Story written by JK
“” അജിയേട്ടാ അലമാരയിൽ വച്ച എന്റെ ഗോൾഡിൽ ചിലത് കാണാനില്ല!!””
വെപ്രാളത്തോടെ വിദ്യ അത് വന്നു പറയുമ്പോൾ അവിടെ എവിടെയെങ്കിലും കാണും എന്ന് പറഞ്ഞ് അത് അത്ര കാര്യമായി എടുത്തില്ല അജി.
ഓഫീസിലേക്ക് പോകാൻ റെഡിയായി പൂമുഖത്ത് നിൽക്കുകയായിരുന്നു അവൻ.
ഫോണിൽ നോക്കിക്കൊണ്ടാണ് അവൻ മറുപടി പറഞ്ഞത്. വിദ്യയുടെ പരിഭ്രമം കണ്ടിട്ടും അവൻ തന്റെ പതിവ് ശാന്തത വിട്ടില്ല.
”” ഞാൻ കാര്യമായിട്ടാണ് പറഞ്ഞത് എന്റെ പാലക്കാ മാലയും പിന്നെ രണ്ട് ഒറ്റ വളയും കാണുന്നില്ല!””‘
അത് കേട്ടതും അവൾ വെറുതെ പറയുകയല്ല എന്ന് അജിക്ക് മനസ്സിലായി.
അവളുടെ ശബ്ദത്തിലെ ഇടർച്ചയും കണ്ണുകളിലെ ഭയവും കണ്ടപ്പോൾ അവൻ വേഗം മുറിയിലേക്ക് ചെന്നു.
അലമാരയുടെ ലോക്കർ തുറന്നു കിടക്കുകയായിരുന്നു. വസ്ത്രങ്ങളെല്ലാം വലിച്ചുവാരി ഇട്ട നിലയിലായിരുന്നു.
വിദ്യ വിറയ്ക്കുന്ന കൈകളോടെ വീണ്ടും വീണ്ടും അലമാരയ്ക്കുള്ളിൽ തിരഞ്ഞുകൊണ്ടിരുന്നു.
അവർ അവിടെ മുഴുവൻ പരതി. കട്ടിലിനടിയിലും മേശപ്പുറത്തും വസ്ത്രങ്ങളുടെ ഇടയിലുമെല്ലാം നോക്കി. എന്നാൽ എവിടെയും അത് ഉണ്ടായിരുന്നില്ല.
വിദ്യയുടെ ബഹളം കേട്ട് അജിയുടെ അമ്മയും ചേട്ടൻ വിജേഷും ചേട്ടത്തി രേഷ്മയും അങ്ങോട്ട് വന്നു.
കാര്യം അറിഞ്ഞപ്പോൾ മുതൽ എല്ലാവരും കുറ്റപ്പെടുത്തിയത് വിദ്യയെ ആണ്.
ഒട്ടും സീരിയസ്നസ് ഇല്ലാതെ എവിടെയെങ്കിലും കൊണ്ടുപോയി ഇട്ടിട്ടുണ്ടാകും എന്നാണ് എല്ലാവരും പറഞ്ഞത്.
പ്രത്യേകിച്ച് ഏട്ടത്തി രേഷ്മ മുന്നോട്ട് വന്ന് സംസാരിച്ചു.
“കഴിഞ്ഞദിവസം വിദ്യ അവളുടെ സ്വർണ്ണ മോതിരം ഊരി കുളിമുറിയിൽ വച്ചിട്ടുണ്ടായിരുന്നു. ഞാനാണ് അത് എടുത്തു കൊടുത്തത്. അതുപോലെ ഓരോ സ്ഥലത്ത് കൊണ്ടുപോയിട്ട് കളഞ്ഞതാവും,” എന്ന് പറഞ്ഞ് അവർ അവളെ കുറ്റപ്പെടുത്തി.
