പെറ്റുവളർത്തിയ അമ്മയോട് ഇത്രയേറെ കരുതൽ കാണിക്കുന്ന, ഈ ഈ മകനെ തന്റെ ഭർത്താവായി കിട്ടിയതിൽ താൻ ഭാഗ്യവതിയാണ്. കാരണം നാളെ താനൊന്ന് വീണ് പോയാലും തന്നെ സഹായിക്കാൻ ഈ മനുഷ്യൻ ഉണ്ടാകും തീർച്ച…

Story written by Anju Thankachan

നമുക്ക് കുളിക്കണ്ടേ വാ… അയാൾ അമ്മയെ കൈകളിൽ കോരിയെടുത്തു.

നീ പാല് കുടിച്ചിട്ട് കളിക്കാൻ പോണേ മോനേ, തോട്ടിലെ വെള്ളത്തിൽ ചാടാൻ പോകരുത് കേട്ടോ, അച്ചായി വരുമ്പോൾ ചെവിക്ക് പിടിച്ചു തിരിക്കും.

അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ അയാൾക്ക് കരച്ചിൽ വന്നു.

എഴുപത്തിയെട്ടുകാരിയായ അമ്മയ്ക്ക്പ ഴയ കാര്യങ്ങൾ മാത്രമേ ഇപ്പോൾ ഓർമ്മയുള്ളൂ….

ഞാൻ ഓടിച്ചാടി കളിച്ചു നടക്കുന്ന ആ ചെറിയ പയ്യനാണെന്നാണ് അമ്മ വിചാരിക്കുന്നത്.

പുതിയ ഓർമ്മകളെല്ലാം അമ്മയിൽ നിന്ന് മാഞ്ഞുപോയിരിക്കുന്നു. നാലുവർഷം മുമ്പ് അച്ഛൻ മരിച്ചു പോയതൊന്നും ആ മനസ്സിലില്ല.

അയാൾ ബാത്‌റൂമിൽ ഇട്ടിരിക്കുന്ന കസേരയിലേക്ക് അമ്മയെ ഇരുത്തി.

ഇറക്കം കുറഞ്ഞ ഒറ്റയുടുപ്പാണ് അമ്മയെ ധരിപ്പിക്കുന്നത്, ഇറക്കമുള്ള നൈറ്റി ധരിച്ചിരുന്ന സമയത്ത് മൂ. ത്രം ഒഴിപ്പിക്കാനുള്ള ബുദ്ധിമുട്ട് കാരണം, എന്റെ ഭാര്യ ശ്രീരഞ്ജിനി തയ്പ്പിച്ചെടുത്ത കോട്ടൻ ഉടുപ്പാണ് ഇപ്പോൾഅമ്മയെ ധരിപ്പിക്കുന്നത്.

കൈകളുള്ള പണ്ടത്തെ പെറ്റിക്കോട്ടനെ ഓർമിപ്പിക്കുന്നതരം, മുട്ടിനു താഴെ വരെ മാത്രമിറക്കമുള്ള ആ ഉടുപ്പിടുമ്പോൾ അമ്മയ്ക്കും അതാശ്വാസമാണ്.

അയാൾ അമ്മയുടെ ദേഹത്തേക്ക് വെള്ളം ഒഴിച്ചു..

‘ജോ….’ അമ്മയെ ഞാൻ കുളിപ്പിച്ചോളാം ഭാര്യ ശ്രീരഞ്ജിനി അങ്ങോട്ട് വന്നു.

വേണ്ടാ…

സാരമില്ലന്നേ…. ഞാൻ കുളിപ്പിച്ചോളാം…

വേണ്ടടീ…..പണ്ട് കിണറ്റിൻകരയിൽ നിർത്തി അമ്മ എന്നെ ഒരുപാട് കുളിപ്പിച്ചിട്ടുള്ളതാ. ഇപ്പോൾ ഞാനമ്മയെ കുളിപ്പിക്കട്ടെ…അയാൾ ചിരിയോടെ പറഞ്ഞു.

അയാൾ അമ്മയെ കുളിപ്പിച്ച് തോർത്തുന്നത്അ വൾ നോക്കി നിന്നു.

അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

പെറ്റുവളർത്തിയ അമ്മയോട് ഇത്രയേറെ കരുതൽ കാണിക്കുന്ന, ഈ ഈ മകനെ തന്റെ ഭർത്താവായി കിട്ടിയതിൽ താൻ ഭാഗ്യവതിയാണ്.കാരണം നാളെ താനൊന്ന് വീണ് പോയാലും തന്നെ സഹായിക്കാൻ ഈ മനുഷ്യൻ ഉണ്ടാകും തീർച്ച…

അമ്മയുടെ എല്ലാ കാര്യങ്ങളും ‘ ജോ’ തന്നെയാണ് ചെയ്യുന്നത്. തന്നെക്കൊണ്ട് ഒന്നും ചെയ്യിക്കാറില്ല.

