എന്റെ മോള് നിന്റെ ഒരു സാരി കൊണ്ടുപോയത് ആണോ ഇപ്പോൾ ഇത്ര വലിയ പ്രശ്നം ആയത്?” സരസ്വതി അത് ചോദിച്ചപ്പോൾ ആകെക്കൂടി അടിമുടി വിറഞ്ഞു കയറുന്നുണ്ടായിരുന്നു ശ്രീകലക്ക്….

Story written by jk

“എന്റെ മോള് നിന്റെ ഒരു സാരി കൊണ്ടുപോയത് ആണോ ഇപ്പോൾ ഇത്ര വലിയ പ്രശ്നം ആയത്?” സരസ്വതി അത് ചോദിച്ചപ്പോൾ ആകെക്കൂടി അടിമുടി വിറഞ്ഞു കയറുന്നുണ്ടായിരുന്നു ശ്രീകലക്ക്!

​”സാരി കൊണ്ടുപോയത് പ്രശ്നം തന്നെയാണ് അമ്മേ!! അത് ഞാൻ എന്റെ അമ്മാവന്റെ കല്യാണത്തിന് ഉടുക്കാൻ വച്ചിരുന്ന പുത്തൻ പുതിയ സാരിയാണ്.

നിങ്ങളുടെ മകൾ എല്ലാ തവണയും വരുമ്പോൾ ഇതുപോലെ എന്റെ ഓരോന്ന് എടുത്തിട്ട് പോകും. ഇതുവരെ ഞാൻ അതൊക്കെ സഹിച്ചു. ഇനി എനിക്ക് പറ്റില്ല. ഇത് എനിക്ക് അമ്മാവൻ അമ്മാവന്റെ മകന്റെ കല്യാണത്തിന് ഉടുക്കാൻ വാങ്ങിത്തന്ന സാരിയാണ്.

അത് എനിക്ക് കിട്ടിയേ പറ്റൂ. ഞാൻ ഒരു തവണ പോലും അതൊന്ന് ഉടുത്തിട്ടില്ല. കല്യാണത്തിന് എല്ലാവരും ഒരുപോലുള്ള സാരി വാങ്ങിയതാണ്!!

ഞാൻ ഇല്ലാത്ത നേരം നോക്കി എന്റെ മുറിയിൽ കയറി അത് എടുത്തു കൊണ്ടുപോകാൻ നാണമില്ലേ നിങ്ങളുടെ മകൾക്ക്?”

​ശ്രീകലയുടെ ശബ്ദം ഉയരുന്നത് കേട്ടതും സരസ്വതി ഉടനെ തന്നെ കൈകൾ മാറത്തടിച്ചു നിലവിളിക്കാൻ തുടങ്ങി.

“അയ്യോ… എന്റെ ഭഗവതിയേ… ഈ വീട്ടിൽ എനിക്ക് ഇതുകൂടിയെ കേൾക്കാൻ ബാക്കി ഉണ്ടായിരുന്നുള്ളു.. എന്റെ സ്വന്തം മകൾ ഒരു സാരി എടുത്തതിന് എന്തൊക്കെയാ ഈ മൂദേവി എന്നെ പറയുന്നത്!!!”

​സരസ്വതിയുടെ നിലവിളി കേട്ട് അയൽവാസികൾ ഓരോരുത്തരായി മതിൽ ചാരി നിന്നു നോക്കാൻ തുടങ്ങി. എല്ലാവർക്കും അറിയാം ആ വീട്ടിലെ കാര്യങ്ങൾ. ശ്രീകല ഒരു ഗവൺമെന്റ് സ്കൂൾ ടീച്ചറാണ്. രാവിലെ കൃത്യം എട്ടു മണിക്ക് സ്കൂളിൽ പോകും.

ഭർത്താവ് രവികൃഷ്ണൻ ബാങ്ക് ഉദ്യോഗസ്ഥനാണ്. രവി കൃഷ്ണന്റെ പെങ്ങൾ രമ്യ അത്യാവശ്യം സമ്പന്നമായ വീട്ടിലേക്കാണ് വിവാഹം കഴിച്ചു പോയിരിക്കുന്നത്.