രേഷ്മയുടെ ഈ വാക്കുകൾ കേട്ടതോടെ വീട്ടിലെ ബാക്കി എല്ലാവരും അത് ഏറ്റുപിടിച്ചു.
പക്ഷേ ഒരിക്കലും ഗോൾഡ് അലക്ഷ്യമായി വയ്ക്കുന്ന സ്വഭാവം വിദ്യയ്ക്ക് ഉണ്ടായിരുന്നില്ല.
അവൾ അലമാര പൂട്ടിയില്ല എന്നുള്ള കാര്യം സത്യമാണ്. തിരക്കുകൾക്കിടയിൽ പലപ്പോഴും താക്കോൽ അലമാരയിൽ തന്നെ വയ്ക്കുന്ന പതിവ് അവൾക്കുണ്ടായിരുന്നു.
എന്നാൽ തന്റെ സ്വർണം എവിടെയാണ് ഇരിക്കുന്നത് എന്ന് അവൾക്ക് കൃത്യമായ ബോധ്യമുണ്ടായിരുന്നു.
അവളുടെ അച്ഛൻ അത്രയും കഷ്ടപ്പെട്ടാണ് ആ ഗോൾഡ് എല്ലാം അവർക്ക് വാങ്ങിക്കൊടുത്തത്.
ഒരു സാധാരണ കുടുംബത്തിലെ വരുമാനത്തിൽ നിന്ന് തന്റെ വിവാഹത്തിനായി അച്ഛൻ എടുത്ത കടങ്ങളും ബുദ്ധിമുട്ടുകളും വിദ്യയ്ക്ക് നന്നായി അറിയാമായിരുന്നു.
ആ ബോധം ഉള്ളതുകൊണ്ട്, ഓരോന്നും വെറുതെ പോലും അവൾ ധരിക്കാറില്ലായിരുന്നു.
ലോക്കറിൽ കൃത്യമായി സൂക്ഷിക്കുന്ന ശീലമാണ് അവൾക്കുണ്ടായിരുന്നത്.
എന്നിട്ടും വീട്ടുകാർ ആരും വിദ്യയെ വിശ്വസിച്ചില്ല.
എല്ലാവരും അവളെ കുറ്റപ്പെടുത്തി സംസാരിച്ചുകൊണ്ടിരുന്നു. ഏറ്റവും സങ്കടകരമായ കാര്യം, ഭർത്താവായ അജി പോലും അവളോട് മിണ്ടാതെ ആയി എന്നതാണ്.
അവൻ വിദ്യയെ പിന്തുണച്ചില്ല എന്ന് മാത്രമല്ല, അവളുടെ അശ്രദ്ധ കൊണ്ടാണ് ഇത് സംഭവിച്ചത് എന്ന് ഉറച്ചു വിശ്വസിച്ചു.
“ഇത്രയും ഉത്തരവാദിത്വം ഇല്ലാത്തവൾ എങ്ങനെ ഒരു കുടുംബം മുന്നോട്ടുകൂട്ടി കൊണ്ടുപോകും?” എന്ന് അമ്മായിയമ്മ വരെ അവളുടെ മുഖത്ത് നോക്കി ചോദിച്ചു.
ആ ചോദ്യം വിദ്യയുടെ നെഞ്ചിൽ തുളച്ചുകയറി. സ്വന്തം വീട്ടിൽ അവൾ ഒറ്റപ്പെട്ടതുപോലെയായി.
രണ്ടു ദിവസം കഴിഞ്ഞ് വിദ്യയുടെ വീട്ടിൽ നിന്ന് അച്ഛൻ മകളെ കാണാൻ വന്നപ്പോൾ അവൾ അച്ഛനെ കെട്ടിപ്പിടിച്ച് കരഞ്ഞു.
താൻ ഒന്നും ചെയ്തിട്ടില്ലെന്നും സ്വർണം അശ്രദ്ധമായി കളഞ്ഞിട്ടില്ലെന്നും അവൾ കരഞ്ഞു പറഞ്ഞു.
