഹ്…അമ്മക്ക് അല്ലെങ്കിലും കെട്ടിയോൻ എന്ത് ചെയ്താലും ഒരു ചേതവുമില്ലല്ലോ…
ഒന്ന് പതുക്കെ പറ. അച്ഛനെങ്ങാനും കേട്ടോണ്ട് വരും…
കേൾക്കട്ടെ… കേൾക്കാൻ വേണ്ടി തന്നെയാ പറയുന്നത്….രാഹുൽ വിറഞ്ഞു തുള്ളി…
അതിനും മാത്രം എന്താടാ ഉണ്ടായത്.? അച്ഛൻ ആർക്കും ഒരു ദ്രോഹവും ചെയ്യുന്ന മനുഷ്യനല്ല,അന്നുമതെ… ഇന്നുമതെ….
അമ്മ ഒറ്റയൊരാളാണ് അച്ഛനെ ഇങ്ങനെ വഷളാക്കുന്നത്
നീ ഇതുവരെ കാര്യം പറഞ്ഞില്ലല്ലോ…??
അമ്മേ… ഞാൻ രാവിലെ ഓഫീസിൽ പോകുമ്പോൾ, അച്ഛനാ മാർക്കറ്റിന്റെ അടുത്തുള്ള കലിങ്കിൽ, വഴിയേ പോകുന്ന മനുഷ്യരെയെല്ലാം വായിൽ നോക്കിയങ്ങനെ ഇരിപ്പുണ്ടാകും
ഞാൻ തിരിച്ചു വരുമ്പോഴും കാണാം അവിടെ ഇരിക്കുന്നത്..
എന്റെ സുഹൃത്തുക്കളൊക്കെ ചോദിച്ചു തുടങ്ങി, നിന്റെയച്ഛനെയവിടെ പശ വെച്ച് ഒട്ടിച്ചു വച്ചിരിക്കുകയാണോയെന്ന്. ഒന്നോ രണ്ടോ ദിവസമാണെങ്കിൽ വേണ്ടില്ല. എല്ലാ ദിവസവും ഇത് തന്നെ പണി…
ഇന്നലെ എന്റെ മോൻ സ്കൂളിൽ നിന്നും വന്നപ്പോൾ ചോദിക്കുവാ… മുത്തശ്ശനെന്താ ഇപ്പോഴും അവിടെ പോയിരിക്കുന്നതെന്ന്.. അവൻ ഹൈസ്കൂളിൽ പഠിക്കുന്ന കുട്ടിയാ അവനു വരെ നാണക്കേടുണ്ടാക്കുവാ…
വയസ്സായാൽ ഒന്ന് ഒതുങ്ങിക്കൂടെ… മടുത്തു ഞാൻ. സഹിക്കെട്ടാൽ വല്ലയിടത്തും കൊണ്ട് ചെന്നാക്കും ഞാൻ…
വീട്ടിലേക്ക് കയറി വരികയായിരുന്ന അച്ഛൻ അതെല്ലാം കേട്ട് തലകുനിച്ചു….
ഓഹ്… വന്നോ…?? എന്തേ… നാട്ടുകാരാരെങ്കിലും ത.ല്ലിയോടിച്ചതാണോ…?? രാഹുൽ ചോദിച്ചു.
എടാ… ചെറുക്കാ… പറഞ്ഞ് പറഞ്ഞ്നീയെങ്ങോട്ടായീ കയറി പോകുന്നത്?? അത് നിന്റെ അച്ഛനാ….
അമ്മ രാഹുലിനോട് ദേഷ്യപ്പെട്ടു…
അച്ഛൻ… എന്നെക്കൊണ്ട് പറ്റില്ല ഇനിയുമച്ഛനെ നോക്കാൻ…
ഓഹോ…അവിടെ വരെയെത്തിയോ മോനേ നിന്റെ ചിന്തകൾ.?? അമ്മ വിഷമത്തോടെ ചോദിച്ചു
അതേയ്…സ്നേഹം കൊടുത്താലേ അത് തിരിച്ചു കിട്ടൂ…അച്ഛനെനിക്ക് ഒരിക്കലും സ്നേഹം തന്നിട്ടില്ല. അതുകൊണ്ട് തിരിച്ചത് പ്രതീക്ഷിക്കുകയും വേണ്ട…രാഹുൽ പറഞ്ഞു.