അമ്മയ്ക്ക് വേണ്ടി പ്രേത്യേകം ഭക്ഷണം വരെ ‘ജോ ‘ഉണ്ടാക്കും.

കൃത്യമായി ബാത്‌റൂമിൽ കൊണ്ടുപോകും.

എങ്ങനെയാണ് ബാത്റൂമിൽ കൊണ്ടുപോകാനുള്ള കൃത്യസമയം അറിയുന്നതെന്ന് അത്ഭുതത്തോടെ താൻ ചോദിക്കും.

റിജോ എന്ന എന്റെ ‘ ജോ ‘ അപ്പോഴൊന്ന് പുഞ്ചിരിക്കും.

അമ്മയുടെ മുറിയിൽ എപ്പോഴും ചന്ദനത്തിന്റെ ഒരു നനുത്ത ഗന്ധമാണ്.

സാധാരണ വയ്യാതായ മനുഷ്യരുടെ മുറിയിലാകെ ഒരുതരം മുഷിപ്പ് മണമാകും.

ഇതിപ്പോ ഈ വീട്ടിൽ ഏറ്റവും വൃ.ത്തിയുള്ളത് അമ്മയുടെ മുറിയാണ്.

മാതാപിതാക്കളെ വൃ.ദ്ധസദനങ്ങളിൽ ആക്കുന്ന ഈ ആധുനിക കാലത്ത് ‘ജോ’ എനിക്കൊരാത്ഭുതമാണ്.

ഉള്ളത് പറയാമല്ലോ എന്റെ ഭർത്താവിന്റെ അമ്മയെ നോക്കാൻ എനിക്ക് മടിയൊന്നുമില്ല.
കാരണം എനിക്ക് മനസ്സമാധാനം തരുന്ന, സന്തോഷം പകരാൻ ശ്രമിക്കുന്ന, നല്ലൊരു അമ്മായിയമ്മയായിരുന്നു അവർ.

പക്ഷെ അമ്മയെ നോക്കേണ്ടത് അദ്ദേഹത്തിന്റെ മാത്രം കടമയാണെന്ന്
ജോ പറയും.

മോനേ കുളിച്ചിട്ട് നീ രസ്നാദപ്പൊടി തലയിൽ ഇട്ടില്ലേ?? അമ്മ ജോയുടെ തലയിൽ തൊട്ടു.

അതിന് ഞാനല്ലല്ലോ, അമ്മയല്ലേ ഇപ്പോൾ കുളിച്ചത്. ജോ അമ്മയുടെ നെറുകയിൽ രാസ്നാദപ്പൊടി തൂകി.

അച്ഛൻ വരാറായി നീയാ ശാന്തമ്മചേച്ചിയുടെ വീട്ടിൽ പോയി ഇച്ചിരി നെയ്യ് മേടിച്ചോണ്ട് വാ.
പരിപ്പ് കറിക്ക് ഇച്ചിരി നെയ്യ് തൂവി കൊടുത്തില്ലെങ്കിൽ അച്ഛന് തീരെ പിടിക്കില്ല.അമ്മ പതിയെ പറഞ്ഞു.

അത് ഞാൻ മേടിച്ചു കൊണ്ട് വന്നമ്മേ…

ആഹ് എന്നാൽ പോയിരുന്നു പഠിക്ക്. കണക്കിന് നിനക്ക് മാർക്ക് കുറവാ.. അച്ഛനറിഞ്ഞാൽ നല്ല പെട കിട്ടും.

ഞാൻ പഠിച്ചോളാം.

അമ്മയെ ഡയപ്പർ ഇടീക്കണോ? ഞാൻ ‘ജോ’ യോട് ചോദിച്ചു.

വേണ്ട നീയോർക്കുന്നില്ലേ ശ്രീരഞ്ജിനി ?? നമ്മുടെ മോള് കുഞ്ഞായിരുന്നപ്പോൾ അമ്മ കുഞ്ഞിനെ ഡയപ്പറിടീക്കാൻ സമ്മതിക്കില്ലായിരുന്നു. പഴയ വെള്ളമുണ്ടുകൾ കീറി അതായിരുന്നു കുഞ്ഞിനെ ഉടുപ്പിച്ചിരുന്നത്. ഡയപ്പർ ഒക്കെ ഇടിച്ചാൽ കുഞ്ഞിന് അസ്വസ്ഥതതോന്നുമെന്ന് പറയും.

