എഴുത്ത്: – ശ്രീജിത്ത് ഇരവിൽ
ചെത്താൻ പോകുന്നതിന് മുമ്പ്, ബലത്തിന് വെച്ചോയെന്നും പറഞ്ഞ് കമലാക്ഷിയുടെ കവിളിലും നെറ്റിയിലും ചുണ്ടിലുമൊക്കെ പതിവായി പത്തിരുപത് ഉ,മ്മകൾ കുമാരൻ പതിപ്പിക്കാറുണ്ട്. ഒരുകുടം അന്തിക്ക,ള്ള് മോന്തിയ മന്ദതയിൽ അയാൾ വരുന്നത് വരെ വിരിഞ്ഞ് നിൽക്കാൻ അവൾക്കത് മതിയായിരുന്നു.
ചെത്തുകാരൻ കുമാരൻ ഏതോ പെണ്ണിനെ കട്ടോണ്ട് വന്നുവെന്നാണ് അന്ന് എല്ലാവരും പറഞ്ഞത്. ഒറ്റത്തടിക്കാരനായ ചെത്തുകാരനെ ഏതോ പെണ്ണ് തക്കത്തിൽ തട്ടിയെടുത്തുവെന്നും സംസാര മുണ്ടായി. ഇളം ക,ള്ള് കു,ടിച്ചിട്ടാണ് പെണ്ണിന്റെ മുഖത്ത് ഈ തുടിപ്പെന്ന് കുള്ക്കടവിൽ നിന്ന് ആരെങ്കിലും ആരോടെങ്കിലുമായി എന്നും പറയും. അതുകേൾക്കുന്ന വേളയിൽ ദിവസവും പത്തിരുപത് ഉമ്മകൾ കിട്ടുന്ന പ്രൗഢിയിൽ ചെത്തുകാരന്റെ കെട്ട്യോളുടെ മുഖമൊരു ചെന്തെങ്ങിന്റെ ഇളനീര് പോലെ വിളയും. അതുകൊണ്ട് തന്നെ അൽപ്പം കുടിക്കുന്ന നാട്ടിലെ സകല പെണ്ണുങ്ങൾക്കും അവളോട് കടുത്ത അസൂയയാണ്.
ഒരിക്കൽ ഒരു അത്താഴ നേരത്ത് തേങ്ങ അരച്ചുകൂട്ടി വെച്ച മീൻ ചാറ് കുമാരന്റെ ചോറിലേക്ക് ഒഴിക്കുമ്പോൾ, തന്നെ ചെത്താൻ പഠിപ്പിക്കുമോയെന്ന് കമലാക്ഷി ചോദിച്ചു. അതുകേട്ടപ്പോൾ അന്നം തൊണ്ടയിൽ കുടുങ്ങി അയാൾ ചുമച്ചു. അവൾ അയാളുടെ തലയിൽ രണ്ടടി കൊടുത്തു. അണ്ണാക്കിലേക്ക് വെള്ളവും ഒഴിച്ചു. ശേഷം, തന്നെ തെങ്ങുകയറാൻ പഠിപ്പിക്കുമോയെന്ന് വീണ്ടും ചോദിക്കുകയായിരുന്നു.
നോക്കട്ടേയെന്നും പറഞ്ഞുകൊണ്ട് കുമാരൻ എഴുന്നേറ്റ് കൈകഴുകി പുറത്തെ പുളിമരച്ചോട്ടി ലേക്ക് എന്നത്തേയും പോലെ പോയി. അവിടെയുള്ള ഇരുത്തിയിൽ ആ മരം ചാരിയിരുന്നു. മാനത്തെ നക്ഷത്രങ്ങളൊക്കെ തന്റെ നെഞ്ചിലാണ് വിരിഞ്ഞ് കിടക്കുന്നതെന്ന് അയാൾക്ക് അപ്പോൾ തൊന്നി. എത്രയെത്ര തെങ്ങുകളുടെ ഉയരമുണ്ടാകും അവിടേക്കെന്ന് ഓർത്തപ്പോഴേക്കും പാത്രങ്ങളെല്ലാം കഴുകി അടുക്കളയൊതുക്കി കമലാക്ഷിയും വന്നു.