അച്ഛൻ പൂമുഖത്തെ കസേരയിലേക്ക് തളർന്നിരുന്നു…
എടാ……ആ മനുഷ്യൻ, ഇവിടെ സ്നേഹവും പ്രകടിപ്പിച്ചു കൊണ്ടിരുന്നാൽ നിന്റെയൊക്കെ വയർ വിശന്നേനെ…. നമ്മളൊക്കെ മൂന്നുനേരവും വിശപ്പാറ്റിയത്, ആ മനുഷ്യൻ രാപ്പകലില്ലാതെ കൂലിപ്പണി എടുത്തത് കൊണ്ടാണ്.
മഴയോ, മഞ്ഞോ, വെയിലോ വകവയ്ക്കാതെ ആ മനുഷ്യൻ പണിക്കുപോയതുകൊണ്ടാണ്, നീയൊക്കെ പഠിച്ചത്, അതുകൊണ്ടാണ്നി ങ്ങൾക്കൊക്കെ ഇപ്പോൾ AC റൂമിലിരുന്ന് ജോലി നോക്കാൻ പറ്റുന്നത്.
ഓഹ്…എന്തുപറഞ്ഞാലും, വളർത്തിയതിന്റെയും ചെലവ് തന്നതിന്റെയുമൊക്കെ കണക്ക് പറഞ്ഞാൽ മതിയല്ലോ. ഞാൻ പറഞ്ഞായിരുന്നോ എന്നെ ജനിപ്പിക്കാൻ.?? രാഹുൽ ചോദിച്ചു.
ഇല്ല മോനേ… നീ പറഞ്ഞില്ല… പക്ഷെ ഞാൻ പറഞ്ഞു… ആദ്യം രണ്ടു പെൺകുട്ടികൾ പിറന്നപ്പോൾ നിന്റെ അച്ഛൻ പറഞ്ഞതാ, നമുക്കിവർമാത്രം മതിയെന്ന്. പക്ഷേ ഞാൻ പറഞ്ഞു എനിക്കൊരു മോനേ കൂടി വേണമെന്ന്.. വേറെ ഒന്നിനുമല്ല, നീ ഞങ്ങളെ നോക്കുമെന്ന പ്രതീക്ഷയോടെ പറഞ്ഞതുമല്ല. എന്റെ ഭർത്താവിനെ പോലെയുള്ള ഒരു കുഞ്ഞിന് ജന്മം കൊടുക്കണമെന്നുള്ള വെറുമൊരു മോഹം.. അത്രേ ഉള്ളൂ… രൂപം കൊണ്ട് നീ അച്ഛൻ തന്നെയാ… പക്ഷെ സ്വഭാവം കൊണ്ട് നീ മറ്റാരോ ആയിപ്പോയി…
നിന്നെ കിട്ടിയപ്പോൾ അച്ഛനെന്ത് സന്തോഷമായിരുന്നു എന്നറിയാമോ…
പക്ഷെ,മക്കളെയൊന്നും കൊതി തീരെ കൊഞ്ചിക്കാനോ, സ്നേഹം പ്രകടിപ്പിക്കാനോ ഒന്നും അച്ഛന് സമയം കിട്ടിയില്ലടാ…
കാരണം, നിങ്ങൾ ഉണരും മുമ്പ് അച്ഛൻ പണിക്കിറങ്ങും… പണിയൊക്കെ കഴിഞ്ഞ് വൈകുന്നേരം നേരെ പോകുന്നത് കണിയാട്ടെ ദിവാകരൻ ചേട്ടന്റെ വീട്ടിലേക്കാ… അവിടെ രാത്രിയിൽ പാക്ക് പൊളിക്കാൻ പോകും… അന്ന് കുറേ പണിക്കാർ ഉണ്ട്. വലിയ പന്തം കത്തിച്ചു വച്ചിട്ട് അതിന്റെ ചുറ്റിലും ഇരുന്ന് പാക്ക് പൊളിക്കും. അദ്ദേഹം പണിയും കഴിഞ്ഞ് വന്ന് കിടക്കുമ്പോൾ ചിലപ്പോൾ 12 മണി ഒരു മണിയൊക്കെയാകും.