രമ്യക്ക് വലിയ വിദ്യാഭ്യാസമൊന്നുമില്ല, ജോലിയുമില്ല. എന്നാൽ ജോലിയുള്ള ശ്രീകലയോട് അവൾക്ക് വല്ലാത്തൊരു അസൂയ ആയിരുന്നു.

​ശ്രീകല എന്ത് പുതിയ സാധനം വാങ്ങിയാലും രമ്യക്ക് അത് വേണം. മുടിയിൽ ഇടുന്ന ഒരു ചെറിയ ക്ലിപ്പ് ആയാൽ പോലും രമ്യയുടെ കണ്ണ് അതിൽ ഉടക്കും.

“ശ്രീകലയേ, ഇത് നല്ലതാണല്ലോ, ഞാനൊന്ന് എടുത്തോട്ടെ?” എന്ന് ചോദിച്ചാൽ കൊടുക്കാതിരിക്കാൻ ശ്രീകലയ്ക്ക് കഴിയില്ല. എന്നാൽ ചോദിക്കാതെ എടുക്കുന്ന ശീലമായിരുന്നു രമ്യക്ക് കൂടുതൽ. ഇതിനെല്ലാം സരസ്വതിയുടെ പൂർണ്ണ പിന്തുണയുണ്ടായിരുന്നു.

“അവൾ നിന്റെ ഭർത്താവിന്റെ അനിയത്തിയല്ലേ ശ്രീകലേ, അതും അല്ല സ്വന്തമായി വരുമാനം ഇല്ലാത്ത പാവം അല്ലെ അത് അവൾ എടുത്തോട്ടെ” എന്ന് പറഞ്ഞു സരസ്വതി എപ്പോഴും ശ്രീകലയെ ഒതുക്കും.

ഒത്തിരി ഇഷ്ടപ്പെട്ടു വാങ്ങുന്ന സാധനങ്ങൾ നഷ്ടപ്പെടുമ്പോൾ ഉള്ള വേദന ശ്രീകല മനസ്സിൽ തന്നെ ഒതുക്കും എന്തെങ്കിലും ആവട്ടെ എന്ന് കരുതും.. ഇത്തവണ അങ്ങനെ സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല..

​അല്പം കഴിഞ്ഞപ്പോൾ രവികൃഷ്ണൻ ബാങ്കിൽ നിന്നും വന്നു. വണ്ടി മുറ്റത്ത് നിർത്തിയതും സരസ്വതി ഓടിച്ചെന്നു അവനെ കെട്ടിപ്പിടിച്ചു കരച്ചിൽ തുടങ്ങി. “എന്താ അമ്മേ? എന്തുപറ്റി?” രവി പരിഭ്രമത്തോടെ ചോദിച്ചു.

​”എന്താ ഉണ്ടായതെന്ന് നിന്റെ ഭാര്യയോട് ചോദിക്ക് രവി. രമ്യ ഒരു സാരി എടുത്തു എന്ന് പറഞ്ഞു അവൾ എന്നെയും അവളെയും ഇല്ലാത്തത് പറയുകയാണ്.

ആ പാവം പെണ്ണ് സാരിയുടെ ഭംഗി കണ്ടപ്പോൾ എടുത്തു കാണും ജോലിയും കൂലിയും ഒന്നും ഇല്ലാത്തവൾ അല്ലേ ഇങ്ങനെയല്ലേ ഓരോന്ന് കിട്ടൂ…

അതിനാണോ ഈ ബഹളം?” സരസ്വതി ഓരോന്ന് കൂട്ടിചേർത്തു പറഞ്ഞു.
​രവി ശ്രീകലയെ നോക്കി. അവൾ കാര്യങ്ങൾ വിശദീകരിച്ചു.

“രവി, അത് അമ്മാവന്റെ മകന്റെ കല്യാണത്തിന് എല്ലാവർക്കും ഒരുപോലെ എടുത്ത സാരിയാണ്. ആ കല്യാണത്തിന് ഞങ്ങൾ പെണ്ണുങ്ങളെല്ലാം ഒരേ നിറത്തിലുള്ള സാരി ഉടുക്കണം എന്ന് തീരുമാനിച്ചതാണ്.

ഞാൻ അത് തയ്പ്പിച്ചു റെഡി ആക്കി വെച്ചതായിരുന്നു. ഞാൻ സ്കൂളിൽ പോയ നേരം നോക്കി രമ്യ മുറിയിൽ കയറി അത് കൊണ്ടുപോയി. അവൾക്ക് വീട്ടിൽ ഇഷ്ടം പോലെ സാരികളുണ്ട്.

പിന്നെന്തിനാ എന്റെ സാധനങ്ങളിൽ ഇങ്ങനെ കൈ വെക്കുന്നത്? പിന്നെ അവൾക്ക് ജോലിയും കൂലിയും ഒന്നുമില്ലെങ്കിലും അവളുടെ ഭർത്താവിന് ഉണ്ടല്ലോ അയാൾക്ക് വാങ്ങിക്കൊടുക്കാമല്ലോ!! വിദ്യാഭ്യാസം ഇല്ലെങ്കിലും ചെയ്യാവുന്ന പല ജോലികളും ഉണ്ട് അത്ര നിർബന്ധമാണെങ്കിൽ അവൾക്ക് അത് ചെയ്യാമല്ലോ!! അപ്പൊ പിന്നെ ഈ കോംപ്ലക്സിന്റെ ആവശ്യവുമില്ല!”

ശ്രീകല പറഞ്ഞു.

​രവി കുറച്ചു നേരം ആലോചിച്ചു നിന്നു. സരസ്വതി പ്രതീക്ഷിച്ചത് രവി ശ്രീകലയെ ചീ,ത്ത പറയുമെന്നാണ്. എന്നാൽ രവി പറഞ്ഞത് മറ്റൊന്നാണ്.

“അമ്മേ, ശ്രീകല പറഞ്ഞതിൽ കാര്യമുണ്ട്. മറ്റുള്ളവരുടെ സാധനങ്ങൾ അവരുടെ അനുവാദമില്ലാതെ എടുക്കുന്നത് തെറ്റാണ്. പ്രത്യേകിച്ചും ഒരു ഫങ്ക്ഷന് വേണ്ടി മാറ്റി വെച്ചത്. രമ്യ ചെയ്തത് വലിയ തെറ്റ് തന്നെയാണ്. അവളോട് അത് തിരിച്ച് ശ്രീകലക്ക് കൊണ്ട് തന്നെ കൊണ്ടു കൊടുക്കാൻ പറ “

​ഇത് കേട്ടതും സരസ്വതിയുടെ ഭാവം മാറി. “ഓ… അപ്പോൾ അമ്മയെക്കാൾ വലുത് നിനക്ക് ഭാര്യയായല്ലേ? എന്റെ മകൾക്ക് ഇത്രയും നാണക്കേട് ഉണ്ടാക്കിയിട്ടും നീ അവളെ പിന്തുണയ്ക്കുന്നു? എനിക്ക് ഇനി ഇവിടെ നിൽക്കാൻ പറ്റില്ല. നിങ്ങൾ എന്നെ കൊ,ല്ലാകൊ,ല ചെയ്യുകയാണ്.” അവർ നിലവിളിച്ചു കൊണ്ട് അകത്തേക്ക് ഓടി.

​ആ സമയത്താണ് രമ്യ സാരിയുമായി അങ്ങോട്ട് വരുന്നത്. സരസ്വതി അവളെ കാര്യങ്ങൾ എല്ലാം വിളിച്ചു പറഞ്ഞു എന്ന് ശ്രീ കലയ്ക്ക് മനസ്സിലായി..

