Story written by Anju Thankachan
ഇണയെ ആകർഷിക്കണമെങ്കിൽ എന്തുമാത്രം പാടുപെട്ടാലാണ് ഞങ്ങൾ ആണുങ്ങൾക്ക്..
അതിപ്പോൾ മാനായാലും, മയിലായാലും, മനുഷ്യനായാലും ഒരേപോലെതന്നെ…
ലോകത്തില്ലാത്ത തരം ജാഡയെടുക്കാൻ ഈ പെണ്ണുങ്ങളെ കൊണ്ടുമാത്രമേ കഴിയൂ..
ഞാൻ അജയ്, എനിക്കൊരു ഭാര്യയുണ്ട്. ശ്രീരേഖ, മുപ്പത്തിനാല് വയസ്സ്
ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് അവൾ ബെഡ്റൂമിന്റെ വാതിലടച്ചു കളയും. അതാണ് കുഴപ്പം
ഞാൻ പിന്നെ അപ്പുറത്തെ ബെഡ്റൂമിൽ പോയി കിടക്കേണ്ടതായി വരും.
ഒരു അ.വി.ഹി.തത്തിനുള്ള എല്ലാ സ്കോപ്പും എന്റെ ജീവിതത്തിലുണ്ട്.
പക്ഷേ അവൾ എന്റെ ശ്രീരേഖ, അവളെന്റെ ജീവനാണ് കേട്ടോ. അതവൾക്കുമറിയാം അതുകൊണ്ടുതന്നെയാണ് പലതും അവളെനിക്ക് നിഷേധിക്കുന്നതെന്ന് എനിക്ക് തോന്നാറുണ്ട്.
ഈ പെണ്ണുങ്ങളെന്താണ്, ഒരിത്തിരി പിണക്കം തോന്നിയാൽ അപ്പോഴേ കി.ട.പ്പറ നിഷേധിക്കുന്ന തെന്ന്, എനിക്കെന്നുമുള്ള സംശയമാണ്. എന്റെ പല സുഹൃത്തുക്കളും ഇതേ അഭിപ്രായം പറഞ്ഞിട്ടുമുണ്ട്.
ഞാൻ അവളുടെ പിന്നാലെ നടക്കുമെന്ന് അറിയാവുന്നത് കൊണ്ട് തന്നെയാണ് അവൾ ഇത്രയും വലിയ ജാഡ ഇട്ട് നിൽക്കുന്നത് എനിക്ക് തോന്നുന്നുണ്ട്.
എന്തൊക്കെയാണെന്ന് പറഞ്ഞാലും എന്റെ ജീവിതം അവളെ ചുറ്റിപ്പറ്റിയാണ്.
ഇന്നിപ്പോ സിനിമയ്ക്ക് പോകാമെന്ന് അവൾ പറഞ്ഞിരുന്നു , ഇപ്പോഴത്തെ സിനിമകൾ കണ്ടിരിക്കാൻ എന്നെ കൊണ്ടാവില്ല.വല്ലാത്ത അസഹ്യത തോന്നും. അതുകൊണ്ടുതന്നെ ഞാൻ സിനിമയ്ക്ക് പോയിട്ട് വർഷങ്ങൾ കഴിഞ്ഞു.
ഇടയ്ക്കവളും കൂട്ടുകാരികളും ചേർന്നു പോകാറുണ്ട്. ഞാൻ തടയാറുമില്ല. ആരുടേയും സ്വാതന്ത്ര്യം ഹനിക്കുന്നയാളേയല്ല ഞാൻ.
എന്നാലും ഞാൻ കൊണ്ട് പോയില്ല എന്നും പറഞ്ഞാണ് ഇന്നത്തെ പിണക്കം.
അലോസരം നിറഞ്ഞ ഇപ്പോഴത്തെ സിനിമകൾ എങ്ങനെ കണ്ടിരിക്കും.?? പഴയ കാലത്തിനും പുതിയ കാലത്തിനുംഇടയിൽ പെട്ടുപോയ മുപ്പത്തിയെട്ടുകാരനായ ഞാൻ നല്ല സിനിമകൾ കണ്ട് വളർന്നയാളാണ്. ആ എനിക്ക് ഈ പുതിയ കാലത്തെ ഒരു കഥയുമില്ലാത്ത കഥകൾ കണ്ടിരിക്കാൻ വയ്യ…
ശ്രീരേഖയും ഞാനും ഇഷ്ട്ടങ്ങളുടെ കാര്യത്തിൽ രണ്ടുതരമാണ്.
അടിപൊളി പാട്ടുകളാണ് ശ്രീരേഖക്കിഷ്ട്ടം. അതും ചെവിയടച്ചു പോകുന്ന ശബ്ദത്തിൽ വയ്ക്കണം.
