അയാൾക്ക് പിന്നെയും അവളോട് എന്തൊക്കയോ പറയണമെന്നുണ്ടായിരുന്നു …അവൾക്കും എന്തൊക്കയോ അ൭യാളിൽ നിന്നും കേൾക്കണമെന്നും ….

മഞ്ഞ മന്ദാരങ്ങൾ ….

രചന:-നിവിയ റോയ്

മ്ലാന മുഖത്തോടു നിന്ന കാർമേഘം വിതുമ്പി തുടങ്ങിയപ്പോഴാണ് അയാൾ അവളുടെ പൂക്കടയുടെ ഇറയത്തേക്കു ഓടിക്കയറിയത് ….

അവൾ അപ്പോൾ ഫ്ലാസ്കിൽ നിന്നും സ്റ്റീൽ ഗ്ലാസ്സിലേക്കു ചൂടു ചായ പകരുകയായിരുന്നു …

ഒരു നേർത്ത പുഞ്ചിരി അവൾക്ക് നേരെ നീട്ടികൊണ്ടു
പെയ്തിറങ്ങുന്ന മഴയിലേക്ക് നോക്കി അയാൾ പറഞ്ഞു.

മകരത്തിലെ മഴയ്ക്ക് മരം കോച്ചും തണുപ്പാണ് …

അതുകേട്ട് അവൾ ചായ ഗ്ലാസ്സ് അയാൾക്കു നേരെ നീട്ടി …
തെല്ലും മടികൂടാതെ അയാൾ ആ ചായ ഗ്ലാസ്സ് വാങ്ങി
തന്റെ തണുത്തു തുടങ്ങിയ കൈവെള്ളയിൽ ഉരസിതണുപ്പകറ്റി ….

പുതിയ ആളാണെന്നു തോന്നുന്നു ?ഇതിനു മുൻപ് ഇവിടെ കണ്ടിട്ടില്ല …എന്താ ഇവിടെ ?

ചായ ഊതി കുടിക്കുന്ന അയാളെ നോക്കി അവൾ ചോദിച്ചു.

ഇവിടെ ഒരു പാലം പണിയാൻ വന്നതാണ്
കടയുടെ കിഴക്കുവശത്തെ കടവിലേക്ക് നോക്കി അയാൾ പറഞ്ഞു .

എനിക്ക് ഈ കടവും തോണിയുമൊക്കെ ആണ്
ഇഷ്ട്ടം ….

കടവിന്റെ ഓരത്തു പൂത്തുലഞ്ഞു നിൽക്കുന്ന പൊന്നശോക പൂവുകൾ മഴയുടെ പ്രഹരത്തിൽ മടിയോടെ കടവിൽ കൊഴിഞ്ഞു വീഴുന്നത് നോക്കി അവൾ പറഞ്ഞു.

എന്നാൽ ഞാൻ ഈ പാലം പണി വേണ്ടെന്നു വെയ്ക്കാം.

അയാൾ പറയുന്ന കേട്ട് അവൾ ചിരിച്ചു.

അവളുടെ ചിരിക്കു മുന്നിലിരിക്കുന്ന പൂക്കുടയിലെ മഞ്ഞ മന്ദാര പൂക്കളുടെ ചേലുണ്ടെന്ന് അയാൾക്ക് തോന്നി.

അയാളും അവളുടെ ചിരിയിൽ പങ്കു ചേർന്നു …ഒരുപാട് നാളായി പരിചയത്തിലുള്ള വളരെ അടുത്ത സുഹൃത്തുക്കളെപ്പോലെയാണ് അവർ പെരുമാറിയിരുന്നത്

അയാളുടെ ഇസ്തിരി ഇടാത്ത അലക്കിയിട്ടും വെളുക്കാത്ത നിറം മങ്ങിയ ഷർട്ടിന്റെ കോളറിലേക്കു കണ്ണോടിച്ചു കൊണ്ട് അവൾ ചോദിച്ചു

വീട്ടിൽ ആരൊക്കെയുണ്ട് …?

എന്റെ അമ്മയും …മകളും

ഭാര്യ …?

