ആദ്യരാത്രിയിൽ തന്നെ നമ്മൾ ബന്ധപ്പെട്ടത് നിങ്ങള് മറന്ന് പോയോ ? എന്നെ നീ കണക്കൊന്നും പഠിപ്പിക്കണ്ടടീ ആ ഒരു പ്രാവശ്യം മാത്രമല്ലേ നമ്മൾ ബന്ധപ്പെട്ടുളളു ?, എന്ന് വച്ച് നീ ഗർഭിണി യാകുമോ?…….

Story written by Saji Thaiparambu

ഇരട്ട വരകൾ വീണ പ്രഗ്‌നോ കാർഡുമായി ബാത്റൂമിൽ നിന്നിറങ്ങുമ്പോൾ,ഷഹീറിനെ അഭിമുഖീകരിക്കാൻ അവൾക്ക് ജാള്യത തോന്നി

കഴിഞ്ഞ രാത്രിയിൽ പോലും തൻ്റെ തടിച്ച ശരീരത്തെക്കുറിച്ച് അധിക്ഷേപിച്ച് സംസാരിച്ച ഷഹീറുമായി ഫാരിസ പിണങ്ങിയാണ് ഉറങ്ങാൻ കിടന്നത്

നീറിപ്പുകയുന്ന ആലോചനകൾക്കൊടുവിൽ പാതിരാത്രിയിൽ എപ്പോഴോ മയങ്ങിപ്പോയ ഫാരിസ, സുബഹി ബാങ്ക് കേട്ടാണ് ഉണരുന്നത്.

എഴുന്നേറ്റ് സുബ്ഹി നമസ്കരിക്കണമെന്ന് ഉപബോധമനസ്സ് ഓർമിപ്പിച്ചുവെങ്കിലും കഴിഞ്ഞ ദിവസങ്ങളിലൊക്കെ ,ഷഹീറിന്റെ ഉമ്മയുടെയും വിരുന്ന് കൂടാൻ വന്ന നാത്തൂൻ്റെയും, കുത്തുവാക്കുകൾ ഓർത്ത് അവളുടെ മനസ്സ് വീണ്ടും അസ്വസ്ഥമായി.

അപ്പോഴാണവൾ അലമാരയിൽ ഇരിക്കുന്ന പ്രഗ്‌നോകാർഡിന്റെ കാര്യം ഓർത്തത് ,രണ്ടുദിവസം മുമ്പ് തന്നെ കാണാൻ വരുന്നെന്ന് ഉമ്മ വിളിച്ചു പറഞ്ഞപ്പോഴാണ് ,തനിക്ക് പിരീഡ്സ് ആയിട്ട് ഒരാഴ്ച ആയെന്ന് അവൾ ഉമ്മയോട് പറഞ്ഞത് .

എന്നാൽ പിന്നെ താൻ വരുമ്പോൾ പ്രഗ്നൻസി കിറ്റ് വാങ്ങി കൊണ്ടുവരാമെന്ന് ഉമ്മ അവൾക്ക് വാക്ക് കൊടുത്തിരുന്നു ,

അങ്ങനെയാണവൾ രാവിലെ എഴുന്നേറ്റ് ബാത്റൂമിൽ കയറി , ഉമ്മ കൊണ്ട് കൊടുത്തു കാർഡ് ഉപയോഗിച്ച് യൂറിൻ പരിശോധിച്ചു നോക്കിയത്

താൻ ഗർഭിണിയാണെന്നറിയുമ്പോൾ ഷഹീറിന്റെയും വീട്ടുകാരുടെയും തന്നോടുള്ള വെറുപ്പ് കുറയുമെന്ന് അവൾ പ്രത്യാശിച്ചു .

ആ സന്തോഷവാർത്ത പറയാനായി അവൾ ഗാഢനിദ്രയിൽ ആയിരുന്ന ഷഹീറിനെ തട്ടി ഉണർത്തി.

