Story written by RJ
അജിയേട്ടാ അലമാരയിൽ വച്ച എന്റെ ഗോൾഡിൽ ചിലത് കാണാനില്ല!!””
“നിനക്ക് ഇന്ന് പോവാതിരുന്നൂടേ ലതേ..?
അഴക്കോടെ സാരി ഞൊറിവെടുത്ത് കൃത്യം പൊക്കിളിനു താഴെയായ് കുത്തുകയായിരുന്ന ലത സഹദേവന്റെ ആ ചോദ്യം കേട്ടതും അയാളെ നെറ്റി ചുളിച്ചൊന്നു നോക്കി
ഇന്ന് പോവാ..തിരുന്നൂടേന്ന് ചോദിച്ചതാണ് ഞാൻ….
താൻ ചോദിച്ചത് ഒന്നുകൂടി ആവർത്തിച്ചവളോട് പറയുമ്പോൾ ആദ്യം ചോദിച്ചത്ര എടുപ്പില്ലായിരുന്നു സഹദേവന്റെ ശബ്ദത്തിന്…
“ഇന്ന് പോയില്ലെങ്കിൽ നാളെ പോവും ഞാൻ അത്രയേ ഉള്ളു… അങ്ങനെ മതിയെങ്കിൽ ഇന്നത്തെ പോക്ക് ഞാൻ വേണ്ടാന്നു വെക്കാം… എന്തു വേണമെന്ന് ചിന്തിച്ച് പറഞ്ഞോ… എന്റെ തീരുമാനത്തിൽ പക്ഷെ മാറ്റമില്ല… “
ഒട്ടും ചിന്തിക്കാതെയൊരു മറുപടി ലത സഹദേവന് നൽകിയതും പിന്നീടവളോടെന്തു പറയണമെന്നറിയാതെ വെറുതെ ആ മുറിയിൽ കണ്ണോടിച്ചു നിന്നു സഹദേവൻ ഒരു നിമിഷം..
ലതയുടെ ആകാര വടിവിലും മേനിക്കൊഴുപ്പിലുമെല്ലാം നോട്ടം ചെന്നെത്തുപ്പോൾ പതിവുപോലെ വല്ലാതെ അസ്വസ്ഥനായ് തീർന്നു സഹദേവൻ…
അവളെ എവിടേക്കും പറഞ്ഞയക്കാതെ തനിയ്ക്കുള്ളിൽ പൊതിഞ്ഞു പിടിക്കാനുള്ള ത്വരയുണർന്നു സഹദേവനിൽ പലപ്പോഴുമാ നോട്ടത്തിലെങ്കിലും ലതയുടെ ഗൗരവം തുടിയ്ക്കുന്ന മുഖവും അതിൽ നിറഞ്ഞു നിൽക്കുന്ന ഭാവവും അയാളെ അതിൽ നിന്ന് പിന്നോക്കം വലിച്ചു..
