കരച്ചിലും അന്വേഷണവും നാട്ടുകാരിൽ പലരും കേട്ടും അറിഞ്ഞും അവരും അപ്പുവിനെ തിരഞ്ഞു. അവർക്കിടയിൽ പത്ത് വയസ്സുള്ള സൽമാൻ ഉമ്മയുടെ കൈപിടിച്ച് നിന്നു. അവൻ ആരെയും നോക്കില്ല……….

sad woman profile in dark head is put down, stressed young girl touching head and thinking

അപ്പൂസ്‌

എഴുത്ത്:-നവാസ് ആമണ്ടൂർ

അപ്പുവിനെ കാണുന്നില്ല. മുറ്റത്ത് സൽമാനുമായി കളിച്ചു നിന്നിരുന്നതാണ്. ഇപ്പൊ അവനെ കാണുന്നില്ല. നാല് വയസ്സുള്ള ചെക്കൻ എവിടെ പോകാനാണ്. വീടിന് ചുറ്റും നോക്കി. അപ്പുറത്തും ഇപ്പുറത്തും എല്ലാം നോക്കി. മാളു വാടിയ മുഖത്തോടെ പൂർണ്ണ ഗർഭിണിയായ അപ്പുവിന്റെ ‘അമ്മ സതിയുടെ അരികിൽ എത്തി. നാളെ ഹോസ്പിറ്റിലിൽ അഡ്മിറ്റാവാൻ തീയതി തീരുമാനിച്ചതാണ്. മോനെ കാണുന്നില്ലെന്ന് കേട്ടപ്പോ സതി കരച്ചിൽ തുടങ്ങി.സൽമാനും അവന്റെ ഉമ്മ ഫാത്തിമയും കുറച്ചു നേരായി അവിടെ വന്നിട്ട്. ഫാത്തിമ്മ സമാധാനിപ്പിക്കാൻ ശ്രമിച്ചിട്ടും സതിയുടെ കരച്ചിൽ തുടർന്നു.

കരച്ചിലും അന്വേഷണവും നാട്ടുകാരിൽ പലരും കേട്ടും അറിഞ്ഞും അവരും അപ്പുവിനെ തിരഞ്ഞു. അവർക്കിടയിൽ പത്ത് വയസ്സുള്ള സൽമാൻ ഉമ്മയുടെ കൈപിടിച്ച് നിന്നു. അവൻ ആരെയും നോക്കില്ല. ആരോടും ചിരിക്കില്ല.അവ്യക്തമായി മുറിച്ചു മുറിച്ചു വാക്കുകൾ തുന്നിക്കെട്ടി ഇടക്ക് എന്തെങ്കിലും സംസാരിക്കും. തനിച്ചെവിടെയും നിർത്തില്ല. ഉമ്മ അവരുടെ അരികിൽ നിന്നും മാറ്റി നിർത്താത്തതിന്റെ കാരണം പടച്ചവൻ അവന് ബുന്ദി നെൽകാത്താത് കൊണ്ടായിരിക്കും. ആരോടും സ്‌നേഹമോ അകൽച്ചയോ ഒന്നുമില്ലാതെ വാശിയോടെ ഇടക്ക് വരുന്ന കലി പിടിച്ചു നിർത്താൻ ഉമ്മാക്ക് മാത്രം കഴിയും.രണ്ട് ഇത്താത്തമാരുടെ അനിയനായി സൽമാൻ ജനിച്ചപ്പോൾ പടച്ചവൻ ഓട്ടിസമെന്ന പരീക്ഷണം കൂടെ നൽകി.

“അപ്പു വീടിന്റെ പടിഞ്ഞാറേ ഭാഗത്തെ കിണറ്റിൽ മരിച്ചു കിടക്കുന്നു”

കേട്ടവർ കിണറിന്റെ അരികിലേക്ക് ഓടി. സതി ബോധം കെട്ട് തളർന്ന് താഴെ വീണു. ആരോ എടുത്തു അവളെ വണ്ടിയിൽ കിടത്തി ഹോസ്പിറ്റലിലേക്ക്‌ കൊണ്ട് പോയി. കുറച്ചു നേരം കൊണ്ട് നാട്ടുകാർ മൊത്തം ആ വീട്ടിൽ തടിച്ചു ക്കൂടി. മരണം. അതും നാല് വയസ്സുള്ള കുട്ടി. കണ്ണീരും അടക്കം പറച്ചിലും നാട് ശോകമൂകമായി. കിണറിൽ അപ്പുവിന്റെ അരികിൽ അവന്റെ ബോളും കിടന്നിരുന്നു.

