Story written by JK
രമ്യയും ഹരിയും വിവാഹിതരായിട്ട് അഞ്ച് വർഷമായി. പ്രണയവിവാഹമായിരുന്നു.
ഹരി ഒരു മൾട്ടിനാഷണൽ കമ്പനിയിൽ മാനേജരാണ്. രമ്യ ഒരു പ്രൈവറ്റ് സ്കൂളിൽ ടീച്ചറും.
ഹരിയും രമ്യയും പിന്നെ അവരുടെ നാല് വയസ്സുകാരി മീനൂട്ടിയും…കണ്ടാൽ ആർക്കും അസൂയ തോന്നുന്ന ഒരു കുഞ്ഞു കുടുംബം.
ഹരി എപ്പോഴും രമ്യയെ കെയർ ചെയ്യും, സമ്മാനങ്ങൾ വാങ്ങി നൽകും,അതുപോലെ മീനുട്ടിയെയും അവന് ജീവനായിരുന്നു..
അവരെ രണ്ടുപേരെയും അവൻ ഒഴിവ് കിട്ടുമ്പോൾ എല്ലാം യാത്രകൾ കൊണ്ടുപോകും. എല്ലാവരും പറയും രമ്യ ഭാഗ്യവതിയാണെന്ന്.
രമ്യയും അങ്ങനെതന്നെയാണ് വിശ്വസിച്ചിരുന്നത്.പക്ഷേ, കഴിഞ്ഞ കുറച്ചു മാസങ്ങളായി ഹരിയുടെ പെരുമാറ്റത്തിൽ ചെറിയ ചില മാറ്റങ്ങൾ രമ്യ ശ്രദ്ധിക്കാൻ തുടങ്ങി.
തന്റെയും കുഞ്ഞിന്റെയും കാര്യത്തിൽ ഇപ്പോൾ യാതൊരു ശ്രദ്ധയുമില്ല… കുഞ്ഞിന് അസുഖം വന്നാൽ ടെൻഷൻ അടിച്ച് ഉറക്കം പോലും ഇല്ലാതെ കിടക്കുന്ന ആള് ഇപ്പോൾ കുഞ്ഞിനെ തിരിഞ്ഞു നോക്കുന്നില്ല..
എന്തോ പ്രശ്നം ഉണ്ട് എന്ന് അവൾക്ക് മനസ്സിലായി ഓഫീസിലെ ടെൻഷൻ കാരണം ആയിരിക്കും എന്ന് സ്വയം ആശ്വസിക്കാൻ ശ്രമിച്ചു..
ഹരി പണ്ടൊക്കെ ഫോൺ ലിവിംഗ് റൂമിലെ ടേബിളിൽ എവിടെയെങ്കിലും ഇട്ടിട്ടാണ് കുളിക്കാൻ കയറുന്നത്.
എന്നാൽ ഇപ്പോൾ ഫോൺ എപ്പോഴും കൈയ്യിൽ തന്നെയുണ്ട്. ബാത്റൂമിൽ പോകുമ്പോൾ പോലും ഫോൺ കൂടെ കൊണ്ടുപോകും.
ഫോണിന് പുതിയൊരു പാസ്വേർഡും ഇട്ടു. ”എന്താ ഹരിയേട്ടാ ഇപ്പോൾ ഫോണിന് പുതിയ ലോക്കൊക്കെ?” ഒരു ദിവസം ചായ കൊടുക്കുന്നതിനിടയിൽ രമ്യ ചോദിച്ചു.
”അത് ഓഫീസിലെ ചില പ്രധാനപ്പെട്ട പ്രൊജക്റ്റുകളുടെ ഡീറ്റെയിൽസ് ഇതിലുണ്ട് രമ്യാ.
അതുകൊണ്ട് വെറുതെ കുട്ടികൾ ഒക്കെ ഫോൺ എടുത്ത് കളിക്കുമ്പോൾ അതൊന്നും നഷ്ടപ്പെടേണ്ട എന്ന് കരുതി ലോക്ക് ഇട്ടതാണ്,”
വളരെ സ്വാഭാവികമായി ഹരി മറുപടി നൽകി. രമ്യ തൽക്കാലം അത് വിശ്വസിച്ചു.