അവനെയോ അവന്റെ പ്രവർത്തികളെയോ ശ്രദ്ധിക്കാതെ ലത തന്റെ നീണ്ട മുടിയിഴകൾ ഭംഗിയിൽ മെടഞ്ഞിട്ട് അതിൽ നേരത്തെ വാങ്ങി വെച്ച മുല്ല മാല ചൂടിയൊന്നു വാസനിച്ചതും അവളിൽ തങ്ങി നിന്ന സഹദേവന്റെ കണ്ണുകൾ നീറി തുടങ്ങി
കണ്ണെഴുതി പൊട്ടു തൊട്ട് ഒരുക്കം പൂർത്തിയാക്കിയെന്നുറപ്പിച്ചു ലതയെങ്കിൽ സഹദേവന്റെ നോട്ടം അവളുടെ ഒഴിഞ്ഞ സീമന്തരേഖയിലേക്കാണ്…
കുറച്ചു മുമ്പ് ലത കുളിക്കാൻ കയറും വരെ അവളുടെ സീമന്തരേഖ ചുമപ്പിച്ച് നേർത്ത സിന്ദൂരപൊടിയവിടെ നിറഞ്ഞു നിന്നിരുന്നുവെങ്കിൽ ഇപ്പോഴവിടെ അതിന്റെ യാതൊരു അവശേഷിപ്പുമില്ലെന്ന് നെഞ്ചു പിടയുന്ന നോവോടെ അറിഞ്ഞു സഹദേവൻ…
“ലത കുഞ്ഞേ മഹിമോന്റെ കാറു വന്നു… കുഞ്ഞിനോട് വേഗം ചെല്ലാൻ പറഞ്ഞു.. “
ജോലിക്കാരി റൂമിനു വെളിയിൽ നിന്ന് പറഞ്ഞത് ഈർച്ചവാൾപോലെ കീറി മുറിച്ചത് സഹദേവന്റെ ഹൃദയത്തെയാണ്… പിടഞ്ഞയാൾ നൊന്തിട്ടെന്നവണ്ണം…
എത്ര നിയന്ത്രിച്ചിട്ടും കവിഞ്ഞൊഴുക്കുക തന്നെ ചെയ്തു സഹദേവന്റെ മിഴികൾ…
അയാളുടെ ആ നിറഞ്ഞ മിഴികളിലേക്ക്, ദയനീയമായ നോട്ടത്തിലേക്ക് തന്നിലെ സ്ഥായി ഭാവമായ നിസംഗതയോടെ ലതയൊന്നു നോക്കി..
പിന്നെ സാവധാനം അയാളിൽ നിന്ന് നോട്ടം മാറ്റാതെ തന്നെ കഴുത്തിൽ കിടന്ന സഹദേവൻ കെട്ടിയ താലിമാല ശ്രദ്ധാപൂർവ്വം ഊരിയെടുത്ത് മടക്കി പിടിച്ചിരുന്ന സഹദേവന്റെ വലം കൈ നിവർത്തി അതിലേക്ക് വെച്ചു കൊടുത്തവൾ…
താൻ കെട്ടിയ താലിയില്ലാതെ, താനണിയിച്ച സിന്ദൂരമില്ലാതെ തനിയ്ക്കരികിൽ നിന്ന് മഹിയുടെ കാറിനടുത്തേക്ക് നടക്കുന്നവളെ നോക്കാൻ കഴിയാതെ മിഴികൾ ഇറുക്കെ പൂട്ടി മുറി വാതിൽക്കൽ ചാരി നിന്നു സഹദേവൻ…
സ്വർണ്ണേ…..
ലതയെ മഹി വിളിക്കുന്നതും അതിന് വിളി കേട്ട് ലത പൊട്ടിച്ചിരിക്കുന്നതും കേട്ടതോടെ പിടപ്പേറി സഹദേവന്റെയുള്ളിൽ..
ഓടി പിടഞ്ഞയാൾ പൂമുഖത്തെത്തിയതും കണ്ടു മുഖം നിറഞ്ഞ ചിരിയോടെ മഹിയെ കണ്ണെടുക്കാതെ നോക്കി നിൽക്കുന്ന ലതയെ…
തന്റെ മുന്നിലിന്നേ വരെ തെളിഞ്ഞും ചിരിച്ചും കാണാത്ത ലതയുടെ ആ ഭാവങ്ങളെല്ലാം മിഴി കൊണ്ട് ആർത്തിയോടെ ഒപ്പിയെടുത്തു സഹദേവൻ…
“എന്റെ സ്വർണ്ണമിന്ന് കൂടുതൽ സുന്ദരിയാണ് ട്ടോ… കണ്ണെടുക്കാൻ തോന്നുന്നില്ല എനിയ്ക്ക്…
മഹിയുടെ നനുത്ത ശബ്ദത്തിലുള്ള മാന്ത്രിക സ്വരത്തിൽ പൂത്തുലഞ്ഞു നിൽക്കുന്ന ലതയെ വീണ്ടുമൊന്നുക്കൂടി നോക്കാൻ കഴിയാതെ തിരിഞ്ഞു നടന്നകത്തേയ്ക്ക് സഹദേവൻ…
അതേസമയം തന്നെ ലതയെ വഹിച്ചുകൊണ്ടവിടെ നിന്ന് നീങ്ങിയിരുന്നു മഹിയുടെ കാർ…
സ്വർണ്ണലതയെന്ന തന്റെ ഭാര്യയെ സ്വർണ്ണേന്ന് വിളിക്കാൻ ഈ ഭൂമിയിൽ മഹിയെന്ന അവനു മാത്രമേ അവകാശമുള്ളു
തന്നെക്കാൾ മുന്നേ തന്റെ ഭാര്യയുടെ മനസ്സിലും, ശരീരത്തിലും ആധിപത്യം നേടിയവൻ… മഹി
സ്വർണ്ണലതയുടെ മാത്രം മഹിയും മഹിയുടെ മാത്രം സ്വർണ്ണയും….