അച്ഛൻ അവളെ സമാധാനിപ്പിച്ചു. മകളുടെ സ്വഭാവം നന്നായി അറിയാവുന്നതുകൊണ്ട് അച്ഛന് അവളെ വിശ്വാസമായിരുന്നു.
“സാരമില്ല മോളേ, പോയത് പോട്ടെ, വിഷമിക്കണ്ട. സത്യം എപ്പോഴായാലും പുറത്തുവരും,” എന്ന് പറഞ്ഞ് അദ്ദേഹം വിദ്യയെ ആശ്വസിപ്പിച്ചു.
അച്ഛൻ നൽകിയ ആ വാക്കുകൾ മാത്രമാണ് വിദ്യയ്ക്ക് ആകെ ഉണ്ടായിരുന്ന ആശ്വാസം.
അങ്ങനെ ദിവസങ്ങൾ കടന്നുപോയി. വീട്ടിലെ അന്തരീക്ഷം വിദ്യയ്ക്ക് ഒട്ടും അനുകൂലമായിരുന്നില്ല.
എല്ലാവരും അവളെ ഒരു കുറ്റക്കാരിയെപ്പോലെയാണ് കണ്ടിരുന്നത്.
അങ്ങനെയിരിക്കുമ്പോൾ ആണ് ഒരു ദിവസം വിദ്യ വീട് വൃത്തിയാക്കുന്നതിന്റെ ഭാഗമായി ഏട്ടത്തി രേഷ്മയുടെ മുറിയിൽ കയറിയത്.
രേഷ്മ ആ സമയത്ത് കുളിക്കാൻ പോയിരിക്കുകയായിരുന്നു.
കട്ടിലിനടുത്തുള്ള ചെറിയ മേശപ്പുറത്തിരുന്ന ചില പേപ്പറുകൾ മാറ്റിവയ്ക്കുന്നതിനിടയിൽ ഒരു ജ്വല്ലറിയുടെ ബില്ല് വിദ്യയുടെ ശ്രദ്ധയിൽ പെട്ടു.
കൗതുകം കൊണ്ട് അവൾ അത് എടുത്തു നോക്കി. അത് ഈ അടുത്ത ദിവസങ്ങളിൽ ജ്വല്ലറിയിൽ ഗോൾഡ് കൊണ്ടുപോയി വിറ്റതിന്റെ ഒരു ബില്ല് ആയിരുന്നു.
അതിലെ വിവരങ്ങൾ വായിച്ച വിദ്യ ഞെട്ടിപ്പോയി. മൂന്നര പവൻ വരുന്ന ഒരു മാലയും ഓരോ പവന്റെ രണ്ട് വളകളും ആണ് അതിൽ ഉണ്ടായിരുന്നത്.
അത് കൃത്യമായി തന്റെ നഷ്ടപ്പെട്ട അതേ സ്വർണത്തിന്റെ അളവും തൂക്കവും ആയിരുന്നു.
തന്റെ പാലക്കാ മാലയും വളകളും രേഷ്മയാണ് എടുത്തത് എന്ന് വിദ്യയ്ക്ക് മനസ്സിലായി.
വിദ്യയുടെ ഉള്ളിൽ ദേഷ്യവും സങ്കടവും ഒരുമിച്ച് വന്നു. ഇത്രയും ദിവസം താൻ അനുഭവിക്കേണ്ടി വന്ന അപമാനങ്ങൾക്കെല്ലാം കാരണം ഈ രേഷ്മയാണല്ലോ എന്ന് അവൾ ഓർത്തു.
അവൾ ആ ബില്ലും എടുത്തു കൊണ്ട് എല്ലാവരുടെയും മുന്നിൽ പോയി നിന്നു.
അപ്പോഴേക്കും ഏട്ടൻ വിജേഷ് ജോലി കഴിഞ്ഞു വീട്ടിൽ വന്നിട്ടുണ്ടായിരുന്നു. അയാൾ വരുന്നതുവരെ വിദ്യ ഹാളിൽ തന്നെ കാത്തിരുന്നു.