പക്ഷേ, സംശയത്തിന്റെ വിത്ത് അവിടെ മുളപൊട്ടിയിരുന്നു. രാത്രികളിൽ ഹരി വൈകി വരുന്നത് പതിവായി.
ബിസിനസ്സ് മീറ്റിംഗ്, ക്ലയന്റ് ഡിന്നർ എന്നിങ്ങനെ കാരണങ്ങൾ പലതായിരുന്നു.
വീട്ടിൽ വന്നാൽ പോലും ഫോണിൽ നോക്കി ചിരിക്കുന്ന ഹരിയെയാണ് രമ്യ കണ്ടത്.
ആരോടോ ചാറ്റ് ചെയ്യുകയാണ്. രമ്യ അരികിലേക്ക് വരുമ്പോൾ പെട്ടെന്ന് ഫോൺ ലോക്ക് ചെയ്യും.
ഹരിയുടെ മാറ്റങ്ങൾ രമ്യക്ക് എന്തൊക്കെയോ അസ്വസ്ഥത ഉണ്ടാക്കി കൊടുത്തു..
ഒരു ശനിയാഴ്ച. ഹരി അടിയന്തരമായി ഒരു മീറ്റിംഗുണ്ടെന്ന് പറഞ്ഞ് ഓഫീസിലേക്ക് പോയി.
ധൃതിയിൽ പോയപ്പോൾ ഫോൺ വീട്ടിൽ മറന്നുവെച്ചാണ് ഹരി പോയത്. ഹരി പോയി കുറച്ചു കഴിഞ്ഞപ്പോഴാണ് ടേബിളിലിരുന്ന ഫോൺ തുടർച്ചയായി വൈബ്രേറ്റ് ചെയ്യാൻ തുടങ്ങിയത്.
രമ്യ ഫോണിലേക്ക് നോക്കി. ഏതോ ഒരു നമ്പറിൽ നിന്നാണ് കോളുകൾ മുഴുവൻ വന്നിരിക്കുന്നത്..
ഒപ്പം സ്ക്രീനിൽ ഒരു വാട്സാപ്പ് മെസ്സേജ് തെളിഞ്ഞു കിടക്കുന്നു:
”ഹാപ്പി ജേർണി ഡിയർ… വൈകുന്നേരം കാണാം. മിസ് യൂ!”
അയച്ചിരിക്കുന്നത് ‘അഞ്ജലി ഓഫീസ്’ എന്ന പേര് സേവ് ചെയ്ത നമ്പറിൽ നിന്നാണ്.
ഹരിയുടെ ഓഫീസിലെ പുതിയ അസിസ്റ്റന്റാണ് അഞ്ജലി എന്ന് രമ്യക്ക് അറിയാമായിരുന്നു.
ഓഫീസിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങിയ ഹരിക്ക് എന്തിനാണ് അഞ്ജലി ‘ഹാപ്പി ജേർണി’ അയക്കുന്നത്?
രമ്യയുടെ നെഞ്ച് പടപടാ ഇടിക്കാൻ തുടങ്ങി.
മറന്നു പോകാതിരിക്കാൻ എല്ലാ പാസ്വേഡും ഒരു ഡയറിയിൽ കുറിച്ചു വയ്ക്കുന്ന സ്വഭാവം ഉണ്ടായിരുന്നു
ഫോണിന്റെ പാസ്സ്വേർഡ് അതിൽ ഉണ്ടാകുമോ എന്ന് അവൾ ചിന്തിച്ചു…
ഹരിയുടെ ഡ്രോയിൽ തപ്പി ഡയറി അവൾ പുറത്തേക്ക് എടുത്തു.. അതിൽ മൊബൈലിന്റെ പാസ്വേഡ് ഒന്നും ഉണ്ടായിരുന്നില്ല പക്ഷേ കൂടുതലും അവന്റെ ഡേറ്റ് ഓഫ് ബർത്ത് ആണ് അവൻ പാസ്സ്വേർഡ് ആയി ഉപയോഗിക്കുന്നത്…
ഇതിലും നമ്പർ ലോക്ക് ആണ്.. അവന്റെ ഡേറ്റ് ഓഫ് ബർത്ത് ഒന്ന് ട്രൈ ചെയ്താലോ എന്ന് അവൾ ചിന്തിച്ചു…
ഭാഗ്യത്തിന് ആ പാസ്വേർഡ് കൊടുത്തപ്പോൾ ഫോൺ അൺലോക്ക് ആയി.