മൂന്ന് മാസം പ്രായമുള്ള മകളെ എന്നേ ഏൽപ്പിച്ചു അവൾ പോയി ….മഞ്ഞപ്പിത്തം ആയിരുന്നു …പിന്നെ ഞാൻ അമ്മ മനസ്സുള്ള ഒരച്ഛനായി ….ഒരേ സമയം മനസ്സുകൊണ്ട് കരയാനും പുറമേ ചിരിക്കാനും കഴിയുന്ന ഒരാൾ….

ഇപ്പോൾ മോൾക്ക് പതിനാലു വയസ്സ് …

അത് പറഞ്ഞു അയാൾ ചിരിച്ചു.

മനസ്സുകൊണ്ട് അയാൾ കരയുകയാവും.അവൾ ഓർത്തു.

പൊരുത്തം നോക്കിയില്ലായിരുന്നോ ?

പൂക്കുടകൾക്കിടയിൽ ഒളിപ്പിച്ച ചെറിയ വാൽകണ്ണാടിയിൽ, ചൊവ്വാ ദോഷം ചുമപ്പിക്കാത്ത തന്റെ സിന്തൂര രേഖ നോക്കിക്കൊണ്ടു അവൾ ചോദിച്ചു.

അതൊക്കെ നോക്കി നല്ല പൊരുത്തം ഉണ്ടായിരുന്നു ….

മനസ്സുകൊണ്ടും തമ്മിൽ നൂറ് പൊരുത്തം ആയിരുന്നു…

അവളെന്റെ കളികൂട്ടുകാരി കൂടി ആയിരുന്നു …

എന്നെ പൂർണ്ണമായും മനസ്സിലാക്കിയവൾ….

എന്റെ ഇഷ്ടങ്ങളെ സ്നേഹിച്ചവൾ…

എന്റെ കുറവുകൾ അറിഞ്ഞവൾ….

പല വർണ്ണങ്ങൾ നിറഞ്ഞ പൂക്കുടകളിലേക്കു നോക്കി അയാൾ അത് പറയുമ്പോൾ.ഒരു വസന്ത കാലത്തിന്റെ ഓർമ്മകൾ അയാളുടെ കണ്ണുകളിൽ വിരുന്നിനെത്തിയിരുന്നു ….

ആരോടും പറയാതെ മനസ്സിൽ ഇത്രയും നാൾ സൂക്ഷിച്ച സ്വകാര്യ സന്തോഷങ്ങൾ അവളുമായി കൈമാറുമ്പോൾ അയാൾ ഓർത്തു ….

ചില ബന്ധങ്ങൾ അങ്ങനെ ആണ് വർഷങ്ങൾ വേണമെന്നില്ല … നിമിഷങ്ങൾകൊണ്ട്
സുദൃഡമാകാറുണ്ട്.

മഴ തോർന്ന് അയാൾ മടങ്ങുമ്പോൾ പൂക്കുടയിൽ നിന്നും അവളുടെ അനുവാദം ഇല്ലാതെ ഒരുപിടി മുല്ല പൂമൊട്ടുകൾ അയാൾ വാരി എടുത്തു.

എന്റെ മോൾക്കാണ് ….

എടുത്തോളൂ ….ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു.

അയാൾ നടന്നു മറഞ്ഞിട്ടും അവളുടെ ചുണ്ടിൽ നിന്നും പുഞ്ചിരി മാഞ്ഞിരുന്നില്ല….

കുറച്ചു നാളുകൾ കഴിഞ്ഞു ചുവന്ന പൊടി ഉയർത്തിക്കൊണ്ടു പാലം പണിക്കുള്ള യന്ത്രങ്ങളും ആളുകളും എത്തി

അയാളെ കണ്ട് അവളുടെ കണ്ണുകളിൽ അതിശയം നിറഞ്ഞു…വാക്കുകളിൽ പരിഭവവും

എന്താ പിന്നെ വരാതിരുന്നത് ..?

വന്നില്ലെങ്കിലും എന്റെ അടുത്ത് എപ്പോളും
മഞ്ഞ മന്ദാരപൂവുകളുടെ വാസന ഉണ്ടായിരുന്നു

അത് കേട്ട് അവൾ ചിരിച്ചു …

അതുകൊണ്ടാവാം കുറച്ചു കൂടി ചെറുപ്പം ആയിട്ടുണ്ട്

അവളുടെ കളിവാക്കു കേട്ട് അയാളും ചിരിച്ചു

ഇപ്പോൾ മനസ്സുകൊണ്ടും ചിരിക്കാൻ അയാൾ തുടങ്ങിയിരുന്നു ….