എല്ലാവരും അവിടെ ഒത്തുകൂടിയ സമയം നോക്കി വിദ്യ ആ ബില്ല് വിജേഷിന്റെ മുന്നിലേക്ക് നീട്ടി.
അയാളുടെ മുന്നിൽ വച്ച്, “അയാളുടെ ഭാര്യയാണ് ഇത്, എന്റെ സ്വർണം മോഷ്ടിച്ചത്,” എന്ന് വിദ്യ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
ഇത് കേട്ടതും വിജേഷിന് വല്ലാതെ ദേഷ്യം വന്നു. തന്റെ ഭാര്യയെക്കുറിച്ച് ഇങ്ങനെ ഒരു മോശം കാര്യം കേൾക്കാൻ അയാൾ തയ്യാറായിരുന്നില്ല.
തെളിവില്ലാതെ സംസാരിക്കരുത് എന്ന് പറഞ്ഞ് അയാൾ വിദ്യയെ ത,ല്ലാൻ ആഞ്ഞു വന്നു.
എന്നാൽ വിദ്യ ഒട്ടും ഭയന്നില്ല. തെളിവിനായി തന്റെ കയ്യിലിരിക്കുന്ന ജ്വല്ലറി ബില്ല് അവൾ എല്ലാവരെയും കാണിച്ചു.
വിജേഷ് ആ ബില്ല് വാങ്ങി നോക്കി. അതിൽ സ്വർണം വിറ്റ ആളുടെ പേരിന്റെ സ്ഥാനത്ത് ‘രേഷ്മ’ എന്ന് വ്യക്തമായി എഴുതിയിട്ടുണ്ടായിരുന്നു.
വിദ്യയുടെ സ്വർണ്ണത്തിന്റെ അതേ അളവ് അതിൽ കണ്ടപ്പോൾ വിജേഷിന്റെ നോട്ടം രേഷ്മയ്ക്ക് നേരെയായി.
ജ്വല്ലറിയിൽ യാതൊരു ഇടപാടും ഇപ്പോൾ അടുത്തകാലത്ത് ഒന്നും തന്റെ ഭാര്യ തന്റെ അറിവോടുകൂടി നടത്തിയിട്ടില്ല എന്ന് വിജേഷിന് നന്നായി അറിയാമായിരുന്നു.
സാമ്പത്തിക കാര്യങ്ങളെല്ലാം വിജേഷ് തന്നെയാണ് നോക്കിയിരുന്നത്.
പിന്നെ ഇത് എന്താണ് എന്ന് അവൻ രേഷ്മയുടെ മുഖത്ത് നോക്കി വളരെ ദേഷ്യത്തോടെ ചോദിച്ചു.
രേഷ്മ ഭയം കൊണ്ട് വിറയ്ക്കാൻ തുടങ്ങി. അവൾ ഒന്നും മിണ്ടാതെ തലതാഴ്ത്തി നിന്നു.
അജി ഒന്നും മിണ്ടാതെ ഇതെല്ലാം നോക്കിക്കൊണ്ട് അവിടെ നിൽക്കുകയായിരുന്നു.
തന്റെ ഭാര്യ നിരപരാധിയാണെന്ന് മനസ്സിലായതിന്റെ കുറ്റബോധം അജിയുടെ മുഖത്ത് ഉണ്ടായിരുന്നു.
തുടർച്ചയായി ചോദ്യങ്ങൾ ചോദിച്ചിട്ടും രേഷ്മ മറുപടി പറയാതിരുന്നപ്പോൾ വിജേഷിന് നിയന്ത്രണം നഷ്ടപ്പെട്ടു.