നമ്മുടെ കുഞ്ഞിനോട് വരെ അത്രയേറെ കരുതൽ കാണിച്ച അമ്മയോട് തിരിച്ച്ആ കരുതൽ നമ്മളും കാണിക്കണ്ടേ.. മാത്രമല്ല അമ്മ കിടപ്പു രോഗിയല്ലല്ലോ. ഇനി മൂ.ത്ര.മൊഴിച്ചാൽ തന്നെ ഞാൻ വൃത്തിയാക്കി കൊള്ളാമെന്നെ…

അവിടൊന്ന് നിന്നേ…. അവൾ അയാളെ കെട്ടിപ്പിടിച്ചു.

പ്രിയപ്പെട്ടവരെ സ്നേഹത്തോടെ മാത്രം വീക്ഷിക്കുന്ന ഈ കണ്ണുകളിൽ ഞാനൊന്ന് ചും.ബിക്കട്ടെ….
അവൾ അയാളുടെ ഇരു മിഴികളിലും ചും.ബിച്ചു.

നിനക്കെന്താ പെണ്ണേ പറ്റിയത്..??

എനിക്ക് നിങ്ങളോട് ആരാധനയാണ് ‘ജോ’

അമ്മയെ നോക്കാൻ ഹോം നേഴ്സിനെ നിയമിക്കാമായിരുന്നു, അതൊന്നും ചെയ്യാതെ
‘ജോ’ തന്നെ നോക്കുന്നത് കാണുമ്പോൾ അമ്മ എത്ര ഭാഗ്യവതിയാണെന്ന് എനിക്ക് തോന്നുകയാണ്.

നോക്ക് ശ്രീരഞ്ജിനി, മക്കളെ ജനിപ്പിക്കുന്നതും വളർത്തുന്നതും, മാതാപിതാക്കൾക്ക് വയസ്സാകുമ്പോൾ അവരെ നോക്കാനാണെന്നൊക്കെ പലരും ധരിച്ചു വച്ചിട്ടുണ്ട്. പക്ഷേ എന്റെ അമ്മ അങ്ങനെയൊന്നുമല്ലായിരുന്നു. മക്കൾ ഭാഗ്യമാണ്, പക്ഷേ പ്രായപൂർത്തി എത്തി ക്കഴിയുമ്പോൾ അവരെ അവരുടെ വഴിക്ക് വിടണം, അവരുടെ സ്വാതന്ത്ര്യത്തിൽ കൈകടത്താൻ പോകരുത് എന്നൊക്കെ അമ്മ പലരോടും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അമ്മ അങ്ങനെ ഒരമ്മയായിരുന്നു.

എന്റെ ഒരിഷ്ടങ്ങൾക്കും അമ്മ തടസ്സം നിന്നില്ല. എന്റെ ശരികളെ ചോദ്യം ചെയ്തില്ല. പക്ഷേ എന്നെ അമ്മ നോക്കിയ കാലത്ത് തെറ്റേത്,ശരിയേത് എന്ന് കൃത്യമായി പഠിപ്പിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ ഞാൻ വഴി തെറ്റി പോകില്ലെന്നും അമ്മയ്ക്കുറപ്പുണ്ടായിരുന്നു. ജീവിതത്തിൽ ഏറ്റവുമധികം സ്വാതന്ത്ര്യത്തോടെ ജീവിച്ച മനുഷ്യൻ ഞാനാണെന്ന് എനിക്ക് തോന്നുന്നുണ്ട്. അതിനെല്ലാം കാരണം എന്റെ അമ്മയും അച്ഛനും മാത്രമായിരുന്നു.

അച്ഛനു വയ്യാതായപ്പോൾ അമ്മ പൊന്നുപോലെയാണ് നോക്കിയത്. ഇപ്പോൾ അമ്മയ്ക്ക് കരുതൽ ആവശ്യമുള്ള സമയമാണ്. അപ്പോൾ മകനായ ഞാൻ കൂടെ വേണം.

അതേ ‘ ജോ….’ അവർക്കാവശ്യമായ സമയങ്ങളിൽ നമ്മൾ കൂടെ വേണം. അത് പ്രപഞ്ച നീതിയാണ്….

അമ്മക്ക് മറവി തുടങ്ങിയിട്ട് ആറ് മാസമേ ആയിട്ടുള്ളൂ..

ആദ്യമാദ്യം അമ്മ പുതിയ കാര്യങ്ങളെല്ലാം മറന്നു. ഇപ്പോൾ പഴയ കുറച്ചു കാര്യങ്ങൾ മാത്രം ഓർമ്മയുണ്ട്. അതും പതിയെ മഞ്ഞു പോകും തനിക്കറിയാം…

അന്നൊരു ബുധനാഴ്ച ആയിരുന്നു.