എന്നും ഉച്ചക്ക് അയാൾ അവളുടെ കടയുടെ ചായിപ്പിൽ ഇരുന്നാണ് ഭക്ഷണം കഴിച്ചത്
അയാളുടെ പൊതിച്ചോറിൽ ആകെ ഉണ്ടാകുക
അച്ചാറും മുട്ട പൊരിച്ചതുമാണ് .

അവൾ ഇടക്കൊക്കെ അയാൾക്കു ഇഷ്ട്ടം ഉള്ള മാമ്പഴ പുളിശ്ശേരിയും പയറു തോരനും ഉണ്ടാക്കി കൊണ്ട് വരാറുണ്ടായിരുന്നു.

ആ ദിവസങ്ങളിൽ അയാൾ ആർത്തിയോടെ ചോറുവാരി ഉണ്ണുന്നത് അവൾ സംതൃപ്തിയോടെ നോക്കി ഇരിക്കാറുണ്ട്….

പാലം പണി പൂർത്തിയായി ….. വീട്ടിലേക്ക് പോകാൻ നേരം, പതിവ് പോലേ പൂക്കുടയിൽ നിന്നും ഒരു പിടി മുല്ലപ്പൂക്കൾ വാരി എടുക്കുമ്പോൾ അയാൾ പറഞ്ഞു .അമ്മയ്ക്കു പ്രായമായി.മോളെ ഒരു സുരക്ഷിതമായ കൈകളിൽ എത്രയും പെട്ടെന്ന് ഏൽപ്പിക്കണം.

ഇപ്പോൾ വീട്ടിൽ നിന്നും ഇറങ്ങിയാൽ സന്ധ്യ ആകുമ്പോൾ നെഞ്ചിൽ തീയാണ്. എത്രയും പെട്ടന്ന് വീടെത്താൻ ഒരു വെപ്രാളം.

അയാൾക്ക് പിന്നെയും അവളോട് എന്തൊക്കയോ പറയണമെന്നുണ്ടായിരുന്നു …
അവൾക്കും എന്തൊക്കയോ അയാളിൽ നിന്നും കേൾക്കണമെന്നും ….

യാത്ര പറഞ്ഞു പിരിയുമ്പോൾ അവളുടെ മിഴികൾ നിറഞ്ഞു തുളുമ്പി നിന്നിരുന്നു …

അയാളുടെ ചിരിക്കു ഭംഗി കുറഞ്ഞിരുന്നു…

വീണ്ടും എന്ന് വരുമെന്ന് അവൾ ചോദിച്ചില്ല…
വീണ്ടും വരാമെന്ന് അയാൾ പറഞ്ഞതുമില്ല …,

എങ്കിലും എന്നും അവർ പരസ്പരം ഓർത്തിരുന്നു…

പണിതുയർത്തുന്ന കെട്ടിടങ്ങളുടെയും പാലങ്ങളുടെയും നിഴലിൽ ഇരുന്ന് അയാൾ അവളെക്കുറിച്ചു ഓർത്തിരുന്നു …മനസ്സിൽ അവളോട് ഒരുപാട് കാര്യങ്ങൾ സംസാരിച്ചിരുന്നു …

മറുപടി എന്നോണം പൂവുകൾ വാഴനാറിൽ അടുക്കിക്കെട്ടുമ്പോൾ അവൾ ഊറി ചിരിച്ചിരുന്നു ….

പതിയെ പതിയെ പാലത്തിന്റെ പുതുമ നഷ്ടപ്പെട്ടു
തുടങ്ങി …

പിന്നീട് ഒരിക്കൽ അയാൾ അവിടെ വന്നു….

പാലത്തിലൂടെ തന്റെ കാർ ഓടിച്ചു വരുമ്പോൾ അയാൾ കണ്ടിരുന്നു …അവിടെ പുതിയ മൂന്നാല് കടകൾ …കൂട്ടത്തിൽ പഴയ രണ്ടു ചായക്കടയും ….

വലിയ ആൽമരം മേൽക്കൂരയാക്കി ചെറിയ ഒരു ഓട്ടോ സ്റ്റാൻഡ് തുടങ്ങി ഇരിക്കുന്നു…..