“ബൊളിനൊപ്പം വീണതാകും ചിലപ്പോ “

ഫാത്തിമ്മ സൽമാന്റെ കൈ പിടിച്ചു കിണറിന്റെ അരികിലേക്ക് വന്നു. ഒന്ന് നോക്കിയേയുള്ളൂ.കണ്ണ് വലിച്ചു. സൽമാൻ കിണറിലേക്ക് നോക്കി.. വിക്കി വിക്കി വാക്കുകൾ കൂട്ടിയിണക്കി.

“അപ്പൂ… വേഗം കയറിവാ… ബോൾ എടുക്കാനല്ലേ.. നിന്നെ കിണറ്റിലേക്ക് ഞാൻ ഇട്ടത്.. എന്നിട്ട് വെള്ളത്തിൽ കിടന്ന് ഉറങ്ങുന്നോ ?”

ചുറ്റുമുള്ളവർ അവന്റെ വാക്ക് കേട്ട് ഞെട്ടി. മുഖത്ത് ഭാവ വിത്യാസങ്ങൾ ഇല്ലാതെ സൽമാൻ. അരിശവും സങ്കടവും കടിച്ചമർത്തി താഴെ കിടന്ന വടിയെടുത്ത് ഫാത്തിമ അവനെ അ,ടിച്ചു.

“എന്തിനാടാ ആ മോനെ കൊ,ന്നത് “

പലവട്ടം വടി ആഞ്ഞു വീശി. അ,ടി കൊണ്ടിട്ടും പൊട്ടി ചോ,ര ഒലിച്ചിട്ടും കരയാതെ നിന്ന സൽമാനെ അവന്റെ ഇത്താത്തമാർ പിടിച്ചു വീട്ടിലേക്ക് കൊണ്ട് പോയി.

“അവനെ ഞാൻ കൊ,ല്ലും.. ഞാനും മ,രിക്കും.എനിക്ക് ഇനി ജീവിക്കണ്ട പടച്ചോനേ.. എന്തിനാ നീ എന്നെയിങ്ങനെ പരീക്ഷിക്കുന്നത്.. “

പൊട്ടിക്കരഞ്ഞു ഫാത്തിമ്മ വീട്ടിലേക്കോടി. നാട്ടുകാർ കാഴ്ചക്കാരായി. എന്ത് പറയണം എന്നറിയാതെ അപ്പുവിന്റെ വിയോഗത്തിൽ ദുഃഖിതരായവർ. തെറ്റും ശെരിയും അളന്നു നോക്കാൻ കഴിയില്ല. അപ്പുവിന് ദൈവം ഇത്ര അയൂസ്സ് കൊടുത്തിട്ടുള്ളൂ. പോലീസ് വന്നു അപ്പുവിനെ പുറത്തെടുത്തു. വാടിയ താമര തണ്ട് പോലെ ആ കുഞ്ഞി ശരീരം നീണ്ട നിദ്രയിൽ. ആ സമയം തന്നെയാണ് സതി ഒരു ആൺകുട്ടിയെ പ്രസവിച്ച വാർത്തയും എത്തിയത്.മരണത്തിന്റെ കരച്ചിലിൽ പിറന്ന് വീണ കൊച്ചിന്റെ കരച്ചിൽ കേട്ടില്ല സീത.

മറവി മനുഷ്യന് എല്ലാ സങ്കടങ്ങളും മറക്കാനുള്ള അനുഗ്രഹമാണ്. കാലങ്ങൾ ഒരുപാട് കടന്ന് പോയി. അപ്പു പോയ വിഷമം സതിയും കുടുംബവും മറന്നു. അപ്പുവിന് പകരം കിട്ടിയ മോനെ അപ്പൂസ് എന്ന്‌ വിളിച്ചു. ഇത്താത്തമാരുടെ തണലിൽ സൽമാനും വളർന്നു . വാശികൾ ഇല്ലാതെ മൗനമായി വളർന്ന അവനെ നോക്കാനും പരിചരിക്കാനും ഫാത്തിമ്മ ഇല്ല. എല്ലാവരും എല്ലാം മറന്നിട്ടും ഫാത്തിമാക്ക്‌ ഒന്നും മറക്കാൻ കഴിയാത്തത് കൊണ്ടാകും മനസ്സ് ശാന്തമാകാതെ ചിരിച്ചും കരഞ്ഞും പ്രാന്താശുപത്രിയുടെ സെല്ലിൽ ഇങ്ങിനെ ഇപ്പോഴും ജീവിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *