Story written by Jk
”” നിന്റെ പെണ്ണുമ്പിള്ളയോട് എന്റെ എടുത്ത മാല തിരിച്ചുകൊണ്ടുവയ്ക്കാൻ പറ!””
മനോജ് ജോലി കഴിഞ്ഞ് വൈകിട്ട് വീട്ടിലേക്ക് വന്നപ്പോൾ അമ്മ ഉറഞ്ഞു തുള്ളി പറഞ്ഞതാണ് അത്.. അത് കേട്ടതും മനോജ് സന്ധ്യയെ നോക്കി.. അവൾ അപ്പുറത്ത് ദേഷ്യത്തോടെ അതെല്ലാം നോക്കിക്കൊണ്ട് നിൽക്കുന്നുണ്ട്.
”” മനോജേട്ടാ നിങ്ങടെ ത,ള്ളയോട് മര്യാദയ്ക്ക് പറഞ്ഞുകൊടുത്തേ എനിക്ക് അവരുടെ സ്വർണ്ണം കട്ടിട്ട് വേണ്ട ജീവിക്കാൻ എന്ന്!! അന്തസ്സുള്ള ഒരു ജോലിയുണ്ട് അത്യാവശ്യം ശമ്പളവും ഉണ്ട് എനിക്ക് ജീവിക്കാൻ അതു മതി!!!””
സന്ധ്യ കൂടി പറഞ്ഞതോടെ മനോജ് എന്തുവേണം എന്നറിയാതെ നിന്നു.
”ദേ സന്ധ്യേ, നാവുപി,ഴയ്ക്കരുത്.. മുതിർന്നവർ പറയുന്നത് കേൾക്കാൻ പഠിക്കണം,” മനോജ് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
”പിന്നേ, മുതിർന്നവർ എന്ത് തോ,ന്നിയവാസവും പറയുമ്പോൾ ഞാൻ കേട്ടു നിൽക്കണോ? മനോജേട്ടാ, ഒരു പരിധിയുണ്ട് എല്ലാത്തിനും. ഞാൻ അങ്ങോട്ട് പോയിട്ടില്ല, ആ മുറി തുറന്നിട്ടില്ല. എന്നിട്ടും ഞാൻ കള്ളി ആണെന്ന് നാട്ടുകാരെ മുഴുവൻ വിളിച്ച് അറിയിക്കുന്നത് എന്തിനാണ്?” സന്ധ്യയുടെ കണ്ണുകൾ നിറഞ്ഞു.
അമ്മ അലറിക്കൊണ്ട് അടുത്തേക്ക് വന്നു.
“കണ്ടോടാ അവളുടെ തൻേറടം? ഇതുപോലുള്ള അവളുമാരെ വീട്ടിലേക്ക് കയറ്റിയപ്പോൾ ഞാൻ വിചാരിച്ചിട്ടുണ്ട് ഇതുപോലെ ഒക്കെ സംഭവിക്കും എന്ന്!!”
കാർത്യായനി ഉറഞ്ഞുതുള്ളി കൊണ്ട് പറഞ്ഞു..
ഭാര്യയുടെയും അമ്മയുടെയും ഭാഗം നിൽക്കാൻ കഴിയില്ല അങ്ങനെ നിന്നിട്ടുണ്ടെങ്കിൽ തന്റെ മുഴുവൻ മനസ്സമാധാനവും പോകുമെന്ന് അവന് അറിയാമായിരുന്നു അതുകൊണ്ട് തന്നെ ഒന്നും മിണ്ടാതെ ബാഗ് അവിടെ ഇട്ട് അവൻ പുറത്തേക്ക് ഇറങ്ങി.
മുറ്റത്ത് ഇറങ്ങി നിന്നിട്ടും അവരുടെ ഒച്ചയും വിളിയും കാതുകളിൽ മുഴങ്ങുന്നുണ്ടായിരുന്നു. തന്റെ ഭാര്യ പലപ്പോഴും നിരപരാധിയാണ് എന്ന് മനോജിന് അറിയാമായിരുന്നു. പക്ഷേ അമ്മയുടെ ഭാഗം നിന്നിട്ടുണ്ടെങ്കിൽ അത് അവൾക്ക് തന്നെയാണ് പ്രശ്നം.. സന്ധ്യയെ പിന്തുണച്ചാൽ അമ്മ ഉടനെ നെഞ്ചത്തടിച്ചു കരച്ചിൽ തുടങ്ങും.