ഒടുവിൽ വിജേഷ് രേഷ്മയുടെ ക,വിളത്ത് രണ്ടെണ്ണം പൊ,ട്ടിച്ചു. അ,ടി കിട്ടിയതോടെ രേഷ്മയുടെ നിയന്ത്രണം വിട്ടു.
അവൾ കരഞ്ഞുകൊണ്ട് തത്ത പറയും പോലെ സത്യങ്ങളെല്ലാം വിളിച്ചു പറഞ്ഞു.
രേഷ്മയും ഒരു ബസ് ഡ്രൈവറും തമ്മിൽ പണ്ട് വിവാഹത്തിന് മുൻപ് പ്രണയം ഉണ്ടായിരുന്നു.
ആ ബന്ധം വീട്ടിൽ അറിഞ്ഞപ്പോൾ വീട്ടുകാർ അവളെ ഭീഷണിപ്പെടുത്തുകയും നിർബന്ധിച്ച് വിജേഷുമായി കല്യാണം കഴിപ്പിച്ച് വിടുകയുമായിരുന്നു.
പിന്നെ അയാളെ പറ്റി ഒരു വിവരവും ഉണ്ടായിരുന്നില്ല,. എന്നാൽ ഇപ്പോൾ അയാൾ വീണ്ടും അവളെ കാണാൻ വന്നു.
പണ്ട് അവർ തമ്മിൽ കെട്ടിപ്പിടിച്ചും മറ്റും എടുത്ത ചില ഫോട്ടോസ് അയാളുടെ കയ്യിൽ ഉണ്ടായിരുന്നു.
ആ ഫോട്ടോകൾ വിജേഷിന് കാണിച്ചുകൊടുക്കും എന്ന് പറഞ്ഞ് അയാൾ രേഷ്മയെ ഭീഷണിപ്പെടുത്താൻ തുടങ്ങി.
അങ്ങനെ വിജേഷ് അറിയാൻ പാടില്ല എന്നുണ്ടെങ്കിൽ വലിയൊരു തുക പണം ആവശ്യപ്പെട്ടു.
ആ ബസ് ഡ്രൈവർക്ക് കൊടുക്കാൻ വേണ്ടി പണം കണ്ടെത്താൻ മറ്റ് വഴികളില്ലാത്തതുകൊണ്ടാണ് അവൾ അലമാരയിൽ നിന്നും വിദ്യയുടെ സ്വർണം മോഷ്ടിച്ചതും അത് ജ്വല്ലറിയിൽ കൊണ്ടുപോയി വിറ്റതും.
അവളുടെ വായിൽ നിന്ന് സത്യം കേട്ടതും വിദ്യ മുന്നോട്ടുവന്നു. രേഷ്മയുടെ മുഖത്തേക്ക് നോക്കി അവൾ ഒരെണ്ണം പൊട്ടിച്ചു
എല്ലാവരും അത് കണ്ട് സ്തംഭിച്ചു നിന്നു.
വിദ്യ രേഷ്മയോട് ദേഷ്യത്തോടെ പറഞ്ഞു:
“ഒരുപക്ഷേ നിങ്ങൾ എന്റെ സ്വർണം എടുത്തത് മാത്രമാണ് ചെയ്തത് എങ്കിൽ ഞാൻ ചിലപ്പോൾ ത,ല്ലില്ലായിരുന്നു.
അത് നമ്മുടെ കുടുംബത്തിലെ ഒരു പ്രശ്നമായി കണ്ട് ഞാൻ ക്ഷമിച്ചേനെ. പക്ഷേ സ്വർണം എടുത്തിട്ട് ഒരു ഉളുപ്പുമില്ലാതെ അത് എന്റെ ഉത്തരവാദിത്വം ഇല്ലായ്മ ആക്കി നിങ്ങൾ മാറ്റി.
ഞാൻ അത് എവിടെയോ കളഞ്ഞുപോയി എന്ന് വരുത്തിത്തീർത്തു.
എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോഴും നിങ്ങൾ നോക്കിനിന്ന് ചിരിക്കുകയായിരുന്നു.