എനിക്കാണെങ്കിൽ മെലഡിയാണ് ഇഷ്ട്ടം. ചിലപ്പോഴൊക്കെ തീർത്തും നിശബ്ദതയിൽ വിരഹഗാനങ്ങൾ നേർത്ത ശബ്ദത്തിൽ കേട്ട് ഞാൻ കണ്ണുനീർ ഒഴുക്കും.
എനിക്ക് ചൂടുള്ള ഭക്ഷണമാണ് ഇഷ്ട്ടം അവൾക്ക് തണുത്തതും . എനിക്ക് ദേഷ്യം വല്ലപ്പോഴുമേ വരൂ. വന്നാൽ പിന്നെ പ്രശ്നമാണ്താനും. അവൾക്ക് എപ്പോഴും ദേഷ്യമാണ്, എന്നാലും വല്യ കുഴപ്പമൊന്നുമില്ല.
അവൾക്ക് എല്ലാവരോടും സ്നേഹമാണ്. ഞാനാവട്ടെ എന്റെ പ്രിയപ്പെട്ടവരേ മാത്രം സ്നേഹിക്കും.
അങ്ങനെ വൈരുദ്ധ്യങ്ങൾ നിറഞ്ഞ ഞങ്ങൾ രണ്ടുപേരും ഒരുമിച്ചു ജീവിതം തുടങ്ങിയിട്ട് പതിനാല് വർഷമായി. ഇങ്ങനെയൊക്കെയാണെങ്കിലും എന്റെ കണ്ണെങ്ങാൻ നിറഞ്ഞാൽ അവളുടെ ചങ്ക് തകരും.
എന്നാലും ഒന്നു പറഞ്ഞ് രണ്ടാമത്തേന്ഈ പെണ്ണുങ്ങൾ ഞങ്ങൾ ആണുങ്ങളുടെ വീക്നെസ്സിന് തടയിടുമെന്നുള്ളതാണ് ഏറ്റവും വലിയ പ്രശ്നം.
ഞാനിന്നലെ അവളോട് പറഞ്ഞു, തൊടുന്നതിനും പിടിക്കുന്നതിനും കൊതി കുത്താത്ത ഒരു പെണ്ണിനെയങ്ങ് പ്രണയിക്കാൻ പോവുകയാണെന്ന്.
അത് കേട്ടതും, അവൾ ‘സന്തോഷം ‘ ശല്യം ഒഴിവാകുമല്ലോ എന്നും പറഞ്ഞ്കോ ക്രി കാട്ടി
ശെടാ… ഇങ്ങനെയുമുണ്ടോ പെണ്ണുങ്ങൾ…
പക്ഷേ നിങ്ങൾ വിചാരിക്കും പോലെ ഞാൻ വേറൊരാളെയും തേടി പോകില്ല കേട്ടോ.
കാരണം എന്റെ പെണ്ണ് എന്റെ ജീവനാണ്. ഈ ജന്മത്തിലും, ഇനി ജന്മങ്ങൾ ഉണ്ടെങ്കിൽ അന്നും എനിക്കിവളെ മാത്രം മതി….
ഞങ്ങളുടെ കല്യാണം കഴിഞ്ഞ എട്ടാമത്തെ വർഷത്തിലാണ് എനിക്കൊരു ആക്സിഡന്റ് സംഭവിച്ചത് . തളർന്നു പോയി
അതോടെ ബന്ധുക്കളൊക്കെ പതുക്കെ അങ്ങോട്ട് അകന്നു. ഞാനിനി അവർക്ക് ബാധ്യതയെങ്ങാനുമാകുമോ എന്ന പേടി കാരണമായിരിക്കണം.
അവളാണെങ്കിലും ഒരു സാധാ വീട്ടമ്മയാണല്ലോ, വരുമാനമൊന്നുമില്ല. കടം ചോദിക്കുമോ എന്ന ഭയം കാരണമായിരിക്കണം പലരും കയ്യൊഴിഞ്ഞു.
പക്ഷെ, എന്റെ ശ്രീരേഖ, അവൾ മാത്രം എന്നെ കൈയ്യൊഴിഞ്ഞില്ല
കാതിലുള്ള മൊട്ട് കമ്മൽ വരെ അവൾക്ക് വിൽക്കേണ്ടി വന്നു.
അവളുടെ വീട്ടിൽ നിന്നും നേരത്തെ, സ്ഥലത്തിന്റെ വീതം കിട്ടിയതാണ്. അതും, എനിക്ക് കിട്ടിയ വീതവും വിറ്റാണ് ഞങ്ങൾ സ്ഥലം വാങ്ങി വീട് പണിതത്. വീട് പണി കഴിഞ്ഞപ്പോൾ കടമായി. കടം വീട്ടാൻ ആധാരം പണയപ്പെടുത്തുകയും ചെയ്തതാണ്. ചുരുക്കിപ്പറഞ്ഞാൽ എരുതീയിൽ നിന്നും വറചട്ടിയിലേക്ക് വീണ അവസ്ഥ ആയിരുന്നു.
അവൾ സ്വന്തം വീട്ടിൽ പോയി, പത്തു സെന്റ് കൂടെ ഇരന്ന് വാങ്ങി അത് വിറ്റ് എന്നെ ചികിത്സിക്കാൻ തുടങ്ങി
മൂത്ത കുഞ്ഞിനെ സ്കൂളിൽ വിട്ട്, ഇളയകുഞ്ഞിനേയും എന്നെയും വീട്ടിൽ പൂട്ടിയിട്ടിട്ട് അവൾ തൊഴിലുറപ്പിനു പോയി.അതാകുമ്പോൾ ചായ കുടിക്കാനും ഭക്ഷണം കഴിക്കാനും ഒക്കെ കയറുന്ന സമയത്ത് വീട്ടിലേക്ക് ഓടിവന്നു ഞങ്ങളെയും കൂടി നോക്കാമല്ലോ..
എപ്പോഴും ചിരിച്ചും, കളിച്ചും, എന്നെ സ്നേഹിച്ചും, തെല്ലും അവളെന്നെ സങ്കടപ്പെടുത്താതെ നോക്കി. അന്നാണ്ഞാ നെന്റെ പങ്കാളിയുടെ വില പൂർണമായും മനസ്സിലാക്കിയത്…
അവളുടെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ, ഞാൻ അവളെ ഇതേപോലെ നോക്കുമായിരുന്നോ എന്ന് എന്റെ മനസ്സാക്ഷി എന്നോട് പലവട്ടം ചോദിച്ചു.
അവൾ പകർന്നു തന്ന ആത്മവിശ്വാസവും ധൈര്യവും. എന്നിൽ മാറ്റങ്ങൾ ഉളവാക്കി. അവളെന്റെ ചികിത്സ നടത്തി….ആ കിടപ്പിൽ നിന്നെഴുന്നേറ്റ് ഞാൻ ജോലിക്ക് പോകുന്നത് വരെ, അവളാണ് ഞങ്ങളുടെ ഈ കൊച്ചു കുടുംബം കാത്തു പരിപാലിച്ചത്..
ഞാൻ പറഞ്ഞില്ലേ അവൾ ഇല്ലായിരുന്നെങ്കിൽ ഞാൻ പണ്ടേ അസ്തമിച്ചു പോയേനെ…. എന്റെ ജീവനും ജീവിതവും ഒക്കെ അവളാണ്.
ഇപ്പോൾ ഞാൻ, അവളെനിക്ക് നൽകിയ സ്നേഹവും കരുതലും തിരിച്ച് കൊടുക്കുന്ന തിരക്കിലാണ്.
ഹേയ് പുരുഷന്മാരെ, നിങ്ങൾക്ക് എപ്പോഴും പിണങ്ങുന്ന, അതിലും വേഗത്തിൽ ഇണങ്ങുന്ന ഭാര്യയുണ്ടെങ്കിൽ നിങ്ങൾ പേടിക്കണ്ട.ഉയിരൊടുങ്ങും വരെ അവർ നമ്മെ വിട്ട് പോകില്ല.
നിങ്ങക്ക് നിങ്ങടെ വഴി, എനിക്കെന്റെ വഴി എന്ന ചിന്താഗതി ഉള്ളവർക്കിടയിൽ സ്നേഹം എന്ന വികാരമുണ്ടാവില്ല.
പിണങ്ങുന്ന ഭാര്യ നിങ്ങൾക്കുണ്ടോ, എന്നാൽ പേടിക്കണ്ട… അവറ്റോൾ സ്നേഹം ഉള്ളോരാ…. അല്ലെങ്കിലും, ഇത്തിരി കുറുമ്പ് കൂടുതലുള്ള പെണ്ണുങ്ങൾ സൂപ്പറാന്നേ….
കൈകോർക്കുന്നത് എളുപ്പമാണ്.എന്നാൽ ജീവിതത്തിന്റെ ഓരോ വഴിത്തിരിവിലും കൈവിടാതെ കൂടെ നിൽക്കുന്നത് തന്നെയാണ് യഥാർത്ഥ ദാമ്പത്യം.. അതെനിക്ക് മനസ്സിലാക്കി തന്നത് അവളാണ്… എന്റെ ഭാര്യ…