അവളുടെ പൂക്കടയുടെ തകരം കൊണ്ടുള്ള ഷീറ്റ് മാറ്റിയിട്ടുണ്ട്….

കാർ ആൽമരത്തിനു സമീപം പാർക്ക്‌ ചെയ്തു….
കടയുടെ ഇറയത്തേക്ക് അയാൾ നീങ്ങി നിന്നു

അവളുടെ ചെറിയ കണ്ണുകൾക്ക് അപ്രതീക്ഷിതമായി കടന്നു വന്ന അയാളെ ഉൾകൊള്ളാൻ ആവാതെ വിടർന്നു വന്നു…

അവളുടെ നിൽപ്പുകണ്ടു അയാൾ ചിരിച്ചു

അവളുടെ സിന്ദൂരത്തിൽ ചുവന്ന സീമന്ത രേഖയിൽ കണ്ണെത്തിയപ്പോൾ അയാളുടെ ചിരി നേർത്തു….

കല്യാണം കഴിഞ്ഞല്ലേ?

ഉം… അവൾ തലകുലുക്കി

മോള് എന്തു ചെയ്യുന്നു ?അവൾ ചോദിച്ചു

അവളുടെ കല്യാണവും കഴിഞ്ഞു ….

അവൾ മറുപടി ഒന്നും പറഞ്ഞില്ല.പകരം മുല്ലപ്പു മാല കെട്ടാൻ തുടങ്ങി

എന്താ ഇയാൾ എനിക്ക് വേണ്ടി കാത്തിരിക്കാതിരുന്നത്…?അയാൾ ചോദിച്ചു.

എന്നോട് കാത്തിരിക്കാൻ പറഞ്ഞിരുന്നോ?

അവൾ മറുചോദ്യം ചോദിച്ചു തല കുനിച്ചു മാല കെട്ട് തുടർന്നപ്പോളാണ് അവളുടെ കഴുത്തിലെ നീലിച്ച കൈവിരൽ പാടുകൾ അയാൾ കണ്ടത്

അയാളുടെ ഇടനെഞ്ചിൽ ഒരു വേദന കിനിഞ്ഞു….

ഭർത്താവ് എന്തു ചെയ്യുന്നു?

കൂലിപ്പണിയാണ്

മ,ദ്യപിക്കുമല്ലേ…?

ഉം …..അവൾ മൂളി

ഉപദ്രവിക്കാറുണ്ടല്ലേ ..?

ചിലപ്പോൾ….കുടിച്ചിട്ട് വരുമ്പോൾ ഞാൻ വഴക്കിടാറുണ്ട്. അപ്പോൾ ബോധം ഇല്ലതെ …. ശരീരത്തിലല്ലേ … അത് പിന്നെ മാഞ്ഞു പൊയ്ക്കോളും…. മനസ്സിൽ ഇതുവരെയും മുറിവ് ഏല്പിച്ചിട്ടില്ല …. എത്ര മദ്യപിച്ചാലും സ്വന്തം കുടിയിലേക്കുള്ള വഴി തെറ്റാറുമില്ല. അത് മതി….

തന്റെ കണ്ണിൽ ഉറഞ്ഞു കൂടിയ സഹതാപത്തെ അവൾ പരിഹസിച്ച പോലെ അയാൾക്ക്‌ തോന്നി…

നമുക്ക് പരിഹാരം കാണാൻ പറ്റാത്ത മറ്റുള്ളവരുടെ പ്രശ്നങ്ങൾ സഹതാപത്തോടെ നോക്കി കാണുന്നതിലും നല്ലത് കണ്ടില്ലെന്ന് നടിക്കുന്നതാണ് എന്ന്
അയാൾക്കു തോന്നി….

അന്നും പിരിയുമ്പോൾ അയാൾ ഒരുപിടി മഞ്ഞ മന്ദാര പൂവുകൾ വാരി എടുത്തു

ഇനി ഇതാർക്കാണ് ?അവൾ ചോദിച്ചു

എനിക്ക്…. അത് പറഞ്ഞു പൂവുകൾ വാസനിപ്പിച്ചുകൊണ്ട് തന്റെ ഷർട്ടിന്റെ പോക്കറ്റിലേക്ക് ഇടുമ്പോൾനിറം മങ്ങിയ ഒരു ചിരി അയാളുടെ ചുണ്ടിൽ നിന്നും കൊഴിഞ്ഞു വീണു…

ആ പൂവുകൾ അയാൾ തന്റെ മുറിയിൽ സൂക്ഷിച്ചു…. അയാളുടെ മുറിയിലാകെ മന്ദാര പൂക്കളുടെ മണം നിറഞ്ഞു നിന്നു.