ദേ ഇത് കണ്ടോ? ഇതൊന്നും നോക്കിയേ

ഷഹീറിൻ്റെ മുഖത്ത് നോക്കാതെ ലജ്ജയോടെ അവൾ കാർഡ് അയാൾക്ക് നേരെ നീട്ടി

ഉറക്കത്തിൻ്റെ ആലസ്യം മാറാതെ നീരസത്തോടെ അയാൾ കാർഡിലേയ്ക്ക് മിഴിച്ച് നോക്കി

എന്തായിത് ?

ഈർഷ്യയോടെ അയാൾ ചോദിച്ചു

എന്താന്ന് മനസ്സിലായില്ലേ? ആ രണ്ട് വരകൾ കണ്ടോ? അതിൻ്റെ അർത്ഥം നിങ്ങളൊരു ഉപ്പയായെന്നാണ്

നാണം കലർന്ന ചിരിയോടെ അവൾ പറഞ്ഞു

ങ്‌ഹേ എന്താ പറഞ്ഞേ ?

അവിശ്വസനീയതയോടെ ഷെഹീർ ചാടിയെഴുന്നേറ്റു

അതേ ഇക്കാ , ഞാൻ ഗർഭിണിയാണ്

അവൾ നിലത്ത് നോക്കിക്കൊണ്ട് അവനോട് പറഞ്ഞു

ഇതെങ്ങനെ സംഭവിച്ചു ?.

ഓഹ് ,അപ്പോൾ നീയിങ്ങോട്ട് വന്നത്

വയറ് വീർപ്പിച്ചോണ്ടാണല്ലേ? പറയെടീ ആരാടീ ഇതിൻ്റെ ഉത്തരവാദി?

അവളുടെ തലമുടിയിൽ കുത്തിപ്പിടിച്ചോണ്ട് അയാൾ അലറി

എന്തൊക്കെയാണിക്കാ പറയുന്നത് ?

ഇത് നിങ്ങടെ കുഞ്ഞ് തന്നെയാണ് ,,

അവൾ വിതുമ്പലോടെ പറഞ്ഞു

അതെങ്ങനാടീ ? കല്യാണം കഴിഞ്ഞിട്ട് ഒരുമാസമല്ലേ ആയിട്ടുള്ളു ? പിന്നെങ്ങനാടി എൻ്റെ കുഞ്ഞാകുന്നത് ?

അയാൾ കൈവലിച്ച് അവളുടെ ചെകിട്ടത്തടിച്ചു

വേദന കൊണ്ട് പുളഞ്ഞ അവൾ കവിള് പൊത്തിക്കൊണ്ട് കട്ടിലിലേയ്ക്ക് ഇരുന്ന് പോയി

ഒരു മാസം അല്ലിക്കാ , നമ്മുടെ കല്യാണം കഴിഞ്ഞിട്ട് ഇന്നേയ്ക്ക് മുപ്പത്തിയാറ് ദിവസമായി ,കല്യാണത്തിന് കൃത്യം ഒരാഴ്ച മുമ്പായിരുന്നു അവസാനമായി ഞാൻ പിരീഡ്സായത്, ആദ്യരാത്രിയിൽ തന്നെ നമ്മൾ ബന്ധപ്പെട്ടത് നിങ്ങള് മറന്ന് പോയോ ?

എന്നെ നീ കണക്കൊന്നും പഠിപ്പിക്കണ്ടടീ ആ ഒരു പ്രാവശ്യം മാത്രമല്ലേ നമ്മൾ ബന്ധപ്പെട്ടുളളു ?, എന്ന് വച്ച് നീ ഗർഭിണിയാകുമോ?

അത് കേട്ടവൾ പകച്ച് പോയി , ശരിയാണയാൾ പറഞ്ഞത്ആ ദ്യരാത്രിയ്ക്ക് ശേഷം ,ഭാര്യാ ഭർത്താക്കൻമാരായി ജീവിച്ചു എന്നല്ലാതെ സ്‌നേഹത്തോടെ ഒരു തലോടൽ പോലും അയാളുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല പിറ്റേന്ന് അടുക്കളയിൽ ചെന്നപ്പോൾ ഷെഹീറിൻ്റെ ഉമ്മ ചോദിച്ചത് ബാക്കി കൊടുക്കാനുള്ള സ്വർണ്ണം, നിൻ്റെ ഉപ്പ എന്ന് കൊണ്ട് തരുമെന്നായിരുന്നു