‘അതേയ്……’
തോളിൽ വിരൽവെച്ച് അമർത്തിയാണ് അവൾ അയാളെ വിളിച്ചത്. വിളിക്കുന്നത് കമലാക്ഷി ആണെങ്കിൽ ഏത് ലോകത്തിൽ നിന്നും ഒരു തെങ്ങിൽ നിന്ന് ഊർന്നിറങ്ങുന്നത് പോലെ കുമാരൻ അവളുടെ കണ്ണുകളിലേക്ക് വരും.
‘എന്നെയൊന്ന് തെങ്ങിൽ കയറാൻ പഠിപ്പിക്കോ..?’
അയാൾ അവളെ സംശയത്തിൽ നോക്കി. ഇവൾക്കിത് എവിടെ നിന്ന് കിട്ടിയതാണ് തെങ്ങ് കയറാനുള്ള പൂതി എന്നായിരുന്നു ആ നോട്ടത്തിന്റെ അർത്ഥം. തന്റെ ആഗ്രഹം കെട്ട്യോൻ ഗൗരവത്തിൽ എടുക്കുന്നില്ലെന്ന് കണ്ടപ്പോൾ കമലാക്ഷിക്ക് സങ്കടമായി. രണ്ടുപേരും വേലക്ക് പോയാലെ നമുക്കൊരു ഓടിട്ട വീട് വെക്കാൻ പറ്റുകയുള്ളൂ എന്ന് അവൾ പറഞ്ഞു. ആ ശബ്ദം കുമാരനെ ചിന്തിപ്പിച്ചു. അവൾ പറയുന്നതിലെ കാര്യം പതിയേ അയാൾക്ക് മനസ്സിലാകുക യായിരുന്നു…
‘എന്നാലും, നീ തെങ്ങ് കേറാന്ന് പറഞ്ഞാൽ..!?’
“പറഞ്ഞാൽ…. തെങ്ങൊടിഞ്ഞ് വീഴോ..! “
കമലാക്ഷി തീർത്തും പരിഭവം കാട്ടി അയാളോട് പുറം തിരിച്ച് ഇരുന്നു. ഒടുവിൽ കുമാരൻ സമ്മതിച്ചു. അവളുടെ സന്തോഷമൊന്ന് കാണേണ്ടത് തന്നെയായിരുന്നു. മാനത്ത് തെളിഞ്ഞ് നിൽക്കുന്ന മുഴുചന്ദ്രനൊരു ക,ള്ളുകുടമാണെന്ന് തോന്നിയപ്പോൾ അവൾ എഴുന്നേറ്റ് അയാളുടെ മടിയിലേക്കിരുന്നു. കഴുത്തിൽ ചുറ്റിപ്പിടിച്ച് ആ മാറിലേക്ക് തലചായ്ച്ചുകൊണ്ട് കമലാക്ഷി കണ്ണുകൾ അടച്ചു. ചെത്ത് തെങ്ങിന്റെ മേലെയിരുന്ന് ഇളം ക,ള്ള് നുകരുന്നതും ഓർത്ത് ഒരുപിടി നിമിഷങ്ങളിലേക്ക് മാത്രമായി മയങ്ങുകയായിരുന്നു അവൾ അപ്പോൾ.
പിറ്റേന്ന് തൊട്ട് പറമ്പിലെ ഏറ്റവും ഉയരം കുറഞ്ഞ തെങ്ങിൽ നിന്ന് തന്നെ കമലാക്ഷി തന്റെ പരിശീലനം ആരംഭിച്ചു. കുമാരന്റെ ഓരോ നിർദ്ദേശങ്ങളും അവൾ കിറുകൃത്യമായി അനുസരിച്ചു. കാലത്തും അന്തിക്കും അയാളുടെ കൂടെ പോകുകയും, തൊഴിൽ വശമാക്കുകയും ചെയ്തു. ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ ചെത്തുകാരൻ കുമാരന്റെ കെട്ട്യോൾ പരസഹായമില്ലാതെ തെങ്ങിൽ കയറി കള്ളിറക്കാൻ പഠിച്ചു.