മനോജ് ഗവൺമെന്റ് ആശുപത്രിയിൽ അറ്റൻഡർ ആണ് ഗവൺമെന്റ് ജോലി കിട്ടിക്കഴിഞ്ഞതിനു ശേഷം തന്നെ അമ്മയ്ക്ക് വലിയ കൊമ്പത്ത് നിന്ന് മകന് പെണ്ണിനെ കൊണ്ടുവരണമെന്ന് ആയിരുന്നു മോഹം എന്നാൽ തന്റെ മനസ്സിൽ പണ്ടുമുതൽ തന്നെ സന്ധ്യ ഉണ്ടായിരുന്നു. അവൾ ഒരു പാവപ്പെട്ട വീട്ടിലെ കുട്ടി ആയിരുന്നു പോരാത്തതിന് ജാതിയിൽ തങ്ങളുടെ താഴെയും.. അത് പറഞ്ഞപ്പോൾ തുടങ്ങിയതാണ് അമ്മയുടെ പ്രശ്നം..
പല മുന്തിയ കല്യാണ ആലോചനകളും മകനുവേണ്ടി അമ്മ കൊണ്ടുവന്നിരുന്നു എന്നാൽ മനോജ് സന്ധ്യയെ മാത്രം മതി എന്ന് ഒറ്റക്കാലിൽ നിന്നു.
ഒടുവിൽ മകൻ കൈവിട്ടു പോകും എന്ന് മനസ്സിലായപ്പോൾ മാത്രമാണ് അമ്മ ആ കല്യാണത്തിന് സമ്മതിച്ചത്.. ഏച്ചു കെട്ടിയാൽ മുളച്ചിരിക്കും എന്നതുപോലെ പിന്നീട് സന്ധ്യ വന്നപ്പോൾ മുഴുവൻ അമ്മ പോരെടുത്ത് തുടങ്ങി. സന്ധ്യ അംഗനവാടി ടീച്ചറായി ജോലിക്ക് പോകുന്നത് പോലും അമ്മയ്ക്ക് ഇഷ്ടമല്ലായിരുന്നു…
” കണ്ട കൊച്ചുങ്ങളുടെ ച,ന്തി കഴുകി കൊടുക്കാൻ പോവുകയല്ലേ ” എന്നായിരുന്നു അമ്മയുടെ പരിഹാസം. എന്നാൽ സന്ധ്യ സ്വന്തം കാലിൽ നിൽക്കാൻ ആഗ്രഹിച്ചു. ആ വരുമാനം കുടുംബത്തിന് വലിയൊരു ആശ്വാസവുമാണ്…
അവൾക്ക് ആ വീട്ടിൽ പല നിബന്ധനകളും ഉണ്ടായിരുന്നു ഒന്നിനുവേണ്ടിയും
അമ്മയുടെ റൂമിലേക്ക് കടക്കാൻ പാടില്ല.. എന്നാൽ അംഗനവാടി ടീച്ചർ ആയ സന്ധ്യ ജോലിക്ക് പോയാൽ ഉടനെ അമ്മ അവരുടെ റൂമിൽ കയറി മുഴുവൻ സ്ഥലവും പരിശോധിക്കും.. ആദ്യം ഒന്നും സന്ധ്യക്ക് അത് അറിയുകയുണ്ടായിരുന്നില്ല എന്നാൽ റൂമിലെ ഓരോ കാര്യങ്ങൾ പറഞ്ഞ് അമ്മ അവളോട് ദേഷ്യപ്പെട്ടപ്പോൾ ആണ് റൂമിൽ കയറി അമ്മ എല്ലാം പരിശോധിക്കുന്നുണ്ട് എന്ന് അവർക്ക് മനസ്സിലായത്.
ഒരു ദിവസം സന്ധ്യ ചോദിച്ചു, “അമ്മ എന്തിനാ ഞങ്ങളുടെ മുറിയിൽ ഞാൻ ഇല്ലാത്തപ്പോൾ കയറുന്നത്? എന്റെ തുണികളെല്ലാം വലിച്ചു വാരി ഇട്ടിരിക്കുന്നല്ലോ?”