രമ്യ നേരെ വാട്സാപ്പ് തുറന്നു. അഞ്ജലിയുമായുള്ള ചാറ്റുകൾ കണ്ട അവൾ തരിച്ചുപോയി.
ഹരി ഓഫീസിലേക്കല്ല പോയത്. അവളും ഹരിയും കൂടി ഒരു റിസോർട്ടിലേക്ക് ടൂർ പോവുകയാണ്.
കഴിഞ്ഞ ആറുമാസമായി അവർ തമ്മിൽ പ്രണയത്തിലാണ്.
ഹരി അവൾക്ക് അയച്ച മെസ്സേജുകൾ രമ്യ വായിച്ചു: “അതിൽ ഒരു മെസ്സേജ് കണ്ടപ്പോൾ അവൾ ആകെ തകർന്നു.
രമ്യയോട് എനിക്ക് പണ്ടത്തെപ്പോലെ സ്നേഹമില്ല. ഒരു കുഞ്ഞുണ്ടായിപ്പോയല്ലോ എന്ന ഒരു കടമയുടെ പുറത്താണ് ജീവിക്കുന്നത്. നീയാണ് എന്റെ സന്തോഷം…”
അതിന് അവൾ ചും,ബനത്തിന്റെ ഇമോജി മറുപടിയായി അയച്ചിട്ടുണ്ട് ഒപ്പം ഹരിയേട്ടന്റെ കൂടെ ഞാൻ എന്നും ഉണ്ടാകും എന്നും അവൾ അയച്ചിട്ടുണ്ട്..
രമ്യയുടെ കണ്ണിൽ നിന്ന് കണ്ണീർ ഒഴുകി. ശരീരം തളരുന്നതുപോലെ തോന്നി. താൻ ജീവന് തുല്യം സ്നേഹിച്ച മനുഷ്യൻ, തനിക്ക് വേണ്ടി എന്തും ചെയ്യുമെന്ന് കരുതിയ ഭർത്താവ്, തന്നെ ഇത്രയും കാലം പറ്റിക്കുകയായിരുന്നു!
ഒന്നും അറിയാതെ അരികിൽ ഇരുന്ന് കളിക്കുന്ന മീനൂട്ടിയെ കണ്ടപ്പോൾ അവളുടെ നെഞ്ച് പിടഞ്ഞു..
അച്ഛൻ എന്ന് പറഞ്ഞാൽ ജീവനാണ് പെണ്ണിന് അവളെയും കൂടി പറ്റിച്ചല്ലോ എന്നോർത്തപ്പോൾ അവൾക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല.
ഒരുപാട് നേരം കരഞ്ഞു എന്നാൽ
പഴയകാലത്തെ പെണ്ണുങ്ങളെപ്പോലെ എല്ലാം സഹിച്ച് ജീവിതം ഇതുപോലെ മുന്നോട്ടു കൊണ്ടുപോകാൻ അവൾ തയ്യാറായില്ല.
കരഞ്ഞു തീർക്കാനുള്ളതല്ല തന്റെ ജീവിതം എന്ന് അവൾക്ക് ഉറപ്പായിരുന്നു. അവൾ ഫോണിലെ പ്രധാനപ്പെട്ട ചാറ്റുകളുടെയും ചിത്രങ്ങളുടെയും സ്ക്രീൻഷോട്ടുകൾ സ്വന്തം ഫോണിലേക്ക് അയച്ചു.