വെട്ടം വയ്ക്കും മുമ്പ് എഴുന്നേറ്റ് പോവുകയും ചെയ്യും.അമ്മയുടെ മിഴികൾ നിറഞ്ഞു.
മോനേ… ഇപ്പോഴാടാ അച്ഛൻ വെറുതെ ഇരിക്കുന്നത്. അച്ഛന്റെ പഴയ കൂട്ടുകാരിൽ പലരും ഈ ഭൂമി വിട്ടുപോയി. ഇനി അവശേഷിക്കുന്നത് കുറച്ച് പേരെ ഉള്ളൂ…
ഇപ്പോഴാണ് അച്ഛൻ, ഈ നാട് കൺ നിറയെ കാണുന്നത്…. മനുഷ്യരെയും, മണ്ണിനെയുമൊക്കെ കണ്ടിരിക്കാൻ പോലുമുള്ള സ്വാതന്ത്രം അച്ഛനില്ലേ…??
അച്ഛൻ, കൂട്ടുകാരോടൊപ്പം ഒന്ന് പുറത്തുപോയി അവിടെ ഇരിക്കുന്നതിൽ നിനക്കെന്താ ഇത്ര ബുദ്ധിമുട്ട്…??
രാവിലെ കുറച്ചു നേരം പോയി അവിടെ ഇരിക്കും, വെയിലുറക്കുന്നതിന് മുൻപ് വീട്ടിൽ വരികയും ചെയ്യും.വൈകുന്നേരവും പോകും. അച്ഛൻ അച്ഛന്റെ ഇഷ്ടത്തിന് ജീവിക്കും. അതിന് തടയിടാൻ നിങ്ങൾ നോക്കണ്ട.
അദ്ദേഹത്തിന്റെ ഭാര്യയായ എനിക്ക് അതിലൊന്നും ഒരു കുഴപ്പവുമില്ല… മക്കൾക്കായി ജീവിച്ച അവസാനത്തെ തലമുറയാണ് ഞങ്ങൾ.
അമ്മേ ഞാൻ അത്രയ്ക്കൊന്നും ഓർത്തില്ല. പെട്ടന്ന് ദേഷ്യത്തിൽ പറഞ്ഞു പോയതാ…
രാഹുലിന്റെ തല കുനിഞ്ഞു.
മോനേ….. നിങ്ങളുടെ ചിന്തകളൊക്കെ പുതിയതാണ്… പക്ഷെ നിങ്ങളുടെ ചിന്തകൾ ഞങ്ങളെപ്പോലുള്ള മനുഷ്യരിൽ അടിച്ചേൽപ്പിക്കാൻ നോക്കല്ലേ… ഇനി അവശേഷിക്കുന്ന കുറച്ച് വർഷങ്ങളെങ്കിലും ഞങ്ങളെ വെറുതെ വിട്…..
ഭാര്യയുടെ വാക്കുകൾ കേട്ട് പൂമുഖത്തിരുന്ന ആ മനുഷ്യന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…..
ഇത്ര നാൾ, അവൾ തന്റെ നിഴലായിരുന്നു. താൻ പറയുന്നതായിരുന്നു അവളുടെ വേദവാക്യം…
ഇന്നിപ്പോൾ ആ നിഴൽ തനിക്കായി സംസാരിക്കുകയാണ്…..
അല്ലെങ്കിലും ഒരു കാലഘട്ടമെത്തുമ്പോൾ കൈപിടിച്ച് കൂടെ കൂടിയവർ മാത്രേ ഒപ്പമുണ്ടാകൂ….