ഒരു കവറിൽ ചുരുട്ടിപ്പിടിച്ച നിലയിലായിരുന്നു സാരി ഉണ്ടായിരുന്നത്… അവൾ അത് ശ്രീകലയുടെ നേർക്ക് എറിഞ്ഞു.

“ദാ, എടുത്തോ നിന്റെ പൊന്നു സാരി. ഞാൻ ഇതൊന്നും കണ്ടിട്ടില്ലാത്തവളല്ല. പക്ഷെ നീ ഇത്രയും വലിയ പ്രശ്നമാക്കും എന്ന് കരുതിയില്ല.” ശ്രീകല സാരി തുറന്നു നോക്കി..

അത് പുതിയതാണ് എന്ന് പോലും തോന്നാത്ത വിധം ചുളുക്കി വച്ചിരിക്കുന്നു.. അവളുടെ കണ്ണുകൾ നിറഞ്ഞു.

“ഇതാ ഞാൻ പറഞ്ഞത് അമ്മേ. ഇത് ഞാൻ ഒരു വട്ടം പോലും ഉടുത്തിട്ടില്ല. അപ്പോഴേക്കും ഇതിന്റെ അവസ്ഥ കണ്ടോ?” ​രമ്യ ഒന്നും മിണ്ടാതെ അകത്തേക്ക് കയറിപ്പോയി. സരസ്വതി വിടാൻ ഭാവമില്ലായിരുന്നു.

“നിന്റെ വാക്കുകൾ കേട്ട് എന്റെ മകൻ എന്നോട് ശബ്ദം ഉയർത്തി… ഇനി ഈ വീട്ടിൽ നിങ്ങൾ നിൽക്കേണ്ട ഒന്നുകിൽ നിങ്ങൾ അല്ലെങ്കിൽ ഞാൻ ഏതെങ്കിലും ഒരു കൂട്ടർ മതി ഇവിടെ!!!

അത് പറയുമ്പോൾ

​സരസ്വതി കരുതിയത് രവി പേടിക്കുമെന്നാണ്.. ഇനി എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ തന്റെ ഭാഗം പറയും എന്നാണ് . എന്നാൽ രവി അടുത്ത മുറിയിലേക്ക് പോയി ശ്രീകലയോട് പറഞ്ഞു, “നമുക്ക് ഇവിടുന്ന് മാറാം ശ്രീകലേ. എന്നും ഈ ബഹളം കേട്ട് നിൽക്കാൻ വയ്യ. നമുക്ക് ഒരു വാടക വീട് നോക്കാം.

രവി പറഞ്ഞത് കേട്ട്ശ്രീ കല ഒന്ന് മടിച്ചു. പക്ഷെ സരസ്വതിയുടെയും രമ്യയുടെയും പെരുമാറ്റം സഹിക്കാൻ വയ്യാത്തതുകൊണ്ട് അവൾ സമ്മതിച്ചു. അന്ന് വൈകുന്നേരം തന്നെ രവികൃഷ്ണനും ശ്രീകലയും അവരുടെ അത്യാവശ്യം സാധനങ്ങളുമായി അവിടെ നിന്ന് ഇറങ്ങി. സരസ്വതി വിചാരിച്ചത് അവർ കുറച്ചു കഴിയുമ്പോൾ തിരിച്ചുവരുമെന്നാണ്.

എന്നാൽ അവർ പോയതോടെ ആ വീട് പെട്ടെന്ന് ശൂന്യമായി. രവികൃഷ്ണനും ശ്രീകലയും പോയതിന് തൊട്ടുപിന്നാലെ രമ്യ തന്റെ ഭർത്താവ് പ്രമോദിനെയും കൂട്ടി അങ്ങോട്ട് താമസം മാറി. “അമ്മ ഒറ്റയ്ക്കല്ലേ, നമുക്ക് ഇവിടെ നിൽക്കാം” എന്ന് പറഞ്ഞാണ് അവർ വന്നത്. പ്രമോദ് ഒരു കടുത്ത പിശുക്കനായിരുന്നു.