ഉപ്പ തനിയ്ക്ക് വേണ്ടി സ്വകാര്യ ബാങ്കിൽ നിക്ഷേപിച്ചിരുന്ന പൈസ, സമയത്ത് കിട്ടാതിരുന്നത് കൊണ്ട് പറഞ്ഞതിലും അഞ്ച് പവൻ കുറച്ചാണ് , വിവാഹം നടത്തിയത് , പിറ്റേ ആഴ്ച തന്നെ ബാക്കി എത്തിക്കാമെന്ന് ഉപ്പ അവർക്ക് വാക്ക് കൊടുത്തതിന് ശേഷമായിരുന്നു, വിവാഹം നടത്താൻ അവർ സമ്മതിച്ചത് തന്നെ

പറഞ്ഞ അവധി കഴിഞ്ഞിട്ടും ആഭരണമെത്തിയ്ക്കാൻ ഉപ്പയ്ക്ക് കഴിഞ്ഞിരുന്നില്ല, ആ ഒരു വൈരാഗ്യം വച്ചായിരുന്നു പിന്നീട് ഓരോ ദിവസവും ഷെഹീറിൻ്റെ ഉമ്മ അവളെ കുത്ത് വാക്കുകൾ കൊണ്ട് നോവിച്ച് കൊണ്ടിരുന്നത്

പക്ഷേ അതൊന്നും അവൾ സ്വന്തം വീട്ടുകാരോട് പറഞ്ഞില്ല കാരണം കൂലിപ്പണിക്കാരനായ ഉപ്പയും തയ്യൽ ജോലി ചെയ്യുന്ന ഉമ്മയും രാപകൽ കഷ്ടപ്പെട്ടാണ് തൻ്റെ വിവാഹം നടത്തിയതെന്ന് അവൾക്കറിയാമായിരുന്നു

മാത്രമല്ല , തൻ്റെ ഇളയവരായ രണ്ട് അനുജത്തിമാരെക്കുറിച്ചും അവൾ ആലോചിച്ചു , കൂടും കുടുംബവുമൊക്കെയാകുമ്പോൾ തട്ടീം
മുട്ടീമൊക്കെ ഇരിക്കുമെന്നും എന്ന് വച്ച് ഒന്നും രണ്ടും പറഞ്ഞ് പിണങ്ങുമ്പോൾ ഓടി ഇങ്ങോട്ട് വന്നേക്കരുതെന്നും അവളുടെ വല്ലുമ്മ അവളോട് ചട്ടം കെട്ടിയിരുന്നു

അരിശം മൂത്ത ഷെഹീർ അവളെ തൊഴിച്ച് കട്ടിലിലേയ്ക്കിട്ടിട്ട് പുറത്തേയ്ക്കിറങ്ങി പോയി.

☆☆☆☆☆☆☆☆☆☆☆

ഒരാഴ്ച കഴിഞ്ഞ് ഒരു വൈകുന്നേരം ,ഫാരിസയുടെ ഉപ്പയും ഉമ്മയും കൂടി സന്തോഷത്തോടെയാണ് പെട്ടെന്ന് കയറി വന്നത്, കാരണം ബാക്കി കൊടുക്കാ മെന്നേറ്റ സ്വർണ്ണത്തിൻ്റെ പൈസയുമായിട്ടായിരുന്നു അവരുടെ വരവ്

മരുമകളുടെ മാതാപിതാക്കളുടെ ആഗമനോദ്ദേശ്യം മനസ്സിലാക്കിയ ഷഹീറിൻ്റെ ഉമ്മ സന്തോഷത്തോടെയാണ് അവരെ സ്വീകരിച്ചിരുത്തിയത്

അല്ലാ ഫാരിസയെവിടെ ? അവളെയൊന്ന് വിളിക്ക്

ഉപ്പയുടെ ശബ്ദം കേട്ട് കട്ടിലിൽ കരഞ്ഞ് തളർന്ന് കിടക്കുകയായിരുന്ന ഫാരിസ ,ചാടിയെഴുന്നേറ്റ് പോയി, കൈയ്യും മുഖവും കഴുകി മുൻവശത്തേയ്ക്ക് വന്നു

എന്താ മോളേ ,നീ ഉറക്കമായിരുന്നോ ? നിൻ്റെ മുഖമെന്താ വല്ലാതിരിക്കുന്നത്?