എന്നിട്ട് ആ ഫോൺ പഴയതുപോലെ ടേബിളിൽ വെച്ചു. പകുതി വഴിയിൽ വെച്ച് ഫോൺ മറന്ന കാര്യം ഓർത്ത് ഹരി തിരിച്ചെത്തി.
“ഞാൻ.. ഞാൻ , ഫോൺ ഇവിടെ മറന്നു വെച്ചു,” ഹരി പരിഭ്രമത്തോടെ ഫോണെടുത്തു.
അത് ലോക്ക് ആണല്ലോ എന്നൊരു സമാധാനം മാത്രമായിരുന്നു അവന് ഉണ്ടായിരുന്നത്..
“എന്താ ഹരിയേട്ടാ ഒരു പരിഭ്രമം?”
രമ്യ ഒന്നും അറിയാത്തതുപോലെ ചോദിച്ചു,
“ഏയ്.. ഒന്നുമില്ല, മീറ്റിംഗിന് വൈകി,”
അതും പറഞ്ഞ് പുറത്തേക്ക് ഇറങ്ങി ഹരി വേഗം വണ്ടി ഓടിച്ചുപോയി.
ഹരി പോയതിനു ശേഷം ഇനി എന്ത് വേണം എന്ന് രമ്യ നന്നായി ആലോചിച്ചു.
മാതാപിതാക്കളെ വിളിച്ച് കരയുകയോ, ഹരിയെ വിളിച്ച് വഴക്കിടുകയോ അവൾ ചെയ്തില്ല.
പകരം അവൾ ഒരു വക്കീലിനെ പോയി കണ്ടു. എല്ലാ തെളിവുകളും കാണിച്ചു. വിവാഹമോചനത്തിന് ഉള്ള കാര്യങ്ങൾ റെഡിയാക്കാൻ പറഞ്ഞു.
അതോടൊപ്പം ഹരിയുടെയും സ്വന്തം പേരിലുമുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ടിൽ നിന്ന് തന്റെ വിഹിതം അവൾ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി.
രണ്ടു ദിവസത്തിനു ശേഷം ഹരി ടൂർ കഴിഞ്ഞ് ക്ഷീണിതനായി വീട്ടിലെത്തി.
മുഖത്ത് പതിവുപോലെ കള്ളച്ചിരിയുണ്ടായിരുന്നു.
” സോറി മോളെ കഴിഞ്ഞ രണ്ടു ദിവസം ഭയങ്കര തിരക്കായിരുന്നു അതുകൊണ്ട് നിന്നെ ഒന്ന് വിളിക്കാൻ പോലും എനിക്ക് പറ്റില്ല ,” ഹരി പറഞ്ഞു.
രമ്യ ഒന്നും സംസാരിച്ചില്ല. അവൾ ഒരു ഫയൽ ഹരിയുടെ നേർക്ക് നീട്ടി.
“എന്താ ഇത്?” ഹരി ചോദിച്ചു.
“തുറന്നു നോക്ക്.” ഹരി ഫയൽ തുറന്നു. അത് വിവാഹമോചനത്തിനുള്ള നോട്ടീസ് ആയിരുന്നു. ഒപ്പം അഞ്ജലിയുമൊത്തുള്ള ചാറ്റുകളുടെ പ്രിന്റൗട്ടും.
ഹരിയുടെ മുഖത്തെ ചോ ,ര മുഴുവൻ വാർന്ന് അവൻ വിളറി വെളുത്തു…
അവൻ ആകെ തകർന്നുപോയി.