എന്തിനും ഏതിനും പണം ലാഭിക്കാൻ നോക്കുന്ന സ്വഭാവം. ആദ്യത്തെ കുറച്ചു ദിവസം സരസ്വതിക്ക് വലിയ സന്തോഷമായിരുന്നു. തന്റെ മകളും മരുമകനും കൂടെയുണ്ടല്ലോ എന്ന ആശ്വാസം. എന്നാൽ ദിവസങ്ങൾ കഴിയുന്തോറും കാര്യങ്ങൾ മാറിമറിഞ്ഞു.

വീടിന്റെ ചിലവുകൾ മുഴുവൻ സരസ്വതിയുടെ പെൻഷൻ തുകയിൽ നിന്നും ആകാൻ തുടങ്ങി. രവി ഉണ്ടായിരുന്നപ്പോൾ അവൻ ആയിരുന്നു കറന്റ് ബില്ലും വെള്ളക്കരവും പലചരക്ക് സാധനങ്ങളുടെ പണവുമെല്ലാം നൽകിയിരുന്നത്.

സരസ്വതിയുടെ പെൻഷൻ പണം അവർക്ക് ബാങ്കിൽ തന്നെ വെക്കാമായിരുന്നു. എന്നാൽ പ്രമോദ് ഒരു രൂപ പോലും വീട്ടിലെ ചിലവിനായി എടുത്തില്ല.

അതുകൊണ്ടുതന്നെ സരസ്വതിയുടെ സേവിങ്സ് മുഴുവൻ ചെലവാകാൻ തുടങ്ങി.

“അമ്മേ, ഞങ്ങൾക്ക് ബിസിനസ്സിൽ ചെറിയൊരു തടസ്സമുണ്ട്, ഈ മാസം അമ്മ ഒന്ന് നോക്കണേ” എന്ന് പറഞ്ഞു അവൻ ഓരോ മാസവും തടിതപ്പി. രമ്യയുടെ ആവശ്യങ്ങൾ വേറെയും.

അവൾക്ക് പുതിയ ഡ്രസ്സുകൾ വേണം, സിനിമയ്ക്ക് പോകണം, ഇതിനെല്ലാം പണം സരസ്വതി നൽകേണ്ടി വന്നു. ഒരു ദിവസം സരസ്വതി പ്രമോദിനോട് ചോദിച്ചു,

“മോനേ, രവി ഉണ്ടായിരുന്നപ്പോൾ ഈ വീട്ടിൽ ഒരു കുറവുമില്ലായിരുന്നു. ഇപ്പോൾ എന്റെ കൈയ്യിലുള്ള കാശെല്ലാം തീർന്നു. നിനക്കൊന്ന് സഹായിച്ചൂടെ?”

​പ്രമോദ് മുഖം കറുപ്പിച്ചു പറഞ്ഞു, “അമ്മേ, നിങ്ങളുടെ മകനല്ലേ ആ വീട് വിട്ടു പോയത്. അവനോട് ചോദിക്ക് കാശ്. ഞങ്ങൾക്ക് ജീവിക്കാൻ തന്നെ കഷ്ടപ്പാടാണ്. പിന്നെ ഈ വീട്ടിൽ താമസിക്കുന്നത് കൊണ്ട് അമ്മയ്ക്ക് ഒരു തുണയല്ലേ?”

​അപ്പോഴാണ് സരസ്വതിക്ക് ബോധം വന്നത്. രമ്യയും ഇതിൽ ഭർത്താവിനെ പിന്തുണച്ചു. “അമ്മേ, പ്രമോദേട്ടൻ പറഞ്ഞത് ശരിയല്ലേ? രവി ഏട്ടനും ശ്രീകലയും കൂടി ആർഭാടമായി കഴിയുകയാണ്. അവർക്ക് വലിയ ശമ്പളമില്ലേ? അമ്മ അവരെ വിളിച്ചു പണം ചോദിക്ക്.”