:എന്തു നേടി സഹദേവാ നീ അവളെ ബലമായ് സ്വന്തമാക്കിയിട്ട്….?
തിരികെ മുറിയിലെത്തി തന്റെ പ്രതിബിംബം കണ്ണാടിയിലൂടെ കണ്ടതും സ്വയം ചോദിച്ചു പോയ് സഹദേവൻ
മറ്റൊരുവനെ സ്നേഹിക്കുന്ന ഒരുവളായിട്ടും, അവളുടെ മനസ്സിനും ശരീരത്തിനും തന്നെക്കാൾ മുന്നേയൊരുവൻ അവകാശിയായ് ഉണ്ടെന്നറിഞ്ഞിട്ടും അവളുടെ വീട്ടുക്കാരെ പണം നൽകി സ്വാധീനിച്ച് അവളെ സമ്മർദ്ദത്തിലാക്കി ബലമായ് താലിക്കെട്ടിയവളെ സ്വന്തമാക്കിയിട്ട് എന്തു നേടി സഹദേവാ നീ…
മനസാക്ഷി സ്വയം ചോദിച്ച ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ലാതെ നിന്നയാൾ…
സ്വർണ്ണ ലതയുടെ സൗന്ദര്യം സഹദേവന്റെ ഞരമ്പിൽ ല,ഹരി പോലെ പടർന്നതുകൊണ്ടു മാത്രമാണ് വാശിപ്പിടിച്ച് അയാൾ അവളെ നേടിയത്, അതും അവളാഗ്രഹിച്ച അവളുടെ ജീവിതം തച്ചുടച്ച് കൊണ്ട്….
മഹിയിൽ നിന്ന് സ്വർണ്ണലതയെ പണം കൊണ്ടും സ്വാധീനം കൊണ്ടും സഹദേവൻ അടർത്തി മാറ്റിയിട്ട് വർഷം പത്തു കഴിഞ്ഞിട്ടും അയാൾക്കവളുടെ ശരീരമല്ലാതെ മനസ്സു സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ലിതുവരെ.. ലതയുടെ മനസ്സിപ്പോഴും മഹിയ്ക്കൊപ്പമാണ്…
സഹദേവന്റെ ഭാര്യയായ് തീർന്നിട്ടും ,തന്റെ ശരീരം സഹദേവൻ ബലമായ നേടിയെടുത്തിട്ടും തളരാതെ ലത പിടിച്ചു നിൽക്കുന്നത് വർഷത്തിലൊരിക്കൽ മാത്രമവൾ കണ്ടുമുട്ടുന്ന മഹിയ്ക്ക് വേണ്ടിയാണ്
ആരെത്ര എതിർത്തിട്ടും കഴിഞ്ഞ പത്തു വർഷമായിട്ട് ലതയും മഹിയും മാറ്റാത്ത ഒരേയൊരു കാര്യമാണത്
തന്റെ താലിയും സിന്ദൂരവും ഒരു ദിവസത്തേക്ക് ഉപേക്ഷിച്ച് മഹിയ്ക്കൊപ്പം പോവുന്ന ലതയെ തടയാൻ ഇന്നേ വരെ സഹദേവന് കഴിഞ്ഞിട്ടില്ല…
അങ്ങനെ അവളെ അയാൾ തടയുന്ന നിമിഷം എന്നേക്കുമായവൾ തന്നെ തള്ളി പറഞ്ഞവിടെ നിന്നിറങ്ങുമെന്നുറപ്പാണ് സഹദേവന്…