അന്ന് ഞാൻ അനുഭവിച്ച മാനസിക വിഷമം നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാവില്ല.
എന്റെ അച്ഛൻ വന്നപ്പോൾ ഞാൻ കരഞ്ഞ ആ കരച്ചിലിനുള്ള മറുപടിയാണ് ഈ അ,ടി.”
രേഷ്മ ചെയ്ത തെറ്റ് വളരെ വലുതായിരുന്നു. ആ സമയത്ത് രേഷ്മ രണ്ടാമതും ഗർഭിണിയായിരുന്നു.
അതുകൊണ്ട് വിജേഷിന് അവളെ പൂർണ്ണമായി ഉപേക്ഷിക്കാൻ മനസ്സുവന്നില്ല.
ജനിക്കാൻ പോകുന്ന കുഞ്ഞിനെ ഓർത്ത് അയാൾക്ക് ചില തീരുമാനങ്ങൾ എടുക്കേണ്ടി വന്നു.
പക്ഷേ പണ്ടത്തെപ്പോലെ അയാൾക്ക് അവളെ സ്നേഹിക്കാനും വിശ്വസിക്കാനും കഴിയില്ലായിരുന്നു.
അവളുടെ ഭൂതകാലവും അവൾ ചെയ്ത മോചനമില്ലാത്ത ഈ തെറ്റും വിജേഷിന്റെ മനസ്സിൽ വലിയ മുറിവുണ്ടാക്കി.
ഇനിയും ആ വീട്ടിൽ ഒരുമിച്ച് താമസിച്ചാൽ കുടുംബത്തിൽ ഓരോ പ്രശ്നങ്ങൾ ഉണ്ടാകും എന്ന് വിജേഷിന് തോന്നി.
അതുകൊണ്ട് അവളെയും വിളിച്ചുകൊണ്ട് അയാൾ ആ വീടിന്റെ പടി ഇറങ്ങി ഒരു വാടക വീട്ടിലേക്ക് മാറിത്താമസിക്കാൻ തീരുമാനിച്ചു.
ഈ സംഭവങ്ങൾക്കെല്ലാം ശേഷം വീട്ടിൽ എല്ലാവർക്കും വിദ്യയോട് വലിയ സങ്കടവും അനുതാപവും തോന്നി.
അജിയോട് വിദ്യയ്ക്ക് വലിയ ദേഷ്യം ഉണ്ടായിരുന്നു. മറ്റുള്ളവർ കുറ്റപ്പെടുത്തിയത് പോട്ടെ, സ്വന്തം ഭർത്താവായിരുന്നിട്ടും ഒരു പ്രശ്നം വന്നപ്പോൾ തന്റെ ഭാഗം നിൽക്കാത്തതും തന്നെ വിശ്വസിക്കാതിരുന്നതും വിദ്യയ്ക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.
അജിക്ക് തന്റെ തെറ്റ് മനസ്സിലായി. അവൻ വിദ്യയുടെ അടുത്തുചെന്ന് അവളോട് ആത്മാർത്ഥമായി മാപ്പ് പറഞ്ഞു.
വിദ്യയുടെ വിഷമങ്ങളും അവളുടെ മാനസികാവസ്ഥയും താൻ മനസ്സിലാക്കാതെ പോയതിൽ അവൻ ഖേദിച്ചു.
വിദ്യ കുറെയേറെ ചിന്തിച്ചു. അജിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച വലുതാണെങ്കിലും, അയാൾക്ക് തന്റെ തെറ്റ് പൂർണ്ണമായും ബോധ്യപ്പെട്ടു എന്ന് അവൾക്ക് മനസ്സിലായി.
ഒടുവിൽ അവൾ അജിയോട് ക്ഷമിച്ചു. അങ്ങനെ ആ കുടുംബത്തിലെ വലിയൊരു പ്രശ്നത്തിന് അവസാനമായി.