അമ്മയുടെ മറുപടി പെട്ടെന്നായിരുന്നു. “എന്റെ വീടാണിത്. എന്റെ മകൻ താമസിക്കുന്ന മുറിയിൽ കയറാൻ എനിക്ക് ആരുടെയും അനുവാദം വേണ്ട. നീ എന്താ അവിടെ സ്വർണ്ണം ഒളിപ്പിച്ചു വച്ചിട്ടുണ്ടോ ഇങ്ങനെ പരവേശപ്പെടാൻ ?” കാർത്യായനി തിരിച്ചു ചോദിച്ചു അവരോട് എന്തു പറഞ്ഞിട്ടും ഒരു കാര്യവുമില്ല എന്ന് സന്ധ്യയ്ക്ക് മനസ്സിലായി..
അതോടെ സന്ധ്യ റൂം പൂട്ടിവയ്ക്കാൻ തുടങ്ങി. അതോടെ അമ്മയ്ക്ക് കൂടുതൽ ദേഷ്യം ആയി… “കണ്ടോടാ, നിന്റെ പെണ്ണ് എന്നെ കള്ളിയെ പോലെ കാണുന്നു. മുറി പൂട്ടുന്നത് എന്തോ കള്ളത്തരം ഒളിപ്പിക്കാൻ ആണ് ,” അമ്മ പരാതി പറഞ്ഞു.
ഒറ്റ മകൻ ആയതുകൊണ്ട് താൻ സന്ധ്യയുടെ ഭാഗം പറഞ്ഞാൽ പിന്നെ നെഞ്ചത്തടി ആയി നിലവിളി ആയി തല ചുമരിൽ മുട്ടിക്കൽ ആയി.. നാട്ടുകാർ ആണെങ്കിൽ തന്നെയാണ് കുറ്റം പറയുക ഒരു പെണ്ണ് വന്നപ്പോൾ അമ്മയെ വേണ്ടാതായി എന്നെല്ലാം പറഞ്ഞു കളയും…
അതുകൊണ്ടുതന്നെ പലതും കേട്ടില്ല കണ്ടില്ല എന്ന് നടിക്കേണ്ടി വന്നു.
സന്ധ്യയുടെ സങ്കടം മനോജിന് മനസ്സിലാകും. ഒരിക്കൽ അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു, “മനോജേട്ടാ, ഞാൻ എത്രനാൾ ഇങ്ങനെ സഹിക്കണം? ഞാൻ എന്ത് തെറ്റാണ് ചെയ്തത്? നിങ്ങൾക്ക് അമ്മയോടുള്ള സ്നേഹത്തിന് ഞാൻ തടസ്സമല്ലല്ലോ. പിന്നെന്തിനാണ് അവർ എന്നെ ശത്രുവായി കാണുന്നത്?”
മനോജ് അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. “സന്ധ്യേ, അമ്മയ്ക്ക് പ്രായമായില്ലേ. നീ കുറച്ചു കൂടി ക്ഷമിക്ക്. എല്ലാം ശരിയാകും.”
”എന്ത് ശരിയാകാൻ? ഇന്ന് മാലയുടെ പേരും പറഞ്ഞു നാട്ടുകാരെ മുഴുവൻ കൂട്ടി എന്നെ കള്ളി എന്ന് വിളിച്ചു. എനിക്ക് ഇനി അവിടെ ജോലിക്ക് പോകാൻ പേടിയാണ്. കുട്ടികളുടെ അമ്മമാർ എന്നെ എങ്ങനെ നോക്കും?” സന്ധ്യയുടെ ശബ്ദം ഇടറി.
അമ്മ അന്ന് രാത്രിയും അടങ്ങിയില്ല. അയൽപക്കത്തെ ലീലമ്മയോട് പറയുന്നത് മനോജ് കേട്ടു. “ലീലമ്മേ, എന്റെ മൂന്നര പവന്റെ മാലയാ പോയത്. ആ കള്ളിപ്പെണ്ണ് അത് എടുത്തു വിറ്റു കാണും. അവളുടെ വീട്ടിലെ പട്ടിണി മാറ്റാൻ ഇങ്ങനെയൊക്കെയല്ലേ അവൾക്ക് പറ്റൂ.”
ഇതു കേട്ടപ്പോൾ മനോജിന്റെ ഉള്ളിലെ ക്ഷമ നശിച്ചു. അവൻ അകത്തേക്ക് കയറി ചെന്നു. സന്ധ്യ അപ്പോൾ അവളുടെ ഡ്രസ്സുകൾ ഒക്കെ ബാഗിൽ നിറയ്ക്കുകയായിരുന്നു.
”നീ എങ്ങോട്ടാ ഈ രാത്രി?” മനോജ് ചോദിച്ചു.
”എനിക്ക് ഇവിടെ നിൽക്കാൻ വയ്യ മനോജേട്ടാ. ഒന്നുകിൽ ഞാൻ എന്റെ വീട്ടിലേക്ക് പോകും, അല്ലെങ്കിൽ വല്ല കിണറ്റിലും ചാ,ടും. ഇങ്ങനെ ജീവിക്കാൻ എനിക്ക് സൗകര്യമില്ല.”
അമ്മ അപ്പോഴും പുറത്ത് നിന്ന് ശാപവാക്കുകൾ ചൊരിയുന്നുണ്ടായിരുന്നു. “പോകുന്നെങ്കിൽ പോകട്ടെടാ, അവൾ പോയാൽ നിനക്ക് വേറെ നല്ല പെണ്ണിനെ അമ്മ കണ്ടെത്തി തരും.”
അതോടെ മനോജ് ഒരു കാര്യം ഉറപ്പിച്ചു. അവർ രണ്ടുപേരും ഒരുമിച്ച് ഒരിടത്ത് നിന്നാൽ ഒരിക്കലും തനിക്ക് സമാധാനം കിട്ടാൻ പോകുന്നില്ല എന്ന്.. സന്ധ്യ തനിക്ക് വേണ്ടി കുറെ അഡ്ജസ്റ്റ് ചെയ്യുന്നുണ്ട് എന്ന് അവന് അറിയാമായിരുന്നു.. അവൾക്ക് അവളുടെ അന്തസ്സ് വലുതാണ്.
അടുത്ത ദിവസം തന്നെ മനോജ് തന്റെ പെങ്ങളെ വിളിച്ചു. “മിനി, നീ ഒന്ന് വീട്ടിലേക്ക് വരണം. അമ്മയുടെ കൂടെ കുറച്ചുദിവസം നിൽക്കാൻ നിനക്ക് പറ്റുമോ? എനിക്ക് സന്ധ്യയെയും കൊണ്ട് ഒന്ന് മാറി നിൽക്കണം. ഇവിടെ ഇരുന്നാൽ കാര്യങ്ങൾ വഷളാകുകയേ ഉള്ളൂ.”
മിനി ആദ്യം സമ്മതിച്ചില്ലെങ്കിലും മനോജിന്റെ അവസ്ഥ കണ്ടപ്പോൾ അവൾ സമ്മതിച്ചു. അവൾ വന്ന് അമ്മയുടെ കൂടെ നിൽക്കാൻ തുടങ്ങി. അതിനുശേഷം സന്ധ്യയെയും കൊണ്ട് മനോജ് മാറി താമസിച്ചു.
ആദ്യം അമ്മ വലിയ പ്രശ്നം ഉണ്ടാക്കി. “എടാ, നീ അവളെയും കൊണ്ട് ഇറങ്ങിപ്പോയാൽ പിന്നെ ഈ വീട്ടിൽ ഞാൻ ഒറ്റയ്ക്കാവില്ലേ? നിന്നെ വളർത്തി വലുതാക്കിയതിന് എനിക്ക് കിട്ടിയ പ്രതിഫലമാണോ ഇത്?” അമ്മ നിലവിളിച്ചു.
മനോജ് അതൊന്നും കണ്ടില്ല എന്ന് നടിച്ചു… അവൻ ശാന്തമായി പറഞ്ഞു, “അമ്മേ, മിനി ഇവിടെ ഉണ്ടല്ലോ. എനിക്കും സന്ധ്യയ്ക്കും കുറച്ചു കാലം മാറി താമസിക്കണം. അല്ലെങ്കിൽ ഈ വീട് ഒരു നരകമാകും. അമ്മയ്ക്ക് പണമോ മരുന്നോ എന്ത് വേണമെങ്കിലും ഞാൻ എത്തിച്ചു തരും. പക്ഷെ കൂടെ താമസിക്കാൻ ഇപ്പോൾ കഴിയില്ല.”
അവർ ടൗണിന് അടുത്തുള്ള ഒരു ചെറിയ വാടകവീട്ടിലേക്ക് മാറി. സന്ധ്യയുടെ ജോലിസ്ഥലത്തേക്ക് അവിടെ നിന്ന് എളുപ്പമായിരുന്നു. ആദ്യത്തെ കുറച്ചു ദിവസങ്ങൾ വല്ലാത്തൊരു നിശബ്ദതയായിരുന്നു. മനോജിന് തന്റെ വീട് വിട്ടു വന്നതിൽ വിഷമം ഉണ്ടായിരുന്നു എങ്കിലും സന്ധ്യയുടെ മുഖത്തെ ആശ്വാസം കണ്ടപ്പോൾ അവൻ സന്തോഷിച്ചു.
അവൻ എന്നും വീട്ടിലേക്ക് പോകും. വൈകിട്ട് ജോലി കഴിഞ്ഞ് നേരെ അമ്മയുടെ അടുത്തേക്ക് എത്തും. അമ്മയ്ക്ക് ആവശ്യമുള്ള സാധനങ്ങളും മരുന്നും വാങ്ങി നൽകും. വീട്ടുവിശേഷങ്ങൾ അന്വേഷിക്കും. മിനിയോട് വീട്ടിലെ കാര്യങ്ങൾ ചോദിച്ചറിയും. അത് കഴിഞ്ഞ് സന്ധ്യയോടൊപ്പം വാടകവീട്ടിൽ താമസിക്കും…
ആദ്യം ഒക്കെ അമ്മ അവനോട് മിണ്ടാൻ പോലും കൂട്ടാക്കിയില്ല. “നീ ആ പെണ്ണിന്റെ കൂടെ പോയവനല്ലേ, എന്തിനാ ഇങ്ങോട്ട് വരുന്നത്?” എന്ന് അമ്മ ചോദിക്കുമായിരുന്നു. മനോജ് അതിനൊന്നും മറുപടി പറഞ്ഞില്ല. അവൻ ചിരിച്ചുകൊണ്ട് അമ്മയുടെ കാലു തിരുമ്മി കൊടുക്കും.
പതിയെ പതിയെ അമ്മ അവർ ആ ജീവിതവുമായി പൊരുത്തപ്പെട്ടു… തന്റെ മകൻ തന്നെ ഉപേക്ഷിച്ചിട്ടില്ല എന്നും, സമാധാനത്തിന് വേണ്ടിയാണ് അവൻ മാറി നിൽക്കുന്നത് എന്നും അമ്മയ്ക്ക് പതുക്കെ മനസ്സിലായി തുടങ്ങി. സന്ധ്യയും ഇടയ്ക്ക് ഫോണിൽ അമ്മയെ വിളിക്കാറുണ്ട്. നേരിട്ട് കാണുമ്പോൾ ഉള്ള ആ പഴയ ദേഷ്യം ഇപ്പോൾ ഫോണിലൂടെ സംസാരിക്കുമ്പോൾ ഇല്ല.
ഇപ്പോൾ എല്ലാവർക്കും മനസമാധാനം ഉണ്ട്… ഓരോരുത്തരും അവരവരുടെ കാര്യങ്ങൾ നോക്കി ജീവിക്കുന്നു.. മനോജിന് ജോലിയിൽ കൂടുതൽ ശ്രദ്ധിക്കാൻ കഴിയുന്നുണ്ട്. സന്ധ്യ സന്തോഷവതിയാണ്. അമ്മയും പഴയതുപോലെ വഴക്കിന് പോകാതെ ശാന്തയായിരിക്കുന്നു.
ചില തീരുമാനങ്ങൾ ജീവിതത്തിൽ എടുക്കേണ്ടത് അത്യാവശ്യമാണ് എന്ന് മനോജിന് തോന്നി. അത് ചിലപ്പോൾ ചിലരെ വേദനിപ്പിച്ചു എന്ന് വരാം എങ്കിലും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനേക്കാൾ നല്ലത് ഇതുപോലുള്ള ചെറിയ തീരുമാനങ്ങൾ ആണ്. സ്നേഹത്തെക്കാൾ ഉപരിയായി ഓരോരുത്തർക്കും അവരവരുടെ സ്വകാര്യതയും സമാധാനവും ആവശ്യമാണെന്ന് മനോജ് തിരിച്ചറിഞ്ഞു.
മാറി നിൽക്കുന്നത് ബന്ധങ്ങൾ തകർക്കാനല്ല, മറിച്ച് അവ നിലനിർത്താനാണെന്ന് ആ വീട് ഇപ്പോൾ അവനെ പഠിപ്പിച്ചു…