മകളുടെ കോലം കണ്ട് ഉത്‌ക്കണ്ഠയോടെ ഉപ്പ സുബൈർ അവളോട് ചോദിച്ചു.

അപ്പോ നിങ്ങളൊന്നു മറിഞ്ഞില്ലേ എന്താ ഫാരീ ,നീ ഇവരെ വിളിച്ച് വിവരം പറഞ്ഞില്ലാരുന്നോ ?

ഷെഹീറിൻ്റെ ഉമ്മ ഇടയിൽ ചാടിവീണപ്പോൾ ഫാരിസയുടെ ഉപ്പയും ഉമ്മയും അമ്പരപ്പോടെ അവരെ നോക്കി

അതേയ്, മോള് ഗർഭിണിയാണ്, അതിൻ്റെ വാട്ടമാണ് അവളുടെ മുഖത്ത് ?

നേരാണോ മോളേ ?

ഉമ്മ സുലേഖാ, ഓടി വന്ന് അവളെ ചേർത്ത് പിടിച്ചു

പക്ഷേ മകളെ ചെറുപ്പം മുതൽ നെഞ്ചത്തിട്ട് വളർത്തിയ അവളുടെ ഉപ്പയ്ക്ക്, എന്തോ പന്തികേട് തോന്നി.

എങ്കിൽ നിങ്ങൾ സംസാരിച്ചിരിയ്ക്ക്ഞാ ൻ പോയി ചായ എടുത്തിട്ട് വരാം,

ഷെഹീറിൻ്റെ ഉമ്മ അടുക്കളയിലേയ്ക്ക് പോയപ്പോൾ, സുബൈർ മകളുടെ അടുത്തേയ്ക്ക് ചെന്നു.

എന്താ മോളേ ?നിനക്കെന്താ ഒരു വിഷമം പോലെ ? ഒരു കുഞ്ഞുണ്ടാകാൻ പോകുമ്പോൾ, എത്ര വയ്യായ്ക ഉണ്ടെങ്കിലും പെൺ കുട്ടികളുടെ കണ്ണിൽ ഒരു തിളക്കം കാണും , പക്ഷേ ,നിൻ്റെ കണ്ണുകൾ കുഴിഞ്ഞ് മുഖം വിളറിവെളുത്തിരിക്കുന്നല്ലോ ?
നിനക്കിവിടെ , എന്തേലും ബുദ്ധിമുട്ടുണ്ടോ മോളേ ?

അയാൾ ആശങ്കയോടെ ചോദിച്ചു

ഹേയ് ഒന്നുമില്ലുപ്പാ,,

പറഞ്ഞ് തീരുന്നതിന് മുമ്പ് അവൾ വിതുമ്പി പോയി ,അപ്പോഴാണയാൾ അവളുടെ ഇടത് കൈത്തണ്ടയിലെ ചുവന്ന വര ശ്രദ്ധിച്ചത് .

എന്താ മോളേ ഇത് ? നിൻ്റെ കൈയ്യിലെങ്ങനാ ഈ പാട് വന്നത്? ഉപ്പയോട് പറയ് മോളെ ?

കല്യാണത്തിന് മുമ്പ് നീ എന്നോടല്ലേ എല്ലാം തുറന്ന് പറഞ്ഞിരുന്നത് ? പിന്നെ ഇത്രപെട്ടെന്ന് ഞാൻ നിനക്ക് അന്യനായോ?