രാവിലെ അമ്മയെ ചായ കുടിപ്പിക്കുമ്പോൾ അമ്മ അയാളെ ഒന്ന് സൂക്ഷിച്ചു നോക്കി.

ആരാ…?? എന്ന് ചോദിച്ചു.

അത് കേട്ട് ഇടറിപൊട്ടി കരയുന്ന ‘ ജോ’ യെ കണ്ടപ്പോൾ ശ്രീരഞ്ജിനിക്കും കരച്ചിൽ വന്നു.

അമ്മ പിണങ്ങിയ കുട്ടിയെ പോലെ കട്ടിലിൽ കിടന്ന് കണ്ണടച്ചു…

പിന്നെ മുഖം പൊത്തി വിരലുകൾക്കിടയിലൂടെ ‘ജോ ‘യുടെ നേരേ ഒളിച്ചു നോക്കി.

പിന്നെ കൈകൾ മാറ്റി ‘ജോ ‘ യെ സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്നു.

പെട്ടന്ന് അമ്മയുടെ മുഖത്ത് ഒരു വെപ്രാളം പോലെ…

പൊടുന്നനെ രണ്ട് വട്ടം ആ ശരീരം ഒന്ന് കോച്ചി വലിച്ചു… പിന്നെ നിശ്ചലമായി…

‘ ജോ ‘ശാന്തമായി അമ്മയെ ഒന്ന് നോക്കി.

അമ്മയുടെ ചുണ്ടിൽ ഒരു ചിരിയുണ്ട്.

കരയുന്ന ശ്രീരഞ്ജിനിയെ അയാൾ ആശ്വസിപ്പിച്ചു.

എന്നാലും ‘ ജോ ‘ ഇത്ര പെട്ടന്ന്….. അമ്മ കിടപ്പുരോഗിയൊന്നും അല്ലായിരുന്നല്ലോ,ശ്രീരഞ്ജിനി ഇടറിപ്പൊട്ടി

കരയരുത്….കാലഹരപ്പെട്ടതിനെയൊക്കെ പ്രപഞ്ചം ഒഴിവാക്കും. അതിന് ആരുടേയും സമ്മതം ചോദിക്കാറില്ല. നമ്മളും കാലഹരണപ്പെടും. നമ്മളും നാളെ ഒഴിവാക്കപെടാനുള്ളവർ തന്നെയാണ്.

‘ ജോ ‘ അമ്മയുടെ നെറ്റിയിൽ അമർത്തി ചും ബിച്ചു.

സ്പന്ദനം നിലച്ച ആ നെഞ്ചിൽ അയാൾ കുഞ്ഞിനെ പോലെ തല ചേർത്തു വച്ചു.

താനിപ്പോൾ പിഞ്ചു പൈതലാണെന്നും അമ്മയുടെ താരാട്ടിൻ ഈണം കേട്ട്,
അ.മ്മിഞ്ഞ മണമുള്ള മാ.റിൽ കിടക്കുകയുമാണെന്നും അയാൾക്ക് തോന്നി…

‘ജോ’…. എന്തായിത്…???? ശ്രീരഞ്ജിനി കണ്ണുനീരോടെ ചോദിച്ചു.

‘ജോ’ അമ്മയുടെ നരച്ച മുടി ഒതുക്കി വച്ചു… വീണ്ടും വീണ്ടും നെറ്റിയിൽ ചും.ബിച്ചു…

അപ്പോൾ…അപ്പോൾ മാത്രം, അയാളുടെ കണ്ണ് നിറഞ്ഞ് മിഴിനീർ അമ്മയുടെ കവിളിൽ പടർന്നു.

അപ്പോഴും, ആ അമ്മയുടെ ചുണ്ടിൽ ഒരു പുഞ്ചിരി അങ്ങനെ തന്നെയുണ്ടായിരുന്നു.

ഏറ്റം സമാധാനത്തോടെ തന്നെയായിരിക്കും ആ അമ്മ കണ്ണടച്ചിട്ടുണ്ടാകുക

മറ്റൊരാളുടെ ആശ്രയം വേണ്ടി വരുന്ന സമയം ഏത് മനുഷ്യനുമുണ്ടാകും… അന്നേരം മാത്രമെങ്കിലും അവരെ ചേർത്തു പിടിച്ചോളണം.

അതിനു കഴിഞ്ഞില്ലെങ്കിൽ, നമ്മെ മനുഷ്യരെന്ന് വിളിക്കുന്നതിൽ എന്തർത്ഥം???

💐💐💐💐💐💐💐

Leave a Reply

Your email address will not be published. Required fields are marked *