അവ വാടിതുടങ്ങിയപ്പോൾ…. ഒരു പുസ്തകത്തിലാക്കി തലയിണ കീഴിൽ അയാൾ സൂക്ഷിച്ചു…

വീട്ടിൽ തളം കെട്ടി നിന്ന മൗനം തന്നെ കാർന്നു തിന്നാൻ തുടങ്ങിയപ്പോൾ …

ഒരിക്കൽ അയാൾ ആ പുസ്തകം തുറന്നു നോക്കി….

പൂവുകൾ വാടിക്കരിഞ്ഞു പുസ്തക താളുകളിൽ അടയാളം വീണിരിക്കുന്നു …

വാസനയും നഷ്ടപ്പെട്ടിരിക്കുന്നു…. വാടിയ പൂവുകൾ തന്റെ തോൾ സഞ്ചിയിൽ ഇട്ടു.പിന്നെ അലമാരയിൽ മടക്കി വെച്ചിരുന്ന ചന്ദന നിറത്തിലെ ഷർട്ടും കാവി മുണ്ടും ധരിച്ചു , പുറത്തിറങ്ങി വീട് പൂട്ടി.
ചുറ്റുമൊന്നു കണ്ണോടിച്ചു ….

മുറ്റത്തെ ഒതുക്കു കല്ലുകൾ ഇറങ്ങി താഴെ എത്തിയപ്പോഴാണ് അവൾ എതിരെ വരുന്നത് അയാൾ കണ്ടത് …മുഖം ചുവന്നു തുടുത്തിട്ടുണ്ട് …കൺപോളകൾ വീർത്തിരിക്കുന്നു …. അയാളെ കണ്ടതും അവളുടെ മിഴികൾ പെയ്തു
തുടങ്ങി … മുഖവുരയില്ലാതെ അവൾ പറഞ്ഞു

എന്റെ ഭർത്താവിന് പതിവായി കുടിയിലേക്കുള്ള വഴി തെറ്റി തുടങ്ങിയിരിക്കുന്നു….

എന്തു പറ്റി….? അയാൾ ചോദിച്ചു

ഞങ്ങൾക്ക് കുട്ടികൾ ഉണ്ടാവില്ലന്ന്…. കുറവ് എന്റേതാണ്…. ആർക്കും ഒരു ഭാരം ആവേണ്ടന്നു
തോന്നി …

ഞാൻ ഒരു യാത്ര പോകുവാണ് … ഒരു തീർത്ഥ യാത്ര
നിങ്ങളെ കണ്ട് യാത്ര പറയണം എന്ന് തോന്നി ….

അയാൾ അടച്ചു പൂട്ടിയ തന്റെ വീട്ടിലേക്കും പിന്നെ നീണ്ടു വളഞ്ഞു കിടക്കുന്ന ഇടവഴിയിലേക്കും തന്റെ കണ്ണുകൾ പായിച്ചു …

തുടർന്നു അവളുടെ നിറഞ്ഞു തുളുമ്പിയ മിഴികളിൽ നോക്കി ചോദിച്ചു …

നമ്മുക്ക് ഒന്നിച്ചൊരു യാത്ര തുടങ്ങിയാലോ …? തന്റെ തോൾ സഞ്ചിയുടെ വള്ളിയിൽ അവൾ തെരുവി പിടിച്ചു.

എന്നിട്ട് മറുപടി എന്നോണം അയാളുടെ കൈകളിൽ തന്റെ വിരലുകൾ കോർക്കുമ്പോൾ…. ഇടവഴിയിൽ വിരിയാൻ വെമ്പി നിന്ന മഞ്ഞ മന്ദാര പൂവുകൾ കാറ്റത്തുലഞ്ഞു അവിടമാകെ മണം പരന്നു ….

Leave a Reply

Your email address will not be published. Required fields are marked *