”രമ്യാ… അത്.. അത് പിന്നെ… ഓഫീസിലെ ഒരു തമാശ…”
ഹരി വീണ്ടും എന്തൊക്കെയോ നുണ പറയാൻ ശ്രമിച്ചു. “നിർത്തൂ ഹരിയേട്ടാ!” രമ്യ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
“എന്നെ ഇനി പറ്റിക്കാൻ നോക്കണ്ട. എല്ലാ തെളിവുകളും എന്റെ കൈയ്യിലുണ്ട്. ഇനി എനിക്ക് തന്റെ കള്ള സ്നേഹം വേണ്ട… എല്ലാം ഇവിടെ തീരുകയാണ്… തനിക്കിനി ആരെ വേണമെങ്കിലും ഇവിടെ കൊണ്ടുവന്ന് താമസിപ്പിക്കാം ഞാനും എന്റെ കുഞ്ഞും ഇവിടെ നിന്ന് ഇറങ്ങുകയാണ്!!!!
ഇതെല്ലാം തന്നോട് നേരിട്ട് പറഞ്ഞു ഇവിടെ നിന്ന് ഇറങ്ങണം എന്നുണ്ടായിരുന്നു അതിനു വേണ്ടിയാണ് താൻ വരുന്നതുവരെ വെയിറ്റ് ചെയ്തത്””
രമ്യ ഗൗരവത്തിൽ പറഞ്ഞു…
ഹരി രമ്യയുടെ കാലുപിടിച്ച് കരയാൻ തുടങ്ങി.
“എനിക്ക് തെറ്റുപറ്റിപ്പോയി. അഞ്ജലി അവൾ ആണ് ഇങ്ങോട്ട് വന്ന് എന്നെ സെഡ്യൂസ് ചെയ്തത്.. അറിയാതെ തെറ്റുപറ്റി പോയി.. എനിക്ക് നിന്നെയാണ് ഇഷ്ടം. എന്നെ ഉപേക്ഷിക്കരുത്. സൊസൈറ്റിയിൽ എനിക്കൊരു വിലയുണ്ട്, അതൊക്കെ പോകും.”
ഹരി കരഞ്ഞ് പറഞ്ഞു..
”നമ്മുടെ ബന്ധത്തിന്റെ അടിസ്ഥാനം വിശ്വാസമായിരുന്നു ഹരിയേട്ടാ . അത് നിങ്ങൾ ആയിട്ട് തന്നെ തകർത്തു. സൊസൈറ്റിയിലെ വില പോകും എന്ന ഭയം മാത്രമാണ് നിങ്ങൾക്കിപ്പോൾ.
എന്നെ പറ്റിച്ചതിൽ ഒരു വിഷമവുമില്ല.
ഒരു തെറ്റ് പറ്റിയാൽ ക്ഷമിക്കാം, പക്ഷേ ഇതൊരു വഞ്ചനയാണ്.
വഞ്ചിക്കുന്ന ഒരാളോടൊപ്പം ജീവിക്കാൻ എന്റെ ആത്മാഭിമാനം സമ്മതിക്കുന്നില്ല.”
അത്രയും പറഞ്ഞ്
രമ്യ തന്റെ ബാഗുമെടുത്ത് ആ വീട്ടിൽ നിന്നും ഇറങ്ങി.
അവൾ സ്വന്തം കാലിൽ നിൽക്കാൻ കെൽപ്പുള്ളവളായിരുന്നു.
ഹരി തനിച്ചായി. സ്വന്തം തെറ്റുകൊണ്ട് നല്ലൊരു ജീവിതവും സ്നേഹമുള്ള ഭാര്യയെയുമാണ് ഹരിക്ക് നഷ്ടപ്പെട്ടത്.
കാര്യങ്ങൾ എല്ലാം പുറത്ത് അറിഞ്ഞു.. അതോടെ അഞ്ജലി ഓഫീസിലെ ജോലി ഉപേക്ഷിച്ച് അവളുടെ പാട് നോക്കി പോയി.
എല്ലായിടത്തും കുറ്റാരോപിതനായി നിൽക്കേണ്ടിവന്നു ഹരിക്ക്…
നല്ല ഒരു ജീവിതം കളഞ്ഞു കുളിച്ചു താൽക്കാലിക സുഖത്തിനായി പോയ ഹരിക്ക് എല്ലാം അങ്ങനെ നഷ്ടപ്പെട്ടു..