ഒരുനാൾ കമലാക്ഷി കാലത്ത് ഉണരുമ്പോൾ അയാൾ കിടുകിടാന്ന് വിറക്കുകയായിരുന്നു. തൊട്ട് നോക്കുമ്പോൾ വിരല് കുടയുന്ന ചൂട്. കുമാരൻ ഛർദിക്കുകയും കൂടി ചെയ്തപ്പോൾ അവൾ വല്ലാതെ ഭയന്നു. തളപ്പില്ലാതെ തെങ്ങിൽ കയറി വീണത് പോലെയൊരു പ്രയാസം മനസ്സിൽ തങ്ങി നിൽക്കാൻ അവൾക്കത് ധാരാളമായിരുന്നു.
ഓട്ടോ വിളിച്ച് ആശുപത്രിൽ കൊണ്ടുപോയി തിരിച്ചും മറിച്ചും പരിശോധിപ്പിച്ചപ്പോൾ കുമാരന് മഞ്ഞപ്പിത്തമാണെന്ന് സ്ഥിതീകരിച്ചു. രണ്ടുദിവസം അവിടെ കിടത്തി മൂന്നാം നാൾ കൂരയിലേക്ക് അവർ തിരിച്ചെത്തി. അന്നുരാത്രിയിൽ ഉറങ്ങുന്നതിന് തൊട്ടുമുമ്പ് അയാൾ അവളോട് ക്ഷമ പറഞ്ഞു.
‘എന്തിന്..?’
“എന്നെപ്പോലെയൊരു ഒറ്റയാന്റെ കൂരയിൽ കൊണ്ടന്ന് കഷ്ട്ടപ്പെടുത്തുന്നതിന്.. “
നിങ്ങളുടെ കൂടെ വരുന്നത് വരെ തനിക്ക് ആരുണ്ടായിരുന്നുവെന്ന് കമലാക്ഷി പറയുന്നതിന് മുമ്പേ കുമാരൻ കണ്ണുകൾ അടച്ചു. അയാളുടെ നെറ്റിയിൽ മുടി ചേർത്ത് തലോടിക്കൊണ്ട് അവൾ ഏറെനേരം ആ പായിൽ ഇരുന്നു. ആ നേരം കമലാക്ഷിയൊരു അമ്മയും കുമാരനൊരു കുഞ്ഞും ആയിരുന്നു.
പിറ്റേന്ന് കാലത്ത്, ബലത്തിന് വെച്ചോയെന്നും പറഞ്ഞ് അയാളുടെ കവിളിലും നെറ്റിയിലും ചുണ്ടുകളിലുമായി പത്തിരുപത് ഉ,മ്മകൾ അവൾ പതിപ്പിച്ചു. തുടർന്ന്, ചെത്തുകുടവുമായി അവൾ പുറത്തേക്ക് ഇറങ്ങി. പറമ്പും താണ്ടി തോട്ടിൻ കരയിലൂടെ കമലാക്ഷി നടന്ന് പോകുന്നത് കണ്ടവരെല്ലാം ഇവൾ ഇതെന്ത് ഭാവിച്ചാണെന്ന വിധം മൂക്കിൽ വിരൽ വെച്ചിട്ടുണ്ടാകും….
‘എങ്ങോട്ടാ പെങ്ങളേ.. കുടവുമായി…!?’
ചെത്താനുള്ള പറമ്പിലേക്ക് അവൾ എത്തിയതേ ഉണ്ടായിരുന്നുള്ളൂ. പശുവിനെ മേയ്ക്കാൻ വന്ന നാട്ടിലെ കറവക്കാരനാണ് അവളുടെ മാറി,ലേക്ക് നോക്കികൊണ്ട് അർത്ഥം വെച്ചങ്ങനെ ചോദിച്ചത്. ഇളം വെയിലേറ്റ് അറ്റം തിളങ്ങുന്ന ചെത്ത് ക,ത്തി മുന്നോട്ട് നീട്ടി കനത്ത ശബ്ദത്തിൽ തന്നെ കമലാക്ഷി അതിന് മറുപടി പറഞ്ഞു.
“ചെത്താൻ…!!!”