ഉപ്പയുടെ ആ ചോദ്യം അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

ഒരു പൊട്ടിക്കരച്ചിലോടെ അവൾ ഉപ്പയുടെ നെഞ്ചിലേയ്ക്ക് വീണു

☆☆☆☆☆☆☆☆☆☆

രാത്രിയിൽ മകളെ ബൈക്കിന് നടുവിൽ വച്ച് കൊണ്ട് മകനും മരുമകളും വരുന്നത് കണ്ട് ഫാരിസയുടെ വല്ലുമ്മ അമ്പരന്ന് നിന്നു

ഇതെന്താ മോളെ കാണാൻ പോയിട്ട് അവളെയും കൂട്ടി വന്നത്?

ജിജ്ഞാസയോടെ അവർ ചോദിച്ചു

അവളെ ഞാൻ എന്നന്നേയ്ക്കുമായി പറഞ്ഞ് വിട്ടതല്ലല്ലോ ഉമ്മാ , അതിനല്ലല്ലോ കാക്കയ്ക്കും പൂച്ചയ്ക്കും കൊടുക്കാതെ പത്തിരുപത് വയസ്സ് വരെ ഞാൻ വളർത്തിയത് ? ഞങ്ങള് വിഷമിക്കരുതെന്ന് കരുതി, കഴിഞ്ഞ കുറെ ദിവസങ്ങളായി എൻ്റെ മോളവിടെ നരകയാതന അനുഭവിക്കുകയായിരുന്നു, അറിയോ ?നിങ്ങക്കറിയാല്ലോ ഉമ്മാ ?ഞാനെൻ്റെ മക്കളെ കൈവെള്ളയിൽ വച്ചാണ് വളർത്തി കൊണ്ട് വന്നത് , ഒരുപാടൊന്നുമില്ലെങ്കിലും , ഉള്ളത് കൊണ്ട് സന്തോഷത്തോടെയല്ലേ എൻ്റെ മോള് ഇവിടെ ജീവിച്ചത് ? ഇനിയും അവള് എൻ്റെ മരണം വരെ അങ്ങനെ തന്നെ ജീവിക്കണമെന്നാണ് എൻ്റെ ആഗ്രഹം, അതിനിപ്പോൾ അവൾടെ കെട്ടിയോനെ ഉപേക്ഷിക്കേണ്ടി വന്നാലും സാരല്യാ , ഇത് വരെ എൻ്റെ മോളെ ഞാനല്ലേ നോക്കിയത് ? ഇനിയും ഞാൻ തന്നെ നോക്കിക്കൊള്ളാം അല്ലാതെ, ഒരു പെൺകുട്ടി കൂടി ആത്മഹത്യ ചെയ്തെന്ന വാർത്ത കേൾക്കാനായി എൻ്റെ മോളെ ഞാൻ ഒരുത്തനും വിട്ട് കൊടുക്കില്ല

മോള് ചെല്ല് മോളേ , ഇനി നീ ഒന്ന് കൊണ്ടും വിഷമിക്കേണ്ട, നിൻ്റെ ഉപ്പയുണ്ടാവും എന്നും നിൻ്റെ കൂടെ, എൻ്റെ മോള് അകത്ത് പോയി എന്തേലും എടുത്ത് കഴിക്ക് ,,

NB: ഇത് വെറുമൊരു കഥയല്ലെന്ന് നിങ്ങൾക്കറിയാം ,ദിനം പ്രതി വർദ്ധിച്ച് വരുന്ന വിവാഹിതരായ പെൺകുട്ടികളുടെ ആത്മഹ,ത്യയ്ക്ക് ഒരറുതി വരുത്തണ്ടേ?നമ്മുടെ പെൺമക്കളുടെ ജീവിതം

അവരുടെ വിവാഹത്തോടെ അവസാനിപ്പിക്കേണ്ടതാണോ? അതിന് ശേഷവും ,അവരുടെ ഒപ്പം തന്നെ ,നമ്മൾ മാതാപിതാക്കൾ ഉണ്ടെന്ന് ,അവരെ ബോധ്യപ്പെടുത്തേണ്ട ബാധ്യത, നമുക്കുണ്ട് ,ഓരോ പിതാവും, സുബൈറിനെ പോലെ ചിന്തിക്കേണ്ട സമയമാണിത്.

.

Leave a Reply

Your email address will not be published. Required fields are marked *