​സരസ്വതിയുടെ മനസ്സ് വേദനിച്ചു. അവർ രവിയെയും ശ്രീകലയെയും വിളിച്ചു. ശ്രീകലയാണ് ഫോൺ എടുത്തത്. “മോളെ, എനിക്ക് കുറച്ചു ബുദ്ധിമുട്ടുകളുണ്ട്. രവി ഒന്ന് പണം അയച്ചു തരുമോ?”

​ശ്രീകല ശാന്തമായി പറഞ്ഞു, “അമ്മേ, ഞങ്ങൾ ഇപ്പോൾ പുതിയ വീട് എടുത്ത് അതിന്റെ ചിലവുകളിലാണ്.

ഞങ്ങൾ അവിടെ ഉണ്ടായിരുന്നപ്പോൾ ഉള്ള എല്ലാ കാര്യങ്ങളും രവി കൃത്യമായി ചെയ്തിരുന്നല്ലോ. ഇപ്പോൾ അവിടെ രമ്യയും പ്രമോദും ഉണ്ടല്ലോ. അവർ അമ്മയെ നോക്കിക്കോളും എന്ന് അമ്മയല്ലേ പറഞ്ഞത്? അമ്മ എന്തിനാ വിഷമിക്കുന്നത്?”

​ഫോൺ വെച്ച ശേഷം സരസ്വതി ആലോചിച്ചു. ശ്രീകല ഒരിക്കലും തന്നോട് മോശമായി പെരുമാറിയിരുന്നില്ല. ഒരു സാരിയുടെ പേരിലാണ് താൻ ഇത്രയും വലിയ പ്രശ്നം ഉണ്ടാക്കിയത്.

രമ്യയുടെ തെറ്റായ പ്രവർത്തികളെ താൻ എപ്പോഴും ന്യായീകരിച്ചു. അതിന്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്. വീട്ടിലെ അവസ്ഥ മോശമായി ക്കൊണ്ടിരുന്നു. പ്രമോദ് പിശുക്കൻ മാത്രമല്ല, വീട്ടിലെ കാര്യങ്ങളിൽ ഭയങ്കര ഇടപെടലുകൾ നടത്താനും തുടങ്ങി.

“അമ്മേ, എന്തിനാണ് ഇത്രയും കറി വെക്കുന്നത്? ഒരു കറി മതിയല്ലോ.” “ഫാൻ എപ്പോഴും എന്തിനാ ഇടുന്നത്?” ഇങ്ങനെ ഓരോ കാര്യത്തിലും അയാൾ സരസ്വതിയെ കുറ്റപ്പെടുത്തി. ​ഒരു ദിവസം രമ്യ സരസ്വതിയുടെ അലമാരയിൽ നിന്നും അവരുടെ ഒരു സ്വർണ്ണ വള ആവശ്യപ്പെട്ടു. “അമ്മേ, ഒരു കല്യാണത്തിന് പോകാനാണ്, ഞാൻ എടുത്തോട്ടെ?”

​സരസ്വതി അത് നൽകാൻ മടിച്ചു. “ഇല്ല മോളെ, ഇത് എനിക്ക് രവി വാങ്ങി തന്നതാണ്. ഇത് ഞാൻ ആർക്കും കൊടുക്കില്ല.” രമ്യക്ക് ദേഷ്യം വന്നു. “ഓ… ഒരു വള ചോദിച്ചപ്പോൾ ഇത്ര ജാടയോ? ശ്രീകലയുടെ സാരി എടുത്തപ്പോൾ അമ്മ എന്നെ സപ്പോർട്ട് ചെയ്തതൊക്കെ മറന്നോ?”