വിജനമായ ബീച്ചിൽ മഹിയ്ക്കൊപ്പമിരുന്ന് തങ്ങളുടെ ഒരു വർഷത്തെ വിശേഷങ്ങൾ പങ്ക് വെയ്ക്കുമ്പോൾ ലതയ്ക്കും മഹിയ്ക്കും വല്ലാത്തൊരു തിടുക്കവും പരവേശവുമായിരുന്നു
പകൽ രാത്രിയ്ക്ക് വഴിമാറിയതും ഹോട്ടൽ മുറിയിൽ ര,തിയാലസ്യത്തിൽ മഹിയുടെ നെഞ്ചോരം ചാഞ്ഞു കിടക്കുമ്പോൾ ലതയിൽ തന്റെ പ്രവർത്തിയോർത്ത് യാതൊരു കുറ്റബോധവും അവശേഷിച്ചിരുന്നില്ല…
മഹിയുടെ മാത്രമായിരുന്ന തന്നെ ചതിയിലൂടെ സഹദേവൻ നേടിയതിനെക്കാൾ ലതയെ വേദനിപ്പിച്ചതും മു,റിവേല്പിച്ചതും സഹദേവന്റെ ക്രൂ,രതകളാണ്
തന്നെ നേടാൻ ആശുപത്രിമുറിയ്ക്കുള്ളിൽ മാസങ്ങളോളം സഹദേവൻ മഹിയെ കിടത്തിയതും മഹിയുടെ ജീവന്റെ അംശം കുരുത്ത തന്റെ ഗർഭപാത്രം എന്നേയ്ക്കുമായ് തന്നിൽ നിന്നയാൾ എടുത്തു മാറ്റിയതും മറക്കില്ല ലത ജീവനുള്ള കാലം വരെ
ഇന്നും തന്റെ ഓർമ്മയിൽ തനിച്ച് ജീവിയ്ക്കുന്ന മഹിയ്ക്കു വേണ്ടി ലത മാറ്റിവെയ്ക്കുന്ന ഈ ഒരു ദിവസം എല്ലാം കൊണ്ടുമവൾ മഹിയുടെ ഭാര്യ മാത്രമായ് ജീവിയ്ക്കുമ്പോൾ അവിടെ സഹദേവൻ ഉറക്കം നഷ്ടപ്പെട്ട് വല്ലാത്തൊരു വീർപ്പുമുട്ടലിലാണ്
മൂന്നൂറ്റി അറുപത്തിനാലു ദിവസം തന്റെ ചൂടേറ്റുറങ്ങുന്നവൾ വർഷത്തിലൊരു ദിവസം അന്യനൊരുത്തന്റെ നെഞ്ചിലുറങ്ങുന്നതിനെ പറ്റി ചിന്തിച്ച് ചിന്തിച്ച് ഇല്ലാതായ് കൊണ്ടിരുന്നയാൾ ഓരോ നിമിഷവും… ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും സഹദേവനുളളിൽ ഉമിത്തീ പോലെ നീറുന്ന ആ ചിന്തകൾ തന്നെയാണവന് ലത നൽകിയ ശിക്ഷയും…
അന്യന്റെ മുതൽ ആഗ്രഹിച്ചതിന് ,അർഹതയില്ലാതെ തട്ടിപ്പറിച്ചതിന് ശിഷ്ടജീവിതം മുഴുവൻ നീറിയൊടുങ്ങും അയാൾ…മനസ്സും ശരീരവും നഷ്ടപ്പെട്ടു പോയൊരു പെണ്ണിന്റെ ശാപമാണത്… അനുഭവിച്ചേ തീരു….
ശുഭം…..