​സരസ്വതിക്ക് അത് വലിയൊരു ആഘാതമായിരുന്നു. തന്റെ മകൾ തന്നെ തന്നെ തള്ളിപ്പറയുന്നു. അവർക്ക് അന്ന് രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. മുറിയിൽ തനിച്ചിരുന്നു അവർ കരഞ്ഞു. രവികൃഷ്ണനും ശ്രീകലയും ഉണ്ടായിരുന്ന കാലം അവർ ഓർത്തു. ശ്രീകല രാവിലെ എഴുന്നേറ്റ് ചായയിട്ടു തരുന്നതും, വൈകുന്നേരം വരുമ്പോൾ പലഹാരങ്ങൾ വാങ്ങി വരുന്നതും എല്ലാം ഒരു സിനിമാ പടം പോലെ അവരുടെ മനസ്സിലൂടെ കടന്നുപോയി.

​പിറ്റേന്ന് രാവിലെ സരസ്വതി ഒരു തീരുമാനമെടുത്തു. അവർ നേരെ രവിയുടെ പുതിയ വീട്ടിലേക്ക് പോയി. അവിടെ എത്തിയപ്പോൾ വീട് വളരെ വൃത്തിയായി ഇരിക്കുന്നു. ശ്രീകല അടുക്കളയിൽ ജോലിയിലായിരുന്നു. സരസ്വതിയെ കണ്ടതും അവൾ ഓടിവന്നു.

“അമ്മേ… എന്താ ഈ നേരത്ത്? അകത്തേക്ക് വരൂ.” ​സരസ്വതി കരഞ്ഞുകൊണ്ട് ശ്രീകലയെ കെട്ടിപ്പിടിച്ചു. “മോളെ, എന്നോട് ക്ഷമിക്ക്. ഞാൻ നിന്നെ ഒത്തിരി വിഷമിപ്പിച്ചു. രമ്യയുടെ കൂടെ നിന്നാൽ എനിക്ക് സമാധാനം കിട്ടുമെന്ന് ഞാൻ കരുതി. പക്ഷെ സ്നേഹം അഭിനയിക്കുന്നവരും സത്യമായി സ്നേഹിക്കുന്നവരും തമ്മിലുള്ള വ്യത്യാസം ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു.”

​ശ്രീകല സരസ്വതിയെ ആശ്വസിപ്പിച്ചു. “അമ്മേ, അതൊക്കെ പോട്ടെ. സാരമില്ല. അമ്മ ഇവിടെ ഞങ്ങളുടെ കൂടെ നിൽക്കൂ.” രവികൃഷ്ണനും അങ്ങോട്ട് വന്നു.

“അമ്മേ, അമ്മ വന്നത് നന്നായി. ഞങ്ങൾ അമ്മയെ വന്നു കാണണം എന്ന് വിചാരിക്കുകയായിരുന്നു.” സരസ്വതി അന്ന് മുതൽ മകന്റെയും മരുമകളുടെയും കൂടെ താമസം തുടങ്ങി. രമ്യയും പ്രമോദും സരസ്വതിയുടെ വീട്ടിൽ നിന്നും പുറത്തായി. കാരണം ആ വീട് രവിയുടെ പേരിൽ കൂടിയായിരുന്നു. രവി അവരോട് വാടക വീട്ടിലേക്ക് മാറാൻ പറഞ്ഞു.

സരസ്വതിക്ക് തന്റെ തെറ്റ് മനസ്സിലാവുകയും ബാക്കി കാലം മകന്റെയും മരുമകളുടെയും സ്നേഹത്തിൽ സമാധാനമായി ജീവിക്കാൻ കഴിയുകയും ചെയ്തു.

​അസൂയയും അത്യാഗ്രഹവും കൊണ്ട് ഒന്നും നേടാൻ കഴിയില്ലെന്നും, ഉള്ളതുകൊണ്ട് സംതൃപ്തിപ്പെടുന്നവനാണ് യഥാർത്ഥ വിജയി എന്നും സരസ്വതി തിരിച്ചറിഞ്ഞു.

ശ്രീകല തന്റെ വലിയ മനസ്സുകൊണ്ട് അമ്മായിയമ്മയോട് ക്ഷമിച്ചു. കുടുംബം വീണ്ടും ഒന്നായി.

Leave a Reply

Your email address will not be published. Required fields are marked *